Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 7 Nov 2023 3:45 AM GMT

കെ.എല്‍.ഐ.ബി.എഫ്. ഡയലോഗ്‌സ്: പുതിയ എഴുത്തിനെപ്പറ്റി ഒരു സംവാദം

എഴുത്തില്‍ ചരിത്രം ഒരു പ്രധാന ഘടകമാണ്. ചരിത്രത്തെ ഉപയോഗിച്ചുകൊണ്ട് സര്‍ഗാത്മകതയുടെ സാധ്യതകള്‍ അന്വേഷിക്കാനാകുമെന്ന് ടി.ഡി രാമകൃഷ്ണന്‍

ടി.ഡി. രാമകൃഷ്ണനും വി.ജെ. ജെയിംസും
X

കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കെ.എല്‍.ഐ.ബി.എഫ്. ഡയലോഗ്‌സ് സെഷനില്‍ 'പുതിയ കാലം, പുതിയ എഴുത്ത്' എന്ന വിഷയത്തില്‍ എഴുത്തുകാരായ ടി.ഡി. രാമകൃഷ്ണനും വി.ജെ. ജെയിംസും സംവദിച്ചു. തങ്ങള്‍ എഴുതിത്തുടങ്ങിയ കാലം മുതല്‍ ഇപ്പോള്‍ വരെ എഴുത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു.

വളരെ വൈകിയാണ് താന്‍ എഴുത്തിന്റെ ലോകത്തേക്ക് എത്തിയതെന്നും തന്റെയുള്ളിലെ ഭ്രാന്തന്‍ ചിന്തകളില്‍നിന്നും ഉണ്ടായതാണ് ആല്‍ഫ എന്ന ആദ്യ നോവലെന്നും ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. സാഹിത്യത്തിലെ മാറ്റങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത്. ഏറ്റവും പുതിയ കാലത്തെ എഴുത്ത് എങ്ങനെയാണെന്ന് നോക്കാറുണ്ട്. എഴുത്തില്‍ ചരിത്രം ഒരു പ്രധാന ഘടകമാണ്. ചരിത്രത്തെ ഉപയോഗിച്ചുകൊണ്ട് സര്‍ഗാത്മകതയുടെ സാധ്യതകള്‍ അന്വേഷിക്കാനാകും.

ചരിത്രത്തില്‍ പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് ഇടങ്ങളുണ്ട്. ഭാവനകൊണ്ട് അവിടേക്ക് എത്തിച്ചേരാന്‍ കഴിയും. ചരിത്രത്തില്‍നിന്നും പുറത്താക്കപ്പെട്ട വലിയ വിഭാഗം ആളുകള്‍ക്കുവേണ്ടി സംസാരിക്കാനുള്ള അവസരമായാണ് എഴുത്തിനെ കാണുന്നത്. ചരിത്രത്തെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് നോവലിലേക്ക് കടക്കുമ്പോള്‍ പലതരം സാധ്യതകളാണ് തുറന്നുവരുന്നത്. അതിനോടൊപ്പം തന്നെ സാമൂഹിക-രാഷ്ട്രീയ ഇടപെടലായും മാറാം. നൂറുകൊല്ലം കഴിഞ്ഞുള്ള ചരിത്രത്തില്‍ നമ്മള്‍ നിലനില്‍ക്കുമോയെന്ന് സംശയമുണ്ട്. നിര്‍ദാക്ഷണ്യം പുറത്താക്കപ്പെടുന്നവരുടെ ചരിത്രം അടയാളപ്പെടുത്താനുള്ള വഴിയാണ് എഴുത്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വായനയാണ് സാഹിത്യത്തിലേക്ക് അടുപ്പിച്ചതെന്നും കുട്ടിക്കാലത്ത് എഴുതാന്‍ ശ്രമിച്ച് പരാജയപ്പെട്ടുവെന്നും വി.ജെ. ജെയിംസ് പറഞ്ഞു. എഞ്ചിനീയര്‍ ആയതിനാല്‍ ഉള്ളില്‍ കൃത്യതയുടെ ഭാഷയുണ്ട്. നോവല്‍ എഴുതുമ്പോള്‍ പല കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. അങ്ങനെ കഥാപാത്രങ്ങളെയെല്ലാം ഒരു നൂലില്‍ കോര്‍ത്തിണക്കണമെന്ന ചിന്ത എഴുതുമ്പോള്‍ ഉണ്ടാകാറുണ്ട്. അത് എഞ്ചിനീയറിംഗ് മനസുള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

ജനിക്കുകയും മരിക്കുകയും ചെയ്യുന്ന സ്വത്വം മാത്രമാണോ മനുഷ്യന്‍ എന്ന ചിന്തയിലൂടെ ജനനം ഒരു വലിയ സാഹചര്യമാണെന്ന് മനസ്സിലായതായി അദ്ദേഹം പറഞ്ഞു. സ്ഥലകാലങ്ങളില്‍ നമ്മള്‍ അടിഞ്ഞുകിടക്കുന്നതായി തോന്നിയിട്ടുണ്ട്. ശാസ്ത്രവും ഫിലോസഫിയും കൂടിച്ചേരുന്ന ഒരു ബിന്ദുവാണ് ഞാന്‍ അന്വേഷിക്കുന്നത്. കൂടാതെ വിശ്വാസവും അവിശ്വാസവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് തോന്നുമെങ്കിലും അവിശ്വാസവും ഒരു വിശ്വാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.