Quantcast
MediaOne Logo

റീന വി.ആർ

Published: 4 Oct 2022 8:15 AM GMT

വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം; കാരണങ്ങള്‍, വഴികള്‍

ഒരു കുട്ടിയുടെ ജീവശാസ്ത്രപരമായ കുടുംബത്തിലെ ആര്‍ക്കെങ്കിലും (മാതാപിതാക്കള്‍, സഹോദരങ്ങള്‍ പോലുള്ളവര്‍) ലഹരി/മദ്യം/മയക്കുമരുന്ന് ഉപയോഗത്തിന്റെ ചരിത്രമുണ്ടെങ്കില്‍, ആ കുട്ടിക്ക് ആസക്തി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ നിലവിലെ ഗവേഷണം സൂചിപ്പിക്കുന്നത്, ഒരു വ്യക്തിയുടെ മസ്തിഷ്‌കം ഇരുപതുകളില്‍ എത്തുന്നതുവരെ പൂര്‍ണമായി വികസിക്കില്ല എന്നാണ്.

വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം; കാരണങ്ങള്‍, വഴികള്‍
X
Listen to this Article

ലഹരി ഓരോ വ്യക്തിയെയും ഓരോ തരത്തിലാണ് ബാധിക്കുക. ലഹരി ഉപയോഗിക്കുന്നവര്‍, അതിന്റെ പ്രത്യാഘാതം തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെ ഒരു പ്രധാന കാരണവും അതാണ്. വര്‍ഷങ്ങളായി ലഹരി ഉപയോഗിക്കുന്നവര്‍ പോലും അത് തങ്ങളില്‍ കാര്യമായ യാതൊരു നെഗറ്റീവ് ഫലവും ഉണ്ടാക്കുന്നില്ല എന്നാണ് വിശ്വസിക്കുക. ഈ തെറ്റായ തോന്നലാണ് അവരുടെ തിരിച്ചറിവിനും മോചനത്തിനും വിഘാതമാകുന്നത്. വിദ്യാര്‍ഥികളിലാകട്ടെ ഈ മനോഭാവം കൂടുതല്‍ ശക്തമായിരിക്കും.

വിദ്യാര്‍ത്ഥികള്‍ ലഹരി ഉപയോക്താവുന്നതിന് പല കാരണങ്ങള്‍/വഴികളുണ്ട്. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് അവര്‍ നേരിടുന്ന ചില ദൈനംദിന സമ്മര്‍ദങ്ങള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ മാനസിക/ശാരീരിക വളര്‍ച്ച ഉണ്ടായിരിക്കണമെന്നില്ല. അവര്‍ ലഹരിയില്‍ ആശ്വാസം കണ്ടെത്താനുള്ള സാധ്യത ഏറെയാണ്. ട്രോമ, ജനിതക ഘടകങ്ങള്‍, കുട്ടിയുടെ സാമൂഹിക ചുറ്റുപാട് തുടങ്ങിയ പല ഘടകങ്ങള്‍ അതിന് കാരണമാകാറുണ്ട്. സ്‌കൂള്‍-കോളജ് കുട്ടികള്‍ അപകടകരമായ പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കൂടുതലാണ്. 'പഠന മരുന്നുകള്‍' പുതിയൊരു ട്രന്റാണ്. ആംഫെറ്റാമൈനുകള്‍ അല്ലെങ്കില്‍ അഡെറാള്‍ പോലെയുള്ള മരുന്നുകള്‍, ഊര്‍ജം വര്‍ധിപ്പിക്കാനും കുട്ടികളെ ഉണര്‍ന്നിരിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുമെന്ന നിലയില്‍ ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ചും അക്കാദമിക് രംഗത്ത് മുന്നേറാന്‍ ശ്രമിക്കുന്ന സ്‌കൂള്‍/കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇവ ഇന്ന് സുപരിചിതമാണ്.


ആസക്തിയുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന അഞ്ച് പ്രധാന ഘടകങ്ങളുണ്ട്. FACTS എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്. കുടുംബ ചരിത്രം (Family history), ആദ്യ ഉപയോഗത്തിന്റെ പ്രായം (Age of first use), ആഗ്രഹം (Craving), സഹിഷ്ണുത (Tolerance), ചുറ്റുപാട് (Surroundings) എന്നിവയാണത്. ഒരു കുട്ടിയുടെ ജീവശാസ്ത്രപരമായ കുടുംബത്തിലെ ആര്‍ക്കെങ്കിലും (മാതാപിതാക്കള്‍, സഹോദരങ്ങള്‍ പോലുള്ളവര്‍) ലഹരി/മദ്യം/മയക്കുമരുന്ന് ഉപയോഗത്തിന്റെ ചരിത്രമുണ്ടെങ്കില്‍, ആ കുട്ടിക്ക് ആസക്തി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ നിലവിലെ ഗവേഷണം സൂചിപ്പിക്കുന്നത്, ഒരു വ്യക്തിയുടെ മസ്തിഷ്‌കം ഇരുപതുകളില്‍ എത്തുന്നതുവരെ പൂര്‍ണമായി വികസിക്കില്ല എന്നാണ്. ഈ സമയത്ത് ഉപയോഗിക്കുന്ന മദ്യവും മയക്കുമരുന്നും കൗമാരക്കാരന്റെ തലച്ചോറിലെ 'വയറിങ്ങിനെ' നശിപ്പിക്കുകയും ഭാവിയില്‍ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മസ്തിഷ്‌കം പൂര്‍ണമായി വികസിച്ചിട്ടില്ലാത്തതിനാല്‍ കുട്ടികളും കൗമാരക്കാരും മദ്യത്തോടും മറ്റ് മയക്കുമരുന്നുകളോടും കൂടുതല്‍ സെന്‍സിറ്റീവ് ആയിരിക്കും.

കൗമാരപ്രായത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഹോര്‍മോണുകളും കൗമാരക്കാരുടെ മാനസികാവസ്ഥയ്ക്ക് കാരണമാകാം. കൗമാരക്കാരായ മക്കളുടെ പെരുമാറ്റത്തിലോ രൂപത്തിലോ പ്രതികരണങ്ങളിലോ ഉള്ള മാറ്റങ്ങള്‍ രക്ഷിതാക്കള്‍ സസൂക്ഷ്മം ശ്രദ്ധിക്കണം. ചില മാറ്റങ്ങള്‍/ലക്ഷണങ്ങള്‍ ഇവയാണ്: കുട്ടികള്‍ സംസാരത്തില്‍ നേത്ര സമ്പര്‍ക്കം ഒഴിവാക്കുക (eye contact), നിരുത്തരവാദപരമായി പെരുമാറുക, ഇടയ്ക്കിടെ പണം ചോദിക്കുക, മോഷ്ടിക്കുക, കിടപ്പുമുറിയുടെ വാതിലുകള്‍ അസാധാരണമായി പൂട്ടിയിടുക, രഹസ്യ കോളുകള്‍ ചെയ്യുക, മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് നില്‍ക്കുക/കുടുംബവുമായോ സുഹൃത്തുക്കളുമായോ ഉള്ള ബന്ധങ്ങള്‍ കുറക്കുക, നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കാന്‍ ഒഴിവുകഴിവുകള്‍ പറയുകയോ നുണ പറയുകയോ ചെയ്യുക, ക്ലാസ് റൂം പങ്കാളിത്തത്തില്‍ പിന്‍വലിയുക, പഠനത്തില്‍ താഴേക്ക് പോകുക, ഹോബികളില്‍ താല്‍പര്യം നഷ്ടപ്പെടുക, ദീര്‍ഘകാല സുഹൃത്തുക്കളെ ഉപേക്ഷിക്കുക, പതിവിലും കൂടുതല്‍ ഉറങ്ങുക ,

പെട്ടെന്ന് ശരീര ഭാരം കുറയുക/കൂടുക, മൂക്കില്‍ നിന്ന് രക്തസ്രാവം, രക്തം കലര്‍ന്നതോ നനഞ്ഞതോ തിളങ്ങുന്നതോ ആയ കണ്ണ്, കുലുക്കവും വിറയലും പോലെയുള്ള ശാരീരിക മാറ്റങ്ങള്‍, മോശം ശുചിത്വം/രൂപത്തിലുള്ള മാറ്റം, ഭ്രാന്തമായി/ക്ഷോഭത്തോടെ ഉത്കണ്ഠയോടെ/ചഞ്ചലതയോടെ പെരുമാറുക, മാനസികാവസ്ഥയിലോ മനോഭാവത്തിലോ ഉള്ള മാറ്റങ്ങള്‍, ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ബുദ്ധിമുട്ട്, കൈകളിലോ കാലുകളിലോ അടയാളങ്ങള്‍, വായില്‍ വ്രണങ്ങള്‍, അത്യധികം ഹൈപ്പര്‍ ആക്റ്റീവ്.... സംശയകരമായ രീതിയില്‍ ഇവ പ്രകടമായാല്‍ നിര്‍ബന്ധമായും മെഡിക്കല്‍ സഹായം തേടണം.

ആസക്തിയും മാനസികാരോഗ്യ വൈകല്യങ്ങളും പലപ്പോഴും പരസ്പര ബന്ധിതവുമാണ്. മാനസികാരോഗ്യ തകരാറുകള്‍ ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യങ്ങള്‍ക്ക് കാരണമാകില്ലെങ്കിലും, ലഹരിവസ്തുക്കളുടെ ഉപയോഗം നിലവിലുള്ള മാനസികാരോഗ്യ വൈകല്യങ്ങളെ വര്‍ധിപ്പിക്കുകയോ അല്ലെങ്കില്‍ അവയുടെ ആരംഭത്തിന് കാരണമാവുകയോ ചെയ്‌തേക്കാം.

ആസക്തിയുള്ളവരെ തിരിച്ചറിയുന്നതില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, സൂചനകളിലൂടെ അവ തിരിച്ചറിയുക പ്രയാസകരമായിരിക്കും എന്നതാണ്. കൗമാരക്കാരായ മക്കളുടെ അഭിനിവേശങ്ങളും താല്‍പ്പര്യങ്ങളും നിരീക്ഷിക്കുമ്പോള്‍ ആദ്യ മുന്‍ഗണന നല്‍കേണ്ടത് കുട്ടിയുടെ ചുറ്റുപാടുകള്‍ക്കാണ്. ലഹരിവസ്തുക്കളുടെ ഉപയോഗം ഒരു സാധാരണ സംഗതിയായി മനസ്സിലാക്കാന്‍ സാധ്യതയുള്ള കുട്ടികളെ കൂടുതല്‍ നിരീക്ഷിക്കണം. ഇക്കാര്യത്തില്‍, പോസിറ്റീവ് മാതൃകകളായി പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. രക്ഷിതാക്കള്‍ പ്രശ്നങ്ങള്‍ അവഗണിക്കുന്നത് പ്രത്യാഘാതമുണ്ടാക്കും. പ്രായപൂര്‍ത്തിയാകാത്തവര്‍ ലഹരി ഉപയോഗിക്കുന്നത് അത്ര വലിയ പ്രശ്‌നമല്ല എന്ന സന്ദേശം കുട്ടികളിലേക്ക് കൈമാറുന്നതും അപകടങ്ങളിലേക്ക് നയിക്കും. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ കുട്ടിയുമായി തുറന്നതും സത്യസന്ധവുമായ ചര്‍ച്ചകള്‍ നടത്തുകയും പ്രശ്‌നകരമായ സ്വഭാവം മാറ്റുന്നതും താരതമ്യേന എളുപ്പമാണ്. മക്കള്‍ ആരുമായാണ് ഹാംഗ് ഔട്ട് ചെയ്യുന്നത്, അല്ലെങ്കില്‍ അവര്‍ വീട്ടില്‍ ഉള്ളപ്പോള്‍ സമയം ചെലവഴിക്കുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തമായ അറിവ് മാതാപിക്കള്‍ക്ക് ഉണ്ടായിരിക്കണം. കുട്ടികളുമായി അവരുടെ ദിവസത്തെ കുറിച്ചുള്ള ചെറുസംഭാഷണങ്ങള്‍ക്ക് സമയം കണ്ടെത്തണം. ഈ സംഭാഷണങ്ങങ്ങള്‍ ചോദ്യം ചെയ്യുന്ന തരത്തിലോ പ്രഭാഷണം/അഡൈ്വസ് നല്‍കുന്ന തരത്തിലോ ആകരുത്. കുട്ടിയുടെ ദൈനദിന കാര്യങ്ങളില്‍ നിങ്ങള്‍ക്ക് യഥാര്‍ഥ താല്‍പ്പര്യമുണ്ടെന്നും അവന്‍ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും കുട്ടിക്ക് മനസിലാകുകയും വേണം.

ഇത്തരം ആസക്തികള്‍ ഒഴിവാക്കുന്നതിനുള്ള ചികിത്സകളെക്കുറിച്ച ശരിയായ അറിവ് മാതാപിതാക്കള്‍ക്കു ഉണ്ടാകേണ്ടതുണ്ട്. വിദ്യാര്‍ഥിയുടെ ആവശ്യങ്ങള്‍, മയക്കുമരുന്നിന്റെ തരം, ഉപയോഗത്തിന്റെ ആവൃത്തി, സംഭവിക്കുന്ന തകരാറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ചികിത്സകള്‍. ചികിത്സാ രീതികളുടെ കാര്യത്തില്‍ വ്യത്യസ്ത പ്രായ വിഭാഗങ്ങള്‍ക്ക് വ്യത്യസ്ത ആവശ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആസക്തിയും മാനസികാരോഗ്യ വൈകല്യങ്ങളും പലപ്പോഴും പരസ്പര ബന്ധിതവുമാണ്. മാനസികാരോഗ്യ തകരാറുകള്‍ ലഹരിവസ്തുക്കളുടെ ഉപയോഗ വൈകല്യങ്ങള്‍ക്ക് കാരണമാകില്ലെങ്കിലും, ലഹരിവസ്തുക്കളുടെ ഉപയോഗം നിലവിലുള്ള മാനസികാരോഗ്യ വൈകല്യങ്ങളെ വര്‍ധിപ്പിക്കുകയോ അല്ലെങ്കില്‍ അവയുടെ ആരംഭത്തിന് കാരണമാവുകയോ ചെയ്‌തേക്കാം. ADHD (Attention-deficit/hyperactivity disorder) ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) ഇവയൊക്കെ ഇതില്‍ ചിലതു മാത്രം. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെ സമ്മര്‍ദ്ദം നിയന്ത്രിക്കാനും ലഹരിവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന പ്രേരകങ്ങളെ നേരിടാനുമുള്ള വഴികള്‍ പഠിപ്പിക്കാന്‍ ബിഹേവിയറല്‍ തെറാപ്പികള്‍ സഹായിക്കും. ഈ ചികിത്സകള്‍ക്ക് നെഗറ്റീവ് ചിന്തകള്‍ കുറയ്ക്കാനും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിയും. വ്യക്തികളുടെ നിഷേധാത്മകമായ പെരുമാറ്റങ്ങളോ പ്രവര്‍ത്തനങ്ങളോ മാറ്റി കൂടുതല്‍ ക്രിയാത്മകവും ആരോഗ്യകരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബിഹേവിയറല്‍ തെറാപ്പികളും മരുന്നുചികിത്സയും സഹായിക്കുന്നു.

TAGS :