ചെറി മരങ്ങള്‍ പൂക്കുന്ന കാലത്ത്
അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇന്ന് കാണുന്ന തരത്തിലുള്ള ചെറിമരങ്ങളുടെ തോട്ടം ഉണ്ടായതിന് പിന്നില്‍ തോറ്റു മടങ്ങാന്‍ മനസ്സില്ലാത്ത സൗന്ദര്യാരാധകയായ ഒരു സ്ത്രീയുടെ സ്ഥിരോത്സാഹത്തിന്റെ കഥ കൂടിയുണ്ട്. | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാവിവരണം: ഭാഗം: 13
''മേഘങ്ങള്‍ക്കിടയിലൂടെ നടക്കുക; സ്വപ്നതുല്യമായ അനുഭവം'' എന്ന പരസ്യവാചകം അന്വര്‍ഥമാക്കിയ ഒരു യാത്രയെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. ചെറി ബ്ലോസം ഫെസ്റ്റിവല്‍ കാണാന്‍ പോകണമെന്ന് പലകാലമായുള്ള ആഗ്രഹം സഫലമായപ്പോള്‍ അത് പരസ്യത്തില്‍ പറയുന്നതിനേക്കാള്‍ ഒരു പടി മുകളില്‍ നില്‍ക്കുന്ന അനുഭവമായി. വര്‍ഷം തോറും മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ നടക്കുന്ന ഈ വസന്തോത്സവം അമേരിക്കയും ജപ്പാനും തമ്മിലുള്ള ഊഷ്മളമായ സൗഹൃദത്തിന്റെയും മറ്റു പല ചരിത്ര സംഭവങ്ങളുടെയും ഓര്‍മ പുതുക്കല്‍ കൂടിയാണ്. സുഹൃത്തുക്കളായ സുമിയും ഷക്കിയുമൊത്താണ് യാത്ര പുറപ്പെട്ടത്.
അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇന്ന് കാണുന്ന തരത്തിലുള്ള ചെറിമരങ്ങളുടെ തോട്ടം ഉണ്ടായതിന് പിന്നില്‍ തോറ്റു മടങ്ങാന്‍ മനസ്സില്ലാത്ത സൗന്ദര്യാരാധകയായ ഒരു സ്ത്രീയുടെ സ്ഥിരോത്സാഹത്തിന്റെ കഥ കൂടിയുണ്ട്. എഴുത്തുകാരിയും നാഷ്ണല്‍ ജോഗ്രഫിക് സൊസൈറ്റിയുടെ ആദ്യത്തെ വനിതാ മെമ്പറുമായ എലിസ സ്‌കിഡ് മോറിനെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. സ്വന്തം സ്വപ്നങ്ങള്‍ ആരുടെ മുന്നിലും അടിയറ വയ്ക്കാന്‍ മടിച്ച ഈ സ്ത്രീയുടെ വിജയാഘോഷവും കൂടിയാണ് ഇതില്‍ പങ്കെടുക്കുന്നവര്‍ ഓരോരുത്തരും കൊണ്ടാടുന്നത്.
1895ല്‍ ജപ്പാനിലെ അമേരിക്കന്‍ കൗണ്‍സിലേറ്റില്‍ ജോലി ചെയ്തിരുന്ന സഹോദരനെ സന്ദര്‍ശിക്കാന്‍ എത്തുന്ന സന്ദര്‍ഭത്തിലാണ് 29 കാരിയായ ലിസ ആദ്യമായി ചെറിപ്പൂമരങ്ങള്‍ കാണുന്നത്. അവിടത്തെ താമസം ജപ്പാന്‍കാരുടെ ഉന്നതമായ സൗന്ദര്യബോധത്തെയും സംസ്‌കാരത്തെയും പറ്റി അവരില്‍ വലിയ മതിപ്പുളവാക്കി. മടങ്ങിവന്ന ശേഷം ചെറിമരങ്ങളും പൂക്കളും ഒക്കെ അമേരിക്കന്‍ സംസ്‌കാരത്തിന്റെയും കൂടി ഭാഗമാകണമെന്ന് അവര്‍ ആഗ്രഹിച്ചു. വാഷിംഗ്ടണ്‍ സ്മാരകത്തിന് ചുറ്റും ചെറിമരങ്ങള്‍ നടുന്നതിനുവേണ്ടി അവര്‍ അവിടുത്തെ ഭരണാധികാരികളായ പലരെയും പല പ്രാവശ്യം കണ്ടു. ഓരോ കാരണങ്ങള്‍ പറഞ്ഞ് അവരെല്ലാം ഇത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. 'ഈ മരങ്ങളില്‍ ചെറി ഉണ്ടാകുമ്പോള്‍ അത് പെറുക്കാനായി കുട്ടികള്‍ വരുമെന്നും അപ്പോള്‍ അവരെ വെള്ളത്തില്‍ വീഴുന്നതില്‍ നിന്ന് രക്ഷിക്കാനായി പ്രത്യേക പൊലീസ് സേന ആ സമയത്ത് അവിടെ പോസ്റ്റ് ചെയ്യേണ്ടിവരും' എന്നതാണ് ഒരാള്‍ പറഞ്ഞു തടസ്സം. ഈ പ്രത്യേക തരം ചെറി മരങ്ങളില്‍ പൂക്കള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും കായ ഉണ്ടാവുകയില്ല എന്നും പറഞ്ഞപ്പോള്‍ അദ്ദേഹം അത്ഭുതം കൂറിയെങ്കിലും കാര്യങ്ങള്‍ ഒന്നും മുന്നോട്ടു പോയില്ല. 1908ല്‍ അവിടെ കൃഷി വകുപ്പില്‍ ജോലി ചെയ്തു ഒരാള്‍ സ്വന്തം ഭൂമിയില്‍ കുറേ ചെറി മരങ്ങള്‍ വെച്ചു പിടിപ്പിച്ചു. അതിന്റെ ഭംഗി നേരിട്ട് കണ്ടതിനുശേഷം ആണ് സ്‌കിഡ് മോര്‍ ആഗ്രഹിച്ചത് പോലെയുള്ള മരം നടീലിന് ഗവണ്‍മെന്റില്‍ നിന്ന് അംഗീകാരം ലഭിച്ചത്. 26 വര്‍ഷത്തെ ദൃഢനിശ്ചയത്തോടെയുള്ള കഠിന പരിശ്രമത്തിന് ഒടുവിലാണ് ഇത് സാധിതമായത്.
അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യയായ ലേഡി ടാഫ്റ്റ് ഈ ആവശ്യത്തിനായി ജപ്പാനില്‍ നിന്ന് ചെറിമരത്തൈകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഇവിടം സന്ദര്‍ശിക്കുന്നവരില്‍ നിന്നും ഒരു ഡോളര്‍ വച്ച് പണപ്പിരിവും നടത്തി. ഇതറിഞ്ഞപ്പോള്‍ ടോക്കിയോ സിറ്റിയുടെ സമ്മാനമായി 2000 തൈകള്‍ അമേരിക്കയിലേക്ക് അയക്കാനുള്ള തീരുമാനം ജപ്പാന്‍ ഗവണ്‍മെന്റ് ഇവരെ അറിയിച്ചു. 1910ല്‍ ഇവ ജപ്പാനില്‍ നിന്ന് സിയാറ്റല്‍ വഴി വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍, പരിശോധകര്‍ കണ്ടത് കൃമികീടങ്ങളുടെ ആക്രമണം കൊണ്ട് പകുതി നശിച്ച ചെടികളെയാണ്. രണ്ടു രാജ്യങ്ങളുടെ നയതന്ത്രബന്ധത്തെ ബാധിക്കുന്ന കാര്യമായതു കൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് തന്നെ നേരിട്ട് ഇടപെട്ട് ഇവയെ കത്തിച്ചു കളയാന്‍ ഉത്തരവിടുകയായിരുന്നു. ഇതിന്റെ നാണക്കേടില്‍ നിന്ന് രക്ഷ നേടാനായി അന്നത്തെ ടോക്കിയോ മേയര്‍ ഒസാക്കി 3020 ചെടികള്‍ പെട്ടെന്ന് തന്നെ അമേരിക്കയിലേക്ക് അയക്കാന്‍ നടപടികള്‍ ആരംഭിച്ചു. അവ 1912 മാര്‍ച്ചില്‍ ലക്ഷ്യസ്ഥാനത്ത് വിജയകരമായി എത്തിച്ചേരുകയും അമേരിക്കന്‍ തല സ്ഥാനത്തെ റ്റൈടല്‍ ബെയ്‌സിന്‍, പോട്ടമാക് പാര്‍ക്ക് എന്നിവിടങ്ങളില്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ലേഡി ടാഫ്റ്റ് ആണ് ആദ്യത്തെ ചെടി ഇവിടെ നട്ടത്.
ജാപ്പനീസ് ഭാഷയില്‍ 'ഹനാമി' എന്നാല്‍ പൂവിട്ട ചെറുമരങ്ങളെ നിരീക്ഷിച്ചുകൊണ്ട് അവയ്ക്കിടയില്‍ കൂടി ഉലാത്തുന്ന കല എന്നാണ് അര്‍ഥം. 1200 കൊല്ലം പഴക്കമുള്ള ഒരു ആചാരമാണിത്. ജപ്പാനില്‍ പൂവണിഞ്ഞ ഒരു ചെറി മരം (സക്കൂറ)വളരെ ശ്രേഷ്ഠമായ ഒന്നായി കരുതിപ്പോരുന്നു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളാണ് ഇത് പൂവിടുന്ന കാലം. പല ഗ്രൂപ്പുകളും കുടുംബങ്ങളും കമ്പനികളും ഹനാമി പാര്‍ട്ടികള്‍ നടത്താറുണ്ട്. ഭക്ഷണവും, അരിയില്‍ നിന്ന് ഉണ്ടാക്കിയ വൈനും, ഡാന്‍സും, സംഗീതവും ഒക്കെ പൂമരപ്പന്തലിനടിയില്‍ നടക്കുന്ന ഈ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പകിട്ട് നല്‍കുന്നു, പല പാര്‍ക്കുകളിലും ആളുകള്‍ പ്രിയപ്പെട്ട ഇടങ്ങള്‍ നേരത്തെ കൂട്ടി റിസര്‍വ് ചെയ്യാനായി, ബിസിനസ് സൂട്ടില്‍ ഒരാള്‍ വന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ആ മരച്ചുവട്ടില്‍ ഇരിക്കുന്ന കാഴ്ച സാധാരണയാണ്. മാര്‍ച്ച് മാസം, ജപ്പാനില്‍ പരീക്ഷകളുടെയും, ഗ്രാജുവേഷന്റെയും, ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ക്ക് സ്ഥലംമാറ്റത്തിന്റെ ഒക്കെ കാലമാണ്. ഇതൊക്കെ കഴിഞ്ഞ് ഏപ്രിലില്‍ പലയിടങ്ങളിലായി ഇവര്‍ പുതിയ ജീവിതം ആരംഭിക്കുന്ന സമയം തന്നെയാണ് ചെറിമരങ്ങള്‍ പൂവിടുന്നത്! മനുഷ്യരുടെ ജീവിതത്തിലെ ഒരു പുതിയ തുടക്കത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കുകയാണ് പ്രകൃതിയും!
ചെറി പുഷ്പത്തിന്റെ ഇതളുകളെ ഒരു സാമുറായി (ജാപ്പനീസ് പടയാളി)യുടെ ക്ഷണികമായ ജീവിതത്തോട് ഉപമിച്ചു വരുന്നു. നിറങ്ങളുടെയും സൗന്ദര്യത്തിന്റെയും ഒരു ഹൃസ്വമായ ഉത്സവമാണ് ജീവിതം എന്നും ഈ പൂക്കളെപ്പോലെ മനുഷ്യ ജീവിതവും വാടിക്കരിഞ്ഞ് അവസാനിക്കുമെന്നും ഇവ നമ്മെ ഓര്‍മിപ്പിക്കുന്നു. എട്ടു മുതല്‍ പതിനൊന്നാം നൂറ്റാണ്ട് വരെ ഇത്തരം പാര്‍ട്ടികള്‍ ജപ്പാനിലെ ധനികരുടെയും ഉന്നതകുലജാതരുടെയും ജീവിതത്തിന്റെ ഭാഗമായിരുന്നു. ചക്രവര്‍ത്തിമാര്‍ 'ഹോളി ചെറി ബ്ലോസം എംപയര്‍' ന്റെ പിന്തുടര്‍ച്ചക്കാരാണ്. ഈ രാജ്യത്തിന്റെ ചരിത്രവുമായി ഈ പുഷ്പം എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് ആ പേര് തന്നെ ധാരാളം മതി. അധികം പൂക്കള്‍ ഉണ്ടാകുന്നത് നെല്‍കൃഷിക്ക് വളരെ പ്രാധാന്യമുള്ള ഈ നാട്ടില്‍ നല്ല വിളവുണ്ടാകുമെന്ന് സൂചനയായി കരുതപ്പെടുന്നു. പതിനേഴാം നൂറ്റാണ്ടിനു ശേഷമാണ് ഇത്തരം ഉത്സവങ്ങള്‍ തൊഴിലാളി വര്‍ഗത്തിന്റെ ഇടയിലും സാധാരണമായത്.
ഡിട്രോയിറ്റില്‍ നിന്നും അമേരിക്കന്‍ തലസ്ഥാനത്തിനടുത്തുള്ള ബാള്‍ട്ടിമോര്‍റിലേക്ക് ആയിരുന്നു 90 മിനിറ്റ് നീളമുള്ള ഫ്‌ലൈറ്റ്. വാര്‍ഫിനടുത്തുള്ള ഒരു ഹോട്ടലില്‍ ആയിരുന്നു താമസം. അന്ന് രാത്രി വാര്‍ഫില്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വെടിക്കെട്ട് ഉണ്ടായിരുന്നു. ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്ന് തന്നെ ആ മനോഹര ദൃശ്യം കാണാന്‍ സാധിച്ചു.
പിറ്റേന്ന് ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിഞ്ഞു 11 മണിയോടെയാണ് പുറപ്പെട്ടത്. 10 ഡിഗ്രി സെന്റി ഗ്രെയ്ഡാണ് ചൂട്. പക്ഷേ, നല്ല സൂര്യപ്രകാശം ഉള്ളതുകൊണ്ട് നടക്കാന്‍ നല്ല സുഖം തോന്നി. കൂട്ടിന് നല്ല തെളിഞ്ഞ നീലാകാശവും! ഇവിടത്തെ പ്രധാന ദേശീയ സ്മാരകങ്ങളായ ജഫേഴ്‌സണ്‍ മെമ്മോറിയല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് മെമ്മോറിയല്‍, ഫ്രാങ്ക്‌ലിന്‍ റൂസ്വെല്‍റ്റ് മെമ്മോറിയല്‍ എന്നിവ സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള ഭാഗികമായി മനുഷ്യ നിര്‍മിതമായ ഒരു തടാകമാണ് ടൈഡല്‍ ബെയിസിന്‍. വാഷിംഗ്ടണ്‍ ചാനലിനും പോട്ടൊമാക് റിവറിനും ഇടയിലാണ് ഇതിന്റെ സ്ഥാനം. ഈ തടാകത്തിന്റെ കരയിലാണ് ചെറിമരങ്ങള്‍ പ്രധാനമായും നട്ട് പിടിപ്പിച്ചിരിക്കുന്നത്.
20 മിനിറ്റ് നടക്കുമ്പോഴേക്കും പൂത്തുലഞ്ഞ മരങ്ങള്‍ കണ്ടു തുടങ്ങി. നേരിയ പിങ്ക് നിറമുള്ള പൂക്കള്‍ ഇലകളില്ലാതെ മരച്ചില്ലകളെ മൂടി പൊതിഞ്ഞ് നില്‍ക്കുന്നു. പ്രധാനമായും തടാകതീരത്താണ് ഇവയുടെ സ്ഥാനം കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഈ പൂപ്പന്തലിന് അടിയില്‍ക്കൂടി നടക്കുമ്പോള്‍ നമ്മള്‍ സ്വപ്നലോകത്താണോ എന്ന് സംശയിച്ചു പോകും. ആദ്യം സമ്മാനിക്കപ്പെട്ട മരങ്ങളില്‍ 20% മാത്രമേ ഇന്ന് ബാക്കിയുള്ളു. ചത്തു പോയ മരങ്ങളുടെ സ്ഥാനത്ത് ഇതേ ഇനത്തില്‍പ്പെട്ട പുതിയ മരങ്ങള്‍ വെച്ച് പിടിപ്പിച്ചു. 1981 ടോക്കിയോയിലെ ചെറി മരങ്ങള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു പോയപ്പോള്‍ ഇവിടെ നിന്ന് ചെടിയുടെ കമ്പുകള്‍ കൊടുത്തയച്ചിരുന്നു. 1958ല്‍ ജാപ്പനീസ് ഗവണ്‍മെന്റ് അമേരിക്കന്‍ ജനതക്കായി ഒരു പഗോഡ (പലതട്ടുകളായുള്ള ബുദ്ധ ക്ഷേത്രത്തിന്റെ മാതൃക) സമ്മാനിച്ചത് ഈ മരങ്ങള്‍ക്കിടയില്‍ ഒരു ഭാഗത്ത് കാണാം.
ഓരോ വര്‍ഷവും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 11/2 മില്യന്‍ സന്ദര്‍ശകര്‍ ഇവിടെ എത്തുന്നു എന്ന് പറയപ്പെടുന്നു. ധാരാളം ജപ്പാന്‍കാരെ കൂട്ടത്തില്‍ കണ്ടു. തിരക്കു കാരണം ചില ഭാഗങ്ങളില്‍ വളരെ പതുക്കെ മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കുമായിരുനുള്ളു; എങ്കിലും പരസ്പരമുള്ള മര്യാദയും കരുതലും എടുത്തു പറയേണ്ടതാണ്. ധാരാളം പ്രൊഫണല്‍ ഫോട്ടോഗ്രാഫര്‍മാരെയും സെല്‍ഫിക്കാരെയും അവിടെ കണ്ടു.
യോഷിനോ എന്ന ഇനമാണ് 70% മരങ്ങളും; ഇളം പിങ്ക് നിറത്തോട് കൂടിയ ഇവയാണ് ആദ്യം പൂവിടുക. രണ്ടാഴ്ചകള്‍ക്ക് ശേഷം പൂ ചൂടുന്ന കവാന്‍സാന്‍ കുറെക്കൂടി കടുത്ത പിങ്ക് നിറത്തിലുള്ളതും കൂടുതല്‍ ഇതളുകളുള്ളതുമായ ഇനമാണ്. ഇവ ഉള്‍പ്പെടെ 12 ഇനത്തിലുള്ള ചെറിമരങ്ങള്‍ ഇവിടെ കാണാം. എല്ലാം ജാപ്പനീസ് ഇനങ്ങള്‍ തന്നെ. നിറയെ പൂ ചൂടി നില്‍ക്കുന്ന കുറേ മഗ്‌നോളിയ മരങ്ങളെയും കൂട്ടത്തില്‍ കണ്ടു.
അഞ്ചുമണിയോടെ വാര്‍ഫിലെ മീന്‍ മാര്‍ക്കറ്റില്‍ വന്ന് കുറെ ചെമ്മീന്‍ ആവിയില്‍ വേവിച്ചതും ക്രാബ് കേക്കും, ലോബ്സ്റ്റര്‍ സൂപ്പും ഒക്കെ വാങ്ങി ഹോട്ടലിലേക്ക് മടങ്ങി. നല്ല ക്ഷീണം ഉണ്ടായിരുന്നെങ്കിലും മനസ്സ് നിറഞ്ഞിരുന്നു. ഒരു സങ്കടം മാത്രം; കണ്ട എല്ലാ സുന്ദരദൃശ്യങ്ങളും ക്യാമറയില്‍ ആക്കാന്‍ കഴിഞ്ഞില്ലല്ലോ. പക്ഷേ, മടങ്ങുമ്പോള്‍ മനസ്സ് നിറയെ വസന്തമായിരുന്നു.