Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 15 May 2024 10:52 AM GMT

പബ്ബുകളുടെ ജോര്‍ജ് സ്ട്രീറ്റ്

ന്യൂഫൗണ്ട് ലാന്റിലെ വിമാനത്താവളമായ ഗാന്‍ഡര്‍, സെപ്റ്റംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രൈഡ് സെന്റര്‍ ആക്രമണ ദിവസങ്ങളില്‍ വളരെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഇവിടെ ആ ദിവസം അമേരിക്കയിലെ പല എയര്‍പോര്‍ട്ടുകളില്‍ നിന്നായി തിരിച്ച് വിടപ്പെട്ട 38 വിമാനങ്ങള്‍ എത്തി. ഒപ്പം 6122 യാത്രക്കാരും 473 വിമാന ജോലിക്കാരും! പലരും സ്വന്തം വീടുകള്‍ ഇവര്‍ക്കായി തുറന്നു കൊടുത്തു. ഇവരുടെ വളരെ ഹൃദ്യമായ ആതിഥേയത്വം സ്വീകരിച്ച പലരും എല്ലാ വര്‍ഷവും 9/11 വാര്‍ഷികത്തിന് ഇവിടെയെത്താറുണ്ട്. | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാ വിവരണം. ഭാഗം: 09

സെപ്റ്റംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രൈഡ് സെന്റര്‍ ആക്രമണം
X

രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ യൂറോപ്യന്‍ സഞ്ചാരി ആയിരുന്ന ജോണ്‍ കാബട്ടിന്റെ പേരിലാണ് ന്യൂ ഫൗണ്ട് ലാന്റിന്റെ തലസ്ഥാനം നാമകരണം ചെയ്യപ്പെട്ടത്. ഈ കാലത്ത് തന്നെ എഴുതപ്പെട്ട ചരിത്ര രേഖകളില്‍ വടക്കന്‍ അമേരിക്കയിലെ ഏറ്റവും പഴയ തെരുവായ വാട്ടര്‍സ്ട്രീറ്റിനെ പറ്റി പറയുന്നുണ്ട്. ഈ തെരുവില്‍ കൂടി നടക്കുന്നത് ഒരു പ്രത്യേക അനുഭവമാണ്. കാനഡയിലെ ദേശീയ സ്മാരകങ്ങളുടെ കൂട്ടത്തില്‍ ഈ തെരുവിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുഭാഗത്തും കാണുന്ന കെട്ടിടങ്ങള്‍ക്കെല്ലാം ചരിത്രത്തിന്റെ ഭാഗമായ ഓരോ കഥകള്‍ പറയാനുണ്ട്. ന്യൂ ഫൗണ്ട്‌ലാന്റിന്റെ തനതായ വസ്ത്രങ്ങള്‍ ഭക്ഷണ സാധനങ്ങള്‍. പുസ്തകങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ ഇവിടെയുണ്ട്. ഫാഷന്‍ വസ്ത്രങ്ങള്‍ കല്യാണ വസ്ത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകളും, പബ്ബുകളും ഇവിടെ കാണാം. വടക്കു നിന്ന് വരുന്ന ലാബ്രഡോര്‍ ശീത ജല പ്രവാഹവും തെക്കുനിന്ന് വരുന്ന ഗള്‍ഫ് ഉഷ്ണജല പ്രവാഹവും ഇതിനടുത്തു വച്ചാണ് കൂട്ടി മുട്ടുന്നത്. ഇതു മൂലം ഇവിടെ ധാരാളം മൂടല്‍ മഞ്ഞുണ്ടാവാറുണ്ട്്. എന്നാല്‍, തണുപ്പ് കാലത്ത് സാധാരണ-20 സെന്റിേ്രഗഡില്‍ താഴെ പോകാറില്ല. മേയ് മുതല്‍ ആഗസ്റ്റ് വരെ നല്ല കാലാവസ്ഥയാണ്. വടക്കന്‍ അമേരിക്കയില്‍ ആദ്യം സൂര്യോദയം കാണുന്നത് ഈ പട്ടണവാസികളാണ്.

ധാരാളം പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഭൂപ്രകൃതിയും കുത്തനെയുള്ള പാറക്കല്ലകള്‍ നിറഞ്ഞ കടല്‍ത്തീരവും മൂലം'' The Rock' എന്നും ഈ ദ്വീപ് അറിയപ്പെടുന്നു. അടുത്തടുത്ത് ഉണ്ടാക്കിയിരിക്കുന്ന തടി വീടുകള്‍ക്ക് ആകര്‍ഷകമായ കടുത്ത നിറങ്ങള്‍ കൊണ്ട് പെയിന്റ് ചെയ്തു ഭംഗിയാക്കുന്നത് ഈ നാട്ടിലെ ഒരു രീതി ആണ്. ഈ വീടുകള്‍ക്ക് 'Jelly Beans' എന്ന പേര്‍ ഏറ്റവും ചേര്‍ന്നതാണെന്ന് ആരും സമ്മതിക്കും. വളരെ പുരാതനമായ മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റിയാണ് ഇവിടുത്തെ പ്രധാന തൊഴില്‍ ദാതാക്കള്‍.

സെന്റ് ജോണ്‍സ് തുറമുഖം വളരെ ആഴമുള്ളതും മൂന്ന് വശവും വളരെ പൊക്കമുള്ള മലകളാല്‍ ചുറ്റപ്പെട്ടതുമാണ്. 'Narrows' എന്ന പേരിലാണ് ഈ ഭാഗം അറിയപ്പെട്ടിരുന്നത്. ഇത് മൂലം വലിയ കപ്പലുകള്‍ക്ക് തുറമുഖത്തിന് വളരെ അടുത്ത് തന്നെ അടുപ്പിക്കാന്‍ കഴിയും. മാത്രമല്ല, നങ്കൂരമിട്ട കപ്പലുകള്‍ ഏറ്റവും മോശപ്പെട്ട കാലാവസ്ഥയിലും വളരെ സുരക്ഷിതമായിരിക്കും. ആധുനിക രീതിയിലുള്ള കാലാവസ്ഥാ പ്രവചനങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് ഇത്തരം തുറമുഖങ്ങള്‍ തന്ത്രപരമായി വളരെ പ്രധാന്യമുള്ളതായിരുന്നു. ഞങ്ങള്‍ വാട്ടര്‍സ്ട്രീറ്റിനടുത്ത് ഒരു വീട്ടില്‍ കുറേക്കാലം താമസിച്ചിരുന്നു. അന്ന് സെക്യൂരിറ്റി പരിശോധനകളൊന്നും കൂടാതെ കപ്പലിനടുത്ത് വരെ പോകാനും ഫോട്ടോ എടുക്കാനും ഒക്കെ സാധിച്ചതായി ഓര്‍ക്കുന്നു. 1583-ല്‍ എലിസബത്ത് രാജ്ഞിയുടെ സാമ്രാജ്യത്തിന്റെ ഭാഗമായി ഇതിനെ കൂട്ടിച്ചേര്‍ക്കുന്ന രേഖ അവിടുത്തെ തുറമുഖത്തിനടുത്ത് ഒരു ഭാഗത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കപ്പലുകളില്‍ ജോലി ചെയ്തിരുന്നവരുടെ വിനോദത്തിനായി ധാരാളം പബ്ബുകള്‍ ഉള്ള ജോര്‍ജ് സ്ട്രീറ്റ്, തുറമുഖത്ത് നിന്ന് നടന്ന് പോകാവുന്ന ദൂരത്താണ്. ഒരു ചതുരശ്ര കിലോമീറ്ററില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ പബ്ബുകള്‍ ഉള്ള തെരുവ് എന്ന ഖ്യാതിയും ഇതിന് സ്വന്തം!


യുദ്ധസ്മാരകം- 'Jelly beans' പിറകില്‍

ന്യഫൗണ്ട് ലാന്റിലെ തന്നെ മറ്റൊരു വിമാനത്താവളമായ ഗാന്‍ഡര്‍ സെപ്റ്റംബര്‍ പതിനൊന്നിലെ വേള്‍ഡ് ട്രൈഡ് സെന്റര്‍ ആക്രമണ ദിവസങ്ങളില്‍ വളരെ വാര്‍ത്താ പ്രധാന്യം നേടിയിരുന്നു. ഇവിടെ ആ ദിവസം അമേരിക്കയില്‍ പല എയര്‍ പോര്‍ട്ടുകളില്‍ നിന്നായി തിരിച്ച് വിടപ്പെട്ട 38 വിമാനങ്ങള്‍ ഈ ചെറുപട്ടണത്തില്‍ എത്തി. ഒപ്പം 6122 യാത്രക്കാരും 473 വിമാന ജോലിക്കാരും! പലരും സ്വന്തം വീടുകള്‍ ഇവര്‍ക്കായി തുറന്നു കൊടുത്തു. ഇവരുടെ വളരെ ഹൃദ്യമായ ആതിഥേയത്വം സ്വീകരിച്ച പലരും എല്ലാ വര്‍ഷവും 9/11 വാര്‍ഷികത്തിന് ഇവിടെയെത്താറുണ്ട്. ഈ സംഭവത്തെ പറ്റി ഒരു ഹോളിവുഡ് സിനിമയും ഒരു മ്യൂസിക്കലും നിര്‍മിക്കപ്പെട്ടിട്ടുണ്ട്.

ഈ ദ്വീപിലെ ഭാഷയും സംസ്‌കാരവും വളരെ പ്രത്യേകതകളുള്ളതാണ്. ഇംഗ്ലിഷാണ് ഇവിടുത്തെ പ്രധാന ഭാഷ. വളരെ ചെറിയ ഒരു ശതമാനം ഫ്രഞ്ച് സംസാരിക്കുന്നവരെയും ഇവിടെ കണ്ടു. ന്യൂഫൗണ്ട് ലാന്റ് ഇംഗ്ലീഷ് പ്രത്യേകതരം ഉച്ചാരണത്തോടും പ്രയോഗങ്ങളോടും കൂടിയ ഒന്നാണ്. ഇത് കാനഡയുടെ മറ്റ് ഭാഗങ്ങളില്‍ സംസാരിക്കുന്ന ഇംഗ്ലിഷില്‍ നിന്നും വളരെ വ്യത്യസ്തമാണ്. അയര്‍ലണ്ടിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സംസാരിക്കുന്ന ഇംഗ്ലീഷിനാണ് ഇതിനോട് സാമ്യം. ഈ ദ്വീപിലെ ആദ്യകാല കുടിയേറ്റക്കാര്‍ അവിടെ നിന്നായിരുന്നുവല്ലോ. പണ്ടുകാലത്ത് യാത്രാ സൗകര്യങ്ങളുടെ അഭാവം കൊണ്ടും വളരെ തീഷ്ണമായ ശീതകാലം മൂലമുള്ള ഒറ്റപ്പെടലുമാണ് ഈ ദ്വീപിലെ ഭാഷാപരമായും സംസ്‌കാരികമായും ഉള്ള പ്രത്യേകതയ്ക്ക് കാരണം. കുറേയേറെ സ്‌കോട്ടിഷ് സ്വാധീനവും വളരെ പ്രകടമാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇതിനെ ഒരു പ്രത്യേക നാട്ടുഭാഷയായി അംഗീകരിക്കപ്പെട്ടത്. Nufinese' എന്ന് പുറം നാട്ടുകാര്‍ ഇതിന് പേര് ചൊല്ലി വിളിച്ചു. ഇതില്‍ നിന്ന് ഉണ്ടായ വാക്കായ ന്യൂഫി (nufi) ആധുനിക കാലത്ത് മറ്റു കാനഡക്കാര്‍ ഇന്നാട്ടുകാരെ ആക്ഷേപ രൂപത്തില്‍ വിളിക്കാനായി ഈ പേര് ഉപയോഗിക്കുന്നു. പുറം നാട്ടുകാര്‍ ഇവരെ ഈ പേര് ഉപയോഗിച്ച് വിളിയ്ക്കുന്നതു പലപ്പോഴും കായികമായ മറുപടി പറച്ചിലിന് പോലും ഇടയാക്കിയിട്ടുണ്ട്! 1982ല്‍ ഇറങ്ങിയ Newfoundlan English dictionary ഇത്തരം ഭാഷാപരമായ സവിശേഷതകളുടെ സംഗ്രഹമാണ്. ഈ നാട്ടില്‍ പ്രത്യേകമായി ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെയും പ്രയോഗങ്ങളുടെയും നല്ലൊരു സമാഹാരമാണ് ഈ നിഘണ്ടു. ഇവിടുത്തെ മനുഷ്യരുടെ നര്‍മ ബോധം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പൊള്ളുന്ന മഞ്ഞിലെ ഇവരുടെ അതിജീവനത്തിന് ആ നര്‍മബോധം നല്ലൊരു പുതപ്പാണ്.


( തുടരും)





TAGS :