Quantcast
MediaOne Logo

ജേക്കബ് ഏബ്രഹാം

Published: 16 Sep 2024 9:41 AM GMT

മരണത്തില്‍ നിന്നും മടങ്ങിവന്നവന്‍

യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും രൂപപ്പെടുത്തിയ ഈ നോവല്‍ മനുഷ്യന്റെ അതിജീവന ആഖ്യാന ചരിത്രത്തിലെ മികച്ച കൃതിയാണ് - മൈക്കിള്‍ പുങ്കെയുടെ ദ റവനന്റ് എന്ന നോവലിന്റെ വായന | ഇരട്ടവര

മരണത്തില്‍ നിന്നും മടങ്ങിവന്നവന്‍
X

ലോക നോവല്‍ സാഹിത്യത്തില്‍ വന്യതയും സാഹസികതയും പ്രമേയമാക്കിയ കൃതികള്‍ പലതും ഇതിഹാസ സമാനമായ ജീവിതം സമ്മാനിക്കാറുണ്ട്. അത്തരത്തില്‍ വായനയെ ത്രസിപ്പിക്കുന്ന ഒരു നോവലാണ് മൈക്കിള്‍ പുങ്കെയുടെ ദ റവനന്റ്.

യുഎസ് അംബാസിഡറായി ജനീവ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച മൈക്കിള്‍ പുങ്കെയുടെ നീണ്ടനാളത്തെ ഗവേഷണത്തിന്റെ സൃഷ്ടിയാണ് ഈ നോവല്‍. ലിയാനാര്‍ഡോ ഡികാപ്രിയോ നായകനായ ഇതേ പേരിലുള്ള സിനിമ നിരവധി ഓസ്‌ക്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

അമേരിക്കയുടെ വ്യവസായ/പര്യവേഷണ ചരിത്രത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേട് എന്ന് ഈ രചനയെ വിശേഷിപ്പിക്കാന്‍ കഴിയും. പതിനെട്ടാം നൂറ്റാണ്ടില്‍ വ്യവസായ വിപ്ലവത്തിലേക്ക് കുതിച്ചുയര്‍ന്ന അമേരിക്കന്‍ വ്യാപാരികള്‍ തങ്ങളുടെ സമ്പത്തും പുതിയ വ്യവസായ സാധ്യതകളും കണ്ടെത്താന്‍ ദിക്കെങ്ങും സഞ്ചരിക്കാന്‍ തുടങ്ങി. ഹെന്റി ഡേവിഡ് ആഷ്‌ലി എന്നൊരു സാഹസികന്‍ ആഷ്‌ലി എന്നു പേരുള്ള മറ്റൊരു യുവാവിനൊപ്പം ചേര്‍ന്ന് ആഷ്‌ലി ഹന്‍ഡ്രണ്ട് എന്ന പേരില്‍ ഒരു കമ്പനി ആരംഭിച്ചു. ഗോത്രവര്‍ഗക്കാരല്ലാതെ നാഗരികര്‍ അധികം കാലുകുത്താത്ത മഹത്തായ മിസുറി നദിയുടെ തീരങ്ങളില്‍ പടര്‍ന്നു കിടക്കുന്ന വനാന്തരങ്ങളില്‍ മൃഗങ്ങളെ വേട്ടയാടി രോമക്കുപ്പായങ്ങള്‍ക്കായി മൃഗത്തോലുകള്‍ ശേഖരിക്കുക എന്ന വിപണി സാധ്യതയുള്ള സംരംഭത്തിന് അവര്‍ തുടക്കം കുറിച്ചു. ദ റോക്കി മൗണ്ടന്‍ ഫര്‍ കമ്പനി എന്ന പേരില്‍ തങ്ങളുടെ കമ്പനി നാമം പുതുക്കി അവര്‍ സാഹസികമായ ഉദ്യമത്തിലേക്ക് കരുത്തന്മാരുടെ സംഘങ്ങളെ ചേര്‍ത്ത് വനങ്ങളും നദീതീരങ്ങളിലും ആവാസ വ്യവസ്ഥയാക്കിയ മൃഗങ്ങളെ കൊന്നൊടുക്കാന്‍ തുടങ്ങി. അങ്ങനെ ശേഖരിച്ച മൃഗ രോമ കുപ്പായങ്ങള്‍ യൂറോപ്പില്‍ വലിയ വിപണി തുറന്നു.


| ദ റവനന്റ് - സിനിമയില്‍ നിന്ന്‌

കഥയിലേക്ക് വരാം. സാഹസികനായ ഹഹ് ഗ്ലാസ് എന്ന യുവാവ് പുതിയൊരു തൊഴില്‍ അന്വേഷിച്ചു നടക്കുകയാണ്. സാഹസികത അയാളുടെ കൂടെപ്പിറപ്പാണ്. പത്രത്തില്‍ ദ റോക്കി മൗണ്ടന്‍ ഫര്‍ കമ്പനിയിലേക്ക് ആളെ എടുക്കുന്നു എന്ന പരസ്യം കാണുന്നതോടെ യുവാവ് അപേക്ഷിക്കുന്നു. കമ്പനിയുടെ ഓഫീസിന് മുന്നില്‍ തൊഴില്‍ അന്വേഷിച്ച് കുറച്ചു പേര്‍ വന്നിട്ടുണ്ട്. കാര്യങ്ങളെല്ലാം കൃത്യമായി തന്നെ വിശദമാക്കുന്നുണ്ട് അധികൃതര്‍. നീണ്ടകാലത്തെ ജോലിയാണ്. മിസുറി പുഴ ചുറ്റിപ്പോകുന്ന വിശാലമായ വന സ്ഥലിയും പര്‍വതങ്ങളുമാണ് തൊഴിലിടം, മൃഗ രോമങ്ങള്‍ പ്രത്യേകിച്ചും നീര്‍നായയുടെ രോമങ്ങള്‍ ശേഖരിക്കുകയാണ് തൊഴില്‍. എന്തും സംഭവിക്കാം. ഗോത്രവിഭാഗങ്ങള്‍ ഭരിക്കുന്ന പ്രദേശമാണ്. പുറത്ത് നിന്നുള്ള നുഴഞ്ഞുകയറ്റം അവര്‍ പ്രോത്സാഹിപ്പിക്കാറില്ല. വന്യമൃഗങ്ങളോടാണ് ഏറ്റുമുട്ടേണ്ടത്. തീറ്റയും കുടിയും ഉറക്കവും കിട്ടുന്നയിടത്താവും. കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തില്‍ ഒരു പങ്കും നല്ല ശമ്പളവുമാണ് ഇതിനെല്ലാം പ്രതിഫലമായി ലഭിക്കുക. ജീവനില്‍ കൊതിയുള്ള പലരുംതിരിച്ചു പോയി. ഗ്ലാസും ഏതാനം യുവാക്കളും മാത്രം കമ്പനിയില്‍ ചേര്‍ന്നു.

നോവല്‍ തുടങ്ങുമ്പോള്‍ ഉള്‍വനത്തില്‍ കരടിയുടെ അടിയേറ്റ് മരണാസന്നനായി കിടക്കുന്ന ഹഹ് ഗ്ലാസിനെയാണ് നാം കാണുന്നത്. രോമ വേട്ട സംഘത്തിലെ ക്യാപ്റ്റനും അനുയായികള്‍ക്കും അയാളില്‍ ഇനി പ്രതീക്ഷയില്ല. ചെറിയ ഒരു ഞരക്കം മാത്രമെയുള്ളു. കഴിഞ്ഞ കുറെ മാസങ്ങളായി അവര്‍ വനത്തിലായിരുന്നു. മഞ്ഞുവീഴ്ച്ച പലയിടത്തും തുടങ്ങി. മലകളില്‍ നിന്ന് തണുത്ത കാറ്റ് വീശുന്നുണ്ട്. ശേഖരിച്ച ഉരുപ്പടികള്‍ എത്രയും പെട്ടെന്ന് കമ്പനിയുടെ ആസ്ഥാനമായ സെന്റ് ലൂയിസിലെത്തിക്കണം. ഇതിപ്പോള്‍ മൂന്ന് ദിവസമായി ഗ്ലാസ് ഒരേ കിടപ്പ് കിടക്കുകയാണ്. വാഴയിലയില്‍ അയാളെ കിടത്തി പച്ചമരുന്നുകളൊക്കെ വെച്ചിട്ടുണ്ട്. പക്ഷെ, പ്രാണന്‍ ഏത് നിമിഷവും നഷ്ടപ്പെടാം. ശരീരം മുഴുവനും കരടിയുടെ ആക്രമണം കാണാം.

ഒടുവില്‍ ജോണ്‍, ജിം എന്ന തന്റെ കൂട്ടാളികളെ മരണാസന്നനായ മനുഷ്യനെ പരിപാലിക്കാന്‍ ഏല്‍പ്പിച്ച ശേഷം ക്യാപ്റ്റനും സംഘവും തങ്ങളുടെ യാത്ര തുടരുന്നു. ഒരുപാട് ജോലികള്‍ അവര്‍ക്ക് ചെയ്തു തീര്‍ക്കാനുണ്ട്. പലയിടങ്ങളിലായി ശേഖരിച്ച രോമത്തോലുകള്‍ നദിയിലൂടെ ചങ്ങാടം വഴി അയക്കണം. പല താവളങ്ങളിലും ആളുകള്‍ കാവലുണ്ട്. അതോടൊപ്പം മഞ്ഞുകാലം വരുന്നു. ആകെ പ്രതിസന്ധി ചൂഴ്ന്നു നില്‍ക്കുന്നു. ഗ്ലാസ് മരിക്കുമ്പോള്‍ തങ്ങള്‍ക്കൊപ്പം ചേരണം എന്നു പറഞ്ഞ് കാവല്‍ക്കാര്‍ക്ക് ക്യാപ്റ്റന്‍ വഴി പറഞ്ഞു കൊടുക്കുന്നു.

ക്യാപ്റ്റനും സംഘാംഗങ്ങളും മറയുമ്പോള്‍ ക്രൂരനായ ജോണ്‍ കൗമാരം കടന്ന് യുവത്വം തുടങ്ങുന്ന ജിമ്മിനോട് കരടി അടിച്ചവനെ കൊന്നുകളഞ്ഞ ശേഷം മറ്റുള്ളവര്‍ക്ക് ഒപ്പം ചേരാമെന്ന് പറയുന്നു. എന്നാല്‍, ജിം അതിന് സമ്മതിക്കുന്നില്ല. രണ്ടാഴ്ച്ചയോളം അവര്‍ ഹഹ് ഗ്ലാസിനെ പരിചരിക്കുന്നു. മൂളലും ഞരക്കവുമല്ലാതെ ജീവന് യാതൊരു തെളിവുമില്ല. ഒടുവില്‍ അയാളെ ഉപേക്ഷിക്കാന്‍ തന്നെ ഇരുവരും തീരുമാനിക്കുന്നു.

ഗ്ലാസിന്റെ തോക്കും കത്തിയും മോഷ്ടിച്ച് ജോണും ജോയും തങ്ങളുടെ യാത്ര തുടരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിയവെ ഗ്ലാസ് പൂര്‍ണ്ണമായ ബോധത്തിലേക്ക് വരുന്നു. ശരീരം മുഴുവന്‍ സഹിക്കാന്‍ കഴിയാത്ത വേദന. അയാള്‍ അലറിക്കരയുന്നു. അതിജീവനത്തിനായുള്ള ശ്രമമാണ് പിന്നീട്. കാട്ടില്‍ പെയ്ത മഴ നാവില്‍ ജലകണമായി. ശവമെന്ന് കരുതി അടുത്ത വന്ന കുറുക്കനെ ഒരു വിധത്തില്‍ കൊന്ന് പച്ചയിറച്ചി തിന്നുന്നു. മുഖം മുഴുവന്‍ വേദനയാണ്. ഒടുവില്‍ ഒരു ഗോത്രവിഭാഗക്കാര്‍ അയാളെ കണ്ടെത്തുന്നു. ഒരു കുട്ടിയാണ് അയാളെ കണ്ടത്. അവര്‍ അയാളെ ഒരു മഞ്ചലിലേറ്റി ഉള്‍വനത്തില്‍ കൊണ്ടുപോയി ശുശ്രൂഷിക്കുന്നു.

ഒരു രാത്രി അവിടെ നിന്നും രക്ഷപ്പെടുന്ന അയാളുടെ മുമ്പില്‍ ഒരു ലക്ഷ്യം മാത്രം. തന്നെ മരണത്തിന് വിട്ടുകൊടുത്ത് തോക്കും കത്തിയും മോഷ്ടിച്ചവരെ കൊല്ലുക, എത്രയും വേഗം സെന്റ് ലൂയിസിലെത്തുക. പിന്നീട് അതിജീവന യാത്രയിലാണ് ഗ്ലാസ്. വനത്തില്‍ ഭക്ഷണത്തിനായി ഗുരുതരമായ ആരോഗ്യസ്ഥിതിയിലും അയാള്‍ പോരാടുന്നു. നരികള്‍ കൊന്ന മൃഗത്തിന്റെ അവശിഷ്ടം വരെ അയാള്‍ തിന്നുന്നു. മിസുറി വനതീരങ്ങളില്‍ പലതരം ഗോത്രവിഭാഗങ്ങളുണ്ട്. അവര്‍ തമ്മില്‍ നിരന്തര പോരാട്ടത്തിലാണ്. അരിക്കാര വിഭാഗത്തില്‍ പെട്ട ഗോത്രക്കാരുടെ ആക്രമണത്തില്‍ നിന്നും ഭാഗ്യത്തിന് അയാള്‍ രക്ഷപ്പെടുന്നു.

പിന്നീട് അയാള്‍ തന്റെ സംഘാംഗങ്ങള്‍ പോയ വഴി പിന്‍തുടരുകയാണ്. ഈ യാത്രക്കിടയില്‍ സമാന ദൗത്യവുമായി ഇറങ്ങിയ മറ്റൊരു സംഘത്തില്‍ അയാള്‍ ചേരുന്നുണ്ട്. രോമ ബിസിനസ് വ്യാപകമാണ്. കമ്പിളിത്തരങ്ങള്‍ക്കായി ലോക വിപണി തുറന്നിരിക്കുകയാണ്. നദീതീരത്തിലുള്ള ഒരു സത്രത്തില്‍ വെച്ചാണ് പുതിയ സംഘത്തില്‍ അയാള്‍ ചേരുന്നത്. തോക്കും കത്തിയും മറ്റ് ആയുധങ്ങളും ഗ്ലാസിന് ലഭിക്കുന്നു. കാഴ്ച്ചയില്‍ ഭീതി പടര്‍ത്തുന്ന ഒരു മനുഷ്യനായി അയാള്‍ മാറിയിട്ടുണ്ട്. സത്രത്തിലെ കണ്ണാടിയിലാണ് കരടിയുടെ അടിയേറ്റ ശേഷം തന്റെ രൂപം അയാള്‍ പിന്നീട് കാണുന്നത്.

പുതിയ സംഘത്തിനൊപ്പം കൂലിക്കാരനായി അയാള്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. അയാളുടെ ഉന്നം തെറ്റാതെ കാഞ്ചി വലിക്കാനുള്ള കഴിവ് പുതിയ കൂട്ടരില്‍ മതിപ്പുളവാക്കുന്നു. എങ്കിലും ദൗര്‍ഭാഗ്യം അവിടെയും ഗ്ലാസിനെ വേട്ടയാടുന്നു. അരിക്കാര ഗോത്രത്തിന്റെ വേട്ടയില്‍ സംഘാംഗങ്ങള്‍ എല്ലാവരും മരിക്കുന്നു. ആ സമയത്ത് മറ്റൊരിടത്ത് ആയതിനാല്‍ മാത്രം രക്ഷപ്പെടുന്നു.

ഒടുവില്‍ സംഘത്തിന്റെ തോണിയില്‍ അയാള്‍ ഒറ്റക്ക് യാത്ര തുടരുന്നു. നീണ്ട മാസങ്ങള്‍ നീളുന്ന യാത്രയ്ക്കവസാനം തന്റെ സംഘാംഗങ്ങള്‍ക്കിടയിലേക്ക് അയാള്‍ എത്തുന്നു. ഉപേക്ഷിച്ചവരെ കണ്ടെത്തി ശിക്ഷ നടപ്പാക്കി വീണ്ടും യാത്ര തുടരുന്നു. ഒടുവില്‍ അരിക്കാര ഗോത്രത്തിന്റെ തന്റെ സംഘത്തിനൊപ്പം ഗ്ലാസും കൊല്ലപ്പെടുന്നു.

യഥാര്‍ഥ സംഭവങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും രൂപപ്പെടുത്തിയ ഈ നോവല്‍ മനുഷ്യന്റെ അതിജീവന ആഖ്യാന ചരിത്രത്തിലെ മികച്ച കൃതിയാണ്. രോമ കച്ചവടക്കാര്‍ നീര്‍നായയുടെ എണ്ണത്തിലുണ്ടാക്കിയ കുറവ് മൂലം നിയമം മൂലം ഈ വനം കൊള്ള അമേരിക്കന്‍ ഭരണകൂടം നിരോധിച്ചു. വായനയെ ത്രില്ലടിപ്പിക്കുന്ന ഈ കൃതി സമാനതകളില്ലാത്ത അനുഭവം പകരുന്നു.


TAGS :