Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 7 March 2023 12:08 PM GMT

സ്ത്രീരോഗ ചികിത്സയുടെ ചരിത്രം

സമൂഹത്തിലെ ഉന്നത നിലവാരത്തിലുള്ളവര്‍ക്ക് സ്വന്തമായ പ്രസവമുറികള്‍ ഉണ്ടായിരുന്നു. മുന്‍കാല പരിചയവും പ്രാഗല്‍ഭ്യവും ഉള്ള സ്ത്രീകളാണ് പ്രസവ സംബന്ധമായ കാര്യങ്ങളില്‍ നേതൃത്വം കൊടുത്തിരുന്നത്. അവര്‍ ഗര്‍ഭിണിക്ക് എപ്പോഴാണ് കിടക്കേണ്ടത്, മുക്കേണ്ടത് എന്നതിനെപ്പറ്റിയും മറ്റുമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ വേദനസംഹാരികള്‍ ആയ ചില പാനീയങ്ങളും നല്‍കി വന്നു. | DaVelhaMedicina - ഭാഗം: 11

സ്ത്രീരോഗ ചികിത്സയുടെ ചരിത്രം
X

ഗര്‍ഭം അലസി പോകുന്നത് മധ്യകാലത്തും അതിന് മുന്‍പും വളരെ സാധാരണമായിരുന്നു. പത്തുമാസം തികക്കുന്നവരില്‍ തന്നെ അഞ്ചില്‍ ഒരാള്‍ പ്രസവസംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെട്ടിരുന്നു. ശിശുമരണനിരക്ക് ഏകദേശം 20% ആയിരുന്നു. ഗര്‍ഭസംബന്ധമായ അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും എല്ലാം ഗര്‍ഭിണി തന്നെയായിരുന്നു ഉത്തരവാദിയായി കണക്കാക്കപ്പെട്ടത്. ആണ്‍കുട്ടികളെ ആയിരുന്നു എല്ലാ നാടുകളിലും ഉള്ളവര്‍ ആഗ്രഹിച്ചിരുന്നത്, വീണ്ടും വീണ്ടും പെണ്‍കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്ന അമ്മമാര്‍ വെറുക്കപ്പട്ടു. പില്‍ക്കാലത്ത് അത് ശാസ്ത്രീയമായി അസത്യമാണെന്ന് തെളിയിക്കപ്പെട്ടെങ്കിലും ഇതും സ്ത്രീകളുടെ കുറ്റമായി കരുതപ്പെട്ടു. അത്തരം ധാരാളം അമ്മമാരുടെ കഥകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടല്ലോ.

പുരുഷന്മാരെ പ്രസവമുറിയുടെ നാലയലത്തു പോലും അടുപ്പിച്ചിരുന്നില്ല. സന്താന നിയന്ത്രണം എന്നത് പരസ്യമായി പറയാന്‍ പോലും പറ്റാത്ത കാലമായിരുന്നു. എങ്കിലും രഹസ്യമായി അവര്‍ പരീക്ഷിച്ചിരുന്ന വിദ്യകള്‍ ഇനിപ്പറയുന്നവയാണ്. വിസല്‍ (Weasal) എന്ന മൃഗത്തിന്റെ വൃഷണങ്ങള്‍ കഴുത്തില്‍ കെട്ടിയിട്ട് നടക്കുക, ലെറ്റിയൂസ് ഇലകള്‍ ഭര്‍ത്താവിന്റെ തലയണയുടെ അടിയില്‍ സൂക്ഷിക്കല്‍, ഗര്‍ഭിണിയായ കുറുക്കന്റെ മൂത്രമൊഴിച്ച ഇടം മൂന്ന് പ്രാവശ്യം വലം വയ്ക്കല്‍ തുടങ്ങിയവ ! ഹിപ്പോക്രാറ്റസ് ഉപദേശിച്ച ഗര്‍ഭ പരിശോധന ഇങ്ങനെ-ഒരുകെട്ട് ഗോതമ്പിലോ ബാര്‍ലിയിലെ മൂത്രമൊഴിക്കുക, മുളച്ചാല്‍ ടെസ്റ്റ് പോസിറ്റീവ് ആണ്!

റാസ്‌ബെറിയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം ഗര്‍ഭം അലസിപ്പിക്കാനായി ഉപയോഗിച്ചിരുന്നു. റുബാര്‍ബ്, ഡാന്‍ഡിലിയോന്‍, ഹെമ്പ്‌സീഡ് എന്നിവ ചേര്‍ത്തുണ്ടാക്കിയ കേക്ക് പ്രസവം വേഗത്തിലാക്കാന്‍ സഹായിച്ചിരുന്നുവത്രേ. ഇതിന്റെ അമിത ഉപയോഗം വിഭ്രാന്തി ഉണ്ടാക്കുമെന്ന് രേഖകളിലുണ്ട്. ഗര്‍ഭിണി കഴിക്കുന്ന ഭക്ഷണം കുട്ടിയുടെ നിറവും സൗന്ദര്യവും മുതല്‍ ലിംഗം വരെ നിര്‍ണയിക്കുന്നതായി വിശ്വസിക്കപ്പെട്ടിരുന്നത് കൊണ്ട് ഈ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിപ്പോന്നു. ചുടുള്ള ജലാംശം കുറവുള്ള ഭക്ഷണം പെണ്‍കുട്ടി ജനിക്കുന്നതിനുള്ള സാധ്യത കുറക്കുമെന്നും തണുത്ത വെള്ളം കുടിക്കുന്നത് പെണ്‍കുട്ടികള്‍ ജനിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുമത്രേ! മീന്‍ തലകഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന്റെ മുഖം അത് പോലെ കൂര്‍ത്തതാവും എന്ന് കരുതപ്പെട്ടു. ചില ഡോക്ടര്‍മാര്‍ എഴുതിയ ഇത്തരം വിചിത്ര നിര്‍ദേശങ്ങള്‍ അടങ്ങിയ കൈപ്പുസ്തകങ്ങളുടെ കോപ്പികള്‍ ഇന്നും പല ശേഖരങ്ങളില്‍ ലഭ്യമാണ്. റെഡ് വൈന്‍ കുടിക്കുന്നതാണ് വെള്ളം കുടിക്കുന്നതിനേക്കാള്‍ നല്ലതായി വിശ്വസിക്കപ്പെട്ടത്. ഗര്‍ഭിണിക്ക് എന്തുതരം ഭക്ഷണം കഴിക്കാന്‍ കൊതി തോന്നുന്നുണ്ടെങ്കിലും അത് സാധിച്ചു കൊടുക്കണം എന്ന് അക്കാലത്ത് ഒരു വിശ്വാസം നിലനിന്നിരുന്നു. അങ്ങനെ ചെയ്തില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ അംഗവൈകല്യത്തോടെയോ ദേഹത്ത് ചിലതരം മറുകുകളോടെയോ ജനിക്കുമത്രേ. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒരു കാരണവശാലും കഴിക്കരുതാത്തത് ഒന്നുമാത്രം-മുയലിന്റെ തല! ഇത് കഴിച്ചിട്ടുണ്ടെങ്കില്‍ ഗര്‍ഭസ്ഥശിശുവിന് മുച്ചിറി (Cleft Lip) ഉണ്ടാകുമെന്ന വിശ്വാസം പ്രബലമായിരുന്നു.

അക്കാലത്ത് പ്രസവ സംബന്ധമായകാരണങ്ങള്‍ കൊണ്ട് അമ്മമാരും മറ്റു പലവിധ കാരണങ്ങളാല്‍ നവജാത ശിശുക്കളും മരണപ്പെടുന്നത് സാധാരണമായിരുന്നു. ഇതുമൂലം പല സ്ത്രീകളും ഗര്‍ഭിണികള്‍ ആണെന്ന് അറിയുമ്പോള്‍ തന്നെ തങ്ങളുടെ വില്‍പത്രം എഴുതിവെക്കുമായിരുന്നു. അതുപോലെ തന്നെ തങ്ങളുടെ വിവാഹവസ്ത്രം കേടുപാടുകള്‍ നീക്കി ശവശരീരത്തില്‍ ധരിപ്പിക്കാന്‍ ആയി തയ്യാറാക്കി വെക്കുമായിരുന്നു! ഗര്‍ഭിണിയായിരിക്കുമ്പോള്‍ ശാരീരിക ബന്ധം പൂര്‍ണമായും ഒഴിവാക്കണം എന്നായിരുന്നു നാട്ടുനടപ്പ്: ഇങ്ങനെ ചെയ്യുന്നത് അധാര്‍മികത ഉള്ള കുട്ടികള്‍ക്ക് ജന്മം നല്‍കുമത്രേ! അതുപോലെ പോലെ ഇരട്ടക്കുട്ടികള്‍ ജനിക്കാനു ള്ള സാധ്യതയും അധികമാവുമെന്ന് വിശ്വസിക്കപ്പെട്ടിരുന്നു.

സമൂഹത്തിലെ ഉന്നത നിലവാരത്തിലുള്ളവര്‍ക്ക് സ്വന്തമായ പ്രസവമുറികള്‍ ഉണ്ടായിരുന്നു. മുന്‍കാല പരിചയവും പ്രാഗല്‍ഭ്യവും ഉള്ള സ്ത്രീകളാണ് പ്രസവ സംബന്ധമായ കാര്യങ്ങളില്‍ നേതൃത്വം കൊടുത്തിരുന്നത്. അവര്‍ ഗര്‍ഭിണിക്ക് എപ്പോഴാണ് കിടക്കേണ്ടത്, മുക്കേണ്ടത് എന്നതിനെപ്പറ്റിയും മറ്റുമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ വേദനസംഹാരികള്‍ ആയ ചില പാനീയങ്ങളും നല്‍കി വന്നു. പ്രസവത്തിന് തടസ്സം നേരിടുകയാണെങ്കില്‍ ചില സ്ത്രീകള്‍ കയ്യില്‍ എണ്ണയോ വെണ്ണയോ പുരട്ടിയശേഷം ഗര്‍ഭപാത്രത്തിന് അകത്തേക്ക് കയ്യിട്ടു കുട്ടിയുടെ പൊസിഷന്‍ ശരിയാക്കുക പോലും ചെയ്തിരുന്നുവത്രേ. ഇത് ഗര്‍ഭപാത്രത്തിലെ പഴുപ്പിന് ഇടയാക്കുമെന്ന് പറയേണ്ടതില്ലല്ലോ. പ്രസവം കഴിഞ്ഞാല്‍ കരയാത്ത കുഞ്ഞിന്റെ മൂക്കും വായും വൃത്തിയാക്കുകയും തണുത്തവെള്ളം ഒഴിക്കുകയും തല കീഴായി പിടിച്ച് കുടയുകയും മറ്റും ചെയ്ത് അതിനെ കരയിക്കുകയും ഇവരുടെ ചുമതലകളില്‍ പെട്ടതായിരുന്നു. ആരോഗ്യവാനായ ആണ്‍കുട്ടിയെ പ്രസവിച്ചാല്‍ ഈ ആയമാര്‍ക്ക് വലിയ തുക സമ്മാനമായി ലഭിച്ചിരുന്നു. പാവപ്പെട്ടവര്‍ തങ്ങളുടെ കയ്യിലുള്ള എന്തെങ്കിലും വസ്തുക്കളോ ഭക്ഷണമോ കൂലിയായി നല്‍കി പോന്നു. എന്നാല്‍, കുട്ടിക്ക് എന്തെങ്കിലും ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ കുട്ടി മരിക്കുകയോ ചെയ്താല്‍ ആഭിചാരം ആരോപിച്ച് പലപ്പോഴും അവരെ ഉപദ്രവിക്കുകയോ കൊല്ലുക പോലുമോ ചെയ്തിരുന്നു. ഇത്തരത്തില്‍ ഇതില്‍ ചെകുത്താന്‍ സേവ ആരോപിച്ചുകൊണ്ട് കൊണ്ട് ഏകദേശം 60000 സ്ത്രീകളെ 16-17 നൂറ്റാണ്ടുകളില്‍ ജീവനോടെ ചുട്ടു കൊന്നിട്ടുണ്ട്.

വേദന തുടങ്ങിയ ശേഷവും പ്രസവം നടന്നില്ലെങ്കില്‍ ഒരു പ്രത്യേകതരം എണ്ണ ദേഹത്ത് പുരട്ടി കുളിക്കുന്നത് അക്കാലത്തെ ഒരു ചികിത്സാരീതി ആയിരുന്നു. ഏതെങ്കിലും തരത്തില്‍ ഗര്‍ഭിണിയെ കൊണ്ട് തുടര്‍ച്ചയായി ആയി തുമ്മിക്കുന്നത് (nseezing) അംഗീകരിക്കപ്പെട്ട ഒരു കാര്യമായിരുന്നു. പാമ്പിന്റെ തോല്‍ അരക്കെട്ടില്‍ ചുറ്റുന്നതും മറ്റേതെങ്കിലും സ്ത്രീകളുടെ മുലപ്പാല്‍ കുടിക്കുന്നതും പ്രസവം വേഗത്തിലാക്കുമെന്ന വിശ്വാസം നിലനിന്നിരുന്നു. ഗര്‍ഭിണികളുടെയും പ്രസവസംബന്ധമായ പ്രശ്‌നങ്ങളുടെയും പുണ്യാളത്തി ആയ സെന്റ് മാര്‍ഗരറ്റിനോടുള്ള പ്രത്യേക പ്രാര്‍ഥനകള്‍ എഴുതിയ മന്ത്രത്തകിടുകള്‍, വശീകരണയന്ത്രങ്ങള്‍ (charms), പ്രാര്‍ഥന പുസ്തകങ്ങള്‍ എന്നിവ ഗര്‍ഭിണികളുടെ സന്തത സഹചാരികള്‍ ആയിരുന്നു. പ്രസവശേഷം അശുദ്ധി'യില്‍ ആയത് കൊണ്ട് 40 ദിവസം പ്രസവമുറിയില്‍ തന്നെ കഴിച്ചു കൂട്ടണം എന്ന് നിര്‍ബന്ധമായിരുന്നു. എന്നാല്‍, പാവപ്പെട്ടവര്‍ക്ക് ഇത് ബാധകമല്ല: അവരുടെ നിത്യവൃത്തിക്കായി ആവശ്യമായ ജോലികളില്‍ അവര്‍ കഴിയുന്നത്ര നേരത്തേ ഇടപെട്ട് പോന്നു. ജപ്പാനില്‍ പഴയകാലത്ത് വീടിനുപുറത്ത് ചെറിയൊരു കുടില്‍ പ്രസവത്തിനായി കെട്ടിയിട്ടുണ്ടാകും. പ്രസവം കഴിഞ്ഞ ശേഷം അത് തീയിട്ട് നശിപ്പിക്കുകയാണ് പതിവ്. വടക്കന്‍ അമേരിക്കയിലെ ഇനു(Inuits) എന്ന ഗോത്രവര്‍ഗക്കാര്‍ മഞ്ഞു കൊണ്ടുണ്ടാക്കിയ ഇഗ്ലൂവിനുള്ളിലാണ് പ്രസവിക്കുക.

അടുത്ത വീടുകളിലെ വാതിലില്‍ മുട്ടി അവിടങ്ങളിലുള്ള സ്ത്രീകളുടെ സഹായം അഭ്യര്‍ഥിക്കുന്നത് പിതാവാകാന്‍ പോകുന്ന പുരുഷന്‍ന്റെ ചുമതലയാണ്. പ്രസവരക്ഷക്കായി വരുന്നവര്‍ തൊട്ടിലിന്റെ ഒരു ചിത്രം ഗര്‍ഭിണി താമസിക്കുന്ന വീടിന്റെ വെളിയില്‍ ഒട്ടിച്ചു വെക്കും. ഇങ്ങനെയാണ് ചുറ്റുപാടുമുള്ളവരുടെ ശ്രദ്ധയും സഹായവും അഭ്യര്‍ഥിക്കുന്നത്. പ്രസവവേദന തുടങ്ങിയാല്‍ കൂട്ടുകാരികളും അയല്‍പ്പക്കത്തെ സ്ത്രീകളും ചുറ്റുപാടും ഉണ്ടാവും. കൊച്ചുവാര്‍ത്തമാനങ്ങളുമായി സഹായികളായി എത്തുന്ന ഇവര്‍ക്ക് ഭക്ഷണ പാനീയങ്ങള്‍ നല്‍കേണ്ടത് വീട്ടുകാരുടെ ചുമതലയാണ്. ഇവരെ 'sisters in God' എന്നാണ് വിളിക്കുക. ഇത് ലോപിച്ചു God-Sibs ഉം പിന്നെ gossips ആയി മാറുകയാണുണ്ടായതത്രേ!

ഇത് മറ്റു ചില നാടുകളിലെ രീതിയാണ്: അല്‍പം മദ്യം കലര്‍ന്ന 'Eggnog' ഉണ്ടാക്കി ഗര്‍ഭിണിയും സഹായികളും കുടിക്കുന്നത് ചില നാടുകള്‍ പതിവുണ്ടായിരുന്നു. അക്കാലത്ത് രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് പ്രസവവേദന ആരംഭിച്ചാല്‍ അവര്‍ക്കുവേണ്ടി വേണ്ടി പള്ളികളില്‍ പ്രത്യേക പ്രാര്‍Lന നടത്തിയിരുന്നു. പ്രസവ മുറികളില്‍ നടന്നു വന്ന കാര്യങ്ങളെപ്പറ്റി വാമൊഴിയായി കൈമാറിയ വിവരങ്ങള്‍ അല്ലാതെ വേറെ രേഖകളൊന്നുമില്ല. 1513ല്‍ Eucharius Rosselin എഴുതിയ ഗര്‍ഭരക്ഷയെയും പ്രസവത്തെയും സംബന്ധിച്ച പുസ്തകം ആദ്യം രചിക്കപ്പെട്ടത് യൂറോപ്പില്‍ ഉപയോഗത്തിലിരുന്ന നാട്ടുഭാഷകളിലാണ്. ഇത് നിമിത്തം ഈ പുസ്തകത്തിന് വളരെ പ്രചാരം ലഭിച്ചു. എന്നാല്‍, 1540 ല്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് Birth of mankind or Women's book' എന്ന പേരില്‍ ചിത്രങ്ങളോടു കൂടിയ വലിയ ഒരു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടു. ഇതില്‍ അക്കാലത്തെ പ്രസവസംബന്ധമായ വിവരങ്ങളും ഉപയോഗിച്ചിരുന്ന ഉപകരണങ്ങളുടെ ചിത്രങ്ങളും മറ്റും കാണാം.


കൂടുതല്‍ സ്ത്രീകളും പ്രസവസംബന്ധമായ രക്തം പോക്ക് മൂലം ആണ് മരണപ്പെട്ടിരുന്നത്. ഗോതമ്പില്‍ കാണുന്ന ഒരുതരം ഫംഗസ് ആയ എര്‍ഗോട്ട് (Ergot) ഒരു വിഷവസ്തു എന്ന നിലയില്‍ കുപ്രസിദ്ധിയാര്‍ജിച്ചതാണ്. എന്നാല്‍, മധ്യ കാലത്ത് ഇത് പ്രസവസമയത്ത് ഉണ്ടാകുന്ന അധികമായ രക്തംപോക്ക് കുറക്കാനായി ഉപയോഗിച്ചിരുന്നു. പ്രസവിച്ച ഉടനെ തന്നെ അമ്മയെ മുല കൊടുക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. ഇത്തരത്തിലുണ്ടാകുന്ന അമ്മയും കുഞ്ഞും തമ്മിലുണ്ടാകുന്ന മാനസിക ബന്ധം മൂലം അമ്മയില്‍ കൂടുതല്‍ ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉണ്ടാകുകയും തന്മൂലം ഗര്‍ഭപാത്രം ചുരുങ്ങാനും രക്തസ്രാവം തടയാനും സഹായകരമാവുകയും ചെയ്യും. മറുപിള്ള എന്നറിയപ്പെടുന്ന പ്ലാസന്റ, ഓക്‌സിറ്റോസിന്‍ കൊണ്ട് സമൃദ്ധമാണ്. ചില നാടുകളില്‍ ഇത് ഗര്‍ഭിണിക്ക് ഭക്ഷണമായി കൊടുത്തിരുന്നു.

പ്രസവ തടസ്സമായിരുന്നു അക്കാലത്തെ പ്രധാന ഒരു മരണകാരണം, ശിശു വലിപ്പമുള്ളതാകുകയോ ഗര്‍ഭിണിയുടെ പെല്‍വിസ് ചെറുതാകുകയോ ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. വിറ്റാമിന്‍ ഡിയുടെ കുറവ് കൊണ്ടുണ്ടാകുന്ന റിക്കറ്റ്‌സ് സാധാരണയായിരുന്ന അക്കാലത്ത് പെല്‍വിസിന്റെ വൈകല്യം മൂലമുള്ള പ്രസവതടസ്സം അസാധാരണമായിരുന്നില്ല. 1595ല്‍ Scipio Mercurio രചിച്ച 'ദി മിഡ്‌വൈഫ്' എന്ന കൃതിയിലാണ് സിസ്സേറിയനെ പറ്റിയുള്ള ഏറ്റവും പഴയ എഴുത്ത്. പെല്‍വിസ് ചെറുതാകുന്നത് മൂലം പ്രസവ തടസ്സം ഉണ്ടാകുന്ന സ്ത്രീകളില്‍ സിസ്സേറിയന്‍ ആകാമെന്ന് ഇദ്ദേഹം പറയുന്നു. ജര്‍മനിയിലെ കെസര്‍ രാജാവിന്റെ ജനനസമയത്ത് ഉണ്ടായ തടസ്സം മൂലം ഇടത് കൈ തളര്‍ന്നും നീളം കുറഞ്ഞതും ആയിത്തീര്‍ന്നു. ഇത് മാനസിക പ്രശ്‌നങ്ങള്‍ക്കും വ്യക്തിവൈകല്യത്തിനും കാരണമാവുകയും അവസാനം ഏറ്റവും നാശകാരിയായ ഒന്നാം ലോകമഹായുദ്ധത്തിന് കാരണമായിത്തീരുകയും ചെയ്തു.

ആധുനിക കാലത്തു പോലും വളരെ സാധാരണയായി ഉപയോഗിച്ച് വരുന്ന ഫോര്‍സപ്‌സ് പ്രസവത്തില്‍ ഉപയോഗിച്ചു തുടങ്ങിയത് 17-ാം നൂറ്റാണ്ടില്‍ ചെമ്പര്‍ലെയിന്‍ കുടുംബമാണ്. തലമുറകളായി ധാരാളം പുരുഷ മിഡ്‌വൈഫുമാര്‍ ഉണ്ടായിരുന്ന ഇംഗ്ലണ്ടിലെ ഒരു കുടുംബമാണിത്. ധാരാളം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവന്‍ രക്ഷിക്കാന്‍ ഉതകിയെങ്കിലും 150 കൊല്ലത്തോളം ഇവര്‍ ഇത് ഒരു രഹസ്യമായി സൂക്ഷിച്ചു; സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ക്ക് മാത്രമേ ഈ സേവനം ലഭ്യമായിരുന്നുള്ളു. യൂറോപ്പിലെയും റഷ്യയിലെയും രാജകുടുംബങ്ങള്‍ ഇവരുടെ സേവനം ആവശ്യപ്പെട്ടിരുന്നു.


അണുനശീകരം വേണ്ട വിധത്തില്‍ നടക്കാത്തത് നിമിത്തം അന്ന് 'child bed fever' എന്നും ഇന്ന് puerperal Pyrexia എന്നും അറിയപ്പെടുന്ന പനിയോടു കൂടിയ ഗര്‍ഭപാത്രത്തിലെ പഴുപ്പ് മൂലം അമ്മമാര്‍ രോഗികളാവുകയായിരുന്നു പതിവ്. 1840ല്‍ ഇംഗ്ലണ്ടിലെ ഹെന്‍ട്രി എട്ടാമന്‍ രാജാവിന്റെ അമ്മയും രണ്ടു ഭാര്യമാരും ഇത്തരത്തില്‍ പ്രസവസംബന്ധമായ അണുബാധമൂലം മരണപ്പെട്ടവരാണ്. കൈ കഴുകാതെ പ്രസവം എടുക്കുന്നത് മൂലമാണ് അണുബാധ ഉണ്ടാകുന്നതെന്ന് കണ്ടെത്തിയത് ഡോ. സിമ്മെല്‍വീസ് ആണ്. അക്കാലത്ത് പ്രസവമുറിക്ക് സമീപം തന്നെയുള്ള ഓട്ടോപ്‌സി റൂമില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വിദ്യാര്‍ഥികള്‍ കൈ കഴുകാതെ പ്രസവമുറിയില്‍ ഡ്യൂട്ടി ചെയ്തിരുന്നു. ഇത് ഗര്‍ഭിണികളില്‍ കാണുന്ന പഴുപ്പ് വളരെയധികം വര്‍ധിപ്പിച്ചു. എന്നാല്‍, അടുത്ത് തന്നെയുള്ള മിഡ്‌വൈഫ്മാര്‍ മാത്രം ജോലിചെയ്യുന്ന മറ്റൊരു പ്രസവ മുറിയിലെ അണുബാധയുടെ കണക്ക് അത്ര മോശമായിരുന്നില്ല. ഇത് മനസ്സിലാക്കിയ ഡോക്ടര്‍ ഈ വിവരം വിശദീകരിക്കുകയും ഡോക്ടര്‍മാര്‍ എല്ലാവരും കൈ കഴുകിയ ശേഷം മാത്രമേ പ്രസവമുറിയിലേക്ക് കടക്കാവൂ എന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തു. ഇത് ഡോക്ടര്‍മാരുടെ ഇടയില്‍ നിന്ന് തന്നെ വളരെയധികം എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തി. പക്ഷെ, ഇത് ഫലപ്രദമാണെന്ന് താമസിയാതെ കണ്ടെത്തി.

വളരെ പഴയ കാലത്ത് തന്നെ വയറുകീറി കുഞ്ഞിനെ എടുക്കുന്ന രീതി അപൂര്‍വമായെങ്കിലും നിലവിലുണ്ടായിരുന്നു. അപകടം മൂലമോ രോഗം മൂലമോ അമ്മ മരിക്കുമെന്ന് 100% ഉറപ്പായ രോഗികളില്‍ വയര്‍ പിളര്‍ന്നു കുഞ്ഞിനെ രക്ഷിച്ചിരുന്നു. ബി.സി 298ല്‍ ഇന്ത്യയിലെ രാജാവായിരുന്ന ബിന്ദുസാരന്‍ ഇത്തരത്തില്‍ ജനിച്ച ഒരാളാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അമ്മ അബദ്ധത്തില്‍ വിഷം കഴിക്കുകയും മരണം ഉറപ്പായ സ്ഥിതിയില്‍ വയറ് കീറി കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നുവത്രേ!. ജൂലിയസ് സീസറിന്റെ ജനനം സിസേറിയന്‍ ശസ്ത്രക്രിയ മൂലമാണ് നടന്നത് എന്ന കാര്യം അവിശ്വസനീയമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒരു പക്ഷേ അക്കാലത്തുണ്ടായിരുന്ന സീസര്‍മാരില്‍ ഒരാള്‍ ഇത്തരത്തില്‍ വയറു കീറി പുറത്തെടുക്കപ്പെട്ട ആള്‍ ആകാം. അനസ്തീഷ്യയും മറ്റും കണ്ടുപിടിക്കപ്പെട്ടില്ലാത്ത അക്കാലത്ത് വയര്‍ കീറി കുഞ്ഞിനെ എടുത്തു കഴിഞ്ഞാല്‍ അമ്മയെ രക്ഷിക്കുക അസാധ്യമാണ്. ജൂലിയസ് സീസറിന്റെ അമ്മ ജീവിച്ചിരുന്നതായാണ് രേഖകളില്‍ പറയുന്നത്.

ക്രിസ്തീയ വിശ്വാസം അനുസരിച്ച് മാമോദിസ മുക്കപ്പെടാത്ത ഒരാളും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. ഇതുമൂലം പ്രസവമുറിയില്‍ വച്ച് മൃതപ്രായമായ കുഞ്ഞിന് മാമോദിസ വെള്ളം തളിക്കല്‍ ചടങ്ങു പൂര്‍ത്തീകരിക്കാന്‍ ചില പ്രത്യേക വയറ്റാട്ടിമാര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. അവര്‍ പ്രത്യേകതരം പാത്രങ്ങളില്‍ ഇതില്‍ മാമോദിസ വെള്ളം കൊണ്ട് നടക്കുക സാധാരണമായിരുന്നു.

വേദനസംഹാരികള്‍

ഓപ്പിയം, മദ്യം തുടങ്ങിയവയാണ് സാധാരണ വേദനസംഹാരികള്‍ ആയി ഉപയോഗിക്കപ്പെട്ടിരുന്നത്. ക്രിസ്തീയ വിശ്വാസം അനുസരിച്ച് ഹവ്വയുടെ ആദി പാപത്തിന് ഫലമായി ദൈവത്തിന്റെ ശാപം മൂലം നല്‍കപ്പെട്ടതാണ് പ്രസവവേദന എന്നും, ആ വേദന നിരാകരിക്കുന്നത് ദൈവ നിന്ദയാണെന്നും അത് വിശ്വാസത്തോടെ സഹിക്കുന്നത് വിശ്വാസികളുടെ ചുമതല ആണെന്നും ആയിരുന്നു പരക്കെ പ്രചരിപ്പിക്കപ്പെടുന്നത്. ഇരട്ടക്കുട്ടികളുടെ പ്രസവസമയത്ത് വേദനസംഹാരി ആവശ്യപ്പെട്ടുവെന്ന് കുറ്റത്തിന് 1590ല്‍ സ്‌കോട്ട്‌ലന്‍ഡിലെ ഒരു സ്ത്രീയെ പച്ചക്ക് കത്തിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ വിക്ടോറിയ രാജ്ഞിക്ക് ഒമ്പത് കുട്ടികള്‍ ഉണ്ടായിരുന്നു. 1848ല്‍ ആറാമത്തെ പ്രസവസമയത്ത് അവര്‍ വേദന കുറയ്ക്കാനായി ക്ലോറോഫോം ഉപയോഗിച്ചു. പിന്നീടുള്ള എല്ലാ കുട്ടികളുടെ പ്രസവസമയത്തും ഇത് നല്‍കപ്പെട്ടു. ഇതോടെ സാധാരണ സ്ത്രീകളും ഇത് ഉപയോഗിക്കാന്‍ തുടങ്ങി. എന്നാല്‍, ക്ലോറോഫോം അത്ര സുരക്ഷിതമായ ഒരു മരുന്നല്ല. പില്‍കാലത്ത് മോര്‍ഫിനും സ്‌കോപാലമിനും ചേര്‍ന്ന മിശ്രിതം 'Twilight sleep' എന്ന പേരില്‍ എലിസബത്ത് രാജ്ഞിയുടെ മൂന്നാമത്തെ കുട്ടിയായ ആന്‍ഡ്രുവിന്റെ ജനനസമയത്ത് നല്‍കപ്പെട്ടു. ഇത് നല്ലൊരു ഒരു വേദനസംഹാരി ആണെന്നത് കൂടാതെ പ്രസവം ഉള്‍പ്പെടെ നടന്ന സംഭവങ്ങളെ പറ്റി രോഗിക്ക് ഒരു സ്മരണയും ഉണ്ടാവില്ല. വേദനയെക്കാള്‍ ഡോക്ടര്‍മാര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നത് രോഗിയുടെ നിസ്സഹകരണം ആണ്. പലപ്പോഴും രോഗിയുടെ കൈകാലുകള്‍ കെട്ടി വെക്കേണ്ടി വന്നിരുന്നു. ഈ കോക്ക്റ്റയിലും ക്രമേണ ഉപയോഗിക്കപ്പെടാതെ ആയി. പിന്നീടാണ് ആധുനിക വനിതകളുടെ പ്രിയപ്പെട്ട എപ്പിഡ്യൂറല്‍ അനസ്തീഷ്യ നിലവില്‍ വന്നത്.

സ്ത്രീ ചികിത്സകര്‍

മിക്കവാറും മധ്യകാലത്തെ അറിയപ്പെട്ട സര്‍വകലാശാലകള്‍ എല്ലാം തന്നെ വിദ്യാര്‍ഥികളായി സ്ത്രീകളെ ഒഴിവാക്കുകയായിരുന്നു പതിവ്. സ്ത്രീകള്‍ ഇതിനെതിരായി അവര്‍ക്ക് സാധ്യമായ രീതിയില്‍ എല്ലാം പൊരുതിയെങ്കിലും ചികിത്സയുടെ ലോകം പുരുഷാധിപത്യത്തിന്റേതായി മാറി. 1322 ജാക്വലിന്‍ ഫെലീസി (Jacqueline Felicie) എന്ന വനിതക്ക് എതിരേ ഉണ്ടായ കേസ് ഇതിന് ഉദാഹരണമാണ്. സമൂഹത്തിലെ അറിയപ്പെട്ട ഒരു ചികിത്സകയായ അവര്‍ നിയമാനുസ്രതമല്ലാതെയാണ് രോഗചികിത്സ നടത്തുന്നത് എന്നായിരുന്നു പുരുഷ ഡോക്ടര്‍മാരുടെ പരാതി. അക്കാലത്ത് ക്രിസ്ത്യന്‍ പുരോഹിത വര്‍ഗവും പള്ളിയും ഇത്തരത്തില്‍ ചികിത്സ നടത്തുന്ന സ്ത്രീകള്‍ മന്ത്രവാദിനികള്‍ ആണെന്ന് ആരോപിക്കുകയും ഇക്കൂട്ടത്തില്‍ പെട്ട ധാരാളം പേരെ ജീവനോടെ കത്തിച്ച് കൊല്ലുകയും ചെയ്തു.

വിര്‍ദിമുര (Virdimura )

പതിനാലാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ സിസിലിയില്‍ ജീവിച്ചിരുന്ന വിര്‍ദിമുരയാണ് ചികിത്സിക്കാനായി ലൈസന്‍സ് ലഭിച്ച ആദ്യത്തെ വനിതാ ഡോക്ടര്‍. ഭര്‍ത്താവായ ഡോ പാസ്‌ക്ലെ ഡി മേഡിക്കോയുടെ സഹായം ഒരു പക്ഷെ അവര്‍ക്കു ലഭിച്ചിരിക്കാം. അക്കാലത്തെ രാജാവിന്റെ കോര്‍ട്ടിലെ ഡോക്ടര്‍മാര്‍ നല്‍കിയ പരീക്ഷകള്‍ പാസ്സാകുകയും, പല രോഗികളും അവര്‍ക്കു വേണ്ടി നിവേദനം നടത്തുകയും ചെയ്തു. പാവപ്പെട്ടവരോടും അംഗവൈകല്യം ഉള്ളവരോടും ചെറിയ തുകകള്‍ മാത്രമേ വാങ്ങിയിരുന്നുള്ളുവത്രെ. ജൂത മതവിശ്വാസിയായിരുന്നു അവര്‍ മറ്റ് മതസ്ഥരെയും ഉള്‍പ്പടെ സ്ത്രീ പുരുഷഭേദമന്യേ എല്ലാവരെയും ഒരുപോലെ കാണുകയും ചികിത്സിക്കുകയും ചെയ്തു.

സ്ത്രീകളുടെ ഇടം വീടിന്റെ അകത്തളങ്ങളില്‍ മാത്രമായി ചുരുക്കപ്പെട്ട അക്കാലങ്ങളില്‍ പെണ്‍കുട്ടികള്‍ സാധാരണയായി പതിമൂന്ന്-പതിനാറ് വയസ്സില്‍ വിവാഹിതയാകും, വീട്ടു ജോലികളും പ്രസവവും കുട്ടികളെ വളര്‍ത്തലും മാത്രമായിരുന്നു അവരുടെ പ്രധാന ചുമതലകള്‍. ചെറിയ പ്രായത്തിലുള്ള പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആയിരുന്നു സ്ത്രീകളുടെ മരണത്തിന് പ്രധാന കാരണങ്ങള്‍.

ഇന്ന് പ്രാകൃതമെന്നു കരുതാവുന്ന വിധത്തിലുള്ള ഒരു ആചാരം മധ്യകാലത്തു നിലവിലിരുന്നു. അടുത്ത ബന്ധുക്കളില്‍ ആരെങ്കിലും മരണപ്പെട്ടാല്‍ ഉറക്കെ നിലവിളിക്കുകയും കരയുകയും മാത്രമല്ല വിലപിക്കുന്ന ആള്‍ സ്വയം തങ്ങളുടെ കവിളുകള്‍ മാന്തിപ്പൊളിച്ചു ചോരയൊലിപ്പിക്കലും സാധാരണമായിരുന്നു. ഇതുമൂലം ഉണ്ടായ വടുക്കള്‍ക്ക് ചികിത്സതേടി ഇവര്‍ ഡോക്ടര്‍മാരെ സമീപിക്കുക സാധാരണയായിരുന്നു. ഇതില്‍ വിദഗ്ധരായവക്ക് രാജകുടുംബങ്ങളില്‍ നിന്ന് പോലും ആവശ്യക്കാര്‍ ഉണ്ടായിരുന്നു. പില്‍ക്കാലത്തു പതിമൂന്നാം നൂറ്റാണ്ടില്‍ ഇത് നിയമം മൂലം നിരോധിച്ചു.

ക്രിസ്തുവിന് മുന്‍പ് തന്നെ സ്ത്രീകളുടെ ചേലാകര്‍മം നിലവിലിരുന്നതായി പറയുന്നു രേഖകള്‍ ഉണ്ട്. എങ്കിലും ഈജിപ്ഷ്യന്‍ മമ്മികളില്‍ ഇത് നടന്നതായി കണ്ടെത്തിയിട്ടില്ല. ആഫ്രിക്കയിലും മധ്യേഷ്യയിലും ഗോത്രാചാരത്തിന്റെ ഭാഗമായി ഇത് നടന്നുവന്നു. എന്നാല്‍, അമേരിക്കയിലും യൂറോപ്പിലും ചില മാനസിക രോഗങ്ങള്‍ക്കും അക്കാലത്ത് ലൈംഗിക വൈകൃതങ്ങളെന്ന് കരുതപ്പെട്ട ചില പെരുമാറ്റങ്ങള്‍ക്ക് ചികിത്സയായും ഈ ശസ്തക്രിയ ചെയ്തുവന്നു.

മധ്യകാലത്തെ ഏറ്റവും പ്രസിദ്ധനായ സ്ത്രീരോഗവിദഗ്ധനായിരുന്ന സൊറാനസ് ഓഫ് എഫേസസ് (AD98-138), ഈ ശാഖയുടെ പിതാവ് എന്ന് അറിയപ്പെടുന്നു. 'On diseases of women' എന്ന അദ്ദേഹത്തിന്റെ കൃതി 1500 വര്‍ഷങ്ങളോളം ഉപയോഗത്തിലിരുന്നു. പഞ്ഞി, ചില ഓയിന്റ്‌മെന്റുകള്‍, കൊഴുപ്പടങ്ങിയ വസ്തുക്കള്‍ എന്നിവ ഗര്‍ഭനിരോധനത്തിനായി ഉപയോഗിക്കാമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. അബോര്‍ഷന്‍ അദ്ദേഹം നിരുത്സാഹപ്പെടുത്തിയിരുന്നു.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.




TAGS :