Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 7 Dec 2023 6:51 PM GMT

IFFK: ആറ് രാജ്യങ്ങളിലെ ഓസ്‌കാര്‍ എന്‍ട്രികള്‍ ഉള്‍പ്പടെ 66 ചിത്രങ്ങള്‍

ലോകത്തിന്റെ വൈവിധ്യക്കാഴ്ചകളുമായി ശനിയാഴ്ച രാജ്യാന്തരമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 66 ചിത്രങ്ങള്‍. ആറ് രാജ്യങ്ങളില്‍ നിന്നുള്ള ഓസ്‌കാര്‍ എന്‍ട്രികളും ഒന്‍പതു മലയാളസിനിമകളും ഉള്‍പ്പടെയാണ് ചിത്രങ്ങളുടെ പ്രദര്‍ശനം.

IFFK: ആറ് രാജ്യങ്ങളിലെ ഓസ്‌കാര്‍ എന്‍ട്രികള്‍ ഉള്‍പ്പടെ 66 ചിത്രങ്ങള്‍
X

ഓസ്‌കാര്‍ എന്‍ട്രി നേടിയ പോളിഷ് ചിത്രം ദി പെസന്റ്‌സ്, ബെല്‍ജിയം സംവിധായകന്‍ ബലോജിയുടെ ഒമെന്‍, അകി കരിസ്മാകി സംവിധാനം ചെയ്ത ഫോളെന്‍ ലീവ്‌സ്, ഇല്‍ഗര്‍ കറ്റകിന്റെ ദി ടീച്ചേര്‍സ് ലോഞ്ച്, വിഖ്യാത തുര്‍ക്കിഷ് സംവിധായകന്‍ നൂറി ബില്‍ജെ സെയിലാന്റെ എബൗട്ട് ഡ്രൈ ഗ്രാസ്സസ്, മരിയ കവ്തരാദ്‌സേയുടെ സ്ലോ എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ശനിയാഴ്ചയുണ്ടാകും. വൃദ്ധനെ വിവാഹം ചെയ്യേണ്ടിവന്ന യുവതിയുടെ ജീവിതം പ്രമേയമാക്കിയ അനിമേഷന്‍ ചിത്രമാണ് ദി പെസന്റ്‌സ്. ശ്രീ പത്മനാഭയില്‍ രാത്രി 8.15 നാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.

കാന്‍ ചലച്ചിത്രമേളയില്‍ പാം ദിഓര്‍ പുരസ്‌കാരത്തിന് അര്‍ഹമായ ജസ്റ്റിന്‍ ട്രീറ്റ് ചിത്രം ദി അനാട്ടമി ഓഫ് എ ഫാള്‍ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍നിന്നുമുള്ള 28 ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ശ്രീലങ്കന്‍ ചലച്ചിത്ര നിര്‍മ്മാതാവ് പ്രസന്ന വിതനഗെയുടെ ചിത്രം പാരഡൈസ് ഈ വിഭാഗത്തിലെ ഏക ഇന്ത്യന്‍ ചിത്രമാണ്. ലൂണ കാര്‍മൂണ്‍ സംവിധാനം ചെയ്ത ഹോര്‍ഡ്, ജീ വൂണ്‍ കിം സംവിധായകനായ കൊറിയന്‍ ചിത്രം കോബ് വെബ്, നവിദ് മഹമൂദി ഒരുക്കിയ അഫ്?ഗാന്‍ ചിത്രം ദി ലാസ്റ്റ് ബര്‍ത്ത്‌ഡേ, ഉക്രൈന്‍ ചിത്രം സ്റ്റെപ്‌നേ, ബ്രൂണോ കാര്‍ബോണിയുടെ ദി ആക്‌സിഡന്റ്, കൊറിയന്‍ ചിത്രം സ്ലീപ്പ് തുടങ്ങിയവയും ലോക സിനിമ വിഭാഗത്തില്‍ സ്‌ക്രീനിലെത്തും.

അതിജീവനം, പ്രണയം തുടങ്ങിയ സമകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഏഴ് ചലച്ചിത്രങ്ങള്‍ രാജ്യാന്തര മത്സരയിനത്തില്‍ പ്രദര്‍ശിപ്പിക്കും. സ്പാനിഷ്, പോര്‍ച്ചുഗീസ്, കസാക്കിസ്ഥാന്‍ എന്നീ രാജ്യാന്തര സിനിമകള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമകളും മത്സരയിനത്തിന്റെ ഭാഗമാവും. എഡ്ഗാര്‍ഡോ ഡയ്‌ലെക്കും ഡാനിയല്‍ കാസബെയും സംവിധാനം ചെയ്ത സതേണ്‍ സ്റ്റോം, ലൈല ഹാലയുടെ പോര്‍ച്ചുഗീസ് ചിത്രം പവര്‍ ആലി, മഞ്ഞുവീഴ്ചയില്‍ അകപ്പെട്ടു പോവുന്ന കസാക്കിസ്ഥാന്‍ യുവാവിന്റെ സംഭവബഹുലമായ കഥയ പറയുന്ന ദി സ്‌നോ സ്റ്റോം, ഡിയാഗോ ഡെല്‍ റിയോയുടെ ഓള്‍ ദി സയലന്‍സ്, പ്രണയവും ലൈംഗrകതയും ചര്‍ച്ച ചെയ്യുന്ന ഹിന്ദി ചിത്രം ആഗ്ര എന്നിവയ്‌ക്കൊപ്പം അന്‍പതു വയസ്സുകാരിയായ അങ്കണവാടി ടീച്ചര്‍ ഗീതയുടെ ജീവിതം പറയുന്ന ഫാസില്‍ റസാഖ് രചനയും സംവിധാനവും നിര്‍വഹിച്ച തടവ്, ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്നീ മലയാള ചിത്രങ്ങളും ഇന്ന് അന്താരാഷ്ട്ര മത്സരയിനത്തില്‍ പ്രദര്‍ശിപ്പിക്കും.

2015 ഐ.എഫ്.എഫ്.കെ.യില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നേടിയ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ ദാരിയുഷ് മെഹര്‍ജുയിയുടെ എ മൈനര്‍ ഹോമേജ് വിഭാഗത്തിലും അധിനിവേശ വിരുദ്ധ പാക്കേജില്‍ വിഖ്യാത നടന്‍ ചാര്‍ലി ചാപ്ലിന്റെ ദി ഗ്രേറ്റ് ഡിക്ടേറ്റര്‍, വനിതാ സംവിധായകരുടെ വിഭാഗത്തില്‍ മലയാളിയായ നതാലിയ ശ്യാമിന്റെ ഫൂട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍, ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതല്‍ 44 വരെ തുടങ്ങിയ ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് വിരുന്നൊരുക്കും.

TAGS :