മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ഐ.എഫ്.എഫ്.കെ സ്മരണാഞ്ജലിയര്‍പ്പിക്കും
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് രാജ്യാന്തര മേള നാളെ (ഞായറാഴ്ച) ആദരമര്‍പ്പിക്കും . വൈകിട്ട് 5.30ന് നിള തിയേറ്ററിലാണ് സ്മരണാഞ്ജലി . ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന കെ.ജി ജോര്‍ജിന്റെ യവനികയ്ക്ക് മുന്നോടിയായി നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ ടി.വി ചന്ദ്രന്‍ കെ.ജി ജോര്‍ജിനെ അനുസ്മരിക്കും. കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ അധ്യക്ഷനാകും . ചലച്ചിത്ര നിര്‍മ്മാതാവ് ജനറല്‍ പിക്ചേഴ്സ് രവിയെ അദ്ദേഹം അനുസ്മരിക്കും.
സംവിധായകന്‍ സിദ്ദിഖ്, നടന്‍ ഇന്നസെന്റ് എന്നിവരെ അനുസ്മരിച്ച് നടന്‍ മുകേഷ് സംസാരിക്കും. സംവിധായകന്‍ കമല്‍ മാമുക്കോയ അനുസ്മരണ പ്രഭാഷണം നടത്തും. സിബി മലയില്‍ നിര്‍മ്മാതാവ് പി.വി ഗംഗാധരനെക്കുറിച്ചും ക്യുറേറ്റര്‍ ഗോള്‍ഡ സെല്ലം ബ്രിട്ടീഷ് നിരൂപകന്‍ ഡെറിക് മാല്‍ക്കമിനേയും ഫാ.ബെന്നി ബെനിഡിക്റ്റ് കെ.പി ശശിയേയും അനുസ്മരിക്കും.
മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകളുടെ സംഭാവനകള്‍ അടയാളപ്പെടുത്തി ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ആറു പുസ്തകങ്ങള്‍ ചടങ്ങില്‍ പ്രകാശനം ചെയ്യും. കെ.ജി ജോര്‍ജിനെക്കുറിച്ച് ഡോ.ഷാഹിന കെ. റഫീഖ് എഡിറ്റ് ചെയ്ത 'ഉള്‍ക്കടലിന്റെ ആഴക്കാഴ്ചകള്‍', കെ.പി ശശിയെക്കുറിച്ച് മുസ്തഫ ദേശമംഗലം എഡിറ്റ് ചെയ്ത 'മനുഷ്യാവകാശങ്ങളുടെ മൂന്നാം കണ്ണ'്, താഹാ മാടായി എഡിറ്റ് ചെയ്ത 'സിനിമാനാടന്‍ മാമുക്കോയ', ഇന്നസെന്റിനെക്കുറിച്ച് അനില്‍കുമാര്‍ തിരുവോത്ത് എഡിറ്റ് ചെയ്ത 'നര്‍മ്മരസതന്ത്രം', സിദ്ദിഖിനെക്കുറിച്ച് ബെല്‍ബിന്‍ പി ബേബി എഡിറ്റ് ചെയ്ത ചിരിയുടെ 'ഗോഡ്ഫാദര്‍', ജനറല്‍ പിക്ചേഴ്സ് രവിയെക്കുറിച്ച് നീലന്‍ എഡിറ്റ് ചെയ്ത 'നല്ല സിനിമ :ഒരു സമര്‍പ്പിത സഞ്ചാരം' എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്.
ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, സംവിധായകന്‍ ജിയോ ബേബി, വി.ആര്‍.സുധീഷ്, കെ.ജി ജോര്‍ജിന്റെ മകള്‍ താരാ ജോര്‍ജ്, മാമുക്കോയയുടെ മകന്‍ നിസാര്‍, ജനറല്‍ പിക്ചേഴ്സ് രവിയുടെ മകന്‍ പ്രകാശ് ആര്‍.നായര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.