Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 14 Dec 2023 1:53 AM GMT

മേളയില്‍ തിളങ്ങി 41 വനിതാ സംവിധായികമാരുടെ ചിത്രങ്ങള്‍

നാല്‍പത്തൊന്ന് സിനിമകളാണ് വനിത സംവിധായകര്‍ ഒരുക്കിയിരിക്കുന്നത്.

മേളയില്‍ തിളങ്ങി 41 വനിതാ സംവിധായികമാരുടെ ചിത്രങ്ങള്‍
X

രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടി വനിതാ സംവിധായികമാരുടെ ചിത്രങ്ങള്‍. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ച വനൂരി കഹിയു, മലയാളി സംവിധായകരായ ശ്രുതിശരണ്യം, നതാലിയാ ശ്യാം , ശാലിനി ഉഷാദേവി, മൗനിയാ മെഡൗര്‍, കൊറിയന്‍ സംവിധായിക ജൂലി ജംഗ് തുടങ്ങി41 സിനിമകളാണ് വനിതകള്‍ ഒരുക്കിയിരിക്കുന്നത്. ലോകത്തെക്കുറിച്ചുള്ള സ്ത്രീകളുടെ അഭ്രപാളിയിലെ കാഴ്ചകളെയും കാഴ്ചപ്പാടുകളേയും വിലയിരുത്തലുളേയും നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കുന്നത്. നിറഞ്ഞ സദസിലാണ് വനിതാ സംവിധായകരുടെ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ പുരോഗമിക്കുന്നത്.

കെനിയയിലെ യാഥാസ്ഥിതിക ചിന്തകള്‍ക്കെതിരെ പോരാടുന്ന വനൂരിയുടെ റഫീക്കി എന്ന ചിത്രത്തിന് മേളയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഹിയുവിന്റെ ഫ്രം എ വിസ്പര്‍, പുംസി എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനമാണ് ഓസ്‌കാര്‍ എന്‍ട്രി നേടിയ അനിമേഷന്‍ ചിത്രമായ ദി പെസന്റ്‌സിന്റെ പ്രമേയം. ഡി.കെ വെല്‍ച്ച്മാനും ഹ്യൂ വെല്‍ച്ച്മാനും ചേര്‍ന്ന് ഒരുക്കിയ പോളിഷ് ചിത്രത്തിന് മേളയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

യു.കെയിലേക്ക് കുടിയേറുന്നവരുടെ ദുരവസ്ഥ ചര്‍ച്ച ചെയ്യുന്ന നഥാലിയ ശ്യാം ചിത്രം ഫൂട്പ്രിന്റ്‌സ് ഓണ്‍ വാട്ടറിനെ മേളയില്‍ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഒള്‍ഫാ എന്ന സ്ത്രീയുടെ ജീവിതം പ്രമേയമാക്കി ടുണീഷ്യന്‍ സംവിധായിക കാവോത്തര്‍ ബെന്‍ ഹനിയ ഒരുക്കിയ ഫോര്‍ ഡോട്ടേഴസ്, മിന്‍ജ്യൂ കിമിന്റെ എ ലെറ്റര്‍ ഫ്രം ക്യോട്ടോ, ലായെറ്റെറ്റിയ കോളോബാനിയുടെ ദി ബ്രെയ്ഡ്, ജൂലി ജംഗിന്റെ നെക്സ്റ്റ് സോഹീ, റമറ്റ ടൗലായേയുടെ ബാനെല്‍&അടാമ, മൗനിയ മെഡൗറിന്റെ ഹൗറിയ തുടങ്ങിയ ചിത്രങ്ങള്‍ക്കും മികച്ച വരവേല്‍പ്പാണ് ലഭിച്ചത് .

അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും തൊഴിലാളി മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ദിവ ഷായുടെ ബഹദൂര്‍ ദി ബ്രേവ് ഫെസ്റ്റിവല്‍ കാലെയ്ഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ആറു സ്ത്രീകളുടെ കഥ പറയുന്ന ശ്രുതി ശരണ്യത്തിന്റെ ബി 32 മുതല്‍ 44 വരെ, ശാലിനി ഉഷാദേവിയുടെ എന്നെന്നും എന്നിവ ഇതിനകം പ്രേക്ഷക പ്രീതി നേടിക്കഴിഞ്ഞു. മെക്‌സിക്കന്‍ സംവിധായിക ലില അവിലേസ്, ബ്രസീലിയന്‍ സംവിധായിക ലില്ല ഹല്ല നവാഗതയായ അമാന്‍ഡ നെല്‍യു സംവിധാനം ചെയ്ത മലേഷ്യന്‍ ഹൊറര്‍ ചിത്രം ടൈഗര്‍ സ്ട്രൈപ്സ് എന്നിവയും മേളയിലുണ്ട്.

TAGS :