Quantcast
MediaOne Logo

ഷബീര്‍ അഹമ്മദ്

Published: 21 Dec 2022 6:02 AM GMT

ഖത്തര്‍ തുറന്ന് വിട്ട ഇന്ത്യന്‍ സ്വപ്നങ്ങള്‍

ഖത്തര്‍ തുറന്ന് വിട്ട സ്വപ്നങ്ങളെ ഇന്ത്യക്കാര്‍ക്കും കണ്ടുതുടങ്ങാം. 2030ന് ശേഷമുള്ള ഒരു വേള്‍ഡ് കപ്പ്, വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലേക്ക് വരും എന്ന് പ്രത്യാശിക്കാം. | LookingAround

ഖത്തര്‍ തുറന്ന് വിട്ട ഇന്ത്യന്‍ സ്വപ്നങ്ങള്‍
X

മരുഭൂമിയിലുള്ള ഒരു അറബ് രാജ്യം വേള്‍ഡ് കപ്പ് നടത്തി, 36 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീന കപ്പുയര്‍ത്തി, മിശിഹയായി മെസ്സി വാഴ്ത്തപ്പെട്ടു. ഇതില്‍ ഏതാകും 2022 വേള്‍ഡ് കപ്പിനെ അടയാളപ്പെടുത്താനായി ചരിത്രം ഓര്‍ത്തുവെക്കുക എന്നത് തര്‍ക്കമുള്ള കാര്യമാണ്. ഒരു കാര്യം ഉറപ്പാണ്, ഖത്തറും മെസ്സിയും ഇനി ഫുട്‌ബോള്‍ കഥകളില്‍ നിറഞ്ഞു നില്‍ക്കും.

പണ്ട് ഖത്തറില്‍ വച്ചൊരു ഫുട്ബാള്‍ കമ്പക്കാരനായ യൂറോപ്യന്‍ സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു, മലയാളികള്‍ക്കും മെസ്സിക്കും ഒരു സാമ്യതയുണ്ട്. മെസ്സിയുടെ ആരാധകര്‍ നിറയേയുള്ള നാട്ടുകാരനായത് കൊണ്ടു ആ സാമ്യത എന്താണെന്ന് കേള്‍ക്കാന്‍ കൗതുകത്തോടെ നോക്കിയിരുന്നപ്പോള്‍ അയാള്‍ പറഞ്ഞു, ലോകത്തിന്റെ ഏതു കോണില്‍ പോയാലും നിങ്ങള്‍ക്ക് ഒരു മലയാളിയെയും മെസ്സിയുടെ ഫാനിനെയും കാണാന്‍ സാധിക്കും. എന്റെ ചിരി ഒരു പൊട്ടിച്ചിരിയായപ്പോള്‍ അയാളും അതില്‍ കൂടി. എന്നിട്ട് ഞാന്‍ പറഞ്ഞു, അവര്‍ രണ്ടും ഒന്നാകാനാണ് കൂടുതല്‍ സാധ്യത!

ഇന്ത്യയിലെ ഫുട്‌ബോള്‍ സംഘടനാ പ്രവര്‍ത്തകരുടെ ദീര്‍ഘവീക്ഷണമില്ലായ്മ ഈ കളിയെ ആര്‍ക്കും വേണ്ടാത്ത ഒന്നാക്കി മാറ്റി. പക്ഷെ, യഥാര്‍ഥ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിലും നാട്ടിലും ഈ കളി നിശബ്ദമായി വളര്‍ന്നു കൊണ്ടേയിരുന്നു. പല സംസ്ഥാനങ്ങളിലെയും നാട്ടുമ്പുറങ്ങളിലെ സെവന്‍സ് മൈതാനങ്ങളില്‍ ഫുട്‌ബോള്‍ ഹരം പടര്‍ന്ന് പന്തലിച്ചു. ഇതിനെ മുതലെടുക്കാനായി പുതിയ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വന്നതോടെയാണ് പ്രാദേശിക തലത്തില്‍ നിന്നും വീണ്ടും ദേശീയ തലത്തിലേക്ക് ഫുട്‌ബോള്‍ വളര്‍ന്നത്.

ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കേരളീയര്‍, ഏറ്റവും അടുത്തു നിന്നു നോക്കി കണ്ട ഒരു വേള്‍ഡ് കപ്പായിരുന്നു ഇത് എന്ന കാര്യത്തില്‍ സംശയമില്ല. കാണികളായി മാത്രമല്ല നമ്മുടെ നാട്ടുകാര്‍ ഖത്തര്‍ 2022 വേള്‍ഡ് കപ്പില്‍ പങ്കെടുത്തത്, ഈ മാമാങ്കത്തിന്റെ സംഘാടനത്തിന്റെ ഏതാണ്ട് എല്ലാ മേഖലകളിലും അവര്‍ അവരുടെ കൈയൊപ്പ് പതിപ്പിച്ചിരിന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ തൊട്ട്, സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുന്നത് കൂടാതെ, സാധാരണ വോളന്റിയര്‍ ആയി വരെ എല്ലായിടത്തും ഇന്ത്യക്കാരെ കൊണ്ടു ഈ വേള്‍ഡ് കപ്പ് വേദികള്‍ നിറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ഒരു മാസമായി വേള്‍ഡ് കപ്പ് വേദികളില്‍ നിന്നും ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതും മലയാളികളാണ്. ഖത്തറില്‍ പ്രധാന ടീമുകള്‍ക്ക് വേണ്ടി നിരത്തുകളില്‍ ഇറങ്ങി ഓളം സൃഷ്ടിച്ചതും വേറാരുമല്ല.


ഇത് ഖത്തറും ലോകവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കളി തുടങ്ങുന്നതിനു മുന്‍പ് തന്നെ കേരളത്തിലെ കട്ട് ഔട്ടുകളും ലോകപ്രശസ്തമായി മാറികഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഇത്രയധികം ആളുകളുണ്ടെന്നു അത്ഭുതത്തോടെയാണ് ഫുട്‌ബോള്‍ ദേശങ്ങള്‍ തിരിച്ചറിഞ്ഞത്. ഖത്തര്‍ 2022 വേള്‍ഡ് കപ്പ് മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയ മൂന്നര ലക്ഷം കാണികളില്‍ സൗദി അറേബ്യ കഴിഞ്ഞു ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിയത് ഇന്ത്യയില്‍ നിന്നാണ്. ഇതില്‍ സംശയം ഒന്നും ഉണ്ടായിരുന്നില്ല, ഖത്തറില്‍ മാത്രം അഞ്ചോ ആറോ ലക്ഷം ഇന്ത്യക്കാരുണ്ട് എന്നത് യാഥാര്‍ഥ്യമാണല്ലോ.

ഈ ശബ്ദങ്ങളും ചിത്രങ്ങളുമെല്ലാം ഫിഫയും കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ടായിരുന്നു. പല ഫാന്‍ വേദികളിലും ഫിഫ പ്രസിഡന്റ് എടുത്തു ചോദിച്ചത് ജിയാനി ഇന്‍ഫാന്റിനോ എടുത്തു ചോദിച്ചത് ഇന്ത്യക്കാരെയാണ്. ഇതിനും ലോക മാധ്യമങ്ങളും, ഇന്ത്യന്‍ ന്യൂസ്ചാനലുകളും വലിയ പ്രാധാന്യം നല്‍കി.

ഇത്ര വലിയ തയ്യാറെടുപ്പുകളോടെ പണം ചിലവഴിച്ചു വേള്‍ഡ് കപ്പ് നടത്തിയിട്ടും, ഖത്തര്‍ ബജറ്റ് ഒരു മിച്ച ബജറ്റാണ് എന്നത് അവരുടെ പ്രകൃതി വാതക ശേഷിയില്‍ ആശ്രിതമായ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് വലിയ കാര്യമല്ല. ഇന്ത്യയില്‍ ഇപ്പോഴുള്ള സൗകര്യങ്ങള്‍ വച്ച് നമുക്കൊരു വേള്‍ഡ് കപ്പ് സ്വപ്നം കാണാന്‍ പോലും സാധ്യമല്ല.

ഇന്ത്യയിലെ ഫുട്‌ബോള്‍ സംസ്‌കാരം കടലില്‍ നിന്നു ലഭിക്കുന്ന ഭക്ഷ്യസമ്പത്തുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നു പറയാറുണ്ട്. പണ്ട് മുതല്‍ക്കേ ഫുട്ബാള്‍ പ്രേമികളും ടീമുകളും മുന്‍നിരയിലേക്ക് വന്നിട്ടുള്ളത് കേരളം, ബംഗാള്‍, ഗോവ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്നതാണ് ഇത്തരം ചിന്തക്ക് കാരണം. കൂടാതെ ലാറ്റിനമേരിക്കയിലെ പോലെ കമ്മ്യൂണിസവുമായി ചേര്‍ത്ത് നിറുത്തിയും ഇന്ത്യയിലെ ഫുട്ബാളിനെ കുറിച്ചു പറയാറുണ്ട്. ഒരു കാലത്തു ലോക ഫുട്‌ബോളില്‍ പേര് കേട്ടിരുന്ന ഇന്ത്യ, പക്ഷെ പിന്നീട് വേണ്ടത്ര സംഘടനാ സംവിധാനങ്ങളും, അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ പിന്നിലായി. ക്രിക്കറ്റ് എന്ന ബ്രിട്ടീഷ് രാജിന്റെ ബാക്കിപത്രത്തിന് കിട്ടിയ രാജകീയ അന്തസ്സും ഫുട്ബാളിന് തിരിച്ചടിയായി.

ക്രിക്കറ്റ് ഇന്ത്യയുടെ കച്ചവട സാധ്യതയെ തിരിച്ചറിഞ്ഞ് ചുരുങ്ങിയ കാലം കൊണ്ട് പണമുണ്ടാക്കിയപ്പോള്‍, ലോക ഫുട്‌ബോള്‍ ഇന്ത്യയെ പാടെ അവഗണിച്ചു. അവര്‍ക്ക് ഇന്ത്യ ഒരു മൂന്നാം ലോകരാജ്യവും, വലിയവരുടെ ഫുട്ബോള്‍ കളിക്ക് കൂട്ടാന്‍ പറ്റാത്ത ഒരു കുട്ടിയുമായി. ഇന്ത്യയിലെ ഫുട്‌ബോള്‍ സംഘടനാ പ്രവര്‍ത്തകരുടെ ദീര്‍ഘവീക്ഷണമില്ലായ്മ ഈ കളിയെ ആര്‍ക്കും വേണ്ടാത്ത ഒന്നാക്കി മാറ്റി. പക്ഷെ, യഥാര്‍ഥ ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സിലും നാട്ടിലും ഈ കളി നിശബ്ദമായി വളര്‍ന്നു കൊണ്ടേയിരുന്നു. പല സംസ്ഥാനങ്ങളിലെയും നാട്ടുമ്പുറങ്ങളിലെ സെവന്‍സ് മൈതാനങ്ങളില്‍ ഫുട്‌ബോള്‍ ഹരം പടര്‍ന്ന് പന്തലിച്ചു. ഇതിനെ മുതലെടുക്കാനായി പുതിയ ലീഗായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വന്നതോടെയാണ് പ്രാദേശിക തലത്തില്‍ നിന്നും വീണ്ടും ദേശീയ തലത്തിലേക്ക് ഫുട്‌ബോള്‍ വളര്‍ന്നത്. ഫിഫയുടെ ശ്രദ്ധ ഇങ്ങോട്ട് കാര്യമായി തിരിയാന്‍ അധികം സമയം വേണ്ടി വന്നില്ല. അവര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനം നാന്നാക്കുന്നതിന്റെ ഭാഗമായി അവരെ പിരിച്ചു വിട്ട് പുതിയ സംവിധാനം കൊണ്ട് വന്നു. കൂട്ടത്തില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തി ഇവിടത്തെ സര്‍ക്കാര്‍ പിന്തുണയെ പരീക്ഷിച്ചു നോക്കി തൃപ്തി വരുത്തി.


ഈ അവസരത്തിലാണ് ഖത്തറില്‍ വേള്‍ഡ് കപ്പ് നടക്കുന്നത്. ഇന്ത്യന്‍ ജനതയുടെ ആവേശം ഫിഫ പ്രതിനിധികള്‍ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ഖത്തര്‍ വേള്‍ഡ് കപ്പിന്റെ വിജയത്തില്‍ ഇന്ത്യക്കാര്‍ക്ക് വലിയ പങ്കാണുള്ളത് എന്നു അവര്‍ തുറന്ന് സമ്മതിക്കുന്നു ഈ മണ്ണില്‍ ഫുട്‌ബോളിന് പറ്റിയ നിലങ്ങളാണുള്ളത് എന്നാണ് അവരുടെ വിലയിരുത്തല്‍. ഇതിന് ബലം നല്‍കുന്ന പ്രസ്താവനയാണ് കഴിഞ്ഞ ദിവസം ഫിഫ പ്രസിഡന്റ് നടത്തിയത്. ഇനിയുള്ള വേള്‍ഡ് കപ്പുകളില്‍ 48 ടീമുകള്‍ പങ്കെടുക്കുമ്പോള്‍ അതിലൊന്ന് ഇന്ത്യയാകാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. കൂടാതെ അടുത്ത പത്ത് പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന ഒരു വേള്‍ഡ് കപ്പ് ഇന്ത്യയില്‍ വച്ചായേക്കാം എന്ന സാധ്യതയും പറയാതെ പറഞ്ഞു. ഇതിനും രണ്ട് ദിവസം മുമ്പാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചത്. ജിയോ സിനിമ പുറത്തു വിട്ട കണക്കുകളില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വേള്‍ഡ് കപ്പ് കളികള്‍ കണ്ടത് കേരളത്തിലും, മഹാരാഷ്ട്രയിലും, തമിഴ്‌നാട്ടിലും, ബംഗാളിലും, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ്. മോദി ഫുട്‌ബോളിനെ ഒരു സുവര്‍ണാവസരമായി കണ്ടാല്‍ തെറ്റ് പറയാന്‍ പറ്റില്ല. ഈ സംസ്ഥാനങ്ങളില്‍ മോദിയുടെ പാര്‍ട്ടിയുടെ സ്ഥിതി പകല്‍ പോലെ വ്യക്തമാണല്ലോ.


ഒരു വേള്‍ഡ് കപ്പ് നടത്തുക എന്നത് പത്തോ പന്ത്രണ്ടോ വര്‍ഷത്തെ പ്രോജക്ട് ആണ്. പണ്ട് ഇത്രയധികം സമയം കിട്ടാത്തത് കൊണ്ടു, ഇത്തരം വലിയ സ്‌പോര്‍ട്‌സ് മീറ്റുകള്‍ അധികവും വികസിത രാജ്യങ്ങളാണ് നടത്തിയിരുന്നത്. ഖത്തറിന് അനുവദിച്ച പോലെ കൂടുതല്‍ സമയം കിട്ടിയാല്‍, അടിസ്ഥാന സൗകര്യം ഒരുക്കാന്‍ സാധിക്കും എന്നാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ വാദം. നമ്മള്‍ നേരത്തെ നടത്തിയ ഏഷ്യന്‍ ഗെയിംസ് അല്ലെങ്കില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയെക്കാള്‍ പത്തിരട്ടി സൗകര്യങ്ങള്‍ ഫിഫ വേള്‍ഡ് കപ്പിന് വേണ്ടി വരും എന്നോര്‍ക്കുക. 2006ല്‍ ഖത്തര്‍ ഏഷ്യന്‍ ഗെയിംസ് നടത്താന്‍ ഒരുങ്ങുമ്പോള്‍ ഉണ്ടായ ഒരു സംഭവം ഓര്‍ത്തു പോകുന്നു. ഗെയിംസിന് തിരി തെളിയാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ, അവിടത്തെ റോഡ് പണികള്‍ പുരോഗമിക്കുന്ന സമയം. അവിടത്തെ വാരാന്ത്യമായ വ്യാഴാഴ്ച രാത്രി ദോഹ നഗരത്തിലെ സകല റോഡുകളിലും വന്‍ തിരക്ക് അനുഭവപ്പെടുകയും, ഒട്ടു മിക്ക കവലകളിലും വാഹനങ്ങള്‍ വന്നടിയുകയും ചെയ്തപ്പോള്‍ ഖത്തര്‍ മണിക്കൂറുകളോളം നിശ്ചലമായി. ഇത് ഖത്തര്‍ സര്‍ക്കാരിനെ ഉല്‍ക്കണ്ഠാകുലരാക്കി, ഗെയിംസ് തുടങ്ങാനായി ഏഷ്യന്‍ രാജ്യങ്ങളിലെ അത്‌ലെറ്റുകളും ഒഫീഷ്യലുകളും എത്താറായ സമയം, ഇങ്ങനെ ഇനിയും സംഭവിച്ചാല്‍ ഏഷ്യന്‍ ഗെയിംസ് താറുമാറാകും. ഇന്നത്തെ അമീറിന്റെ പിതാവും, ഇപ്പോഴത്തെ ഫാദര്‍ അമീറും, പുരോഗമന ഖത്തറിന്റെ ശില്‍പിയുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍ത്താനിയാണ് അന്ന് രാജ്യം ഭരിച്ചിരുന്നത്. അദ്ദേഹം ഉന്നത അധികാരികളെയും മന്ത്രിമാരെയും വിളിച്ചു കൂട്ടി ഇതിന് ഒരു പരിഹാരം എന്താണ് എന്ന് ചോദിച്ചു. അന്നത്തെ പോലീസ് മേധാവി പറഞ്ഞു, ഏറ്റവും നല്ല പരിഹാരം ആളുകളോട് അവരവരുടെ വീടുകളില്‍ ഇരിക്കാന്‍ പറയുക എന്നതാണ്! മറുപടി കേട്ട് സരസനായ ഷെയ്ഖ് ഹമദ് ചിരിച്ചു, എന്നിട്ട് ചോദിച്ചു, എന്നാല്‍ അടുത്ത നല്ല പരിഹാരം എന്താണ്?

ഇത് പറയാന്‍ കാരണം, അന്ന് ഖത്തര്‍ ചെയ്തത് അവിടുള്ള യാത്ര, താമസ സൗകര്യങ്ങള്‍ ഒന്ന് മിനുക്കിയെടുക്കുക എന്നത് മാത്രമാണ്. അന്നുള്ള റോഡുകള്‍ നന്നാക്കിയെടുത്തു. ഖലീഫ സ്റ്റേഡിയം പുതുക്കി. നഗരത്തില്‍ തന്നെ താമസ സൗകര്യങ്ങള്‍ക്കായി കെട്ടിടങ്ങള്‍ പണിതു. ഗെയിംസ് വില്ലേജ് പിന്നീട് ആശുപത്രി സൗകര്യങ്ങള്‍ക്കായി ഉപയോഗിക്കാനായി പട്ടണത്തില്‍ തന്നെ ഒരുക്കി. അതായത്, ആ ഏഷ്യന്‍ ഗെയിംസ് നടത്തുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഏറെക്കുറെ ദോഹ പട്ടണത്തിന് അകത്തുള്ള സംവിധാനങ്ങളിലൂടെ ഒരുക്കി. ഇത് ആ പട്ടണത്തെ വീര്‍പ്പുമുട്ടിച്ചു എന്ന് മനസ്സിലാക്കിയപ്പോഴേക്കും വൈകി.


ഇതില്‍ നിന്നു പാഠമുള്‍ക്കൊണ്ടാണ് ഖത്തര്‍ വേള്‍ഡ് കപ്പിനായി ഒരുങ്ങിയത്. പുതിയ സ്റ്റേഡിയങ്ങള്‍, പുതിയ നഗരങ്ങള്‍. ആദ്യമായി രാജ്യത്തൊരു മെട്രോ. വിശാലമായ റോഡുകള്‍ എന്നു വേണ്ട, ഓരോ ടീമിനും താമസിക്കാന്‍ റിസോര്‍ട് പരുവത്തിലുള്ള ഹോട്ടലുകള്‍ എന്നിവയെല്ലാം ഖത്തര്‍ തങ്ങളുടെ പ്ലാനില്‍ ഉള്‍പ്പെടുത്തി. അതിന്റെ വിജയത്തിനാണ് ലോകം കഴിഞ്ഞ ദിവസങ്ങളില്‍ സാക്ഷിയായത്. ഇത്ര വലിയ തയ്യാറെടുപ്പുകളോടെ പണം ചിലവഴിച്ചു വേള്‍ഡ് കപ്പ് നടത്തിയിട്ടും, ഖത്തര്‍ ബജറ്റ് ഒരു മിച്ച ബജറ്റാണ് എന്നത് അവരുടെ പ്രകൃതി വാതക ശേഷിയില്‍ ആശ്രിതമായ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ച് വലിയ കാര്യമല്ല. ഇന്ത്യയില്‍ ഇപ്പോഴുള്ള സൗകര്യങ്ങള്‍ വച്ച് നമുക്കൊരു വേള്‍ഡ് കപ്പ് സ്വപ്നം കാണാന്‍ പോലും സാധ്യമല്ല. പക്ഷെ, ഇത് രാജ്യത്തിനു നല്‍കുന്ന വന്‍ സാധ്യത നമുക്ക് കാണാന്‍ സാധിച്ചാല്‍, അതൊരു മഹാസംഭവമാകും എന്ന കാര്യത്തില്‍ സംശയമില്ല. അതിനുള്ള കഴിവ് നമുക്കുണ്ട്, അത് കണ്ടറിഞ്ഞു ശക്തമായ കെട്ടുറപ്പുള്ള ഒരു ടീമിനെ ഏല്‍പിക്കുകയാണെങ്കില്‍ ട്രെയിനില്‍ കയറി മലപ്പുറം വരെ പോയി നമുക്ക് വേള്‍ഡ് കപ്പ് കാണാന്‍ സാധിക്കും.

ഇപ്പോഴുള്ള സംവിധാനങ്ങള്‍ ഒഴിവാക്കി പുതിയ നഗരങ്ങള്‍, പുതിയ പന്ത്രണ്ട് സ്റ്റേഡിയങ്ങള്‍, ദേശീയ പാതകളുടെയും, ട്രെയിന്‍, വ്യോമ ഗതാഗത സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പണിയാവുന്നതാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കായി മാറ്റിവയ്ക്കുന്ന തുകകള്‍ വിനിയോഗിച്ചാല്‍ തയ്യാറാക്കാവുന്ന സൗകര്യങ്ങള്‍ മാത്രമാണ് വേള്‍ഡ് കപ്പിന് ആവശ്യമുള്ളൂ. യൂണിയന്‍ സര്‍ക്കാരും, സംസ്ഥാന സര്‍ക്കാരുകളും പ്രതിമ പണിയുന്ന ഏര്‍പ്പാട് ഒരു പത്ത് വര്‍ഷത്തേക്ക് നിര്‍ത്തിവെച്ചാല്‍ ഇതൊക്കെ നമുക്കും സാധിക്കും. ഇത് അക്ഷരാര്‍ഥത്തില്‍ രാഷ്ട്രനിര്‍മാണത്തിനായുള്ള ഒരു അവസരമായി കണക്കാക്കണം. ജനബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന ഇപ്പോഴത്തെ ഇന്ത്യന്‍ നഗരങ്ങള്‍ക്ക് ഇത് പുതുജീവന്‍ നല്‍കുകയും ചെയ്യും. ഒരു രാജ്യത്തിന്റെ നിര്‍മാണ വ്യവസായത്തിനും, സര്‍വീസ് മേഖലയ്ക്കും എന്നു മാത്രമല്ല, രാജ്യത്തിന് സാമ്പത്തിക ഉണര്‍വ്വ് നല്‍കാന്‍ ഇത്തരം സംരംഭങ്ങള്‍ നല്‍കുന്ന സഹായം നമ്മള്‍ ഉപയോഗപ്പെടുത്തണം. ഇതെല്ലാം പണിഞ്ഞെടുക്കാന്‍ വേണ്ട കഴിവും അറിവും നമുക്കുണ്ട് എന്നു മനസ്സിലാക്കാന്‍ ഖത്തര്‍ വരെ പോയാല്‍ മതി. അവിടുത്തെ സ്റ്റേഡിയങ്ങളില്‍ പിടിപ്പിച്ചിരുന്ന സീറ്റുകള്‍ ആലുവാക്കാരന്‍ നിഷാദ് അസീമിന്റെ കമ്പനിയിലാണ് നിര്‍മിച്ചത്. സ്റ്റേഡിയം പണിതത് തൃശൂര്‍ക്കാരന്‍ ഗള്‍ഫാര്‍ മുഹമ്മദാലിയിടെ കമ്പനിയാണ്. ഈ കളികള്‍ക്ക് ഗാലറികളില്‍ വേണ്ട ശബ്ദ സൗകര്യങ്ങള്‍ ഒരുക്കിയത് പാലക്കാട്ടുകാരന്‍ മിഥുന്‍ നമ്പ്യാരുടെ നേതൃത്വത്തിലാണ്. അവിടത്തെ റോഡുകള്‍ പണിതത് കൊച്ചിക്കാരന്‍ മിബു നെറ്റിക്കാടനാണ്.


നമ്മുടെ രാജ്യത്ത് നടക്കുന്ന വേള്‍ഡ് കപ്പ്, ഫിഫ, ഇന്ത്യ, കാണികള്‍ എന്നീ മൂന്ന് വിഭാഗങ്ങള്‍ക്ക് നല്‍കുന്ന വിന്‍-വിന്‍-വിന്‍ സാഹചര്യം അനന്തമാണ്, ആനന്ദമാണ്. ഫിഫയെയും ഫുട്‌ബോളിനെയും സംബന്ധിച്ച് 130 കോടിയുടെ പുതിയൊരു മാര്‍ക്കറ്റ് തുറന്ന് കിട്ടുകയാണ്. ഒരു പുതിയ ഫാന്‍ബേസ് കിട്ടുക എന്നത് ഫുട്‌ബോളിന്റെ സാമ്പത്തിക നിലനില്‍പ്പിന് അത്യാവശ്യമാണ്. ഇന്ത്യയില്‍ ഈ കളി പടര്‍ന്ന് പിടിച്ചാല്‍, ലാറ്റിന്‍ അമേരിക്ക പോലെ നമ്മളും ഒരു ശക്തികേന്ദ്രമാകില്ലെന്ന് ആരു കണ്ടു. ഫുട്‌ബോള്‍ കാണികളെ സംബന്ധിച്ചു ഫുട്‌ബോളും കാണാം, പാറിയും നടക്കാം എന്നൊരു ഗുണമുണ്ട്. ടൂറിസ്റ്റ്കള്‍ക്ക് സമയം ചിലവഴിക്കാന്‍ ഇന്ത്യ പോലെ മറ്റൊരു സ്ഥലമില്ല എന്നത് തെളിയിക്കപ്പെട്ട സത്യമാണ്.

അങ്ങനെ ഖത്തര്‍ തുറന്ന് വിട്ട സ്വപ്നങ്ങളെ നമുക്കും കണ്ടുതുടങ്ങാം. 2030ന് ശേഷമുള്ള ഒരു വേള്‍ഡ് കപ്പ് വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിലേക്ക് വരും എന്ന് പ്രത്യാശിക്കാം.

TAGS :