Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 15 Oct 2024 5:55 AM GMT

ജയന്റെ മരണം - ഒരു ഫ്‌ളാഷ്ബാക്ക്

ആദം അയൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: ഭാഗം: 42

ജയന്റെ മരണം - ഒരു ഫ്‌ളാഷ്ബാക്ക്
X

1980 ദുരിതങ്ങളുടെ വര്‍ഷമായിരുന്നു. എന്റെ ജീവിതത്തെ ഉലച്ചു കളഞ്ഞ മൂന്നു മരണങ്ങളാണ് ആ വര്‍ഷം സംഭവിച്ചത്. ആദ്യത്തേത് എന്റെ പിതാവിന്റെ മരണം. 63ആമത്തെ വയസ്സിലാണ് അദ്ദേഹം ഞങ്ങളെ വിട്ടു പിരിഞ്ഞത്. എറണാകുളത്തെ PNVM ആശുപത്രിയിലെ ഒരു മുറിയില്‍, അദ്ദേഹത്തിന്റെ ശരീരത്തില്‍ ഘടിപ്പിച്ച ഇലക്ട്രോ കാര്‍ഡിയോ ഗ്രാമിലെ സ്‌ക്രീനില്‍, തരംഗങ്ങളായി ചലിച്ചു കൊണ്ടിരുന്ന ഹൃദയ മിടിപ്പുകള്‍ ക്രമേണ സാവധാനത്തിലാവുന്നതും പിന്നീടd ഒരു നേര്‍രേഖയായി നിശ്ചലമാവുന്നതും ഞാന്‍ നോക്കി സ്തബ്ധനായി നിന്നപ്പോള്‍, എന്റെ ഒക്കത്തിരുന്ന, ഒരു വയസ്സുള്ള എന്റെ ഏക മകള്‍ അര്‍ഫീന്‍ കണ്ണിമയ്ക്കാതെ എന്റെ പിതാവിന്റെ ജീവന്‍ ഊര്‍ന്നുപോയ മുഖത്തേക്ക് നിര്‍ന്നിമേഷയായി നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നു. എന്റെ പിതാവും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം, എന്റെ ശരീരത്തോടു ഒട്ടി നിന്ന അവളുടെ ശരീരത്തിന്റെ ദുര്‍ബലമായ വിറയലുകളിലൂടെ ഞാന്‍ മനസ്സിലാക്കി.

താമസിയാതെ ഞാന്‍ കുടുംബത്തോടൊപ്പം മദ്രാസിലേക്ക് വീണ്ടും താമസം മാറ്റി. എന്നാല്‍, ജോലിയില്ലാത്ത, ദീര്‍ഘമായ ഇടവേളകളാണ് ഞാന്‍ അവിടെ നേരിട്ടത്. ബക്കറിനും സിനിമയില്ല. ബക്കറിന്റെ അസിസ്റ്റന്റ് ആയതു കൊണ്ട് മറ്റാരും എന്നെ വിളിക്കുന്നുമില്ല. ആര്‍ട്ട് സിനിമകളുടെ വാക്താവ് എന്ന ഒരു ധാരണ കോടമ്പാക്കത് പരന്നത് കാരണമാവാം മുഖ്യധാരാ സിനിമാക്കാര്‍ ആരും എന്നെ വിളിച്ചില്ല. കഷ്ടപ്പാടിന്റെ കാലമായിരുന്നു. അങ്ങിനെയിരിക്കെ ഒരു വിളി വന്നു. ആദ്യമായി സ്വതന്ത്രമായി ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ക്ഷണം.

കെ.പി കുമാരന്‍ സംവിധാനം ചെയ്ത 'തേന്‍ തുള്ളി' എന്ന സിനിമയുടെ കഥയെഴുതിക്കൊണ്ടു സിനിമയിലേക്ക് പ്രവേശിച്ച വി.പി മുഹമ്മദ് പള്ളിക്കര എന്ന ഏഴുത്തുകാരന് സിനിമ, ഹരമായി. അങ്ങനെ അദ്ദേഹം തന്റെ 'ഉല്‍പത്തി' എന്ന നോവല്‍ സംവിധാനം ചെയ്തുകൊണ്ട്, സിനിമാസംവിധായകനായി അരങ്ങേറ്റം കുറിച്ചു. ആ സിനിമ സാമ്പത്തികമായി പരാജയമായിരുന്നു. എന്നാല്‍, വി.പി മുഹമ്മദിന്റെ ആവേശത്തെ ആ തോല്‍വി തളര്‍ത്തിയില്ല. അദ്ദേഹം തന്റെ പുതിയ സിനിമക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങി. തന്റെ സഹസംവിധായകനാകാന്‍ എന്നെ ക്ഷണിച്ചു. അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തെക്കുറിച്ചും ചിത്രീകരണത്തെക്കുറിച്ചും ഒക്കെ കോടമ്പാക്കത്ത് പല കഥകളും പ്രചരിച്ചിരുന്നു. അതുകൊണ്ടു എനിക്ക് വലിയ താല്‍പര്യം ഒന്നും തോന്നിയില്ല. എന്നാലും എന്റെ അന്നത്തെ സ്ഥിതിയില്‍ അതൊരു താത്കാലിക ആശ്വാസം ആവും എന്നതുകൊണ്ട് ഞാന്‍ ആ ഓഫര്‍ സ്വീകരിച്ചു. നിര്‍മാതാക്കള്‍ നാട്ടില്‍ നിന്നെത്തിയ ശേഷം വിശദാംശങ്ങള്‍ സംസാരിക്കാം എന്ന് പറഞ്ഞാണ് ഞങ്ങള്‍ പിരിഞ്ഞത്. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു, നവംബര്‍ 16 നു അദ്ദേഹം എന്നെ വിളിച്ചു ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു.

ഞാന്‍ അവിടെ ചെന്നപ്പോള്‍ മൂന്ന് നിര്‍മാതാക്കളും, വി.പി മുഹമ്മദും, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവും ഉണ്ടായിരുന്നു. ഷൂട്ടിംഗ് തുടങ്ങാന്‍ ഇനി രണ്ടാഴ്ചയേ ബാക്കിയുള്ളു. ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്‍പ് ചെയ്തു തീര്‍ക്കേണ്ട പ്രീ പ്രൊഡക്ഷന്‍ ജോലികള്‍, ഒന്നും തുടങ്ങിയിട്ടില്ല. ജയന്റേയും ജയഭാരതിയുടെയും ഡേറ്റുകള്‍ മാത്രം കിട്ടിയിട്ടുണ്ട്. ഞാന്‍ ഇക്കാര്യങ്ങള്‍ ഒക്കെ സൂചിപ്പിച്ചപ്പോള്‍, നിര്‍മാതാവ് ഒരു പുഞ്ചിരിയോടെ പറഞ്ഞു:

''സമയം തീരെയില്ല എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ടാണ് ഞങ്ങള്‍ ഇപ്പോള്‍ വന്നത്. ജയഭാരതിയുടെയും ജയന്റേയും ഡേറ്റുകള്‍ ഒരു മാസത്തേക്ക് നീട്ടി വാങ്ങണം. പിന്നെ മറ്റൊരു പ്രധാനപ്പെട്ട മാറ്റം കൂടിയുണ്ട്''

അദ്ദേഹം മറ്റു നിര്‍മാതാക്കളുടെ മുഖത്തേക്ക് നോക്കി. അവര്‍ പുഞ്ചിരിച്ചുകൊണ്ട്, അദ്ദേഹത്തോട് പറയാന്‍ ആംഗ്യം കാണിച്ചു.

അദ്ദേഹം പറഞ്ഞു''-

''വളരെ പ്രധാനപ്പെട്ട മറ്റൊരു മാറ്റം,''

''എന്താണ്?'' ഞാന്‍ ആക്ഷക്ഷയോടെ ചോദിച്ചു.

''ഞങ്ങള്‍ സംവിധായകനെയും മാറ്റാന്‍ തീരുമാനിച്ചു'' അദ്ദേഹം പറഞ്ഞു.

ഞാന്‍ ഞെട്ടി, വി.പി മുഹമ്മദിന്റെ മുഖത്തേക്ക് നോക്കി.

അദ്ദേഹം ഒരു പുഞ്ചിരിയോടെ പറഞ്ഞു

'' ആദം അയൂബാണ് ഞങ്ങളുടെ സംവിധായകന്‍. ഞാന്‍ തിരക്കഥാകൃത്തും''

വിശ്വസിക്കാനാവാതെ ഞാന്‍ എല്ലാവരുടെയും മുഖത്തേക്കു മാറി മാറി നോക്കി. മറ്റേ നിര്‍മാതാവ് പറഞ്ഞു '- ഞങ്ങള്‍ കൂട്ടായി എടുത്ത തീരുമാനമാണ്. വി.പി മുഹമ്മദ് തന്നെയാണ് ആദ്യം ഇക്കാര്യം ഞങ്ങളോട് പറഞ്ഞത്. അദ്ദേഹത്തിന്റെ അഭിപ്രായം അതാണെങ്കില്‍ ഞങ്ങള്‍ക്ക് എതിരഭിപ്രായം ഒന്നുമില്ല.''

പിന്നീട് എല്ലാവരും മാറി മാറി എന്നെ അഭിനന്ദിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു.

''ഡിസംബര്‍ 26 മുതല്‍ ജയഭാരതി ഓക്കേ ആണ്,'' പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പറഞ്ഞു. ''ജയനോട് സംസാരിച്ചു. ഇന്ന് ഷോലവാരത്തു ''കോളിളക്കം'' സിനിമയുടെ ഷൂട്ടിങിലാണ്. രാത്രി എട്ടു മണിക്ക് കാണാമെന്നു പറഞ്ഞിട്ടുണ്ട്''

''ജയനെയും കൂടി കണ്ടു കഴിഞ്ഞിട്ട്, നമുക്ക് മറ്റു കാര്യങ്ങളൊക്കെ തീരുമാനിക്കാം''.

ഞാന്‍ വാച്ചിലേക്ക് നോക്കി. അപ്പൊ സമയമുണ്ട് അതുവരെ നമുക്ക് മറ്റു ആര്‍ടിസ്റ്റുകളുടെ തീയതി കൂടി കണ്‍ഫേം ചെയ്യാം''.

'' ജയനെക്കണ്ടു കഴിഞ്ഞിട്ടാവാം സാര്‍.'' പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞു.

''ശരി''

ഞങ്ങള്‍ ചായ കുടിച്ചും ഷൂട്ടിംഗ് ലൊക്കേഷന്‍ സംബന്ധിച്ച മറ്റു കാര്യങ്ങളൊക്കെ സംസാരിച്ചിരിക്കുമ്പോള്‍, റിസപ്ഷനില്‍ നിന്ന് ഒരു ബോയ് വന്നു പ്രൊഡക്ഷന്‍ മാനേജരോട് പറഞ്ഞു:

'' സാറിനൊരു ഫോണുണ്ട്''

പ്രൊഡക്ഷന്‍ മാനേജര്‍ വേഗം താഴോട്ട് പോയി. അല്‍പം കഴിഞ്ഞു അദ്ദേഹം തിരിച്ചു വന്നു. അദ്ദേഹത്തിന്റെ മുഖം വല്ലാതെ പരിഭ്രാന്തമായിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

''ഷോലവാരത്തു ഷൂട്ടിങ്ങിനിടയില്‍ ഹെലികോപ്റ്റര്‍ ക്രാഷ് ആയി. ജയന്‍ സാര്‍ വളരെ സീരിയസ് ആണ്''

''അയ്യോ, എന്തുപറ്റി?, എവിടെയാണ്''

എല്ലാവരും ചാടി എഴുന്നേറ്റു.

''ജനറല്‍ ഹോസ്പിറ്റലില്‍ കൊണ്ട് വന്നിട്ടുണ്ട്. നമുക്ക് വേഗം അങ്ങോട്ട് പോകാം.,''

എല്ലാവരും ധൃതിയില്‍ ഇറങ്ങി, കാറുമായി ജനറല്‍ ഹോസ്പിറ്റലിലേക്ക് പാഞ്ഞു. അവിടെ ആള്‍ക്കൂട്ടം ഒന്നും കണ്ടില്ല. ഞങ്ങള്‍ നേരെ കാഷ്വലിറ്റിയിലേക്കു പോയി. പ്രൊഡക്ഷന്‍ മാനേജര്‍ ഞങ്ങളെ അവിടെ നിര്‍ത്തിയിട്ടു പോയി, അദ്ദേഹത്തിന്റെ പരിചയവും സ്വാധീനവും ഉപയോഗിച്ചു അകത്തു കയറാനുള്ള അനുവാദം വാങ്ങി വന്നു.

'' ജയന്‍ മരിച്ചു. പക്ഷെ, അവര്‍ വിവരം ഔദ്യോഗികമായി അനൗണ്‍സ് ചെയ്തിട്ടില്ല''. അദ്ദേഹം പറഞ്ഞു. ' എല്ലാവരും ഒന്നിച്ചു കേറാന്‍ പറ്റില്ല. ഓരോരുത്തരായി കേറി കണ്ടിട്ട് ഉടന്‍ ഇറങ്ങണം''

അവിടെ നിക്കുന്ന സെക്യൂരിറ്റി ഗാര്‍ഡ് പറഞ്ഞു.

'' ഇപ്പോള്‍ ശ്വാസം പോയതേ ഉള്ളു. ആരെയും അകത്തേക്ക് വിട്ടിട്ടില്ല, പുറത്തു ആരും അറിഞ്ഞിട്ടില്ല''.

''സാര്‍ ആദ്യം പോയിട്ട് വരൂ'' പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് പറഞ്ഞു.

ഞാന്‍ അകത്തേക്ക് നോക്കി. എല്ലാ ബെഡ്ഡുകളിലും മരണത്തോട് മല്ലടിച്ചു കിടക്കുന്ന രോഗികള്‍. സെക്യൂരിറ്റിക്കാരന്‍ ഒരു ബെഡിലേക്കു ചൂണ്ടിയിട്ടു പറഞ്ഞു 'ദേ അതാണ്, പ്രൊഡക്ഷന്‍ മാനേജര്‍ കല്ലിയൂര്‍ ശശി ആണ് കൊണ്ടുവന്നത്. അദ്ദേഹം ഇപ്പോള്‍ ഫോണ്‍ ചെയ്യാനായി പുറത്തേക്കു പോയി''

ഞാന്‍ അകത്തു കയറി. മരണത്തിന്റെയും മരുന്നുകളുടെയും രൂക്ഷ ഗന്ധം! ഞാന്‍ അയാള്‍ ചൂണ്ടിക്കാണിച്ച ബെഡിനടുത്തേക്കു നടന്നു. ഒരു ബെഡില്‍ നിശ്ചലമായി കിടക്കുന്ന ജയന്റെ ശരീരം, കഴുത്ത് വരെ ഷീറ്റ് ഇട്ടു മൂടിയിരിക്കുന്നു. തലയില്‍ മുഴുവന്‍ ബാന്‍ഡേജാണ്, രക്തത്തില്‍ കുതിര്‍ന്ന ബാന്‍ഡേജ്. മുഖം മാത്രം കാണാം. ഇടതുകണ്‍ കോണില്‍ നിന്നും ഒലിച്ചിറങ്ങിയ ചോര കട്ടപിടിച്ചു കിടക്കുന്നു. ഞാന്‍ ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി നിന്നു.


ഞാന്‍ അദ്ദേഹത്തെ ആദ്യം പരിചയപ്പെട്ട സന്ദര്‍ഭം ഓര്‍ത്തു. നാലു വര്‍ഷം മുന്‍പ്, 'അനാവരണം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി, ആലപ്പുഴയിലേക്ക് പോകാന്‍, മദ്രാസില്‍ നിന്നും തീവണ്ടിയില്‍ എറണാകുളം സൗത്തില്‍ ഇറങ്ങി, അവിടെ നിന്നും കാറില്‍ യാത്ര ചെയ്യുമ്പോള്‍ എന്നോടൊപ്പം കാറില്‍ ജയന്‍ ഉണ്ടായിരുന്നു. (അന്ന് ആലപ്പുഴയ്ക്ക് ട്രെയിന്‍ ഇല്ല) കൂടെ ഉണ്ടായിരുന്ന മാത്യു സാര്‍ എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പരിചയപ്പെടുത്തി

''ഇത് അയൂബ് . വിന്‍സെന്റ് മാസ്റ്ററുടെ അസിസ്റ്റന്റ് ആണ്''

ആലപ്പുഴയില്‍ എത്തിയതിനു ശേഷം പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം മറ്റേതോ പടത്തിന്റെ ഷൂട്ടിങ്ങിനു പോയി. പിന്നെ നേരില്‍ കാണുന്നത് ഇന്നാണ്. ജീവനറ്റ ശരീരമായി.

കോളിളക്കം സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകരണ സമയത്തു, ഹെലിക്കോപ്റ്ററില്‍ കയറി രക്ഷപ്പെടുന്ന ബാലന്‍ കെ. നായര്‍ എന്ന വില്ലനെ പിടിക്കാനായി ബൈക്കില്‍ വരുന്ന സുകുമാരനും, ജയനും. സുകുമാരന്‍ ഓടിക്കുന്ന ബൈക്കിന്റെ പിറകില്‍ ഇരിക്കുന്ന ജയന്‍, ഉയര്‍ന്നു പൊങ്ങിയ ഹെലികോപ്റ്ററില്‍ ലാന്‍ഡിംഗ് പാഡില്‍ കയറി പിടിക്കുന്നു. തൂങ്ങിക്കിടക്കുന്ന ജയനെയും കൊണ്ട് ഹെലികോപ്റ്റര്‍ ഉയരുന്നു. ഇത്രയുമാണ് ഷോട്ട്. മൂന്നു വ്യത്യസ്ത ആംഗിളുകളില്‍ ഒരേ സമയം മൂന്നു കാമറ വെച്ച് ഈ രംഗം ഷൂട്ട് ചെയ്തു. ആദ്യത്തെ ടേക്ക് ഓക്കേ ആയെങ്കിലും ജയന്റെ അഭ്യര്‍ഥന പ്രകാരം മൂന്നു പ്രാവശ്യം എടുത്തു. മൂന്നും ഓക്കേ ആയിരുന്നു. പക്ഷെ, ജയന്‍ ഒരു ടേക്ക് കൂടി എടുക്കാം എന്ന് പറഞ്ഞു നിര്‍ബന്ധിച്ചപ്പോള്‍ അവസാനം സംവിധായകന്‍ വഴങ്ങി. ജയന്റെ മനസ്സില്‍ വേറെ ചില പ്ലാന്‍ ഉണ്ടായിരുന്നു. ഹെലികോപ്റ്റര്‍ ഉയരുന്നത് വരെ മാത്രമായിരുന്നു ഷോട്ട്. ബാക്കിയുള്ള ഭാഗങ്ങള്‍, കോപ്റ്റര്‍ താഴെ കൊണ്ട് വന്നു പത്തു അടി ഉയരത്തില്‍ നിര്‍ത്തിയിട്ടു വിശദമായി എടുക്കാം എന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍, ജയന്റെ ഉദ്ദേശം ഈ ഷോട്ടില്‍ തന്നെ സ്റ്റണ്ട് മുഴുവന്‍ ചെയ്യണം എന്നായിരുന്നു. ഇതാണ് ഹെലികോപ്റ്ററില്‍ ബാലന്‍സ് നഷ്ടപ്പെടാനും അത് ക്രാഷ് ചെയ്യാനും ഇടയായത്.

സാഹസികത ജയന്റെ കൂടപ്പിറപ്പായിരുന്നു. ഡ്യൂപ് ഉപയോഗിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. എല്ലാ സ്റ്റണ്ടുകളും സ്വയം ചെയ്യാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. ആ സാഹസികത നാല്‍പത്തി ഒന്നാമത്തെ വയസ്സില്‍ ആ ജീവിതത്തിന് വിരാമമിട്ടു.


TAGS :