കെ.കെ കൊച്ച്, അഥവാ ദലിതൻ
ആദ്യം ഇടതുപക്ഷ ആശയങ്ങളിലും പിന്നീട് ദലിത് ആത്മാഭിമാന പ്രസ്ഥാനങ്ങളിലും അദ്ദേഹം സഹകരിക്കുകയും അവയുടെ ആശയ രൂപീകരണത്തിന് തൻ്റേതായ വലിയ സംഭാവനകൾ നല്‍കുകയും ചെയ്തു.

അംബേദ്ക്കറിസമെന്നോ ദലിത് ആക്ടിവിസമെന്നോ വിളിക്കപ്പെടുന്ന സാമൂഹ്യമണ്ഡലത്തിൽ വ്യതിരിക്തവും എന്നാൽ ശ്രദ്ധേയവുമായ സ്ഥാനമാണ് കെ.കെ കൊച്ചിനുള്ളത്. കേരളത്തിലെ ഭൂപരിഷ്കരണം കുടിക്കിടപ്പുകാരായ ദലിതർക്ക് യാതൊരു പ്രയോജനവും കിട്ടിയില്ലെന്നത് 1985ല്‍ കെ.കെ കൊച്ച് സ്വന്തമായി അച്ചടിച്ചു വിതരണം ചെയ്ത ലഘുലേഖയിലൂടെ അറിയിക്കുമ്പോഴാണ് കേരളീയ പൊതുമണ്ഡലത്തിൽ അത് വിഷയമായി ഉയരുന്നത്.
അതിന് മുമ്പ് തന്നെ എഴുത്തുകാരൻ എന്ന നിലയിലും സാമൂഹ്യ ഇടപെടലുകൾ നടത്തുന്ന വ്യക്തി എന്ന നിലയിലും കെ.കെ കൊച്ച് കേരളീയ പൊതുവിടങ്ങളിൽ അറിയപ്പെട്ടിരുന്നു.
ദലിത് ജനവിഭാഗങ്ങളെ സംബന്ധിച്ച് തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ അതിൻ്റെ ഉച്ചസ്ഥായിലായിരുന്ന 1949 കാലത്താണ് അദ്ദേഹം ജനിക്കുന്നത്. ഭരണഘടന രൂപപ്പെടുകയും ആ ഭരണഘടന എല്ലാ സമൂഹങ്ങൾക്കും തുല്യത ഉറപ്പ് നൽകുകയും ചെയ്ത് മുന്നോട്ട് പോകുന്ന കാലത്താണ് അദ്ദേഹവും പൊതു ഇടത്തിലേക്ക് കാൽവെയ്ക്കുന്നത്. തുല്യത എന്നതിന് കടലാസിലെഴുതിയതിൻ്റെ വില പോലും കൽപ്പിക്കാത്ത പൊതുബോധങ്ങളോട് എത്ര ശക്തമായി കലഹിച്ചാവണം അദ്ദേഹം തൻ്റെ ഇടം നേടിയെടുത്തത്.
ആദ്യം ഇടതുപക്ഷ ആശയങ്ങളിലും പിന്നീട് ദലിത് ആത്മാഭിമാന പ്രസ്ഥാനങ്ങളിലും അദ്ദേഹം സഹകരിക്കുകയും അവയുടെ ആശയ രൂപീകരണത്തിന് തൻ്റേതായ വലിയ സംഭാവനകൾ നല്‍കുകയും ചെയ്തു. എങ്കിലും വ്യവസ്ഥാപിതമായ ഏതെങ്കിലും സംഘടനയുടെയൊ രാഷ്ടീയ പാർട്ടിയുടെയോ കീഴിൽ ഒരു കാലത്തും അദ്ദേഹം നില കൊണ്ടിട്ടില്ല. എന്നാൽ ദലിത് ബഹുജൻ വിശാല ഐക്യത്തിൻ്റെ ആശയം അദ്ദേഹത്തിൻ്റെ ജിവിതത്തിൽ ഉടനീളം പ്രസരിപ്പിച്ചു കൊണ്ടിരുന്നു.
പൊതു സമൂഹത്തിലും സ്വസമുദായത്തിലും ഉള്ള പല കാര്യങ്ങളോടും വിയോജിപ്പുകൾ വെട്ടി തുറന്ന് പറയുന്നതിന് യാതൊരു മടിയും അദ്ദേഹം പുലർത്തിയിരുന്നില്ല.
അദ്ദേഹത്തിലെ വിശാല ജനാധിപത്യവാദിയെ ഉൾക്കൊള്ളുന്ന തലത്തിലേക്ക് വികസിക്കാൻ പൊതുമണ്ഡലത്തിന് ആവാത്തതിനാലാകും അദ്ദേഹത്തിന് ഒരു കാലത്തും അർഹമായ അംഗികാരങ്ങൾ ലഭിച്ചിരുന്നില്ല. അവസാനകാലത്ത് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായി ഇടപെടുകയും ഒരുപക്ഷേ തൻ്റെ അഭിപ്രായങ്ങൾക്ക് താഴെ വരുന്ന അത്യന്തം പ്രകോപനപരവും അധിഷേപപരവുമായ പരാമർശങ്ങൾക്ക് പോലും, സൗമ്യതയോടെ മറുപടി നൽകുന്നത് കാണാനാകുമായിരുന്നു.
കേരള ചരിത്രവും സാമൂഹ്യരൂപീകരണവും പോലെ ഗാംഭീര്യമാർന്ന ചരിത്ര വിശകലന രചകൾ നടത്തിയ മഹാ മനീഷിയാണ്, ആർക്കും കയറി എന്തും പറയാവുന്ന സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന അധിക്ഷേപങ്ങൾക്ക് പോലും അത്യന്തം ക്ഷമയോടെ തൻ്റെ വാദങ്ങൾ പറഞ്ഞു കൊണ്ടിരുന്നത് എന്നത് അദ്ദേഹത്തിൻ്റെ വിശാല ജനാധിപത്യ ബോധത്തെ ജീവിതത്തിൽ പ്രയോഗവത്കരിക്കാനുള്ള ശ്രമത്തെ വ്യക്തമാകുന്നുണ്ട്.
ദലിതൻ എന്നത് കൊച്ചേട്ടൻ്റെ ആത്മകഥയുടെ പേരാണ്. മുഖ്യധാരയിൽ ഇടം നേടിയെടുത്ത ദലിതൻ്റെ ജീവിതമാണ് കെ.കെ കൊച്ച് അദ്ദേഹത്തിൻ്റെ ആത്മകഥയിലൂടെ പ്രകാശിതമാക്കിയത്. കേരളത്തിന് കൊച്ചേട്ടൻ നൽകിയ സംഭാവനകൾ അറിയാൻ ആ ആത്മകഥ വേണമെന്നില്ല. പക്ഷേ ആ ആത്മകഥ കെ .കെ കൊച്ച് എന്ന വ്യക്തിക്കപ്പുറമായി കേരളീയ ദലിത് ജീവിതത്തെ അടയാളപ്പെടുത്തുന്നു.
കൊച്ചേട്ടൻ്റെ വിയോഗം കേരളത്തിലെ അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് വലിയ നഷ്ടം തന്നെയാണ്. അതിലുമപ്പുറം കേരളീയ മണ്ഡലത്തിന് ആശയപരമായും വൈജ്ഞാനികമായും വലിയ വിടവുമാണ്