Quantcast
MediaOne Logo

അന്‍ഫസ് എന്‍.

Published: 12 March 2025 12:19 PM

ന്യൂസിലാൻഡിന്റെ ജയത്തിലെത്താത്ത പരാജയങ്ങൾ

2019ലെ ഏകദിന ലോകകപ്പിൽ ഭാഗ്യം തുണക്കാതെ ടീം, ഇംഗ്ലണ്ടിനു മുൻപിൽ വീഴുമ്പോഴും തളരാതെ, സംയമനം കൈവിടാതെ, നിസ്സഹായതയുടെ പുഞ്ചിരിയുമായി നിൽക്കുന്ന വില്യംസൺ ഗ്രൗണ്ടിലെ നല്ല കാഴ്ചകളിൽ ഒന്നാണ്.

ന്യൂസിലാൻഡിന്റെ ജയത്തിലെത്താത്ത പരാജയങ്ങൾ
X

അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രാരംഭഘട്ടങ്ങളിലുണ്ടായ സെമിഫൈനലുകളിലെ വീഴ്ചയും സ്ഥിരതയില്ലായ്മയും വലച്ചുകൊണ്ടിരുന്ന ന്യൂസിലാൻഡ് ടീമിന്റെ രണ്ടാമിന്നിങ്സിലെ പ്രകടനം ഏവരെയും മോഹിപ്പിക്കുന്നതായിരുന്നു. കിതച്ചുകൊണ്ട് തുടങ്ങിയ കിവീസ് ചുരുങ്ങിയ കാലത്തിനുള്ളിൽ ലോകക്രിക്കറ്റിലെ വമ്പൻമാരുമായി കിടപിടിക്കുന്ന വിധത്തിൽ കുതിച്ചുപറക്കുകയായിരുന്നു.

ക്രിക്കറ്റ് എന്നത് മാന്യരുടെ കളിയാണെന്ന വാക്യത്തെ ഇത്രയധികം പ്രയോഗവൽക്കരിച്ച മറ്റൊരു ടീം വേറെയുണ്ടോ എന്നത് സംശയമാണ്. അന്താരാഷ്ട്ര ടൂർണമന്റുകളിൽ അവകാശപ്പെടാനായി കിരീടങ്ങളധികമില്ലെങ്കിലും സമീപകാലത്തെ ശ്രദ്ധേയമായ ടൂർണമെന്റുകളിലെല്ലാം ടീം ഫൈനലിൽ കയറി. പോയവർഷങ്ങളിലെ കൊട്ടിക്കലാശങ്ങൾക്ക് സമാനമായി ചാമ്പ്യൻസ് ട്രോഫിയിലും ഫൈനലിൽ ഇന്ത്യയുടെ മുൻപിൽ പൊരുതിവീണ ന്യൂസിലാൻഡ് ടീമിന്റെ 'ജയത്തിലെത്താത്ത പരാജയങ്ങൾ' ക്രിക്കറ്റ്പ്രേമികൾക്കിടയിൽ പുതിയ ചർച്ചാവിഷയമായിരിക്കുകയാണ്. ഈ ലേഖനത്തിൽ ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ ഉയർച്ചയും താഴ്ചയും പരിശോധിക്കാം.

കിതച്ചു കൊണ്ടുള്ള തുടക്കം

ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിലേക്കൂളിയിട്ടാൽ 1930ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ(ഐസിസി) അംഗത്വമെടുത്തു. വെല്ലുവിളികൾ നിറഞ്ഞതായിരുന്നു തുടക്കം. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും ടീം കാര്യമായ വിജയങ്ങൾ നേടിയില്ല. അനുഭവസമ്പത്തിന്റെയും സൗകര്യങ്ങളുടെയും അഭാവം തന്നെയായിരുന്നു പ്രധാന വില്ലൻ.

പതിയെ താളം കണ്ടെത്തുന്നു

1980-90 കളിലേക്ക് കടന്നതോടെ ടീം മെച്ചപ്പെട്ടു തുടങ്ങി. താളം കണ്ടെത്താൻ പ്രയാസപ്പെട്ട കാലത്തുനിന്നും റിച്ചാർഡ് ഹാഡ്‌ലി,മാർട്ടിൻ ക്രോ,ജെഫ് ക്രോ, ജോൺ റൈറ്റ് തുടങ്ങിയ പ്രതിഭാശാലികൾ അന്താരാഷ്ട്ര തലത്തിൽ ന്യൂസിലാൻഡിന്റെ സ്ഥാനമുറപ്പിച്ചു. 1992ലെ ലോകകപ്പിലെ സെമി പ്രവേശനം ശ്രദ്ധേയമായി. ആക്രമണോത്സുകതയും സ്വതസിദ്ധമായ ശൈലിയിലൂടെയും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ന്യൂസിലാൻഡ് ടീം വളരുകയായിരുന്നു.


സ്ഥിരതയാർന്ന പ്രകടനം, കിവികളുടെ കുതിച്ചു പറക്കൽ

2000ങ്ങളിലെ സ്ഥിരതയാർന്ന പ്രകടനം ന്യൂസിലാൻഡ് ടീമിനെ ലോകക്രിക്കറ്റിലെ ഒഴിച്ചുകൂടാനാവാത്ത ശക്തികളിലൊന്നായി എണ്ണാൻ തുടങ്ങി. സ്റ്റീഫൻ ഫ്ലെമിങ്, ഡാനിയൽ വെട്ടോറി, ബ്രണ്ടൻ മക്കല്ലം, റോസ് ടെയിലർ തുടങ്ങിയവർ ക്രിക്കറ്റ് വിദഗ്ധരുടെ ചർച്ചകളിൽ ടീമിനെ സജീവമാക്കി നിലനിർത്തി. 2019ന്റെ തുടക്കത്തിലുള്ള ടെസ്റ്റ്, ഏകദിന മത്സരങ്ങളിലെ കിവീസ് ടീമിന്റെ പ്രകടനം കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. 2015ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലുടനീളം നടത്തിയ പ്രകടനം ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിന്റെ ഉയർച്ചയുടെ പ്രധാന നാഴികക്കല്ലായിരുന്നു.

2019 ലോകകപ്പിൽ ന്യൂസിലാൻഡ് ടീം വീണ്ടും ഫൈനലിലെത്തി. ക്രിക്കറ്റ് ചരിത്രത്തിലെ ആവേശജനകമായ ഒരുപിടി മത്സരങ്ങളെടുത്താൽ അതിൽ മുൻപന്തിയിലായിരിക്കും ഇംഗ്ലണ്ടുമായുള്ള ആ ഫൈനൽ മത്സരം. ഭാഗ്യം ഇരുടീമുകളോടൊപ്പം മാറിമറിഞ്ഞ മത്സരത്തിൽ സൂപ്പർ ഓവറുംകടന്ന് ബൗണ്ടറികളെണ്ണിയാണ് ഇംഗ്ലണ്ടിനോട് അടിയറവ് പറയുന്നത്. പരാജയപ്പെട്ടെങ്കിലും ടീമിന്റെ മികവാർന്ന പ്രകടനം അവിടെയും ചർച്ച ചെയ്യപ്പെട്ടു.

പരിമിതികൾ പ്രകടനത്തെ ബാധിക്കുന്നു

ലോക ക്രിക്കറ്റിലെ വൻ ശക്തികളിലൊന്നാണ് ന്യൂസിലാൻഡ് ഇപ്പോൾ. മൂന്ന് ഫോർമാറ്റുകളിലും വിശിഷ്യാ ടെസ്റ്റിലും ഐസിസി ടൂർണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. സമീപകാലത്തെ അവരുടെ പ്രകടനങ്ങൾ അതിനുദാഹരണമാണ്. 2010നു ശേഷം ന്യൂസിലാൻഡ് ടീം അവരുടെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

എന്നിരുന്നാലും, ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം കളിക്കളത്തിന് പുറത്ത് കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. രാജ്യത്തെ സംബന്ധിച്ചിടത്തോളം റഗ്ബി പോലുള്ള മറ്റു കായിക ഇനങ്ങളോട് താരതമ്യം ചെയ്യുമ്പോൾ ക്രിക്കറ്റിന് കുറഞ്ഞ ജനപ്രീതിയാണുള്ളത്. അതുകൊണ്ടുതന്നെ ടാലന്റ് പൂളിനെയും അതുവഴിയുള്ള പ്രധാന സൗകര്യങ്ങളും വിഭവങ്ങളും ടീമിന് നഷ്ടം.

ഇന്ത്യ,ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ വലിയ ക്രിക്കറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ന്യൂസിലാൻഡിൽ ഫണ്ടിങ് വളരെ കുറവാണ്. ഇത് അന്താരാഷ്ട്ര മത്സരങ്ങൾക്കും ടീമിന്റെ ഒരുക്കങ്ങൾക്കും തടസ്സമാകുന്നുണ്ട്. നിർണായക മത്സരങ്ങളിലേക്ക് വരുമ്പോൾ പരിക്കു മൂലം സുപ്രധാന താരങ്ങൾ പുറത്തിരിക്കുന്നത് ടീമിന് സ്ഥിരത നഷ്ടപ്പെടാൻ കാരമാകുന്നു. ന്യൂസിലൻഡിലെ ബാറ്റിംഗ് പിച്ചിൽ നല്ല വിജയശതമാനമുണ്ടെങ്കിലും വിദേശപര്യടനം പലപ്പോഴും ദുഷ്കരമായി മാറുന്നുമുണ്ട്.

കുന്തമുനകൾ ഇവരെല്ലാം;

മക്കല്ലം തുടങ്ങിവച്ചത്

ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ സുവർണ്ണഘട്ടത്തിൽ നായകപദവി ഏറ്റെടുത്ത ബ്രണ്ടൻ മക്കല്ലം ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ബാറ്റിംഗ്, ബൗളിംഗ്,ഫീൽഡിങ് തുടങ്ങിയവയിലെല്ലാം മികവ് പുലർത്തിയ മക്കല്ലം ടീമിന്റെ ഹൃദയമായി മാറുകയായിരുന്നു.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടീം ഉയരങ്ങൾ കീഴടക്കി. ഒരു ടീമെന്ന നിലയിൽ വിജയിക്കണമെങ്കിൽ ഒത്തൊരുമയും ആത്മവിശ്വാസവും അനിവാര്യമാണെന്നത് മക്കല്ലം കിവീസിനെ പഠിപ്പിച്ച പാഠം. 2015 ഏകദിന ലോകകപ്പിൽ ടീമിനെ ഫൈനലിലേക്കെത്തിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതൊന്നുമല്ല.



മക്കല്ലത്തിന്റെ ആക്രമണോത്സുക ശൈലിയും ക്യാപ്റ്റൻസിയിലെ മികവും ന്യൂസിലാൻഡ് ടീമിന് പുതിയൊരു ഐഡന്റിറ്റി നൽകി. മുൻപും ശേഷവും പ്രതിഭാധനരായ ധാരാളം കളിക്കാർ ഉണ്ടായിരുന്നെങ്കിലും ന്യൂസിലൻഡ് ക്രിക്കറ്റിന് ഭാവിയിലേക്കുള്ള വഴി തുറന്നിട്ടതിൽ 'മക്കല്ലം യുഗം' നിർണായക പങ്കുവഹിച്ചു.

വില്യംസണിന്റെ ചിറകിലേറി

വർത്തമാന ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റുകളിലെയും ഒരുപിടി മികച്ച താരങ്ങളെ നോക്കിയാൽ അതിന്റെ മുൻപന്തിയിലുണ്ടാകും കെയിൻ വില്യംസൺ. സാങ്കേതികതയിലെ മികവും ശാന്തതയും കൈമുതലാക്കി ബാറ്റ് വീശിയ വില്യംസൺ ടീമിന്റെ നായകത്വം ഏറ്റെടുത്തതോടെ കിവികൾ വീണ്ടും ഉയരങ്ങൾ തൊട്ടു. വില്യംസണിന്റെ നേതൃത്വത്തിൽ 2019 ഏകദിന ലോകകപ്പ് ഫൈനലിലും ടീം കടന്നു. മൂന്ന് ഫോർമാറ്റിലും ഒരുപോലെ മികവ് തെളിയിക്കുകയും ഉയർന്ന ശരാശരി നിലനിർത്തുകയും ചെയ്ത വില്യംസൺ ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ നെടുംതൂണുകളിലൊന്നാണ്.


സാന്റ്നർ യുഗം

താരതമ്യേന വലിയ നായകപരിവേഷമൊന്നുമില്ലാത്ത മിച്ചൽ സാന്റനറായിരുന്നു ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ടീമിനെ നയിച്ചിരുന്നത്. വിമർശനങ്ങൾക്കും ടൂർണമെന്റിനുമൊടുവിൽ ചാമ്പ്യൻസ് ട്രോഫിയിലെ മികച്ച ഇലവനെ ഐസിസി പ്രഖ്യാപിച്ചപ്പോൾ അവിടെയും സാന്റ്നർ തന്നെയായിരുന്നു കപ്പിത്താൻ.

വിജയനായകനായ ഇന്ത്യയുടെ രോഹിത് ശർമയെ മറികടന്നാണ് സാന്റ്നർ എത്തുന്നത്. ഒരുപിടി യുവതാരങ്ങളുമായിട്ടാണ് ടീമിനെ ഒരുക്കിയതെങ്കിലും കിരീട ഫേവറേറ്റുകൾ തന്നെയായിരുന്നു കിവികൾ.


ന്യൂസിലാൻഡ് ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോകാൻ സാന്റ്നർക്കായി എന്നതാണ് അവശേഷിക്കുന്ന ആശ്വാസം. ടൂർണമെന്റുകളിൽ എത്രയൊക്കെ ഗംഭീരമായ പ്രകടനം കാഴ്ചവച്ചാലും 'പടിക്കൽ കലമുടക്കുന്ന' ഫൈനലിലെ നിർഭാഗ്യം ഇത്തവണയും വിട്ടുമാറിയില്ല എന്നുവേണം കൂട്ടി വായിക്കാൻ. ഏതായാലും ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണ്.

2000ത്തിലെ നോക്ക്ഔട്ട് ട്രോഫിയിൽ ജേതാക്കളായതിന് ശേഷം 2021 ലെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചത് മാത്രമാണ് ആശ്വസിക്കാനുള്ള കിരീടം. കടലാസിലെ കണക്കുകൾ ഇങ്ങനെയാണെങ്കിലും സമീപകാലത്തെ ടൂർണമെന്റുകളിലെല്ലാം ഫൈനലിൽ കേറുന്നുവെന്നത് പ്രതീക്ഷയാണ്.

വാഴ്ചയും വീഴ്ചയും

'തുടർച്ചയായി കയറിപ്പറ്റിയ ഫൈനലുകൾ, എണ്ണം പറഞ്ഞ പ്രതിഭാധനരായ കളിക്കാർ, ടൂർണമെന്റുകളിലെ മോഹിപ്പിക്കുന്ന പ്രകടനങ്ങൾ..'

ലോകക്രിക്കറ്റിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ വിസ്മയകരമായ കുതിപ്പുനടത്തിയ ടീമാണ് ന്യൂസിലാൻഡ്. ക്രിക്കറ്റ് എന്നത് കളി മികവിനും സ്ഥിരക്കും ക്ഷമതയ്ക്കും പ്രാധാന്യമുള്ള കായികയിനമാണ് എന്നതാണ് വെപ്പ്. എന്നാൽ അതിനേക്കാളുപരി ഭാഗ്യനിർഭാഗ്യങ്ങൾ ചേർന്നുനിന്ന് മത്സരഗതി നിർണയിക്കുന്ന കളിയാണ് ക്രിക്കറ്റെന്ന് ന്യൂസിലൻഡ് ടീമിനെ നിരീക്ഷിക്കുന്നവർക്ക് അറിയാനാകും.

2019ലെ ഏകദിന ലോകകപ്പിൽ ഭാഗ്യം തുണക്കാതെ ടീം ഇംഗ്ലണ്ടിനു മുൻപിൽ വീഴുമ്പോഴും തളരാതെ, സംയമനം കൈവിടാതെ, നിസ്സഹായതയുടെ പുഞ്ചിരിയുമായി നിൽക്കുന്ന വില്യംസൺ ഗ്രൗണ്ടിലെ നല്ല കാഴ്ചകളിൽ ഒന്നാണ്.


ടൂർണമെന്റുകളൊക്കെയും ഗംഭീരമായി തുടങ്ങുകയും അതിശയിപ്പിക്കുന്ന പ്രകടനങ്ങളുമായി നോകൗട്ടുകളെല്ലാം അതിജയിക്കുകയും ചെയ്യുന്ന ന്യൂസിലാൻഡിന് ഫൈനലിൽ മാത്രം എന്താണ് സംഭവിക്കുന്നത്?!

ന്യൂസിലാൻഡിന്റെ 'ഫൈനലിൽ കലമുടക്കുന്ന' അവസ്ഥ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 2015 ഏകദിന ലോകകപ്പിൽ തോൽവിയറിയാതെയുള്ള ഫൈനൽ പ്രവേശനം. വീറും വാശിയും പുറത്തെടുത്ത് ഒടുക്കം കങ്കാരുക്കളോട് പരാജയപ്പെട്ടു മടക്കം.

2019ലും സമാനമായിരുന്നു അവസ്ഥ. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ബൗണ്ടറികളുടെ മുൻതൂക്കം കൊണ്ട് ഇംഗ്ലണ്ടിന് മുൻപിൽ വീണു. ഫൈനലിൽ തലകുനിക്കുന്ന ടീമിന്റെ ഘോഷയാത്ര അവിടെയും തീരുന്നില്ല. 2021ൽ കുട്ടിക്രിക്കറ്റിന്റെ ലോകമാമാങ്കത്തിൽ ഓസ്ട്രേലിയയോടും ശേഷമിപ്പോൾ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് മുന്നിലും ഫൈനലിൽ വീണിരിക്കുകയാണ്.

കിതച്ചു കൊണ്ടു തുടങ്ങിയ ടീമിന്റെ ഫൈനൽ പ്രവേശനം ആഘോഷിക്കപ്പെടേണ്ടതുതന്നെയാണ്. എന്നാലും, പ്രതിഭയും കളിമികവും കൊണ്ട് എല്ലാ കളിയും ജയിക്കാൻ കഴിഞ്ഞോണമെന്നില്ല. മറിച്ച്, മികച്ച പ്രകടനത്തോടൊപ്പം ഭാഗ്യം കൂടെ ടീമിനെ തുണക്കുമ്പോൾ മാത്രമാണ് ഫലം അനുകൂലമാവുക എന്നതിന്റെ ഉത്തമോദാഹരണം കൂടിയാണ് ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം. ഭാഗ്യനിർഭാഗ്യങ്ങൾ ചേർന്നു നിൽക്കുന്നതുകൊണ്ട് മാത്രം എത്രയെത്ര കളികളാണ് അങ്ങനെ ദിശമാറി നീങ്ങിയത്.

ഏതായാലും, ഇത്രയും സൗമ്യമായിട്ട് ക്രിക്കറ്റ് കളിക്കുകയും ഇത്രയും ആർജ്ജവത്തോടെ ഫൈനലിൽ പ്രകടനം നടത്തുകയും നിർഭാഗ്യവശാൽ കിരീടം ചുണ്ടോടടുപ്പിക്കാനാകാതെ പോകുകയും ചെയ്ത കിവികൾ വരുംനാളിൽ ഫിനിക്സ് പക്ഷിയെപോലെ ഉയർന്നുവരിക തന്നെചെയ്യും. നിർഭാഗ്യത്തിന്റെ കുഞ്ഞനാകാശങ്ങൾ അവർക്കു മുന്നിൽ കീഴടക്കലുകളുടെ അനന്തമായ ചക്രവാളങ്ങൾ തുറന്നിടുന്ന നാളുകളിലേക്കുള്ള ദൂരം അത്ര വിദൂരമല്ല.

TAGS :