വീണ വിജയന്‍
മുഖ്യമന്ത്രിയും പത്‌നിയും മകളും ചെറുമകനും കേരളത്തിന് വേണ്ടിയുള്ള യൂറോപ്യന്‍ യാത്രയിലിടം പിടിച്ചതുമുതല്‍ മാധ്യമങ്ങളിലതു വിവാദം തന്നെയായിരുന്നു. അല്ലെങ്കിലും ചില മാധ്യമങ്ങള്‍ വിവാദ വ്യവസായത്തിലേര്‍പ്പെട്ട് ലാഭം കൊയ്യുകയാണെന്ന് അവരുടെ മുഖത്ത് നോക്കി തന്നെ മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. മകള്‍ വീണ വിജയനായിരുന്നു വിവാദത്തിലെ മുഖ്യനായിക. സ്വയമേവ ഐടി സംരംഭകയായ മകള്‍ ആരുടെ ഐടി സാധ്യതകള്‍ വികസിപ്പിക്കാനാണ് ശ്രമിക്കുകയെന്നതാണ് സംശയം. | പൊളിറ്റിക്കല്‍ പാര്‍ലര്‍
ഹാ പുഷ്പമേ,
അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു
രാജ്ഞി കണക്കയേ നീ....
കുമാരനാശാന്‍ രചിച്ച പ്രസിദ്ധമായ ഖണ്ഠകാവ്യമാണ് വീണപൂവ്. ഒരു പൂവിന്റെ ജനനം മുതല്‍ മരണം വരേയുള്ള അതീവ സൂക്ഷ്മങ്ങളായ ഘട്ടങ്ങളെ മനുഷ്യ ജീവിതത്തിന്റെ നൈമിഷികതയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള നാല്‍പത്തിയൊന്ന് ശ്ലോകങ്ങള്‍ അതിമധുരമാണ്. വീണുകിടക്കുന്ന പൂവാണ് കവിതയുടെ പ്രതിപാദ്യം.
മുഖ്യമന്ത്രിയും പത്‌നിയും മകളും ചെറുമകനും കേരളത്തിന് വേണ്ടിയുള്ള യൂറോപ്യന്‍ യാത്രയിലിടം പിടിച്ചതുമുതല്‍ മാധ്യമങ്ങളിലതു വിവാദം തന്നെയായിരുന്നു. അല്ലെങ്കിലും ചില മാധ്യമങ്ങള്‍ വിവാദ വ്യവസായത്തിലേര്‍പ്പെട്ട് ലാഭം കൊയ്യുകയാണെന്ന് അവരുടെ മുഖത്ത് നോക്കി തന്നെ മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. മകള്‍ വീണ വിജയനായിരുന്നു വിവാദത്തിലെ മുഖ്യനായിക. സ്വയമേവ ഐടി സംരംഭകയായ മകള്‍ ആരുടെ ഐടി സാധ്യതകള്‍ വികസിപ്പിക്കാനാണ് ശ്രമിക്കുകയെന്നതാണ് സംശയം. ഇപ്രാവിശ്യം പാര്‍ട്ടി സഖാക്കള്‍ തന്നെ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്യുകയാണ്. സ്വപ്ന തന്നെയും അവരുടെ വെളിപ്പെടുത്തലുകളില്‍, പല വിവാദങ്ങളിലും വീണ വിജയന്റെ അനല്‍പ്പമായ പങ്കിനെകുറിച്ച് വിവരിച്ചിട്ടുള്ളതാണ്. കുമാരനാശാന്റെ പൂവ് പോലെ വിജയനും ഉടന്‍ താഴെ വീഴുമെന്നാണ് അവര്‍ പ്രവചിച്ചിരിക്കുന്നത്. അപ്രകാരം വീഴുമ്പോള്‍, വീണ വിജയന്‍ എന്ന പേരിനും അദ്ധേഹം അര്‍ഹനാകുമെന്ന് അവര്‍ പ്രത്യാശിക്കുകയും ചെയ്യുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് സ്ട്രസ് രാജിവെച്ചു. സാമ്പത്തികനയങ്ങളിലെ പാളിച്ചമൂലം സംഭവിച്ച സ്ട്രസ്സുകള്‍ താങ്ങാനാവാതെയയാണ് സ്ട്രസ് രാജിവെച്ചതത്രെ. എന്തു സംഭവിച്ചാലും രാജിവെക്കാതെ ഹിമാലയം പോലെ ഉറച്ചുനില്‍ക്കുന്ന മോദിയേയും കൂട്ടരേയും കണ്ട് ഇവര്‍ക്കൊക്കെ ഏറെ പഠിക്കാനുണ്ട്. ഇപ്പോഴത്തെ പാക്കിസ്ഥാനിലുള്ള പഞ്ചാബില്‍ നിന്നും കുടിയേറിപ്പാര്‍ത്ത നേതാവാണവിടെ പുതിയ പ്രധാനന്ത്രിയായി വന്നത്. പിതാവ് ജനിച്ചത് കെനിയയില്‍. മാതാവ് താന്‍സാനിയക്കാരി. എന്നിട്ടും സുനക് ഇന്ത്യക്കാരനാണെന്നാണ് സംഘ് പ്രചാരണം.
ലാവ്‌ലിന്‍ കേസ് മുഖ്യമന്ത്രിയുടെ മുകളില്‍ വാള്‍ പോലെ തൂങ്ങിനില്‍ക്കുകയാണ്. 33 തവണയാണ് ആ കേസ് മാറ്റിവെച്ചിട്ടുള്ളത്. വാദിയും പ്രതിയും ഐക്യമുന്നണിയായി, കഴിഞ്ഞ അഞ്ച് വര്‍ഷമായി കേസ് നീട്ടിവെക്കാനാവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. സി.ബി.ഐക്കായി ചിലപ്പോള്‍ അഭിഭാഷകര്‍ ഹാജരാകാറുമില്ല. പ്ലഷറിന്റെ പേരില്‍ പ്രഷറടിച്ച ഗവര്‍ണറാകട്ടെ മുഖ്യമന്ത്രിയുമായി മല്ലയുദ്ധം നടത്താനുള്ള പുറപ്പാടിലാണ്. പിണറായി വിജയനെതിരെ പ്രോസിക്യൂഷന്‍ അനുമതി തേടി വിജിലന്‍സ് കോടതിയില്‍ നല്‍കപ്പെട്ട ഹര്‍ജിയില്‍ ഗവര്‍ണര്‍ ഉടന്‍ അനുമതി നല്‍കിയാലും മുഖ്യമന്ത്രി വീണ വിജയനാകുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ.
മൂന്നാര്‍ വളരെ രസകരമായ സ്ഥലമാണെന്ന് സഖാവ് തോമാസ് ഐസക്. സാക്ഷാല്‍ ഐസക് ന്യൂട്ടന്റെ മാതിരി, സ്വപ്നയുടെ ചെവിട്ടില്‍ പറഞ്ഞ ഒരു സ്വകാര്യം ഇപ്പോള്‍ അങ്ങാടിപ്പാട്ടാണ്. നീലക്കുറിഞ്ഞി പൂക്കൂന്ന മൂന്നാര്‍ അല്ലെങ്കിലും സ്വപ്നസുന്ദരമായ സ്ഥലം തന്നെയാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. കടകംപള്ളിയും മുന്‍ സ്പീക്കറും ഹോട്ടല്‍ മുറികളെ കുറിച്ചും ഒറ്റക്ക് വരുന്നതിനെകുറിച്ചും സംസാരിക്കുമത്രെ. വിഷയത്തില്‍ പത്രക്കാര്‍ ചോദ്യമുന്നയിച്ചപ്പോള്‍, പാര്‍ട്ടിക്ലാസ് പോലെ ഗോവിന്ദന്‍ മാഷ് പ്രതിവചിച്ചു. സ്വപ്ന സുരേഷ് വിഷയത്തില്‍ ചോദ്യമില്ല, ചര്‍ച്ചയില്ല, മറുപടിയില്ല. സമാനമായ ആരോപണത്തില്‍ പാവം എല്‍ദോ (സ് കുന്നംപള്ളി)യെ സിനിമയിലെടുത്തപോല്‍, പൊലീസ് കേസെടുത്ത് വേട്ടയാടി വരവെയാണ്, സ്വപ്നയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് പറഞ്ഞ്, ത്രിമൂര്‍ത്തികളെ തൊടാതെ വെറുതെവിടുന്നത്.
യു.കെയും കേരളവും തമ്മില്‍ യൂറോപ്യന്‍ സന്ദര്‍ശനവേളകളില്‍ കരാര്‍ ഒപ്പിട്ടുവെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ വലിയ വായില്‍ സംഭവിച്ചിരുന്നു. ഒരു സംസ്ഥാനവും യു.കെയും തമ്മില്‍ കരാര്‍ ഒപ്പുവെക്കുമൊയെന്ന് ബുദ്ധിയുള്ള ചിലര്‍ ചോദിക്കുന്നുണ്ടെങ്കിലും അവരെ തള്ളി തോല്‍പ്പിക്കുകയണ് സൈബര്‍ പോരാളിപ്പട. അതിനിടയില്‍ ഒരു പ്രധാനദുരന്തം സംഭവിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് സ്ട്രസ് രാജിവെച്ചു. സാമ്പത്തികനയങ്ങളിലെ പാളിച്ചമൂലം സംഭവിച്ച സ്ട്രസ്സുകള്‍ താങ്ങാനാവാതെയയാണ് സ്ട്രസ് രാജിവെച്ചതത്രെ. എന്തു സംഭവിച്ചാലും രാജിവെക്കാതെ ഹിമാലയം പോലെ ഉറച്ചുനില്‍ക്കുന്ന മോദിയേയും കൂട്ടരേയും കണ്ട് ഇവര്‍ക്കൊക്കെ ഏറെ പഠിക്കാനുണ്ട്. ഇപ്പോഴത്തെ പാക്കിസ്ഥാനിലുള്ള പഞ്ചാബില്‍ നിന്നും കുടിയേറിപ്പാര്‍ത്ത നേതാവാണവിടെ പുതിയ പ്രധാനന്ത്രിയായി വന്നത്. പിതാവ് ജനിച്ചത് കെനിയയില്‍. മാതാവ് താന്‍സാനിയക്കാരി. എന്നിട്ടും സുനക് ഇന്ത്യക്കാരനാണെന്നാണ് സംഘ് പ്രചാരണം. പൗരത്വനിയമം തുലയട്ടെയെന്ന മുദ്രാവാക്യം ആഞ്ഞുവിളിക്കേണ്ട സമയമായെന്ന് സാരം.
പാവം തരൂര്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചും, തോറ്റപ്പോള്‍ ജയിച്ച സ്ഥാനാര്‍ത്ഥിയെ തിരക്കിട്ട് അനുമോദിച്ചും, പുതിയ പ്രസിഡണ്ട് സ്ഥാനമേറ്റെടുക്കുന്ന സദസില്‍ പോയിരുന്നും, താന്‍ ശശിയായെന്ന് വീണ്ടും പ്രഖ്യാപിച്ചു. മഹത്തായ ഈ പുണ്യപ്രവര്‍ത്തനങ്ങളാല്‍ തരൂര്‍, സ്റ്റിയറിംഗ് കമ്മിറ്റിയിലിടം പിടിക്കുമെന്ന് പ്രതീക്ഷിച്ചുകാണും. തോറ്റ പ്രസിഡണ്ട് എന്ന പേരില്‍ ഗതികിട്ടാതലയാനായിരിക്കും ടിയാന് വിധി.
പ്രായപരിധിയുടെ വിഷയത്തില്‍ കടുംപിടുത്തം നടത്തി എതിരാളികളെ മുട്ടുകുത്തിച്ച് പാര്‍ട്ടി സെക്രട്ടറിയായ കാനത്തിന്റെ ചൈനയില്‍ പക്ഷെ, ഷീ ജിന്‍ പെങ്ങിന് മൂന്നാമൂഴത്തിന് പാര്‍ട്ടി അനുമതി നല്‍കി. പ്രായപരിധിയിലും അദ്ധേഹത്തിന് ഇളവ് ലഭിച്ചു. മുന്‍ പ്രസിഡണ്ട് ഹുജിന്റാവോയെ ഹാളില്‍ നിന്നു പുറത്താക്കിയാണ് ഷീജിന്‍ പെങ്ങ് വിജയം പ്രഖ്യാപിച്ചത്. സി. ദിവാകരനും കെ.ഇയും ഹാളില്‍ നിന്നും സ്വമേധയാ ഇറങ്ങിക്കൊടുത്തുവെന്നാണ് പാര്‍ലറിലിരുന്ന് ആളുകള്‍ പറയുന്നത്.
ലീഗില്‍ നിന്ന് പറുത്താക്കപ്പെട്ടവര്‍ പുതിയ കൂട്ടായ്മയുണ്ടാക്കുകയും മുഈനലി തങ്ങളെ ചെയര്‍മാനാക്കി മുന്നോട്ടുപോവുകയും ചെയ്യുകയാണ്. ഉടന്‍ തന്നെ ജില്ലാ ചാപ്റ്ററുകളും രൂപീകരിക്കുമത്രെ. മിക്കവാറും ഇതിന്റെ പിന്നില്‍ ഏതെങ്കിലും കോഴിബിരിയാണി കറക്കുകമ്പനിക്കാരാകാനാണ് സാധ്യത. ബിരിയാണിച്ചെമ്പിലെ കൊടുങ്കാറ്റ് എന്ന് ഈ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.
ചെപ്പടി കാണിച്ചാല്‍ പിപ്പിടിയുണ്ടാകും. പിപ്പിടിയുണ്ടായാല്‍ ചെപ്പടിയും. കേരളത്തില്‍ ഇന്ന് ഏറ്റവും പ്രചാരമുള്ള രണ്ടു വാചകങ്ങളാണ് മുകളിലുള്ളത്. കുഞ്ഞുണ്ണിക്കവിതകളുമായി കേരളം പുകള്‍പെറ്റതാവുകയാണ്. ചെപ്പടിയും പിപ്പിടിയുമില്ലാതെ പാര്‍ലറിന് തിരി താഴ്ത്തട്ടെ.