(സഹ)കരണം മറിച്ചിലുകള്‍
ഹര്‍ ഹര്‍ ബീഹാര്‍ എന്ന ആ പുതിയ മുദ്രാവാക്യം രാജ്യത്തുടനീളം അലയടിക്കുമോയെന്ന ഭയപ്പാടിലാണിപ്പോ മോദിയും കൂട്ടരും.
രാഷ്ട്രീയത്തിന്‍ ചില്ലകള്‍ തോറും കയറാം മറിയാം ചാടാം.
അങ്ങിനെ ചാടുമ്പോള്‍ പക്ഷെ, ചടുലമായ അടവുകള്‍ കയ്യടക്കത്തോടെ ചെയ്യണമെന്ന് മാത്രം. അക്കാര്യത്തില്‍ ബി.ജെ.പിയുടേത് ചാണക്യതന്ത്രമാണ്. എതിരാളികള്‍ അതിനെ ചാണകതന്ത്രമെന്നും ഗോമൂത്രസൂത്രമെന്നുമൊക്കെ കണക്കിന് കളിയാക്കാറുണ്ട്. ശകുനിയുടെ പകിട കണക്കെ, കരുനീക്കങ്ങള്‍ക്കിടയില്‍ മനസില്‍ കണ്ടത് മാനത്ത് നിന്നെടുത്ത്, ബി.ജെ.പി വിജയം വരിക്കും.
കര്‍ണാടകത്തിലെ കഴുതക്കച്ചവടത്തിന് ശേഷമുള്ള കുതിരപന്തയം നടന്നത് അങ്ങ് മഹാരാഷ്ട്രയിലാണ്. തങ്ങളെ പുറകില്‍ നിന്ന് കുത്തിയവരെ ബി.ജെ.പി, ശിവസേനയെ നെടുകെ പിളര്‍ത്തി മുന്നിലൂടെ മലര്‍ത്തിയടിച്ചു. പക്ഷെ, മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചു കാത്തിരുന്ന ഫഡ്‌നാവിസിനെ ഈ പന്തയത്തില്‍ ബി.ജെ.പി കേന്ദ്രനേതൃത്വം പണയം വെച്ചു. പിണങ്ങിപ്പോയ ആ നായകനെ കണ്ണുരുട്ടി അനുനയിപ്പിച്ച്, ഷിന്‍ഡെയുടെ കീഴില്‍ ഉപമുഖ്യമന്ത്രി കുപ്പായം തയ്പിച്ചണിയിപ്പിച്ച് രസിപ്പിച്ചു.
ബീഹാറിലും മറ്റൊരു കരണംമറിച്ചിലിന് കച്ച മുറുക്കിവരികയായിരുന്നു അവര്‍. അപകടം നേരത്തെ മണത്തറിയാനുള്ള സിദ്ധി നിതീഷ് കുമാറിനുണ്ടായി. ബി.ജെ.പിയുടെ ആലയത്തിലെ കഴുതകളും കുതിരകളുമാകാന്‍, നിതീഷ് സ്വന്തം എം.എല്‍.എമാരെ വിട്ടുകൊടുത്തില്ല. ആര്‍.ജെ.ഡിയുമായി കൈകോര്‍ത്ത് രാത്രിക്ക് രാത്രി രാജിവെച്ച് കളംമാറിചവിട്ടി. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ബീഹാറിന്റെ എട്ടാമത് മുഖ്യമന്ത്രിയായി നിതീഷ് തന്നെ കസേരയില്‍ കയറിയിരുന്നു. ഹര്‍ ഹര്‍ ബീഹാര്‍ എന്ന ആ പുതിയ മുദ്രാവാക്യം രാജ്യത്തുടനീളം അലയടിക്കുമോയെന്ന ഭയപ്പാടിലാണിപ്പോ മോദിയും കൂട്ടരും.
അസ്സലായി നിക്ഷേപം ആളുകളില്‍ നിന്നും ഇരുകയ്യും നീട്ടി സ്വീകരിക്കുക. പാവങ്ങളും പ്രവാസികളും അവരുടെ വിയര്‍പ്പ് വിറ്റുണ്ടാക്കിയ പണമായിരുന്നു അതില്‍ പലതും. രോഗം, വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ സ്വപ്നങ്ങളാണ് ഈ നോട്ടുതുട്ടുകളായി ലോക്കറുകളിലിരുന്നത്. ഒടുവില്‍ ഒരത്യാവശ്യത്തിന് പണം ചെന്ന് ചോദിച്ചപ്പോള്‍, മാനേജര്‍ കൈമലര്‍ത്തുകയായിരുന്നു. ഈ കരണം മറിച്ചിലിന് പറയുന്ന പേരാണ് സഹകരണബാങ്കുകള്‍ എന്നത്. പണം ആവശ്യപ്പെടുന്നവരോട് അത് സൗകര്യപൂര്‍വം കിട്ടുമെന്ന് പറയുന്ന തട്ടാമുട്ടി മറുപടിക്ക് ചാര്‍ത്തിക്കിട്ടിയ നാമമാണ് സഹകരണ വിപ്ലവം. അതിപ്പോള്‍ കേരളത്തില്‍ നിര്‍ബാധം തുടരുകയാണ്. നിക്ഷേപരായ പാവങ്ങളുടെ കണ്ണീരിന് മുകളിലൂടെ കപ്പലോടിക്കുകയും മാധ്യമങ്ങളില്‍ വന്ന് ജനങ്ങള്‍ക്കെതിരെ നാവിട്ടടിക്കുകയും ചെയ്യുന്ന നാവികരോട്, പാര്‍ലറിലിരുന്ന് നയതന്ത്രക്ക് സഹതപിക്കാനല്ലോ കഴിയൂ.
കൂട്ടബലാല്‍സംഗത്തിനും കൂട്ടക്കൊലക്കും ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളികളെ കാലാവധിക്ക് മുമ്പ് വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ മറ്റുപലതിലുമെന്ന പോലെ ഇക്കാര്യത്തിലും ലോകത്തിന് തന്നെ മാതൃകയാവുകയാണ്.
കൂട്ടബലാല്‍സംഗത്തിനും കൂട്ടക്കൊലക്കും ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളികളെ കാലാവധിക്ക് മുമ്പ് വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ മറ്റുപലതിലുമെന്ന പോലെ ഇക്കാര്യത്തിലും ലോകത്തിന് തന്നെ മാതൃകയാവുകയാണ്. ബില്‍ക്കീസ് ബാനു എന്ന പെണ്‍കുട്ടിയെ ഗര്‍ഭിണിയായിരിക്കെ ബലാല്‍സംഗം ചെയ്യുകയും അവരുടെ ഏഴു കുടംബാംഗങ്ങളെ കൊന്നുതള്ളുകയും ചെയതവരെയാണ് സ്വാതന്ത്ര്യപുലരിയില്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി വിട്ടയച്ചിരിക്കുന്നത്. പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കണ്ണീര്‍ കാണുന്നതിന് പകരം, കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അവരെ വിട്ടത് ശരിയായില്ല എന്ന നിസ്സാരകാര്യമാണ് ചില കൊട്ടാരം മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത്. അപ്രകാരം ജയല്‍മോചിതരായ അധമന്മാരുടെ കാല്‍തൊട്ടു വണങ്ങാനും ഹാരമണിയിക്കാനും ഇവിടെ ആളുണ്ടായി. ഇതെന്തേ ഇങ്ങിനെയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനോട് ചോദിച്ചപ്പോള്‍, സ്വാഭാവികമെന്നായിരുന്നു പ്രതികരണം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി തന്നെ. എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറി ജയിലില്‍ നിന്നിറങ്ങിയപ്പോള്‍ പൂമാലയിട്ടല്ലേ സ്വീകരിച്ചതെന്ന മറുചോദ്യം കേട്ട് കേരളജനത ശരിക്കും ഞെട്ടി. സ്ത്രീയടെ അന്തസ്സുയര്‍ത്തുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേതെന്ന് കൂടി അദ്ധേഹം പറഞ്ഞപ്പോള്‍ കണ്ണീര്‍ തുളുമ്പിയ കൂട്ടച്ചിരിയാണ് പാര്‍ലറിലുണ്ടായത്.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണെങ്കിലും കേരളനിയമസഭയില്‍ പക്ഷെ, ബി.ജെ.പിക്ക് പ്രതിനിധിയില്ല. ആ കുറവാണ് ഇപ്പോള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നികത്തിവരുന്നത്. ഭരണപക്ഷം കൊണ്ടുവന്ന 11 ഓര്‍ഡിനന്‍സുകള്‍ക്കാണ് ഗവര്‍ണര്‍ പുല്ലുവില കല്‍പ്പിച്ചത്. ഇപ്രകാരം ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണിങ്ങനെയൊരു ഗവര്‍ണര്‍പടയെ തീറ്റിപ്പോറ്റുന്നതെന്നാണ് സഖാക്കള്‍ ചോദിച്ചുകൊണ്ടിരിക്കുന്നത്. നിയമം കൃത്യമായി രൂപപ്പെടത്തി ചര്‍ച്ചചെയ്തു പാസാക്കാനല്ലെങ്കില്‍ പിന്നെ പാട്ടും പാടിയിരിക്കാനാണോ കാശും മുടക്കി നിയമസഭ ചേരുന്നതെന്നാണ് ഗവര്‍ണര്‍ തിരിച്ചു ചോദിച്ചത്. സര്‍വ്വകലാശാലകളില്‍ നടക്കുന്നത് കന്നുകാലിക്കച്ചവടമാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെതന്നെ അഭിപ്രായപ്പെട്ടിരുന്നു. സഖാക്കളുടെ പ്രിയതമമാര്‍ പിന്‍വാതിലിലൂടെ സര്‍വ്വകലാശാലകളില്‍ തള്ളിക്കയറ്റപ്പെടുന്ന തലതിരിഞ്ഞ കലാസംവിധാനമാണ് ഉന്നതവിദ്യാഭ്യാസ രംഗത്തിപ്പോള്‍ അരങ്ങ് തകര്‍ക്കുന്നത്.
മഹാനായ നമ്മുടെ കെ.ടി ജലീല്‍ ഇതാ ഇപ്പോള്‍ കശ്മീര്‍ വിഷയവും ഏറ്റെടുത്തിരിക്കുകയാണ്. അതും തലസ്ഥാനനഗരിയായ ദില്ലിയില്‍ ചെന്ന്. ഗവേഷണ സ്വഭാവം പുലര്‍ത്തുന്നതിനാല്‍ അദ്ധേഹത്തിന് ഏതു വിഷയവും വഴങ്ങുന്ന വൈഭവമുണ്ടല്ലോ. സംഭവം വിവാദമായപ്പോള്‍ ബി.ജെ.പി പൊലീസിനെ പേടിച്ച് തലയില്‍ മുണ്ടിട്ട്, പരിപാടികളെല്ലാം റദ്ദാക്കി ഇങ്ങ് നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ആരും കാണാതിരിക്കാന്‍ എഫ്.ബി പോസ്റ്റും സധൈര്യം വിഴുങ്ങിയിട്ടുണ്ട്. സഖാവ് കെ.ടി അടുത്ത വിവാദം ഉണ്ടാക്കുന്നതിന് മുമ്പ് പാര്‍ലറില്‍ നിന്നും പിന്‍വാങ്ങട്ടെ.