Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 30 March 2024 5:30 AM GMT

കബനീ നദി ചുവന്നപ്പോള്‍: പ്രൊജെക്ഷന്‍ റൂമില്‍ കയറി പൊലീസ് ക്രൂരതയുടെ രംഗങ്ങളൊക്കെ വെട്ടി മാറ്റി

പവിത്രന് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ കിട്ടിയില്ല. പവിത്രന്‍ നിരാശനായി. പക്ഷെ, സിനിമ ഉപേക്ഷിക്കാനോ, മദിരാശി വിട്ടുപോകാനോ അവന്‍ തയ്യാറല്ലായിരുന്നു. പി.എ ബക്കര്‍ എന്റെ സുഹൃത്താണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിചയപ്പെടണമെന്നു പറഞ്ഞു. ആ പരിചയപ്പെടല്‍ മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലും, ബക്കറിന്റെയും പവിത്രന്റെയും ജീവിതത്തില്‍ ഒരു വഴിത്തിരിവ് ആവുകയും ചെയ്തു. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 28

കബനീ നദി ചുവന്നപ്പോള്‍, പി.എ ബക്കര്‍, ടി.വി ചന്ദ്രന്‍
X

എറണാകുളം മഹാരാജാസ് കോളജില്‍ എന്റെ ഒരു വര്‍ഷം സീനിയര്‍ ആയിരുന്നു പവിത്രന്‍. ആളൊരു കലാകാരനും സഹൃദയനുമൊക്കെ ആയിരുന്നു. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരാനുള്ള ആഗ്രഹവുമായി പൂനയിലെത്തി. പ്രവേശന പരീക്ഷ എന്ന കടമ്പ കടക്കാനായില്ല. അത് പവിത്രനെ വളരെ നിരാശനാക്കി. ഏതായാലും പൂന വിടാന്‍ തയാറായില്ല. അവിടെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനടുത്തുള്ള ലോ കോളജില്‍ അഡ്ഡ്മിഷന്‍ നേടി. ലോ കോളജിലെ വിദ്യാര്‍ഥി ആയിരുന്നെങ്കിലും അവിടെ ക്ലാസ്സില്‍ കയറാറില്ല. സമയം മുഴുവന്‍ ചിലവഴിക്കുന്നത് അടുത്തുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. അവിടത്തെ മലയാളി വിദ്യാര്‍ഥികളുമായി സൗഹൃദം സ്ഥാപിച്ചു. അവരോടൊപ്പം അവിടെ സമയം ചിലവഴിച്ചു. പക്ഷെ, വിദ്യാര്‍ഥി അല്ലാതിരുന്നത് കൊണ്ട് ക്ലാസ്സില്‍ കയറാന്‍ കഴിഞ്ഞില്ല. കുറച്ചു നാള്‍ അവിടെ കറങ്ങിയിട്ട്, താവളം ഒന്ന് മാറ്റാം എന്ന് കരുതി, മദ്രാസിലേക്ക് വന്നു. എന്റെ അഡ്രസ്സ് തേടിപ്പിടിച്ചു എന്നെ വന്നു കണ്ടു.

ഷൂട്ടിങ്ങിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കോളാന്‍ പറഞ്ഞിട്ടു പവിത്രന്‍ നാട്ടിലേക്കു യാത്രയായി. ബക്കര്‍ വളരെ ഉത്സാഹത്തോടെ തിരക്കഥാ രചനയില്‍ ഏര്‍പ്പെട്ടു. അന്നെനിക്ക് ഒരു ടൈപ്പ് റൈറ്റര്‍ ഉണ്ടായിരുന്നു. ബക്കര്‍ എഴുതിത്തരുന്ന ഓരോ രംഗവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യണം എന്ന് എന്നെ ശട്ടം കെട്ടിയിട്ടാണ് പവിത്രന്‍ പോയത്.

അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുക എന്നതായിരുന്നു ഉദ്ദേശം. അവിടെയും അപേക്ഷ അയച്ചു. പ്രവേശന പരീക്ഷക്ക് ഹാജരാകാനുള്ള അറിയിപ്പ് വന്നു. അപ്പോഴാണ് പവിത്രന്‍ എന്നെ തേടി വന്നത്. പ്രവേശന പരീക്ഷ എഴുതാനുള്ള തയാറെടുപ്പ് നടത്തണം. അഡയാറില്‍ പഠിച്ചവരായ ചില സുഹൃത്തുക്കള്‍ വഴി ചോദ്യപേപ്പറിന്റെമാതൃക സംഘടിപ്പിച്ചു കൊടുത്തു. അവന്‍ പരീക്ഷ എഴുതി തിരിച്ചു വന്നു. ഫലം വന്നപ്പോള്‍ അവന്‍ പൊട്ടി. അഡ്മിഷന്‍ കിട്ടിയില്ല. പവിത്രന്‍ നിരാശനായി. പക്ഷെ, സിനിമ ഉപേക്ഷിക്കാനോ, മദിരാശി വിട്ടുപോകാനോ അവന്‍ തയ്യാറല്ലായിരുന്നു. പി.എ ബക്കര്‍ എന്റെ സുഹൃത്താണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ പരിചയപ്പെടണമെന്നു പറഞ്ഞു. ആ പരിചയപ്പെടല്‍ മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലും, ബക്കറിന്റെയും പവിത്രന്റെയും ജീവിതത്തില്‍ ഒരു വഴിത്തിരിവ് ആവുകയും ചെയ്തു.

സംഭവം ഇങ്ങനെയാണ്: പരിചയപ്പെട്ടപ്പോള്‍ തന്നെ ബക്കറും പവിത്രനും സുഹൃത്തുക്കള്‍ ആയി. ആശയപരമായ ഐക്യം അവരെ പെട്ടെന്ന് അടുപ്പിച്ചു. കൂടാതെ മദിരാശിയിലെ ചേരികളില്‍ ലഭിക്കുന്ന വാറ്റുചാരായം അവരുടെ സൗഹൃദത്തെ കൂടുതല്‍ ഉന്മത്തമാക്കി.


പി.എ ബക്കറും ടി.വി ചന്ദ്രനും

ഉഷാ നന്ദിനിയെയും സുധീറിനെയും നായികാ നായകന്മാരാക്കി ബക്കര്‍ 16 എം.എം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരു സിനിമ കുറച്ചു ഷൂട്ട് ചെയ്തിരുന്നു. പിന്നെ സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം അത് നിന്ന് പോയി. 'കബനീ നദി ചുവന്നപ്പോള്‍' എന്നായിരുന്നു ആ സിനിമയുടെ പേര്. നക്‌സലൈറ് വര്‍ഗീസിന്റെ കഥയാണ് അതെന്നറിഞ്ഞപ്പോള്‍ പവിത്രന് ആവേശമായി.

''അത് നമുക്ക് പൂര്‍ത്തിയാക്കിയാലോ'' എന്നായി പവിത്രന്‍.

''വേണ്ട. അത് ഞാന്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചു. തിരക്കഥ മൊത്തത്തില്‍ മാറ്റി എഴുതി, പുതുയ ആളുകളെ വെച്ച് ചെയ്യണം '' ബക്കര്‍ പറഞ്ഞു.

സുധീറും ഉഷാനന്ദിനിമായുള്ള ചില പ്രേമരംഗങ്ങളുടെ സ്റ്റില്‍സ് ചില സിനിമാ പ്രസിദ്ധീകരണങ്ങളില്‍ വന്നത് ഞാന്‍ കണ്ടിരുന്നു. ഒരു കൊമേര്‍ഷ്യല്‍ സിനിമയുടെ ലാഞ്ചനയാണ് ആ ചിത്രങ്ങളില്‍ നിന്ന് കിട്ടിയത്.

''തികച്ചും വ്യത്യസ്തമായ കലാമേന്മയുള്ള ഒരു സിനിമ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം'' ബക്കര്‍ പറഞ്ഞു.

പവിത്രന്‍ തന്റെ ഊശാന്‍ താടി ഒന്ന് ചൊറിഞ്ഞു.

''നക്‌സലൈറ് വര്‍ഗീസ് എന്റെ ഹീറോ ആണ്. അദ്ദേഹത്തെ കുറിച്ച് ഒരു സിനിമ ചെയ്താല്‍, ചരിത്രത്തില്‍ അദ്ദേഹത്തെ ശക്തമായി അടയാളപ്പെടുത്താന്‍ കഴിയും ''

ബക്കര്‍ പവിത്രന്റെ മുഖത്തേക്ക് ഉറ്റു നോക്കി. തന്റെ ആശയങ്ങളോട് ഇത്രയും യോജിക്കുന്ന ഒരാളെ അദ്ദേഹം ആദ്യമായിട്ട് കാണുകയാണ്.

ഒരു ബീഡിക്കു തീ കൊളുത്തിയിട്ട് പവിത്രന്‍ ചോദിച്ചു.

''എത്ര ചെലവ് വരും?''

'' ആര്ഭാടങ്ങളും സിനിമാ ജാഡകളും ഒന്നുമില്ലാതെ ചെയ്താല്‍ ഒരു ലക്ഷം പോലും വേണ്ട'' ബക്കര്‍ പറഞ്ഞു.

മുന്‍പിലിരുന്ന ചാരായ ഗ്ലാസ് എടുത്തു വായിലേക്ക് കമഴ്ത്തി, ചിറി തുടച്ചിട്ട് പവിത്രന്‍ പറഞ്ഞു ''ഞാന്‍ പ്രൊഡ്യൂസ് ചെയ്യാം''.

''തന്റെ കൈയ്യില്‍ പൈസ ഉണ്ടോ? '' ബക്കര്‍ ചോദിച്ചു.

''ഒറ്റ പൈസയില്ല'' പവിത്രന്‍ പറഞ്ഞു.

''പിന്നെ?''

''നാട്ടില്‍ ഒരു ചെറിയ വീടും പറമ്പുമുണ്ട്. അത് വില്‍ക്കാം''

പവിത്രന്‍ തന്റെ ഗ്ലാസ്സിലേക്കു ചാരായം ഒഴിച്ച് കൊണ്ട് പറഞ്ഞു.

''അത് വേണ്ട. കിടപ്പാടം വിറ്റിട്ട് സിനിമ എടുക്കണ്ട''.

പവിത്രന്റെ മുന്നിലിരുന്ന ഗ്ലാസ് എടുത്തുകുടിച്ചുകൊണ്ട് ബക്കര്‍ പറഞ്ഞു.

രണ്ടുപേരും നല്ല ഫിറ്റ് ആയപ്പോള്‍ ചര്‍ച്ച അവസാനിച്ചു.

ബക്കര്‍ അണ്ണാ നഗറില്‍ ഒരു വാടക വീട്ടിലാണ് താമസം. സഹായിയായി ഭരതന്‍ എന്നൊരു പാചകക്കാരന്‍ ഉണ്ട്. (ഇദ്ദേഹം പിന്നീടൊരു സിനിമ സംവിധാനം ചെയ്തു. പേരിനിടോപ്പം ഒരു സ്ഥലപ്പേരും ഉണ്ടായിരുന്നു. അത് ഞാന്‍ ഓര്‍ക്കുന്നില്ല. പ്രശസ്ത സംവിധായന്‍ ഭരതന്‍ അല്ല.)


പി.എ ബക്കറിനും ടി.വി ചന്ദ്രനുമൊപ്പം ആദം അയ്യൂബ്

മദ്യത്തിന്റെ ലഹരിയില്‍ പറഞ്ഞ കാര്യങ്ങള്‍ ആയതു കൊണ്ട് രണ്ടു പേര്‍ക്കും ഇതൊന്നും ഓര്‍മയുണ്ടാവില്ല എന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍, പിറ്റേദിവസം പവിത്രന്‍ ബക്കറിനോട് കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഷൂട്ടിങ്ങിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിക്കോളാന്‍ പറഞ്ഞിട്ടു പവിത്രന്‍ നാട്ടിലേക്കു യാത്രയായി. ബക്കര്‍ വളരെ ഉത്സാഹത്തോടെ തിരക്കഥാ രചനയില്‍ ഏര്‍പ്പെട്ടു. അന്നെനിക്ക് ഒരു ടൈപ്പ് റൈറ്റര്‍ ഉണ്ടായിരുന്നു. ബക്കര്‍ എഴുതിത്തരുന്ന ഓരോ രംഗവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യണം എന്ന് എന്നെ ശട്ടം കെട്ടിയിട്ടാണ് പവിത്രന്‍ പോയത്. ഒരു പാക്കറ്റ് പേപ്പറും വാങ്ങിത്തന്നിരുന്നു. ബക്കര്‍ മലയാളത്തില്‍ എഴുതുന്നത് ഞാന്‍ ചൂടോടെ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു. കുറേ ദിവസങ്ങളോളം ഇത് തന്നെയായിരുന്നു എന്റെ പണി. പക്ഷെ, ഒരാവശ്യവുമില്ലാതെ ഇത് ഇത്ര കഷ്ടപ്പെട്ട് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതില്‍ എനിക്ക് അല്‍പം നീരസം ഉണ്ടായിരുന്നു. പക്ഷെ, ഓവര്‍സീസ് റൈറ്റ്‌സിനും ദേശീയ അവാര്‍ഡിന് അയക്കാനുമൊക്കെ ഇത് വേണമെന്ന് ബക്കറും പറഞ്ഞു. മാത്രമല്ല, കര്‍ണാടകയില്‍ സബ്‌സിഡിക്ക് അപേക്ഷിക്കുമ്പോഴും ആവശ്യമായി വരും. എന്റെ കയ്യില്‍ ടൈപ്പ് റൈറ്റര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഇവര്‍ എന്നെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്, അല്ലാതെ പുറത്തു കൊടുത്തു ഇത്രയും വലിയ ഒരു സ്‌ക്രിപ്റ്റ് അവര്‍ തര്‍ജ്ജമയോ ടൈപ്പിങ്ങൊ ഒന്നും ചെയ്യില്ല. (പിന്നീട് പണത്തിന്റെ ആവശ്യം വന്നപ്പോള്‍ പവിത്രന്‍ ഈ ടൈപ്പ് റൈറ്റര്‍ കൊണ്ട് പോയി മാര്‍വാഡിയുടെ അടുക്കല്‍ പണയം വെച്ചു

ഏതായാലും സ്‌ക്രിപ്റ്റ് വളരെ വേഗത്തില്‍ പുരോഗമിക്കുണ്ടായിരുന്നു. ഇടയ്ക്കു നാട്ടില്‍ നിന്ന് പവിത്രന്റെ കത്ത് വന്നു. വസ്തു വാങ്ങാന്‍ ഒരാള് വന്നിട്ടുണ്ട്. പക്ഷെ, വില വളരെ കുറച്ചാണ് പറയുന്നത്. നമ്മള്‍ ആവശ്യക്കാരായതു കൊണ്ട് കൊടുക്കാന്‍ തീരുമാനിച്ചു. അഡ്വാന്‍സ് കിട്ടിയാല്‍ ഉടനെ വരും.

രണ്ടാഴ്ചയ്ക്കുള്ളില്‍ പവിത്രന്‍ വന്നു. അപ്പോഴേക്കും തിരക്കഥയും ഏതാണ്ട് പൂര്‍ത്തിയായി. അഭിനേതാക്കളെ തീരുമാനിക്കണം. സിനിമാതാരങ്ങള്‍ ആരും വേണ്ട, പുതുമുഖങ്ങള്‍ മതി എന്ന് ഞങ്ങള്‍ തീരുമാനിച്ചു. ബക്കര്‍ അഭിനേതാക്കളെ തേടുന്നു എന്ന വാര്‍ത്ത കോടമ്പാക്കത് പാട്ടായി. പിന്നെ കോടമ്പാക്കത്തു നിന്നും അണ്ണാ നഗറിലേക്ക് ഒരു പ്രവാഹമായിരുന്നു.

ഒരു ദിവസം വൈകുന്നേരമായപ്പോള്‍ നിലമ്പൂര്‍ ബാലന്‍, പിന്നീട് പ്രശസ്തനായ നടന്‍ സുകുമാരന്‍, മീശ വിജയന്‍ (മലയാളിയായ തമിഴ് നടന്‍), സുരാസു എന്നിവര്‍ വന്നു. അന്ന് രാത്രി വലിയ മദ്യപാന സദസ്സായിരുന്നു. രാത്രി വൈകിയാണ് അത് അവസാനിച്ചത്. പലരും ഛര്‍ദിച്ചു. ചെറിയ വീട്ടിനുള്ളില്‍ സ്ഥല പരിമിതി ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും ടെറസിനു മുകളില്‍ പോയി ഷീറ്റ് വിരിച്ചും നിലത്തും ഒക്കെ കിടന്നുറങ്ങി. നേരം വെളുത്തപ്പോള്‍ ആരോ എന്നെ തട്ടിയുണര്‍ത്തി. സുകുമാരന്‍ ആയിരുന്നു.

''അയൂബ്, ഞാന്‍ പോവുന്നു.''

''ശരി''

''അയൂബിന്റെ കൈയ്യില്‍ പൈസ വല്ലതുമുണ്ടോ?'' സുകുമാരന്‍ ചോദിച്ചു.

''അയ്യോ'' ഞാന്‍ എന്റെ നിസ്സഹായത ഒറ്റവാക്കില്‍ ഒതുക്കി.

''ഒരു രൂപ തന്നാ മതി. ഞാന്‍ ബസ്സില്‍ പൊയ്‌ക്കോളാം'' അദ്ദേഹം പറഞ്ഞു.

അന്ന് സുകുമാരന്‍, നിര്‍മാല്യം എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം മറ്റു വര്‍ക്ക് ഒന്നുമില്ലാതെ കഷ്ടപ്പെടുന്ന സമയം ആയിരുന്നു. ഞാന്‍ ഒരു രൂപ കൊടുത്തു. അദ്ദേഹം മറ്റെല്ലാവരും എഴുന്നേല്‍ക്കുന്നതിനു മുന്‍പേ സ്ഥലം വിട്ടു.

രാവിലെ നായികയെ അവരുടെ ഭര്‍ത്താവു സ്‌കൂട്ടറില്‍ കൊണ്ട് വിടും. രാത്രി വന്നു വിളിച്ചു കൊണ്ട് പോകും. ഷൂട്ടിങ്ങിന്റെ തലേ ദിവസം ഞങ്ങള്‍ എല്ലാവരും നാളെ ക്യാമറയെ അഭിമുഖീകരിക്കുന്ന കാര്യം ഓര്‍ത്തു ടി.വി ചന്ദ്രന് വല്ലാത്ത ഭയം ആയിരുന്നു.

പവിത്രന്‍ നാട്ടില്‍ പോയി വസ്തുവിന്റെ രജിസ്‌ട്രേഷന്‍ കഴിഞ്ഞു പണവുമായി എത്തി. അന്ന് കേരളത്തില്‍ സബ്‌സിഡി ഇല്ല. എന്നാല്‍, കര്‍ണാടകയില്‍ ഷൂട്ട് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാരിന്റെ സബ്‌സിഡി ഉണ്ട്. അങ്ങിനെ സിനിമ ബാംഗ്ലൂരില്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. പിന്നെ അഭിനേതാക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങി. ഒരു നായകനും നായികയുമാണ് പ്രധാനമായും വേണ്ടത്. മറ്റുള്ളതൊക്കെ ചെറിയ കഥാപാത്രങ്ങള്‍ ആണ്.

''സൗന്ദര്യമുള്ളവര്‍ ആരും വേണ്ട. സാധാരണക്കാരായ ആളുകളില്‍ നിന്നും കണ്ടെത്താം.'' ബക്കര്‍ പറഞ്ഞു. പവിത്രനും അത് സമ്മതമായിരുന്നു. പിന്നെ അന്വേഷണം തുടങ്ങി. പെട്ടെന്ന് പവിത്രന്‍ പറഞ്ഞു.

''എന്റെ ഒരു സുഹൃത്ത് ഉണ്ട്. ഇവിടെ റിസര്‍വ് ബാങ്കില്‍ ജോലി ചെയ്യുന്നു. ചന്ദ്രന്‍ എന്നാണ് പേര്, ടി.വി.ചന്ദ്രന്‍''

''വരാന്‍ പറയു, നോക്കാം'' ബക്കര്‍ പറഞ്ഞു.

പിറ്റേ ദിവസം തന്നെ ചന്ദ്രന്‍ വന്നു. ഒരു യേശു ക്രിസ്തുവിന്റെ ലുക്ക്! നീണ്ട മുടിയും താടിയും. പാന്റും ജുബ്ബയുമാണ് വേഷം. തീരെ ഗ്ലാമര്‍ ഇല്ലാത്ത ഒരാള്‍ എന്ന നിലയില്‍ ബക്കറിന് ആളെ ബോധിച്ചു.

''മതി ഇയാള് മതി ഇനി വേറെ ആളെ നോക്കണ്ട'' ബക്കര്‍ പറഞ്ഞു.

അങ്ങിനെ നായകന്റെ കാര്യം തീരുമാനമായി. കഥയുടെ ഭൂരിഭാഗവും നടക്കുന്നത് ഒരു ചെറിയ മുറിക്കുള്ളിലാണ്. ബാംഗ്ലൂരിലെ ബന്ധങ്ങള്‍ മുഖേന അതും സംഘടിപ്പിച്ചു. ഇനി വേണ്ടത് നായിക. അതും ബാംഗ്ലൂരിലെ ഒരു സുഹൃത്ത് മുഖേന കണ്ടെത്തി. ബാംഗ്ലൂരില്‍ ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന, കര്‍ണാടകക്കാരിയായ ശാലിനി എന്ന സ്ത്രീ. ക്യാമറാമാന്‍ വിപിന്‍ദാസ് ആണ്. ഞങ്ങള്‍ ബാംഗ്ലൂരില്‍ എത്തി. ഒരു സാധാരണ ലോഡ്ജില്‍ ഒരു വലിയ മുറി എടുത്തു. എല്ലാവരും താമസിക്കുന്നത് ആ മുറിയില്‍ തന്നെ. എന്ന് വെച്ചാല്‍ ബക്കര്‍, പവിത്രന്‍, വിപിന്‍ദാസ്, ഞാന്‍, ചന്ദ്രന്‍ പിന്നെ ഒരു ക്യാമറ അസ്സിസ്റ്റന്റും. ഇത്രയും പേരാണ് മൊത്തം സിനിമയുടെ ക്രൂ. ക്യാമറക്കു ഒരു അസിസ്റ്റന്റ് മതി എന്ന് വിപിന്‍ദാസ് പറഞ്ഞിരുന്നു. രണ്ടു ലൈറ്റുകള്‍ മാത്രം. ജനറേറ്റര്‍ ഒന്നുമില്ല. ഭക്ഷണം മിക്കവാറും കഞ്ഞി ആയിരിക്കും.

രാവിലെ നായികയെ അവരുടെ ഭര്‍ത്താവു സ്‌കൂട്ടറില്‍ കൊണ്ട് വിടും. രാത്രി വന്നു വിളിച്ചു കൊണ്ട് പോകും. ഷൂട്ടിങ്ങിന്റെ തലേ ദിവസം ഞങ്ങള്‍ എല്ലാവരും നാളെ ക്യാമറയെ അഭിമുഖീകരിക്കുന്ന കാര്യം ഓര്‍ത്തു അവന് വല്ലാത്ത ഭയം ആയിരുന്നു.

അവന്റെ കൈയിലേക്ക് ഒരു ഗ്ലാസ് പിടിപ്പിച്ചിട്ടു പവിത്രന്‍ പറഞ്ഞു

''ഇതങ്ങോട്ട് കമഴ്‌ത്തെടാ.. എന്നിട്ടു നമുക്ക് റിഹേഴ്‌സല്‍ നോക്കാം. ദേ അയൂബ് ആക്ടിങ് പഠിച്ച ആളാണ്. ''അനാവരണം സിനിമയിലെ പുതുമുഖങ്ങളെയൊക്കെ ട്രെയിന്‍ ചെയ്ത ആളാണ്. നീയൊക്കെ അവനു വെറും ചീള് കേസാണ്''

അങ്ങിനെ ഞാന്‍ ചന്ദ്രനെപിറ്റേദിവസത്തെ ആദ്യത്തെ സീന്‍ പഠിപ്പിക്കാന്‍ തുടങ്ങി. ചന്ദ്രന്‍ ആകെ വിറയ്ക്കുന്നുണ്ടായിരുന്നു. ഡയലോഗ് പറയുമ്പോള്‍ അവന്റെ കൈകളും ചുണ്ടും ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു.


സിനിമയിലെ ഒരു രംഗം

അങ്ങിനെ ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദിവസം, ബാംഗ്ലൂരില്‍ ''കബനി നദി ചുവന്നപ്പോള്‍'' ഷൂട്ടിംഗ് തുടങ്ങി. ആദ്യത്തെ ദിവസം ഷൂട്ട് കഴിഞ്ഞപ്പോള്‍, ചന്ദ്രന് അല്‍പം ആത്മവിശ്വാസം കൈവന്നു. പിന്നെ ക്രമേണ അവന്റെ ഭയമൊക്കെ മാറി. വളരെ കഷ്ടപ്പെട്ട് സിനിമ ഏകദേശം പൂര്‍ത്തിയായി. ഞങ്ങള്‍ മദ്രാസില്‍ തിരിച്ചെത്തി. എഡിറ്റിംഗ് കഴിഞ്ഞപ്പോള്‍ പടത്തിന് നീളമില്ല. ഫീച്ചര്‍ ഫിലിം ആയി പരിഗണിക്കപ്പെടാനുള്ള കുറഞ്ഞ ദൈഘ്യം പോലുമില്ല.

''എത്ര കുറവുണ്ട്?'' ബക്കര്‍ എഡിറ്റര്‍ കല്യാണ സുന്ദരത്തിനോട് ചോദിച്ചു.

'' 150 മീറ്റര്‍'' അദ്ദേഹം പറഞ്ഞു.

'' 150 മീറ്റര്‍ കയര്‍ വാങ്ങിക്കൊണ്ടുവാ ''ബക്കര്‍ പവിത്രനോട് പറഞ്ഞു.

നായകനെയും നായികയെയും ഒരു ദിവസത്തേക്ക് കൂടി വിളിപ്പിച്ചു. ഒരു കുന്നിന്റെ മുകളിലേക്ക് നായിക, നായകനെ കെട്ടിവലിച്ചു കയറ്റുന്ന ഒരു ഫാന്റസി രംഗമാണ് ഷൂട്ട് ചെയ്തത്. ചന്ദ്രന്റെ കാലില്‍ നിന്ന് തുടങ്ങി ബന്ധനസ്ഥമായ കൈയില്‍ നിന്ന് കാമറ പതുക്കെ കയറിലൂടെ സഞ്ചരിച്ചു കയറു വലിക്കുന്ന നായികയില്‍ എത്തുന്നു. നീളത്തിന്റെ പ്രശ്‌നം അതോടെ പരിഹരിച്ചു. ഇങ്ങനത്തെ കുറെ ഫാന്റസി രംഗങ്ങള്‍ സിനിമയില്‍ ഉണ്ടായിരുന്നു.


വളരെയധികം കഷ്ടപ്പാടുകള്‍ക്ക് ശേഷം 1976 ജൂലൈയില്‍, അടിയന്തിരാവസ്ഥ കാലത്തു പടം റിലീസ് ചെയ്തു. ചിത്രത്തില്‍ പൊലീസിന്റെ ക്രൂരത ചിത്രീകരിക്കുന്ന രംഗമുണ്ടായിരുന്നു. നിയമപരമായ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നേടി റിലീസ് ചെയ്ത സിനിമ ആയിരുന്നിട്ടു കൂടി പൊലീസുകാര്‍, തിയേറ്റര്‍ പ്രൊജെക്ഷന്‍ റൂമില്‍ കയറി പൊലീസ് ക്രൂരതയുടെ രംഗങ്ങളൊക്കെ വെട്ടി മാറ്റി. അടിയന്തിരാവസ്ഥ ആയിരുന്നത് കൊണ്ട് ആര്‍ക്കും പ്രതിഷേധിച്ചു ഒരക്ഷരം മിണ്ടാന്‍ കഴിഞ്ഞില്ല.

എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് ഈ ചിത്രം പി.എ ബക്കറിന് ആ വര്‍ഷത്തെ ഏറ്റവും നല്ല സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തു. കൂടാതെ ഏറ്റവും നല്ല രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡും ഈ ചിത്രം നേടി. പി.എ ബക്കര്‍ എന്ന സംവിധായകന്റെ വരവറിയിക്കുന്ന സിനിമയായിരുന്നു അത്. പവിത്രന്‍ പിന്നീട് സംവിധായകനായി. യാരോ ഒരാള്‍, ഉപ്പ്, ഉത്തരം, ബലി, കുട്ടപ്പന്‍ സാക്ഷി എന്നീ സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. ടി.വി ചന്ദ്രന്‍ സംവിധാന രംഗത്തേക്ക് കടന്നു. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങളും കലാമേന്മയുള്ള ചിത്രങ്ങളും മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന, പുരസ്‌കൃത സിനിമകളും ആയിരുന്നു.

( തുടരും)

TAGS :