Quantcast
MediaOne Logo

രൂപേഷ് കുമാര്‍

Published: 14 Dec 2024 3:57 PM GMT

രുധിരം - മലയാളത്തിൽനിന്ന് വ്യത്യാസപ്പെട്ടു കിടക്കുന്ന സിനിമ ഭാഷ

കറുപ്പും വെളുപ്പും അല്ല ചുവപ്പാണ് നിറം എന്നു പറയുമ്പോഴും ഇതിന്റെ ഇടയിലെ ഗ്രേ ഷെയ്ഡിലാണ് ജീവിതമെന്ന് ഈ സിനിമ വെളിവാക്കുന്നു

രുധിരം - മലയാളത്തിൽനിന്ന് വ്യത്യാസപ്പെട്ടു കിടക്കുന്ന സിനിമ ഭാഷ
X

കേരളത്തിലെ കീഴാള/ദലിത് സമൂഹങ്ങളിലെ ഇന്നത്തെ ഉദ്യോഗസ്ഥ സമൂഹം ഉയർന്നുവന്നത് സങ്കീർണ രഹിതമായ വഴികളിലൂടെ ഒന്നുമായിരുന്നില്ല. അവരുടെ മുൻ തലമുറയിലെ മനുഷ്യർ നേരിടേണ്ടി വന്ന സാമ്പത്തികവും സാമൂഹികവും വംശീയമായ സംഘർഷങ്ങൾ, അവർ തന്നെ നേരിടേണ്ടി വരുന്ന വിവിധ ഇടങ്ങളിൽ നിന്നുള്ള അതിക്രമങ്ങൾ. ഇവയെല്ലാം പലതരം സങ്കീർണാവസ്ഥയിലൂടെ അതിജീവിച്ചു കൊണ്ടാണ് ഇത്തരം ഉദ്യോഗസ്ഥ സാമൂഹങ്ങൾ എൺപതുകളിലും തൊണ്ണൂറുകളിലും അതിനു ശേഷം പുതിയ നൂറ്റാണ്ടിലും ഉയിർഭവിച്ചത്. ഈ ഉദ്യോഗസ്ഥർ സാംസ്കാരിക ഘടനയിൽ സാമ്പത്തികമായുളള സുരക്ഷാ ഉണ്ടാക്കുവാൻ സാധിച്ചുവെങ്കിലും ആ സമൂഹങ്ങളും പലതരം സംഘർഷങ്ങളിലൂടെ സഞ്ചരിക്കേണ്ടതായി വന്നു.

1990കളിൽ ബൂം ആയിട്ടുള്ള എൻട്രൻസ് എഴുതിയ സമൂഹങ്ങളിലൂടെയാണ് ഡോക്ടർമാരുടെ കീഴാള നിര കേരളത്തിൽ ഉണ്ടാവുകയും ചെയ്യുന്നത്. മിഡിൽ ക്ലാസിൽനിന്ന് അപ്പർ മിഡിൽ ക്ലാസിലേക്ക് കീഴാള ദലത് സാമൂഹങ്ങൾ വളർന്നുവെങ്കിലും അതിനു ശേഷം ഉള്ള ബിസിനസ്, രാഷ്ട്രീയ അധികാരം, സിനിമ, സാമ്പത്തിക ശക്തി എന്നീ നിലയിലേക്കുള്ള ഉയർച്ചയിലേക്ക് ഈ ഗ്രൂപ്പുകൾ ഉയർന്നുവന്നത് കുറവാണ്. ഈ മിഡിൽ ക്ലാസ് ഉദ്യോഗസ്ഥ സാമൂഹങ്ങൾ വ്യവസ്ഥാപിതമായ പല രാഷ്ട്രീയ ധാരകളിലേക്കോ, വ്യവസ്ഥാപിത സമൂഹത്തിന്റെ ചട്ടക്കൂടുകളിലേക്കോ ചേർന്ന് അവർ ജീവിക്കുകയും ചെയ്തു.

രുധിരം എന്ന സിനിമയിലെ രാജ് ബി. ഷെട്ടി അഭിനയിച്ച മാത്യൂ റോസി എന്ന ഡോക്ടറുടെ കഥാപാത്രത്തിന്റെ കീഴാളത്തം നിശ്ചയിക്കപ്പെടുന്നത് അയാളുടെ അമ്മയുടെ തൊഴിലിന്റെ സ്വത്വത്തിലൂടെ ആണ്. ആ അമ്മയുടെ ഒരു ചരിത്രത്തിൽ അനുഭവിക്കേണ്ടി വന്ന സംഘർഷങ്ങളിലൂടെയാണ് ഡോക്ടർ മാത്യൂ റോസി പിന്നീട് സ്വയം നിർണയിക്കപ്പെടുന്നത്.

ഈ ഡോക്ടർ മാത്യൂ റോസി മറ്റു സമൂഹങ്ങളിലെ പോലെ ഉയർന്നുവന്നത്തിന് ശേഷം വ്യവസ്ഥാപിതമായ രാഷ്ട്രീയ സാമൂഹിക ധാരകളിലേക്ക് ഒന്നും തന്നെ അയാൾ അടുക്കുന്നുല്ല. ഗ്രാമത്തിന്റെ കേന്ദ്ര ബിന്ദുവിൽനിന്ന് വ്യത്യാസപ്പെട്ട് ഒറ്റപ്പെട്ടു തേയില തോട്ടങ്ങൾക്കിടയിലും കാടിനു നടുവിലുമായാണ് അയാൾ ജീവിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ യോഗം നടക്കുമ്പോൾ അത് ശ്രദ്ധിക്കാതെ അയാൾ ഡോക്ടറുടെ പണി എടുക്കുകയാണ്. ഡോക്ടർ എന്നതാണു അയാളും ആ ഗ്രാമവും തമ്മിലുള്ള കണക്ഷൻ. മറ്റു കീഴാള ഉയർച്ചകളിലേത് പോലെ അയാൾക്കും വ്യവസ്ഥാപിതമായ രാഷ്ട്രീയ സമൂഹങ്ങൾ തമ്മിലും പ്രത്യേകിച്ച് യാതൊരു ലിങ്കും ഇല്ല.

അതേസമയം, ഇതേ രാഷ്ട്രീയ സാമൂഹങ്ങൾക്കു ‘പുറത്തു’ നിൽക്കുന്ന തൊഴിലാളികളായ മനുഷ്യരുടെ രോഗങ്ങളോടും അവരുടെ പ്രശ്നങ്ങളോടുമെല്ലാം അയാൾ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുമുണ്ട്. മരുന്ന് കൃത്യമായി കൊടുക്കാത്ത ഫാർമസിസ്റ്റിനെ അയാൾ ചോദ്യം ചെയ്യുന്നു. പിന്നെ പലചരക്ക് കടയിലും ചന്തയിലും അയാളുടെ ഭൗതികമായ ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണ് അയാൾ സാമൂഹികമായ ബന്ധങ്ങൾ സൂക്ഷിക്കുന്നത്. അതിനപ്പുറം അയാൾ പോകുന്നത് വളരെ വയലന്റായ മാനസിക പ്രശ്നങ്ങളുള്ള മാനസിക രോഗികളെ സൗജന്യമായി പരിചരിക്കാൻ കൂടിയാണ്.

അത്തരത്തിൽ മാനസിക രോഗാശുപത്രിയിൽനിന്ന് പുറത്തുവന്ന ഒരാളാണ് അയാളുടെ കൂട്ടുകാരനായി മാറുന്നത്. കേരളം എന്ന വ്യവസ്ഥാപിതമായ അധികാര മലയാളി സമൂഹം പുറന്തളിയിട്ടുള്ള കീഴാളർ, ഭ്രാന്തർ എല്ലാം ആയി മാത്രമായാണ് അയാൾ തന്റെ കറുപ്പും വെളുപ്പും അല്ലാത്ത ഒരു അപര ലോകം തീർക്കുന്നത്. നിലനിൽക്കുന്ന സമൂഹങ്ങളുടെ എസ്റ്റാബ്ലീഷ്ഡ് മൊറാലിറ്റിയുടെ/രാഷ്ട്രീയത്തിന്റെ സാമൂഹിക അധികാര ഘടനയുടെ പുറത്തുനിന്നു വയലൻസിന്റേതായ ഒരു ബർമുഡ ട്രയാങ്കിൾ ഒരുക്കി അയാൾ അവിടെ രാജാവായി വിരഹിക്കുകയാണ്.

കേരളത്തിലെ തന്നെ പല കീഴാളമായ രാഷ്ട്രീയ ധാരകളും ഇവിടത്തെ രാഷ്ട്രീയത്തിനോടും ബ്രാഹ്മണിസത്തിനോടും പടവെട്ടിയും ഈ സമൂഹം പുനർ നിർണ്ണയിക്കാനോ സൃഷ്ടിക്കാനോ ശ്രമിക്കുമ്പോൾ അതിൽനിന്നും വ്യത്യസ്തമായി (ജാതീയമായി മാത്യൂ കീഴാളൻ ആണെങ്കിലും അല്ലെങ്കിലും) തന്റേതായ വേറെ ഒരു ലോകം തീർക്കുന്നുണ്ട്. ആ സിനിമയിലെ ഒരു റൂം സൌണ്ട് പ്രൂഫ് ആക്കി തീർക്കുന്നത് പോലെ, ഒരു ‘സൊസൈറ്റി പ്രൂഫ്’ ആയ മറ്റൊരു ലോകം. അതിലേക്ക് അന്വേഷണവുമായി കടന്നു വരുന്ന സ്റ്റേറ്റിന്റെ ഉപകരണമായ ഒരു പൊലീസ് ഉദ്യോഗസ്ഥനെയൊക്കെ അയാൾ അങ്ങ് ക്ലീനായി ഇല്ലാതാക്കി കളയുകയാണ്. രാജ് ബി. ഷെട്ടിയുടെ മാത്യൂ റോസി എന്ന കഥാപാത്രം ഈ സമൂഹം എന്ന വ്യവസ്ഥയെ തന്നെ ആകെ കീഴ്മേൽ മറിച്ചുകൊണ്ട് തന്നെയാണ് മുന്നോട്ട് പോകുന്നത്. അയാളുടെ വയലൻസും റിവഞ്ചുമെല്ലാം, പലതരം വയലൻസും ഏറ്റെടുക്കേണ്ടി വന്നിട്ടുള്ള റിയാക്ഷൻ തന്നെയാണ്.

ഈ സിനിമയുടെ പഞ്ച്/കാച്ച് വേഡ് തന്നെ ‘ the axe forgets.. the tree remembers..” എന്നുമാണ്. അത് പോലെ ഈ സിനിമയോട് ചേർത്തു വെക്കാവുന്ന ഒരു ആഫ്രിക്കൻ പഴഞ്ചൊല്ല് കൂടിയാണ് ‘until lions have their historians, the history of hunt shall always glorify the hunter’ എന്നത് അപർണ ബാലമുരളിയുടെ സർവൈവലിന്റെ കൂടെ ഈ സിനിമ വളരെ സ്ലോ ബേണിങ് ആയി പതിഞ്ഞ രീതിയിൽ സഞ്ചരിക്കുമ്പോഴും വേട്ടക്കാരനും ഇരയും ആകെ തകിടം മറിയുന്ന ഒരു പരഡിം ഷിഫ്റ്റിൽ ആണ് ഈ സിനിമ ശരിക്കും അട്ടിമറിയുന്നത്. നമ്മൾ കാണുന്ന വേട്ടക്കാരനും ഇരയും അട്ടിമറിയുമ്പോൾ, അവരുടേതായ ചരിത്രം മാറി മറിയുമ്പോൾ കാണികളിൽ ഉണ്ടാകുന്ന സൈക്കളോജിക്കൽ ഷിഫ്റ്റിൽ കൂടെയാണ് ഈ സിനിമ നിലനിലയ്ക്കുന്നത്. അത് സ്വത്വപരമായ ഷിഫ്റ്റ് കൂടെയാണ്. അപർണ ബാലമുരളിയുടെ രക്ഷപ്പെടലൊക്കെ വളരെ പതിഞ്ഞ രസംകൊല്ലിയായി പോകുമ്പോഴും വേട്ടക്കാരനാണ് എന്നു കരുതിയ ഒരാളുടെ ഹിസ്റ്ററിയിലേക്ക്, അയാൾ ചരിത്രപരമായി നേരിടേണ്ടി വന്ന അതിക്രമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഈ സിനിമ പറക്കുകയാണ്.

കുമാര ദാസ് എന്ന ഒരു പുതിയ ഗംഭീര നടനെ മലയാളത്തിന് സമ്മാനിച്ചു എന്നതാണു രുധിരം എന്ന സിനിമയുടെ വേറെയൊരു പ്രത്യേകത. ഒരു രാഷ്ട്രീയ നേതാവിൽനിന്നും അടച്ചിടപ്പെടുന്ന ‘അടിമ’യിലേക്കും അപര ലൈംഗികതത്വത്തിലേക്കുള്ള ശാരീരിക ചുവടു മാറ്റങ്ങളിലൂടെയും കുമാരദാസ് എന്ന നടൻ ഈ സിനിമയിൽ ഞെട്ടിച്ചു കളഞ്ഞു. രാജ് ബി. ഷെട്ടി എന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്റെ കൂടെ കട്ടക്ക് നിന്നു അത്രക്ക് ഗാംഭീരമായാ പേർഫോമൻസ് ആണ് കുമാരദാസ് എന്ന നടൻ ഈ സിനിമയിൽ കാഴ്ച വെച്ചത്. രാജ് ബി. ഷെട്ടിയുടെയും അപർണ ബാലമുരളിയുടെയും കുമാര ദാസിന്റെയും കഥാപാത്രങ്ങളുടെ ഷിഫ്റ്റുകളാണ് ഈ സൈക്കളോജിക്കൽ ത്രില്ലറിലെ വയലന്റായ ഭംഗികളിലെ പ്രധാനപ്പെട്ട ഘടകം. അത് ഈ മൂന്നു അഭിനേതാക്കളും ഗംഭീരമായി പ്രസൻറ് ചെയ്തു വെച്ചിട്ടുമുണ്ട്. ‘കറുപ്പും വെളുപ്പും അല്ല ചുവപ്പാണ് നിറം’ എന്നു ഈ സിനിമയിൽ പറയുമ്പോഴും, ഇതിന്റെ ഇടയിലെ ഗ്രേ ഷെയ്ഡിൽ ആണ് ജീവിതമെന്ന് ഈ സിനിമയും വെളിവാക്കുന്നു.

മലയാള സിനിമയുടെ പല തിയറ്റർ ഭാഷയിൽനിന്നും വ്യത്യസ്തമായ പ്ലോട്ട് ബിൽഡിങ്ങിലൂടെ കൂടെയാണ് രുധിരം മുന്നോട്ട് പോവുക. വളരെ പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ഈ സിനിമയുടെ കാഴ്ച എന്നത് സബ് ടൈറ്റിലിട്ടു ഒടിടിയിൽ റിലീസ് ചെയ്യപ്പോടുമ്പോൾ വേറെ രൂപത്തിലേക്ക് പരിണാമം സംഭവിച്ചേക്കാം. മലയാളികൾ അല്ലാത്ത കാണികളിലേക്ക് അത് വേറെ പരിണാമങ്ങൾ നടത്തിയേക്കാം. കൃത്യമായ സിനിമാറ്റിക് ആർക്കിൽ നിന്നും വ്യത്യാസപ്പെട്ടു രൂപപ്പെടുന്ന ഒരു പ്ലോട്ട് ഡെവലപ്മെന്റ് കൂടെയാണ് ഈ സിനിമയുടേത്. വളരെ വ്യവസ്ഥാപിതമായ കാഴ്ചയുടെ ഭാഷയിൽനിന്ന് വ്യത്യാസപ്പെട്ടു നിൽക്കുന്നു.

ടെക്നോളജിയുടെ എലിയും പട്ടിയും കാടും ഭൂമിയും അടച്ചിട്ട റൂമും തുറന്നിട്ട ഭൂമിയും എല്ലാം ദൃശ്യതയിൽ വരുന്ന ഒരു സിനിമ. കേരളത്തിന് പുറത്തുനിന്നുള്ള മംഗലാപുരത്തുകാരനായ ഒരാൾ ഈ സിനിമയിൽ പ്രധാന കഥാപാത്രമായി തകർത്തു ആടുന്നതു തന്നെ ‘രുധിര’ത്തിന്റെ മലയാളിത്തത്തെ ഇല്ലാതാക്കുന്നുമുണ്ട് . ഒട്ടും കേരളീയമായ ഒരു പരിസരത്തിൽ നിന്നു കൊണ്ടുമല്ല ഈ സിനിമ മുന്നോട്ട് പോകുന്നത്. മലയാള സിനിമയിൽ വളരെ പരിമിതമായി മാത്രം കണ്ടിട്ടുള്ള വ്യത്യസ്തമായ ജ്യോഗ്രഫിക്കൽ പാറ്റേണിൽ വികസിക്കുന്ന ഒരു സിനിമ കൂടിയാണ് രുധിരം. സമൂഹത്തിൽ നിന്നു വേറിട്ടു നിലക്കുന്ന ഒരു മനുഷ്യനെ കാണിക്കുന്നത് പോലെ തന്നെ, അയാൾ ഉപയോഗിക്കുന്ന അയാളുടെ ആന്റിക് പീസുകൾ, ഒറ്റപ്പെട്ട വീട്, അയാൾ സഞ്ചരിക്കുന്ന ജ്യോഗ്രഫി, അയാളുടെ വയലൻസ് ചിത്രീകരിക്കുന്ന ഇടങ്ങൾ എല്ലാം വ്യത്യസ്തപ്പെട്ടു കിടക്കുന്നത് കൊണ്ട് കാണാൻ രസമാണ്. പോപ്പുലർ കൾച്ചറിൽ ഈ സിനിമ വലിയ രീതികളിൽ ആഘോഷിക്കപ്പെട്ടാലും ഇല്ലെങ്കിലും അടുത്ത കാലത്തുണ്ടായ രസമുള്ള ഡീ കൺസ്ട്രകടീവായ പൊളിറ്റിക്കൽ ഫിലോസഫിക്കൽ ടെക്സ്റ്റാണ് രുധിരം. മലയാളത്തിൽനിന്ന് വ്യത്യാസപ്പെട്ടു കിടക്കുന്ന ഒരു സിനിമ ഭാഷയാണതിന്.

TAGS :