Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 21 Oct 2022 8:50 AM GMT

കോടമ്പാക്കത്തെ കൂടുമാറ്റങ്ങള്‍

സിനിമ മോഹവുമായി കോടമ്പാക്കത്തെത്തി കഷ്ടപ്പെടുന്നവരെ പൊതുവായി വിളിക്കുന്ന പേര് strugglers എന്നാണ്. കോടമ്പാക്കത് മാത്രമല്ല, സിനിമയില്‍ പ്രവേശിക്കാന്‍ വേണ്ടിയുള്ള ജീവിത സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന എല്ലാ പോരാളികളും ലോകമൊട്ടുക്കും അറിയപ്പെടുന്നത് ഈ പേരില്‍ തന്നെയാണ്. ആ ലോഡ്ജ് മുഴുവനും അങ്ങിനെയുള്ള strugglers ആയിരുന്നു. നാട്ടില്‍ നിന്ന് അഭിനയ മോഹവുമായി വണ്ടി കയറിയവര്‍, സംവിധാനം പഠിക്കാന്‍ വന്നവര്‍, കാമറ, ആര്‍ട്ട്, പ്രൊഡക്ഷന്‍ എന്നീ സിനിമയുടെ വിവിധ വിഭാഗങ്ങളില്‍ ഭാഗ്യം തേടി വന്നവര്‍. കൂട്ടത്തില്‍ ഏഴുത്തുകാരും ഉണ്ടായിരുന്നു. സിനിമയില്‍ ഗാനങ്ങള്‍ എഴുതാനും, തിരക്കഥകള്‍ എഴുതാനുമായി വന്നവരും. അവരുടെയൊക്കെ കൈകളില്‍ അവരുടെ സര്‍ഗ സൃഷ്ടികളുടെ സമാഹാരങ്ങളും ഉണ്ടായിരുന്നു. | വൈഡ് ആംഗിള്‍-15

കോടമ്പാക്കത്തെ കൂടുമാറ്റങ്ങള്‍
X

സിനിമാട്ടോഗ്രാഫി പഠിക്കാനായി പതിനെട്ടാം വയസ്സില്‍ മദിരാശിയിലേക്കു വണ്ടി കയറിയ, പ്രീ ഡിഗ്രിക്കാരന്റെ യാത്ര പോലെ ആയിരുന്നില്ല, 22ആം വയസ്സിലെ ഡിഗ്രിക്കാരനായ എന്റെ മദിരാശി യാത്ര. ഇപ്പോള്‍ മദിരാശി പട്ടണത്തെക്കുറിച്ചും സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും ഒക്കെ സാമാന്യം ബോധമുള്ള ഒരു ചെറുപ്പക്കാരന്‍ ആയിരുന്നു ഞാന്‍. മാത്രമല്ല, ഇതിനകം രണ്ടു മൂന്നു മദിരാശി യാത്രകള്‍ ഒറ്റയ്ക്ക് നടത്തിയതിന്റെ പരിചയവും എനിക്കുണ്ടായിരുന്നു. ഇപ്പ്രാവശ്യം എന്നെ യാത്രയാക്കാന്‍ നാട്ടിലെയും കോളജിലെയും അടക്കം വലിയൊരു സുഹൃത്ത് സഞ്ചയം തന്നെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. വലിയൊരു സിനിമാതാരം ആയിത്തീരട്ടെ എന്ന് എല്ലാവരും ആശംസിച്ചു. അന്ന് മൊബൈല്‍ കാമറ ഒന്നും ഇല്ലാതിരുന്നതു കൊണ്ട് ഈ ഗംഭീര യാത്ര അയപ്പിന്റെ ചിത്രങ്ങള്‍ ഒന്നുമില്ല. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍, എല്ലാവരും ആവേശത്തോടെ കൈവീശി. ഉരുളുന്ന ട്രെയിനിന്റെ ചക്രങ്ങളെക്കാള്‍ വേഗത്തില്‍ എന്റെ ഭാവന പറന്നു തുടങ്ങി. പിറ്റേ ദിവസം രാവിലെ ട്രെയിന്‍ മദിരാശി സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും ഞാന്‍ എന്റെ ഭാവനയില്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിക്കഴിഞ്ഞിരുന്നു.

മിക്കവാറും ഒഴിഞ്ഞ വയറുമായാണ് പലരും ഉറങ്ങാന്‍ കിടക്കുന്നത്. ഒരു പുതിയ പ്രഭാതം സ്വപ്നം കണ്ടു കൊണ്ട് അവര്‍ തളര്‍ന്നുറങ്ങും. ചിലര്‍ക്ക് ചിലപ്പോള്‍ എന്തെങ്കിലും ചെറിയ അവസരങ്ങള്‍ ഒക്കെ കിട്ടിയെന്നു വരും. പലരും വീട്ടില്‍ നിന്ന് പണം വരുത്തിയാണ് വാടക കൊടുത്തിരുന്നത്. ആ കാലഘട്ടത്തില്‍ മലയാള സിനിമ പൂര്‍ണ്ണമായും മദിരാശി കേന്ദ്രീകരിച്ചു നില നിന്നിരുന്നത് കൊണ്ടാണ് സിനിമയില്‍ അവസരങ്ങള്‍ തേടുന്നവര്‍ക്ക് മദിരാശിയില്‍ പോയി പട്ടിണി കിടക്കേണ്ടി വന്നിരുന്നത്.

ഇന്റര്‍വ്യൂവിന് വന്നപ്പോള്‍ താമസിച്ച കേരള ലോഡ്ജില്‍ തന്നെ ഞാന്‍ മുറിയെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വലിയ ആഘോഷം ആയിരുന്നു. നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി അമ്പതോളം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. മിക്കവാറും എല്ലാവരും തന്നെ നല്ല സാമ്പത്തിക പശ്ചാത്തലം ഉള്ള കുടുംബങ്ങളില്‍ നിന്നായിരുന്നു.. ഓരോ ഭാഷയ്ക്കും വെവ്വേറെ അധ്യാപകര്‍ ഉണ്ടായിരുന്നു. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പാസ്സായ പ്രഭാകരന്‍ ആയിരുന്നു മലയാളത്തിലെ അധ്യാപകന്‍. വാസ്തവത്തില്‍ സംവിധായകന്‍ കെ.ജി ജോര്‍ജ് ആയിരുന്നു ഞങ്ങളുടെ അധ്യാപകന്‍ ആകേണ്ടിയിരുന്നത്. എന്നാല്‍, മലയാള വിഭാഗത്തിന്റെ ചുമതല ഉണ്ടായിരുന്ന സംവിധായകന്‍ രാമു കാര്യാട്ട്, പ്രഭാകരന് വേണ്ടി ജോര്‍ജിനെ പറഞ്ഞു മനസ്സിലാക്കി, അദ്ദേഹത്തിന്റെ ''നെല്ല്'' എന്ന സിനിമയില്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു കെ.ജി ജോര്‍ജ്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പാസ്സായി വന്ന ജോര്‍ജിന്റെ ആദ്യ സിനിമ ജോലി ആയിരുന്നു അത്. ജോര്‍ജിന് സംവിധാന രംഗത്ത് വലിയ ഭാവി ഉണ്ടെന്നു തിരിച്ചറിഞ്ഞ രാമു കാര്യാട്ട്, ഒരു അധ്യാപകന്റെ ജോലിയില്‍ ഒതുങ്ങേണ്ട ആള്‍ അല്ല ജോര്‍ജ് എന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അങ്ങിനെയാണ് പ്രഭാകരന്‍ സാര്‍ ഞങ്ങളുടെ അധ്യാപകന്‍ ആയത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സിനിമയില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ രാജാ രാംദാസ് എന്ന ആന്ധ്രക്കാരന്‍ ആയിരുന്നു പ്രിസിപ്പല്‍.


ആദ്യത്തെ രണ്ടു ദിവസം പ്രിന്‍സിപ്പലിന്റെ ക്‌ളാസ്സുകള്‍ തന്നെ ആയിരുന്നു പ്രധാനമായും. അദ്ദേഹം കലകളുടെ ചരിത്രവും സിനിമയുടെ ആവിര്‍ഭാവവും ഒക്കെ വളരെ രസകരമായി വിശദീകരിച്ചു. ഇംഗ്ലീഷില്‍ ആയിരുന്നു അദ്ദേഹത്തിന്റെ ക്‌ളാസ്സുകള്‍. എല്ലാ ഭാഷ വിഭാഗം വിദ്യാര്‍ഥികള്‍ക്കും കൂടിയുള്ള ഒരു സംയുക്ത തിയറി ക്‌ളാസ് ആയിരുന്നു അദ്ദേഹത്തിന്റേത്. ആദ്യരണ്ടു മൂന്നു ദിവസം ഞാന്‍ കേരള ലോഡ്ജില്‍ തന്നെ താമസം തുടര്‍ര്‍ന്നു. പക്ഷെ, ദിവസ വാടക കൊടുത്തു അധിക നാള്‍ താമസിക്കാന്‍ പറ്റുകയില്ലല്ലോ. ഇതിനിടയ്ക്ക് ഞാന്‍ എന്റെ ക്ലാസ്സിലെ മലയാളി സഹപാഠികളുമായി സൗഹൃദം സ്ഥാപിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിന് ഔദ്യോഗിക ഹോസ്റ്റല്‍ ഇല്ലാതിരുന്നതു കൊണ്ട്, എല്ലാവര്‍ക്കും താമസം സ്വയം കണ്ടുപിടിക്കേണ്ടി വന്നു. പലരും പല ലോഡ്ജുകളിലാണ് തല്‍ക്കാലം അഭയം തേടിയിരുന്നത്. രവീന്ദ്രന്‍ മാത്രമാണ് കോടംബക്കത്തുള്ള ഉമാ ലോഡ്ജില്‍ സ്ഥിരം മുറി കണ്ടെത്തിയത്. താമസിയാതെ ഞാനും അവനോടൊപ്പം ഉമാ ലോഡ്ജിലേക്ക് മാറി. ഉമാ ലോഡ്ജ് സിനിമയില്‍ പ്രവേശിക്കാന്‍ കഷ്ടപ്പെടുന്നവരുടെ ഒരു കൂടാരം ആയിരുന്നു. സിനിമ മോഹവുമായി കോടമ്പാക്കത്തെത്തി കഷ്ടപ്പെടുന്നവരെ പൊതുവായി വിളിക്കുന്ന പേര് േെൃൗഴഴഹലെൃ strugg-lser എന്നാണ്. കോടമ്പാക്കത് മാത്രമല്ല, സിനിമയില്‍ പ്രവേശിക്കാന്‍ വേണ്ടിയുള്ള ജീവിത സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന എല്ലാ പോരാളികളും ലോകമൊട്ടുക്കും അറിയപ്പെടുന്നത് ഈ പേരില്‍ തന്നെയാണ്. ആ ലോഡ്ജ് മുഴുവനും അങ്ങിനെയുള്ള strugglers ആയിരുന്നു. നാട്ടില്‍ നിന്ന് അഭിനയ മോഹവുമായി വണ്ടി കയറിയവര്‍, സംവിധാനം പഠിക്കാന്‍ വന്നവര്‍, കാമറ, ആര്‍ട്ട്, പ്രൊഡക്ഷന്‍ എന്നീ സിനിമയുടെ വിവിധ വിഭാഗങ്ങളില്‍ ഭാഗ്യം തേടി വന്നവര്‍. കൂട്ടത്തില്‍ ഏഴുത്തുകാരും ഉണ്ടായിരുന്നു. സിനിമയില്‍ ഗാനങ്ങള്‍ എഴുതാനും, തിരക്കഥകള്‍ എഴുതാനുമായി വന്നവരും. അവരുടെയൊക്കെ കൈകളില്‍ അവരുടെ സര്‍ഗ സൃഷ്ടികളുടെ സമാഹാരങ്ങളും ഉണ്ടായിരുന്നു. കൂടുതലും അഭിനയ മോഹികള്‍ ആയിരുന്നു. അങ്ങിനെ വലിയ സ്വപ്നങ്ങളും ശൂന്യമായ വയറും, കാലിയായ കീശകളുമായി എല്ലാവരും രാവിലെ അവസരങ്ങള്‍ തേടി, അണിഞ്ഞൊരുങ്ങി കോടമ്പാക്കത്തെ തെരുവുകളിലേക്കു ഇറങ്ങും.

നിര്‍മാതാക്കളുടെയും, സംവിധായകരുടെയും വീടുകളിലും സ്റ്റുഡിയോകളും കയറി ഇറങ്ങും. രാത്രിയാവുമ്പോള്‍ അവശരായി, നിരാശരായി, അവര്‍ തിരിച്ചെത്തും. പിന്നെ എല്ലാവരും കൂടിയിരുന്നു അവരവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കും. മിക്കവാറും ഒഴിഞ്ഞ വയറുമായാണ് പലരും ഉറങ്ങാന്‍ കിടക്കുന്നത്. ഒരു പുതിയ പ്രഭാതം സ്വപ്നം കണ്ടു കൊണ്ട് അവര്‍ തളര്‍ന്നുറങ്ങും. ചിലര്‍ക്ക് ചിലപ്പോള്‍ എന്തെങ്കിലും ചെറിയ അവസരങ്ങള്‍ ഒക്കെ കിട്ടിയെന്നു വരും. പലരും വീട്ടില്‍ നിന്ന് പണം വരുത്തിയാണ് വാടക കൊടുത്തിരുന്നത്. ആ കാലഘട്ടത്തില്‍ മലയാള സിനിമ പൂര്‍ണ്ണമായും മദിരാശി കേന്ദ്രീകരിച്ചു നില നിന്നിരുന്നത് കൊണ്ടാണ് സിനിമയില്‍ അവസരങ്ങള്‍ തേടുന്നവര്‍ക്ക് മദിരാശിയില്‍ പോയി പട്ടിണി കിടക്കേണ്ടി വന്നിരുന്നത്. ഇന്ന് മലയാള സിനിമ പൂര്‍ണ്ണമായും കേരളത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ടും, പുതിയ ആളുകളെ പരീക്ഷിക്കാന്‍ നിര്‍മാതാക്കളും സംവിധാകരുമൊക്കെ സന്മനസ് കാണിക്കുന്നത് കൊണ്ടും പുതിയ തലമുറയില്‍ strugglers എന്ന വിഭാഗം ഇല്ല. സിനിമ പ്രവേശം കൂടുതല്‍ എളുപ്പം ആയിരിക്കുന്നു.

ഉമാ ലോഡ്ജിലെ strugglers ന്റെ കൂട്ടത്തില്‍ ഒരു രസികന്‍ ഉണ്ടായിരുന്നു. അവശരും നിരാശരുമായ അവിടത്തെ കലാകാരന്മാര്‍ക്ക് തമാശകളിലൂടെയും ഹാസ്യ പ്രകടനങ്ങളിലൂടെയും ഉല്ലാസവും ആശ്വാസവും പകര്‍ന്നിരുന്ന ആള്‍. പേര് ഇന്നസെന്റ്. അതെ, പിന്നീട് മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആയി മാറിയ ഇന്നസെന്റ് തന്നെ. അദ്ദേഹത്തിന് നാട്ടില്‍ ഒരു തീപ്പെട്ടി കമ്പനി ഉണ്ടായിരുന്നു. അതുകൊണ്ടു മറ്റുള്ളവരെപ്പോലെ അദ്ദേഹത്തിന് പട്ടിണി കിടക്കേണ്ടി വരാറില്ല. ഞാന്‍ അവിടെ താമസിച്ചിരുന്ന ഹൃസ്വ കാലത്തിനുള്ളില്‍ അദ്ദേഹം ആദ്യമായി ഒരു സിനിമയില്‍ ഒരു വേഷം സംഘടിപ്പിച്ചു. തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ''ഊര്‍വശി ഭാരതി'' എന്ന സിനിമയിലാണ് അദ്ദേഹത്തിന് ഒരു വേഷം ലഭിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞു വന്ന രാത്രി എല്ലാവരും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് ചുറ്റും കൂടി. അദ്ദേഹം തന്റെ സ്വത സിദ്ധമായ തൃശൂര്‍ ശൈലിയില്‍, ഹാസ്യം കലര്‍ന്ന വിവരണങ്ങളിലൂടെ എല്ലാവരിലും ആവേശം പകര്‍ന്നു. ഉമാ ലോഡ്ജിലെ അന്തേവാസികളില്‍ ആദ്യമായി ശ്രദ്ധേയമായ വേഷം ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ ഇന്നസെന്റ് ലോഡ്ജിലെ താരമായി. എന്നാല്‍, ഇന്നസെന്റുമായി കൂടുതല്‍ അടുത്ത് ഇടപഴകാനുള്ള അവസരങ്ങള്‍ എനിക്ക് ഉണ്ടായില്ല. കാരണം, ഞാന്‍ അവിടെ ഒരാഴ്ചയേ താമസിച്ചുള്ളു. അതുകഴിഞ്ഞ്, ഇന്‍സ്റ്റിറ്റ്യൂട്ടിലെ മറ്റു ചില സഹപാഠികള്‍ക്കൊപ്പം ഞാന്‍ നുങ്കമ്പാക്കത്തെ ഒരു മലയാളിയുടെ വീട്ടിലേക്കു പേയിങ് ഗസ്റ്റ് ആയി താമസം മാറി. രവീന്ദ്രന്‍ പിന്നെയും അവിടെ താമസം തുടര്‍ന്നു.


പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഭരതന്റെ 'മാളൂട്ടി'' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചാണ് ഞാന്‍ ഇന്നസെന്റിനെ വീണ്ടും നേരിട്ട് കാണുന്നത്. എന്റെ ഇളയ മകന്‍ അര്‍ഫാന്‍ അതില്‍ ബാലതാരമായി അഭിനയിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരത്തിന് അടുത്തുള്ള മാര്‍ത്താണ്ഡം എന്ന സ്ഥലത്തായിരുന്നു ഷൂട്ടിംഗ്. ഒരു ഇടവേളയില്‍ ഒറ്റയ്ക്ക് കിട്ടിയപ്പോള്‍ ഞാന്‍ ഇന്നസെന്റിനോട് ഉമാ ലോഡ്ജിലെ കാലഘട്ടത്തെക്കുറിച്ചു സംസാരിച്ചു. പക്ഷേ, അദ്ദേഹത്തിന് എന്നെ ഓര്‍മയില്ല. എന്റെ സുഹൃത്ത് രവീന്ദ്രനെ ഓര്‍മയുണ്ട്. അവന്‍ അവിടെ കുറേ അധികം കാലം താമസിച്ചിരുന്നല്ലോ. രവീന്ദ്രനെക്കുറിച്ചു അദ്ദേഹം അന്വേഷിക്കുകയും ചെയ്തു. രവീന്ദ്രന്‍, ശ്രീനിവാസന്‍ മുഖേന പ്രിയദര്‍ശന്റെ ചില സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

അടുത്ത ദിവസം തന്നെ ഒരു മലയാളി പെണ്‍കുട്ടി ഞങ്ങളുടെ ക്‌ളാസില്‍ പുതുതായി വന്നു ചേര്‍ന്നു. ജന്മനാ മലയാളി ആണെങ്കിലും അവള്‍ ജനിച്ചതും വളര്‍ന്നതും ഒക്കെ ആന്ധ്ര പ്രദശിലെ ഖമ്മം എന്ന സ്ഥലത്തായിരുന്നു. അതുകൊണ്ടു അവള്‍ മലയാളം പോലെ തന്നെ തെലുങ്കും നന്നായി സംസാരിക്കുമായിരുന്നു. പൊക്കം കുറഞ്ഞ, മെല്ലിച്ച ഒരു കൊച്ചു സുന്ദരി ആയിരുന്നു അവള്‍. വിടര്‍ന്ന കണ്ണുകളും തുളുമ്പുന്ന ചുണ്ടുകളും ഉള്ള അവള്‍ തന്റെ സൗന്ദര്യത്തെക്കുറിച്ചു വളരെ ബോധവതി ആയിരുന്നു. അവള്‍ എല്ലാവരോടും വളരെ സൗഹ്ര്യദത്തോടെ തുറന്ന് ഇടപഴകുന്ന സ്വഭാവക്കാരി ആയിരുന്നു. പേര് രജനി. (ശരിയായ പേരല്ല). നാല്‍പതില്‍പരം ആണ്‍കുട്ടികള്‍ക്കിടയില്‍, രജനിയുടെ വരവോടെ പെണ്‍കുട്ടികള്‍ നാലായി. ബാക്കി മൂന്ന് പേരില്‍ രണ്ടു പേര് തെലുങ്കിലും, ഒരാള്‍ തമിഴിലും ആയിരുന്നു. തെലുങ്കിലെ രണ്ടു പെണ്‍കുട്ടികള്‍, വിജയലക്ഷ്മിയും ഹേമ ചൗധരിയും (ശരിയായ പേരുകള്‍ തന്നെ) പിന്നീട് ധാരാളം തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു. നല്ലൊരു കുച്ചിപ്പുടി നര്‍ത്തകിയും കൂടിയായ ഹേമ ചൗധരി ''തുലാവര്‍ഷം'' എന്ന മലയാളം സിനിമയിലും അഭിനയിച്ചിരുന്നു. കന്നഡ സിനിമകളിലാണ് ഹേമ കൂടുതല്‍ അഭിനയിച്ചത്.


ഹേമ ചൗധരി

ഞാന്‍ പറഞ്ഞു വന്നത് രജനിയെക്കുറിച്ചാണ്. രജനിയുടെ തുറന്ന പെരുമാറ്റത്തില്‍ എന്റെ സുഹൃത്ത് രാജ്കുമാര്‍ ആകൃഷ്ടനായി. പക്ഷെ, അവന്‍ പ്രതീക്ഷിച്ചതു പോലുള്ള ഒരു പ്രതികരണം അവളില്‍ നിന്നുണ്ടായില്ല. എല്ലാവരോടും കാണിക്കുന്ന പോലെ രജനി എന്നോടും അടുപ്പം കാണിച്ചിരുന്നു. രജനിയുടെ പ്രകൃതം അങ്ങിനെ ആയതു കൊണ്ട് എനിക്ക് അതില്‍ അസാധാരണമായി ഒന്നും തോന്നിയില്ല.

ഒരു അച്ചായന്റെ കുടുംബത്തോടൊപ്പമാണ് ഞങ്ങള്‍ പേയിങ് ഗസ്റ്റ് ആയി താമസം തുങ്ങിയത്. രാവിലത്തെ പ്രാതലും രാത്രി ഭക്ഷണവും ഉള്‍പ്പെടെയാണ് വാടക. ഒരു മുറിയില്‍ ഞാനും ജെയിംസും, മറ്റൊരു മുറിയില്‍ ഫ്രാന്‍സിസും ഇന്ദ്രബാലനും. പൊതു ബാത്രൂം ആയിരുന്നു. രാവിലെ എല്ലാവര്‍ക്കും ഒരേ സമയത്തു റെഡി ആവാനുള്ളത് കൊണ്ട്, രണ്ടു പേര് ഒന്നിച്ചാണ് കുളിമുറിയില്‍ കേറുക. ഭയം, ലജ്ജ, സഭാകമ്പം തുടങ്ങിയ മാനസികമായ തടസ്സങ്ങളെ (inhibitions) തകര്‍ക്കാനുള്ള പല അഭ്യാസങ്ങളും അഭിനയ പരിശീലനത്തിന്റെ ഭാഗമായി ക്‌ളാസില്‍ ചെയ്യാറുണ്ട്. അതുപോലെ തന്നെ, വീട്ടില്‍ നിന്നകന്നുള്ള ഈ മദ്രാസ് ജീവിതവും എന്റെ ഉള്‍വലിയുന്ന പല ശീലങ്ങളെയും ഇല്ലാതാക്കാന്‍ സഹായിച്ചിട്ടുണ്ട്. അച്ചായന്റെ വീട്ടിലെ താമസവും എനിക്ക് അധികം താമസിയാതെ അവസാനിപ്പിക്കേണ്ടി വന്നു. എനിക്ക് മാത്രമല്ല, എന്റെ സഹപാഠികള്‍ക്കും. കാരണം ഇതാണ്..

വീടിന്റെ ഉടമസ്ഥനായ അച്ചായന്‍ പകല്‍ വളരെ മാന്യന്‍ ആണ്. എന്നാല്‍, രാത്രിയാവുമ്പോള്‍ അദ്ദേഹം മൂക്കറ്റം മദ്യപിച്ചിട്ടാണ് വരുക. പിന്നെ വീട്ടില്‍ വലിയ ബഹളമാണ്. ഞങ്ങള്‍ അദ്ദേഹം വരുന്നതിനു മുന്‍പേ, ഭക്ഷണം കഴിച്ചു മുറിയില്‍ കയറി വാതില്‍ അടക്കുമെങ്കിലും, അദ്ദേഹം സൃഷ്ടിക്കുന്ന ശബ്ദകോലാഹലങ്ങള്‍ മൂലം രാത്രി വളരെ വൈകിയേ ഉറങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. ഒരു ദിവസം അദ്ദേഹം വളരെ വൈകിയാണ് എത്തിയത്; തീരെ ബോധമില്ലാത്ത അവസ്ഥയിലായിരിക്കണം. ഞങ്ങള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു. പക്ഷെ, ബഹളം കേട്ട് ഞങ്ങള്‍ ഉണര്‍ന്നു. ഇടയ്ക്കു പാത്രങ്ങളും ഫര്‍ണീച്ചറുകളും വലിയ ശബ്ദത്തോടെ

മറിഞ്ഞു വീഴുന്നത് കേള്‍ക്കാമായിരുന്നു. പിന്നെ അയാള്‍ ഏതോ മുറിയുടെ വാതിലില്‍ ഇടിക്കുന്നതും ചവിട്ടുന്നതും ഒക്കെ കേട്ടു. അല്‍പം കഴിഞ്ഞപ്പോള്‍ ബഹളം ഒന്നടങ്ങി. നെഞ്ചിടിപ്പോടെ കിടന്നിരുന്ന ഞാനും ജെയിംസും ഇനിയെങ്കിലും ഉറങ്ങാം എന്ന് ചിന്തിച്ചു പുതപ്പെടുത്തു പുതച്ചപ്പോള്‍, ഞങ്ങളുടെ വാതില്‍ക്കല്‍ അയാള്‍ മൂത്രം ഒഴിക്കുന്ന ശബ്ദം കേട്ടു, തുടര്‍ന്ന് മൂത്രത്തിന്റെ രൂക്ഷമായ നാറ്റവും. ബാത്രൂം ആണെന്ന് കരുതി അയാള്‍ ഞങ്ങളുടെ മുറിയുടെ വാതില്‍ക്കല്‍ മൂത്രം ഒഴിക്കുകയായിരുന്നു. ഞാനും ജെയിംസും ശ്വാസം അടക്കിപ്പിടച്ചു കിടന്നു. അയാളുടെ മൂത്രം ഞങ്ങളുടെ മുറിയിലേക്ക് ഒഴുകിപ്പടര്‍ന്നു. ആ നാറ്റം കാരണം ഞങ്ങള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല.

നേരം വെളുത്തപ്പോള്‍ പരസ്പരം പറയാതെ തന്നെ ഞങ്ങള്‍ ഓരോരുത്തരും സ്വയം തീരുമാനിച്ചു കഴിഞ്ഞിരുന്നു, അവിടന്ന് താമസം മാറ്റാന്‍. രാവിലെ പ്രാതല്‍ കഴിക്കാന്‍ പോയിരുന്നപ്പോള്‍, എല്ലാവരും നിശ്ശബ്ദരായിരുന്നു. അച്ചായന്റെ ഭാര്യ, ഭക്ഷണം കൊണ്ട് വന്നു മേശപ്പുറത്തു വെച്ചപ്പോള്‍, അവരുടെ മുഖവും മ്ലാനമായിരുന്നു. തലേരാത്രിയിലെ യുദ്ധത്തിന്റെ അവശേഷിപ്പുകള്‍ അവരുടെ മുഖത്തുണ്ടായിരുന്നു. ഞങ്ങള്‍ താമസം മാറുമെന്ന് അവര്‍ക്കും മനസ്സിലായിരുന്നു. അങ്ങിനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നതിനു ശേഷമുള്ള, രണ്ടു മാസത്തിനുള്ളില്‍, എന്റെ നാലാമത്തെ കൂടുമാറ്റത്തിന് കളമൊരുങ്ങി.

TAGS :