Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 11 July 2022 4:36 PM GMT

ഗുഡ് ലക്ക് മൈ ബോയ്!

സ്‌കൂള്‍ വിടുന്നതിനു മുന്‍പ് ദേശീയ ഗാനം പാടി പിരിയണം എന്നാണ് സര്‍ക്കാരില്‍ നിന്നുള്ള പുതിയ നിര്‍ദേശം. മൈക്ക് എടുത്ത് കണക്ഷന്‍ കൊടുത്ത്, ദേശീയ ഗാനം പാടിയതിന് ശേഷം മൈക്ക് തിരികെ അലമാരയില്‍ വെച്ച് പൂട്ടി താക്കോല്‍ എന്നെ തിരികെ ഏല്‍പിക്കണം. ഇന്ന് മുതല്‍ ഇതെല്ലാം തന്റെ ഡ്യൂട്ടി ആണ് - ഹെഡ്മാസ്റ്റര്‍ പറഞ്ഞു. വൈഡ് ആംഗിള്‍ - ഭാഗം 10

ഗുഡ് ലക്ക് മൈ ബോയ്!
X

മഹാരാജ്‌സ് കോളജ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നില്‍ക്കുമ്പോള്‍ ഞാനോര്‍ത്തു... നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഇതുപോലെ പാട്ട് പാടിയതിനു ഹെഡ്മാസ്റ്റര്‍ വിളിപ്പിച്ചതും പിന്നീട് ഞാന്‍ എസ്.ആര്‍.വി.ഹൈ സ്‌കൂളിലെ ആസ്ഥാന ഗായകന്‍ ആയതും...

Cut to Flashback

എസ്.ആര്‍.വി ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോല്‍ ഞാന്‍ ക്ലാസ് മോണിട്ടര്‍ ആയിരുന്നു. എല്ലാ വെള്ളിയാഴ്ച്ചകളും ലാസ്റ്റ് പീരിയഡ് ക്ലാസ് മീറ്റിംഗ് ആണ്. മോണിട്ടര്‍ എന്ന നിലയില്‍ മീറ്റിംഗ് നടത്തുക എന്റെ ചുമതലയാണ്. മീറ്റിങ്ങിലെ ഒരു പ്രധാനപ്പെട്ട കലാപരിപാടി എന്റെ പാട്ട് ആണ്. മോണിട്ടര്‍ ആദം അയുബ് അനൗണ്‍സ് ചെയ്യും 'അടുത്തതായി ആദം അയുബ് ഒരു ഗാനം ആലപിക്കും''. പിന്നെ ഞാന്‍ മേശയുടെ മറു ഭാഗത്ത് വന്നു നിന്ന് പാടും. കൂട്ടുകാര്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കും.

ഏതായാലും മറ്റു അനിഷ്ട സംഭവങ്ങല്‍ ഒന്നും ഉണ്ടാവാതെ, എന്റെ ഗാനങ്ങള്‍ സഹിതം വെള്ളിയാഴ്ചത്തെ ക്ലാസ്സ് മീറ്റിങ്ങുകള്‍ പുരോഗമിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഞാന്‍ മീറ്റിംഗില്‍ ''തേരി പ്യാരി പ്യാരി സൂറത്ത് കോ, കിസീ കി നസര്‍ നാ ലഗേ, ചശ്‌മേ ബധൂ...'' എന്ന പാട്ട് ആസ്വദിച്ചു പാടുകയായിരുന്നു. കൂട്ടുകാര്‍ ഡെസ്‌കില്‍ താളം പിടിക്കുന്നുണ്ടായിരുന്നു. കണ്ണടച്ച്, പാട്ടില്‍ ലയിച്ച് ഉയര്‍ന്ന ശ്രുതിയില്‍ അനുപല്ലവി പാടിക്കൊണ്ടിരിക്കുമ്പോള്‍, പെട്ടെന്ന് ഡെസ്‌കില്‍ അടിച്ചു കൊണ്ടിരുന്ന താളം നിലച്ചു. ഞാന്‍ പാട്ട് നിര്‍ത്താതെ തന്നെ കണ്ണ് തുറന്നു. എല്ലാവരും പുറത്തേക്കു നോക്കുന്നത് കണ്ട് ഞാനും നോക്കി. പുറത്തു ഹെഡ്മാസറ്റര്‍ കുറുപ്പ്‌സാര്‍. ക്ലാസ് മീറ്റിങ്ങിലെ ഗാനാലാപനം ഒരു സ്ഥിരം അജണ്ടയാണ്. അത് സ്‌കൂള്‍ നിയമങ്ങള്‍ക്കു വിരുദ്ധമൊന്നുമല്ല. എങ്കിലും ഹെഡ്മാസ്റ്റര്‍ വരാന്തയില്‍ നിന്ന് ശ്രദ്ധിക്കുന്നത് കണ്ടപ്പോള്‍, എന്റെ പാട്ട് തൊണ്ടയില്‍ കുരുങ്ങി. ഞാന്‍ പാട്ട് അവിടെത്തന്നെ അവസാനിപ്പിച്ചു. അതോടെ ഹെഡ്മാസ്റ്റര്‍ തിരിച്ചു പോയി. തുടര്‍ന്നു പാടാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും, ഞാന്‍ പിന്നെ പാടിയില്ല. ഞാന്‍ തെറ്റൊന്നും ചെയ്തില്ലെങ്കിലും, എന്റെ പാട്ട് വളരെ മോശമായിരുന്നോ എന്നൊരു ആശങ്ക ഉള്ളിലുണ്ടായിരുന്നു.

ശനി, ഞായര്‍ അവധി കഴിഞ്ഞു. തിങ്കളാഴ്ച അവസാന പിരീയഡില്‍ ക്ലാസ് നടന്നു കൊണ്ടിരിക്കുമ്പോള്‍ പ്യൂണ്‍ ഒരു തുണ്ട് കടലാസ്സുമായി വന്നു. ടീച്ചര്‍ അത് വാങ്ങി ഉറക്കെ വായിച്ചു. 'ആദം അയുബിനെ ഹെഡ്മാസ്റ്റര്‍ വിളിക്കുന്നു.'' എന്റെ സപ്ത നാഡികളും തളര്‍ന്നു. ക്ലാസ്സ് മീറ്റിംഗില്‍ പാട്ട് പാടിയത് അത്ര വലിയ കുറ്റമാണോ? പാട്ട് മോശമായിരുന്നെങ്കിലും ഒരു കലാകാരനെ ശിക്ഷിക്കാമോ? ഞാന്‍ വിറച്ചു കൊണ്ട് ഹെഡ്മാസ്റ്ററുടെ മുന്നില്‍ പോയി നിന്നു. അദ്ദേഹം മേശപ്പുറത്തിരുന്ന ചൂരല്‍ കൈയില്‍ എടുത്തു, ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ച്, മിടിക്കുന്ന ഹൃദയത്തോടെ, അടി വരുന്നതും കാത്തു നില്‍പ്പായി., അടി വരാന്‍ താമസിച്ചപ്പോല്‍ ഞാന്‍ കണ്ണ് തുറന്നു. ഹെഡ്മാസ്റ്റര്‍ ചൂരല്‍ ഒരു വശത്തേക്ക് മാറ്റി വെച്ചു. പിന്നെ എന്നെ നോക്കി. 'താന്‍ പാടുമല്ലേ ?'' അദ്ദേഹം ഗൗരവത്തില്‍ ചോദിച്ചു.

''ഇനി പാടില്ല സാര്‍'' എന്റെ ശബ്ദം ഇടറിയിരുന്നു.

'' പാടണം''.

''ഇല്ല സാര്‍'' ഞാന്‍ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

'' താന്‍ ദിവസേന വൈക്കുനേരം ക്ലാസ് വിടുന്നതിനു മുന്‍പ് മൈക്കിലൂടെ ദേശീയഗാനം പാടണം'' അദ്ദേഹം ചെറിയ ഒരു പുഞ്ചിരിയോടെ പറഞ്ഞു.

ഞാന്‍ അന്തം വിട്ട് നിന്നു!

''സ്‌കൂള്‍ വിടുന്നതിനു മുന്‍പ് ദേശീയ ഗാനം പാടി പിരിയണം എന്നാണ് സര്‍ക്കാരില്‍ നിന്നുള്ള പുതിയ നിര്‍ദേശം. മൈക്ക് എടുത്ത് കണക്ഷന്‍ കൊടുത്ത്, ദേശീയ ഗാനം പാടിയതിന് ശേഷം മൈക്ക് തിരികെ അലമാരയില്‍ വെച്ച് പൂട്ടി താക്കോല്‍ എന്നെ തിരികെ ഏല്‍പിക്കണം. ഇന്ന് മുതല്‍ ഇതെല്ലാം തന്റെ ഡ്യൂട്ടി ആണ്''

മൈക്കിന്റെ ഓപറേഷന് ഒന്നും എനിക്കറിയില്ല എന്ന് പറയണമെന്നുണ്ടായിരുന്നു. മൈക്കിന്റെ ഓപ്പറേഷന്‍ അറിയാവുന്ന തടിയന്‍ വേണുവിനെയും കൂടെക്കൂട്ടി. അങ്ങിനെ ഞാന്‍ എസ്.ആര്‍.വി ഹൈസ്‌കൂളിലെ ആസ്ഥാന ഗായകന്‍ ആയി.

Cut back

മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ മുറിയിലെ ഈ കൂടിക്കാഴ്ചയും അങ്ങിനെ ശുഭപര്യവസായി ആകുമോ എന്നൊരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍, പ്രിന്‍സിപ്പല്‍ പറഞ്ഞത് ഇങ്ങനെയാണ്: 'തന്റെ പാട്ടു കാരണം, അടുത്തുള്ള ക്‌ളാസ്സുകളില്‍ ഒന്നും ക്‌ളാസ് എടുക്കാന്‍ പറ്റുന്നില്ല എന്ന് അധ്യാപകര്‍ കംപ്ലൈന്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ക്‌ളാസില്‍ ശ്രദ്ധിക്കാതെ തന്റെ പാട്ടിലാണ് ശ്രദ്ധിക്കുന്നത് എന്ന്' അതൊരു പരാതിയാണോ അഭിനന്ദനമാണോ എന്നെനിക്കു പിടി കിട്ടിയില്ല.

'' I want to meet your father ' പ്രിന്‍സിപ്പല്‍ പറഞ്ഞു.

പ്രശ്‌നം കൂടുതല്‍ സീരിയസ് ആവുകയാണെന്നു എനിക്ക് മനസ്സിലായി. വീട്ടില്‍ എങ്ങാനും ഇതറിഞ്ഞാല്‍ എന്റെ പിതാവ് അപമാനിതനാകും. അതെനിക്ക് സഹിക്കാന്‍ കഴിയില്ല.

ഞാന്‍ പെട്ടെന്ന് പറഞ്ഞു.

'' He is out of station sir'

'ഓക്കേ, അത് വരെ ക്ലാസ്സില്‍ കയറേണ്ട എന്ന് ഞാന്‍ തന്നോട് പറയുന്നില്ല. കാരണം, താന്‍ അല്ലെങ്കിലും ക്ലാസ്സില്‍ കയറാറില്ലല്ലോ. അതുകൊണ്ടു ഇനി താന്‍ എല്ലാ ദിവസവും എല്ലാ ക്ലാസ്സിലും കയറണം. '

''ശരി സാര്‍.''

'ബാക്കി കാര്യങ്ങള്‍ അച്ഛനെ വിളിച്ചു കൊണ്ട് വന്നതിനു ശേഷം തീരുമാനിക്കാം.'' അദ്ദേഹം പറഞ്ഞു .

ഞാന്‍ വിയര്‍ത്തു കുളിച്ചു കൊണ്ടാണ് പുറത്തിറങ്ങിയത്.

പുറത്തു സുഹൃത്തുക്കള്‍ ആകാംക്ഷയോടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരും തല പുകഞ്ഞാലോചിച്ചു. ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ എന്താണ് വഴി. ഒരാഴ്ച ക്‌ളാസില്‍ കയറുന്നതു പ്രശ്‌നമായിരുന്നില്ല. അത് സഹിക്കാം. പക്ഷെ, ഒരാഴ്ച കഴിഞ്ഞാല്‍ അച്ഛനെയും വിളിച്ചു കൊണ്ട് വരണ്ടേ?

ഇടയ്‌ക്കൊന്നു പറയട്ടെ,

മദിരാശി എന്ന മഹാനഗരത്തിലെ ജീവിതം എന്റെ വ്യക്തിത്വവും കാഴ്ചപ്പാടുകളും വികസിപ്പിക്കുന്നതില്‍ ഏറെ സഹായിച്ചു. നാട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും എന്റെ അന്തര്‍ മുഖത്വമൊക്കെ മാറിയിരുന്നു. ഞാന്‍ പല യുവജന സംഘടനകളുടെയും പ്രവര്‍ത്തകന്‍ മാത്രമല്ല ഭാരവാഹിയുമായി. അക്കൂട്ടത്തില്‍ റോട്ടറി ക്ലബ്ബിന്റെ യുവജന വിഭാഗമായ റോട്ടറക്ട ക്ലബ്ബിന്റെ പ്രസിഡന്റ് ആയി. അതുമൂലം എനിക്ക് ഒരവസരം വീണു കിട്ടി. Rotary Club of Cochin West ന്റെ വനിതാ, യുവജന , വിദ്യാര്‍ഥി വിഭാഗങ്ങളുടെ ഒരു സംയുക്ത വാര്‍ഷിക യോഗം വെല്ലിങ്ടണ്‍ ഐലന്റിലെ കാസിനോ ഹോട്ടലില്‍ ചേരുവാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ആലോചനയോഗത്തില്‍ Rotaract club President എന്ന നിലയില്‍ ഞാനും പങ്കെടുത്തിരുന്നു. യോഗത്തിന് ഒരു ചീഫ് ഗസ്റ്റ് വേണം. പല പേരുകളും പരിഗണനയ്ക്കു വന്നെങ്കിലും ആര്‍ക്കും യോജിപ്പില്‍ ഏത്തന്‍ കഴിഞ്ഞില്ല. ഒരു മിന്നല്‍പിണര്‍പോലെ ഒരു ആശയം എന്റെ മനസ്സില്‍ മിന്നി.

ഞാന്‍ പറഞ്ഞു, 'മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ വിളിച്ചാലോ?'

എന്റെ ആശയം പെട്ടെന്ന് സ്വീകരിക്കപ്പെട്ടു.

മഹാരാജകീയ കലാലയത്തിലെ പ്രിന്‍സിപ്പലിനെ മുഖ്യ അതിഥിയായി കിട്ടിയാല്‍ ഗംഭീരമാവും. പക്ഷെ, കിട്ടുമോ? പലരും സംശയം പ്രകടിപ്പിച്ചു.

' leave it to Adam Ayub . He will manage ', പ്രസിഡന്റ് ജോബ് പറഞ്ഞു.

പിറ്റേ ദിവസം ഞാന്‍ പ്രിന്‍സിപ്പലിനെ ചെന്ന് കണ്ടു. കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു

'താന്‍ റോട്ടറിയിലൊക്കെ ഉണ്ടോ?'

'റോട്ടറിയുടെ യുവജന വിഭാഗമായ റോട്ടറക്ട ക്ലബ്ബിന്റെ പ്രസിഡന്റ് ആണ് ഞാന്‍.' ഞാന്‍ പറഞ്ഞു. ' സാറിനെ പിക്ക് അപ്പ് ചെയ്യാന്‍ വണ്ടി വരും.'

അദ്ദേഹം സന്തോഷത്തോടെ സമ്മതിച്ചു.

വെല്ലിങ്ടണ്‍ ഐലന്റിലെ കാസിനോ ഹോട്ടലിലെ പ്രൗഢഗംഭീരമായ ഹാളില്‍, നഗരത്തിലെ പ്രമുഖ പൗരന്മാര്‍ അവരുടെ ഭാര്യമാരോടൊപ്പം സദസ്സില്‍ നിറഞ്ഞിരുന്നു. വേദിയില്‍ പ്രിന്‍സിപ്പലിനും മറ്റു ഭാരവാഹികള്‍ക്കുമൊപ്പം എനിക്കും ഇരിപ്പടം ഉണ്ടായിരുന്നു, കാരണം, ഞാനാണ് മുഖ്യ അതിഥിയെ പരിചയപ്പെടുത്തേണ്ടത്. റോട്ടറിയിലെ എല്ലാ പ്രസംഗങ്ങളും ഇംഗ്ലീഷിലാണ്. വാസ്തവത്തില്‍ പ്രിന്‍സിപ്പലിന്റെ പേരല്ലാതെ അദ്ദേഹത്തെ കുറിച്ച് എനിക്ക് മറ്റൊന്നും അറിയില്ല. എന്നാല്‍, ഞാന്‍ പല പുസ്തകങ്ങളില്‍ വായിച്ച പല മഹാന്മാരുടെയും കഴിവുകളും, അനുഭവങ്ങളും അവരുടെ ഉദ്ധരണികളും ഒക്കെ ചേര്‍ത്ത് ഒരു അവിയല്‍ ഉണ്ടാക്കി. അത് മൈക്കിന് മുന്നില്‍ നിന്ന് ഭംഗിയായി വിളമ്പി.

ഞാന്‍ പ്രിന്‍സിപ്പലിനെ വാനോളം പുകഴ്ത്തി. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തെക്കുറിച്ചും അപാരമായ കഴിവുകളെക്കുറിച്ചും ഒക്കെ വാതോരാതെ പ്രസംഗിച്ചു. ഇടയ്ക്കു ഞാന്‍ പ്രിന്‍സിപ്പലിനെ ഒന്നിടങ്കണ്ണിട്ടു നോക്കിയപ്പോള്‍ അദ്ദേഹം വായും പൊളിച്ചിരിക്കുകയായിരുന്നു. തന്നെക്കുറിച്ചു തന്നെയാണോ ഈ പറയുന്നത് എന്നദ്ദേഹം അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ പ്രസംഗിക്കാനായി ക്ഷണിച്ചപ്പോള്‍ വന്‍ കരഘോഷത്തോടെയാണ് സദസ്സ് വേദിയിലേക്കു എതിരേറ്റത്. അദ്ദേഹത്തിന്റെ മറുപടി പ്രസംഗം മുഴുവന്‍ എന്നെക്കുറിച്ചായിരുന്നു.

അദ്ദേഹം ഇതിനു മുന്‍പ് ഇതുപോലുള്ള സംഘടനകളുടെ യോഗത്തില്‍ പങ്കെടുത്തിട്ടില്ല എന്ന് എനിക്ക് മനസ്സിലായി. ഏതായാലും അതോടെ റോട്ടറിയിലും ഞാന്‍ ഒരു സ്റ്റാര്‍ ആയി.

യോഗാനന്തരം വിഭവസമൃദ്ധമായ ഡിന്നറും കഴിച്ചു പ്രിന്‍സിപ്പലിനെ വണ്ടി കയറ്റി വിട്ടു.

ക്‌ളാസില്‍ കയറല്‍ ശിക്ഷ അനുഭവിക്കുന്നത് കൊണ്ട്, പിറ്റേ ദിവസം പ്യൂണ്‍, പ്രിന്‍സിപ്പലിന്റെ ചീട്ടുമായി എന്നെ വിളിക്കാന്‍ വന്നപ്പോള്‍ ഞാന്‍ ക്‌ളാസില്‍ ഉണ്ടായിരുന്നു. പ്രിസിപ്പലിന്റെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം ഏതോ സ്വപ്ന ലോകത്തായിരുന്നു. ഞാന്‍ മുരടനക്കിയപ്പോള്‍ അദ്ദേഹം സ്വപ്നലോകത്തു നിന്ന് തിരിച്ചു വന്നു. അദ്ദേഹം സുസ്‌മേര വദനനായി എന്നോട് പറഞ്ഞു,

'ഇരിക്കൂ'

ഞാന്‍ ഇരുന്നു.

'താന്‍ വളരെ നന്നായിട്ടു പ്രസംഗിച്ചു' അദ്ദേഹത്തിന്റെ കണ്ണുകളില്‍ തിളക്കമുണ്ടായിരുന്നു.

''Thank you sir,, 'സാറിന്റെ പ്രസംഗവും ഗംഭീരമായിരുന്നു.' ഞാന്‍ വിനീതനായി മൊഴിഞ്ഞു.

'ഒരു സങ്കടം മാത്രമേ ഉള്ളു.' അദ്ദേഹം പറഞ്ഞു.

'എന്താണ് സാര്‍?' ഞാന്‍ ഉദ്വേഗത്തോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

'എന്റെ ഭാര്യയെയും കൂടെ കൊണ്ട് വരണമായിരുന്നു. താന്‍ എന്നെക്കുറിച്ചു പറഞ്ഞതൊക്കെ അവള്‍ കേള്‍ക്കേണ്ടതായിരുന്നു.'

'അതിനു ഇനിയും അവസരം ഉണ്ടാവും സാര്‍, സാറിനെ ഞാന്‍ അങ്ങിനെ വെറുതെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല'

'ങേ? '

''ഐ മീന്‍, സാര്‍ കോളജിന് പുറത്തെ സോഷ്യല്‍ ലൈഫില്‍ കുറേക്കൂടി ആക്റ്റീവ് ആകണം.'

പ്രിന്‍സിപ്പല്‍ ആലോചനയില്‍ മുഴുകി

അദ്ദേഹം പറഞ്ഞു. fMay be you are right'

പിന്നെ അദ്ദേഹം എന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

'ഏതായാലും തനിക്കു നല്ലൊരെ ഭാവിയുണ്ട്. താന്‍ ഇങ്ങനെ ഉഴപ്പി സമയം കളയരുത്. ക്ലാസ്സില്‍ കയറണം'

'ശരി സാര്‍, 'ഞാന്‍ എഴുന്നേറ്റു.

അദ്ദേഹം കൈനീട്ടി എനിക്ക് ഹസ്തദാനം ചെയ്തുകൊണ്ട് പറഞ്ഞു.

'' Good luck my boy !''


TAGS :