Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 20 May 2024 11:58 AM GMT

അഭിനയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടി ഒളിച്ച നടന്‍

രണ്ടു ദിവസം റഹ്മാനെ മുറിയില്‍ പൂട്ടിയിട്ട് ആത്മവിശ്വാസം കുത്തി വെച്ച്, അദ്ദേഹത്തെ അഭിനയിക്കാന്‍ സജ്ജമാക്കി എന്ന് പറഞ്ഞാല്‍ ശരിയാവില്ല. പക്ഷെ, ഷൂട്ടിങ് തുടങ്ങുന്ന ദിവസം ആയപ്പോഴേക്കും അദ്ദേഹം അമാന്തമൊന്നും കൂടാതെ അഭിനയിക്കാന്‍ തയ്യാറായിരുന്നു. ഒരു ദിവസം ഷൂട്ട് കഴിഞ്ഞതോടെ റഹ്മാന്‍ ഫുള്‍ ഫോമിലായി. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 32

നിലമ്പൂര്‍ ആയിഷ, സീനത്ത്
X

മണിമുഴക്കത്തിന്റെ വിജയത്തോടെ ബക്കര്‍ അണ്ണാ നഗറില്‍ നിന്നും താമസം മാറ്റി. അശോക് നഗറില്‍ ഒരു വീട് വാടകക്കെടുത്തു. ഒരു വീടിന്റെ മധ്യഭാഗത്തു കൂടി മതില്‍ കെട്ടി വേര്‍തിരിച്ച രണ്ടു പോര്‍ഷനില്‍ ഒന്നില്‍ ബക്കറും മറ്റേതില്‍ കെ.ജി ജോര്‍ജും താമസമായി. ജോര്‍ജ് ഭാര്യ സല്‍മയോടൊപ്പം ആയിരുന്നു താമസമെങ്കില്‍, അന്ന് ബാച്ചിലര്‍ ആയിരുന്ന ബക്കര്‍ ഒറ്റയ്ക്കായിരുന്നു. പക്ഷെ, ബക്കറിന്റെ വീട്ടില്‍ എന്നും ആളുകളുടെ തിരക്കായിരുന്നു. ബക്കറിന്റെ നിര്‍മാതാക്കളും, ഹോട്ടല്‍ ഒഴിവാക്കി ബക്കറിനോടൊപ്പം കൂടും. ലോ ബഡ്ജറ്റ് സിനിമയുടെ നിര്‍മാതാക്കളല്ലേ, ഇടയ്ക്കിടെ സൗഹൃദ കൂട്ടായ്മകളില്‍ പങ്കെടുക്കാന്‍ ജോര്‍ജ് ഇപ്പുറത്തും വരും.

മണിമുഴക്കം, അവാര്‍ഡ് വാരിക്കൂട്ടിയതോടെ ബക്കറിന് തിരക്കായി. ചെറിയ ബഡ്ജറ്റില്‍, താരപ്പൊലിമയൊന്നുമില്ലാത്ത സിനിമകള്‍ എടുത്താല്‍ വലിയ നഷ്ടമില്ലാതെ പിടിച്ചു നില്‍ക്കാം. അവാര്‍ഡ് തുകയും കൂടി കൂട്ടിയാല്‍ മുടക്കു മുതല്‍ തിരിച്ചു കിട്ടും. ഒരു ദിവസം ചന്ദ്രാജി (അടൂര്‍ ഭാസിയുടെ സഹോദരന്‍) വന്നത് ഒരു അതിഥിയെയും കൊണ്ടായിരുന്നു. സിനിമയില്‍ അവസരങ്ങള്‍ തേടുന്ന ഒരു പുതിയ നടനെ ബക്കറിന് പരിചയപ്പെടുത്തുകയായിരുന്നു ആഗമനോദ്ദേശം. കൂടെവന്ന അതിഥി പില്‍ക്കാലത്തു മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ആയി മാറിയ ജഗതി ശ്രീകുമാര്‍ ആയിരുന്നു. അന്നദ്ദേഹം ഒന്ന് രണ്ടു സിനിമകിളില്‍ ചെറിയ വേഷം ചെയ്ത് അവസരങ്ങള്‍ക്കായി അലയുന്ന സമയമായിരുന്നു. അന്ന് ജഗതി ഞങ്ങളെ രസിപ്പിക്കാനായി ചില മിമിക്രികള്‍ ഒക്കെ കാണിച്ചു. പക്ഷെ, ബക്കറിന്റെ സിനിമകളില്‍ അങ്ങനെയുള്ള ഹാസ്യ കഥാപാത്രങ്ങള്‍ ഒന്നുമില്ലാത്ത കൊണ്ട്, ചന്ദ്രാജിയുടെ ശുപാര്‍ശ അവിടെ ഏറ്റില്ല.

മണിമുഴക്കത്തില്‍ ഒരു ഷോട്ടില്‍ മാത്രം അഭിനയിച്ച ശാന്തകുമാരിയെ നായികയാക്കാമെന്ന കാര്യത്തില്‍ തീരുമാനമായി. വേശ്യാലയം നടത്തിപ്പുകാരിയുടെ വേഷത്തില്‍ നിലമ്പുര്‍ അയിഷയും തീരുമാനിക്കപ്പെട്ടു. ശാന്തകുമാരിയുടെ പതിനാറു വയസ്സുകാരിയായ അനിയത്തിയുടെ വേഷത്തിനു നിലമ്പൂര്‍ ആയിശയുടെ ബന്ധു കൂടിയായ സീനത്ത് എന്ന പുതുമുഖത്തെ തെരഞ്ഞെടുത്തു. പക്ഷെ പരുക്കനായ ട്രക്ക് ഡ്രൈവറെ ആര് അവതരിപ്പിക്കും? പല പ്രമുഖ നടന്മാരുടെയും പേരുകള്‍ പലരും നിര്‍ദേശിച്ചു. എന്നാല്‍, താരങ്ങളോട് വലിയ പ്രതിപത്തി ഇല്ലാത്ത ബക്കര്‍ അതൊക്കെ നിരാകരിച്ചു.

നവധാര മൂവി മേക്കേഴ്‌സ് എന്ന ബാനറില്‍ 'ചുഴി', 'ക്രിമിനല്‍സ്' എന്നീ പക്കാ കൊമേഴ്ഷ്യല്‍ സിനിമകളുടെ നിര്‍മാതാവും നടനുമായ സലാം കാരശ്ശേരി ആയിരുന്നു ബക്കറിന്റെ പുതിയ പ്രൊഡ്യൂസര്‍. ബക്കറിന്റെ 'കബനീ നദി ചുവന്നപ്പോള്‍' എന്ന സിനിമയില്‍ അദ്ദേഹം ഒരു ചെറിയ വേഷം ചെയ്തിരുന്നു. നിര്‍മാതാവിനെ കിട്ടിയതിനു ശേഷമാണു ബക്കര്‍ തിരക്കഥ രചന തുടങ്ങുന്നത്. ഒരു വേശ്യയും ട്രക്ക് ഡ്രൈവറും തമ്മിലുള്ള ബന്ധത്തിന്റെ കഥ എഴുതിയത് ബക്കര്‍ തന്നെയാണ്. തിരക്കഥ പൂര്‍ണമാവുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ ഷൂട്ടിങ്ങിനായി കോഴിക്കോടേക്ക് പോയി. കോഴിക്കോടാണ് സിനിമയുടെ ലൊക്കേഷന്‍.

അക്കാലത്തു ലോ ബജറ്റ് സിനിമകളുടെ പ്രധാന കേന്ദ്രം നടക്കാവുള്ള വൃന്ദാവന്‍ ടൂറിസ്റ്റ് ഹോം ആയിരുന്നു. ഞങ്ങള്‍ അവിടെ തമ്പടിച്ചതോടെ പിന്നെ സന്ദര്‍ശകരുടെ പ്രവാഹമായിരുന്നു. മുക്കത്തുകാരനായ സലാം കാരശ്ശേരിയുടെ സുഹൃത്തുക്കള്‍ കൂടാതെ, ബക്കറിനും കോഴിക്കോട് നല്ലൊരു സുഹൃദ് വലയം ഉണ്ടായിരുന്നു. എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലാകാരന്മാര്‍, കായിക താരങ്ങള്‍ ഇങ്ങനെ കോഴിക്കോട്ടെ പ്രശസ്തരും പ്രഗത്ഭരും ഒക്കെ ഞങ്ങളുടെ ഹോട്ടലിലെ നിത്യസന്ദര്‍ശകരായിരുന്നു. അങ്ങനെ അതിഥികളുടെ നിരന്തര പ്രവാഹം തിരക്കഥയുടെ പുരോഗതിയെ കുറെയൊക്കെ ബാധിച്ചു. അല്ലെങ്കിലും ബക്കറിന്റെ തിരക്കഥയ്ക്ക് പൂര്‍ണ്ണ രൂപം കൈവരുന്നത് എഡിറ്റിംഗ് ടേബിളില്‍ വെച്ചാണ്. ലൊക്കേഷനില്‍ വെച്ച് തന്നെ ധാരാളം ഇമ്പ്രോവൈസ് ചെയ്യപ്പെടുന്ന തിരക്കഥയാണ് ബക്കറിന്റേത്. സുഹൃത്ത് സമാഗമങ്ങള്‍ കാരണം തിരക്കഥ സമയത്തു പൂര്‍ത്തിയാവുമോ എന്ന ആശങ്ക സ്വാഭാവികമായും നിര്‍മാതാവിന് ഉണ്ടാവുമല്ലോ. അതുകൊണ്ടു ബക്കര്‍ എഴുതന്ന വണ്‍ ലൈനിനെ വികസിപ്പിച്ചു തിരക്കഥയാക്കാനുള്ള ഉത്തരവാദിത്വം ഏറെക്കുറെ എന്റെ ചുമലില്‍ തന്നെ വന്നു ചേര്‍ന്നു. ബക്കറിന്റെയും സുഹൃത്തുക്കളുടെയും ശബ്ദായമാനമായ ആഘോഷങ്ങള്‍ എന്റെ എഴുത്തിനു തടസ്സമാവാതിരിക്കാന്‍ സലാം മുകളിലത്തെ ഫ്‌ളോറിലേക്ക് എന്റെ റൂം മാറ്റി. നിര്‍മാതാവിന്റെ ചിലവില്‍ നടക്കുന്ന 'ആഘോഷങ്ങള്‍' അതിരു വിടാതിരിക്കാന്‍ ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ, തിരക്കഥയുടെ പൂര്‍ത്തീകരണത്തെക്കുറിച്ചു ആശങ്കയുള്ള ഒരു നിര്‍മാതാവെന്ന നിലയ്ക്ക്, സലാം ഇടയ്ക്കിടെ എന്റെ മുറിയില്‍ വരികയും തിരക്കഥയെ കുറിച്ച് ആരായുകയും പൂര്‍ത്തിയായ രംഗങ്ങള്‍ വായിച്ചു കേള്‍ക്കുകയും ചെയ്യുമായിരുന്നു.



| പി.എ ബക്കര്‍, കാമറമാന്‍ വിപിന്‍ ദാസ്, ആദം അയ്യൂബ്

തിരക്കഥ പുരോഗമിക്കുന്നതനുസരിച്ചു കാസ്റ്റിംഗിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായി. മണിമുഴക്കത്തില്‍ ഒരു ഷോട്ടില്‍ മാത്രം അഭിനയിച്ച ശാന്തകുമാരിയെ നായികയാക്കാമെന്ന കാര്യത്തില്‍ തീരുമാനമായി. വേശ്യാലയം നടത്തിപ്പുകാരിയുടെ വേഷത്തില്‍ നിലമ്പുര്‍ അയിഷയും തീരുമാനിക്കപ്പെട്ടു. ശാന്തകുമാരിയുടെ പതിനാറു വയസ്സുകാരിയായ അനിയത്തിയുടെ വേഷത്തിനു നിലമ്പൂര്‍ ആയിശയുടെ ബന്ധു കൂടിയായ സീനത്ത് എന്ന പുതുമുഖത്തെ തെരഞ്ഞെടുത്തു. പക്ഷെ പരുക്കനായ ട്രക്ക് ഡ്രൈവറെ ആര് അവതരിപ്പിക്കും? പല പ്രമുഖ നടന്മാരുടെയും പേരുകള്‍ പലരും നിര്‍ദേശിച്ചു. എന്നാല്‍, താരങ്ങളോട് വലിയ പ്രതിപത്തി ഇല്ലാത്ത ബക്കര്‍ അതൊക്കെ നിരാകരിച്ചു. ഷൂട്ടിങ്ങിന്റെ തിയതി അടുത്ത് വന്നതോടെ സലാമിന് ആശങ്കയായി. ഇനി, ഒരു നടന്‍ കൂടിയായ തന്നെയാണോ ബക്കര്‍ ഉദ്ദേശിക്കുന്നത് എന്ന ഒരു ചെറിയ പ്രതീക്ഷയും സലാമിന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ബക്കറിന്റെ കബനി നദി ചുവന്നപ്പോളില്‍ ഒരു വേഷം താന്‍ ചെയ്തതും ആണല്ലോ.

'' ബക്കര്‍ജി, ക്യാമറയും യൂണിറ്റും ഒക്കെ ബുക്ക് ചെയ്തു. അഭിനേതാക്കളും ഏതാണ്ട് എല്ലാവരും ആയി. പക്ഷെ, പ്രധാന വേഷം ചെയ്യുന്ന ട്രക്ക് ഡ്രൈവറുടെ കാര്യത്തില്‍ മാത്രം തീരുമാനം ആയില്ല'' സലാം പറഞ്ഞു.

'' പേടിക്കണ്ട, ആളൊക്കെ എന്റെ മനസിലുണ്ട്'' ബക്കര്‍ പറഞ്ഞു.

'' എന്നാ പറയു, ഫിക്‌സ് ചെയ്യണ്ടേ. ആളെവിടെയാണ് '

'ഇവിടെത്തന്നെയുണ്ട്'' ബക്കര്‍ പറഞ്ഞു.

'' ആരാണ്?' സലാം പ്രതീക്ഷയോടെ ചോദിച്ചു.

അവിടെ കൂടിയിരിക്കുന്ന വലിയ സൗഹൃദക്കൂട്ടായ്മയുടെ മുന്നില്‍ വെച്ചാണ് നിര്‍മാതാവും സംവിധായകനും തമ്മിലുള്ള ഈ സംഭാഷണം നടന്നത്. പുതിയ നായകന്‍ ആരാണെന്നറിയാന്‍ എല്ലാവരും ചെവി കൂര്‍പ്പിച്ചു.

എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി, പുഞ്ചിരിച്ചു കൊണ്ട് ബക്കര്‍ പറഞ്ഞു:

''ഒളിമ്പ്യന്‍ റഹ്മാന്‍''

എല്ലാവരും ഞെട്ടി. സലാം നിരാശയോടെ ഞെട്ടി. പക്ഷെ, ഏറ്റവും വലിയ ഞെട്ടല്‍ ഒളിമ്പ്യന്‍ റഹ്മാനിന്റേതായിരുന്നു. അദ്ദേഹത്തിന് കുറച്ചു നേരത്തേക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. എല്ലാവരും അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കി. പലരും അദ്ദേഹത്തെ അഭിനന്ദിക്കാനും കൈ പിടിച്ചു കുലുക്കാനും ഒക്കെ തുടങ്ങി. അല്‍പ നേരത്തിനു ശേഷം സമനില വീണ്ടെടുത്തുകൊണ്ടു റഹ്മാന്‍ പറഞ്ഞു:

''ബക്കര്‍ജി നിങ്ങള്‍ എന്താണീ പറയുന്നത് ?''

''അതെ നിങ്ങളാണ് എന്റെ നായകന്‍'' ബക്കര്‍ ആവര്‍ത്തിച്ചു.

''നിങ്ങള്‍ക്ക് ലോറി ഓടിക്കാന്‍ അറിയാമല്ലോ?''

''ലോറി ഓടിക്കാന്‍ അറിയാം, പക്ഷെ അഭിനയിക്കാന്‍ അറിയില്ല'

റഹ്മാന്‍ പറഞ്ഞു.

''അതുകൊണ്ടാണ് നിങ്ങളെ തെരഞ്ഞെടുത്തത്''. ബക്കര്‍ പറഞ്ഞു.

''എന്നെകൊണ്ട് കഴിയില്ല ബക്കര്‍ജി, എന്നെ വിട്ടേക്ക്''- റഹ്മാന്‍.

പക്ഷെ, ബക്കര്‍ വിടാന്‍ തയ്യാറല്ലായിരുന്നു. എല്ലാവരും കൂടി റഹ്മാനെ പൊതിഞ്ഞു. റഹ്മാനെക്കൊണ്ട് സമ്മതിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും തുടങ്ങി. എന്നാല്‍, റഹ്മാനില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. അദ്ദേഹം നിശ്ശബ്ദനായിരുന്നു. അന്ന് അദ്ദേഹം നേരത്തെ തന്നെ സഭയില്‍ നിന്ന് പിരിഞ്ഞു. രാവിലെ നേരത്തെ വരണം എന്ന് പറഞ്ഞാണ് ബക്കര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. പക്ഷെ, പിറ്റേ ദിവസം റഹ്മാന്‍ വന്നില്ല. ഫോണ്‍ ചെയ്തപ്പോള്‍, (അന്ന് ലാന്‍ഡ് ഫോണ്‍ മാത്രമേയുള്ളു) അദ്ദേഹം സ്ഥലത്തില്ല എന്ന മറുപടിയാണ് ലഭിച്ചത്. അടുത്ത ദിവസവും അദ്ദേഹം വന്നില്ല. ഷൂട്ടിങ്ങിനു ഇനി ദിവസങ്ങള്‍ മാത്രം. ഫോണിലും കിട്ടാതെയായപ്പോള്‍, ബക്കര്‍ 'ഓപ്പറേഷന്‍ ററഹ്മാന്‍' എന്ന പേരില്‍ ഒരു അന്വേഷണ സംഘം രൂപികരിച്ചു. പ്രൊഡക്ഷന്‍ മാനേജര്‍ ആര്‍.കെ നായരും ഞാനും ആയിരുന്നു ദൗത്യ സംഘാംഗങ്ങള്‍. റഹ്മാനെ എങ്ങിനെയെങ്കിലും കണ്ടുപിടിച്ചു അഭിനയിക്കാന്‍ സമ്മതിപ്പിക്കുക എന്നതായിരുന്നു ഞങ്ങളുടെ ദൗത്യം. ഞാനും ആര്‍.കെ നായരും റഹ്മാന്റെ വീട്ടിലേക്കു പുറപ്പെട്ടു. മുന്‍കൂട്ടി അറിയിക്കാതെയാണ് ഞങ്ങള്‍ പോയത്. അദ്ദേഹം വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം ഞങ്ങളുടെ മുന്നിലേക്ക് വന്നു.

''പ്രമുഖനായ ഇന്ത്യന്‍ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു ഒളിംപ്യന്‍ റഹ്മാന്‍ എന്നറിയപ്പെട്ടിരുന്ന ടി. അബ്ദുള്‍ റഹ്മാന്‍. 1956 മെല്‍ബോണ്‍ ഒളിംപിക്‌സില്‍ ഭാരതത്തിനു വേണ്ടി കളിച്ചു. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രതിരോധ നിരയുടെ നെടുംതൂണായിരുന്നു ഒളിംപ്യന്‍ അബ്ദുറഹ്മാന്‍. പിന്നീടദേഹം, കേരളത്തിലെ പല പ്രമുഖ ഫുട്‌ബോള്‍ ടീമുകളുടെയും കോച്ചായിരുന്നു.''

മേല്‍പ്പറഞ്ഞ കാര്യങ്ങളൊക്കെ പത്രവാര്‍ത്തകളും ഫോട്ടോകളും പുരസ്‌ക്കാരങ്ങളും നിരത്തി അദ്ദേഹം ഞങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചു. എന്നിട്ടു പറഞ്ഞു''-

''ഫുട്‌ബോള്‍ രംഗത്ത് എനിക്കൊരു നിലയും വിലയുമുണ്ട്. നിങ്ങളെന്നെ ഫുട്‌ബോള്‍ ഗ്രൗണ്ടിലേക്ക് ഇറക്കിയാല്‍ എനിക്കവിടെ ഷൈന്‍ ചെയ്യാന്‍ കഴിയും. പക്ഷെ ക്യാമറയുടെ മുന്നില്‍ ഇറക്കിയാല്‍ ഞാന്‍ പരിഹാസ്യനാകും. ഞാന്‍ ഇതുവരെ നേടിയ പേരും പെരുമയും എല്ലാം പോകും. എനിക്ക് അറിയാത്ത പണിക്കു എന്നെ നിര്‍ബന്ധിക്കരുത്'' അതൊരു യാചനയായിരുന്നു.

''നിങ്ങള്‍ വിചാരിക്കുന്നത് പോലെ ഇതത്ര ബുദ്ധിമുട്ടുള്ള പണിയൊന്നുമല്ല'' ഞാന്‍ പറഞ്ഞു.

''എന്നെക്കൊണ്ട് പറ്റില്ല അയൂബ്, എന്നെ വിട്ടേക്ക്'' അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഏറെ നേരത്തെ സംസാരത്തിനു ശേഷം അദ്ദേഹം ഞങ്ങളോടൊപ്പം ഹോട്ടലില്‍ വരാമെന്നു സമ്മതിച്ചു. അത്രയെങ്കിലും ആയല്ലോ. ഞങ്ങള്‍ അദ്ദേഹത്തെയും കൊണ്ട് ഹോട്ടലിലെത്തി. ബക്കറിന്റെ മുന്നില്‍ അദ്ദേഹത്തെ ഹാജരാക്കിയിട്ടു പറഞ്ഞു:

''പ്രതിയെ കൊണ്ട് വന്നിട്ടുണ്ട്''

''സമ്മതിച്ചോ?'' ബക്കര്‍ ചോദിച്ചു.

'' സമ്മതിപ്പിക്കേണ്ട ജോലിയൊക്കെ ഇനി നിങ്ങള്‍ എല്ലാവരും കൂടി ചെയ്യണം''

'' എന്റെ റഹ്മാനെ, നിങ്ങള്‍ ആവശ്യമില്ലാതെ ടെന്‍ഷന്‍ അടിക്കുകയാണ്''

ബക്കര്‍ പറഞ്ഞു.

''എനിക്ക് അഭിനയിക്കാന്‍ അറിയില്ല ബക്കര്‍ജി''റഹ്മാന്‍ പറഞ്ഞു.

''അതുകൊണ്ടാണ് നിങ്ങളെ തെരഞ്ഞടുത്തത്. നിങ്ങള്‍ അഭിനയിക്കേണ്ട. ഇപ്പോള്‍ പെരുമാറുന്നത് പോലെ, സ്വാഭാവികമായി പെരുമാറുക, അത് മാത്രം മതി'' ബക്കര്‍ പറഞ്ഞു.



| സലാം കാരശ്ശേരി, ആദം അയ്യൂബ്, ഒളിമ്പ്യന്‍ റഹ്മാന്‍

'' പിന്നെ അയൂബ് ഉണ്ടല്ലോ'' ക്യാമറാമാന്‍ വിപിന്‍ദാസ് പറഞ്ഞു.

''കബനി നദിയില്‍ ടി.വി ചന്ദ്രനെ ട്രെയിന്‍ ചെയ്ത ആളാണ്''

''അത് മാത്രമല്ല, വിന്‍സെന്റ് മാഷിന്റെ അനാവരണത്തില്‍ മുപ്പതു പൂമുഖങ്ങളെ ട്രെയിന്‍ ചെയ്തിട്ടുണ്ട് അയൂബ് '. ബക്കര്‍ പറഞ്ഞു. റഹ്മാന്‍ എന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ ഒന്നും മിണ്ടാതെ അദ്ദേഹത്തിന്റെ തോളില്‍ കൈയിട്ടു അദ്ദേഹത്തെയും കൊണ്ട് എന്റെ റൂമിലേക്ക് പോയി.

രണ്ടു ദിവസം റഹ്മാനെ മുറിയില്‍ പൂട്ടിയിട്ട് ആത്മവിശ്വാസം കുത്തി വെച്ച്, അദ്ദേഹത്തെ അഭിനയിക്കാന്‍ സജ്ജമാക്കി എന്ന് പറഞ്ഞാല്‍ ശരിയാവില്ല. പക്ഷെ, ഷൂട്ടിങ് തുടങ്ങുന്ന ദിവസം ആയപ്പോഴേക്കും അദ്ദേഹം അമാന്തമൊന്നും കൂടാതെ അഭിനയിക്കാന്‍ തയാറായിരുന്നു. ഒരു ദിവസം ഷൂട്ട് കഴിഞ്ഞതോടെ റഹ്മാന്‍ ഫുള്‍ ഫോമിലായി.

''ബീഡി വലിക്കൂ.. പുക വിടൂ.. ഇടത്തോട്ട് നോക്കൂ.. വലത്തോട്ട് നോക്കൂ..'

ബക്കര്‍ ഇങ്ങനെ റണ്ണിങ് കമന്ററി പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ റഹ്മാന്‍ അത് യാന്ത്രികമായി അനുസരിച്ചു കൊണ്ടിരുന്നു. ഒരു കാര്യം പറയാം, റഹ്മാന്‍ അഭിനയിക്കുക അല്ലായിരുന്നു. പറയുന്ന കാര്യങ്ങള്‍ അതേപടി അനുസരിക്കുക മാത്രമാണ് അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. പരുക്കനായ ഒരു ട്രക്ക് ഡ്രൈവറുടെ കഥാപാത്രം അദ്ദേഹത്തിന് തികച്ചും അനുയോജ്യമായിരുന്നു. വാസ്തവത്തില്‍ സൂക്ഷ്മമായ ഭാവങ്ങള്‍ അനായാസം മുഖത്ത് പ്രതിഫലിപ്പിക്കേണ്ട കഥാപാത്രം ശാന്ത കുമാരിയുടേതായിരുന്നു. ഏതായാലും ഷൂട്ടിംഗ് ഉദ്ദേശിച്ച സമയത്തു തന്നെ പൂര്‍ത്തിയായി. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ ഏറ്റവും അധികം സന്തോഷിച്ചത് റഹ്മാന്‍ ആയിരുന്നു. വലിയൊരു ഭാരം ഒഴിഞ്ഞു കിട്ടിയ ആശ്വാസമായിരുന്നു അദ്ദേഹത്തിന്. ആ വര്‍ഷത്തെ അവാര്‍ഡുകളില്‍ മൂന്നെണ്ണം 'ചുവന്ന വിത്തുകള്‍' നേടി. ഏറ്റവും നല്ല രണ്ടാമത്തെ ചിത്രം, അഭിനേത്രി-ശാന്ത കുമാരി, എഡിറ്റര്‍ രവി.

ഏറ്റവും അത്ഭുതകരമായ ഒരു സംഭവം നടന്നത് ഈ സിനിമയുടെ സെന്‍സറിങ് സമയത്തായിരുന്നു. സെന്‍സര്‍ ബോര്‍ഡ് അംഗവും, വിജയ വാഹിനി സ്റ്റുഡിയോയുടെ ഉടമയും, ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളുടെ നിര്‍മാതാവുമായ ബി. നാഗിറെഡ്ഢി, സെന്‍സറിങ് കഴിഞ്ഞു പുറത്തു വന്നപ്പോള്‍ ബക്കറിനോട് ചോദിച്ചു: 'ഇതിലെ നായക നടന്‍ ആരാണ്?''

''പുതുമുഖമാണ്'' ബക്കര്‍ പറഞ്ഞു.

'' അദ്ദേഹത്തിന്റെ നമ്പര്‍ വേണം. എന്റെ പുതിയ ഹിന്ദി പടത്തില്‍ വില്ലന്റെ വേഷം ചെയ്യിക്കാനാണ്''

അദ്ദേഹത്തെക്കൊണ്ട് അഭിനയിപ്പിച്ച പാട് അറിയാവുന്ന ഞാനും ബക്കറും മുഖത്തോടു മുഖം നോക്കി. ഇക്കാര്യം റഹ്മാനോട് പറഞ്ഞാല്‍ അദ്ദേഹം രാജ്യം തന്നെ വിട്ടു ഓടിക്കളയും എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു.

( തുടരും)




---------------------------------------------

TAGS :