പി.ജെ ആന്റണിയുടെ അന്ത്യം; മണ്ണിന്റെ മാറില്‍
തകഴിയുടെ രണ്ടിടങ്ങഴിയില്‍ തുടങ്ങി, ചെറുകാടിന്റെ മണ്ണിന്റെ മാറില്‍ അവസാനിച്ച 21 വര്‍ഷത്തെ സിനിമാഭിനയം കൊണ്ട് സ്വന്തമായി ഒരു വീട് പോലും വെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജീവിതകാലം മുഴുവന്‍ വാടക വീട്ടില്‍ തന്നെയായിരുന്നു താമസം - ആദം അയ്യൂബിന്റെ സിനിമാ ജീവിതം: വൈഡ് ആംഗിള്‍: 40
പി.എ ബക്കറിന്റെ എല്ലാ സിനിമകളും അടിസ്ഥാന വര്‍ഗത്തിന്റെ കഥ പറയുന്നവയാണ്. സാമ്പത്തികമായി വലിയ വിജയങ്ങള്‍ നേടിയില്ലെങ്കിലും, അവ കലാപരമായും, ആഖ്യാനപരമായും മേന്മ പുലര്‍ത്തുന്നവയായിരുന്നു. അതുകൊണ്ടു തന്നെ മിക്ക പടങ്ങളും സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ നേടി. സജീവ രാഷ്ട്രീയത്തില്‍ തല്‍പരന്‍ അല്ലായിരുന്നെങ്കിലും അദ്ദേഹം ഒരു കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു.
അരികുവത്കരിക്കപ്പെട്ടവരുടെയും, അനാഥരുടെയും, അടിച്ചമര്‍ത്തപ്പെട്ടവരുടെയും കഥകള്‍ മാത്രം നിരന്തരം പറഞ്ഞുകൊണ്ടിരുന്ന ബക്കര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രിയപ്പെട്ടവനായി മാറുക സ്വാഭാവികം. അങ്ങിനെ 1979 ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള കൈരളി ഫിലിം സൊസൈറ്റി ബക്കറിനെക്കൊണ്ട് ഒരു സിനിമ ചെയ്യിക്കാന്‍ തീരുമാനിക്കുന്നു. ചെറുകാടിന്റെ പ്രസിദ്ധമായ നോവല്‍ 'മണ്ണിന്റെ മാറില്‍' ആണ് അവര്‍ സിനിമയാക്കാന്‍ തീരുമാനിച്ചത്. തിരക്കഥ തയാറാക്കിയത് എം.ടി വാസുദേവന്‍ നായര്‍. ക്യാമറാമാന്‍ ബക്കറിന്റെ സ്ഥിരം ക്യാമറാമാന്‍ വിപിന്‍ദാസ് തന്നെ. എഡിറ്ററും ബക്കര്‍ യൂണിറ്റിലെ സ്ഥിരം എഡിറ്റര്‍ രവി. പി.ജെ ആന്റണി, സത്താര്‍, കുഞ്ഞാണ്ടി, സുരാസു, കലൂര്‍ സുധാകരന്‍, കുട്ട്യേടത്തി വിലാസിനി എന്നവരായിരുന്നു പ്രധാന അഭിനേതാക്കള്‍. പാടത്തു പണിയെടുക്കുന്ന മാറ് മറയ്ക്കാത്ത കീഴാള സ്ത്രീകളെ പങ്കെടുപ്പിച്ചു കൊണ്ട്, കേരളത്തിലെ ഒരു കുഗ്രാമത്തിലാണ് ഷൂട്ടിംഗ് നടന്നത്. സഖാവ് എന്‍. പരമേശ്വരന്‍ നായര്‍ക്കായിരുന്നു സിനിമ നിര്‍മാണത്തിന്റെ ചുമതല. നിര്‍മാതാവിന്റെ സ്ഥാനത്തു അദ്ദേഹത്തിന്റെ പേരാണ്. സഖാവ് കുട്ടപ്പന്‍ നായര്‍ ആയിരുന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ബക്കറിന്റെ മറ്റു ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമയില്‍ രണ്ടു ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഒ.എന്‍.വി എഴുതി ദേവരാജന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഗാനങ്ങള്‍. ചെറുകാടിന്റെ നോവലിനോട് നീതി പുലര്‍ത്തി എം.ടി എഴുതിയ തിരക്കഥയ്ക്കു ബക്കര്‍ അനുയോജ്യമായ ദൃശ്യാവിഷ്‌കാരം നല്‍കിയെങ്കിലും, നിര്‍മാതാക്കള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ആയിരുന്നെങ്കിലും ചിത്രം പ്രേക്ഷക ശ്രദ്ധയോ പുരസ്‌കാരങ്ങളോ ഒന്നും നേടിയില്ല. ഈ ചിത്രം ഓര്‍മിക്കപ്പെടുന്നത് പി.ജെ ആന്റണിയുടെ അവസാന ചിത്രം എന്ന നിലയിലാണ്. 1975 ല്‍ എന്റെ ആദ്യ സിനിമയായ 'പ്രിയമുള്ള സോഫിയയില്‍' ഞാന്‍ അദ്ദേഹത്തോടൊപ്പമാണ് അഭിനയിച്ചത്.
മട്ടാഞ്ചേരി പൊലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച്, നിരോധനാജ്ഞ ലംഘിച്ച് ജാഥ നടത്തിയതിന് ആന്റണി അറസ്റ്റ് ചെയ്യപ്പെട്ടു. അക്കാലത്ത് ആന്റണിയെഴുതിയ 'കാട്ടാളന്മാര്‍ നാടു ഭരിച്ച് നാട്ടില്‍ തീമഴ പെയ്തപ്പോള്‍, പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ' എന്നത് മുദ്രാവാക്യം പോലെ ജനങ്ങള്‍ ഏറ്റുപാടിയ ഗാനമായിരുന്നു.
1979 ല്‍ അദ്ദേഹത്തിന്റെ അവസാന ചിത്രമായ മണ്ണിന്റെ മാറിലിലും അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് അവസരമുണ്ടായി. കേരളത്തിലെ ചിത്രീകരണം കഴിഞ്ഞു, അദ്ദേഹം നാട്ടിലേക്കു പോയി. മദ്രാസിലെ ആര്‍.കെ ലാബില്‍ റഫ് കട്ട് കഴിഞ്ഞു ചിത്രം ഡബ്ബിങ്ങിന് തയാറായി. പി.ജെ ആന്റണിയുടെ ഡബ്ബിങ് തിയതി അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ഡബ്ബിങ്ങിനായി മദ്രാസിലേക്ക് പുറപ്പെട്ടു. വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് അദ്ദേഹം ഭാര്യ മേരിയോട് പറഞ്ഞു:
'' ഇനി ഞാന്‍ തിരിച്ചു വരില്ല, മദ്രാസില്‍ സ്ഥിരതാമസമാക്കാന്‍ പോവുകയാണ്''.
മദ്രാസിലേക്ക് താമസം മാറണമെന്ന് അദ്ദേഹം നേരത്തെ ആലോചിച്ചിരുന്നതാണ്.
ആര്‍.കെ ലാബ് ഡബ്ബിങ് തിയേറ്ററിലായിരുന്നു ഡബ്ബിങ്. നാടക ആചാര്യനായിരുന്ന അദ്ദേഹത്തിന്റെ ശബ്ദ നിയന്ത്രണവും ഡയലോഗ് ഡെലിവെറിയുമൊക്കെ ഞാന്‍ അത്ഭുതത്തോടെ നോക്കിക്കണ്ടു. ഡബ്ബിങ് മൂന്നു ദിവസം തുടര്‍ന്നു. മൂന്നാം ദിവസം അദ്ദേഹം ഡബ്ബിങ്ങിന് വന്നപ്പോള്‍ വളരെ ക്ഷീണിതനായി കാണപ്പെട്ടു. എങ്കിലും അദ്ദേഹം ഡബ്ബിങ് തുടര്‍ന്നു. ക്രമേണ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ ചെറിയ ഇടര്‍ച്ച തോന്നി. അദ്ദേഹം വല്ലാതെ ക്ഷീണിതനായിരുന്നു. അദ്ദേഹത്തിന് ഇരുന്നു ഡബ് ചെയ്യാനായി കസേര നല്‍കി. അദ്ദേഹത്തിന്റെ ക്ഷീണം കണ്ടപ്പോള്‍ കണ്‍സോളില്‍ ഇരിക്കുന്ന ബക്കറിനെ ഞാന്‍ വിവരം അറിയിച്ചു.
''സുഖമില്ലെങ്കില്‍ നിര്‍ത്താം ആശാനെ, ബാക്കി നമുക്ക് നാളെയെടുക്കാം'' എന്ന് ബക്കര്‍ പറഞ്ഞപ്പോള്‍ ''വേണ്ട നാളെ ഞാന്‍ ജീവിച്ചിരിക്കുമെന്താണുറപ്പ്'' എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഡബ്ബിങ് തുടര്‍ന്നു. അന്ന് പൈലറ്റ് ട്രാക്ക് ഒന്നും ഉണ്ടായിരുന്നില്ല. സ്‌ക്രിപ്റ്റ് നോക്കി ഞാന്‍ അദ്ദേഹത്തിന് സംഭാഷണം പറഞ്ഞു കൊടുക്കുകയായിരുന്നു. സ്‌ക്രിപ്റ്റിലെ ഡയലോഗില്‍ നിന്നും അല്‍പ സ്വല്‍പ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, സ്‌ക്രീനില്‍ ചുണ്ടിന്റെ ചലനങ്ങള്‍ നോക്കി ഞാനതു പറഞ്ഞു കൊടുക്കുമായിരുന്നു. ഡബ്ബിങ് തുടരവേ അദ്ദേഹത്തിന്റെ അവശത കൂടിക്കൂടി വന്നു. ഏറെ പ്രയാസപ്പെട്ടാണെങ്കിലും അദ്ദേഹം ഡബ്ബിങ് പൂര്‍ത്തീകരിച്ചു. കോടമ്പാക്കത്തെ എ.വി.സി ലോഡ്ജിലെ തന്റെ മുറിയിലേക്ക് മടങ്ങി. കൂടെ ബക്കറും, കെയെന്‍ എന്ന കാര്‍ത്തികേയനും പോയി. ആശുപത്രിയിലേക്ക് പോകാമെന്നു ബക്കര്‍ പറഞ്ഞെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. റൂമില്‍ എത്തിയ ഉടനെ അദ്ദേഹം ഭാര്യക്ക് ഒരു കത്തെഴുതി പോസ്റ്റ് ചെയ്യാനായി കെയെന്നെ ഏല്‍പിച്ചു. പക്ഷെ, അദ്ദേഹത്തിന് അത് പോസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല.
ഞാന്‍ സ്റ്റുഡിയോയില്‍ മറ്റുള്ളവരുടെ ഡബ്ബിങ് തുടര്‍ന്നു. അധികം കഴിയും മുന്‍പ്, ബക്കറിന്റെ ഫോണ്‍ വന്നു. ആന്റണിച്ചേട്ടന്‍ ചോര ഛര്‍ദിച്ച് നിലത്തുവീണു. ഉടനെ വിജയ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 1979 മാര്‍ച്ച് 14 ആയിരുന്നു അന്ന്. 54 വയസ് മാത്രമുള്ളപ്പോഴാണ് പി.ജെ ആന്റണി ഈ ലോകത്തോട് യാത്ര പറഞ്ഞത്. അപ്പോഴേക്കും വിവരമറിഞ്ഞു പല സിനിമാക്കാരും ആശുപത്രിയിലെത്തി. ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, ബക്കറും കെയെന്നും വിജയന്‍ കരോട്ടും കൂടി അദ്ദേഹത്തിന്‍ന്റെ ഭൗതിക ശരീരവുമായി ആംബുലന്‍സില്‍ എറണാകുളത്തേക്കു പുറപ്പെട്ടു. അദ്ദേഹത്തിന്റെ ചലനമറ്റ ശരീരം കണ്ടതിനു ശേഷമാണു അദ്ദേഹത്തിന്റെ അവസാനത്തെ കത്ത് കെയെന്‍ മേരിയെ ഏല്‍പിപ്പിക്കുന്നത്.
തകഴിയുടെ രണ്ടിടങ്ങഴിയില്‍ തുടങ്ങി, ചെറുകാടിന്റെ മണ്ണിന്റെ മാറില്‍ അവസാനിച്ച 21 വര്‍ഷത്തെ സിനിമാഭിനയം കൊണ്ട് സ്വന്തമായി ഒരു വീട് പോലും വെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ജീവിതകാലം മുഴുവന്‍ വാടക വീട്ടില്‍ തന്നെയായിരുന്നു താമസം.
1974 ല്‍ നിര്‍മാല്യം എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയിലേക്ക് ഭാരത് അവര്‍ഡ് നേടിക്കൊണ്ട് വന്ന പി.ജെ. ആന്റണിക്കു, പക്ഷെ ആ അവാര്‍ഡ് കൊണ്ട് സാമ്പത്തിക നേട്ടം ഒന്നും ഉണ്ടായില്ല. കാരണം, അന്ന് അവാര്‍ഡിനൊപ്പം തുകയൊന്നും ഉണ്ടായിരുന്നില്ല. ശില്‍പവും സര്‍ട്ടിഫിക്കറ്റും മാത്രം.
സാഹിത്യത്തെയും, നാടകത്തെയും സിനിമയെയും തന്റെ അസാധാരണമായ പ്രതിഭാവിലാസം കൊണ്ട് സമ്പന്നമാക്കിയ ആ ബഹുമുഖ പ്രതിഭയുടെ സംഭാവനകള്‍ വിപുലമാണ്. 30 ചെറുകഥകള്‍, 100 ഗാനങ്ങള്‍, 41 നാടകങ്ങള്‍, എട്ട് തിരക്കഥകള്‍, ലേഖന സമാഹാരങ്ങള്‍, ആത്മകഥ എന്നിങ്ങനെ നീണ്ടുപോകുന്നു അദ്ദേഹം മലയാള ഭാഷക്ക് നല്‍കിയ സംഭാവനകള്‍.
കൊച്ചി തുറമുഖത്തെ തൊഴില്‍ കുഴപ്പവുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ക്ക് നേരെ നടന്ന മട്ടാഞ്ചേരി പൊലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ച്, നിരോധനാജ്ഞ ലംഘിച്ച് ജാഥ നടത്തിയതിന് ആന്റണി അറസ്റ്റ് ചെയ്യപ്പെട്ടു. അക്കാലത്ത് ആന്റണിയെഴുതിയ 'കാട്ടാളന്മാര്‍ നാടു ഭരിച്ച് നാട്ടില്‍ തീമഴ പെയ്തപ്പോള്‍, പട്ടാളത്തെ പുല്ലായ് കരുതിയ മട്ടാഞ്ചേരി മറക്കാമോ' എന്നത് മുദ്രാവാക്യം പോലെ ജനങ്ങള്‍ ഏറ്റുപാടിയ ഗാനമായിരുന്നു.
ഒരിക്കല്‍ അദ്ദേഹം തന്റെ ഭാര്യ മേരിയോട് പറഞ്ഞു.
''എന്റെ ശവക്കല്ലറയുടെ മുകളില്‍ താഴെ കാണുന്ന വരികള്‍ മാഞ്ഞുപോകാത്ത രീതിയില്‍ എഴുതിവയ്ക്കുക:-
''വിലമതിക്കാനാകാത്ത കഴിവുണ്ടായിട്ടും യാതൊന്നും നേടാനാകാതെയും എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങളില്‍ ഒന്നുപോലും നിറവേറാതെയും ആയുഷ്‌കാലത്തില്‍ ഒരു നിമിഷംപോലും ആശ്വസിക്കാതെയും സ്വന്തമെന്ന് പറയാനും സ്‌നേഹിക്കാനും ഒരു ജീവി പോലുമില്ലാതെയും ആരംഭം മുതല്‍ അവസാനംവരെ ഒരു തീച്ചൂളയില്‍ എരിഞ്ഞുകൊണ്ടിരുന്ന ഒരു ജീവിതം ഇവിടെ അവസാനിച്ചിരിക്കുന്നു''
മറ്റൊരു കാര്യം കൂടു അദ്ദേഹം ഭാര്യയോട് പറഞ്ഞിരുന്നു:
''ഞാന്‍ മരിച്ചുകഴിഞ്ഞാല്‍ സഹായനിധി എന്നൊക്കെ പറഞ്ഞ് പലരും നിങ്ങളുടെ അടുത്തുവരും. ആരുടെയെങ്കിലും കൈയില്‍നിന്ന് ചില്ലിക്കാശ് നിങ്ങള്‍ വാങ്ങരുത്'' ഇതറിയാതെ സി. അച്യുതമേനോന്‍ പ്രസിഡന്റും വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സെക്രട്ടറിയുമായി അദ്ദേഹത്തിന്റെ പേരില്‍ ഒരു കുടുംബ സഹായ നിധി രൂപീകരിച്ചു പണം പിരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും മകളും ആ പണം സ്വീകരിക്കാന്‍ തയാറായില്ല.
(തുടരും)