Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 4 March 2025 8:17 AM

കേരളത്തിൽ സീരിയലുകളുടെ യുഗം പിറക്കുന്നു - ആദം അയൂബ്

കേരളത്തിൽ ദൂരദർശന്റെ ശൈശവദശയായിരുന്ന ആ കാലഘട്ടത്തിൽ, മുക്കാൽ ഇഞ്ച് വീതിയുള്ള യൂമാറ്റിക് മാഗ്നെറ്റിക് ടേപ്പുകൾ ആണ് ഉപയോഗിച്ചിരുന്നത്. പ്രകാശ തരംഗങ്ങളും ശബ്ദ തരംഗങ്ങളും ഇലക്ട്രോ മാഗ്നെറ്റിക് താരങ്ങളാക്കി പരിവർത്തനം ചെയ്തു മാഗ്നറ്റിക് ടേപ്പിലേക്ക് പകർത്തുന്ന വിദ്യ ആയിരുന്നു ഇന്ത്യയിലെ ടെലിവിഷന്റെ ആദ്യ കാല സാങ്കേതിക വിദ്യ. ഒരു നോട്ട് ബുക്കിനേക്കാൾ വലിപ്പമുള്ള ഒരു കാസറ്റിൽ രണ്ടു എപ്പിസോഡുകൾ റെക്കോർഡ് ചെയ്യാം. ഓരോ ആഴ്ചയിലും സംപ്രേഷണം ചെയ്യേണ്ട എപ്പിസോഡുകൾ ദൂരദര്ശന് സമർപ്പിച്ചു കഴിഞ്ഞാൽ അവർ അത് പ്രിവ്യു ചെയ്തു തിരുത്തലുകൾ നിർദേശിക്കും - Wide Angle-54

കേരളത്തിൽ സീരിയലുകളുടെ യുഗം പിറക്കുന്നു - ആദം അയൂബ്
X

വൈതരണി എന്ന സീരിയലിന്റെ ഷൂട്ടിനിടയിൽ 

ബോംബെ ദൂരദർശനിലേക്ക് അയച്ച സ്ക്രിപ്റ്റിന് പ്രതികരണം ഒന്നും വന്നില്ല. അപ്പോഴേക്കും തിരുവനന്തപുരം ദൂരദർശൻ, സീരിയലുകൾ തുടങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. രൂപവാണിയുടെ അനിയൻ ചേട്ടൻ ഞാനുൾപ്പടെ പലരിൽ നിന്നും സീരിയൽ സ്ക്രിപ്റ്റുകൾ ആവശ്യപ്പെട്ടു. ബോംബെ ദൂരദർശനിൽ അയച്ച ആ കഥയെത്തന്നെ വിപുലീകരിച്ചു ഞാൻ 13 എപ്പിസോഡുകൾ ആക്കി. ആഴ്ചയിൽ ഒന്ന് വീതം 13 ആഴ്ചകൾ കൊണ്ട് തീരുന്ന സീരിയലുകളാണ് ആദ്യ കാലത്തെ ദൂരദർശൻ സീരിയലുകൾ. എന്റെ സീരിയലിന് “കുമിളകൾ” എന്ന് പേരിട്ട് രൂപവാണി, ദൂരദർശന് സമർപ്പിച്ചു. രൂപവാണിയുടെ നാലു സീരിയലുകൾക്ക് അംഗീകാരം കിട്ടി. ടി.എൻ.ഗോപിനാഥൻ നായരുടെ വൈതരണി എന്ന നാടകം, എന്റെ “കുമിളകൾ”, രാമൻകുട്ടിയുടെ, (എഴുത്തുകാരി അഷിതയുടെ ഭർത്താവ്), “ദേവ മനോഹരി നീ”, ഡോക്ടർ മുരളീകൃഷ്ണയുടെ ( ഫോറൻസിക് ഡയറക്ടർ) “വേട്ട” എന്നിവയായിരുന്നു അവ. വൈതരണിയുടെ സംവിധാനം പി.ഭാസ്കരൻ മാഷ് ആയിരുന്നു. ബാക്കി മൂന്നും എഴുത്തുകാർ തന്നെ ആയിരുന്നു സംവിധാനം ചെയ്തത്. നാലു സീരിയലുകളുടെയും പൈലറ്റ് എപ്പിസോഡുകൾ ഒന്നിച്ചു ഷൂട്ട് ചെയ്തു. ആദ്യം ഷൂട്ട് ചെയ്തത് ഭാസ്കരൻ മാഷ് സംവിധാനം ചെയ്യുന്ന “വൈതരണി” ആയിരുന്നു. രൂപവാണിയുടെ ഈ രംഗത്തെ ആദ്യ ചുവടുവെയ്പ്പ് ആയതിനാൽ, പ്രൊഡക്ഷൻ -ഡയറക്ഷൻ മേഖലയിൽ പരിചയമുള്ള ഒരാൾ നിർമ്മാണ മേൽനോട്ടം വഹിക്കണമെന്ന ചിന്തയിൽ, വൈതരണിയുടെ പ്രൊഡക്ഷൻ കൺട്രോളറുടെ ചുമതല കൂടി ഏറ്റെടുക്കണമെന്ന് അനിയൻ ചേട്ടൻ എന്നോട് ആവശ്യപ്പെട്ടു. ഭാസ്കരൻ മാഷും ഈ ആവശ്യം പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു. മാത്രമല്ല ഈ സീരിയലിൽ ഒരു പ്രധാന വേഷം അഭിനയിയ്ക്കുകയും ചെയ്തു. പി.സി.സോമൻ, രവി വള്ളത്തോൾ എന്നിവർ ആയിരുന്നു മറ്റഭിനേതാക്കൾ.

കുമിളകളെന്ന സീരിയിലിന്റെ ഷൂട്ടിനിടയിൽ, മനോജ് കെ ജയൻ, ശരൺ,അർഫാസ് എന്നിവർ

രണ്ടാമത് ഷൂട്ട് ചെയ്ത പൈലറ്റ് എന്റെ കുമിളകൾ ആയിരുന്നു. എന്റെ വിദ്യാർത്ഥിയായ മനോജ്.കെ.ജയനെ നായകനാക്കി. നായകന്റെ അമ്മാവന്റെ വേഷത്തിൽ തിക്കുറിശ്ശി സാർ അഭിനയിച്ചു. ടി.പി.മാധവനും, നിർമ്മാതാവ് അനിയൻ ചേട്ടനും അഭിനേതാക്കളായി. ഇതിന്റെ ടൈറ്റിൽ ഗാനം ഞാൻ തന്നെ എഴുതി, ബോംബെ എസ്.കമാൽ സ൦ഗീതം നൽകി. അന്ന് കേരളത്തിൽ ടി.വി ക്യാമറയോ. സ്റ്റുഡിയോയോ ഒന്നും ഉണ്ടായിരുന്നില്ല. ബാംഗ്ലൂരിൽ നിന്നും മദ്രാസിൽ നിന്നും കാമറ വരുത്തിയാണ് ഞങ്ങൾ ഷൂട്ട് ചെയ്തത്. ഡബ് ചെയ്യാനുള്ള സൗകര്യം ഇല്ലാത്തതു കൊണ്ട് ,സ്പോട്ട് റെക്കോർഡിങ് ആയിരുന്നു. അഭിനേതാക്കളുടെ സംഭാഷണം ദൃശ്യത്തോടൊപ്പം തന്നെ ക്യാമറയിൽ റെക്കോർഡ് ചെയ്യുകയായിരുന്നു. യഥാർത്ഥ ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യുന്നത് കൊണ്ട് ബാഹ്യ ശബ്ദങ്ങളെ നിയന്ത്രിക്കുക അസാധ്യമായിരുന്നു.മാത്രമല്ല , അന്ന് നിശബ്ദം പ്രവർത്തിക്കുന്ന ജനറേറ്ററുകൾ ഇല്ലാതിരുന്നതു കൊണ്ട് , ജനറേറ്ററുകൾ വളരെ ദൂരെ കൊണ്ടിട്ടു നീളമുള്ള കേബിളുകൾ വലിച്ചാണ് ലൈറ്റിങ്ങിനുള്ള വൈദ്യുതി എത്തിച്ചിരുന്നത്.

ആദം അയൂബും ടി.പി മാധവനും

ഷോട്ട് എടുക്കുമ്പോൾ അടുത്ത വീട്ടിൽ ആരെങ്കിലും തുമ്മിയാലോ, ചുമച്ചാലോ, കുട്ടികൾ കരഞ്ഞാലോ, വാഹനങ്ങൾ കടന്നുപോയാലോ വീണ്ടും ടേക്ക് എടുക്കേണ്ട അവസ്ഥയായിരുന്നു.ദൂരദർശനിലെ ക്യാമറാമാൻ ആയിരുന്ന അളഗപ്പൻ ആയിരുന്നു എന്റെ ക്യാമറാമാൻ. അളഗപ്പനും ഞാനും ഒന്നിച്ചു പ്രവർത്തിക്കുന്നത് ഇത് ആദ്യമായിട്ടായിരുന്നെങ്കിലും, വർഷങ്ങൾക്കു മുൻപ് ഞാനും അളഗപ്പനും ഒരേ സിനിമയിൽ ഒരേ സീനിൽ, ഒരേ ഷോട്ടിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള കാര്യം ഞങ്ങൾ യാദൃശ്ചികമായി പരസ്പരം അറിഞ്ഞു. വിൻസെന്റ് മാസ്റ്റർ സംവിധാനം ചെയ്ത, ശിവാജി ഗണേശൻ, കാലാഹസൻ എന്നിവർ അഭിനയിച്ച ‘നാം പിറന്ത മൺ’ എന്ന തമിഴ് സിനിമ ആയിരുന്നു അത്. ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പാസ്സായി, മൂന്നു വര്ഷം കഴിഞ്ഞാണ് ഞാൻ ആ സിനിമയിൽ അഭിനയിക്കുന്നത്. അതിനു മുൻപ് വിൻസെന്റ് മാസ്റ്ററുടെ സംവിധാന സഹായിയായി, പ്രിയമുള്ള സോഫീയ, അനാവരണം എന്നീ സിനിമകളിൽ പ്രവർത്തിച്ചിരുന്നു. കൂടാതെ പി.എ.ബക്കറിന്റെ കബനി നദി ചുവന്നപ്പോൾ, മണിമുഴക്കം എന്നീ സിനിമകളിൽ സഹസംവിധായകനും ആയിരുന്നു. അളഗപ്പൻ അന്ന് അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ സിനിമാട്ടോഗ്രഫി വിദ്യാർത്ഥി ആയിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി, നിരോധനാജ്ഞ ലംഘിച്ചു പ്രകടനം നടത്തിയ ഒരു കൂട്ടം ചെറുപ്പക്കാരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന രംഗമായിരുന്ന അത്. വിപ്ലവകാരികൾ ആയി അഭിനയിക്കാൻ അഡയാർ ഫിലിം ഇൻസ്റ്റിറ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളെയാണ് കൊണ്ട് വന്നത്. ബ്രിട്ടീഷ് പോലീസുകാരായി ജനാർദനൻ, ഞാൻ, പി.കെ.എബ്രഹാം, എന്റെ സുഹൃത്ത് ജെയിംസ് എന്നിവരാണ് അഭിനയിച്ചത്. അളഗപ്പനെയും കൂട്ടരെയും അറസ്റ്റ് ചെയ്തു ജീപ്പിൽ ബലമായി വലിച്ചു കയറ്റി കൊണ്ട് പോയത് ബ്രിട്ടീഷ് ഓഫിസറായ ഞാനായിരുന്നു. വര്ഷങ്ങള്ക്കു ശേഷം സംവിധായകനും ക്യാമറമാനുമായി ഞങ്ങൾ വീണ്ടും ഒന്നിച്ചു. അന്ന് യാദൃശ്ചികമായി പഴയ കാലങ്ങൾ അയവിറക്കിയപ്പോഴാണ് ഞങ്ങൾ ഒന്നിച്ചഭിനയിച്ച കാര്യം പരസ്പരം അറിയുന്നതു. കുമിളകൾക്കു ശേഷവും എന്റെ പല സീരിയലുകളിലും അളഗപ്പൻ തന്നെ ആയിരുന്നു കാമറമാൻ. അളഗപ്പന് മറ്റൊരു സാഹസിക ചരിത്രം കൂടിയുണ്ട്. 1984 ജൂണിൽ പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിൽ നിന്നും ഭിന്ദ്രൻവാലെയെയും സംഘത്തെയും തുരത്താനായി ഇന്ത്യൻ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ എന്ന ദൗത്യം ഏറ്റെടുത്തപ്പോൾ, അന്ന് ഡൽഹി ദൂരദർശനിലെ ക്യാമറാമാൻ ആയിരുന്ന അളഗപ്പനും അത്യന്തം സംഘര്ഷഭരിതവും അപകടകരവുമായ ഈ ദൗത്യത്തിന്റെ തത്സമയ സംപ്രേഷണത്തിനായി ക്യാമറയുമേന്തി പട്ടാളക്കാരോടൊപ്പം സുവർണ്ണ ക്ഷേത്രത്തിൽ പോയിരുന്നു. ചീറിപ്പായുന്ന വെടിയുണ്ടകൾക്കിടയിൽപ്പെട്ട്, കഷ്ടിച്ച് രക്ഷപ്പെട്ട സന്ദർഭങ്ങൾ അളഗപ്പൻ വിവരിച്ചിട്ടുണ്ട്. പിന്നീട് അളഗപ്പൻ ദൂരദർശൻ വിട്ട് മലയാള സിനിമയിൽ തിരക്കുള്ള ക്യാമറാമാൻ ആയി.

അളഗപ്പൻ

നേമം എന്ന ഗ്രാമത്തിൽ രണ്ടേക്കറോളം വരുന്ന ഒരു വലിയ പറമ്പും അവിടെ സ്ഥിതി ചെയ്യുന്ന ഒരു വലിയ രണ്ടു നില കെട്ടിടവും അനിയൻ ചേട്ടൻ ലീസിന് എടുത്തു. അതായിരുന്നു രൂപവാണിയുടെ സ്റ്റുഡിയോ. അതോടൊപ്പം തന്നെ മദ്രാസിൽ നിന്ന് ക്യാമറയും എഡിറ്റിംഗ് കൺസോളും എല്ലാം ലീസിനു കൊണ്ട് വന്നു ഈ സ്റ്റുഡിയോയിൽ സ്ഥാപിച്ചു. അതോടെ രൂപവാണി സ്വയം പര്യാപ്തമായി. എന്നാലും ടൈറ്റിലുകൾ സൂപ്പർ ഇമ്പോസ് ചെയ്യാനുള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നതു കൊണ്ട് അതിനു മദ്രാസിനെ ആശ്രയിക്കേണ്ടി വന്നു. കലാസംവിധായകനും പിന്നീട് സംവിധായകനുമായ ഷാജിയെം ആണ് എന്റെ സീരിയലിന്റെ ടൈറ്റിൽ കാർഡുകൾ എഴുതിയത്. ഞാൻ എഡിറ്റ് ചെയ്തു കൊടുത്ത ടൈറ്റിൽ സോങ്ങിന്റെ ദ്ര്യശ്യങ്ങൾക്കു മേൽ ടൈറ്റിൽ സൂപ്പർ ഇമ്പോസ് ചെയ്യാൻ ഷാജിയെം തന്നെ മദ്രാസിലേക്കു പോയി. പതിമ്മൂന്ന് എപിസോഡുകളും ഒന്നിച്ചു തന്നെയാണ് ഷൂട്ട് ചെയ്തത്. എന്നെ വേദനിപ്പിച്ച ഒരു കാര്യം , പൈലറ്റ് എപിസോഡിൽ മനോജ് കെ. ജയന്റെ അമ്മാവനായി അഭിനയിച്ച തിക്കുറിശ്ശി സാറിനെ മാറ്റി, പകരം അദ്ദേഹത്തിന്റെ മൂത്ത മകളുടെ ഭർത്താവായ ചന്ദ്രൻ പിള്ളയാണ് ആ വേഷം അഭിനയിച്ചത്. അദ്ദേഹം ജീവിതത്തിൽ ആദ്യമായി അഭിനയിക്കുന്ന ആളായിരുന്നു. തിക്കുറിശ്ശി സാറിനെ മാറ്റാനുള്ള കാരണം എനിക്ക് അറിയില്ലായിരുന്നു. അനിയൻ ചേട്ടൻ അതിനു വ്യക്തമായ വിശദീകരണം തന്നില്ല. അതവരുടെ കുടുംബ പ്രശ്നമാകയാൽ എനിക്ക് ആ തീരുമാനം അംഗീകരിക്കാനേ നിവൃത്തി ഉണ്ടായിരുന്നുള്ളു. എന്നാൽ ഈ സീരിയലിന്റെ കുറെ ഭാഗങ്ങൾ ഞങ്ങൾ കരുവാറ്റയിലെ, തിക്കുറിശ്ശി സാറിന്റെ ഭാര്യയുടെ തറവാട്ടിൽ ഷൂട്ട് ചെയ്തിരുന്നു.

കേരളത്തിൽ ദൂരദർശന്റെ ശൈശവദശയായിരുന്ന ആ കാലഘട്ടത്തിൽ, മുക്കാൽ ഇഞ്ച് വീതിയുള്ള യൂമാറ്റിക് മാഗ്നെറ്റിക് ടേപ്പുകൾ ആണ് ഉപയോഗിച്ചിരുന്നത്. പ്രകാശ തരംഗങ്ങളും ശബ്ദ തരംഗങ്ങളും ഇലക്ട്രോ മാഗ്നെറ്റിക് താരങ്ങളാക്കി പരിവർത്തനം ചെയ്തു മാഗ്നറ്റിക് ടേപ്പിലേക്ക് പകർത്തുന്ന വിദ്യ ആയിരുന്നു ഇന്ത്യയിലെ ടെലിവിഷന്റെ ആദ്യ കാല സാങ്കേതിക വിദ്യ. ഒരു നോട്ട് ബുക്കിനേക്കാൾ വലിപ്പമുള്ള ഒരു കാസറ്റിൽ രണ്ടു എപ്പിസോഡുകൾ റെക്കോർഡ് ചെയ്യാം. ഓരോ ആഴ്ചയിലും സംപ്രേഷണം ചെയ്യേണ്ട എപ്പിസോഡുകൾ ദൂരദര്ശന് സമർപ്പിച്ചു കഴിഞ്ഞാൽ അവർ അത് പ്രിവ്യു ചെയ്തു തിരുത്തലുകൾ നിർദേശിക്കും.

മറ്റു സ്വകാര്യ ചാനലുകൾ ഒന്നും ഇല്ലാത്ത, ദൂരദർശന്റെ സമ്പൂർണ്ണ ആധിപത്യമുള്ള, കാലമായിരുന്നതിനാൽ, അവരുടെ നിയമങ്ങളും നിബന്ധനകളും വളരെ കർക്കശമായിരുന്നു. സ്ക്രീനിൽ കാണപ്പെടുന്ന ഒരു വസ്തുവിന്റെയും പേരുകൾ കാണിക്കാൻ പാടില്ല എന്ന നിർദേശം നിർമാതാക്കളെയും സംവിധായകരെയും വല്ലാതെ കുഴക്കിയിരുന്നു. ചുമരിൽ തൂക്കുന്ന കലണ്ടർ സർക്കാർ കലണ്ടർ മാത്രമേ പാടുള്ളു. ഒരു വാഹനത്തിന്റെയും പേരുകൾ , (ഉദാ:-അംബാസഡർ, ഫിയറ്റ്) കാണാൻ പാടില്ല. എന്ത് വസ്തു ഉപയോഗിക്കുമ്പോഴും അതിന്റെ ബ്രാൻഡ് നെയിം മറഞ്ഞിരിക്കണം. റോഡിലെ ദൃശ്യങ്ങൾ ചിത്രീകരിക്കുമ്പോൾ കടകളുടെ ബോർഡുകൾ ഒന്നും വരാൻ പാടില്ല, അത് ആ ബ്രാന്ഡുകള്ക്കു സൗജന്യ പരസ്യം ആകും എന്നതാണ് ദൂരദർ​ശന്റെ ഈ നിബന്ധനയ്ക്കു പിന്നിലുള്ള യുക്തി. അബദ്ധവശാൽ ഏതെങ്കിലും വസ്തുവിന്റെ പേര് സ്ക്രീനിൽ കണ്ടുപോയാൽ, അത് തിരുത്തിയിട്ടേ സംപ്രേഷണം ചെയ്യുകയുള്ളൂ. കേരളത്തിൽ വീഡിയോ എഡിറ്റിംഗിനുള്ള സൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന കാലത്താണ് ഈ വിചിത്ര നിയമങ്ങൾ. എന്ത് ചെറിയ തിരുത്ത് വരുത്തണമെങ്കിലും മദ്രാസിലേക്കോ ബാംഗ്ളൂരിലേക്കോ പോകണം. രൂപവാണിക്ക് ലീസിനു എടുത്ത എഡിറ്റിംഗ് കൺസോൾ ഉണ്ടായിരുന്നെങ്കിലും , അവസാന നിമിഷത്തിലെ തിരുത്തലുകൾ വല്ലാതെ ബുദ്ധിമുട്ടു ഉണ്ടാക്കിയിരുന്നു. ഓരോ എപ്പിസോഡിന്റെയും ദൈർഘ്യത്തിന്റെ കാര്യത്തിലും കർശനമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ദൂരദർശൻ നമുക്ക് അനുവദിക്കുന്നത് 25 മിനിറ്റിന്റെ ഒരു സ്ലോട്ട് ആണ്. അതിൽ എപ്പിസോഡിന്റെ ദൈർഘ്യം, ടൈറ്റിൽ ഉൾപ്പടെ , ഇരുപത്തി രണ്ടര മിനിറ്റ് ആയിരിക്കണം. ബാക്കി രണ്ടര മിനിറ്റ് പരസ്യത്തിനുള്ളതാണ്. പരസ്യം ചെയ്യാനുള്ള സ്പോൺസർമാരെ നമ്മൾ തന്നെ കണ്ടുപിടിക്കണം. പത്തു സെക്കൻഡ് വീതമുള്ള ചെറിയ സമയഘണ്ഡങ്ങളാക്കി നമുക്ക് ഈ സീരിയലിന്റെ പരസ്യ സമയം മാർക്കറ്റ് ചെയ്യാം. അതിനുള്ള ഏജൻസികൾ ഉണ്ടായിരുന്നു. അവർക്കും കമ്മീഷൻ കൊടുക്കണം. പിന്നെ ദൂരദർശൻ നമുക്ക് അനുവദിക്കുന്ന 25 മിനിറ്റിന് അവർക്കു അങ്ങോട്ട് ടെലികാസ്റ്റിംഗ് ഫീസ് കൊടുക്കണം. ഇതെല്ലം കഴിഞ്ഞിട്ടാണ് നിർമാതാവിന് പണം കിട്ടുക, അതും സംപ്രഷണം കഴിഞ്ഞു സാമാന്യം ദീർഘമായ ഒരു ഇടവേളയ്ക്കു ശേഷം.



ആദം അയൂബ്

ആദ്യം വൈതരണിയാണ് സംപ്രേഷണം ചെയ്തത്. രണ്ടാമത് എന്റെ കുമിളകൾ ടെലികാസ്റ് ചെയ്തു. വളരെയധികം ജനപ്രീതി നേടിയ സീരിയൽ ആയിരുന്നു കുമിളകൾ. ആ സീരിയൽ മനോജ് കെ. ജയന് സിനിമയിലേക്കുള്ള വാതിൽ തുറന്നു. അന്ന് ആ സീരിയലിൽ അഭിനയിച്ച പല അഭിനേതാക്കളും പിന്നീട സിനിമയിലും, ടെലിവിഷനിലും തിരക്കുള്ളവരായി മാറി. ഗ്രാമത്തിലെ ഒരു കുട്ടിസംഘത്തിന്റെ നേതാവാണ് മനോജ് കെ.ജയന്റെ കഥാപാത്രം. കൂട്ടുകാരായി അഭിനയിച്ചത്, ജയപ്രകാശ് കരുവാറ്റ, ശരൺ , അനിയൻ ചേട്ടന്റെ മകൻ കുട്ടൻ, എന്റെ മകൻ അർഫാസ് എന്നിവർ ആയിരുന്നു.

അർഫാസ്

ശരൺ പിന്നീട് കുറെ സിനിമകളിൽ അഭിനയിച്ചു. കുമിളകളിൽ ഏറ്റവും ചെറിയ ബാലനടനായി അഭിനയിച്ചത് അന്ന് അഞ്ചു വയസ്സുള്ള എന്റെ മകൻ അർഫാസ് ആയിരുന്നു. അർഫാസ് ചില സീരിയലുകളിലും സിനിമകളിലും ബാല താരമായി തുടർന്നെങ്കിലും പിന്നീട് എന്റെ സംവിധാന സഹായി ആയി. മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം എടുത്തതിനു ശേഷം മുംബൈയിലേക്ക് പോയി കുറേക്കാലം ഹിന്ദി സിനിമയിൽ പ്രവർത്തിച്ചു. പിന്നെ ജീത്തു ജോസഫ് സംവിധാനം ചെയ്ത “ദി ബോഡി” എന്ന ഹിന്ദി സിനിമയിലും തുടർന്ന് അദ്ദേഹത്തോടൊപ്പം ഏഴു മലയാള സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ച ശേഷം ഇപ്പോൾ “ലെവൽക്രോസ്സ്” എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി.

TAGS :