Quantcast
MediaOne Logo

ഡോ. സലീമ ഹമീദ്

Published: 12 Jun 2024 11:07 AM GMT

ഗ്യാസി ജാക്കിന്റെ കാറ്റുനിറച്ച കഥകളും ഗ്യാസ് ടൗണും

ക്യാപ്റ്റന്‍ ജോണ്‍ ഡൈട്ടണിന്റെ ഓര്‍മക്കായി - ഗ്യാസിജാക്കിന്റെ - പ്രതിമ വാന്‍കുവര്‍ ടൗണിന്റെ ഒരു ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഈ പേരില്‍ ഉള്ള ആവി കൊണ്ട് പ്രവര്‍ത്തിക്കുന്ന ക്ലോക്ക് സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നു. ഓരോ പതിനഞ്ച് മിനിറ്റിലും മണി അടിക്കുന്നതിന് പകരമായി നല്ല ശബ്ദത്തോടെ ആവി പുറത്തേക്ക് ചീറ്റും.! | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാവിവരണം: ഭാഗം: 10

ഗ്യാസി ജാക്കിന്റെ കാറ്റുനിറച്ച കഥകളും ഗ്യാസ് ടൗണും
X

രണ്ടാഴ്ച നീണ്ട് നിന്ന ഒരു കനേഡിയന്‍ റോഡ് യാത്രയുടെ അവസാനത്തെ സ്റ്റോപ്പായിരുന്നു വാന്‍കൂവര്‍. കാനഡയുടെ ഏറ്റവും പടിഞ്ഞാറുള്ള പ്രവിശ്യയായ ബ്രീട്ടീഷ് കൊളംബിയ പെസഫിക്ക് സമുദ്രത്തിനും റോക്കി മൗണ്ടനും ഇടയില്‍ സ്ഥിതി ചെയ്യുന്നു. ഇതിന്റെ തലസ്ഥാനം വിക്ടോറിയ ആണെങ്കിലും ഏറ്റവും വലിയ പട്ടണം വാന്‍കൂവര്‍ ആണ്. ചൈന, ജപ്പാന്‍, ആസ്‌ത്രേലിയ കിഴക്കനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വാണിജ്യവും ടൂറിസവും വാന്‍കൂവര്‍ വഴിയാണ് കാനഡയിലേയ്ക്ക് പ്രവേശിക്കുന്നത്. കാനഡയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ഇടമായ ഇവിടെ ഏകദേശം 63 ലക്ഷം ആളുകള്‍ വസിക്കുന്നു. ചൈനാക്കാരും ഇന്ത്യക്കാരും ആണ് ജനസംഖ്യയുടെ നല്ലൊരു വിഭാഗം. 52 ശതമാനം ആളുകളുടെ മാതൃഭാഷ ഇവിടെ ഇംഗ്ലീഷല്ല എന്ന് പറഞ്ഞാല്‍ സ്ഥിതി കുറേക്കൂടി വ്യക്തമാകുമല്ലോ. ഈ സ്ഥലത്തെപ്പറ്റി ആദ്യമായി രേഖകളില്‍ എഴുതിച്ചേര്‍ത്ത ദേശപര്യവേക്ഷകനായ ജോര്‍ജ് വാന്‍കുവറിന്റെ പേരിലാണ് ഇവിടം അറിയപ്പെടുന്നത്.

വാന്‍കുവര്‍ ഒരു പട്ടണമായി വളരാന്‍ തുടങ്ങിയത് 1867ന് ശേഷമാണ്. അക്കാലത്ത് ബോട്ടില്‍ അവിടെയെത്തിയ ക്യാപ്റ്റന്‍ ജോണ്‍ ഡൈട്ടണ്‍ സംസാരപ്രിയനായ ഒരാളായിരുന്നു. മണിക്കൂറുകള്‍ തുടര്‍ച്ചയായി സംസാരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ 'കാറ്റുനിറച്ച' കഥകളാണ് കഥാകാരന് 'ഗ്യാസി ജാക്ക്' എന്നും ഈ പ്രദേശത്തിന് 'ഗാസ് ടൗണ്‍' എന്നും പേര് വീഴാനിടയാക്കിയത്. അദ്ദേഹം ഇവിടെ തടി വെട്ടാനായി വന്നവരോട് തനിക്ക് ഇവിടെ ഒരു സലൂണ്‍ നിര്‍മിക്കാന്‍ സഹായിക്കുന്ന എല്ലാവര്‍ക്കും ഒരു 'ഡ്രിങ്ക്' വാഗ്ദാനം ചെയ്തു. അങ്ങനെ അവരുടെ എല്ലാവരുടെയും സഹായം കൊണ്ട് അദ്ദേഹത്തിന്റെ 'ഗ്ലോബ് സലൂണ്‍' ഒറ്റ ദിവസം കൊണ്ട് പ്രവര്‍ത്തനക്ഷമമായി. തുടര്‍ന്ന് അതിനടുത്ത് തന്നെ ചില കെട്ടിടങ്ങളും താമസസ്ഥലങ്ങളും പതിയെ ഉയര്‍ന്ന് വന്നു. 1870ല്‍ ഇത് 600 ആളുകള്‍ പാര്‍ത്തിരുന്ന ഒരു ടൗണ്‍ഷിപ്പായി രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കാലക്രമേണ സമീപപ്രദേശങ്ങള്‍ കൂടിച്ചേര്‍ന്ന് വാന്‍കൂവര്‍ പട്ടണമായി മാറി. ഇതിന്റെ ഓര്‍മക്കായി ഗ്യാസിജാക്കിന്റെ ഒരു പ്രതിമ ഒരു ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഈ പേരില്‍ ഉള്ള ആവി കൊണ്ട് പ്രവര്‍ത്തിക്കുന്ന ക്ലോക്കും വളരെ ധാരാളം സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നു. ഓരോ പതിനഞ്ച് മിനിറ്റിലും മണി അടിക്കുന്നതിന് പകരമായി നല്ല ശബ്ദത്തോടെ ആവി പുറത്തേക്ക് ചീറ്റും.! കനേഡിയല്‍ പെസിഫിക്ക് റെയില്‍വേയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ ആണ് ധാരാളം ആളുകള്‍ ഇവിടേക്ക് മാറിത്താമസിക്കാന്‍ ആരംഭിച്ചത്.


| ഗ്യാസി ജാക്കിന്റെ പ്രതിമ

പ്രകൃതി തന്നെയാണ് ഈ നാടിന്റെ ഏറ്റവും സുന്ദരമായ കാഴ്ച; മറ്റെല്ലാം അതുകഴിഞ്ഞേ വരുന്നുള്ളു. നഗര ഹൃദയത്തിലെ പച്ചത്തുരുത്തായ സ്റ്റാന്‍ലി പാര്‍ക്ക് ഏതൊരാള്‍ക്കും പ്രകൃതിയുടെ മടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങാന്‍ പാകത്തില്‍ പലവിധ കാഴ്ചകളും സംവിധാനങ്ങളും നിറഞ്ഞതാണ്. മുക്കാല്‍ ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന 400 ഹെക്ടര്‍ വിസ്താരമുള്ള ഈ പാര്‍ക്ക്, പട്ടണത്തിന്റെ വടക്ക് പടിഞ്ഞാറേ അതിരിലാണ്. ഈ നാട്ടിലെ ആദിവാസികള്‍ ആയിരക്കണക്കിന് കൊല്ലങ്ങളായി ജീവിച്ച് പോന്ന ഒരു വനപ്രദേശമായിരുന്നു ഇത്. 1886ല്‍ അന്നത്തെ ഗവര്‍ണര്‍ ജനറലായിരുന്നു ലോര്‍ഡ് സ്റ്റാന്‍ലിയാണ് അദ്ദേഹത്തിന്റെ തന്നെ പേരില്‍ ഈ പ്രദേശത്തെ ഒരു പാര്‍ക്ക് ആയി മാറ്റിയത്. ഈ വനപ്രദേശത്തെ അതിന്റെ തനതായ സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ട് തന്നെ പലതരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വികസിപ്പിക്കുകയായിരുന്നു. പോളാര്‍ ബെയര്‍ എക്‌സിബിറ്റ്, അക്വേറിയം, പാര്‍ക്കിന് ചുറ്റുമുള്ള കടല്‍ഭിത്തി, നടക്കാനുള്ള വഴികള്‍ എന്നിവ അവയില്‍ ചിലതു മാത്രം. അര മില്യന്‍ മരങ്ങള്‍ ഇവിടെയുണ്ട്. അവയില്‍ അധികവും 250 അടി ഉയരമുള്ളതും 100 കൊല്ലത്തില്‍ കൂടുതല്‍ പഴക്കമുള്ളതും ആണ്. നശിച്ചു പോകുന്നവക്ക് പകരമായി പുതിയത് നട്ടുവളര്‍ത്താനുള്ള പദ്ധതികളുണ്ട്. ഡഗ്ലസ് ഫിര്‍, റെഡ് സെഡാര്‍, ഹെംലോക്, സ്പ്രൂസ് എന്നിങ്ങനെയാണ് വളരെ ഉയരത്തില്‍ വളരുന്ന ഈ മരങ്ങളുടെ പേരുകള്‍. 200 തരം പക്ഷികളുടെ ആവാസ കേന്ദ്രമാണിവിടം. വലിയ മൃഗങ്ങള്‍, ഒന്നും തന്നെയില്ല. പാര്‍ക്ക് മുഴുവന്‍ നടന്ന് കാണുന്നതിന് ബുദ്ധിമുട്ടുള്ളവര്‍ക്ക് ചെറിയ ട്രെയിനുകളും കുതിര വണ്ടികളും ഉപയോഗപ്പെടുത്താം. ഒരു ഭാഗത്ത് ടോട്ടെം പോളുകളുടെ ഒരു കൂട്ടം കാണാം. വടക്കന്‍ അമേരിക്കയിലെ ആദിവാസികള്‍ മരത്തില്‍ കൊത്തിയെടുത്ത്, നിറം പൂശി ഉണ്ടാക്കിയെടുക്കുന്ന ഒരു കലാസൃഷ്ടി ആണിത്. പൂര്‍വികരുടെ ഓര്‍മ, സാംസ്‌കാരിക വിശ്വാസങ്ങള്‍, പ്രധാന സംഭവങ്ങള്‍ എന്നിവയാണ് ഈ സൃഷ്ടിക്ക് ആധാരം. പലപ്പോഴും ഒരു ഗ്രാമത്തിന്റെയോ ശവപറമ്പിന്റെയോ അടയാളമായും ഇത് സ്ഥാപിക്കാറുണ്ട്.

ഡോക്ടര്‍ സണ്‍ യാറ്റ് സെന്നിന്റെ പേരിലുള്ള (1886-1925) ചൈനീസ് ഗാര്‍ഡന്‍ വളരെ സുന്ദരമായ ഒരു കാഴ്ചയാണ്. ആധുനിക ചൈനയുടെ പിതാവെന്ന് അറിയപ്പെടുന്ന ഇദ്ദേഹം 1912ല്‍ അവിടുത്തെ രാജഭരണം അവസാനിപ്പിക്കുന്നുതില്‍ പ്രധാന പങ്കുവഹിച്ചു. ഇതിനകത്തെ കോയി മത്സ്യങ്ങള്‍ നീന്തിക്കളിക്കുന്ന താമരക്കുളങ്ങളും, ചൈനീസ് ശൈലിയില്‍ പണി കഴിപ്പിക്കപ്പെട്ട പന്തലുകളും മുളങ്കാടുകളും ധാരാളം പേരെ ആകര്‍ഷിക്കുന്നു. ഗിഫ്റ്റ് ഷോപ്പില്‍ ചൈനാക്കാരുടെ കരകൗശല വസ്തുക്കളുടെ ഒരു നല്ല ശേഖരം ഉണ്ട്.

ഇനുക്ഷക്ക് (Inukshuk) എന്ന് പേരുള്ള ഒരു ശില്‍പം ബീച്ചില്‍ ഒരു ഭാഗത്ത് കാണാം. ഇത് ഇനു (Inuit) എന്ന ആദിമ ഗോത്രക്കാര്‍ സൗഹൃദത്തിനെയും ആതിഥ്യമര്യദയെയും പ്രതീകവത്കരിച്ചു കൊണ്ട് എക്‌സ്‌പോ 86 ഇവിടെ നടന്നപ്പോള്‍ നിര്‍മിച്ചു നല്‍കിയതാണ്. അമേസിങ്ങ് ലാഫ്റ്റര്‍ (A-Mazing Laughter) എന്ന പേരിലുള്ള ഒരു കലാശില്‍പം ഇവിടെ ഇംഗ്ലീഷ് ബേ കടല്‍ത്തീരത്തിന് അടുത്തായി കാണാം. യൂമിന്‍ ജുന്‍ എന്ന ചൈനീസ് കലാകാരന്‍ സ്വന്തം മുഖം മാതൃകയായി ഉപയോഗിച്ച്, കണ്ണടച്ചു കൊണ്ട് പൊട്ടിച്ചരിക്കുന്ന കുറേ മനുഷ്യരുടെ ഒരു കൂട്ടം സൃഷ്ടിച്ചിരിക്കുകയാണിവിടെ. യാഥാര്‍ഥ്യത്തിന് നേരെ കണ്ണടച്ചു കൊണ്ട് പുറംകാഴ്ചകളില്‍ അഭിരമിച്ച് നടക്കുന്ന മനഷ്യരെ കണ്ട് ചിരിക്കുകയാണ് അവര്‍.


| ഇനുക്ഷക്ക് ശില്‍പം

കാപ്പിലാനോ, ലിന്‍ കന്യന്‍ എന്നീ തൂക്കുപാലങ്ങള്‍ ആണ് മറ്റു രണ്ട് പ്രധാന കാഴ്ചകള്‍. ഇതില്‍ ആദ്യത്തേത് കാപ്പിലാനോ നദിയ്ക്ക് മുകളിലൂടെ 140 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്നു. ഇവിടെ പ്രവേശന ഫീസ് ഉണ്ട്. ലിന്‍ കന്യന്‍ പാലം വടക്കന്‍ വാന്‍കൂവറിലാണ്. ഒരു വ്യക്തി സ്വന്തം ഉപയോഗത്തിനായി ഒരു മലയിടുക്കിന് മുകളിലൂടെ നിര്‍മിച്ച ഈ പാലം, 1912ലാണ് പൊതു ഉപയോഗത്തിനായി തുറന്ന് കൊടുക്കുന്നത്. പാലത്തില്‍ നിന്ന് താഴേക്ക് ഉള്ള കാഴ്ച വളരെ മനോഹരമാണ്.


| ഡോ. സലീമ ഹമീദും പങ്കാളിയും ലിന്‍ കന്യന്‍ തൂക്കുപാലത്തില്‍

(തുടരും)

TAGS :