Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 6 Nov 2023 1:57 PM GMT

വായനയുടെ ഉന്മാദലോകം തുറന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

വായിക്കുക എന്ന ദൃഢനിശ്ചയവും സമയ നിയന്ത്രണവും കാരണമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും താന്‍ ഒട്ടനേകം പുസ്തകങ്ങള്‍ വായിക്കുന്നതെന്ന് വി.ഡി സതീശന്‍.

വായനയുടെ ഉന്മാദലോകം തുറന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍
X

രാഷ്ട്രീയ തിരക്കുകള്‍ക്കിടയിലും പുസ്തകങ്ങളുടെ വിശാലമായ ലോകത്തേക്ക് എത്തിപ്പെടാന്‍ ശ്രമിക്കുന്ന ഒരാളാണ് താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരള നിയമസഭാ പുസ്തകോത്സവത്തില്‍ സംഘടിപ്പിച്ച കെ.എല്‍.ഐ.ബി.എഫ് ഡയലോഗ്സില്‍ 'വായനയിലെ ഉന്മാദങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ഇ സുധീര്‍ അധ്യക്ഷത വഹിച്ച സെഷനില്‍ തന്നെ സ്വാധീനിച്ച പുസ്തകങ്ങളെപ്പറ്റിയും അവ നല്‍കിയ അനുഭവങ്ങളെപ്പറ്റിയും വി.ഡി സതീശന്‍ വാചാലനായി. നമ്മള്‍ കാണാത്ത സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയും മനുഷ്യന്റെ മുറിവുകള്‍, മനുഷ്യാവസ്ഥകള്‍, പ്രകൃതി എന്നിവയെ നമ്മളിലേക്ക് എത്തിക്കുകയും ചെയ്യുന്നത് പുസ്തകങ്ങളാണ്. എഴുത്തുകാര്‍ നിര്‍മിക്കുന്ന ഭാവനാ പ്രപഞ്ചത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുകയാണ് പുസ്തകങ്ങള്‍. വായിക്കുക എന്ന ദൃഢനിശ്ചയവും സമയ നിയന്ത്രണവും കാരണമാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും താന്‍ ഒട്ടനേകം പുസ്തകങ്ങള്‍ വായിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുഞ്ഞുനാളില്‍ അമ്മയുടെ മടിയില്‍ കിടന്ന് കഥകള്‍ കേള്‍ക്കുന്നതായിരുന്നു ഏറ്റവും വലിയ സന്തോഷം. രാമായണത്തിലെ മര്യാദാ പുരുഷോത്തമനായ രാമന്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ തന്റെ ഭാര്യയെ പ്രജകള്‍ക്കുവേണ്ടി കാട്ടിലേക്ക് ഉപേക്ഷിച്ചത് കുട്ടിക്കാലത്ത് ചോദ്യം ചെയ്തിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ ശരിക്കെതിരെ നിന്നാലും ഒരിക്കലും ഒരു തെറ്റ് ചെയ്യരുത് എന്നത് രാമായണത്തിലെ ആ ഭാഗത്തിലൂടെയാണ് താന്‍ പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തീരെ ഇഷ്ടപ്പെടാത്തതും മനസ്സിലാകാത്തതുമായ വിഷയം സാമ്പത്തികശാസ്ത്രം ആയിരുന്നുവെന്നും അത് പഠിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ഡോ. തോമസ് ഐസക്ക് ആയിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സാമ്പത്തികശാസ്ത്രം പഠിച്ചതിനുശേഷം അദ്ദേഹത്തിന്റെ കൗശലങ്ങള്‍ പഠിച്ചു. പിന്നീട് നിയമസഭയില്‍ അദ്ദേഹവുമായി നിരന്തരം വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടു. വായിക്കുന്ന പുസ്തകങ്ങളെപ്പറ്റി പിന്നീട് അദ്ദേഹവുമായി സംവദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മരിയ റീസയുടെ 'ഹൗ ടു സ്റ്റാന്‍ഡ് അപ്പ് ടു എ ഡിക്‌റ്റേറ്റര്‍' എന്ന പുസ്തകത്തില്‍ ട്രംപ്, മോദി തുടങ്ങിയവര്‍ എങ്ങനെയാണ് മനുഷ്യരെ സ്വാധീനിച്ചത് എന്ന് എഴുതിയിട്ടുണ്ട്. അതില്‍ വായിച്ച പുസ്തകങ്ങളിലെ ഭീതി തോന്നിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. പണ്ടുകാലങ്ങളില്‍ നടന്ന വംശഹത്യയാണ് മണിപ്പൂരില്‍ നടന്നത്. മനുഷ്യര്‍ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്‌തേക്കാം, എന്നുകരുതി സ്വാതന്ത്ര്യം നിഷേധിക്കപ്പെടാന്‍ പാടില്ല. ഇപ്പോഴുള്ളത് സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഒരു കെട്ടകാലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

TAGS :