Quantcast
MediaOne Logo

മിഷാല്‍

Published: 19 Sep 2023 3:26 PM GMT

എന്തിനാണീ പ്രതികാരദാഹം

എന്റെ നിയന്ത്രണം എന്നില്‍ ഭദ്രമാണ്. ആരൊക്കെ എന്തൊക്കെ ചെയ്താലും, പറഞ്ഞാലും നിങ്ങളോടെനിക്ക് സ്നേഹമല്ലാതെ മറ്റൊരു വികാരവുമില്ലെന്നൊരു മനുഷ്യന്‍ തീരുമാനിച്ചുറപ്പിച്ചാല്‍ പിന്നെ ആര്‍ക്കാണ് അയാളെ തോല്‍പിക്കാന്‍ കഴിയുക. | |MotiveLines

എന്തിനാണീ പ്രതികാരദാഹം
X

വേദനിപ്പിച്ചവരോട് പ്രതികാരം ചെയ്യണ്ടേ? വേണ്ട. വിഷമിപ്പിച്ചവരോട് പകരം ചോദിക്കണ്ടേ? അതും വേണ്ട. അപ്പൊ നിങ്ങള്‍ ചോദിക്കും, പിന്നെ നിന്നെ എന്തിന് കൊള്ളാമെന്ന്. വേണ്ട എന്ന് ഞാന്‍ ഉറച്ച ശബ്ദത്തില്‍ പറയുമ്പോഴാണ് ഞാനെന്തിനും കൊള്ളാവുന്നവനാകുന്നത്. പ്രതികാരം ചെയ്യാനും പകരം ചോദിക്കാനുമൊക്കെ ആര്‍ക്കും കഴിയും. ഈ നിമിഷം എനിക്ക് എന്റെ വേദനകള്‍ക്കൊക്കെ പകരം ചോദിക്കാം. കുത്തി കുത്തി നോവിപ്പിച്ചവരെയൊക്കെ തിരഞ്ഞു പിടിച്ച് പകരം വീട്ടാം. പ്രതികാരം ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്, ആര്‍ക്കും കഴിയുന്ന ഒന്ന്. എന്നാല്‍, പ്രതികാരം ചെയ്യാതിരിക്കാന്‍ അസാധാരണമായൊരു മനസ്സ് വേണം, വല്ലാത്ത ക്ഷമ വേണം.

ഗംഗാ സ്നാനം കഴിഞ് പടികള്‍ കയറി വരുന്ന വൃദ്ധനായ ജ്ഞാനിയുടെ മേല്‍ ഒരു മുരടന്‍ മുറുക്കി തുപ്പി. അവനോടൊന്നും പറയാതെ ജ്ഞാനിയായ ആ മനുഷ്യന്‍ വീണ്ടും കുളിച്ചു കയറി. പിന്നെയും അയാള്‍ ജ്ഞാനിയുടെ മേല്‍ മുറുക്കി തുപ്പി, ഒരു മടിയും കൂടാതെ ആ യോഗി വീണ്ടും കുളിച്ചു. ഈ അവഹേളനം ആ മുരടനായ മനുഷ്യന്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു. വൃദ്ധ സന്ന്യാസി ഗംഗാ സ്നാനം തുടരുകയല്ലാതെ കോപിച്ചതേയില്ല. ഒടുവില്‍ മുരടനായ മനുഷ്യന്‍ തളര്‍ന്നു പോയി. അയാളുടെ മനസ്സ് പാപഭാരത്താല്‍ നിറഞ്ഞു. വൃദ്ധ സന്ന്യാസിയുടെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിച്ചു.

ഒട്ടൊന്നു മൗനിയായി ആ സന്ന്യാസി പറഞ്ഞു ''ഞാനാണ് നിന്നോട് നന്ദി പറയേണ്ടത്. ആര്‍ക്കെങ്കിലും ഗംഗയില്‍ നൂറു തവണ സ്നാനം ചെയ്യാന്‍ കഴിയുമോ? നീ കാരണം എനിക്കതിന് സാധിച്ചു.

മുരടനായ മനുഷ്യന്‍ പറഞ്ഞു, ഇവിടുത്തെ ധനികനായ മനുഷ്യന്‍ പറഞ്ഞു വിട്ടതാണെന്നെ. അങ്ങയെ പ്രകോപിപ്പിക്കാന്‍. അങ്ങ് കോപിക്കുകയാണെങ്കില്‍ അദ്ദേഹം എനിക്ക് വാഗ്ദാനം ചെയ്തത് ഒരു സ്വര്‍ണ നാണയമായിരുന്നു.

പുഞ്ചിരിച്ചു കൊണ്ട് സന്ന്യാസി മറുപടി പറഞ്ഞതിങ്ങനെയാണ്: ഈ കാര്യം നേരത്തെ പറയുകയാണെങ്കില്‍ ഞാന്‍ താങ്കളോട് വഴക്കിട്ട് താങ്കള്‍ക്ക് ആ സ്വര്‍ണ നാണയം വാങ്ങിത്തരുമായിരുന്നല്ലോ.


കഥ അവിടെ അവസാനിക്കുകയാണ്. ഉദാരതയുടെയും, സഹനത്തിന്റെയും വലിയ മാതൃകയാണ് ജ്ഞാനിയായ ആ മനുഷ്യന്‍ കാണിച്ചു തന്നത്. മറ്റുള്ളവരുടെ നിയന്ത്രണം നമ്മുടെ കയ്യിലല്ല. എന്നാല്‍, എന്റെ നിയന്ത്രണം എന്നില്‍ ഭദ്രമാണ്. ആരൊക്കെ എന്തൊക്കെ ചെയ്താലും, പറഞ്ഞാലും നിങ്ങളോടെനിക്ക് സ്നേഹമല്ലാതെ മറ്റൊരു വികാരവുമില്ലെന്നൊരു മനുഷ്യന്‍ തീരുമാനിച്ചുറപ്പിച്ചാല്‍ പിന്നെ ആര്‍ക്കാണ് അയാളെ തോല്‍പിക്കാന്‍ കഴിയുക.

TAGS :