Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 16 Nov 2023 9:51 AM GMT

സമയത്തിന്റെ സൂക്ഷിപ്പുകാരന്‍

രണ്ടു വര്‍ഷത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠന കാലയളവിലെ കൂടുതല്‍ ദീപ്തമായ ചില ഓര്‍മകള്‍ പങ്കുവെക്കുന്നു ഈ ലക്കത്തില്‍ | വൈഡ് ആംഗിള്‍ - 19

മലയാള സിനിമ ചരിത്രം. ആദം അയ്യൂബിന്റെ സിനിമ ജീവിതം
X

കാലഗതിയില്‍ സമീപസ്ഥമായ പല സംഭവങ്ങളും വളരെ വേഗം തന്നെ വിസ്മൃതിയില്‍ ലയിക്കുമ്പോള്‍, വിദൂരമായ ചില ഓര്‍മകള്‍ കൂടുതല്‍ വ്യക്തമായും കൃത്യമായും മനസ്സില്‍ തെളിയുന്നു.

പ്രഭാകരന്‍ സാര്‍ ഊണ് കഴിക്കാന്‍ ക്ഷണിച്ചിട്ടും, അദ്ദേഹത്തോടൊപ്പം പോകാതെ എന്നോടൊപ്പം വന്നത് കൊണ്ട്, പ്രഭാകരന്‍ സാര്‍ കോപിക്കുമോ എന്ന ഭയത്തിലായിരുന്നു വിജയലക്ഷ്മി. ആ പ്രശ്‌നം പരിഹരിച്ചോളാം എന്ന് ഞാന്‍ അവളോട് പറഞ്ഞു. വിശ്രമവേളയില്‍ പ്രഭാകരന്‍ സര്‍ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടു ഞാന്‍ സ്റ്റാഫ് റൂമിലേക്ക് കയറിച്ചെന്നു.

സാര്‍ ഇരിക്കാന്‍ പറഞ്ഞു.

''സാര്‍ ഞാന്‍ രണ്ടു ദിവസം പട്ടിണി ആയിരുന്നു''

ഞാന്‍ പറഞ്ഞു തുടങ്ങി. സാര്‍ എന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി.

'' മണി ഓര്‍ഡര്‍ വരാന്‍ താമസിച്ചു''ഞാന്‍ തുടര്‍ന്നു.

''ആ ദിവസങ്ങളില്‍ വിജയലക്ഷ്മിയും ഉണ്ണാതെ ഇരിക്കുന്നത് ഞാന്‍ കണ്ടിരുന്നു. മണിഓര്‍ഡര്‍ വന്നപ്പോള്‍ ഞാന്‍ അവളെയും ഊണ് കഴിക്കാന്‍ ക്ഷണിച്ചു. ആദ്യം അവള്‍ വരാന്‍ മടിച്ചു, പിന്നെ ഞാന്‍ നിര്‍ബന്ധിച്ചാണ് കൂട്ടിക്കൊണ്ടുപോയത്''

'' അത് നന്നായി'' സാര്‍ പറഞ്ഞു.

''വിശക്കുന്നവനല്ലേ വിശപ്പിന്റെ വില അറിയൂ സാര്‍''

'' തീര്‍ച്ചയായും'' സാര്‍ പറഞ്ഞു. ' ഞാനും കുറെ പട്ടിണി കിടന്നിട്ടുള്ളതാ. അയൂബിന് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എന്നോട് പറയണം.''

'' വളരെ നന്ദി സാര്‍''.

മനസ്സ് നിറഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് ഞാന്‍ സ്റ്റാഫ് റൂമില്‍ നിന്നിറങ്ങിയത്.

ഏകദേശം നാല്പത്തേഴ് വര്ഷങ്ങള്‍ക്കു മുന്‍പ് നടന്ന എന്റെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ജീവിതം സന്തോഷവും സന്താപവും ഇടകലര്‍ന്ന ഒരു കാലഘട്ടമായിരുന്നു. ഒരു നടന്‍ എന്ന നിലയിലുള്ള എന്റെ കഴിവുകളെ ഞാന്‍ സ്വയം തിരിച്ചറിയുകയും, ഞാന്‍ എന്റെ ഉള്ളിലേക്ക് തന്നെ ഊളിയിട്ടിറങ്ങി എന്നില്‍ അന്തര്‍ലീനമായ പല സിദ്ധി വൈഭവങ്ങളെയും കണ്ടെത്തിയ കാലം കൂടിയായിരുന്നു അത്. അഭിനയം മാത്രമല്ല, എനിക്ക് താല്‍പര്യമുള്ള, സിനിമയുടെ സാങ്കേതിക വശങ്ങളും പഠിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇതിനായി മദിരാശിയിലെ വിവിധ കോണ്‍സുലേറ്റ് ലൈബ്രറികളില്‍ ഞാന്‍ അംഗത്വം എടുത്തു. അമേരിക്കന്‍ ലൈബ്രറി, ബ്രിട്ടീഷ് ലൈബ്രറി, സോവിയറ്റ് സാംസ്‌കാരിക കേന്ദ്രം, അലയന്‍സ് ഫ്രാന്‍സെസ് തുടങ്ങി സൗജന്യ അംഗത്വം എടുക്കാവുന്ന എല്ലാ ലൈബ്രറികളിലും ഞാന്‍ അംഗമായി. സിനിമയുടെ ചരിത്രവും സാങ്കേതിക വശങ്ങളും പ്രതിപാദിക്കുന്ന അനേകം പുസ്തകങ്ങള്‍ ഞാന്‍ വായിക്കുകയും അവയില്‍ നിന്ന് വിലപ്പെട്ട നോട്ട്‌സ് എഴുതിയെടുക്കുകയും ചെയ്തു. പിന്നീട് ഒരു സിനിമ അധ്യാപകന്‍ ആയപ്പോള്‍ ഇവയൊക്കെ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു. മാത്രമല്ല, പില്‍ക്കാലത്തു ഞാന്‍ കൊടുത്ത നോട്‌സിന്റെ അടിസ്ഥാനത്തില്‍ എന്റെ ഒരു വിദ്യാര്‍ഥി സിനിമയേക്കുറിച്ചു ഒരു പുസ്തകം എഴുതുകയും ചെയ്തു. ഈ വിവരം ആ വിദ്യാര്‍ഥി തന്നെയാണ് എന്നോട് പറഞ്ഞത്. ഈ വിദേശ കോണ്‍സുലേറ്റുകളുടെ ലൈബ്രറികളില്‍ വാരാന്ത്യം അവരുടെ രാജ്യത്തിലെ പഴയ ക്ലാസിക് സിനിമകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ചിലപ്പോള്‍ സ്‌ക്രീനിംഗിനു ശേഷം ആ സിനിമകളെ സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടായിരുന്നു. ഞാന്‍ ഇവയിലൊക്കെ മുടങ്ങാതെ പങ്കെടുത്തു.

പഠനത്തിന്റെ ഭാഗമായും ഞങ്ങള്‍ക്ക് നല്ല സിനിമകള്‍ കാണാനുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു. ചിലപ്പോള്‍ പ്രസ്തുത ചിത്രങ്ങളുടെ സംവിധായകരുമായും സംവദിക്കാനുള്ള അവസരവും കിട്ടിയിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് കോമ്പൗണ്ടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രിവ്യു തീയേറ്ററില്‍ പുതിയ പടങ്ങളുടെ സെന്‍സറിങ് കൂടാതെ റിലീസിന് മുന്‍പ് പുതിയ പടങ്ങളുടെ പ്രീവ്യൂയും ഉണ്ടാവാറുണ്ട്. ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്, റിലീസ് ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ അഭിനേതാക്കളോടും അണിയറ പ്രവര്‍ത്തകരോടും ഒപ്പമിരുന്നു ആ സിനിമകള്‍ കാണാനുള്ള അവസരം അങ്ങിനെ ലഭിക്കുമായിരുന്നു. ഒരിക്കല്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത ''ഊര്‍വ്വശി ഭാരതി'' എന്ന സിനിമയുടെ സെന്‍സറിംഗിനായി അദ്ദേഹം തിയേറ്ററില്‍ വന്നിരുന്നു. സെന്‍സറിങ് നടക്കുന്ന സമയം അദ്ദേഹം പുറത്തു കാത്തിരിക്കുന്ന വേളയില്‍ ഞങ്ങള്‍ മലയാളി വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം ഞങ്ങളെ സന്തോഷത്തോടെ എതിരേല്‍ക്കുകയും രണ്ടു മണിക്കൂറോളം വളരെ സരസമായി ഞങ്ങളോട് സംസാരിക്കുകയും ചെയ്തു. അദ്ദേഹം ഒരു വിജ്ഞാന ഭണ്ഡാരം തന്നെ ആയിരുന്നു. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത്, കവി എന്നി നിലകളില്‍ അപാര കഴിവുകള്‍ ഉള്ള ഒരു വലിയ കലാകാരന്‍ ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കഴിവുകളും, വാചാലതയും എന്നില്‍ വളരെയധികം സ്വാധീനം ചെലുത്തി. അതുകൊണ്ടാണ്, പത്തു വര്‍ഷങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്തു സതേണ്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം തുടങ്ങിയപ്പോള്‍ അതിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം ഏറ്റെടുക്കണം എന്ന ആവശ്യവുമായി അദ്ദേഹത്തെ സമീപിക്കാന്‍ എനിക്ക് പ്രചോദനമായത്.

എന്റെ ചില പരിമിതികളെയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പരിശീലനം എന്നെ ബോധ്യപ്പെടുത്തി. അതില്‍ പ്രധാനപ്പെട്ടത് ആയിരുന്നു എന്റെ ശബ്ദം. എന്റെ ശബ്ദം അത്ര മെച്ചപ്പെട്ടത് അല്ല എന്ന് ഞാന്‍ ആദ്യമായി തിരിച്ചറിഞ്ഞത് അവിടെ വെച്ചാണ്. അക്ഷര സ്ഫുടത, സ്വരോച്ചാരണം എന്നിവയില്‍ ഞാന്‍ മുന്നിട്ടു നിന്നെങ്കിലും എന്റെ ശബ്ദത്തിന്റെ ഗുണവിശേഷം നിരാശാജനകമായിരുന്നു.

നമ്മുടെ സ്വന്തം ശബ്ദം നാം കേള്‍ക്കുന്നത് രണ്ടു മാര്‍ഗങ്ങളിലൂടെയാണ്. ഒന്ന് നമ്മുടെ വായില്‍ നിന്ന് പുറപ്പെടുന്ന ശബ്ദതരംഗങ്ങള്‍ നമ്മുടെ കര്‍ണ്ണ പുടങ്ങളില്‍ പതിക്കുകയും നമ്മള്‍ അത് കേള്‍ക്കുകയും ചെയ്യുന്നു. അതേസമയത്തു, അതേ ശബ്ദ വീചികള്‍ താടിയെല്ലിലൂടെ internal conduction വഴി പ്രേഷണം ചെയ്യപ്പെടുകയും കര്‍ണ്ണപുടങ്ങളുടെ ആന്തരിക പ്രതലത്തില്‍ പതിക്കുകയും ചെയ്യുന്നു. അങ്ങിനെ സ്വന്തം ശബ്ദം നമ്മള്‍ ഒരു സ്റ്റീരിയോ ഫോണിക് എഫക്ടില്‍, അകത്തുനിന്നും പുറത്തു നിന്നും, ആണ് കേള്‍ക്കുന്നത്. അപ്പോള്‍ നമ്മുടെ ശബ്ദത്തിന്റെ ആഴവും മുഴക്കവും ഗംഭീരമായി നമുക്ക് അനുഭവപ്പെടുന്നു. അതുകൊണ്ടു നമുക്ക് നമ്മുടെ ശബ്ദം എപ്പോഴും നന്നായിട്ടു തന്നെ തോന്നും. അപ്പോള്‍ നമ്മുടെ യഥാര്‍ഥ ശബ്ദം മറ്റുള്ളവര്‍ കേള്‍ക്കുന്നത് പോലെ നാം ഒരിക്കലും കേള്‍ക്കുന്നില്ല. സ്വന്തം ശബ്ദത്തെക്കുറിച്ചുള്ള എന്റെ മിഥ്യാധാരണകള്‍ തകര്‍ക്കാനും സത്യം ബോധ്യപ്പെടുത്താനും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പരിശീലനത്തിന് കഴിഞ്ഞു. അഭിനയിക്കാന്‍ അവസരങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഒരു ഡബ്ബിങ് ആര്ടിസ്‌റ് ആയെങ്കിലും കാലക്ഷേപം കഴിക്കാം എന്നുള്ള എന്റെ മോഹങ്ങള്‍ക്കു ഒരു തിരിച്ചടിയായിരുന്നു ഈ തിരിച്ചറിവ്. പിന്നീട് ശബ്ദം മെച്ചപ്പെടുത്താനുള്ള പല വോയിസ് ഏക്‌സ്സെര്‍സൈസുകളും കൂടുതല്‍ ശുഷ്‌കാന്തിയോടെ ഞാന്‍ ചെയ്യാന്‍ തുടങ്ങി.

ഇന്‍സ്റ്റിറ്റ്യൂട്ട് ജീവിതം അങ്ങനെ പല സന്തോഷങ്ങളും തിരിച്ചറിവുകളും നല്‍കിയെങ്കിലും, അതിനു ഒരു ഇരുണ്ട വശവും ഉണ്ടായിരുന്നു. എന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ആയിരുന്നു അത്. വീട്ടിലെ സ്ഥിതി വളരെ മോശമായിരുന്നു. എനിക്ക് എല്ലാ മാസവും മണി ഓര്‍ഡര്‍ അയക്കാന്‍ കഴിയാതെ പിതാവ് വളരെ വിഷമിക്കുന്നുണ്ടായിരുന്നു. മൂന്നു നേരത്തെ ആഹാരം പോലും അപ്രാപ്യമായിത്തീര്‍ന്നു. ഞാന്‍ താമസിക്കുന്ന അരുണ്‍ ഹോട്ടലിനു അടുത്തുള്ള ഒരു മലയാളിയുടെ ചായക്കട ആയിരുന്നു ഒരു ആശ്വാസം. എല്ലാ മലയാളികളുടെ ചായക്കടകളെയും നായര്‍ ടീ സ്റ്റാള്‍ എന്നാണ് തമിഴ് നാട്ടില്‍ വിളിക്കുന്നത്. അവിടെ ചായയും ബിസ്‌കറ്റും മാത്രമേ കിട്ടുകയുള്ളു. പലപ്പോഴും എന്റെ ഒരു ദിവസത്തെ ഭക്ഷണം ഒരു ചായയും രണ്ടു ബിസ്‌കറ്റും മാത്രമായിരുന്നു. അതില്‍കൂടുതല്‍ അവിടെ പോയി കടം ചോദിയ്ക്കാന്‍ വൈക്ലബ്യം ഉള്ളത് കൊണ്ടാണ്, ഒരു നേരത്തെ ചായ കുടിയില്‍, ഒരു ദിവസത്തെ ആഹാരം ഒതുക്കിയത്. രണ്ടു ദിവസം അങ്ങനെ കഴിഞ്ഞപ്പോള്‍ വയറു നിറച്ചു ചോറ് ഉണ്ണാന്‍ കൊതിയായി. എന്റെ പട്ടിണി സഹപാഠികളില്‍ നിന്നും മറച്ചു വെക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.

അടുത്ത ദിവസം വിശന്നു പൊരിഞ്ഞെങ്കിലും, ചായക്കട സന്ദര്‍ശനം ഞാന്‍ നീട്ടിവെച്ചു. കാരണം രാവിലെ അവിടെ നല്ല തിരക്ക് ആയിരിക്കും. മറ്റുള്ളവരുടെ മുന്‍പില്‍ കടക്കാരനോട് കടം പറയാനുള്ള നാണക്കേട് മൂലം, തിരക്കൊഴിയാന്‍ ഏറെനേരം കാത്തിരുന്നു. പിന്നെ പിടിച്ചു നിക്കാന്‍ പറ്റാതായപ്പോള്‍ ചായക്കടയിലേക്ക് നടന്നു. അപ്പോഴും അവിടെ സാമാന്യം തിരക്കുണ്ടായിരുന്നു. കടക്കാരന്‍ ചായ കൊടുക്കുന്ന തിരക്കിലായിരുന്നു. അയാള്‍ എന്നെ കണ്ടതായി ഭാവിച്ചില്ല. ഞാന്‍ ഭവ്യമായി ഒന്ന് ചുമച്ചു. അയാള്‍ എന്നെ നോക്കി. ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. അയാള്‍ എനിക്ക് ഒരു ബിസ്‌കറ്റും ചായയും തന്നു. എന്നിട്ടു പറഞ്ഞു.

''പറ്റ് എത്ര ആയി എന്നറിയാമോ?''

'' അത്..ഇല്ല..ഞാന്‍.'' ഞാന്‍ വിക്കി.

'' പറ്റിന്റെ പരിധി കടന്നു. നാളെ തന്നെ പറ്റു തീര്‍ക്കണം കേട്ടോ''

കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്നവര്‍ എന്നെ നോക്കി. ഞാന്‍ ബിസ്‌കറ്റിനോടൊപ്പം എന്റെ അഭിമാനവും വിഴുങ്ങി. ചായ കുടിച്ചിട്ട് അവിടന്ന് നടന്നു. അവസാനത്തെ ആശ്രയവും അടഞ്ഞു. ഇനി നാളെ മുഴുപ്പട്ടിണി തന്നെ. ഞാന്‍ എന്റെ കൈത്തണ്ടയില്‍ കിടന്ന വാച്ചിലേക്ക് നോക്കി. എന്റെ സമയം മോശമായിരുന്നെങ്കിലും എനിക്ക് വേണ്ടി കൃത്യമായി സമയം സൂക്ഷിക്കുകയായിരുന്നു ആ പാവം വാച്ച്.

ഞാന്‍ എന്റെ ആ, സമയത്തിന്റെ സൂക്ഷിപ്പുകാരനെ നോക്കി പറഞ്ഞു:-

'' നിന്റെ സമയം ആയി''

നേരെ നടന്നത് മാര്‍വാഡിയുടെ കടയിലേക്ക്. ഏതു സമയവും തുറന്നിരിക്കുന്ന, വിലപിടിപ്പുള്ളത് എന്തും പണയം വെക്കാന്‍ കഴിയുന്ന, പാവപ്പെട്ടവരുടെ ആശ്രയംകൂടിയായിരുന്നു ആ കട. ഞാന്‍ വാച്ച് ഊരി മാര്‍വാടിയുടെ മേശപ്പുറത്തു വെച്ചു. അയാള്‍ അതെടുത്തു തിരിച്ചും മറിച്ചും നോക്കി. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, ഇലക്ട്രോണിക് വാച്ചുകള്‍ക്കു മുന്‍പുള്ള കാലമായിരുന്നു അത്. ദിവസവും കീ കൊടുത്തു പ്രവര്‍ത്തിപ്പിക്കുന്ന പഴയ വാച്ച്.

'' എവൊളോ?'' അയാള്‍ ചോദിച്ചു.

'' നൂറു രൂപ'' ഞാന്‍ പറഞ്ഞു.

മാര്‍വാടി വാച്ച് തിരിച്ചു എന്റെ മുന്നിലേക്ക് വെച്ചു.

''കെടയ്ക്കാത്'' അയാള്‍ പറഞ്ഞു.

''എവോളോ കെടക്കും ?''

'' അമ്പതു രൂപ'' അയാള്‍ പറഞ്ഞു.

'' എഴുപത്തഞ്ചു കൊടുങ്കോ '

'' ഇല്ലപ്പാ, '

' ശരി, അറുപതു കൊടുങ്കോ'' ഞാന്‍ കെഞ്ചി.

അയാള്‍ വാച്ച് എടുത്തു മേശയുടെ വലിപ്പില്‍ വെച്ചിട്ടു, അറുപതു രൂപ എണ്ണിത്തന്നു. നേരെ പോയത് നായര്‍ ടീ സ്റ്റാളിലേക്കു. അയാളുടെ പറ്റു തീര്‍ത്തു. ഹോട്ടലില്‍ പോയി വയറു നിറച്ചു ഊണ് കഴിച്ചു. പുഴുക്കലരിച്ചോറിനും സാമ്പാറിനും എന്ത് രുചിയായിരുന്നു. ബാക്കി പണം കൊണ്ട് ഞാന്‍ വലിച്ചു നീട്ടി ഒരാഴ്ച കഴിച്ചു കൂട്ടി.

(തുടരും)


TAGS :