രജനികാന്തിനെ അപമാനിച്ച മലയാളി പ്രൊഡ്യൂസര്‍
ശിവജി (രജനികാന്ത്) യെ വല്ലാതെ അപമാനിച്ചു കൊണ്ട് നിര്‍മാതാവ് പലതും പറഞ്ഞു. അവന്റെ തൊലിയുടെ നിറത്തെയും, ബസ് കണ്ടക്ടര്‍ ആണെന്നറിഞ്ഞപ്പോള്‍ തൊഴിലിനേയും ഒക്കെ പരിഹസിച്ചു സംസാരിച്ചു. വിഷണ്ണനായി തല കുനിച്ചു നില്‍ക്കുന്ന ശിവാജിയുടെ ദൈന്യാവസ്ഥ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സഹപാഠിയായിരുന്ന രജനികാന്തുമൊത്തുള്ള നിമിഷങ്ങള്‍ പങ്കുവെക്കുന്നു. ആദം അയ്യൂബിന്റെ സിനിമ ജീവിതം: വൈഡ് ആംഗിള്‍ - 20
യോഗാഭ്യാസം അഭിനയ പരിശീലനത്തിന്റെ ഒരു പ്രധാന ഭാഗം ആയിരുന്നു. ശബ്ദ പരിശീലനം രാവിലെ ആണെങ്കില്‍ യോഗ അവസാനത്തെ പീരീഡ് ആയിരുന്നു. യോഗ ചെയ്യാന്‍ സാധാരണ ധരിക്കുന്ന വസ്ത്രം മാറി അയഞ്ഞ വസ്ത്രം ധരിക്കണം. പ്രഭാകരന്‍ സാര്‍ തന്നെയാണ് എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ടി യോഗ ക്‌ളാസ് എടുത്തിരുന്നത്. അദ്ദേഹം യോഗയില്‍ പ്രത്യേക പരിശീലനം നേടിയിരുന്നു. മെയ്‌വഴക്കം അഭിനേതാവിന് അത്യാവശ്യമായ ഒരു ഘടകം ആയിരുന്നത് കൊണ്ട് എല്ലാ അഭിനയ പാഠശാലകളിലും യോഗ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. ഞാന്‍ ഉള്‍പ്പെടെ പലര്‍ക്കും യോഗ ക്ലാസ്സിനോട് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍, ഈ ക്ലാസ് എടുക്കുന്നത് പ്രഭാകരന്‍ സാര്‍ ആയതുകൊണ്ട് എനിക്ക് ഈ ക്ലാസ് കട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എനിക്ക് മാത്രമല്ല ഈ ക്ലാസ്സില്‍ സന്നിഹിതനാവാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. വല്ല ദേഹാസ്വാസ്ഥ്യം ഉണ്ടെങ്കില്‍ യോഗ ചെയ്യാതെ അല്‍പം മാറി ഇരിക്കാം. അല്ലാതെ നേരത്തെ വീട്ടില്‍ പോകാന്‍ ഒന്നും കഴിയില്ല. ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പുകാരായ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഒരു വശത്തുള്ള പുല്‍ത്തകിടിയില്‍ ആയിരുന്നു യോഗ ക്ലാസ്. അവസാനത്തെ പീരീഡ് ആയതുകൊണ്ട് എല്ലാവര്‍ക്കും വീട്ടില്‍ പോകാന്‍ ധൃതി ആയിരിക്കും. എന്നാല്‍, യോഗ ക്‌ളാസില്‍ നിന്ന് ആര്‍ക്കും ഒഴിവു ലഭിക്കുകയില്ല.
സസ്‌പെന്‍ഷന്‍ ഉത്തരവ് പിന്‍വലിക്കണമെന്ന പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അപേക്ഷ പരിഗണിച്ചും, ശിവാജി എഴുതിക്കൊടുത്ത മാപ്പപേക്ഷ സ്വീകരിച്ചും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എന്നാല്‍, ഇനി മുതല്‍ എല്ലാവരും നിര്‍ബന്ധമായും യോഗ ക്‌ളാസ് അറ്റന്‍ഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു.
അന്ന് ശിവജിക്ക് (രജനീകാന്ത്) അല്‍പം തടിയുള്ള ശരീര പ്രകൃതം ആയിരുന്നു. അതുകൊണ്ടു തന്നെ പല ആസനങ്ങളും ചെയ്യാന്‍ അവനു ചെറിയ ബുദ്ധിമിട്ടും വലിയ മടിയും ആയിരുന്നു. കൂടാതെ അവന്‍ ഒരു ചെയിന്‍ സ്‌മോക്കര്‍ കൂടി ആയിരുന്നു. ക്‌ളാസില്‍ ഇരിക്കുമ്പോള്‍ മാത്രമാണ് അവന്റെ ചുണ്ടില്‍ സിഗരറ്റ് ഇല്ലാതിരിക്കുന്നത്. അതുകൊണ്ടു അവന്‍ പലപ്പോഴും എന്തെങ്കിലും നുണ പറഞ്, ആസനങ്ങള്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാകും. ഒരു ദിവസം യോഗ ക്‌ളാസ് നടക്കുമ്പോള്‍, അവന്‍ ക്‌ളാസില്‍ നിന്ന് മാറി, പിന്നില്‍ ഇരിക്കുന്നതിന് പകരം, തൊട്ടടുത്തുള്ള ഫിലിം ചേംബര്‍ കെട്ടിടത്തിന്റെ വരാന്തയില്‍ ഇരുന്നു. അവിടെ സന്ദര്‍ശകര്‍ക്കായി നിരത്തി ഇട്ടിട്ടിരുന്ന കസേരകളില്‍ ഒന്നില്‍ ഇരുന്നു, സിഗരറ്റ് വലിക്കുകയായിരുന്നു. ഈ സമയത്താണ് ഒരു കാര്‍ വന്നു വരാന്തയ്ക്കു മുന്നില്‍ നിന്നത്. കാറില്‍ നിന്നിറങ്ങിയത് അന്നത്തെ ചേംബറിന്റെ വൈസ് പ്രസിഡന്റും, മലയാള സിനിമ നിര്‍മാതാവുമായ മിസ്റ്റര്‍. എക്‌സ് (അദ്ദേഹത്തിന്റെ യഥാര്‍ഥ പേര് ഞാന്‍ പറയുന്നില്ല) ശിവജിക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു. അതുകൊണ്ടു അവന്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് അലസമായി സിഗരറ്റു വലിച്ചു പുകച്ചുരുളുകള്‍ വിട്ടു കൊണ്ടിരുന്നു. തന്നെ മനഃപൂര്‍വം അപമാനിക്കുന്ന ഈ വിദ്യാര്‍ഥിയുടെ ധാര്‍ഷ്ട്യം അദ്ദേഹത്തിന് സഹിക്കാനായില്ല. മാത്രമല്ല, യോഗ സമയത്തു ക്‌ളാസ് കട്ട് ചെയ്ത് ഒളിച്ചിരുന്ന് പുക വലിക്കുന്നു എന്ന കുറ്റവും.
മിസ്റ്റര്‍ എക്‌സ് പൊട്ടിത്തെറിച്ചു. കോലാഹലം കേട്ട് ചേംബര്‍ ഓഫീസിലെ സ്റ്റാഫ് എല്ലാവരും ഓടി വന്നു. യോഗ ചെയ്തുകൊണ്ടിരുന്ന ഞങ്ങളും പ്രഭാകരന്‍ സാറും അങ്ങോട്ട് ശ്രദ്ധിച്ചു. ''ക്‌ളാസ് കട്ട് ചയ്തു ഇയാള്‍ ഇവിടെ ഇരുന്നു പുക വലിക്കുന്നത് നിങ്ങള്‍ കണ്ടില്ലേ?'' എന്ന് അദ്ദേഹം പ്രഭാകരന്‍ സാറിനോട് ചോദിച്ചു. പ്രഭാകരന്‍ സാറും വിഷണ്ണനായി. ഏതായാലും, ശിവജിയെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം ഉത്തരവിട്ടു. അതിനിടെ ശിവജിയെ വല്ലാതെ അപമാനിച്ചു കൊണ്ട് അദ്ദേഹം പലതും പറഞ്ഞു. അവന്റെ തൊലിയുടെ നിറത്തെയും, ബസ് കണ്ടക്ടര്‍ ആണെന്നറിഞ്ഞപ്പോള്‍ തൊഴിലിനേയും ഒക്കെ പരിഹസിച്ചു അദ്ദേഹം സംസാരിച്ചു. വിഷണ്ണനായി തല കുനിച്ചു നില്‍ക്കുന്ന ശിവാജിയുടെ ദൈന്യാവസ്ഥ എന്നെ വല്ലാതെ വേദനിപ്പിച്ചു.
കാലത്തിന്റെ കാവ്യ നീതി ശിവജിക്ക് വേണ്ടി ഒരവസരം ഒരുക്കിവെച്ചിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ തന്നെ ശിവാജി, സംവിധായകന്‍ കെ. ബാലചന്ദറിന്റെ 'അപൂര്‍വ രാഗങ്ങള്‍' എന്ന സിനിമയില്‍ അഭിനയിക്കുകയും അതോടെ രജനീകാന്ത് എന്ന പേരില്‍ തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ ആയി മാറുകയും ചെയ്തു.
പിന്നീട് ഫിലിം ചേംബറിന്റെ കമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ചയായി. സസ്‌പെന്‍ഷന് ഉത്തരവ് പിന്‍വലിക്കണമെന്ന പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അപേക്ഷ പരിഗണിച്ചും, ശിവാജി എഴുതിക്കൊടുത്ത മാപ്പപേക്ഷ സ്വീകരിച്ചും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എന്നാല്‍, ഇനി മുതല്‍ എല്ലാവരും നിര്‍ബന്ധമായും യോഗ ക്‌ളാസ് അറ്റന്‍ഡ് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചു. അതോടൊപ്പം തന്നെ കാമ്പസ്സിനുള്ളില്‍ പുകവലി കര്‍ശനമായി നിരോധിച്ചു. ഈ നിര്‍മാതാവിനെ കുറിച്ച് ശിവാജി എന്നോട് ചോദിച്ചു. അയാള്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നിര്‍മാതാവ് ആ ണെന്നും, സ്വന്തം സിനിമകളില്‍ ചിലതിനു അദ്ദേഹം കഥ എഴുതിയിട്ടുണ്ടെന്നും ഞാന്‍ പറഞ്ഞു. മലയാള സിനിമാ വ്യവസായത്തിലെ ഒരു ഉന്നത സ്ഥാനീയന്‍ ആയതു കൊണ്ടാണ് അദ്ദേഹം സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിന്റെ വൈസ് പ്രസിഡന്റ് ആയതും.
സംഭവം അങ്ങിനെ രമ്യമായി പരിഹരിക്കപ്പെട്ടെങ്കിലും, ആ സംഭവം ശിവാജിയുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.
പ്രത്യേകിച്ച് അവന്റെ നിറത്തെ അധിക്ഷേപിച്ച് മിസ്റ്റര്‍ എക്‌സ് നടത്തിയ പരാമര്‍ശങ്ങള്‍. കാലത്തിന്റെ കാവ്യ നീതി ശിവജിക്ക് വേണ്ടി ഒരവസരം ഒരുക്കിവെച്ചിരുന്നു. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ തന്നെ ശിവാജി, സംവിധായകന്‍ കെ. ബാലചന്ദറിന്റെ ''അപൂര്‍വ രാഗങ്ങള്‍'' എന്ന സിനിമയില്‍ അഭിനയിക്കുകയും അതോടെ രജനീകാന്ത് എന്ന പേരില്‍ തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ ആയി മാറുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ മിസ്റ്റര്‍ എക്‌സ് എന്ന നിര്‍മാതാവിന്റെ മലയാള സിനിമകള്‍ എല്ലാം സാമ്പത്തികമായി പരാജയപ്പെടുകയും അദ്ദേഹം വല്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുകയും ചെയ്തു. രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായി അദ്ദേഹത്തിന്റെ മുന്നില്‍ തെളിഞ്ഞത് രജനീകാന്ത് ആയിരുന്നു. രജനീകാന്ത് എന്ന സൂപ്പര്‍സ്റ്റാറിനെ വെച്ച് ഒരു തമിഴ് സിനിമ ചെയ്താല്‍ കോടികള്‍ വാരാം എന്ന് അദ്ദേഹം മോഹിച്ചു. അദ്ദേഹത്തിന്റെ മാനേജര്‍ വഴി രജനീകാന്തിനെ ബന്ധപ്പെടുകയും കാണാനുള്ള സമയം വാങ്ങുകയും ചെയ്തു. അദ്ദേഹം നേരിട്ട് പോകാതെ വലിയൊരു തുക അഡ്വാന്‍സുമായി മാനേജരെത്തന്നെ പറഞ്ഞയച്ചു. ഇത്രയും തുക ക്യാഷ് ആയിട്ടാണ് മാനേജര്‍ രജനീകാന്തിന്റെ മുന്നില്‍ വെച്ചത്. നിര്‍മാതാവ്, മലയാളിയായ മിസ്റ്റര്‍ എക്‌സ് ആണെന്നറിഞ്ഞപ്പോള്‍, രജനീകാന്ത് അദ്ദേഹം നേരിട്ട് വരാന്‍ ആവശ്യപ്പെട്ടു. നിര്‍മാതാവ് ഉടനെ തന്നെ രജനീകാന്തിന്റെ വീട്ടിലെത്തി. മാനേജര്‍ ടീപോയിമേല്‍ വെച്ച നോട്ടുകെട്ടുകള്‍ അപ്പോഴും അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
അപൂര്‍വരാഗങ്ങളിലെ ഒരു രംഗം
'എന്റെ നിറം താങ്കളുടെ സിനിമയ്ക്ക് യോജിക്കില്ല. അതുകൊണ്ടു ഈ പണം എടുത്തോളൂ. എനിക്ക് താങ്കളുടെ പടത്തില്‍ അഭിനയിക്കാന്‍ കഴിയില്ല''. മിസ്റ്റര്‍ എക്‌സിന് ഒന്നും ഉരിയാടാന്‍ കഴിഞ്ഞില്ല. ഒരു പക്ഷെ അദ്ദേഹം പഴയ സംഭവം മറന്നിരിക്കാം. പക്ഷേ, അപമാനിക്കപ്പെട്ടവന്റെ മനസ്സിലെ മുറിവ് അത്ര പെട്ടെന്ന് മായുകയില്ലല്ലോ. അദ്ദേഹം പണവുമായി തിരിച്ചു പോയി. ആ രംഗം അങ്ങിനെ അവസാനിച്ചു.
ഇനി നമുക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യോഗ ക്ലസ്സിലേക്കു തിരിച്ചു വരാം. രജനീകാന്ത്-മിസ്റ്റര്‍ എക്‌സ് സംഭവത്തിന് ശേഷം, യോഗ ക്‌ളാസില്‍ നിന്നും ആര്‍ക്കും ഒഴിവ് കിട്ടാതെയായി. ഇപ്പോള്‍ യോഗ ക്‌ളാസില്‍ ഫുള്‍ അറ്റന്‍ഡന്‍സ് ആണ്. ഒരു ദിവസം ഞങ്ങള്‍ ''സര്‍വാങ്കാസന'' എന്ന ആസനം ചെയ്തു കൊണ്ടിരിക്കുമ്പോള്‍, എന്റെ തൊട്ടടുത്ത് പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്ന ശവജി (രജനീകാന്ത്) എന്തോ തമാശ പറഞ്ഞു. എനിക്ക് ചിരി അടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ പൊട്ടിച്ചിരിച്ചു. പെട്ടെന്ന് എന്റെ നടുവിന് (ഇടുപ്പ്) ഒരു കൊളുത്തു വീണത് പോലെ തോന്നി. വല്ലാത്ത ഒരു വേദന അനുഭവപ്പെട്ടു. വേദന സഹിക്കാന്‍ വയ്യാതെ ഞാന്‍ ആസനം മതിയാക്കി താഴെ കിടന്നു. പ്രഭാകരന്‍ സാര്‍ എപ്പോഴും പറയാറുണ്ട്. യോഗ ചെയ്യുമ്പോള്‍ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യരുതെന്ന്, ശ്വാസോഛ്വാസം കൃത്യമായി നിയന്ത്രിക്കേണ്ട സമയമാണത്. പക്ഷെ, തമാശ കേട്ടപ്പോള്‍ ഞാനതൊക്കെ മറന്നു പോയി. ആ വേദന താല്‍ക്കാലികം മാത്രം ആയിരുന്നില്ല. അത് ഒരു സ്ഥിരം വേദന ആയി മാറി. പിന്നീട് ധാരാളം ആയുര്‍വേദ ചികിത്സകള്‍ക്ക് ശേഷമാണു അതിനൊരു ശമനം കിട്ടിയത്.
രണ്ട് മാസങ്ങള്‍ക്കു മുന്‍പ് (2023 ഒക്ടോബര്‍) രജനീകാന്ത് തിരുവനന്തപുരത്തു ഷൂട്ടിങ്ങിന് വന്നതറിഞ് ചില സഹപാഠികളും, പല ആരാധകരും എന്നെ വിളിച്ചിരുന്നു. രജനീകാന്തിനെ കാണാനുള്ള ഒരവസരം ഉണ്ടാക്കണം എന്നഭ്യര്‍ഥിച്ചു കൊണ്ട്. ഞാന്‍ അവരോടു പറഞ്ഞു 'ഞാന്‍ സ്വയം അദ്ദേഹത്തെ കാണാന്‍ പോകുന്നില്ല'' രജനീകാന്ത് പലരോടും എന്നെക്കുറിച്ചു അന്വേഷിച്ചതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. നേരില്‍ കണ്ടാല്‍ അത് വളരെ വികാര നിര്‍ഭരമായ ഒരു പുനഃ:സമാഗമം ആയിരിക്കും എന്നും എനിക്കറിയാം. പക്ഷെ, എത്ര അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നാലും താരപദവിയുടെ ഔന്നത്യങ്ങളില്‍ വിഹരിക്കുന്നവരെ പോയി കാണാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. എന്നാല്‍, ഏതെങ്കിലും വിഷമസന്ധിയില്‍ ഉള്ളവരെ ഞാന്‍ പോയി കാണാറുണ്ട്. ഈ അടുത്ത്, രോഗബാധിതനായി കഴിയുന്ന ശ്രീനിവാസനെ കാണാന്‍ ഞാന്‍ പോയിരുന്നു. അല്‍പനേരം സംസാരിച്ചിരുന്നിട്ടു ഞാന്‍ തിരിച്ചു വന്നു.
ഉയരങ്ങളിലേ നക്ഷത്രങ്ങളെ താഴെ നിന്ന് നോക്കിക്കാണാനാണ് എനിക്കിഷ്ടം. അവര്‍ അവരുടെ പ്രഭയില്‍ പ്രകാശിക്കട്ടെ. അഗാധ സൗഹൃദങ്ങളും ക്ഷണിക സ്‌നേഹ ബന്ധങ്ങളും, എന്റെ ജീവിത വീഥികളിലൂടെ കടന്നു പോയിട്ടുണ്ട്. അനുഭവ വൈവിധ്യം കൊണ്ട് സമ്പന്നമായ ജീവിതത്തിലെ സൗഹൃദങ്ങളും വളരെ വൈവിധ്യം നിറഞ്ഞതായിരുന്നു. ഏതുതരം ആളുകളോടും പെട്ടെന്ന് ഇണങ്ങിച്ചേരാന്‍ എനിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടു എല്ലാവരും എന്നെ നല്ല ഒരു സുഹൃത്തായി കരുതി. ഈ സൗഹൃദങ്ങള്‍ തന്നെയാണ് ജീവിതത്തിലെ വലിയ നേട്ടം. അന്‍പതോളം വര്‍ഷത്തെ സിനിമാ ജീവിതത്തില്‍, ഭൗതികമായ നേട്ടങ്ങള്‍ കാര്യമായിട്ടൊന്നും ഇല്ല. അപൂര്‍വ ചില സൗഹൃദങ്ങളും, സിനിമ അധ്യാപകന്‍ എന്ന നിലയ്ക്ക് വലിയൊരു ശിഷ്യ സമ്പത്തുമാണ് എന്റെ സമ്പാദ്യം.
(തുടരും)