ശിവാജി, രജനീകാന്ത് ആയിമാറിയപ്പോള്‍; അപൂര്‍വ രാഗങ്ങളുടെ അനാവരണം
അപൂര്‍വ രാഗങ്ങളുടെ റിലീസിന് മുന്‍പ് അതിന്റെ പ്രിവ്യു ഉണ്ടായിരുന്നു. പ്രിവ്യുവിനു എന്നെയും രജനികാന്ത് ക്ഷണിച്ചിരുന്നു. അസാധാരണ പ്രകടനമായിരുന്നു രജനിയുടേത്. സിനിമ കണ്ടവരെല്ലാം രജനിയെ മുക്തകണ്ഠം പ്രശംസിച്ചു. കെ. ബാലചന്ദ്രന്റെ തിരക്കഥയും സംവിധാനവും ഒരു പുതുമുഖ നടനെ സംബന്ധിച്ചിടത്തോളം ഗംഭീരമായ എന്‍ട്രി ആണ്. സിനിമ കണ്ട് കിഴിഞ്ഞു റൂമില്‍ വന്നപ്പോള്‍ ഞാന്‍ രജനീകാന്തിനോട് പറഞ്ഞു: ''ഇനി നിനക്ക് ധൈര്യമായി ബാംഗളൂരിലെ കണ്ടക്ടറുടെ ജോലി രാജി വെക്കാം.''. ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 26
ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡിപ്ലോമ പരീക്ഷയില്‍ മലയാളം വിദ്യാര്‍ഥികളുടെ മുഖ്യ പരീക്ഷകനായിരുന്ന വിന്‍സെന്റ് മാസ്റ്റര്‍ എന്നെയും ജെയിംസിനെയും 'പ്രിയമുള്ള സോഫിയ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ തെരഞ്ഞെടുത്തത് പോലെ, തമിഴ്, കന്നഡ വിദ്യാര്‍ഥികളുടെ മുഖ്യ പരീക്ഷകനായിരുന്ന കെ. ബാലചന്ദര്‍, ശിവാജിയെയും തെരഞ്ഞെടുത്തു. കമലഹാസനും ശ്രീവിദ്യയും പ്രധാന വേഷങ്ങള്‍ ചെയ്യുന്ന 'അപൂര്‍വ രാഗങ്ങള്‍' എന്ന സിനിമയിലേക്ക്. വളരെ നിര്‍ണായകമായ ഒരു കഥാപാത്രമായിരുന്നു ഈ സിനിമയില്‍ ശിവാജിയുടേത്. ഈ സിനിമയിലൂടെ ശിവജിയെ ആദ്യമായി അവതരിപ്പിച്ചപ്പോള്‍, ബാലചന്ദര്‍ അദ്ദേഹത്തിന് ഒരു പുതിയ പേരും നല്‍കി-രജനീകാന്ത്. ശിവാജി ഗണേശന്‍ തമിഴ് സിനിമയില്‍ നിറസാന്നിധ്യമായി വാഴുന്ന കാലമായതിനാലാണ് ശിവാജി എന്ന പേര് ഒഴുവാക്കിക്കൊണ്ടു രജനീകാന്ത് എന്ന പേര് നല്‍കിയത്. ഈ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിനു ശേഷവും രജനീകാന്ത് ഞങ്ങളോടൊപ്പം അരുണ്‍ ഹോട്ടലില്‍ തന്നെ കുറച്ചു കാലം താമസിച്ചു. അപൂര്‍വ രാഗങ്ങളുടെ റിലീസിന് മുന്‍പ് അതിന്റെ പ്രിവ്യു ഉണ്ടായിരുന്നു. പ്രിവ്യുവിനു എന്നെയും രജനികാന്ത് ക്ഷണിച്ചിരുന്നു. അസാധാരണ പ്രകടനമായിരുന്നു രജനിയുടേത്. സിനിമ കണ്ടവരെല്ലാം രജനിയെ മുക്തകണ്ഠം പ്രശംസിച്ചു. കെ. ബാലചന്ദ്രന്റെ തിരക്കഥയും സംവിധാനവും ഒരു പുതുമുഖ നടനെ സംബന്ധിച്ചിടത്തോളം ഗംഭീരമായ എന്‍ട്രി ആണ്. സിനിമ കണ്ട് കിഴിഞ്ഞു റൂമില്‍ വന്നപ്പോള്‍ ഞാന്‍ രജനീകാന്തിനോട് പറഞ്ഞു: ''ഇനി നിനക്ക് ധൈര്യമായി ബാങ്കളൂരിലെ കണ്ടക്ടറുടെ ജോലി രാജി വെക്കാം.''
'' പക്ഷെ പടം റിലീസ് ആയിട്ടില്ല. അതിനു മുന്‍പ്, ഉള്ള ജോലി കൂടി കളഞ്ഞാല്‍? '' അവന് അപ്പോഴും സംശയമായിരുന്നു.
'' ഒരിക്കലും നീ ഇനി കണ്ടക്ടര്‍ ജോലിക്കു പോകേണ്ടി വരില്ല. പോകാനും പാടില്ല. ഇത് നിനക്ക് വലിയൊരു ബ്രേക്ക് ആണ്. ''
'' നിനക്കും കിട്ടിയല്ലോ വിന്‍സെന്റ് മാസ്റ്ററുടെ പടത്തില്‍ നല്ലൊരു ബ്രേക്ക്? ''
'' എന്റെ വേഷം ചെറുതാണ്. പടം തരക്കേടില്ലാതെ ഓടുന്നുണ്ടെങ്കിലും എനിക്ക് അതൊരു ബ്രേക്ക് ആവുമെന്ന് തോന്നുന്നില്ല. പക്ഷെ, നിന്റെ കഥാപാത്രമാണ് കഥാനിര്‍വഹണ ഘട്ടത്തില്‍ നിര്‍ണായകമാവുന്നതും പ്രേക്ഷകരെ പിടിച്ചിരുത്തുന്നതും. അതുകൊണ്ടു നിനക്ക് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല''.
എന്റെ വാക്കുകള്‍ അവന് അല്‍പം ആത്മവിശ്വാസം പകര്‍ന്നത് പോലെ തോന്നി. ഞാന്‍ നിര്‍ബന്ധിച്ചു അവനെക്കൊണ്ട് രാജിക്കത്തു എഴുതിപ്പിച്ചു പോസ്റ്റ് ചെയ്തു. പ്രതീക്ഷിച്ചതു പോലെ 'അപൂര്‍വ രാഗങ്ങള്‍' സൂപ്പര്‍ ഹിറ്റായി മാറി. അധികം താമസിയാതെ രജനീകാന്ത്, അരുണ്‍ ഹോട്ടലില്‍ നിന്ന് താമസം മാറി. 1975 ല്‍ റിലീസ് ചെയ്ത അപൂര്‍വ രാഗങ്ങളുടെ വമ്പിച്ച വിജയത്തെത്തുടര്‍ന്നു, തൊട്ടടുത്ത വര്‍ഷം തന്നെ കെ. ബാലചന്ദര്‍ രജനീകാന്തിനെ നായകനാക്കി 'അന്തുലെനി കഥ' എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്തു. അതും സൂപ്പര്‍ഹിറ്റ്. അതേ വര്‍്ഷം തന്നെ 'മൂന്റു മുടിച്ചു' എന്ന കെ. ബാലചന്ദറിന്റെ തമിഴ് സിനിമയിലും രജനീകാന്ത് നായകനായി. അങ്ങിനെ തുടരെ തുടക്രെ മൂന്ന് സൂപ്പര്‍ഹിറ്റുകള്‍. അതും കെ. ബാലചന്ദര്‍ എന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്റെ. ഞാന്‍ പറഞ്ഞത് പോലെ രജനീകാന്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആദ്യകാലങ്ങളില്‍, ഈ ചിത്രങ്ങള്‍ ഇറങ്ങുന്നതിനു മുന്‍പ്, രജനീകാന്ത് ഇടക്കൊക്കെ ജമിനി ജംഗ്ഷനില്‍ ഉള്ള വുഡ്‌ലാന്‍ഡ്‌സ് ഡ്രൈവ്-ഇന്‍ റെസ്റ്റോറ്റാന്റില്‍ വരുമായിരുന്നു. അവിടെ വെച്ച് ഞങ്ങള്‍ കണ്ടിരുന്നു. പിന്നെ വലിയ താരമായതിനു ശേഷം ഞാന്‍ അയാളെ കണ്ടിട്ടില്ല.
'പ്രിയമുള്ള സോഫിയ' എന്റെ കരിയറില്‍ വലിയ കുതിച്ചു ചട്ടം ഒന്നും ആയില്ലെങ്കിലും, വിന്‍സെന്റ് മാസ്റ്ററുടെ നിര്‍ദേശപ്രകാരം ടി.എച് കോടമ്പുഴ എന്ന ഫിലിം ജേര്‍ണലിസ്റ്റിന്റെ സഹായത്തോടെ ഞങ്ങള്‍ക്ക് (എനിക്കും ജെയിംസിനും) വര്‍ത്തമാന പത്രങ്ങളിലും, സിനിമ പ്രസിദ്ധീകരണങ്ങളിലും നല്ല പരസ്യം കിട്ടി. കേരളത്തിലെ മിക്കവാറും എല്ലാ പത്രങ്ങളിലും ഞങ്ങളുടെ ഇന്റര്‍വ്യൂ അച്ചടിച്ച് വന്നു. അതുകൊണ്ടു വേറെ സിനിമകള്‍ ഒന്നും കിട്ടിയില്ലെങ്കിലും ഒരു നാടകത്തില്‍ അവസരം കിട്ടി. മദ്രാസ് കേരള സമാജം സംഘടിപ്പിച്ച നാടകോത്സവത്തില്‍ 'മണ്ണ്' എന്ന നാടകത്തില്‍ അഭിയിക്കാന്‍ എനിക്കും ജെയിംസിനും ക്ഷണം കിട്ടി.
ഡോക്ടര്‍ പവിത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ നാടകത്തില്‍ ഗാനങ്ങള്‍ എഴുതിയതും ഡോക്ടര്‍ പവിത്രന്‍ തന്നെയായിരുന്നു. അഭിനയിച്ചവര്‍, ഡോക്ടര്‍ സിദ്ധന്‍ െ്രമഡിമിക്‌സ്യൂ, വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍, മാധവന്‍, സ്വപ്ന, പിന്നെ ഞാനും ജെയിംസും. നാടകം ആറ് അവാര്‍ഡുകള്‍ കരസ്ഥമാക്കി. ഈ നാടകം പലര്‍ക്കും സിനിമയിലേക്കുള്ള ചവിട്ടു പടിയായി. ഈ നാടകം '' മണ്ണ് '' എന്ന പേരില്‍ തന്നെ കെ.ജി ജോര്‍ജ് സിനിമയാക്കി. ഡോക്ടര്‍ പവിത്രന്റെ തന്നെ ആയിരുന്നു തിരക്കഥ. ഡോക്ടര്‍ പവിത്രന്‍ പിന്നീട് നിരവധി സിനിമകള്‍ക്ക് കഥയും, തിരക്കഥയും ഗാനങ്ങളും എഴുതി. ഈ നാടകോത്സവത്തിന്റെ സംഘാടകരില്‍ പ്രമുഖനായിരുന്ന ഡോക്ടര്‍ ബാലകൃഷ്ണന്‍ 1974 -77 കാലഘട്ടങ്ങളില്‍ മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മാതാവായിരുന്നു. ഡോക്ടര്‍ സിദ്ധനും നിര്‍മാണ രംഗത്ത് സജീവമായിരുന്നു. വള്ളത്തോള്‍ ഉണ്ണികൃഷ്ണന്‍, മാധവന്‍ എന്നിവര്‍ കുറെ സിനിമകളില്‍ അഭിനയിച്ചു. സ്വപ്നയും കുറെ സിനിമകളില്‍ അഭിനയിക്കുകയും, പിന്നീട്, പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാരനായ ഫിലിം എഡിറ്റര്‍ രവിയെ വിവാഹം കഴിക്കുകയും ചെയ്തു.
തിരിഞ്ഞു നോക്കുമ്പോള്‍, അഭിനയ രംഗത്ത് എനിക്കു കാര്യമായ അവസരങ്ങള്‍ കിട്ടാതിരിക്കാന്‍ രണ്ടു പ്രധാന കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന് എന്റെ അന്തര്‍മുഖത്വം തന്നെ. പത്രങ്ങളിലൂടെ എത്ര പബ്ലിസിറ്റി കിട്ടിയാലും, ആരും നമ്മളെ വിളിച്ചു അവസരങ്ങള്‍ തരാന്‍ പോകുന്നില്ല. അവസരങ്ങള്‍ക്കായി നമ്മള്‍ സ്വയം നിര്‍മാതാക്കളുടെയും സംവിധായകരുടെയും വീടുകളും ഓഫീസുകളും കയറിയിറങ്ങണം. ഒരു പക്ഷെ രജനീകാന്തിന് മാത്രമാണ് അങ്ങിനെയൊന്നും ചെയ്യേണ്ടി വരാഞ്ഞത്. താരപദവി അദ്ദേഹത്തെ തേടി എത്തുകയായിരുന്നു.
അവസരങ്ങള്‍ തേടി അലയാന്‍ എനിക്ക് വല്ലാത്ത മടിയായിരുന്നു. അത് എന്റെ അഹങ്കാരമായി ചിലര്‍ വ്യാഖാനിച്ചേക്കാം; പക്ഷെ ഞാന്‍ അതിനെ എന്റെ അപകര്‍ഷതാബോധം എന്നാണ് വിളിക്കാന്‍ ആഗ്രഹിക്കുന്നത്. എല്ലാ നിര്‍മാതാക്കളും സംവിധായകരും മാന്യമായിത്തന്നെ നമ്മളോട് പെരുമാറണമെന്നില്ല. മിക്കവാറും എല്ലാ വന്‍ താരങ്ങളും അങ്ങിനെ തന്നെയാണ് ഉയരങ്ങളില്‍ എത്തിയത്.
രണ്ടാമത്തെ കാരണം, എന്റെ കരിയര്‍ അഭിനയത്തില്‍ നിന്നും സംവിധാനത്തിലേക്ക് ഗതി മാറി എന്നുള്ളതാണ്. പ്രിയമുള്ള സോഫിയക്ക് ശേഷം വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്ത സിനിമയിരുന്നു 'അനാവരണം'. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ഈ സിനിമയില്‍ വിന്‍സെന്റ് മാസ്റ്റര്‍ മുപ്പതോളം പുതുമുഖങ്ങളെ അവതരിപ്പിച്ചു. പത്രങ്ങളില്‍ പരസ്യം നല്‍കി, ഇന്റര്‍വ്യൂ നടത്തിയാണ് ഇത്രയും പുതുമുഖങ്ങളെ തെരഞ്ഞെടുത്തത്. അവരില്‍ ഒരാളായിരുന്നു സത്താര്‍. റാണി ചന്ദ്ര, ജനാര്‍ദനഹാന്‍, കെ.പി.എ.സി സണ്ണി, മാസ്റ്റര്‍ രഘു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'അനാവരണത്തില്‍' സത്താര്‍ ആയിരുന്നു നായകന്‍. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് വര്‍ക്ക് നടക്കുമ്പോള്‍ തന്നെ മാസ്റ്റര്‍ എന്നെ വിളിച്ചു. ഈ സിനിമയില്‍ അദ്ദേഹത്തിന്റെ സംവിധാന സഹായി ആയി വര്‍ക്ക് ചെയ്യാന്‍ എന്നോട് ആവശ്യപ്പെട്ടു. സന്തോഷം കൊണ്ട് ഞാന്‍ മതിമറന്നു. സംവിധാനവും സിനിമാട്ടോഗ്രഫിയുമൊക്കെ എനിക്ക് താല്‍പര്യമുള്ള വിഷയങ്ങളാണ്. സിനിമയില്‍ മുന്‍ പരിചയമില്ലാത്ത മുപ്പതോളം അഭിനേതാക്കളെ പരിശീലിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് മാഷ് എന്നെ നിയമിച്ചത്. എങ്കിലും എന്റെ ജോലി ഒരു പൂര്‍ണ അസിസ്റ്റന്റ് ഡയറക്ടറുടേതു തന്നെ ആയിരുന്നു. സംവിധാനത്തില്‍ വിന്‍സെന്റ് മാസ്റ്ററുടെ സഹായി ആവാനുള്ള ക്ഷണം സ്വീകരിച്ചതോടെ എന്റെ കരിയറില്‍ ഗതിമാറ്റം സംഭവിച്ചു. പിന്നെ അഭിനയിക്കാന്‍ അവസരങ്ങള്‍ക്കു വേണ്ടി ഞാന്‍ ആരെയും സമീപിച്ചില്ല. അല്ലെങ്കിലും ഞാന്‍ ജീവിതത്തില്‍ ആകെ മൂന്നു സംവിധായകരെ മാത്രമേ പോയി കണ്ടിട്ടുള്ളു, അതും ഓരോ പ്രാവശ്യം മാത്രം. പി.എന്‍.മേനോന്‍, പി.ഭാസ്‌കരന്‍, കെ.എസ് സേതുമാധവന്‍ എന്നിവര്‍ ആയിരുന്നു അവര്‍. അവരുടെ സിനിമകളില്‍ എനിക്ക് അവസരവും ലഭിച്ചില്ല.
ആലപ്പുഴ ഉദയ സ്റ്റുഡിയോയില്‍ ആയിരുന്നു അനാവരണത്തിന്റെ ആദ്യ ഷെഡ്യൂള്‍. അന്ന് ആലപ്പുഴക്ക് ട്രെയിന്‍ ഉണ്ടായിരുന്നില്ല. മദ്രാസില്‍ നിന്നും ട്രെയിനില്‍ എറണാകുളത്തു എത്തി. അവിടെ നിന്ന് കാറില്‍ ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലേക്ക്. കാറില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മാത്യു സാറിനെക്കൂടാതെ ഒരാളും കൂടി ഉണ്ടായിരുന്നു, നടന്‍ ജയന്‍. അദ്ദേഹം ഉദയായുടെ ഏതോ സിനിമയുടെ ഷൂട്ടിങ്ങിനു പോവുകയാണ്. പോകുന്ന വഴിക്കു വയലാറില്‍, വയലാര്‍ രാമവര്‍മയുടെ വീട്ടില്‍ കയറി. അദ്ദേഹത്തില്‍ നിന്നും എഴുതി വെച്ച ഒരു പാട്ട് വാങ്ങാനായിരുന്നു. അന്ന് വയലാറിനെ നേരിട്ട് കാണാനും പരിചയപ്പെടാനും കഴിഞ്ഞു. പിന്നീട് ഒരിക്കലും ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല.
ആദ്യത്തെ കുറച്ച് ദിവസം ഉദയ സ്റ്റുഡിയോയിലെ സെറ്റിലായിരുന്നു ഷൂട്ടിങ്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുക്കാരനായ മേലാറ്റൂര്‍ രവി വര്‍മ്മ ആയിരുന്നു മാഷിന്റെ സഹ സംവിധായകന്‍. അദ്ദേഹം വളരെ സ്‌നേഹപൂര്‍വം എനിക്ക് ചെയ്യേണ്ട ജോലികള്‍ എല്ലാം വിവരിച്ചു തന്നു. ആറേഴു വര്‍ഷം മുന്‍പ് മദിരാശിയിലെ ശാരദ സ്റ്റുഡിയോയില്‍ കാമറ അസിസ്റ്റന്റ് ആയി ജോലി ചെയ്യുമ്പോള്‍ തന്നെ, എസ്.ആര്‍.പുട്ടണ്ണ എന്ന കന്നഡ സംവിധായകന്റെ അസ്സോസിയേറ്റ് ആയിരുന്ന കൃഷ്ണയുടെ സഹായത്തോടെ ഞാന്‍ സഹസംവിധായകന്റെ കുറെ ജോലികളിലും സഹായിച്ചിരുന്നു. ആ ഒരു പരിചയം എനിക്ക് ഇവിടെ വളരെ സഹായകമായി. ചിത്രീകരണ വേളയില്‍ മാസ്റ്ററുടെ പ്രശംസക്ക് പാത്രമാവാനും എനിക്ക് കഴിഞ്ഞു. ഒരു രംഗത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ മാഷ് ചോദിച്ചു: ''ഇതിന്റെ തൊട്ടടുത്ത സീനിന്റെ ഓപ്പണിങ് എങ്ങിനെയാണ് ?''
ചോദ്യം മേലാറ്റൂര്‍ രവിവര്‍മയോടായിരുന്നു. അദ്ദേഹം ആലോചിച്ചു നില്‍ക്കുമ്പോഴേക്കും ഞാന്‍ പറഞ്ഞു
''ഉറുമി ചുരുളഴിയുന്ന ക്ലോസ് അപ്''
മാഷ് എന്നെ നോക്കി. എന്നിട്ടു പറഞ്ഞു, ''ഗുഡ്!''
ആ ഒറ്റ വാക്ക് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ എത്ര സഹായകമായി എന്ന് പറയാനാവില്ല. തിരക്കഥയിലെ ഓരോ രംഗവും എന്റെ മനസ്സില്‍ പതിഞ്ഞിരുന്നതു കൊണ്ടാണ് എനിക്ക് വേഗം അത് പറയാന്‍ കഴിഞ്ഞത്. ഏതായാലും അതോടെ സംവിധാന രംഗത്ത് ചുവടുറപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഈ സിനിമയില്‍ ഒരു ചെറിയ കോമഡി വേഷത്തിലും ഞാന്‍ അഭിനയിച്ചു.
ഈ സിനിമയോടെ സത്താര്‍ എന്റെ നല്ല സുഹൃത്തായി. ഷൂട്ടിംഗ് വേളയില്‍ ഞങ്ങള്‍ രണ്ടുപേരും ഒരേ മുറിയിലാണ് താമസിച്ചിരുന്നത്. അനവരാണത്തിലെ മറ്റു പുതുമുഖങ്ങള്‍ക്കൊന്നും മലയാള സിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടാന്‍ കഴിഞ്ഞില്ലെങ്കിലും സത്താറിന് ഈ സിനിമ വലിയൊരു ബ്രേക്ക് ആയി.
അപൂര്‍വരാഗങ്ങള്‍ സിനിമയിലൂടെ ശിവജിയെ ആദ്യമായി അവതരിപ്പിച്ചപ്പോള്‍, ബാലചന്ദര്‍ അദ്ദേഹത്തിന് ഒരു പുതിയ പേരും നല്‍കി - രജനീകാന്ത്.