Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 25 July 2024 1:24 PM GMT

തേര്‍വാഴ്ച: പൊലിഞ്ഞുപോയ എന്റെ നായകസ്വപ്നം

തന്റെ സിനിമയില്‍ സഹസംവിധായകന്‍ ആവാന്‍ എന്നെ ക്ഷണിച്ച വിജയ്‌നാഥ് എനിക്ക് മറ്റൊരു കാര്യം കൂടി ഓഫര്‍ ചെയ്തു, സിനിമയിലെ നായകന്റെ വേഷം! സുമര സണ്ണി, ആറന്മുള പൊന്നമ്മ, വിലാസിനി കൂടാതെ മറ്റു ചില പുതുമുഖങ്ങളും അഭിനയിച്ച ഈ സിനിമയുടെ പേര് 'തേര്‍വാഴ്ച' എന്നായിരുന്നു. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 37

തേര്‍വാഴ്ച: പൊലിഞ്ഞുപോയ എന്റെ നായകസ്വപ്നം
X

എറണാകുളത്തു ചിത്രീകരിച്ച പി.എ ബക്കറിന്റെ 'മണിമുഴക്കം' എന്ന സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്ന ആന്റണി ഈസ്റ്റ്മാന്‍ പിന്നീട് സംവിധായകനായി. എന്നോട് സഹസംവിധായകനായി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ സ്‌നേഹപൂര്‍വം നിരസിച്ചു. സില്‍ക്ക് സ്മിതയെ നായികയാക്കി അദ്ദേഹം നിര്‍മിച്ചു സംവിധാനം ചെയ്ത ചിത്രമാണ് 'ഇണയെ തേടി'. ബക്കര്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചവരില്‍ പലരും പിന്നീട് സംവിധായകര്‍ ആയ കാര്യം ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. അങ്ങനെ സംവിധായകര്‍ ആകുന്ന പലരും ബക്കര്‍ ചിത്രങ്ങളുടെ സ്ഥിരം ക്യാമറാമാന്‍ ആയ വിപിന്‍ദാസിനെ തന്നെയാണ് അവരുടെ ചിത്രങ്ങളില്‍ ക്യാമറാമാന്‍ ആയി വെക്കുന്നത്. പരിമിതമായ ബഡ്ജറ്റിലാണ് ബക്കര്‍ ചിത്രങ്ങളുടെ നിര്‍മാണം. ഏതു പരിമിതികളിലും നന്നായി റിസള്‍ട്ട് തരാന്‍ കഴിയുന്ന പ്രഗത്ഭനായ ക്യാമറാമാന്‍ ആണ് വിപിന്‍ദാസ്.

കോഴിക്കോട് ചിത്രീകരിച്ച എല്ലാ ബക്കര്‍ ചിത്രങ്ങളുടെയും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയിരുന്നു വിജയനാഥ്. കോഴിക്കോട് നടക്കാവില്‍ വിജയ് സ്റ്റുഡിയോ എന്ന പേരില്‍ അദ്ദേഹത്തിന് ഒരു സ്റ്റുഡിയോ ഉണ്ടായിരുന്നു. അദ്ദേഹത്തിനും കലശലായ സംവിധാന മോഹം ഉണ്ടായി. ഷൂട്ടിംഗ് കണ്ടു നില്‍ക്കുന്നവര്‍ക്ക് സംവിധാനം വളരെ എളുപ്പമുള്ള ജോലിയായി തോന്നുന്നത് സ്വാഭാവികം. പ്രത്യക്ഷത്തില്‍ മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന ആളാണ് സംവിധായകന്‍ എന്നാണ് തോന്നുക. എന്നാല്‍, ഓരോ ഫ്രെയിമും, ഫ്രെയ്മിലെ ഓരോ ചലനങ്ങളും സംവിധായകന്റെ ഭാവനയില്‍ ഉദിക്കുന്നതാണ്. അതിന്റെ സാക്ഷാത്കാരത്തിന് വേണ്ടി അദ്ദേഹം മറ്റു കലാകാരന്മാരെയും സങ്കേതങ്ങളെയും ഉപയോഗിക്കുന്നു. അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും മറ്റു സഹായികളും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികള്‍ ആണ്. പക്ഷെ, അതിനു അദ്ദേഹത്തിന് ദൃശ്യഭാഷയുടെ വ്യാകരണം അറിവുണ്ടായിരിക്കണം. സിനിമയുടെ എല്ലാ സാങ്കേതിക വിഭാഗങ്ങളെക്കുറിച്ചുള്ള സാമാന്യ ബോധം എങ്കിലും ഉണ്ടായിരിക്കണം.

തന്റെ സിനിമയില്‍ സഹസംവിധായകന്‍ ആവാന്‍ എന്നെ ക്ഷണിച്ച വിജയ്‌നാഥ് എനിക്ക് മറ്റൊരു കാര്യം കൂടി ഓഫര്‍ ചെയ്തു; സിനിമയിലെ നായകന്റെ വേഷം!. സുമര സണ്ണി, ആറന്മുള പൊന്നമ്മ, വിലാസിനി കൂടാതെ മറ്റു ചില പുതുമുഖങ്ങളും അഭിനയിച്ച ഈ സിനിമയുടെ പേര് 'തേര്‍വാഴ്ച' എന്നായിരുന്നു.

പണ്ട് മലയാളത്തിലെ ഒരു സാഹിത്യകാരന്‍ ഒരു സിനിമ സംവിധാനം ചെയ്യാനായി മദിരാശിയിലെത്തുകയും, തന്റെ പരിചയക്കുറവും, എന്നാല്‍ അഹന്തയും മൂലം സെറ്റില്‍ പരിഹാസ്യനായി തീരുകയും ചെയ്ത കഥ ഞാന്‍ കേട്ടിട്ടുണ്ട്. പിന്നീട് അദ്ദേഹം ഈ ഉദ്യമം ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങി എന്നാണറിഞ്ഞത്. സിനിമയില്‍ മുന്‍പരിചയമില്ലാത്ത പല പുതിയ സംവിധായകരും, പരിചയ സമ്പന്നരായ സഹസംവിധായകരുടെ സഹായത്തോടെ സിനിമയില്‍ വിജയിച്ചിട്ടുമുണ്ട്. എന്നാല്‍, അഹംഭാവികളായ ചില സഹസംവിധായകര്‍, പുതിയ സംവിധായകന്റെ പരിചയക്കുറവിനെ മുതലെടുത്തു ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുകയും, അതുമൂലം സംവിധായകരുമായി കലഹം ഉണ്ടാവുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ നഷ്ടം സഹിക്കേണ്ടി വരുന്നത് പാവം നിര്‍മാതാവിനാണ്.

ഏതായാലും തന്റെ സിനിമയില്‍ സഹസംവിധായകന്‍ ആവാന്‍ എന്നെ ക്ഷണിച്ച വിജയ്‌നാഥ് എനിക്ക് മറ്റൊരു കാര്യം കൂടി ഓഫര്‍ ചെയ്തു, സിനിമയിലെ നായകന്റെ വേഷം! കെ.പി.എ.സി സണ്ണി, ആറന്മുള പൊന്നമ്മ, വിലാസിനി കൂടാതെ മറ്റു ചില പുതുമുഖങ്ങളും അഭിനയിച്ച ഈ സിനിമയുടെ പേര് 'തേര്‍വാഴ്ച' എന്നായിരുന്നു. നായക വേഷം അഭിനയിച്ചുകൊണ്ടു തന്നെ, സംവിധാനവും ചെയ്ത എത്രയോ നടന്മാര്‍/സംവിധായകര്‍ ലോക സിനിമയില്‍ തന്നെ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ പിന്നെ നായകവേഷവും സഹസംവിധാനവും ഒന്നിച്ചു കൊണ്ടുപോകുന്നത് വലിയ പ്രയാസമുള്ള കാര്യമല്ലല്ലോ. അങ്ങിനെ ഞാന്‍ ആ ദൗത്യം ഏറ്റെടുത്തു.

വടകരയ്ക്കടുത്തുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളിലായിരുന്നു ലൊക്കേഷന്‍. നിര്‍മാതാവ് തന്നെയാണ് മറ്റൊരു പ്രധാന വേഷം ചെയ്തത്. സ്വാഭാവികമായും ബക്കര്‍ ചിത്രങ്ങളുടെ ക്യാമറാമാന്‍ ആയ വിപിന്‍ ദാസ് തന്നെ ആയിരുന്നു ക്യാമറാമാന്‍. വലിയ സംഭവബഹുലമാകാതെ ഷൂട്ടിംഗ് ശാന്തമായി പുരോഗമിക്കുകയും, ശാന്തമായിത്തന്നെ അവസാനിക്കുകയും ചെയ്തു. പക്ഷെ, ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും നിര്‍മാതാവിന്റെ കയ്യിലുള്ള പണം ഏകദേശം തീര്‍ന്നു. പിന്നെ മദിരാശിയിലെ പോസ്റ്റ് പ്രൊഡക്ഷന്‍ വളരെ കഷ്ടപ്പെട്ടാണ് മുന്നോട്ടു നീങ്ങിയത്. ആര്‍.കെ ലാബിലായിരുന്നു പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍.

റഫ് കട്ട് കഴിഞ്ഞു പടം ഡബ്ബിങ് തിയറ്ററില്‍ എത്തിച്ചു. അന്ന് ലൂപ്പ് ഡബ്ബിങ് ആയിരുന്നു. ഒന്‍പത് മണിക്കാണ് കാള്‍ ഷീറ്റ്. അഭിനേതാക്കള്‍ കൂടുതലും പുതുമുഖങ്ങള്‍ ആയിരുന്നത് കൊണ്ട്, ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെയാണ് ഏര്‍പ്പാട് ചെയ്തിരുന്നത്. ഞാന്‍ വളരെ നേരത്തെ ആര്‍.കെ ഡബ്ബിങ് തിയേറ്ററില്‍ എത്തി, ഡബ് ചെയ്യാനുള്ള ലൂപ്പുകള്‍ ഒക്കെ പ്രോജെക്ഷന്‍ ക്യാബിനില്‍ എത്തിച്ചു. സൗണ്ട് റെക്കോര്‍ഡിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ചിലരും എത്തി. ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ ഓട്ടോ കൂലി കൊടുക്കണം, രാവിലത്തെ ടിഫിന്‍ ഏര്‍പ്പാട് ചെയ്യണം, അങ്ങിനെ പല കാര്യങ്ങള്‍ ഉണ്ട്. പക്ഷെ, പ്രൊഡക്ഷന്‍ മാനേജരെ കാണാനനില്ല. കാര്യങ്ങള്‍ ഒരുവിധം മാനേജ് ചെയ്തു ഞാന്‍ ഡബ്ബിങ് തുടങ്ങി. പത്തര മണി കഴിഞ്ഞപ്പോള്‍ പ്രൊഡക്ഷന്‍ മാനേജരെത്തി. നിര്‍മാതാവിന്റെയോ സംവിധായകന്റെയോ സുഹൃത്ത് എന്ന യോഗ്യതയിലാണ് അദ്ദേഹം പ്രൊഡക്ഷന്‍ മാനേജറായതു. അദ്ദേഹത്തിന് സിനിമയില്‍ യാതൊരു മുന്‍പരിചയവുമില്ല. അദ്ദേഹം നഗരപ്രാന്തത്തിലുള്ള ഏതോ ബന്ധു വീട്ടിലാണ് താമസം. അവിടന്ന് രണ്ടു ബസ് മാറിക്കയറിയാണ് അദ്ദേഹം കോടമ്പാക്കത് പത്തരക്ക് എത്തിയത്. കാര്യം തിരക്കിയപ്പോള്‍, ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് അദ്ദേഹം ബസ്സില്‍ വന്നതെന്ന് പറഞ്ഞു. ഓട്ടോറിക്ഷയുടെ പണം ലാഭമായല്ലോ! പക്ഷെ, സമയ നഷ്ടം മൂലം നിര്‍മാതാവിന് എത്ര സാമ്പത്തിക നഷ്ടം ഉണ്ടായെന്നു ഞാന്‍ അദ്ദേഹത്തിന് മനസ്സിലാക്കിക്കൊടുത്തു. ഡബ്ബിങ് ഉദ്ദേശിച്ച സമയത്തു തീര്‍ന്നില്ലെങ്കില്‍, ഡബ്ബിങ് തിയേറ്റര്‍ വാടക ഇനത്തിലും, മറ്റു അനുബന്ധ ചിലവുകളും നിര്‍മാതാവിന് അധിക സാമ്പത്തിക ബാധ്യത വരുത്തിവെക്കും. ഈ വിഷയം പിന്നീട് എന്റെ സിനിമാ ക്ലാസ്സുകളില്‍ ഞാന്‍ വിദ്യാര്‍ഥികള്‍ക്ക് ഉദാഹരണമായി വിശദീകരിച്ചു കൊടുക്കാറുണ്ട്.

സിനിമയില്‍ സമയത്തിനാണ് വില. എല്ലാ കാര്യങ്ങളും മുന്‍കൂട്ടി കൃത്യമായി പ്ലാന്‍ ചെയ്യണം. എല്ലാ ജോലികളും ഉദ്ദേശിച്ച സമയത്തു തീര്‍ന്നില്ലെങ്കില്‍, നിര്‍മാണം അനിശ്ചിതമായി നീണ്ടു പോവുകയും, അത് ബഡ്ജറ്റിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പ്ലാന്‍ ചെയ്യുമ്പോള്‍, മനുഷ്യസഹജമോ, മറ്റു അവിചാരിത കാരണങ്ങളാലോ ഉണ്ടായേക്കാവുന്ന തടസ്സങ്ങള്‍ക്ക്, പ്ലാനിംഗ് ചാര്‍ട്ടില്‍ ആവശ്യമായ കരുതല്‍ സമയം, ഉള്‍ക്കൊള്ളിച്ചിരിക്കണം.

ഒരുവിധം ചിത്രം പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്തു. പക്ഷെ, അപ്പോഴും അഹോരാത്രം പണിയെടുത്തു പടം പ്രിന്റ് വരെ എത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും പ്രതിഫലമൊന്നും കിട്ടിയില്ല. യൂണിയന്റെ നിബന്ധന പ്രകാരം പലരും ലാബ് ലെറ്റര്‍ കൊടുത്തു. തങ്ങള്‍ക്ക് ലഭിക്കാനുള്ള പ്രതിഫലം തരാതെ പടം റിലീസ് ചെയ്യാന്‍ പ്രിന്റ് നല്‍കരുത് എന്ന കത്താണ് ഇത്. ഈ കത്ത് മാനിക്കാന്‍ എല്ലാ ലാബുകാരും ബാധ്യസ്ഥരാണ്. എന്നാല്‍, സെന്‍സര്‍ ചെയ്യാന്‍ കൊണ്ടുപോയ ഒരു ഒറ്റ പ്രിന്റുമായി സംവിധായകനും നിര്‍മാതാവും നാട്ടിലേക്കു പോയി.


| 'തേര്‍വാഴ്ച' യുടെ പൂജാ ചടങ്ങ്

ജോലി കഴിയുമ്പോള്‍ പ്രതിഫലം കിട്ടുമെന്ന പ്രതീക്ഷയില്‍ രാപകലില്ലാതെ പണിയെടുത്ത പാവപ്പെട്ട തൊഴിളികള്‍ വഞ്ചിക്കപ്പെട്ടു. താരങ്ങള്‍ കണക്കു പറഞ്ഞു കൃത്യമായ പ്രതിഫലം മുഴുവന്‍ വാങ്ങുമ്പോള്‍, താഴെക്കിടയില്‍ ജോലി ചെയ്യുന്ന ജോലിക്കാരാണ് ഇങ്ങനെ ചൂഷണത്തിനും വഞ്ചനയ്ക്കും ഇരയാകുന്നത്.

പിന്നീട് കോഴിക്കോട് ഏതോ തിയേറ്ററില്‍ പടം ഒന്നോ രണ്ടോ ദിവസം പ്രദര്‍ശിപ്പിച്ചതായി അറിയാന്‍ കഴിഞ്ഞു. ഏതായാലും എന്റെ നായകസ്വപ്നം അതോടെ പൊലിഞ്ഞു.


TAGS :