Quantcast
MediaOne Logo

ആദം അയ്യൂബ്

Published: 23 Oct 2024 8:45 AM GMT

ഡിസംബറിന്റെ നഷ്ടം, ജീവിതത്തിന്റെയും

ഞാന്‍ തിരിഞ്ഞു നടന്നു. മഴ നിര്‍ദാക്ഷിണ്യം ഞങ്ങളെ പ്രഹരിച്ചു കൊണ്ടിരുന്നു. അരപ്പൊക്കത്തിലുള്ള വെള്ളത്തിലൂടെ മകളുടെ മൃതശരീരവുമായി, ആ പേമാരിയില്‍, ഏകനായി നീന്തുമ്പോള്‍ ഉള്ളിലെ കൊടുങ്കാറ്റ് പുറത്തെ കൊടുങ്കാറ്റിനേക്കാള്‍ ശക്തമായിരുന്നു. | ആദം അയൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: ഭാഗം: 43

ഡിസംബറിന്റെ നഷ്ടം, ജീവിതത്തിന്റെയും
X

ജയന്റെ മരണത്തിനു ശേഷം നിര്‍മാതാക്കളും വി.പി മുഹമ്മദും നാട്ടിലേക്കു തിരിച്ചു പോയി. അല്‍പ ദിവസം കഴിഞ്ഞു അവരുടെ ഒരു കത്ത് വന്നു, സിനിമ ഉപേക്ഷിക്കുന്നതായി. കൂടുതല്‍ വിശദീകരണങ്ങള്‍ ഒന്നുമില്ല. ഞാന്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ എനിക്ക് വിളിച്ചു തന്ന സിനിമയായിരുന്നു അത്. ജീവിതത്തില്‍ നേടിയതെല്ലാം എന്നെ തേടി വന്നവയായിരുന്നു. ഞാന്‍ തേടിപ്പോയതൊന്നും എനിക്ക് ലഭിച്ചിട്ടുമില്ല. എതായാലും സ്വതന്ത്ര സംവിധാനം എന്ന സ്വപ്നം പൊലിഞ്ഞതോടുകൂടി ഞാന്‍ വീണ്ടും വല്ലാത്ത സാമ്പത്തിക ഞെരുക്കത്തിലായി. വരുമാനം ഒന്നുമില്ല. അന്നൊക്കെ ഒരു സിനിമ സെന്‍സറിങ്ങിനു സമര്‍പ്പിക്കുമ്പോള്‍ അതിന്റെ കൂടെ സെന്‍സര്‍ സ്‌ക്രിപ്റ്റ് കൂടെ സമര്‍പ്പിക്കണം. ഓരോ റീലും പ്രത്യേകം അടയാളപ്പെടുത്തിയ അതിലെ ഷോട്ടുകളുടെയും സംഭാഷണത്തിന്റെയും ഒരു ലിഖിത രേഖയാണ് സെന്‍സര്‍ സ്‌ക്രിപ്റ്റ്. ഓരോ ഷോട്ടിന്റെ വിശദീകരണവും, അതിന്റെ സംഭാഷണവും, അതിന്റെ ദൈര്‍ഘ്യവും - കൃത്യമായി എത്ര അടി, എത്ര ഫ്രെയിം എന്ന് രേഖപ്പെടുത്തണം. അങ്ങിനെ ഒരോ ഷോട്ടിന് ശേഷവും അതുവരെയുള്ള മൊത്തം നീളം എത്ര അടി, എത്ര ഫ്രെയിം എന്ന് കണക്കാക്കി എഴുതണം. 16 ഫ്രെയിം ആയിക്കഴിയുമ്പോള്‍ ഒരു അടി ആവും. അങ്ങിനെ ഓരോ റീലിന്റെയും ഷോട്ടുകളുടെ വിശദാംശങ്ങള്‍ അടങ്ങിയതാണ് സെന്‍സര്‍ സ്‌ക്രിപ്‌റ്. സെന്‍സറിങ്ങില്‍ ഏതെങ്കിലും ദൃശ്യമോ ശബ്ദമോ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യാന്‍ നിര്‍ദേശിക്കുമ്പോള്‍, ആ ഷോട്ടിന്റെ കൃത്യമായ സ്ഥാനവും ദൈര്‍ഘ്യവും സെന്‍സര്‍ സ്‌ക്രിപ്റ്റില്‍ അടയാളപ്പെടുത്തിയാണ് തരുന്നത്. വളരെ ശ്രമകരമായ ഒരു ജോലിയാണത്. ആദ്യ കാലങ്ങളില്‍ ഞാന്‍ ജോലി ചെയ്ത പടങ്ങളുടെയെല്ലാം സെന്‍സര്‍ സ്‌ക്രിപ്‌റ്, പ്രത്യേക പ്രതിഫലമൊന്നും വാങ്ങാതെ ഞാന്‍ തന്നെയാണ് ചെയ്തിരുന്നത്. മൂവിയോളയുടെ മുന്നിലിരുന്ന്, ഓരോ ഷോട്ടും പ്ലേയ് ചെയ്തു അതിന്റെ വിശദീകരണവും, സംഭാഷണവും, ദൈര്‍ഘ്യവും കണക്കുകൂട്ടി എഴുതണം. പക്ഷെ, ഇപ്പോള്‍ അത് ചെയ്യാന്‍ തൊഴിലില്ലാത്ത സംവിധാന സഹായികള്‍ മുന്നോട്ടു വരുന്നത് കൊണ്ട്, അത് ഒരു വരുമാന മാര്‍ഗമാണ്. ഒരു സെന്‍സര്‍ സ്‌ക്രിപ്റ്റ് എഴുതാന്‍ ആയിരം രൂപയാണ് പ്രതിഫലം. ഈ കാലഘട്ടത്തില്‍ ഞാന്‍ ഒന്ന് രണ്ടു സെന്‍സര്‍ സ്‌ക്രിപ്റ്റുകള്‍ എഴുതിയെങ്കിലും അവിടെയും ഭയങ്കര കോമ്പറ്റിഷന്‍ ആയിരുന്നു.

സാമ്പത്തിക ഞെരുക്കത്തിനും കഷ്ടപ്പാടുകള്‍ക്കുമിടയിലും മനസ്സിന് സന്തോഷം നല്‍കിയിരുന്നത് എന്റെ പൊന്നുമോള്‍ അര്‍ഫീനിന്റെ കൊഞ്ചലും കളിയുമായിരുന്നു. അവള്‍ക്കപ്പോള്‍ ഒരു വയസ്സും എട്ടു മാസവുമായിരുന്നു പ്രായം. ഒരു പാവക്കുട്ടിയെപ്പോലെ സുന്ദരി ആയിരുന്നു അവള്‍. കോടമ്പാക്കത്തിനപ്പുറം, അന്ന് നഗരപരിധിക്കു പുറത്തുള്ള വിരുഗമ്പാക്കത്തായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. ആ കോളനിയിലെ തൊട്ടടുത്തുള്ള അയല്‍ക്കാര്‍ക്കെല്ലാം പ്രിയപ്പെട്ടവള്‍ ആയിരുന്നു മോള്‍. അവര്‍ എപ്പോഴും അവളെ എടുത്തുകൊണ്ടു പോകും. മോളെയും കൊണ്ട് പുറത്തിറങ്ങിയാല്‍, വഴിയില്‍ കാണുന്നവരൊക്കെ അവളെ വന്നു ഓമനിക്കുകയും, കളിപ്പിക്കുകയും ഒക്കെ ചെയ്യും. ചില വിദേശ ടൂറിസ്റ്റുകള്‍ അവളുടെ ഫോട്ടോ എടുക്കുകയും ചെയ്യുമായിരുന്നു.

ഡിസംബര്‍ മാസം മദിരാശിയില്‍ പേമാരിയുടെ മാസമാണ്. എല്ലാ വര്‍ഷവും മദ്രാസില്‍ അതി ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാവുന്നത് ഡിസംബറിലാണ്. പ്രത്യേകിച്ച് വിരുഗമ്പാക്കവും അടുത്ത പ്രദേശങ്ങളുമെല്ലാം താഴ്ന്ന പ്രദേശങ്ങള്‍ ആയിരുന്നത് കൊണ്ട് ചെറിയ മഴ പെയ്താല്‍ തന്നെ വെള്ളം കയറും. കാലാവസ്ഥ മോശമായത് കൊണ്ടോ മറ്റോ, മോള്‍ക്ക് ചുമ പിടിപെട്ടു. ഞാന്‍ മോളെ സാധാരണ കാണിക്കുന്ന ഒരു ഹോമിയോ ഡോക്ടറെ കാണിച്ചു. അവരുടെ മരുന്ന് രണ്ടു ദിവസം കൊടുത്തിട്ടും ചുമ ഭേദമായില്ല. ശക്തമായ ബ്രോങ്കൈറ്റിസ് ആണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മോളുടെ ചുമയ്ക്ക് ഒരു ശമനവും ഇല്ല, എന്ന് മാത്രമല്ല, അത് കൂടുതല്‍ വഷളാവുകയും ചെയ്തു. ആ രാത്രിയില്‍ മഴ നിര്‍ത്താതെ പെയ്തു കൊണ്ടിരുന്നു. മോള്‍ ചുമക്കുന്നത് കണ്ടു സഹിക്കാന്‍ കഴിയാതെ ഞാനും ഭാര്യയും അവളെയും കൊണ്ട് അടുത്തുള്ള ഒരു അലോപ്പതി ഡോക്ടറുടെ വീട്ടിലേക്കു പോയി. അവര്‍ മകള്‍ക്കു ഒരു ഇന്‍ജെക്ഷന്‍ നല്‍കി. ഞങ്ങള്‍ അവളെയും കൊണ്ട് വീട്ടിലെത്തി. ഞങ്ങളുടെ രണ്ടുപേരുടെയും ഇടയില്‍ അവളെ പുതപ്പിച്ചു കിടത്തി. പുറത്തു മഴയ്ക്ക് ശക്തി കൂടിക്കൊണ്ടിരുന്നു. കൂടെ ഇടിയും മിന്നലും. കുഞ്ഞു ശരീരത്തെ ഇറുകിപ്പുണര്‍ന്നു ഞാന്‍ കിടന്നു. പുറത്തു മഴ സംഹാര താണ്ഡവം ആടുകയായിരുന്നു. എങ്കിലും , സാധാരണ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന ഞാന്‍, മോള്‍ ഉണരാതിരിക്കാന്‍ വേണ്ടി അവളുടെ ശരീരത്തോട് ചേര്‍ന്ന് അനങ്ങാതെ കിടന്നു. എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു. മനസ്സിലെ ആകാംക്ഷയും അസ്വസ്ഥതയും കാരണം വെളുപ്പിന് എപ്പോഴോ ഞെട്ടിയുണണര്‍ന്നു.

മോള്‍ പുതപ്പിച്ചു കിടത്തിയ അതേ നിലയില്‍ ഉറങ്ങുകയാണ്. അല്‍പ നേരം ഞാനവളെ നോക്കിക്കിടന്നു. പുറത്തു മഴ ശമിച്ചിട്ടില്ല. പെട്ടെന്ന് പുറത്തു കണ്ണഞ്ചിക്കുന്ന ഒരു മിന്നല്‍പ്പിണര്‍ പാഞ്ഞു. അതിന്റെ ശക്തമായ പ്രകാശം ജനല്‍ച്ചില്ലിലൂടെ കട്ടിലില്‍കിടക്കുന്ന മോളുടെ ശരീരത്തില്‍ പതിച്ചു. ആ മിന്നല്‍വെളിച്ചത്തില്‍ അവളുടെ ശരീരം പ്രകാശിച്ചു. തുടര്‍ന്ന് ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ ഇടിയുടെ ഗര്‍ജ്ജനം കേട്ടു. എനിക്ക് മോളുടെ കിടപ്പില്‍ എന്തോ അസ്വാഭാവികത തോന്നി. സാധാരണ ഉറക്കത്തില്‍ തിരിഞ്ഞും മറിഞ്ഞും നിരന്തരം ചലിച്ചു കൊണ്ടിരിക്കുന്ന മോള്‍, കിടത്തിയ സ്ഥാനത്തു നിന്നും മാറിയാണ് എപ്പോഴും കിടക്കുന്നതു. പക്ഷെ, ഇന്ന് കിടത്തിയ സ്ഥാനത്തു നിന്നും അല്‍പം പോലും ചലിച്ചിട്ടില്ല. എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി. ഞാന്‍ ചാടി എണീറ്റ്, മോളുടെ പുതപ്പു വലിച്ചു മാറ്റി. ഞാന്‍ അവളുടെ കുഞ്ഞുടുപ്പു പൊക്കി അവളുടെ ശരീരത്തിലേക്ക് നോക്കി. ശ്വസിക്കുമ്പോള്‍ ഉയര്‍ന്നു പൊങ്ങാറുള്ള നെഞ്ചിന്‍കൂട് അനക്കമറ്റ് കിടക്കുന്നു. ഞാന്‍ അവളുടെ മൂക്കിന് മുന്നില്‍ എന്റെ മുഖം ചേര്‍ത്ത് വെച്ച് ശ്വാസം പരിശോധിച്ചു. ഒന്നുമില്ല, ഒരനക്കവുമില്ല. എന്റെ ശരീരത്തോട് ഒട്ടിക്കിടക്കുമ്പോള്‍ തന്നെ എപ്പോഴോ അവളുടെ ജീവന്‍ പറന്നു പോയി എന്നത് എനിക്ക് ഉള്‍ക്കൊള്ളാനായില്ല. ഞാന്‍ ഉറക്കെ നിലവിളിച്ചു. ഭാര്യ ഞെട്ടിയുണര്‍ന്നു.

''മോള്‍ അനങ്ങുന്നില്ല'' ഞാന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു.

ഭാര്യ പൊട്ടിക്കരഞ്ഞുകൊണ്ട് മോളെ ''മോളെ'' എന്ന് വിളിച്ചു അവളെ ഉണര്‍ത്താന്‍ ശ്രമിച്ചു. ഞങ്ങളുടെ കരച്ചില്‍ കേട്ട് അടുത്ത മുറിയില്‍ നിന്നും ഉമ്മയും സഹോദരിയും ഓടി വന്നു. പിന്നെ കൂട്ടക്കരച്ചിലായി. തൊട്ടടുത്ത വീടുകളില്‍ വിളക്കുകള്‍ തെളിഞ്ഞു. എല്ലാവരും ഓടി വന്നു. അയല്‍ക്കാരുടെയെല്ലാം പ്രിയങ്കരി ആയിരുന്ന അര്‍ഫീന്‍ മോള്‍, ഞങ്ങളെ വിട്ടു പോയി എന്ന് ആര്‍ക്കും വിശ്വസിക്കാനായില്ല.

ആ കോളനിയില്‍ അല്‍പം അകലെയായി ഒരു മുസ്‌ലിം കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടത്തെ ഗൃഹനാഥന്‍ വിവരം അറിഞ്ഞു ഓടിയെത്തി. അയാള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു അല്‍പനേരം കൂടെ നിന്നു. മഴ ഇപ്പോഴും തിമിര്‍ത്തു പെയ്തു കൊണ്ടിരിക്കുകയാണ്. പള്ളി അകലെയാണ്. കൊച്ചുകുട്ടി ആയതുകൊണ്ട് ജനാസ വേണ്ട, പായില്‍ പൊതിഞ്ഞാല്‍ മതി. പള്ളിയില്‍പോയി, ഖബര്‍ വെട്ടാനുള്ള ഏര്‍പ്പാടുകള്‍ അദ്ദേഹം തന്നെ ചെയ്തു. പക്ഷെ, പള്ളിവരെ എങ്ങനെ കൊണ്ടുപോകും. കാറില്‍ കൊണ്ടുപോകാം എന്ന് തീരുമാനിച്ചു. എന്റെ പല സിനിമ പ്രൊഡക്ഷനുകളിലും ജോലി ചെയ്തിട്ടുള്ള ടാക്‌സി ഡ്രൈവര്‍മാരെ വിളിച്ചു. പക്ഷെ, മൃതദേഹം വണ്ടിയില്‍ കയറ്റാന്‍ ആരും തയാറായില്ല. എങ്കില്‍ ഒരു ആംബുലന്‍സ് ഏര്‍പ്പാടാക്കിത്തരാന്‍ അവരോടു പറഞ്ഞു. പക്ഷെ, കോരിച്ചൊരിയുന്ന പേമാരി മൂലമോ, പല സ്ഥലനങ്ങളും വെള്ളപ്പൊക്കം ഉള്ളത് കൊണ്ടോ, ആംബുലന്‍സുകാരും വന്നില്ല. ഞാന്‍ റോഡിലേക്കിറങ്ങി. വെള്ളം നിറഞ്ഞ റോഡിലൂടെ ഒരു വാഹനത്തിനായി ഞാന്‍ പരതി. അവസാനം ഒരു സൈക്കിള്‍ റിക്ഷ കിട്ടി. ഞാന്‍ അയാളോട് എന്റെ ദയനീയ സ്ഥിതി വിവരിച്ചു. ഒരു പക്ഷെ അയാളിലെ പിതാവ് മഴയില്‍ കുതിര്‍ന്നു നിക്കുന്ന എന്റെ ധര്‍മസങ്കടം മനസ്സിലാക്കിയിരിക്കാം. അയാള്‍ വരാന്‍ സമ്മതിച്ചു. വെള്ളത്തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മയ്യത്തു മടിയില്‍ വെച്ച് കൊണ്ട് ഞാന്‍ റിക്ഷയില്‍ ഇരുന്നു. അയല്‍വാസി കാല്‍നടയായി ഞങ്ങളെ അനുഗമിച്ചു. റോഡില്‍ ക്രമാതീതമായി വെള്ളം പൊങ്ങിയിരിക്കുന്നതു കൊണ്ട് വളരെ സാവധാനത്തിലാണ് റിക്ഷ നീങ്ങിയത്. അല്‍പ ദൂരം പോയപ്പോള്‍, വെള്ളക്കെട്ടിന്റെ ആഴം വര്‍ധിച്ചു. റിക്ഷ മുന്നോട്ടു ചവിട്ടാന്‍ പറ്റാതെയായി. മറ്റൊന്നും ആലോചിക്കാതെ ഞാന്‍ മോളുടെ മയ്യത്തുമായി റിക്ഷയില്‍ നിന്നിറങ്ങി. മുന്നോട്ടു നടക്കാന്‍ തുടങ്ങിയ ഞാന്‍ തിരിഞ്ഞു നോക്കി. അയല്‍വാസി അവിടെത്തന്നെ നീക്കുകയാണ്.

'' നീങ്കേ പോയിട്ട് വാങ്കോ. പള്ളിയിലെ ഏര്‍പ്പാട് പണ്ണിയിരുക്ക്''

ഞാന്‍ തിരിഞ്ഞു നടന്നു. മഴ നിര്‍ദാക്ഷിണ്യം ഞങ്ങളെ പ്രഹരിച്ചു കൊണ്ടിരുന്നു. അരപ്പൊക്കത്തിലുള്ള വെള്ളത്തിലൂടെ മകളുടെ മൃതശരീരവുമായി, ആ പേമാരിയില്‍, ഏകനായി നീന്തുമ്പോള്‍ ഉള്ളിലെ കൊടുങ്കാറ്റ് പുറത്തെ കൊടുങ്കാറ്റിനേക്കാള്‍ ശക്തമായിരുന്നു. കാറ്റും മഴയും മോളുടെ ശരീരവും വഹിച്ചുള്ള എന്റെ നടത്തത്തിന്റെ വേഗത കുറച്ചെങ്കിലും അവസാനം ഞാന്‍ പള്ളിയിലെത്തി, മയ്യത്തു നിസ്‌കരിക്കാന്‍ അധികം ആരുമുണ്ടായിരുന്നില്ല. ഖബറിലും വെള്ളം പൊങ്ങിയിരുന്നു. ആ വെള്ളത്തിലേക്ക് ഞാന്‍ എന്റെ അമൂല്യ നിധിയെ ഇറക്കിവെച്ചു.

അങ്ങിനെ ഞാനെന്റെ കരള്‍ പറിച്ചു മദ്രാസിനു നല്‍കി. എന്റെ ആദ്യത്തെ കണ്മണി ആയിരുന്നു അര്‍ഫീന്‍. ദുരിതങ്ങള്‍ക്കിടയിലും ജീവിക്കാന്‍ പ്രതീക്ഷ നല്‍കിയ ഞങ്ങളുടെ പൊന്നുമോള്‍ ഞങ്ങളെ വിട്ടു പോയത് ഒരു വയസ്സും എട്ടു മാസവും പ്രായമുള്ളപ്പോഴാണ്. അന്ന് ഭാര്യ നൂര്‍ജഹാന്‍ ആറ് മാസം ഗര്‍ഭിണി ആയിരുന്നു.

കാല പ്രവാഹത്തില്‍ ജീവിതത്തില്‍ പല മാറ്റങ്ങള്‍ വന്നു. അര്‍ഫീനിന്റെ സ്ഥാനത്തു പടച്ചവന്‍ മറ്റൊരു പെണ്‍കുഞ്ഞിനെ തന്നെ തന്നു, പിന്നീട് രണ്ടാണ്‍മക്കളും. എന്നാലും മങ്ങാത്ത ചിത്രമായി ഇന്നും അവളുടെ ചിരിക്കുന്ന മുഖം ഞങ്ങളുടെ മനസ്സിലുണ്ട്.

TAGS :