Quantcast
MediaOne Logo

ജെസി

Published: 6 May 2022 8:22 PM GMT

ഇയ്യ

ഇയ്യ | കവിത | ജെസി

ഇയ്യ
X
Listen to this Article


ഇയ്യ,

അന്ന് കുളിക്കാതെ,

വയറ്റിലുള്ളതിനെ പറ്റി ഓര്‍ക്കാതെ,

നിലാവുദിക്കുന്നതും നോക്കി കെടന്നു

എടിയെ നിനക്ക് പ്രാക്ക് കിട്ടും

അതിന്റെ,

മുത്തീന്റെ വാക്ക് കനല് പോലെ

കൊടഞ്ഞു വീണു,

ദേ തള്ളേ പൊയ്‌ക്കോ ഇയ്യ്,

പല്ല് ഞെരിച്ചു ഇയ്യ ഒച്ചയില്ലാതെ

മൊരണ്ടു

മുഴച്ച വയറില്‍ കുത്തിയിറക്കും

പോലെ ഓന്റെ വാക്കുകള്‍,

കെട്ടിയ പെണ്ണിന് വയറ്റിലും കൊടുത്ത്

പുതിയിരുത്തിനേം

കൊണ്ടു പോയപ്പോ,

അതും ഒരു വെള്ളപ്പാറ്റ.

ഓന്‍ പറയാ,

ഇയ്യ് വേറെ കേട്ടലേന്നു,

ഓന്‍ തിരിച്ചു വരും ന്നു,

തൂ... മുത്തി കാര്‍ക്കിച്ചു തുപ്പി,

ഓള്‍ക്കെന്താ കുറവ്,

ഓള്‍ടെ ഞാവല്‍

നെറം നോക്കിക്കേ..

മുടി നോക്കിക്കേ,

കടല് പോലുള്ള

കണ്ണ്കള് നോക്കിക്കേ,

ഇയ്യേ,

ഇയ്യ് ജീവിക്കന്‍ നോക്കെടിന്നു

നാട്ടാര് മുഴുനോം,

ഒറ്റ കെതപ്പില് തീര്‍ക്കാന്‍

കഴിയുലോ ഒക്കെ,

പക്ഷെ ജീവിതല്ലേ,

ആരില്ലേലും

തൊണ്ടേല് ആ അനക്കം

പൊഴിയണ വരെ

മുത്തിണ്ടാവും,

അല്ലേലും

അതൊരു വെറും ഉറപ്പ്‌ല

മുത്തി ഒരു

നൊന്ത ജീവിതമാ

അങ്ങനെ ഒന്നും

പെടപ്പ് നിക്കുലന്നു

ഇയ്യക്കറിയാം.

പൊരേല് മൂന്ന് കന്യസ്ത്രീമാര്

പ്രാര്‍ത്ഥിക്കാന്‍ വന്നു,

കൂടെ വികാര്യച്ഛനും,

മുത്തിടെ ഏര്‍പ്പാടാ,

ഓള്‍ക്ക് നല്ല ചെകുത്താന്റെ ശല്യ,

എപ്പളും ചാവണം ന്ന,

ഓരേ കണ്ടതും ഇയ്യ ഓടി

തെക്കെല് പോയിരുന്നു,

നശൂലങ്ങള്

കര്‍ത്താവിനും എനിക്കും

ഓരേ പോലെ സൈ്വരക്കേട്.

ന്റെ പൊന്നച്ചോ,

തല തെറിച്ച പെണ്ണ്,

ഓനെ കെട്ടണ്ട ന്നു പറഞ്ഞതാ,

ഇപ്പോ അനുഭവിക്കാ നല്ല വലത്തായി,

പാങ്ങില്ലാതെ ജീവിക്കാന്‍

ഒക്കുലലോ,

ചാവിലെന്നു ഇയ്യ ഉറപ്പിച്ചു,

പക്ഷെങ്കില് അന്നു ഇയ്യ അലമുറയിട്ടു കരഞ്ഞു,

കാളീടെ പോലെ ചൊകന്ന കണ്ണോള്

ചാവണം ചാവണംന്ന്

പറയണ്,

ഉള്‍കനം കൊണ്ടു

നിലാവു കറുത്തു,

മാനത്തു, ജീവിതം

തീര്‍ത്തോരുടെ പേരോള്

വായിച്ചു ഇയ്യ

നടന്നു.

നീണ്ട കുളത്തിലേക്ക്

കാലിറക്കി

ഇയ്യ,

പകുതി

തെളിഞ്ഞ മാനം നോക്കി,

അഴിഞ്ഞു വീണ മുടികള്‍

കുളത്തിന് ചുറ്റും കാടു പടര്‍ത്തി,

ചൊമന്ന കുപ്പിവളകള്‍ ഇയ്യയുടെ

ശബ്ദമായി,

ഇപ്പൊ

അഴിഞ്ഞ മുണ്ടില്‍

വയറ്റിലുള്ളത് മിണ്ടും പോലെ,

ഒരു കവിള്‍ വെള്ളം

അതിനു കൊടുക്കട്ടെ,

എന്തൊരു തണുപ്പാണ്

കുളത്തിനും

ഉള്ളിലെ നാമ്പിനും,

നാളെ ഇവടെ ഇയ്യ ചത്ത

കുളം എന്ന ഖ്യാതി പരക്കും,

കുട്ട്യോള് ഇതില്

കുളിക്കാന്‍ പേടിക്കും,

ചെക്കന്‍മാര്‍ ഇയ്യെടെ

നീണ്ട മുടിയില്‍ തട്ടി വീഴും,

അവരടെ ചില രാത്രികള്‍

ഇയ്യെടെ

കുപ്പിവള കിലുക്കം കൊണ്ട്

മുറിയും,

പിന്നെ അവര് ചൂളമടിക്കാന്‍

മറന്നു പോകും,

പെറാറായ എല്ലാ

പെണ്ണുങ്ങളുടെയും

സന്ധ്യകള്‍ മുടിയഴിച്ചിട്ട

ഇയ്യെടെ

ചിത്രത്തോടെ

ഭയപ്പൂര്‍ണമാകും,

ഇയ്യെടെ ശാപം കൊണ്ട്

ഇവടെ

പെറാത്ത പെണുങ്ങള്‍ പെരുകും,

ചുരുക്കി പറഞ്ഞാല്‍ ഇയ്യ

നീണ്ട മുടിയുള്ള,

അഴിഞ്ഞ മുണ്ട് ഉടുത്ത,

ദേഹം മുഴുവന്‍ വിയര്‍പ്പിറ്റുന്ന,

വീര്‍ത്ത വയറുള്ള,

ചോമന്ന കുപ്പിവകളാല്‍

നീണ്ട കൈകളുള്ള,

ഒരു യക്ഷി രൂപം ആവും,

പക്ഷെ ഇയ്യെടെ ചങ്കിലിപ്പോ

നാഗമണമുള്ള

ഒരു ഇയ്യ കാവാണ്.

ചവാന്‍ പോവണ ഇയ്യ

ഊറി ചിരിക്കാന്‍ തൊടങ്ങി,

ഹ ഇതെന്തൊരു പാടാണോ,

കഴുത്തോളം വെള്ളളം മറഞ്ഞു,

മുടി മുഴുവന്‍ കുളത്തില്

അത് കുളത്തിന്റെ കറുപ്പ് കൂട്ടി,

തണുക്കുണ്ന്ന് ഉള്ളിലെ പെടപ്പ്

പറയണ്,

മുടി കുത്തില് പിടി വീണപ്പോ

തെറിച്ചു നോക്കി പിന്നിലോട്ട്,

മുത്തീടെ ചൂട് ഈ തണുപ്പിലും,

കരയില്‍ കേറി കാലകത്തി

ഇരുന്നപ്പോ

മുത്തി ഒരു ലോകത്തിന്റെ

മുഴുവന്‍ ശ്വാസം തന്നു,

അതില് പെടച്ചു പെടച്ചു

ജീവിക്കാന്‍ പറ്റോന്നുള്ള

ഒരൊറ്റ വാക്ക്

എറിഞ്ഞിട്ട് പോയി,

പറ്റും ന്ന് ഉള്ളിലെ

പെടപ്പ്,

ഇയ്യ നിലാവ് കുളത്തിലിട്ട്

തിരിച്ചു നടന്നു.



TAGS :