Quantcast
MediaOne Logo

സമകാലീന എഴുത്തുകാർക്ക് ബൗദ്ധിക സത്യസന്ധത നഷ്ടപ്പെടുന്നു : അരുന്ധതി റോയ്

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയുമായി കാരവാന് എക്സിക്യൂട്ടീവ് എഡിറ്റർ വിനോദ് കെ ജോസ് നടത്തിയ സംഭാഷണത്തിന്റെ അവസാന ഭാഗം.

സമകാലീന എഴുത്തുകാർക്ക് ബൗദ്ധിക സത്യസന്ധത നഷ്ടപ്പെടുന്നു : അരുന്ധതി റോയ്
X

വിനോദ് കെ ജോസ് : മുതിർന്ന ശേഷം താങ്കൾ ജീവിതം ഡൽഹിയിലേക്ക് മാറ്റുകയുണ്ടായി. എന്നാൽ താങ്കളുടെ ആദ്യ പുസ്തകത്തിന്റെ പ്രമേയ പരിസരം കേരളമായിരുന്നു. കേരളമാണോ ഡൽഹിയാണോ ഏറ്റവും പ്രിയപ്പെട്ടത്?

അരുന്ധതി റോയ് : ഇത്ര നിസ്സാരമായ ഒരു ചോദ്യം താങ്കളിൽ നിന്നും ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല വിനോദ് കെ ജോസ്. ഞാൻ കേരളത്തെ ഇഷ്ടപ്പെടുന്നു. എന്നാൽ ഞാൻ കോട്ടയത്തൊക്കെ പോകുമ്പോൾ, ഞാൻ വൈകാരികമായി അരക്ഷിതമായ ഒരു സമയത്ത് , എന്റെ അമ്മയുടെ അരക്ഷിതമായ ഒരു കാലത്ത്, ഞങ്ങളുടെ കയ്യിൽ പണം ഇല്ലാതിരുന്ന കാലത്ത്, ആർക്കൊക്കെ എവിടെ ഒക്കെ എസ്റ്റേറ്റുകൾ ഉണ്ടെന്നും, ഇന്നയാളുകളുടെ ബന്ധുക്കൾ ആരൊക്കെ എന്നൊക്കെ അന്വേഷിക്കുന്ന എല്ലാവിധ അധികാരങ്ങളുമുള്ള ഒരു സിറിയൻ ക്രിസ്ത്യൻ സമൂഹമായിരുന്നു ഇവിടെ ഉണ്ടായിരുന്നത് എന്ന കാര്യം ഓർമ വരും. അത്തരം കാര്യങ്ങൾ മറക്കാൻ പ്രയാസമാണ്. വളർന്ന് വരുന്ന കാലത്തൊക്കെ ഇതിൽ നിന്നും എങ്ങനെയാണ് ഞാൻ രക്ഷപ്പെടുക എന്ന ആലോചന മാത്രമായിരുന്നു എനിക്ക്. ഞാൻ സ്‌നേഹിക്കുമ്പോൾ തന്നെ ഭയപ്പെടുകയും ചെയ്യുന്നു.

ഒരിടവും സ്വദേശമല്ലാത്ത ഒരാളാണ് ഞാൻ. വേറൊരു രീതിയിൽ പറഞ്ഞാൽ എല്ലാ ഇടങ്ങളും എന്റെ സ്വന്തം ദേശമായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഒരിക്കൽ പറഞ്ഞു, ഒരു എഴുത്തുകാരിയെന്ന നിലയിൽ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റോയൽറ്റി, ദക്ഷിണാഫ്രിക്കയിലേക്കോ, ബ്രസീലിലേക്കോ, ബസ്തറിലോ കശ്മീരിലോ പോയിട്ട് പറയാം ഞാൻ ഈ എഴുത്തുകാരിയാണ്, എനിക്ക് കുറച്ച് ഭക്ഷണം നൽകുമോ എന്നോ ഈ നാടൊക്കെ ഒന്ന് എന്നെ കാണിക്കാമോ എന്ന് ചോദിക്കാൻ കഴിയൽ ആണ്. അതാണ് എന്റെ ലോകം. അതാണ് എന്റെ സമൂഹം. പ്രാദേശികവും അന്തർദേശീയവുമായ എല്ലാ സ്വേച്ഛാധിപത്യങ്ങളേയും നിരാകരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

വിനോദ് കെ ജോസ് : താങ്കളിൽ ഞാൻ കണ്ട ഒരു വിസ്മയകരമായ കാര്യം, നിങ്ങൾക്ക് എങ്ങനെയാണ് കാര്യങ്ങൾ ശരിയായി പ്രവചിക്കാൻ കഴിയുന്നു എന്നതാണ്. അതെങ്ങനെയാണ് കഴിയുന്നത്? ക്രോണിക്ക് കാപ്പിറ്റലിസത്തെ കുറിച്ച്, വരുമാനത്തിലെ അന്തരത്തെ കുറിച്ച്, ഫാസിസം വരുന്നു എന്നൊക്കെ നിങ്ങൾ വർഷങ്ങൾ മുൻപ് പറയുമ്പോൾ ആളുകൾ പറയുമായിരുന്നു നിങ്ങൾ കാര്യങ്ങൾ ഊതിവീർപ്പിക്കുക ആണെന്ന്. എന്നാൽ നിങ്ങളുടെ വാക്കുകളുടെ പ്രവചനാത്മകത കാലം തെളിയിച്ചു. എനിക്കറിയാം അതൊന്നും ശരി ആവല്ലേയെന്നു തന്നെ ആയിരിക്കാം നിങ്ങൾ വ്യക്തിപരമായി ആഗ്രഹിച്ചതെങ്കിലും അതൊക്കെ ശരിയായി വന്നതിനെ ഒരു എഴുത്തുകാരിയെന്ന നിലയിൽ എങ്ങനെ കാണുന്നു?

അരുന്ധതി റോയ് : ഏതെങ്കിലും രാഷ്ട്രീയ കുടുംബത്തിലോ, ആക്റ്റിവിസ്റ്റ് കുടുംബത്തിലോ, ഏതെങ്കിലും ആശയാദർശങ്ങൾ പിൻപറ്റിപോരുന്ന കുടുംബത്തിലോ അല്ല ഞാൻ ജനിച്ചത്. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം, ഞാൻ ഇതൊക്കെ പറയുമ്പോൾ അവർ എതിർക്കുന്നത് അവർക്ക് അറിയാത്തത് കൊണ്ടല്ല, മറിച്ച് അവരുടെ സത്യസന്ധത ഇല്ലായ്മ മൂലമാണ്. നമ്മുടെ രാജ്യത്ത് വലിയ തോതിൽ ബൗദ്ധിക സത്യസന്ധതയില്ലായ്മ നിലനിൽക്കുന്നുണ്ട്. ഏറ്റവും അടിസ്ഥാനമായത് തന്നെ സത്യസന്ധമായല്ല പെരുമാറുന്നത്. വർണ്ണ വിവേചനത്തിന്റെ ഒരു വിപുലമായ രൂപമായ ജാതിവ്യവസ്ഥ നിലനിൽക്കുന്നുവെന്ന യാഥാർഥ്യം മറച്ചുവെച്ച അന്തരാഷ്ട്ര പ്രശസ്തരായ ചിന്തകരും എഴുത്തുകാരും നമുക്കുണ്ട്. അതവർക്ക് അറിയാത്തത് കൊണ്ടല്ല; മറിച്ച് അവർ സത്യസന്ധരല്ലാത്തത് കൊണ്ടാണ്. ഞാൻ എന്തോ വലിയ പ്രവചനശേഷിയുള്ള ബുദ്ധിജീവി ആയതുകൊണ്ടല്ല ; ബൗദ്ധികപരമായ സത്യസന്ധത എന്ന ഒന്നുള്ളത് കൊണ്ടാണ്.



വിനോദ് കെ ജോസ് : ഇത്തരം നിലപാടുകൾ എടുക്കുമ്പോൾ താങ്കൾക്ക് സുഹൃത്തുക്കൾ ഉണ്ടാകുന്നില്ല. ജാതിയുടെയും ക്‌ളാസിന്റെയും ആനുകൂല്യത്തിൽ സംസാരിക്കുന്ന ഒരുപാട് ഒറ്റപ്പെടുത്തി, കുറ്റപ്പെടുത്തി സംസാരിക്കാറുണ്ട്. അതൊന്നും ഒട്ടും അലട്ടാതെ നിലപാടിൽ ഉറച്ച് നില്ക്കാൻ കഴിയുന്നത് എങ്ങനെ ആണ് ?

അരുന്ധതി റോയ് : അതിനു പ്രത്യേക കരുത്തൊന്നും വേണ്ടതില്ല. നിങ്ങളൊരു എഴുത്തുകാരി ആയിട്ടും നിങ്ങൾ അനുഭവിക്കുന്നതും അറിയുന്നതും എഴുതാൻ കഴിയുന്നില്ലെങ്കിൽ ആ എഴുത്ത് നിർത്തുന്നതാണ് നല്ലത്. എനിക്ക് മറ്റൊരു ചോയ്‌സ് ഇല്ല. അല്ലാതെ അതെന്റെ കരുത്തൊന്നുമല്ല. ഞാൻ നോൺ ഫിക്ഷൻ എഴുതുമ്പോൾ പലപ്പോഴും എന്റെ മനസ്സ് എന്നോട് പറയും ഒന്നും എഴുതാതിരിക്കൂ മിണ്ടാതിരിക്കൂ എന്ന്. വെറുതെ എന്തിനാണ് കുഴപ്പത്തിൽ ചെന്ന് ചാടുന്നത്. വേറെ ആരെങ്കിലും അത് ചെയ്യട്ടെ. അപ്പോൾ ഉള്ളിൽ ഇങ്ങനെ ചോര ഇരച്ചുകയറും. മര്യാദക്ക് നിൽക്കാനോ ഇരിക്കാനോ കഴിയില്ല. നിങ്ങൾക്ക് എഴുതേണ്ടി വരും. എന്റെ നോൺ ഫിക്ഷൻ എഴുത്തുകളിൽ കൂടുതലും എന്നോട് തന്നെയുള്ള പാലിക്കപെടാത്ത വാക്കുകളുടെ ഒരു സമ്മിശ്രണം ആണ്. നിങ്ങൾ സ്വയം അടിച്ചമർത്താൻ തുടങ്ങിയാൽ നിങ്ങളിലെ എഴുത്തുകാരി മരിക്കും. പറയാവുന്നതും പറയാൻ കഴിയാത്തതും എന്നാണ് ഇന്നത്തെ നമ്മുടെ സെഷന്റെ തലക്കെട്ട്. എന്നാൽ നമ്മൾ ഒരു കാര്യം ഓർക്കണം. എഴുത്തുകാർ സ്റ്റാലിനിസത്തെ അതിജീവിച്ചു. അവർ കുരിശുയുദ്ധക്കാരെ അതിജീവിച്ചു. നിങ്ങൾക് ചെയ്യാനുള്ളത് നിങ്ങൾ ചെയ്ത കൊണ്ടേയിരിക്കണം. ഒരു കാര്യം നേർക്ക് നേരെ പറയാൻ കഴിയില്ലെങ്കിൽ വേറെ വഴികളിലൂടെ അത് പറയണം. അത് പറയാനുള്ള വഴികൾ നിങ്ങൾ കണ്ടെത്തണം.

എനിക്ക് സുഹൃത്തുക്കൾ ഇല്ലെന്ന് പറയുന്നത് ശരിയല്ല. എനിക്ക് ഒരുപാട് സുഹൃത്തക്കളുണ്ട്. ഞാൻ ജീവിതം ഒരുപാട് ആസ്വദിക്കുന്ന വ്യക്തി കൂടി ആണ്. ഒരു സ്ത്രീ എന്ന നിലയിൽ പ്രത്യേകിച്ചും, ഞാൻ എന്നും സഹിക്കേണ്ടവൾ ആണെന്നുള്ള ചിന്തയൊന്നും എനിക്കില്ല. അത്തരം കാര്യങ്ങളിൽ എനിക്ക് വിശ്വാസമില്ല. ഞാൻ എന്റെ മാതാവിൽ നിന്നും പഠിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ജീവിതം കഴിയുന്നത്ര മികച്ച രീതിയിൽ ജീവിക്കണം. അതിൽ വ്യാജ കുടുംബ മൂല്യങ്ങൾ ഉണ്ടാവരുത്, വ്യാജ സുഹൃത്തുക്കൾ ഉണ്ടാവരുത്, വ്യാജ ആദർശങ്ങൾ ഉണ്ടാവരുത്. ആർക്കൊക്കെ എന്റെ അഭിപ്രായത്തോട് യോജിപ്പുണ്ടോ അവർക്ക് സ്വാഗതം. അല്ലാത്തവർക്ക് യാത്ര പറഞ്ഞു പോകാം.

വിനോദ് കെ ജോസ് : എഴുതുന്നതിനിടയിലെ സമയ വിടവിനെ കുറിച്ച ചോദ്യങ്ങളോട് അരുന്ധതി പറയാറുള്ളത് ഞാൻ നോവൽ നിർമ്മിക്കുന്ന ഫാക്ടറി ഒന്നുമല്ലെന്നാണ്. സാധാരണ എഴുത്തുകാർ നേരിടുന്ന ഒരു സമ്മർദം ഒരുപാട് എഴുതണമെന്നാണ്. ഒരുപാട് എഴുതുക vs കുറച്ചെഴുതുന്നത് നല്ലതെഴുതുക എന്നതാണോ? എങ്ങനെയാണ് ഒരു രചന, പ്രത്യേകിച്ച് ഫിക്ഷൻ പുറത്ത് വരുന്നത് ?

അരുന്ധതി റോയ് : നിങ്ങൾ ഏത് തരത്തിലുള്ള ഫിക്ഷൻ എഴുത്തുകാരി ആണെന്നതിനെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും അത്. ബുക്ക് ഓഫ് സ്മാൾ തിങ്‌സിന് ബുക്കർ സമ്മാനം സ്വീകരിക്കുമ്പോഴുള്ള ഒരു വീഡിയോ ഈയടുത്ത് പ്രചരിക്കുന്നുണ്ട്. അതിൽ പുരസ്‌കാരം നൽകി കൊണ്ട് അവർ ചോദിക്കുന്നുണ്ട് എന്നാണ് അടുത്ത കൃതിയെന്നു. അതിലെ എന്റെ പ്രതികരണം കണ്ടു ഞാൻ തന്നെ ഞെട്ടിപ്പോയി. ബുക്കർ സമ്മാനം നേടിയത് കൊണ്ട് മാത്രം ഞാൻ അടുത്തതായി ഒരു പുസ്തകം എഴുതാൻ പോകുന്നില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. 1997 ൽ ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ് പുറത്തിറങ്ങി. 98 ൽ ആണവ പരീക്ഷണം നടന്നു. ബുക്കർ സമ്മാനം ലഭിച്ചപ്പോൾ ഞാൻ എല്ലാ മാസികയുടെയും കവർ ആയി. അതിനു ശേഷമാണ് ആണവ പരീക്ഷണം നടക്കുന്നത്. ഞാൻ ആകെ ഭയപ്പെട്ടു. മിണ്ടാതിരിക്കുന്നത് ഒച്ചവെക്കുന്നത് തന്നെ പോലെയുള്ള രാഷ്ട്രീയ പ്രവർത്തനം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ മിണ്ടാതിരുന്നാൽ അവർ വിചാരിക്കും ഞാൻ അവർക്ക് പിന്തുണ നൽകുക ആണെന്ന്. അങ്ങനെ ആണ് എന്റെ ആദ്യ രാഷ്ട്രീയ ലേഖനം " The end of imagination " എഴുതുന്നത്. ആണവ പരീക്ഷണത്തെ വിമർശിച്ചു കൊണ്ടുള്ള ആ ലേഖനം എന്നെ എല്ലാ രാജകുമാരി പാടങ്ങളിൽ നിന്നും പുറത്താക്കി. തിരിച്ചറിവുകളുടെ ഒരു ലോകത്തേക്ക് എന്നെ അത് തള്ളി വിട്ടു.

ഞാൻ മനസ്സിലാക്കുന്നത് നമ്മളെ പോലുള്ള എഴുത്തുകാർ, പത്രപ്രവർത്തകർ, ബുദ്ധിജീവികൾ ഒക്കെ ഇപ്പോൾ തീരെ കേൾക്കാൻ സമയം കൊടുക്കാത്തവരാണ്. നമ്മളാണ് ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഞാൻ ഒരുപാട് സമയം താഴ്വരകളിലൂടെ നടക്കുകയും, പ്രതിരോധത്തിന്റെ ശബ്ദങ്ങൾ കേൾക്കുകയും നമ്മൾ ജീവിക്കുന്ന ഈ നാടിനെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ബസ്തറിലെ സഖാക്കളോടൊപ്പം നടക്കാൻ, കശ്മീരിലെ താഴ്വരകളിലൂടെ നടക്കാൻ, നർമദാ തീരത്തുകൂടെ നടക്കാൻ പിന്നെ അതിനെക്കുറിച്ചൊക്കെ എഴുതാനും ; ഒരുപാട് അടരുകളുള്ള ഒരു എഴുത്തുകാരി നിങ്ങളിൽ ജനിക്കണം. എന്നാൽ നിങ്ങളിൽ നിന്നും കൃതികൾ വരികയുള്ളൂ.


വിനോദ് കെ ജോസ് : ചെറിയ കാര്യങ്ങളുടെ തമ്പുരാട്ടി എന്ന് ക്ളീഷേ ആയി അരുന്ധതിയെ വിളിക്കുന്ന പേരാണ്. നിങ്ങളുടെ 'അമ്മ സ്ഥാപിച്ച ആ സ്‌കൂളിൽ നിന്നും വലിയ നിലയിൽ എത്തിയവരെ കുറിച്ച് നിങ്ങളുടെ ജേഷ്ഠൻ പറഞ്ഞപ്പോൾ ചെറിയ നേട്ടങ്ങൾ കൈവരിച്ചവരെ കുറിച്ച് അരുന്ധതി സംസാരിച്ചു. ഇപ്പോൾ ഇവിടെ വയനാട് എന്ന കൊച്ചു സ്ഥലത്ത് നിങ്ങളെത്തി. വടക്കേ ഇന്ത്യയിലെ ചെറിയ സ്ഥലങ്ങളെ നിങ്ങൾക് വല്ലാതെ ഇഷ്ടമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മാറ്റം ഒരു തലസ്ഥാന നഗരിയിൽ നിന്നും വരുന്നതാവാണെമെന്നില്ല, മറിച്ച്, അവിടേക്ക് എത്തുന്നതുമാകാം. ഇതിൽ എന്തെങ്കിലും രാഷ്ട്രീയ തവാച്ചിന്റ അടങ്ങിയിട്ടുണ്ടോ ?

അരുന്ധതി റോയ് : അതൊരു രാഷ്ട്രീയ തത്വചിന്തയല്ല; മറിച്ച് ഞാൻ നോൺ ഫിക്ഷൻ എഴുതുമ്പോൾ സംഭവിക്കുന്ന ഒരു കാര്യം നിങ്ങൾ ഫിക്ഷൻ എഴുത്തുകാരിയുടെ കണ്ണുകൾ അതിൽ കൊണ്ട് വരും. രാഷ്ട്രീയ കാര്യങ്ങളെ വിശദമായി നോക്കുന്ന ഒരു കണ്ണ്. രാജ്യത്തെ പ്രതിരോധ പ്രസ്ഥാനങ്ങൾക്ക് എന്ത് സംഭവിച്ചുവെന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ട്. 1960 കളിൽ ഉണ്ടായിരുന്ന നക്സലൈറ്റ് പ്രസ്ഥാനങ്ങൾ, അപ്പോഴത്തെ വിപ്ലവ പ്രസ്ഥാനങ്ങൾ എല്ലാം വിപ്ലവാത്മകമായിരുന്നു. അവർ എന്താണ് ആവശ്യപ്പെട്ടുകൊണ്ടിരുന്നത്? അവർ നീതിയാണ് ചോദിച്ചത്. സമ്പത്തിന്റെ പുനർവിതരണം ആണവർ ആവശ്യപ്പെട്ടത്. അവർ സംസാരിച്ചത് വിപ്ലവത്തെക്കുറിച്ചായിരുന്നു. അവർ അടിച്ചമർത്തപ്പെട്ട. എൺപതുകളിൽ പരിഷ്‌ക്കരണവാദി പ്രതിരോധ പ്രസ്ഥാനങ്ങൾ സജീവമായി. നർമദയുടെ തീരത്ത് എന്താണ് സംഭവിച്ചത്? തങ്ങൾക്ക് നിലവിലുള്ള ഇടം ഇല്ലാതാക്കരുത് എന്ന് മാത്രമാണ് അവർ ആവശ്യപ്പെട്ടത്. അതും അടിച്ചമർത്തപ്പെട്ടു. തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കത്തിലും നവ സാമ്പത്തിക നയങ്ങൾ മൂലം കോർപറേറ്റ്‌വത്കരണം ഒക്കെ വന്നു. പരിഷ്കരണവാദികൾ എന്താണ് ഇപ്പോൾ ആവശ്യപ്പെടുന്നത്? മൂന്നു മാസത്തെ മിനിമം വേതനം. അത് അവസാനം പൗരത്വത്തിൽ വരെ എത്തി നിൽക്കുകയാണ്. അത് വരെ ചോദ്യം ചെയ്യപ്പെടുകയാണ്. മുന്നോട്ടേക്കെന്ന ധാരണയിൽ പിറകോട്ട് പറക്കുന്ന ഒരു വിമാനത്തിൽ ആണ് നാമുള്ളത്. നമ്മളെ സ്വതന്ത്രമാക്കി വിട്ടിരിക്കുക ആണെന്ന് നമ്മൾ വിശ്വസിക്കുന്ന ഒരു സിസ്റ്റം നമ്മളുടെ ഭാവനകളെ വരെ നിയന്ത്രിക്കുകയാണ്. ഞാൻ മോസ്‌കോയിൽ എഡ്‌വേഡ്‌ സ്നോഡനെ കാണാൻ പോയപ്പോൾ എല്ലാം ഈ വലയിലാണെന്ന് അദ്ദേഹം പറഞ്ഞു.

നമ്മൾ നമ്മുടെ പ്രാദേശിക സാംസ്‌കാരിക വൈവിധ്യം ആഘോഷിക്കുമ്പോൾ തന്നെ ഉയർന്ന തലങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ മനസ്സിലാക്കിയില്ലെങ്കിൽ നമുക്ക് എല്ലാം നഷ്ടമാകും. ഇന്ന് ആ പ്രാദേശിക സംസ്കാരത്തിനെ ആർട്ടിഫിഷ്യക് ഇന്റലിജൻസിന് പുനഃസൃഷ്ടിക്കാൻ സാധിക്കും. മരിച്ച ബ്രസീൽ റാപ്പറുടെ സംഗീതങ്ങളെല്ലാം ഒരു കമ്പ്യൂട്ടറിലേക്ക് അപ്ലോഡ് ചെയ്യുകയുണ്ടായി. ഇപ്പോൾ ആ കമ്പ്യൂട്ടർ റാഡിക്കൽ ബ്രസീലിയൻ റാപ്പുകൾ സൃഷ്ടിക്കുകയാണ്. അത് വളരെ ജനകീയമായി തീരുകയും ചെയ്തു. നമ്മൾക്ക് ചുറ്റുമുള്ള ശക്തികളെ നമ്മൾ തിരിച്ചറിയണം.

വിനോദ് കെ ജോസ് : നമ്മുടെ തലക്കെട്ട് പറയാൻ പറ്റുന്നതും പറയാൻ പറ്റാത്തതും ആണ്. നമ്മുടെ തന്നെ പല സുഹൃത്തുക്കളും ഇന്ന് കൊല്ലപ്പെടുകയോ തുറങ്കിൽ അടക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. സർക്കാരോ ഒരു ആദർശമോ പറയാൻ പറ്റാത്ത കാര്യങ്ങൾ എന്നോ ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ എന്നോ പറയുന്ന കാര്യങ്ങൾ ചെയ്യുമ്പോൾ ഇന്ത്യയിൽ ഇന്നായിരിക്കുന്ന അവസ്ഥയിൽ ചരിത്രബോധത്തോടെ ചിന്തിക്കുന്ന ഒരു എഴുത്തുകാരി എന്ന നിലക്ക് വരുന്ന ഒരു അമ്പത് വർഷത്തിലോ മറ്റോ ഇവുടത്തെ പുതു തലമുറ ഏതൊരു ഇന്ത്യയെ ആണ് സ്വപ്നം കാണേണ്ടത്?

ഫാസിസത്തിന്റെ പ്രധാന പദ്ധതി എല്ലാത്തിനെയും നിരപ്പാക്കുക എന്നതാണ്. ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാൻ ( മൂന്ന് വാക്കുകളും പേർഷ്യൻ ആയിരിക്കെ തന്നെ ) എന്നാണ് അവർ പറയുന്നത്. ഒരു ദേശീയ സ്വത്വം ഉണ്ടെന്ന് അംഗീകരിക്കുക എന്ന ആശയം തന്നെ തലമുറകൾ ആത്മഹത്യ ചെയ്യുന്നതിന് തുല്യമാണ്. ഇന്ത്യ എന്നത് നൂറുകണക്കിന് മതങ്ങൾ, സംസ്കാരങ്ങൾ, ഭാഷകൾ തമ്മിലുള്ള സാമൂഹിക കരാർ ആണ്. ഇതൊരു ഉപഭൂഖണ്ഡമാണ്. നാസികളും ഇപ്പോഴുള്ളവരും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് വെച്ചാൽ നാസികൾ ഒരു ചെറിയ രാജ്യത്ത് നിന്ന് വന്നു അവരുടെ ആശയങ്ങൾ യൂറോപ്പ് മുഴുവൻ പ്രചരിപ്പിക്കാനാണ് ശ്രമിച്ചതെങ്കിൽ നമ്മൾ ഒരു ഉപഭൂഖണ്ഡത്തിൽ നിന്നും വരികയും ഒരു കുടുസ്സായ ആശയത്തിലേക്ക് ചുരുങ്ങാൻ ശ്രമിക്കുകയുമാണ്. എല്ലാവിധ സങ്കീർണതകളെയും നമ്മൾ അംഗീകരിക്കുകയും ചർച്ച ചെയ്യുകയും വേണം. അതാണ് ഫാസിസത്തെ ചെറുക്കുന്ന ഒരു വിധം. നമ്മൾ ഡൽഹിയെ വെച്ച് നോക്കുമ്പോൾ കേരളം കുറച്ചു കൂടി സുരക്ഷിതമാണ് എന്നാണ് എനിക്ക് തോന്നുന്നത്. കേരളം ഇന്നുവരെ അത്തരം ശ്രമങ്ങൾ ചെറുത്തുനിന്നിട്ടുണ്ട്. അത്തരം ചെറുത്തുനിൽപ്പുകൾ നേരിടുമ്പോൾ അവർ അതിനെ നശിപ്പിക്കാൻ എന്തും ചെയ്യും. നമ്മൾ അതിന് തയ്യാറായി വേണം ഇരിക്കാൻ. അവർ അത്രയും പ്രതികാരദാഹികളാണ്.


(അവസാനിച്ചു)