Quantcast
MediaOne Logo

അപരനെ മനസ്സിലാക്കാൻ കഴിയുമ്പോഴാണ് എഴുത്തുകാർ ജനിക്കുന്നത് : അരുന്ധതി റോയ്

മികച്ച സാഹിത്യ രചനക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരമായ മാൻ ബുക്കർ പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരിയാണ് അരുന്ധതി റോയ് . കേരളത്തിൽ സുറിയാനി ക്രിസ്ത്യാനികളുടെ പിന്തുടർച്ചാവകാശ നിയമത്തെ വരെ ചോദ്യം ചെയ്ത വിദ്യഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മേരി റോയിയുടെയും രാജീബ് റോയിയുടെയും മകളായ അരുന്ധതി അനീതികൾക്കെതിരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങളിലെ ശക്തമായ സാന്നിധ്യം കൂടിയാണ്. വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ കാരവൻ എക്സികുട്ടീവ് എഡിറ്റർ വിനോദ് കെ. ജോസുമായി അവർ നടത്തിയ സംഭാഷണത്തിൽ നിന്നും. | അരുന്ധതി റോയ് / വിനോദ് കെ ജോസ്

അപരനെ മനസ്സിലാക്കാൻ കഴിയുമ്പോഴാണ് എഴുത്തുകാർ ജനിക്കുന്നത് : അരുന്ധതി റോയ്
X

വിനോദ് കെ ജോസ് : ഞാൻ വളർന്ന ഈ നാട്ടിൽ അരുന്ധതി റോയോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാൻ പറ്റുമെന്ന് വിചാരിച്ചിരുന്നില്ല. ഏതാണ്ട് ഇരുപത്തിനാല് വർഷം മുൻപ് ചുരമിറങ്ങി ഒരു പത്രപ്രവർത്തകനാകാൻ പോകുന്നത് ഒരു വർഷത്തേക്കാണ്. പക്ഷെ, ഡൽഹിയിൽ കണ്ടുമുട്ടിയ ചില സൗഹൃദങ്ങളിൽ ചിലത് ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതായി മാറി. അതിലൊന്നാണ് അരുന്ധതി റോയുമായുള്ള സൗഹൃദം. ഒരു പത്രപ്രവർത്തകനെന്ന നിലക്ക് ഒരുപാട് രാഷ്ട്രീയ പ്രവർത്തകരെയും, എഴുത്തുകാരെയും, സാഹിത്യകാരന്മാരെയും, ബുദ്ധിജീവികളെയും അടുത്തറിയാൻ സാധിച്ചിട്ടുണ്ട്. ഇരുപത് വർഷത്തിലധികമായി കരുത്തുറ്റ നിലപാടുകളും വളരെ പ്രവചനാത്മകമായ വായനകളും നടത്തിയ ഇന്ത്യയിലെ അപൂർവം ചിലരിൽ ഒരാളാണ് അരുന്ധതി റോയ്. ഒരു നോവലിസ്റ്റ് എന്നുള്ള പ്രാഥമിക സ്വത്വത്തിൽ നിന്നും തുടങ്ങിയ 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' നൽകിയ ആ പബ്ലിക്ക് അപ്പീലിനൊപ്പം വിവിധ വിഷയങ്ങളിൽ നിലപാടുകളുള്ള, ആ നിലപാടുകൾ ധൈര്യസമേതം പ്രകടിപ്പിച്ച രാജ്യദ്രോഹ കേസുകൾ മുതൽ ഒരു ദിവസത്തെ ജയിൽവാസം വരെ അനുഭവിച്ച, അനീതിക്കെതിരെ പോരാടുന്നതിൽ മുന്നിൽ നിന്ന, ആ നിൽപ്പ് തുടരുന്ന അരുന്ധതി റോയ്.

വയനാട്ടിൽ ആയത് കൊണ്ട് ഒരു കാര്യം കൂടി പറഞ്ഞ് ആമുഖം അവസാനിപ്പിക്കാം. 2005 ൽ ഇവിടെ നിന്ന് ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകളായ ഒരുപാട് അമ്മമാരെയും കൂട്ടി ഇവിടെ നിന്ന് ഒരു കർഷക പ്രതിഷേധം ഡൽഹിയിലെത്തി. നാല്പത്തി അഞ്ച് പേരടങ്ങിയ ആ സംഘത്തിന്റെ താമസം വഴിയരികിലായിരുന്നു. കർഷക ലോണുകൾ എഴുതി തളളാൻ അന്നത്തെ യു.പി.എ സർക്കാരിനോട് ആവശ്യപ്പെടാൻ ആണ് അവർ വന്നത്. സർക്കാർ ശ്രദ്ധ കൊടുത്തില്ല. അഞ്ചോ ആറോ ദിവസം കഴിഞ്ഞപ്പോൾ ആ അമ്മമാരുടെ ക്ഷമ നശിച്ചു. ആ സമരം സംഘടിപ്പിച്ച വായനാട്ടുകാരൻ കൂടി ആയ കർഷക നേതാവ് എന്നെ വിളിച്ച് പറഞ്ഞു , വിനോദെ, മാധ്യമ ശ്രദ്ധ ഒന്നും ലഭിക്കുന്നില്ല. രാഷ്ട്രീയക്കാർ തിരിഞ്ഞ നോക്കുന്നില്ല. എന്ത് ചെയ്യും?. അരുന്ധതി റോയിയെ ഇവിടെ കൊണ്ട് വന്നു ഒരു ഐക്യദാർഢ്യം പ്രഖ്യാപിക്കാമോ? ഞാൻ അരുന്ധതിയെ വിളിച്ചു. നാല്പത്തി അഞ്ചോളം അമ്മമാരാണ്, ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകളാണ്. അവർ പറഞ്ഞു, വിനോദെ, ഞാൻ ഇപ്പോൾ വരാം. അവർ ഏതാണ്ട് പന്ത്രണ്ട് മണിയോടെ വന്നു. അരുന്ധതി വന്നപ്പോൾ അവരോടൊപ്പം ഡൽഹിയിലെ ദേശീയ, അന്തർദേശീയ മാധ്യമപ്രവർത്തകരും വന്നു. യു.പി.എ സർക്കാരിന്റെ മന്ത്രിസഭാ യോഗം നടന്നു കൊണ്ടിരിക്കുന്ന സമയമാണ്. മൻമോഹൻ സിംഗ്, ചിദംബരം, പ്രണബ് മുഖർജി മൂന്ന് പേരും കർഷക ലോണുകൾ എഴുതി തള്ളുന്നതിന് എതിരായിരുന്നു. വിധവയായ സോണിയ ഗാന്ധി ഈ വിധവകളെ കാണാത്തത് എന്ത് കൊണ്ട് എന്ന രീതിയിൽ വാർത്തകൾ വന്നു. ഉടൻ സോണിയ ഗാന്ധി അവർക്ക് തന്റെ സന്ദേശം കൊടുത്തയച്ചു. അന്ന് വൈകുന്നേരത്തോടെ ഏകദേശം അമ്പതിനായിരം കോടിയോളം വരുന്ന കാർഷിക ലോണുകൾ എഴുതി തള്ളാൻ സർക്കാർ തീരുമാനിച്ചു. ഇതൊരു വ്യക്തിയുടെ ഇടപെടലിന്റെ ഫലമാണ്.

ഞാൻ കണ്ടതിലും അറിഞ്ഞതിലും വെച്ച് ഏറ്റവും അസാധാരണയായ സ്ത്രീ ആണ് എന്റെ 'അമ്മ. അവർ ഒരു മികച്ച അമ്മയായിരുന്നില്ല എന്നത് തന്നെ ആണ് അതിന് കാരണം.

എഴുത്തുകാർക്ക് എല്ലാവർക്കും അവർ ആദ്യം എഴുതിയ വാക്യം ഏറെ പ്രിയപ്പെട്ടത് ആയിരിക്കും. കഴിഞ്ഞ ദിവസമാണ് ഒരു കുട്ടി ആയിരുന്നപ്പോൾ അരുന്ധതി എഴുതിയ ആദ്യ വാക്യം ഞാൻ മനസ്സിലാക്കിയത്. അതവസാനിപ്പിച്ച രീതി ഞാൻ ഇപ്പോഴും ഓർക്കുന്നു. അതൊരു ടീച്ചറെ കുറിച്ചായിരുന്നു. തന്നെ പ്രകോപിപ്പിച്ച ടീച്ചറോട് അരുന്ധതി പറഞ്ഞു : "Your knicker is torn" അവർ കഴിഞ്ഞ ഇരുപത് വർഷക്കാലം സമൂഹത്തിലെ അനീതികൾക്കെതിരെ Your knicker is torn എന്ന് പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. എന്താണ് ആദ്യമായി അങ്ങനെ എഴുതാൻ ഇടയായ ആ സംഭവം?


അരുന്ധതി റോയ് : നന്ദി വിനോദ്. എനിക്ക് മലയാളം വായിക്കാനും പറയാനും ഒക്കെ അറിയാം. എന്നാലും സ്റ്റേജിൽ ഇരുന്ന് പറയാൻ ഒരു മടിയാണ്. അതുകൊണ്ട് ഞാൻ ഇംഗ്ലീഷിൽ പറഞ്ഞോട്ടെ. രണ്ടു വർഷത്തിന് ശേഷം ഞാൻ ഇവിടെ വന്നു മലയാളത്തിൽ സംസാരിക്കും. നമ്മൾ ആദ്യം കണ്ടുമുട്ടിയത് മുത്തങ്ങയിൽ ആയിരുന്നു. അമേരിക്കൻ റേഡിയോക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുന്ന യുവ മാധ്യമപ്രവർത്തകനായിരുന്നു വിനോദ് അന്ന്. ഈയടുത്താണ് എന്റെ അമ്മ മരിച്ചത്. അവരുടെ അന്തിമ ചടങ്ങുകൾക്ക് വിനോദ് വന്നിരുന്നു. അവിടെ നിന്നായിരിക്കും എന്റെ ആദ്യ വാക്യത്തെ കുറിച്ച കഥ അറിഞ്ഞത്. എന്റെ അമ്മയും അച്ഛനും വിവാഹ മോചിതരായ ശേഷം ഞാൻ ഊട്ടിയിൽ താമസിക്കുന്ന സമയമായിരുന്നു അത്. കയ്യിൽ പൈസ ഒന്നും ഇല്ലായിരുന്നു. എനിക്കന്ന് നാലോ അഞ്ചോ വയസ്സ്. ഒരു മിഷനറി ടീച്ചറുണ്ടായിരുന്നു മിസ് മിറ്റൻ. അവർ എന്റെ ഗണിതശാസ്ത്ര അധ്യാപിക ആയിരുന്നു. അഞ്ചും രണ്ടും കൂട്ടിയാൽ ഏഴ് എന്ന് എനിക്ക് കൈവിരലുകളിൽ എണ്ണിയാൽ കിട്ടുമായിരുന്നു. അവർ എന്നെ പരീക്ഷിക്കാനായി വേറെ ഒരു ചോദ്യം തന്നു. അഞ്ചും ഏഴും കൂട്ടിയാൽ എത്ര ആകും? കൈവിരലുകൾ കൊണ്ട് എണ്ണാൻ കഴിയാത്തതിനാൽ ഞാൻ കാലും ഉപയോഗിച്ച് എണ്ണി. നീയെങ്ങനെ ആണ് ശരിയുത്തരം കണ്ടുപിടിച്ചതെന്ന് അവർ എന്നോട് ചോദിച്ചു. എനിക്ക് ആകെ പേടി ആയി. ആ പേടിയിൽ ഞാൻ പറഞ്ഞു ഞാൻ എന്റെ മനസ്സിൽ കണക്ക് കൂട്ടിയതാണെന്ന്. അവർ എന്നെ വിശ്വസിച്ചില്ല. എന്റെ കണ്ണുകളിൽ സാത്താനെ കാണാൻ കഴിയുമെന്ന് അവർ എന്നോട് എന്നും പറയുമായിരുന്നു. അവർ പറഞ്ഞത് ശരിയായിരുന്നുവെന്ന് തോന്നുന്നു ( ചിരിക്കുന്നു ). ഞാൻ പിന്നെ വീട്ടിൽ പോയപ്പോൾ അധ്യാപികയായ 'അമ്മ എന്നോട് എന്തോ എഴുതാൻ പറഞ്ഞു. ഞാൻ ആദ്യം എഴുതിയ വരി " I hate Mitton " എന്നായിരുന്നു. അവരെ കാണുമ്പോഴൊക്കെ എന്റെ മനസ്സിൽ വരുന്ന ചിത്രം എലികളുടേതായിരുന്നു. അത് കൊണ്ടാണ് Her knicker is torn എന്ന എഴുതിയത്.

എന്നെ പരിചപ്പെടുത്തിക്കൊണ്ട് ഇവിടെ പറഞ്ഞ കൂട്ടത്തിൽ ശബ്ദമില്ലാത്തവരുടെ ശബ്ദം എന്ന് വിശേഷിപ്പിക്കുകയുണ്ടായി. അത്തരം ഒരു വിശേഷണം എനിക്ക് ഒരിക്കലും ഇഷ്ടമല്ല. നിങ്ങൾ ഗൂഗിൾ ചെയ്ത് നോക്കിയാൽ ഏറ്റവും കൂടുതൽ കാണാൻ കഴിയുന്ന ഒരു പരാമർശം ശബ്ദമില്ലാത്തവർ എന്നൊന്ന് ഇല്ലായെന്നതാണ്. മനപ്പൂർവം അടിച്ചമർത്തപ്പെട്ടവരോ നിർബന്ധപൂർവം കേൾക്കപ്പെടാത്തവരോ ഇവിടെയുള്ളൂ.

അയ്മനത്തും കോട്ടയത്തുമുള്ളവർ എന്നെയും ചേട്ടനെയും മേൽവിലാസമില്ലാത്ത പിള്ളേരാണ്, അച്ഛനില്ലാത്ത പിള്ളേരാണ് എന്ന് പറയുമായിരുന്നു.

ഷില്ലോങിലാണ് ഞാൻ ജനിച്ചത്. എന്റെ 'അമ്മ ഒരു കോട്ടയം സ്വദേശിനിയായിരുന്നു. എന്റെ പിതാവ് ഒരു ബംഗാളി ആയിരുന്നു. അന്ന് അസമിലായിരുന്ന ഷില്ലോങ്ങിൽ തേയിലത്തോട്ടത്തിൽ ജോലിക്കാരനായിരുന്നു അദ്ദേഹം. എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ എന്റെ അമ്മയും അച്ഛനും വേർപിരിഞ്ഞു. അതിനു ശേഷം ഊട്ടിയിലേക്കും പിന്നെ കേരളത്തിലേക്കും വന്നു. ഞാൻ വളർന്നതൊക്കെ അയ്മനത്ത് ആയിരുന്നു. എനിക്ക് 22 വയസ്സുള്ളപ്പോഴാണ് എന്റെ അച്ഛൻ ആരാണെന്ന് ഞാൻ അറിയുന്നത്.

വിനോദ് കെ ജോസ് : നിങ്ങളുടെ കുടുംബത്തിലുള്ളവരും മറ്റുള്ളവരും നിങ്ങളെ " മേൽവിലാസമില്ലാത്ത പിള്ളേർ എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. നിങ്ങൾ എടുത്ത നിലപാടുകളുടെ വെളിച്ചത്തിൽ നിങ്ങളുടെ ജീവിതത്തെ കാണുന്നു ?

സ്വത്വബോധത്തിന്റെയും ജാതിബോധത്തിന്റെയും ഇരുമ്പു വേലികളാൽ വേർതിരിക്കപ്പെട്ട സമൂഹമാണ് ഇത്. അത്തരം വേലികൾക്കകത്തേക്ക് ചേർന്ന് നിൽക്കാത്ത ചിലരുണ്ട്. ഞാൻ അതിൽ ഒരാളാണ്.

അരുന്ധതി റോയ് : അയ്മനത്തും കോട്ടയത്തുമുള്ളവർ എന്നെയും ചേട്ടനെയും മേൽവിലാസമില്ലാത്ത പിള്ളേരാണ്, അച്ഛനില്ലാത്ത പിള്ളേരാണ് എന്ന് പറയുമായിരുന്നു. ഞങ്ങൾക്ക് ഞങ്ങളുടേതായ ഒരു ഇടം തന്നെ ഉണ്ടായിരുന്നില്ല. ഞങ്ങൾ എവിടെയും ബെലോങ് ചെയ്യുന്നവരല്ലായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യയിലെ സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കാൻ വന്ന ന്യൂ യോർക്ക് ടൈംസ് ന്റെ ലേഖകനോട് ഇന്ത്യയെ കുറിച്ച് നിങ്ങൾക്ക് എന്തറിയാമെന്ന ഞാൻ ചോദിച്ചു. അശാന്തിയെക്കുറിച്ചും അരാജകത്വത്തെക്കുറിച്ചും ഇവിടുത്തെ ജനങ്ങൾ സംസാരിക്കുന്നതിനെ കുറിച്ച് അയാൾ പറഞ്ഞു. എന്നാൽ അവർ അത് ട്രാഫിക് ജാമുകളുടെ ഇടവേളകളിൽ മാത്രം പറയുന്നതാണെന്ന് ഞാൻ പറഞ്ഞു. അല്ലാത്തപക്ഷം സ്വത്വബോധത്തിന്റെയും ജാതിബോധത്തിന്റെയും ഇരുമ്പു വേലികളാൽ വേർതിരിക്കപ്പെട്ട സമൂഹമാണ് ഇത്. അത്തരം വേലികൾക്കകത്തേക്ക് ചേർന്ന് നിൽക്കാത്ത ചിലരുണ്ട്. ഞാൻ അതിൽ ഒരാളാണ്.


നിങ്ങൾക്ക് അറിയാവുന്ന പോലെ എന്റെ അമ്മ ഒരു അധ്യാപിക ആയിരുന്നു. അവർ ഒരു സ്‌കൂൾ സ്ഥാപിച്ചു. സിറിയൻ ക്രിസ്ത്യാനികളുടെ പിന്തുടർച്ചാവകാശ നിയമത്തെ അവർ വെല്ലുവിളിച്ചു. അവർ സ്ഥാപിച്ച സ്‌കൂൾ തീർത്തും വ്യത്യസ്ത അനുഭവം തരുന്ന ഒരിടമായിരുന്നു; പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. ഞാൻ കണ്ടതിലും അറിഞ്ഞതിലും വെച്ച് ഏറ്റവും അസാധാരണയായ സ്ത്രീ ആണ് എന്റെ 'അമ്മ. അവർ ഒരു മികച്ച അമ്മയായിരുന്നില്ല എന്നത് തന്നെ ആണ് അതിന് കാരണം. ഞാൻ അത് വളരെ കൗതുകത്തോടെ ആണ് നോക്കികണ്ടിരുന്നത്. അവരുടെ ആ വന്യത അനുഭവിക്കാനായി മകൾ അല്ലാത്ത അവസ്ഥയിൽ അതിനെ നോക്കികാണേണ്ടി വന്നു. ആ വന്യത എനിക്ക് കുറെ മുറിവുകൾ സമ്മാനിച്ചിരുന്നു.അത് കൊണ്ട് തന്നെ എനിക്ക് പതിനാറു വയസ്സുള്ളപ്പോൾ ഞാൻ വീട് വിട്ടു.

എന്റെ അമ്മയുടെ അനുസ്‌മരണ യോഗത്തിൽ ഞാൻ പറഞ്ഞ പോലെ, അവർ എന്നെ ശിക്ഷിച്ചതിനാൽ, അടിച്ചതിനാൽ അഞ്ചാം വയസ്സിൽ ഞാനൊരു എഴുത്തുകാരിയായി. അവരുടെ ആ വേദന മറ്റൊരിടത്തു നിന്നും പ്രവഹിക്കുന്നതാണെന്ന് ഞാൻ മനസിലാക്കി. അതവരുടെ പിതാവിൽ നിന്നും സഹോദരനിൽ നിന്നും അവർ സ്‌കൂൾ തുടങ്ങാൻ ശ്രമിച്ച നഗരത്തിൽ നിന്നും ഭർത്താവിൽ നിന്നുമൊക്കെ ആയിരുന്നു. മറ്റൊരാളുടെ വീക്ഷണകോണിൽ നിന്നും ഒരു കാര്യം മനസ്സിലാക്കാൻ കഴിയുമ്പോഴാണ് നിങ്ങൾ ഒരു എഴുത്തുകാരിയോ നോവലിസ്റ്റോ ഒക്കെ ആകുന്നത്.

( തുടരും )

തയ്യാറാക്കിയത് : അഫ്സൽ റഹ്‌മാൻ