മനഃപൂര്‍വ്വം ഒരു ആരോഗ്യപ്രവര്‍ത്തകനെയും ജയിലില്‍ ഇടണമെന്ന് ആഗ്രഹച്ചിട്ടില്ല - ഹര്‍ഷിന
കോഴിക്കോട് മെഡിക്കല്‍ കോളജില്‍വെച്ച് ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയുടെ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. നീതി അരികിലേക്കെത്തിയെന്നും തെരുവ് സമരത്തില്‍നിന്ന് ഇനി നിയമ പോരാട്ടത്തിലേക്കെന്നും ഹര്‍ഷിന. അഭിമുഖം: ഹര്‍ഷിന/അതുല്യ. വി
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഒടുവില്‍ പൊലീസ് കുറ്റപത്രം സമര്‍പിച്ചിരിക്കുന്നു. ഹര്‍ഷിനയുടെ സമരത്തോട് മുഖം തിരിഞ്ഞുനിന്ന സര്‍ക്കാരിനേറ്റ തിരിച്ചടികൂടിയല്ലേ ഇത്?
ഞാന്‍ കൊടുത്ത പരാതിയില്‍ പൊലീസ് സത്യസന്ധമായ അന്വേഷണം നടത്തി. 750 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ 60 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരുപാട് പ്രതിസന്ധികള്‍ക്കും സമ്മര്‍ദങ്ങള്‍ക്കുമിടയിലും സത്യസന്ധമായ റിപ്പോര്‍ട്ടാണ് പൊലീസ് നല്‍കിയത്. വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്ന് അസിസ്റ്റന്റ് കമീഷണര്‍ പറയുകയുണ്ടായി. ഈ കുറ്റപത്രം സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കാരണം, പ്രശ്‌നം പരിഹരിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നു ഉണ്ടായിട്ടില്ല. പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാതെ കേവലം കുറഞ്ഞ തുക നല്‍കി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തിയത്. ഹര്‍ഷിനക്കൊപ്പം എന്ന് പറഞ്ഞുകൊണ്ടിരിക്കുക, അത് മാത്രമേ സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ. മെഡിക്കല്‍ നഗ്‌ളിജന്‍സ് നടന്നു എന്നതില്‍ ഒരു സംശയവുമില്ല. ഹര്‍ഷിനക്കൊപ്പം ആയിരുന്നെങ്കില്‍ മുഴുവന്‍ തുകയില്ലെങ്കിലും പര്യാപ്തമായ നഷ്ടപരിഹാരം എങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിക്കുമായിരുന്നു. മുടന്തന്‍ ന്യായങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ഭാഗത്തുനിന്നു ഉണ്ടായത്. ഞാന്‍ പൊലീസ് പരാതി നല്‍കിയതിനു പിന്നാലെയാണ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതും ആഭ്യന്തരവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതും.
ഒരു കുടുംബം തകര്‍ന്ന നിലയില്‍ എത്തിയതിനെ കുറിച്ചോ ഞാന്‍ അനുഭവിച്ച വേദനകളെ കുറിച്ചോ അവര്‍ ഓര്‍ത്തില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹര്‍ഷിനൊപ്പം എന്ന പാഴ്‌വാക്ക് മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. എല്ലാവരുടെയും പ്രതീക്ഷകള്‍ മറികടന്നാണ് നീതി ഉറപ്പാക്കുന്ന തരത്തിലുള്ള കുറ്റപത്രം ഇപ്പോള്‍ സമര്‍പ്പിച്ചത്. ആത്മവിശ്വാസം കൊണ്ട് മാത്രമാണ് ഇത്രയും പ്രതിസന്ധികള്‍ കടന്നു ഈ നിലയില്‍ എത്താന്‍ സാധിച്ചത്. എത്ര നീണ്ടുപോയാലും എനിക്ക് നീതി ലഭിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്.
ചികിത്സാ പിഴവ്മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് നീതി ഉറപ്പാക്കാന്‍ നിയമം നിര്‍മിക്കണം എന്നൊരാവശ്യം ഹര്‍ഷിന നേരത്തെ ഉന്നയിച്ചിരുന്നല്ലോ? അതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണം?
അതെ, ചികിത്സ പിഴവ് മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍, നീതി ലഭിക്കാന്‍ തീര്‍ച്ചയായും ഒരു നിയമമുണ്ടാകണം. കാരണം, ചികിത്സാ പിഴവ് ഉണ്ടെന്ന് വ്യക്തമായ എന്റെ കേസില്‍ പോലും കുറ്റപത്രം സമര്‍പ്പിക്കാന്‍ ഇത്രയും കാലതാമസം എടുത്തു. ഞാന്‍ അഞ്ചുവര്‍ഷം പ്രയാസമനുഭവിച്ചു. ഒന്നര വര്‍ഷത്തോളമായി നിരന്തരം സമരത്തിലാണ്. എന്റെ ഈ അനുഭവങ്ങള്‍ വെച്ചുകൊണ്ടാണ് ഞാന്‍ പറയുന്നത്, ചികിത്സാ പിഴവ് മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് നീതി ലഭിക്കാന്‍ നിയമം വേണമെന്ന്. ഇനി ഒരാള്‍ക്ക് പോലും ഇങ്ങനെയൊരു ഗതികേട് ഉണ്ടാവാന്‍പാടില്ല. ഞാന്‍ സമര രംഗത്തേക്ക് ഇറങ്ങിയപ്പോള്‍ അനുഭവിച്ച പ്രതിസന്ധികള്‍ എല്ലാവര്‍ക്കും അറിയാം.
രോഗികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ആര് നീതി തരും? നീണ്ടുനീണ്ടു പോകുന്ന നീതി അനീതിയാണ്. എത്രയും പെട്ടെന്ന് നീതി ലഭിക്കുന്ന നിയമവ്യവസ്ഥ ആരോഗ്യവകുപ്പും ഗവണ്‍മെന്റും നിര്‍മിക്കണം. ചികിത്സ പിഴവിനെതിരെ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ജനങ്ങള്‍ ഇപ്പോഴും ബോധവാന്മാരല്ല. ഞാന്‍ ഒരുപാട് വാതിലുകള്‍ മുട്ടി. എന്നിട്ടും നിയമനടപടികള്‍ എടുക്കാത്തതിനെത്തുടര്‍ന്ന്, എന്തെന്നില്ലാത്ത ഇച്ഛാശക്തി കൊണ്ടാണ് ഇപ്പോള്‍ ഈ കുറ്റപത്രം സമര്‍പ്പിക്കുന്ന നിലയിയിലേക്കെങ്കിലും എത്തിക്കാന്‍ കഴിഞ്ഞത്. മെഡിക്കല്‍ ബോര്‍ഡിനെ തള്ളിയാണ് പൊലീസ് ഈ കുറ്റപത്രം സമര്‍പ്പിച്ചത് എന്നതിന് വളരെ പ്രാധാന്യമുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് നിയമം വന്നല്ലോ. രോഗികളും മനുഷ്യരല്ലേ? ചികിത്സാ പിഴവ് മൂലം ദുരിതമനുഭവിക്കുന്ന രോഗികള്‍ക്ക് നീതി ലഭിക്കാന്‍ നിയമം വരണം.
മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ പരാതി നല്‍കിയശേഷം മടങ്ങുന്ന ഹര്‍ഷിന
കഴിഞ്ഞ വര്‍ഷം മുഴുവന്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു. 2024 ല്‍ പൂര്‍ണമായി നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടോ?
ശസ്ത്രക്രിയ ഉപകരണം വയറ്റില്‍ കുടുങ്ങിയതു മൂലമാണ് ഈ അഞ്ചുവര്‍ഷവും വേദന അനുഭവിച്ചതെന്ന് ഞാന്‍ അറിയുന്നത് 2022 സെപ്റ്റംബര്‍ 17നാണ്. ജീവിതകാലം മുഴുവന്‍ അനുഭവിക്കാനുള്ള തരത്തിലുള്ള ഒരു മേജര്‍ ഓപ്പറേഷനും കഴിഞ്ഞു. പിന്നീട് ആറുമാസത്തോളം ഗവണ്‍മെന്റിനെയും ആരോഗ്യവകുപ്പിനെയും വിശ്വസിച്ചു. ആഭ്യന്തരവകുപ്പിലെ മൂന്ന് സമതികള്‍ അന്വേഷണങ്ങള്‍ നടത്തിയിട്ടും എനിക്ക് അനുകൂലമായി റിപ്പോര്‍ട്ട് വന്നില്ല, സര്‍ക്കാര്‍ ശരിക്കും ഞങ്ങളെ പറ്റിച്ചു. സ്‌കാനിങ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ മൂന്ന് സമിതിക്ക് മുന്നിലും സമര്‍പ്പിച്ചെങ്കിലും അനുകൂലമായ നടപടി ഉണ്ടായില്ല. അവര്‍ ചികിത്സാ പിഴവിന് ഇരയായ രോഗിയെ സംരക്ഷിക്കാതെ ആരോഗ്യ പ്രവര്‍ത്തകരെയും ആരോഗ്യവകുപ്പിനെയും സംരക്ഷിച്ചു. അത്രയും വലിയവര്‍ക്കെതിരെയാണ് 2023 ല്‍ പോരാടിയത്. പൊലീസില്‍ ക്രിമിനല്‍ കേസ് കൊടുത്തിട്ടും നീതി ലഭിക്കാതെ അവഗണന മാത്രം ലഭിച്ചപ്പോഴാണ് ശക്തമായ പോരാട്ടത്തിലേക്ക് ഒരു സാധാരണ വീട്ടമ്മയായ ഞാന്‍ മുന്നിട്ടിറങ്ങിയത്. മൂന്ന് ചെറിയ മക്കളുടെ അമ്മയായ ഞാന്‍ 104 ദിവസമാണ് തെരുവില്‍ ഇരുന്ന് സമരം ചെയ്തത്. മറ്റേത് രാജ്യത്തിലായിരുന്നു എങ്കിലും ഇതിന് പരിഹാരം കാണുമായിരുന്നു. നമ്മുടെ വ്യവസ്ഥയ്‌ക്കെതിരെയാണ് പോരാടുന്നത്. 2022ല്‍ തുടങ്ങി 2023 മുഴുവന്‍ ഏകദേശം ഒന്നര വര്‍ഷത്തോളം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കരുണയും ദയവുമില്ലാത്ത സര്‍ക്കാര്‍ ആയതുകൊണ്ടാണ് നീതുക്കുവേണ്ടി ഇത്രയും വൈകിപ്പിക്കുന്നത്. 2024 ല്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. ദൈവം കൂടെയുണ്ടാവും എന്ന വിശ്വാസമുണ്ട്.
കേരളം സാക്ഷ്യം വഹിച്ച ഉറച്ച സ്ത്രീ ശബ്ദമായിരുന്നു ഹര്‍ഷിനയുടേത്?
ഇത്രയും വലിയ സമരത്തിന് നേതൃത്വം നല്‍കി മുന്നോട്ടു വരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ലായിരുന്നു. ഇപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. കാരണം ഹര്‍ഷിന എന്ന വ്യക്തിക്ക് വേണ്ടി മാത്രമല്ലായിരുന്നു എന്റെ പോരാട്ടം. 104 ദിവസം തെരുവില്‍ ഇരുന്ന് സമരം ചെയ്തപ്പോള്‍ ഒരുപാട് രോഗികളാണ് ചികിത്സാ പിഴവുകളെക്കുറിച്ചും അതുമൂലം തങ്ങള്‍ അനുഭവിച്ച പ്രയാസങ്ങളെ കുറിച്ചും പറഞ്ഞത്. അവര്‍ക്കെല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ പോരാടിയത്. സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ക്കെതിരെ പോരാടാന്‍ സാധിക്കാത്ത പലര്‍ക്കും വേണ്ടിയായിരുന്നു സമരം ചെയ്തത്. ഇത്രയും വലിയ ജനപിന്തുണയും മാധ്യമ പിന്തുണയും പ്രതീക്ഷിച്ചിരുന്നില്ല. പ്രതീക്ഷിച്ചതിലും എത്രയോ വലിയ പിന്തുണയാണ് ലഭിച്ചത്. സമര വിജയത്തിനായി ഒരുപാട് പേരുടെ പ്രയത്‌നവും പ്രാര്‍ത്ഥനയും ഉണ്ടായിട്ടുണ്ട്.
മെഡിക്കല്‍ കോളജിനു മുന്നിലെ സമരപന്തലില്‍ ഹര്‍ഷിനയും സഹപ്രവര്‍ത്തകരും
തുടര്‍ന്നുള്ള നീക്കങ്ങള്‍ എന്തൊക്കെയാണ്. സമരം മുന്നോട്ടു കൊണ്ടുപോകുമോ?
ഇതുവരെ നടത്തിയത് തെരുവ് സമരങ്ങള്‍ ആയിരുന്നു. ഒരു പരിധിവരെ അതില്‍ ഞങ്ങള്‍ ജയിച്ചിട്ടുണ്ട്. കാരണം, വലിയ ബുദ്ധിമുട്ടുകളിക്കാതെ പൊലീസിനു മുന്നോട്ടു പോവാന്‍ സമരം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ ജനപിന്തുണ ലഭിച്ചതും സമരത്തിലൂടെയാണ്. കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇനി സമര പോരാട്ടത്തിലുപരി നിയമ പോരാട്ടത്തിലേക്ക് പോവാനാണ് തീരുമാനം. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൂടുതല്‍ വൈകാതെ വിചാരണയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് നഴ്സുമാരും രണ്ട് ഡോക്ടറര്‍മാരും പ്രതികളാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. മനഃപൂര്‍വ്വം ഒരു ആരോഗ്യപ്രവര്‍ത്തകനെ പോലും ജയിലില്‍ ഇടണമെന്ന് ആഗ്രഹച്ചിട്ടില്ല. അവരുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധക്ക് തക്കതായ പരിഹാരം ഉണ്ടാകണം. മറ്റൊരാള്‍ക്കും ഇനി എന്റെ അവസ്ഥയുണ്ടാകരുത്. അഭിമാനമുണ്ട് ഇത്രയും വലിയ സംവിധാനങ്ങളോട് പോരാടി കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലേക്കെങ്കിലും എത്തിച്ചേര്‍ന്നതില്‍. കേസ് ശക്തമായ രീതിയില്‍ തന്നെ മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം.