ആലഞ്ചേരി പിതാവ് അങ്ങിനെ പറയരുതായിരുന്നു - ഫാ. പോള്‍ തേലക്കാട്ട്
പ്രത്യയശാസ്ത്രം തിരുത്താത്ത ബി.ജെ.പിയോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് തെറ്റായ സന്ദേശം നല്‍കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിഭാഗങ്ങള്‍ അരക്ഷിതരാണ്. കേരളത്തിലെ സാഹചര്യം മാത്രം നോക്കി അത്തരത്തില്‍ നിലപാടെടുക്കുന്നത് ശരിയല്ല എന്നിങ്ങനെയാണ് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് ആലഞ്ചേരിയുടെ ബി.ജെ.പി അനുകൂല പ്രസ്താവനയോട് ഫാദര്‍ പോള്‍ തേലക്കാട്ട് പ്രതികരിക്കുന്നത്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ബി.ജെ.പി അനുകൂല പ്രസ്താവന വലിയ ചര്‍ച്ചകളിലേക്കാണ് വഴിവെച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭക്കുള്ളില്‍ നിന്നുപോലും കടുത്ത എതിര്‍പ്പ് ഉയരുന്ന ഘട്ടത്തിലാണ് ഫാദര്‍ പോള്‍ തേലക്കാട്ട് തന്റെ അഭിപ്രായം പങ്കുവെക്കുന്നത്.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. ബി.ജെ.പി ഭരണത്തിന് കീഴില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല എന്ന് പറയുന്നു. മോദി നല്ല നേതാവാണ് ആരോടും ഏറ്റുമുട്ടാന്‍ പോകാറില്ല എന്നും പറയുന്നു. അത്തരത്തിലുള്ള പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നത്. അതിനോടുള്ള താങ്കളുടെ പ്രതികരണം?
ക്രൈസ്തവര്‍ അരക്ഷിതരല്ല എന്ന് ആലഞ്ചേരി പിതാവ് പറഞ്ഞത് ഒരുപക്ഷെ കേരളത്തിലെ ക്രൈസ്തവരെ സംബന്ധിച്ചായിരിക്കാം. അതിന് കാരണമുണ്ട്, കേരളം ഒരു സെക്കുലര്‍ സ്റ്റേറ്റ് ആണ്. കേരളം, മാര്‍ക്‌സിസ്റ്റുകാര്‍ ഭരിക്കുന്ന സ്റ്റേറ്റുമാണ്. കര്‍ണാടകയില്‍ കഴിഞ്ഞ മാര്‍ച്ച് മുപ്പതാം തിയ്യതി തന്നെ ഒരു ഹോര്‍ട്ടികള്‍ച്ചര്‍ മിനിസ്റ്റര്‍ പറഞ്ഞത് ക്രൈസ്തവരെ അടിച്ചോടിക്കണമെന്നാണ്. അത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതൊക്കെയും കേരളത്തിന് പുറത്ത് ധാരാളം നടക്കുന്നുണ്ട്. അത് നടക്കുന്നത് ഉത്തര്‍പ്രദേശും രാജസ്ഥാനും ഗുജറാത്ത് പോലുള്ള പല സംസ്ഥാനങ്ങളിലുമാണ്.
ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കെതിരെ എഴുതപ്പെട്ട നിലപാടുള്ള പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. ആ നിലപാട് അവര്‍ ഇതുവരെ തിരുത്തിയിട്ടില്ല. ഈ ഒരു ഘട്ടത്തില്‍ ആലഞ്ചേരി ബി.ജെ.പി അനുകൂല നിലപാടെടുക്കുമ്പോള്‍ അതൊരു തെറ്റായ സന്ദേശം നല്‍കാന്‍ സാധ്യതയില്ലേ?
തീര്‍ച്ചയായും. ആലഞ്ചേരി ബി.ജെ.പി അനുകൂല നിലപാടെടുക്കുമ്പോള്‍ അതില്‍ തെറ്റായ സന്ദേശം നല്‍കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, മത മേലധ്യക്ഷന്മാര്‍ കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് ഉചിതം. കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ വളരെ ക്രിയാത്മകമായും വിമര്‍ശാനാത്മകമായും ഇടപെടേണ്ട സാഹചര്യം ഉണ്ട്. അവിടെ ഇങ്ങനൊരു പ്രസ്താവന ഉണ്ടാകാന്‍ ഇട കൊടുക്കരുതായിരുന്നു.
കോണ്‍ഗ്രസ്സിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് ബി.ജെ.പി അനുകൂല നിലപാട് അദ്ദേഹം എടുക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാര്‍ട്ടിയോട് പ്രതിബദ്ധതയില്ല എന്നടക്കമുള്ള വിമര്‍ശനം അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്?
അങ്ങനെ ഏതെങ്കിലുമൊരു പാര്‍ട്ടിയെ പുകഴ്ത്തിയോ ഇകഴ്ത്തിയോ മതമേലധ്യക്ഷന്മാരോ അച്ഛന്മാരോ പ്രസംഗിക്കരുത് എന്ന അഭിപ്രായക്കാരനാണ് ഞാന്‍. അവിടെ പള്ളിയില്‍ നിന്നും ദൈവത്തിന്റെ അധികാരത്തിന്റെ മേഖലയിലിരുന്നുകൊണ്ടും പറയുമ്പോള്‍ പുലര്‍ത്തേണ്ട ഒരു മാനവികതയുണ്ട്. ആ മാനവികത എല്ലാവരും ഉള്‍കൊള്ളുന്നതാകണം. പരസ്പരം അകറ്റുന്നതോ അകല്‍ച്ച കൂട്ടുന്നതോ അകല്‍ച്ചക്ക് കരണമാവുന്നതോ ആയ പ്രസ്താവനകള്‍ ഉപേക്ഷിക്കണം.
ഏറെ വിവാദമായ ഭൂമി ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് അടക്കം അന്വേഷണം നടക്കുകയാണ്. അപ്പോള്‍ വിമതര്‍ കുറ്റപ്പെടുത്തുന്നത് ആലഞ്ചേരി അങ്ങനൊരു നിലപാട് എടുക്കാന്‍ കാരണം ഇ.ഡി അന്വേഷണത്തിനെ തടസ്സപ്പെടുത്തുക എന്നുള്ളതാണെന്നാണ്?
അങ്ങനെയാന്നായിരുന്നു അത് എന്നെനിക്ക് പറയാനാവില്ല. തീര്‍ച്ചയായും ചില താല്‍പര്യങ്ങള്‍ വ്യക്തികള്‍ക്ക് ഉണ്ടാകാം. ആ താല്‍പര്യങ്ങള്‍ വെച്ച് സംസാരിക്കുകയും ചെയ്യാം.
മുന്‍പെങ്ങും ഇല്ലാത്ത വിധത്തില്‍ ബി.ജെ.പി ക്രിസ്ത്യന്‍ സഭയുമായി അടുക്കാന്‍ ശ്രമിക്കുന്നു. ഈസ്റ്റര്‍ ദിവസം തന്നെ മത മേലധ്യക്ഷന്മാരെ നേരിട്ട് കാണുന്നു?
ആ നീക്കങ്ങള്‍ പലതും രാഷ്ട്രീയമാണ്. രാഷ്ട്രീയമായി കേരളത്തില്‍ അധികാരത്തില്‍ വരണമെങ്കില്‍ ഭൂരിപക്ഷ സമൂഹം മാത്രം പോര ഏതെങ്കിലും ഒരു ന്യൂനപക്ഷ സമൂഹവും വേണമെന്നവര്‍ക്കറിയാം. അത് ഒരു പൊളിറ്റിക്കല്‍ ലക്ഷ്യം മാത്രം വെച്ചുകൊണ്ടുള്ളതാണെങ്കില്‍ അത് തിരിച്ചറിയാനുള്ള ബോധം ക്രൈസ്തവര്‍ക്ക് ഉണ്ടാകും എന്ന് ഞാന്‍ വിചാരിക്കുന്നു.