മനുഷ്യന്‍ മനുഷ്യന്റെ മുന്നില്‍ കുമ്പിട്ടുനിന്നിട്ട് എന്ത് സ്വാതന്ത്ര്യം?
മാവോയിസ്റ്റ് കേസില്‍ യു.എ.പി.എ ചുമത്തി ആറു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടിയ ഇബ്രാഹിം സംസാരിക്കുന്നു.
മാവോയിസ്റ്റ് കേസില്‍ യു.എ.പി.എ ചുമത്തി ആറു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടിയ ഇബ്രാഹിം സംസാരിക്കുന്നു.
അറസ്റ്റിനെ കുറിച്ച്
2015 ജൂലൈ 12 ഞായറാഴ്ച, കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ അടുത്തു നിന്നാണ് എന്നെ അറസ്റ്റ് ചെയ്യുന്നത്. ആദ്യം കൊണ്ടുപോയത് കൊയിലാണ്ടി എസ്.പി ഓഫീസിലേക്കാണ്. അവിടെ നിന്ന് തിക്കോടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. അവിടെ സി.ഐയുടെ ഓഫീസില്‍ വെച്ചാണ് എന്നെ ചോദ്യം ചെയ്തത്. പക്ഷെ, പൊലീസിന്റെ റെക്കോര്‍ഡില്‍ അറസ്റ്റ് നടന്നത് ജൂലൈ 13ന് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ അവിടെ ഒരുപാട് ആളുകള്‍ കൂടിനിന്നിരുന്നു എന്നത് കൊണ്ടാവാം എന്നെ കൊല്ലാതെ വിട്ടത്. ജനങ്ങള്‍ കണ്ടല്ലോ എന്നെ ജീപ്പില്‍ കയറ്റി കൊണ്ട് പോകുന്നത്. അപ്പോള്‍ ഏറ്റുമുട്ടല്‍ എന്നൊന്നും പറഞ്ഞു കൊന്നുകളയാന്‍ പറ്റില്ല. അല്ലെങ്കില്‍ എന്നെ കൊല്ലുമായിരുന്നു എന്ന് ഞാന്‍ ഇന്നും വിശ്വസിക്കുന്നു. അത്രക്ക് വൈരാഗ്യത്തോടെ ആയിരുന്നു പൊലീസിന്റെ പല സമീപനങ്ങളും. നമ്മള്‍ ചെയ്യുന്നത് എന്താണ് എന്നവര്‍ പരിശോധിക്കുന്നില്ല.
ഇടതുപക്ഷ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്
1970 കളില്‍ തന്നെ സി.പി.എം അനുഭാവിയായിരുന്നു. അവര്‍ക്ക് വേണ്ടി വോട്ട് പിടിക്കാനൊക്കെ പോയിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്താണ് ഞാന്‍ സി.പി.എമ്മിലേക്ക് വരുന്നത്. അന്ന് കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ആര്‍.എസ്.എസിനെയും അവര്‍ കൂട്ടുപിടിച്ചു. അതില്‍ എനിക്ക് വിയോജിപ്പുണ്ടായിരുന്നു. വര്‍ഗീയ ശക്തികളുമായി സന്ധിയാവുന്നതിനെ ഞാന്‍ അന്നും ഇന്നും എതിര്‍ത്തിട്ടുണ്ട്. വര്‍ഗീയമായി വോട്ട് ചോദിച്ചാല്‍ ഇവിടുത്തെ ഭൂരിപക്ഷത്തിന് ഒന്നും സംഭവിക്കില്ല. പക്ഷെ, ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിലേക്ക് അത് എത്തിച്ചേരും. അതാണല്ലോ നാം ഇപ്പോള്‍ കാണുന്നത്. ഞാനിത് പറയുന്നത് ഒരു മുസ്ലിം ആയത് കൊണ്ടാണ് എന്നാണെന്ന് രാഷ്ട്രീയ കക്ഷികള്‍ പറഞ്ഞേക്കാം. എനിക്ക് ഒരു മതത്തിനോടും താല്‍പര്യമില്ല. മതം മനുഷ്യരെ അടുപ്പിക്കുന്ന ഒന്നാണെന്നും എനിക്ക് തോന്നിയിട്ടില്ല.
ഒരുപാട് സമരങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. പാവപ്പെട്ട തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സമീപനം ആണ് ഇവുടത്തെ സമ്പന്നര്‍ കാലങ്ങളായി ചെയ്ത് പോരുന്നത്. ഞാന്‍ ജോണ്‍ എന്ന ഒരു എന്‍ജിനീയറുടെ വീട്ടില്‍ പണിയെടുക്കാന്‍ പോയിട്ടുണ്ട്. 1970 കളിലാണ്. അയാള്‍ മര്യാദക്ക് കൂലി തരില്ല, ഭക്ഷണം തരില്ല. ഒരു ദിവസം വീട്ടില്‍ ഏതോ ചടങ്ങിന്റെ ഭാഗമായി എന്നെ വിളിച്ചു ചോറ് തന്നു. ഞാന്‍ നോക്കുമ്പോള്‍ വീട്ടില്‍ കുട്ടികള്‍ ബാക്കിയാക്കിയ കുഴച്ച ചോറാണ് തന്നിരിക്കുന്നത്. എനിക്ക് ബാക്കി തിന്നുന്നതിന് ബുദ്ധിമുട്ടൊന്നുമില്ല, ഞാന്‍ ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്. പക്ഷെ, നല്ല ഭക്ഷണം തരാന്‍ കഴിവുള്ളവര്‍ തൊഴിലാളികളോട് ഇങ്ങനെ ചെയ്യുന്നത് വിവേചനമാണ്, അത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ല. പണിയെടുക്കുമ്പോള്‍ നല്ല വിശപ്പാണ്. ഞാന്‍ ഭക്ഷണം ആവശ്യപ്പെട്ടത് കൊണ്ടത് മാത്രം എന്നെ പണിക്ക് വിളിക്കാതിരിന്നിട്ടുണ്ട്. എനിക്കന്ന് പ്രതികരിക്കാന്‍ പറ്റുമായിരുന്നു. അതുകൊണ്ട് ഞാന്‍ സമരം ചെയ്തു. അങ്ങനെ സമരം ചെയ്തിട്ട് എനിക്ക് 2500 രൂപ വരെ കൂലി കിട്ടിയിട്ടുണ്ട്. ഞാന്‍ ജീവിതത്തില്‍ ഒരു ചില്ലിക്കാശുപോലും അനധികൃതമായി ആരോടും വാങ്ങിയിട്ടില്ല. പണിയെടുക്കാതെ ഇതുവരെ ജീവിച്ചിട്ടില്ല. എല്ലാ പണിയും ചെയ്യും. അത് ജീവിക്കാന്‍ വേണ്ടിയാണ്. പക്ഷെ, എനിക്കൊരു സൈക്കിള്‍ ഓടിക്കാന്‍ അറിയില്ല. ഞാന്‍ പഠിച്ചിട്ടില്ല. എവിടെ പണിക്ക് പോയാലും എനിക്ക് തരുന്ന കൂലിക്ക് ഞാന്‍ പണിയെടുക്കും. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. തൊഴിലാളികളെ അടിമയായി കാണുന്ന സമ്പ്രദായം ആയിരുന്നു അന്ന്. ഇന്നും മതപരമായും ജാതീയമായും രാഷ്ട്രീയപരമായും ഒക്കെ പലരീതിയില്‍ മനുഷ്യര്‍ വിവേചനം അനുഭവിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി നമ്മളെ കൊണ്ട് ആവുന്നത് ചെയ്യണം എന്ന ബോധ്യത്തിലാണ് 90 കളിലെ ഹാരിസണ്‍ സമരത്തിലും പങ്കെടുത്തത്. അവിടെ നിന്നാണ് തുടക്കം. ആ സമരങ്ങള്‍ക്ക് ശേഷം വളരെ ദയനീയമായ അവസ്ഥയിലൂടെയാണ് എന്റെ ജീവിതം കടന്നുപോയിട്ടുള്ളത്.
സ്വയം തകരുന്ന സി.പി.എം
സി.പി.എമ്മിന് കേരളത്തില്‍ വളര്‍ച്ചയുണ്ടായത് എങ്ങനെയെന്ന് നമുക്കറിയാം. വര്‍ഗീസിന്റെയും രാജന്റെയും ഒക്കെ കൊലപാതകങ്ങള്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചും ശക്തമായ നിലപാടുകള്‍ എടുത്തും കയറി വന്നതാണ് പിണറായി വിജയനെ പോലുള്ളവര്‍. ഇപ്പോള്‍ ഭരണം കിട്ടിയപ്പോഴാണ് അവര്‍ മാവോയിസ്റ്റുകളെയും മറ്റും കൊല്ലാന്‍ തീരുമാനിച്ചത്. പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകളാണ് അവരെ തകര്‍ത്തത് എന്ന് പറയുന്നു. അങ്ങനെയെങ്കില്‍ മണിപ്പൂരില്‍ മാവോയിസ്റ്റാണോ സി.പി.എമ്മിനെ തകര്‍ത്തത്? അല്ല, അവര്‍ സ്വയം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. അതിനുത്തരവാദി അവരുടെ തന്നെ നയങ്ങളും ജനങ്ങളോടുള്ള സമീപനവും ആണ്. ഇപ്പോള്‍ വികസനത്തിന് ആളുകള്‍ തടസ്സം നില്‍ക്കുന്നു എന്ന് പറയുന്നു. ഒന്ന് പരിശോധിച്ചാല്‍ കേരളത്തില്‍ വികസനത്തിന് ഏറ്റവും കൂടുതല്‍ തടസ്സം നിന്നിട്ടുള്ളത് സി.പി.എമ്മാണ് എന്ന് കാണാന്‍ കഴിയും. ഭരണം കയ്യില്‍ വന്നപ്പോളാണ് വികസനം വേണമെന്ന നിലപാടെടുത്തത്. ഇവര്‍ക്കുവേണ്ടി ഞാനും കുറെ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. ഞാന്‍ മാവോയിസ്റ്റ് ആണെന്നാണ് ഇപ്പോള്‍ പറയുന്നത്.
അവര്‍ക്ക് വിരോധം ഉള്ളവരെ ഇല്ലായ്മ ചെയ്യാന്‍ മാവോയിസ്റ്റ് എന്നൊക്കെ വിളിച്ച് ജയിലിടുന്ന സമീപനമാണ് ഇപ്പോള്‍ കാണുന്നത്. ജാമ്യം ലഭിച്ചതിന് ശേഷം എന്നെ ജയിലില്‍ നിന്ന് കൂട്ടിക്കൊണ്ട് പോകാന്‍ വന്ന വക്കീലിനെയും സുഹൃത്തിനെയും ' നിങ്ങള്‍ മാവോയിസ്റ്റാണ്, ഇവിടെ നില്‍ക്കാന്‍ പറ്റില്ല' എന്ന് പറഞ്ഞു പൊലീസ് തിരിച്ച് അയച്ചു. എനിക്ക് നടക്കാന്‍ കഴിയില്ലായിരുന്നു. അത് പറഞ്ഞപ്പോള്‍ വണ്ടിയില്‍ പുറത്തെത്തിച്ചു തരാം എന്നുപറഞ്ഞു. അത് ചെയ്തില്ല. ഞാന്‍ അര കിലോമീറ്ററോളം നടന്നാണ് വക്കീലിന്റെ അടുത്തെത്തിയത്. ഇതാണ് ഇവിടുത്തെ ജനാധിപത്യം. ഇവിടെ സത്യം, സമത്വം, സ്വാതന്ത്ര്യം എന്നൊക്കെ ആണല്ലോ പറയുന്നത്. എന്നാല്‍, മദ്യപിക്കാനും മറ്റുമുള്ള സ്വാതന്ത്ര്യം മാത്രമാണ് ഇവര്‍ ആഘോഷിക്കുന്നത്. അതല്ലാതെ സത്യവുമില്ല, സമത്വവുമില്ല എന്നത് നഗ്നമായ യാഥാര്‍ഥ്യമാണ്.
ജയിലനുഭവങ്ങള്‍
ആദ്യം എന്നെ കൊണ്ടുപാകുന്നത് കോഴിക്കോടേക്കാണ്. അവിടെ സൂപ്രണ്ട് ആയിരുന്ന അജിത്കുമാര്‍ ഒരു തടവ് പുളളിയെ മര്‍ദിക്കുന്നതു ഞാന്‍ കണ്ടു. ഞാന്‍ അതില്‍ സാക്ഷി പറയും എന്ന് പറഞ്ഞപ്പോള്‍ എന്നെ കണ്ണൂരിലേക്ക് ജയില്‍ മാറ്റി. അവിടെ വളരെ മോശമായ അനുഭവങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് നേരിടേണ്ടി വന്നിട്ടുള്ളത്. സി.പി.എമ്മിന്റെ ഭാഗമായിട്ടുള്ള പ്രതികള്‍ക്ക് എന്തും പറയാം, ചെയ്യാം എന്ന അവസ്ഥയാണ്. പത്താം ബ്ലോക്കില്‍ താമസിക്കുന്ന രണ്ടു പ്രതികളെ സി.പി.എമ്മിന്റെ ആളുകള്‍ വന്ന് തല്ലിയിട്ടും നോക്കിനില്‍ക്കുകയും സംരക്ഷിക്കുകയും ആണ് പൊലീസ് ചെയ്തത്. ജയിലില്‍ കിട്ടാത്തതായി ഒന്നുമില്ല. പൊലീസാണ് ഇതൊക്കെ എത്തിച്ചു കൊടുക്കുന്നത്. ഇതാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കീഴില്‍ ജയിലുകളുടെ അവസ്ഥ.
പിന്നീട് എറണാകുളത്തുള്ള ജയിലിലേക്കു മാറ്റണം എന്ന് ജഡ്ജി ആവശ്യപ്പെട്ടതനുസരിച്ചാണ് 2019 ല്‍ വിയ്യൂര്‍ ജയിലിലേക്ക് എന്നെ മാറ്റുന്നത്. അവിടെ വന്ന് പതിമൂന്ന് ദിവസം കഴിഞ്ഞപ്പോ എന്നെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ജയിലില്‍ പൊലീസുകാരുടെ ഭാഗത്ത് നിന്ന് മനുഷ്യത്വ രഹിതമായ ഒരുപാട് സമീപനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൂപ്രണ്ട് ഇടക്ക് പരിശോധനക്ക് വരും. അപ്പോള്‍ നമ്മള്‍ പായയും പാത്രവുമൊക്കെ പുറത്ത് മണ്ണില്‍ കൊണ്ടുപോയി വെക്കണം, എന്നിട്ട് കുനിഞ്ഞു കൈകൂപ്പി നില്‍ക്കണം. ജയിലില്‍ ഒരു പ്രശ്‌നത്തിനും പരിഹാരമുണ്ടാവില്ല. ഭക്ഷണം കഴിക്കാന്‍ കൊള്ളില്ല. വേസ്റ്റ് പോകാന്‍ വഴിയില്ലാതെ റൂമില്‍ ക്‌ളോസറ്റില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകിയിട്ടുണ്ട്. ഇതെല്ലം കാരണം പലര്‍ക്കും ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാതിപ്പെട്ടാല്‍ വന്നു നോക്കി പോകും, നടപടി ഒന്നുമുണ്ടാവില്ല. ചിലപ്പോള്‍ പരാതിക്കാരെ കൈകാര്യം ചെയ്യുകയും ചെയ്യും. അതീവ സുരക്ഷ ജയിലില്‍ ഒരിക്കല്‍ പുഴുവുള്ള മീന്‍ കഴിക്കാന്‍ തന്നു. അന്ന് ആരോ അത് കണ്ടത് കൊണ്ട് മാത്രം കഴിക്കാതെ പോയതാണ്. അത് പാകം ചെയ്ത ആള്‍ക്കെതിരെ പരാതി കൊടുത്തറിഞ്ഞപ്പോള്‍ 'പരാതി പറഞ്ഞവനെ പൂട്ടിയില്ലേ?' എന്നാണ് അവന്‍ പൊലീസിനോട് ചോദിച്ചത്.
അതീവ സുരക്ഷാ ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിന പരിപാടിക്ക് ഞാന്‍ ഇറങ്ങിയില്ല. കാരണം, പൊലീസുകാര്‍ വരുമ്പോള്‍ ഞങ്ങള്‍ കൈക്കൂപ്പി നില്‍ക്കണം. അത് സ്വാതന്ത്ര്യമാണോ? മനുഷ്യന്‍ മനുഷ്യന്റെ മുന്നില്‍ കൈകൂപ്പി കുമ്പിട്ടു നില്‍ക്കുക എന്നത് എനിക്ക് അംഗീകരിക്കാന്‍ പറ്റിയില്ല. അത് മാത്രമല്ല, അറസ്റ്റ് ആവുന്നതിന് മുന്‍പും ആഘോഷത്തിന്റെ ഭാഗമായി ഒരു മിഠായി പോലും ഞാന്‍ വാങ്ങിക്കഴിഞ്ഞിട്ടില്ല. ആഘോഷത്തില്‍ പങ്കെടുക്കാറുമില്ല. കാരണം, എനിക്ക് പണിക്ക് പോകണമായിരുന്നു. ആഘോഷത്തിന് പോയാല്‍ ഒരു ദിവസത്തെ പണി പോകും, കുടുംബം പട്ടിണിയിലാകും. ജയിലിലും ഞാന്‍ അന്ന് പണിക്ക് പോയി. അതറിഞ്ഞപ്പോഴാണ് എന്നെ കൊണ്ട് പോയി പൂട്ടിയിടുന്നത്.
അവിടെ മനുഷ്യത്വ രഹിതമായ കാര്യങ്ങളാണ് നടക്കുന്നത്. നഗ്നമായി നിര്‍ത്തിയാണ് പരിശോധിക്കുക. രണ്ടാഴ്ചയോളം എന്നെ ഒറ്റക്ക് പൂട്ടിയിട്ടു. കോണ്‍ഗ്രസിന്റെ കാലത്താണ് അതീവ സുരക്ഷാ ജയില്‍ ആവശ്യം ഉയരുന്നത്. പക്ഷെ, അത് പെട്ടെന്ന് ശരിയാക്കി പണി കഴിയുന്നതിന് മുന്‍പ് തന്നെ തിരക്കിട്ട് ഉദ്ഘാടനം കഴിച്ചത് പിണറായി സര്‍ക്കാരാണ്. ഉദ്ഘാടനം കഴിഞ്ഞു രണ്ട് വര്‍ഷത്തോളം അവിടെ ഒരു ഡോക്ടര്‍ പോലുമുണ്ടായില്ല. എന്തെങ്കിലും ആവശ്യം വന്നാല്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഡോക്ടര്‍ വരണം. അവിടെ വെള്ളം ഒഴുകിപോകാനുള്ള ചാലു പോലും ഞാനാണ് നിര്‍മിച്ചത്. ഞാനതിന് കൂലി വാങ്ങിയിട്ടില്ല. പിന്നീട് കോടതി ഇടപെട്ടാണ് എന്നെ വിയ്യൂരിലേക്ക് മാറ്റിയത്. പുരോഗമന രാഷ്ട്രീയത്തിന്റെ വക്താക്കളെന്നു സ്വയം അവകാശപ്പെടുന്ന സി.പി.എം സര്‍ക്കാരിന് ഇത്രയധികം മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴിവെക്കുന്ന ഒരു ജയില്‍ എന്തിനാണ്? അതില്‍ സി.പി.എമ്മിന് വ്യക്തമായൊരു നിലപാടെടുക്കാന്‍ കഴിയുന്നില്ലല്ലോ? ഇവര്‍ പറയുന്നത് ഒന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണ്.
ജയില്‍ ജീവിതവും ആരോഗ്യവും
വര്‍ഷങ്ങളായി ഞാനൊരു പ്രമേഹ രോഗിയാണ്. ജയിലിലായതിന് ശേഷം പണിയെടുത്താല്‍ ഭയങ്കര കിതപ്പാണ്. കുമ്പിട് ഒരു പണിയും ചെയ്യാന്‍ കഴിയില്ല. പക്ഷെ, പ്രമേഹം ഉള്ളത് കൊണ്ട് വെറുതെ ഇരിക്കാനും കഴിയില്ല. പ്രമേഹരോഗികള്‍ക്ക് പറ്റുന്ന ഭക്ഷണമല്ല ജയിലില്‍. കറിയില്‍ കിഴങ്ങ് അരച്ച് ചേര്‍ക്കും. ഗോതമ്പിന്റെ ഭക്ഷണം എന്ന് പറയുമ്പോഴും ഗോതമ്പ് അല്ല ജയിലില്‍ കിട്ടുന്നത്. അതൊക്കെ കാരണമാണ് രോഗം മൂര്‍ച്ഛിച്ചത്. ജയിലില്‍ വെച്ചാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം എന്റെ പല്ലുമുഴുവന്‍ എടുക്കുന്നത്. അതിനുശേഷം ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടിയിരുന്നു. ബുദ്ധിമുട്ടൊക്കെ അങ്ങ് സഹിച്ചു കൊള്ളണം എന്ന നിലപാടായിരുന്നു ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്. പല്ലെടുത്തതിന് ശേഷം ഏഴു കിലോ കുറഞ്ഞു. അങ്ങനെ പാലും പഴവും കഴിക്കാന്‍ ഡോക്ടര്‍ നിദേശിച്ചു. അത് പിന്നെയും പ്രമേഹത്തെ ബാധിച്ചു. ജയിലിലെ ഡോക്ടര്‍മാര്‍ എന്നോട് വളരെ നല്ല സമീപനമായിരുന്നു. ഹൃദയത്തിനും അസുഖം കൂടിവരികയായിരുന്നു. ബൈപാസ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും അതില്‍ വീഴ്ച വരുത്തി. അങ്ങനെയാണ് ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. ആരോഗ്യം വളരെ മോശം സ്ഥിതിയിലായിട്ടുണ്ട്. ശരീരം മുഴുവന്‍ നീര് വന്നു വീര്‍ത്തു. എന്റെ വെല്ല്യുമ്മ പറയാറുണ്ട് നീര് വന്നാല്‍ മരണത്തിന്റെ അടയാളമാണെന്ന്. എനിക്കിങ്ങനെ സംഭവിച്ചു. ഞാനൊരുപാട് അനുഭവിച്ചു. ഇനിയൊരാള്‍ക്ക് ഈ അനുഭവം ഉണ്ടാകരുത്. എന്റെ അധ്വാനം കൊണ്ട് കൂടിയാണ് ഞാനിപ്പോള്‍ അവശനായിട്ടുള്ളത്. ഞാന്‍ പറഞ്ഞല്ലോ ഒരുപാട് പട്ടിണി കിടക്കേണ്ടി വന്നിട്ടുണ്ട്. കര്‍ക്കിടകമാസത്തിലൊന്നും പണിയുണ്ടാവില്ല. വയനാട്ടില്‍ മൊത്തം അങ്ങനെ തന്നെയായിരുന്നു. ഇന്നും അത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണല്ലോ. പലിശക്കാരുടെ അടുത്ത് നിന്ന് പണം വാങ്ങിയല്ലേ ആളുകള്‍ ജീവിക്കുന്നത്? ഭരണകൂടം പലിശക്കാരുടെ കൂടെ നീക്കുകയും ചെയ്യും. ഇവിടെ പുരോഗതിയും ജനാധിപത്യ മൂല്യങ്ങള്‍ ഒന്നുമല്ല, ഭരണകൂടത്തിന്റെ നെറികേടുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്.
അറസ്റ്റും നിയമപോരാട്ടവും കുടുംബത്തിന്റെ തീരാ വേദനയും
എന്റെ രാഷ്ട്രീയ ഇടപെടലുകള്‍ കാരണം കുടുംബം ഒരുപാട് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഞാന്‍ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍, മറ്റൊരു സ്ഥലത്ത് പണിക്ക് പോയി എന്നാരോപിച്ച് എന്റെ ഭാര്യയെയും മറ്റു എട്ടു സ്ത്രീകളെയും അവരുടെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അവര് പോയിട്ടില്ല. പത്ത് പന്ത്രണ്ട് വര്‍ഷം സ്ഥിരം പണിയുണ്ടായിരുന്നതാണ് അവര്‍ക്ക് ഹാരിസണ്‍ പ്ലാന്റേഷനില്‍. അത് വീട്ടില്‍ വലിയ പ്രശ്‌നമായി. കാരണം പണിയില്ലാതെ ജീവിക്കാന്‍ കഴിയില്ല. എന്റെ ഭാര്യ പിന്നെ പുറത്ത് പണിക്ക് പോയാണ് കുടുംബം നോക്കിയത്. അവരോട് എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഇന്നും അവരാണ് വീട് നോക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയിട്ടും എനിക്കിതുവരെ വീട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് മുന്‍പ് രണ്ട് തവണ എനിക്ക് എസ്‌കോര്‍ട്ട് പരോള്‍ ലഭിച്ചു. ഒരുപാട് പൊലീസുകാരുടെ അകമ്പടിയിലാണ് അന്ന് വീട്ടിലെത്തുന്നത്. അത് നാട്ടുകാരെയൊക്കെ പരിഭ്രാന്തരാക്കി. അതൊരു തീരാവേദനയായി പിന്നെ കുടുംബത്തിന്. ഇത് തന്നെയാണ് ഭരണകൂടം ആഗ്രഹിക്കുന്നതും. ജനങ്ങളെ നമ്മളില്‍ നിന്ന് അകറ്റി നിര്‍ത്തുക. അവരുടെ ഉള്ളില്‍ നമ്മളോട് ഭയം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്. നാട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നെയും സഹായിച്ചിട്ടുണ്ട്. അത്ര പോലും സി.പി.എം തിരിഞ്ഞു നോക്കിയിട്ടില്ല.
പാര്‍ട്ടിയെ ചോദ്യം ചോദ്യം ചെയ്യുന്ന ആളുകളെ ഇല്ലാതാക്കുക എന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത്
അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഞാന്‍ ചാവട്ടെ എന്ന് തന്നെ വിചാരിച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ രോഗിയായ എന്നെ വിചാരണ പോലുമില്ലാതെ ആറു വര്‍ഷത്തോളം ജയിലിലിടാം എന്ന് തീരുമാനിക്കില്ലല്ലോ. വക്കീല്‍ നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ തുടങ്ങുന്നത്. പിന്നെ ഞാനൊരു മുസ്ലിം ആണല്ലോ. മുസ്ലിംകളുടെ വോട്ട് ഇവര്‍ക്ക് ആവശ്യമില്ല. എന്നാല്‍, ക്രിസ്ത്യാനികളുടെ വോട്ട് വേണം. അതാണല്ലോ ബി.ജെ.പിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയത വളര്‍ത്താനും മുസ്ലിംകളെ ഭീകരരായി ചിത്രീകരിക്കാനും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനും. ഇതില്‍ വളരെ വ്യക്തമായ രാഷ്ട്രീയമാണുള്ളത്. അയാളുടെ ഭരണത്തെ, പാര്‍ട്ടിയെ ചോദ്യം ചോദ്യം ചെയ്യുന്ന ആളുകളെ ഇല്ലാതാക്കുക എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.