IFFK: ചലച്ചിത്രോത്സവങ്ങള്‍ പ്രതിഷേധങ്ങളുടെ വേദി കൂടിയായിരുന്നു
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷക്കാലമായി ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യകാല ഫെസ്റ്റിവെലുകളെ അപേക്ഷിച്ച് അടിസ്ഥാനപരമായി മാറ്റം ഒന്നും സംഭവിച്ചിട്ടില്ല എങ്കിലും ഒരു സിനമ ആസ്വാദകന്‍ എന്ന നിലയില്‍ ചില അതൃപ്തികൂടി പങ്കുവെക്കുന്നു. ചലച്ചിത്രോത്സവങ്ങള്‍ സമ്മാനിക്കുന്നത് എന്ത് എന്ന ചര്‍ച്ചയോട് പ്രതികരിക്കുന്നു മേളയിലെ പ്രതിനിധി. അഭിമുഖം: വാസു നെടുവണ്ണൂര്‍ / മീനു മാത്യു
'വാസു ശബരിമലക്കു പോകുന്നു' എന്നാണ് സുഹൃത്തുക്കളൊക്കെ പറയാറ്. കഴിഞ്ഞ ഇരുപത്തി അഞ്ച് വര്‍ഷമായി, കൊല്ലത്തില്‍ ഒരിക്കല്‍ മുടങ്ങാതെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമാകാന്‍ സാധിച്ചു എന്നതില്‍ കവിഞ്ഞ് ഒരു ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ കൂടിയായ ഈ കടുത്ത സിനിമ ആസ്വാദകന് എന്ത് സന്തോഷമാണ് വേണ്ടത്. പല രാജ്യങ്ങളില്‍ നിന്നും ഭാഷകളില്‍ നിന്നുമുള്ള സിനിമകള്‍ കാണുക, സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കുക, ചര്‍ച്ചകളിലും സമരങ്ങളിലും പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ ഈ വര്‍ഷങ്ങളില്‍ എല്ലാം സജീവമായി പങ്കെടുത്തിട്ടുണ്ട്.
മികച്ച സിനിമകള്‍ ഫെസ്റ്റിവലിനു തെരഞ്ഞെടുക്കുന്നതില്‍ അക്കാദമി എല്ലാകാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. മുന്‍പൊക്കെ അന്യ ദേശ ചലച്ചിത്രങ്ങള്‍ എത്തിക്കുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ നിലനിന്നിരുന്നു. എന്നാല്‍, ഇന്ന് അത്തരമൊരു പ്രശ്‌നമില്ല. എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ നമുക്ക് മുന്നില്‍ ഇന്നുണ്ട്. ഇവ കണ്ടു തീര്‍ക്കാന്‍ ഏഴ് ദിവസം മതിയാകില്ല എന്നത് മാത്രമാണ് വിഷമം.
മുന്‍പൊക്കെ ഐ.എഫ്.എഫ് കെ വേദി എന്നു പറഞ്ഞാല്‍ പ്രതിഷേധങ്ങളുടേത് കൂടിയായിരുന്നു. സമൂഹത്തില്‍ അതതു കാലഘട്ടത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളാണ് അവിടെ ഭൂരിഭാഗവും പ്രതിധ്വനിച്ചിരുന്നത്. അവ വലിയ രീതിയില്‍ വേദികളില്‍ ചര്‍ച്ചയാകുമായിരുന്നു. എന്നാല്‍, ഇന്നതല്ല അവസ്ഥ. പ്രതിഷേധത്തിന്റെ ചെറിയ ഒരു സ്വരം പോലും പൊലീസിനെ ഉപയോഗിച്ചോ മറ്റോ പെട്ടന്ന് തന്നെ നിശബ്ദമാക്കപ്പെടുന്നു. അത് ഒരു ചലച്ചിത്ര മേളയുടെ അന്തരീക്ഷത്തിന് ചേര്‍ന്നതാണെന്നു തോന്നുന്നില്ല. പ്രത്യാഘാതങ്ങള്‍ ഓര്‍ത്തുള്ള പേടിയും ഒപ്പം സമയക്കുറവും പലരെയും ഇതില്‍ നിന്നൊക്കെ വിലക്കുന്നു. പ്രതിഷേധിക്കന്‍ ഉള്ള ഒരു സമൂഹത്തിന്റെ അവസരം തന്നെയാണ് ഇപ്പൊള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഷെഡ്യൂള്‍ ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതിന് പലപ്പോഴും സമരങ്ങള്‍ നടത്തിയിട്ട് ഉണ്ട്. ഇന്ന് അങ്ങനെയൊരു പ്രശ്‌നം ഇല്ല. പകരം മുന്‍കൂട്ടി റിസര്‍വ്വ് ചെയ്തിട്ടും മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും സിനിമ കാണാന്‍ കഴിയാത്തതിനുള്ള അമര്‍ഷം അങ്ങേയറ്റം അസംഘടിതമായ ചില പ്രതിഷേധങ്ങളിലേക്ക് വഴി മാറുന്നത് മാത്രം കണ്ടു. ഏകീകരിക്കപ്പെടാന്‍ കഴിയാതെ അവയും പെട്ടന്ന് തന്നെ നിശബ്ദമാക്കപ്പെടുകയോ സ്വയം നിശബ്ദമാവുകയോ ചെയ്യുന്ന കാഴ്ച വേദനാജനകമാണ്.
ടാഗോര്‍ തീയേറ്റര്‍ പരിസരങ്ങളിലെ കള്‍ച്ചറല്‍ ആക്ടിവിറ്റികള്‍ പോലും പ്രതിഷേധങ്ങളുടെ മറ്റൊരു മുഖമായിരുന്നു. പാട്ടുവേദികളും നാടകങ്ങളും ഇന്നിന്റെ പ്രശ്‌നങ്ങളെയും ആവശ്യങ്ങളെയും ഉറക്കെ വിളിച്ചു പറഞ്ഞിരുന്നു. ഇന്നവ മ്യുസിക് ബാന്റുകള്‍ക്ക് മാത്രമായി വഴി മാറി കൊടുത്തിരിക്കുന്നു.
കഴിഞ്ഞ കാലഘട്ടങ്ങളിലോക്കെ നേരിട്ട് ഡെലിഗേറ്റ്‌സ് പാസ്സ് എടുത്ത് മേളയില്‍ എത്തുന്ന എല്ലാവര്‍ക്കും തന്നെ സിനിമ കാണാന്‍ കഴിയും തക്ക അവസരം ഉണ്ടായിരുന്നു. തീയേറ്ററുകളും സ്‌ക്രീനുകളും ഇന്നത്തെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവായിരുന്നു എങ്കിലും ആരും തന്നെ സിനിമ കാണാതെ വിഷമിച്ചു പോകേണ്ട ഒരു അവസ്ഥ ഉണ്ടായിരുന്നില്ല. മുന്‍പത്തെ അപേക്ഷിച്ച് മേളയില്‍ എത്തുന്ന ആളുകളുടെ എണ്ണത്തിലും വലിയ തോതിലുള്ള വര്‍ധന ഉണ്ടായി എന്നതും വസ്തുതയാണ്. അതിനനുസൃതമായി സ്‌ക്രീനിംഗ്കള്‍ കൂട്ടേണ്ടതും അത്യാവശ്യമാണ്. നിശാഗന്ധിയില്‍ പകല്‍ സമയത്തൂകൂടി സ്‌ക്രീനിംഗ് ലഭ്യമാക്കിയാല്‍ കൂടുതല്‍ പ്രേക്ഷകരെ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യമാകും. ഗോവയിലെ കലാ അക്കാദമിയെ എന്ന പോലെ നിശാഗന്ധിയെ മാറ്റിയെടുക്കുവാനും അതിനെ ഫെസ്റ്റിവല്‍ കേന്ദ്രമാക്കി മാറ്റുവാനും സാധിക്കും.
ഇന്നത്തെ ഈ ജനപ്പെരുപ്പത്തിന്റെ വലിയൊരു ഭാഗവും വിദ്യാര്‍ഥികള്‍ ആണ്. വിദ്യാര്‍ഥികളുടെ ഒരു ഫിലിം ഫെസ്റ്റിവല്‍ തന്നെയായി ഐ.എഫ്.എഫ്.കെ മാറിയിരിക്കുന്നു. വിദ്യാര്‍ഥികളുടെ പ്രാതിനിധ്യംകൂടുതല്‍ ഉറപ്പുവരുത്താന്‍ ചലച്ചിത്ര അക്കാദമി പരിശ്രമിച്ചതിലൂടെ പഴയകാല സിനിമാ പ്രേമികള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയുള്ള റിസര്‍വേഷന്‍ സംവിധാനം ഉപയോഗിക്കാന്‍ ഉള്ള ബുദ്ധിമുട്ടുകള്‍ കൊണ്ടുതന്നെ പല ആളുകളും മാറി നില്‍ക്കപ്പെടുന്നു. കുറ്റമറ്റ രീതിയില്‍ ഒരു റിസര്‍വേഷന്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കാന്‍ സി.ഡിറ്റ് ന് ഇതുവരെ സാധിച്ചിട്ടും ഇല്ല.
പഴയ തലമുറ സിനിമ ആസ്വാദനത്തിന് മുന്‍തൂക്കം നല്‍കുന്നതിന് ഒപ്പം തന്നെ മേളയെ ഒരു ആഘോഷം കൂടിയാക്കി മാറ്റിയിരുന്നു. സിനിമ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നവര്‍ മാത്രമേ അക്കാലത്ത് മേളക്ക് എത്തിയിരുന്നുള്ളു. എന്നാല്‍, ഇന്ന് ഇവിടെയെത്തുന്ന യുവാക്കളില്‍ ഭൂരിഭാഗവും സിനിമ എന്ന പ്രധാന ഘടകത്തെ മാറ്റി നിര്‍ത്തി പൂര്‍ണ്ണമായും ഇതൊരു ആഘോഷത്തിനുള്ള ഇടമാക്കി മാറ്റിയിരിക്കുന്നു. അത്തരമൊരു പ്രവണതയെയും സന്തോഷത്തോടെ അംഗീകരിക്കുന്നു. ഇതിനെ കാലഘട്ടത്തിന്റെ മാറ്റമായി മാത്രം കണ്ടാല്‍ മതി. ഇവരിലും സിനിമ കാണുന്നവര്‍ ഉണ്ട്. അവരില്‍ നിന്നും പലരും നാളെ മികച്ച സിനിമ സംവിധായകരോ പ്രവര്‍ത്തകരോ ആയേക്കും. പഴയ തലമുറ പുതിയ തലമുറക്ക് തീര്‍ച്ചയായും വഴി മാറി കൊടുക്കേണ്ടിയിരിക്കുന്നു. അതിനാല്‍ തന്നെ യുവതലമുറയുമായി നല്ലൊരു ബന്ധം സ്ഥാപിക്കാന്‍ ഇക്കാലം കൊണ്ട് ശ്രമിച്ചിട്ടുണ്ട്.
സൗഹൃദ വലയങ്ങള്‍ ആണ് ഐ.എഫ്.എഫ്.കെയുടെ മറ്റൊരു മധുരം. കയ്യില്‍ സൂക്ഷിച്ച ഒരു ചെറിയ ഡയറിയില്‍ ശേഖരിച്ചുതുടങ്ങിയ വിലാസങ്ങളും ലാന്‍ഡ് ഫോണ്‍ നമ്പറുകളും പതിയെ മൊബൈലിലേക്കും വാട്ട്‌സ്ആപ്പിലേക്കും വഴി മാറി. ഇതിനിടയില്‍ പഴയ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേമികള്‍ക്കും ഇടയിലേക്ക് പുതു തലമുറയില്‍ പെട്ട സജിന്‍ ബാബു, ഡോണ്‍ പാലത്തറ, സനല്‍ കുമാര്‍ ശശിധരന്‍, പ്രതാപ് ജോസഫ്, എന്നിവരെപ്പോലുള്ളവരും എത്തിച്ചേര്‍ന്നു. സിനമ കഴിഞ്ഞാലും ഈ സൗഹൃദങ്ങള്‍ നിലനില്‍ക്കുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. കേരളത്തിന് അകത്തും പുറത്തുമായി അത്തരം നിരവധി സുഹൃത്തുക്കള്‍ ഉണ്ട്. എവിടെ പോയാലും ഐ.എഫ്.എഫ്.കെയില്‍ പങ്കെടുത്ത ഒരാളെയെങ്കിലും കണ്ടുകിട്ടാറുമുണ്ട്. അതെല്ലാം ഗുണം മാത്രമാണ് ചെയ്തിട്ടുള്ളത്.
സാധാരണ ആളുകളിലേക്ക് കൂടുതല്‍ സിനിമ എത്തുക എന്നതാണ് സന്തോഷം. എല്ലാ ജില്ലകളിലും തന്നെ കാര്യക്ഷമമായി റീജിയണല്‍ ഫെസ്റ്റിവല്‍സ് നടത്തിയാല്‍ അത് സാധ്യമാകും. പുതിയ സിനിമ ആസ്വാദകരെ അതുവഴി കണ്ടെത്താന്‍ സാധിക്കും. സിനിമകളുടെ എണ്ണത്തിലും ആസ്വാദകരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് ഉണ്ടാകുന്ന ഈ സാഹചര്യത്തില്‍ ഐ.എഫ്എ.ഫ്കെ. എല്ലാവര്‍ക്കും പ്രാപ്യമാകണം. കൂടുതല്‍ ആളുകള്‍ സിനിമ കാണട്ടെ, വിലയിരുത്തട്ടെ. നല്ല സിനിമകള്‍ സൃഷ്ടിക്കട്ടെ.