Quantcast
MediaOne Logo

ജെയ്സി തോമസ്

Published: 12 July 2022 10:17 AM GMT

ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷ് നിര്‍മിതിയല്ല

ഭരണഘടനയെച്ചൊല്ലി വിവാദങ്ങള്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. രാജിവെച്ച മന്ത്രി സജി ചെറിയാനാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മന്ത്രിയുടെ ഭരണഘടന വിരുദ്ധ പരാമര്‍ശം പ്രതിപക്ഷവും സംഘപരിവാറും ഏറ്റെടുക്കുകയും ചെയ്തു. വിവാദങ്ങള്‍ക്കൊടുവില്‍ സജി ചെറിയാന്‍ രാജിവെക്കുകയും ചെയ്തു. സംഭവിച്ചത് നാക്കുപിഴയെന്നായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടന തിരുത്തിയെഴുതണമെന്നാണ് പി.കെ കൃഷ്ണദാസിനെപ്പോലുള്ള ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ചും വിവാദങ്ങളെക്കുറിച്ചും ദലിത് നേതാവ് കെ. അംബുജാക്ഷന്‍ സംസാരിക്കുന്നു.

ഇന്ത്യന്‍ ഭരണഘടന ബ്രിട്ടീഷ് നിര്‍മിതിയല്ല
X
Listen to this Article

ഭരണഘടന വിവാദവും തുടര്‍ന്നുണ്ടായ സജി ചെറിയാന്റെ രാജിയെക്കുറിച്ചുമുള്ള പ്രതികരണം?

സജി ചെറിയാന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത് ഭരണഘടന വിമര്‍ശനമല്ല. അദ്ദേഹം പിന്നീട് പറഞ്ഞതുപോലെയും സി.പി.എം വക്താക്കള്‍ പിന്നീട് ന്യായീകരിച്ചതുപോലെയും ഭരണകൂടത്തെ വിമര്‍ശിക്കുകയായിരുന്നു എന്ന ന്യായം നിലനില്‍ക്കുന്നതല്ല. ഈ ഭരണഘടന ജനത്തെ കൊള്ളയടിക്കുന്ന ഭരണഘടനയാണെന്ന് അദ്ദേഹം വ്യക്തമായി പറയുന്നുണ്ട്. അതില്‍ ഭരണകൂടം എന്നല്ല പറയുന്നത്. ''75 വര്‍ഷമായി ഈ ഭരണഘടന തൊഴിലാളികളെ വഞ്ചിക്കുന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്. ചൂഷണത്തെ അംഗീകരിക്കുന്ന ഒരു ഭരണഘടനയാണ്. ആരു പ്രസംഗിച്ചാലും ഇന്ത്യന്‍ ഭരണഘടന അത്ര മികച്ചതാണെന്ന് ഞാന്‍ അംഗീകരിക്കില്ല.'' ഭരണഘടന മികച്ചതാണെന്ന് അംഗീകരിക്കില്ല എന്നുപറയുമ്പോള്‍ നമ്മുടെ ഭരണഘടനയുടെ ജനാധിപത്യപരമായ പ്രാമുഖ്യത്തെ അദ്ദേഹം തള്ളിക്കളയുകയാണ് ചെയ്യുന്നത്.

ജനാധിപത്യം, മതേതരത്വം പോലുള്ള മൂല്യങ്ങളാണല്ലോ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനം. മൊത്തം ഇന്ത്യയുടെ ജനാധിപത്യം നമ്മുടെ ഭരണഘടന സത്യത്തില്‍ നിലകൊള്ളുന്നത് വളരെ ബൃഹത്തായ ഒരു ജനാധിപത്യ ദര്‍ശനത്തിലാണല്ലോ. ഇന്ത്യയുടെ മൊത്തം ഭരണവ്യവസ്ഥ നിലകൊള്ളുന്നത് കുറച്ചുകൂടി സമഗ്രമായ ജനാധിപത്യ ചിന്തയുടെ അടിസ്ഥാനത്തിലാകുമ്പോള്‍ തന്നെ ആ ജനാധിപത്യം എന്ന് പറയുന്നത് ഇന്ത്യന്‍ ഭരണഘടനക്കകത്ത് മൊത്തത്തില്‍ പരന്നുകിടക്കുന്നത് വലിയൊരു ഭാവനയായിട്ടും സങ്കല്‍പമായിട്ടും മൂല്യമായിട്ടും ഒക്കെയാണ്. ഭരണഘടനയുടെ പ്രീആമ്പിളില്‍ തന്നെ നീതിയെക്കുറിച്ചുള്ള അതിന്റെ സങ്കല്‍പം പരിശോധിച്ചാല്‍ സാമൂഹ്യം, സാമ്പത്തികം, രാഷ്ട്രീയം അതുപോലെ അവസര സമത്വം, സാഹോദര്യം പോലുള്ള മൂല്യങ്ങള്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് കാണാന്‍ കഴിയും. സവിശേഷമായ മൗലികാവകാശങ്ങള്‍ (Fundamental Rights), മാര്‍ഗ നിര്‍ദേശ തത്വങ്ങള്‍ (Directive Principles of State Policy) ലോകഭരണഘടനയില്‍ വെച്ച് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്.


അയര്‍ലണ്ട് ഭരണഘടന പോലുള്ള ഭരണഘടനകളോട് സാമ്യമുള്ള ചില ഭാഗങ്ങള്‍ ഉണ്ടെങ്കിലും ഈ Directive Principles എന്നുപറയുന്നത് ലോകത്തെ മറ്റുഭരണഘടനകളില്‍ നിന്നും ഇന്ത്യന്‍ ഭരണഘടനയെ വ്യത്യസ്തമാക്കുന്ന ഒന്നാണ്. ഒരു ക്ഷേമരാഷ്ട്ര ഭാവന അതു മുന്നോട്ടുവയ്ക്കുന്നു. സോഷ്യലിസ്റ്റ് കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നു. തൊഴിലാളികള്‍, സ്ത്രീകള്‍ അതുപോലെ കര്‍ഷകര്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദലിതുകള്‍.. ഇങ്ങനെ വ്യത്യസ്തമായ ഐഡന്റിറ്റിയുള്ള സാമൂഹ്യവിഭാഗങ്ങളെയൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയാണിത്. അത്തരത്തിലൊരു ഭരണഘടനയില്‍ ഇടംപിടിച്ച ജനാധിപത്യം, മതേതരത്വം തുടങ്ങിയ വാക്കുകളോടൊപ്പം വളരെ പരിഹാസ്യമായ കുന്തം കുടച്ചക്രം എന്നൊക്കെ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു.

ഭരണഘടനയെ ക്രിയാത്മകമായി വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ഭരണഘടനയെക്കുറിച്ചുള്ള സംവാദങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. എന്നാല്‍, ഒരു ഭരണഘടനയെ പരിഹസിക്കുക എന്നു പറയുന്നത്, അതിന്റെ മെറിറ്റിനെ തള്ളിക്കളയുക എന്നു പറയുന്നതും ജനാധിപത്യം, മതേതരത്വം പോലുള്ള ഭാവനകളെ പുച്ഛിക്കുക എന്നു പറയുന്നതുമൊക്കെ ഒരുതരത്തില്‍ ഭരണഘടന വിരുദ്ധമായ നടപടികളാണ്. സജി ചെറിയാനെപ്പോലെ ഒരു സ്ഥാനത്തിരിക്കുന്ന, ഭരണഘടനയില്‍ തൊട്ട് പ്രതിജ്ഞ ചെയ്ത ഒരാളില്‍ നിന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ്. സത്യപ്രതിജ്ഞയുടെ, ഭരണഘടനയുടെ ലംഘനമാണ്. അദ്ദേഹത്തിന്റെ രാജി ന്യായമായ രാജിയാണ്. അതിനെ ന്യായീകരിക്കുകയല്ല വേണ്ടത്, ക്ഷമ പറയുകയും രാജിവയ്ക്കുക തന്നെയായിരുന്നു വേണ്ടത്.

ഇതിനകത്ത് സംഭവിച്ചത്. ഒരുപക്ഷേ, മുന്‍പത്തെക്കാള്‍ അധികം അവബോധം, വല്ലാത്ത നിലയിലുള്ള പ്രതികരണം ഈയൊരു സന്ദര്‍ഭത്തില്‍ മാധ്യമങ്ങളുടെയും സമൂഹത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഭാഗത്തുനിന്നുണ്ടായി എന്നുള്ളതാണ്. അതു കാണിക്കുന്നത് ഉയര്‍ന്ന രാഷ്ട്രീയ പ്രബുദ്ധത പ്രകടിപ്പിക്കാന്‍ കേരളത്തിന്റെ പൊതുസമൂഹത്തിന് കഴിഞ്ഞു എന്നുള്ളതാണ്. ആ ഒരു പ്രബുദ്ധതയുടെ വിജയം കൂടിയാണ് സജി ചെറിയാന്റെ രാജിയും ഈ വിഷയത്തിന്‍മേലുള്ള സമ്മര്‍ദവും പ്രതിഷേധവും. ഭരണഘടനയെ റദ്ദ് ചെയ്യാനും ഭരണഘടന സ്ഥാപനങ്ങളെ കൂടുതല്‍ നിയന്ത്രണത്തിലാക്കാനും ശ്രമിക്കുകയും ഭരണഘടന സ്ഥാപനങ്ങളെ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുന്നതുമായ ഒരു കാലമാണിത്. ജനാധിപത്യത്തെ തന്നെ നിരാകരിക്കുന്ന, ഒരു സമഗ്രാധിപത്യം മുന്നോട്ടുവയ്ക്കുന്ന, സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഭരണമാണ് നിലനില്‍ക്കുന്നത്. ഇന്ത്യയുടെ ഭരണത്തെ ഇന്ന് നിയന്ത്രിക്കുന്ന സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം അവര്‍ പ്രത്യയശാസ്ത്രപരമായി ജനാധിപത്യം അംഗീകരിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ ഭരണഘടനയെ അവര്‍ ഒരുകാലത്തും അംഗീകരിച്ചിട്ടുള്ളവരല്ല. പലപ്പോഴും ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറയുകയും ഭരണഘടനയെ തന്നെ മാറ്റിയെഴുതണം എന്നാവശ്യപ്പെടുകയും ചെയ്തിട്ടുള്ള ഒരു പാര്‍ട്ടിയാണ് ബി.ജെ.പി. ഈയടുത്തു കാലത്തായിട്ട് മോദിയുടെ ഭരണത്തില്‍ ഭരണഘടനയെ പരമാവധി തള്ളിപ്പറയുന്ന, ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ ചോദ്യം ചെയ്യുന്ന ഒരുപാട് നയപരമായ നടപടികള്‍ കൈക്കൊണ്ട ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഏറ്റവുമൊടുവില്‍ പൗരന്‍മാരുടെ അഭിപ്രായസ്വാതന്ത്ര്യം പോലും ചോദ്യം ചെയ്യുന്ന കാലഘട്ടമാണിത്. ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നവരുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന രാഷ്ട്രീയ കാലാവസ്ഥയില്‍ ഭരണഘടനെ മുറുകെപ്പിടിക്കേണ്ട ഒരു സന്ദര്‍ഭമാണ്. പൗരബോധമുള്ള ഇന്ത്യാക്കാര്‍, രാഷ്ട്രീയ പ്രബുദ്ധതയുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ഭരണഘടനയെ മുറുകെപ്പിടിച്ചുകൊണ്ട് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും അവരുടെ പൗരാവാകാശങ്ങള്‍ക്കും വേണ്ടി നിലകൊള്ളേണ്ട സാഹചര്യമാണിത്.


ഭരണഘടന തന്നെ ഇത്തരത്തില്‍ അപ്രസക്തമാകുന്ന തരത്തില്‍ ഭരണഘടനയെ നിരാകരിക്കുക എന്നു പറയുമ്പോള്‍ അതു സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭരണഘടനക്കെതിരായ ക്യാമ്പയിനുകളോട് നേരിട്ടോ അല്ലാതെയോ യോജിക്കുന്ന സമീപനമായിപ്പോയി. സി.പി.എം പോലുള്ള ഒരു പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട ഒരു സെക്രട്ടറിയേറ്റ് അംഗത്തില്‍ നിന്നും ഇത്തരത്തില്‍ സംഭവിക്കുക എന്നു പറയുമ്പോള്‍ അതിനകത്ത് ചില അപകടകരമായ പ്രവണതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. മാത്രമല്ല, യെച്ചൂരിയെപ്പോലുള്ള നേതാക്കള്‍ രാജ്യസഭയിലും ഉത്തരേന്ത്യയിലും നടത്തുന്ന ഒട്ടനവധി പ്രക്ഷോഭങ്ങള്‍ ഭരണഘടനയാണ് ആശ്രയം, പരിഹാരം എന്നു പറയുന്ന രാഷ്ട്രീയമാണ്. പക്ഷെ, ഈ രാഷ്ട്രീയത്തെ എങ്ങനെയാണ് കേരളത്തില്‍ പാര്‍ട്ടിയുടെ തലപ്പത്തുള്ള, ക്യാബിനറ്റ് പദവിയുള്ള നേതാക്കള്‍ക്ക് തള്ളിക്കളയാന്‍ കഴിയുക. അല്ലെങ്കില്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒരു സമീപനം സ്വീകരിക്കാന്‍ കഴിയുക?

ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തു ഇന്ത്യാക്കാരന്‍ എഴുതിയ ഭരണഘടന എന്നൊരു ആക്ഷേപവും സജി ചെറിയാന്‍ ഉന്നയിച്ചിട്ടുണ്ട്. ഭരണഘടനക്കെതിരെ മുന്‍പും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടില്ലേ?

സജി ചെറിയാനെപ്പൊലുള്ള ഒരു നേതാവ്, അദ്ദേഹം ഒരു സാധാരണ പ്രവര്‍ത്തകനല്ലല്ലോ? സി.പി.എമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാവാണ്. അപ്പോള്‍ പാര്‍ട്ടിനയത്തില്‍ നിന്നുകൊണ്ടായിരിക്കണം അദ്ദേഹം അഭിപ്രായം പറയേണ്ടത്. അവര്‍ക്കറിഞ്ഞുകൂടാത്തതാണോ ഇതൊക്കെ. ബ്രീട്ടിഷ് ഇന്ത്യയില്‍ ഭരണഘടനക്കു വേണ്ടിയുള്ള വലിയ പ്രക്ഷോഭങ്ങള്‍ തന്നെ ഉണ്ടായിട്ടുണ്ട്. 1919 മുതല്‍ സൗത്ത് ബറൊ കമ്മിറ്റിയുടെ കാലഘട്ടം മുതല്‍ ഇന്ത്യന്‍ പൗരന്‍മാരുടെ വ്യത്യസ്തങ്ങളായ അവകാശങ്ങള്‍ക്കവേണ്ടി തൊഴിലാളികളുടെ, കര്‍ഷകരുടെ, സ്ത്രീകളുടെ, അധഃസ്ഥിത വിഭാഗക്കാരുടെ, ന്യൂനപക്ഷങ്ങളുടെ ഒക്കെ പ്രാതിനിധ്യം, അവകാശങ്ങള്‍.. ഇതിനു വേണ്ടി നടന്നിട്ടുള്ള നിരന്തരമായ പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടാണ് സത്യത്തില്‍ ഭരണഘടന എന്ന പരിണാമം തന്നെ ഉണ്ടായത്. ഭരണഘടന നിര്‍മാണം ഉണ്ടാകുന്നത്. അതു പെട്ടെന്ന് സംഭവിച്ചതല്ല. ഇന്ത്യയില്‍ നടന്നിട്ടുള്ള പ്രക്ഷോഭങ്ങള്‍ക്കൊക്കെ ഒടുവിലാണ് 1945ല്‍ ക്യാബിനറ്റ് മിഷന്റെ നിര്‍ദേശപ്രകാരം ഭരണഘടന നിര്‍മാണത്തിലേക്ക് വരുന്നത്.


ഭരണഘടന വേണമെന്നുള്ളത് ഇന്ത്യയുടെ ന്യൂനപക്ഷങ്ങള്‍, വ്യത്യസ്ത പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടൊരു കാര്യമാണ്. ഒരു ജനാധിപത്യ ഭരണഘടന ഇന്ത്യയില്‍ വന്നാല്‍ മാത്രമേ ഒരു സ്വതന്ത്ര ഇന്ത്യയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളൂ. ശരിയായ ജനാധിപത്യ വ്യവസ്ഥ ഉണ്ടാവുകയുള്ളൂ എന്നുള്ള കാഴ്ചപ്പാടാണ് അത്. ഇന്ത്യാക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ഭരണഘടന അംസബ്ലി രൂപീകരിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ പരിണിതഫലം കൂടിയാണത്. 1930-31 കാലഘട്ടങ്ങളില്‍ ലണ്ടനില്‍ നടന്ന 1,2,3 വട്ടമേശ സമ്മേളനങ്ങളിലാണ് ഇന്ത്യയുടെ ഭരണഘടന എങ്ങനെയാകണമെന്ന് സുപ്രധാന ചര്‍ച്ചകള്‍ നടന്ന പ്രധാനപ്പെട്ടൊരു ഘട്ടം. അതിനുശേഷമാണ് 1935ല്‍ ഇന്ത്യാ ആക്ട് ഉണ്ടാകുന്നത്. ഈ ഇന്ത്യാ ആക്ട് തന്നെ ഇന്ത്യാക്കാര്‍ക്ക് കുറച്ചുകൂടി സ്വീകാര്യമായ രീതിയില്‍ വികസിപ്പിക്കാന്‍, വട്ടമേശ സമ്മേളനങ്ങളില്‍ ഇന്ത്യയുടെ ജനപ്രതിനിധികള്‍ തന്നെ അവതരിപ്പിച്ച ആവശ്യങ്ങളുടെ, കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന ചര്‍ച്ചകള്‍ വരുന്നത്. 1936ല്‍ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ ഇന്‍ഡിപെന്‍ഡന്റ് ലേബര്‍ പാര്‍ട്ടി രൂപീകരിച്ചു. സ്വതന്ത്ര തൊഴിലാളി പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ അദ്ദേഹം മുന്നോട്ടുവച്ച പ്രധാന ആവശ്യം - മാനിഫെസ്റ്റോയില്‍ തന്നെ പറഞ്ഞത് - ഇന്ത്യയിലെ കര്‍ഷകര്‍, തൊളിലാളികള്‍, അധഃസ്ഥിത വിഭാഗങ്ങള്‍ ഇവരുടെയെല്ലാം അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഭരണഘടന ഇടപെടലുകള്‍ക്കു വേണ്ടി പരിശ്രമിക്കുമെന്നാണ്.


ഭരണഘടന അസംബ്ലി രൂപികരിക്കപ്പെട്ടു. ഡോ. രാജേന്ദ്ര പ്രസാദ് ചെയര്‍മാനായി, ഇന്ത്യയിലെ വ്യത്യസ്തങ്ങളായ പ്രവിശ്യകളില്‍ നിന്നുള്ള പ്രതിനിധികള്‍... കേരളത്തില്‍ നിന്നും 17 ഓളം പേര്‍ അംഗങ്ങളായിരുന്നു. കൊച്ചി ലജിസ്ലേറ്റീവ് അസംബ്ലിയിലെ പ്രതിനിധിയായ ദലിത് വനിത ദാക്ഷായണി വേലായുധന്‍ ഉള്‍പ്പെടെ അതില്‍ മൂന്നു സ്ത്രീകള്‍ ഉണ്ടായിരുന്നു. 389 ഓളം അംഗങ്ങളുള്ള ബൃഹത്തായ ഭരണഘടന അസംബ്ലിയാണ് രൂപീകരിച്ചത്. ആ ഭരണഘടന അംസബ്ലിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു ഏഴംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുണ്ടായി. ആ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു അംബേദ്കര്‍. രണ്ടു വര്‍ഷക്കാലവും 11 മാസവും 17 ദിവസവും എടുത്തു നടത്തിയ നീണ്ട ഡെലിബറേഷന്‍, ചര്‍ച്ചകള്‍. ആ ചര്‍ച്ചകളിലാണ് നമുക്ക് അറിയാവുന്നതുപോലെ 7635 ഓളം ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടത്. അത്രയും ഭേദഗതികളില്‍ നിന്നും രണ്ടായിരത്തോളം ഭേദഗതികള്‍ അംഗീകരിക്കപ്പെട്ടു. അതിന്‍മേല്‍ നീണ്ട ചര്‍ച്ചകള്‍ നടന്നു. ഈ ചര്‍ച്ചകളുടെയൊക്കെ ഒരു കണ്‍ക്ലൂഷന്‍ എന്ന നിലയിലാണ് ഭരണഘടന രൂപംകൊള്ളുന്നത്. അങ്ങിനെയാണ് 395 വകുപ്പുകളും ഷെഡ്യൂളുകളുമുള്ള ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുന്നത്. അത്തരത്തില്‍ അംബേദ്കര്‍ ചെയര്‍മാനായി, ഇത്രയധികം അംഗങ്ങളുള്ള, ചര്‍ച്ചകള്‍ നടന്ന, ജനാധിപത്യപരമായ ഒരു പ്രോസസിനെയാണ് ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തു എന്ന് ആക്ഷേപിച്ചത്. അതിലൊന്നും ബ്രീട്ടിഷുകാര്‍ക്ക് ഒരു റോളുമില്ല.




ഭരണഘടന അസംബ്ലിയിലുള്ള പ്രതിനിധികളൊക്കെ ഇന്ത്യാക്കാരല്ലേ? അപ്പോള്‍ ആ ആക്ഷേപം അജ്ഞതയാണ്. ഭരണഘടന രൂപീകരണത്തെക്കുറിച്ചും വികാസത്തെക്കുറിച്ചുമുള്ള തികഞ്ഞ അജ്ഞത. ചരിത്രത്തെ നിരാകരിക്കുന്ന ഒരു സമീപനമാണിത്. മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്നു പറയുന്നത് ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്‍പി എന്നു പറഞ്ഞ് രാഷ്ട്രം ബഹുമാനിക്കുന്നത് അംബേദ്കറെയാണ്. ഭരണഘടന നിര്‍മാണത്തില്‍ അദ്ദേഹം വഹിച്ച ചരിത്രപരമായ പങ്കിനെ ഒരര്‍ഥത്തില്‍ റദ്ദു ചെയ്യുന്ന അഭിപ്രായമാണ് സജി ചെറിയാന്റേത്. ഭരണഘടന എഴുതി തയ്യാറാക്കിയതില്‍ മുഖ്യ പങ്കുവഹിച്ചത് അംബേദ്കറാണ്. 1949 നവബംര്‍ 25ന് ഇന്ത്യയുടെ ഭരണഘടന അസംബ്ലിയില്‍ ടി.ടി കൃഷ്ണമാചാരി നടത്തിയ പ്രസംഗമുണ്ട്. ''ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ഏഴു പേരില്‍ ഒരാള്‍ രാജിവച്ചു, പകരമാളെ എടുത്തില്ല. ഒരാള്‍ അമേരിക്കയിലായിരുന്നു. മറ്റൊരാള്‍ മറ്റുകാര്യങ്ങള്‍ക്കുവേണ്ടി നടന്നു. ഒരാള്‍ മരിച്ചു, ഒന്നോ രണ്ടോ പേര്‍ ഡല്‍ഹിയില്‍ നിന്നും അകലെയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ അവര്‍ക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. അതുകൊണ്ട് ഈ ഭരണഘടന എഴുതിയുണ്ടാക്കുന്ന ചുമതല മുഴുവന്‍ അംബേദ്ക്കറുടെ ചുമലിലായിരുന്നു'' എന്നാണ് കൃഷ്ണമാചാരി പറഞ്ഞത്.



(തുടരും)

TAGS :