Quantcast
MediaOne Logo

ജെയ്സി തോമസ്

Published: 27 May 2022 6:28 AM GMT

അതിജീവിതക്കൊപ്പം ആരുമില്ല, അവള്‍ ഒറ്റക്കാണ്: ജോളി ചിറയത്ത്

അഞ്ചു വര്‍ഷമായി അവള്‍ പോരാട്ടം തുടങ്ങിയിട്ട്. കേസില്‍ അറസ്റ്റ് നടന്നെങ്കിലും പല തവണ കേസ് അട്ടിമറിക്കപ്പെട്ടു. സിനിമയെ വെല്ലുന്ന നാടകീയതകളായിരുന്നു കേസിലുടനീളം സംഭവിച്ചതും ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും. താരസംഘടന തന്നെ നടിക്ക് നേരെ മുഖം തിരിച്ചപ്പോള്‍ സിനിമയിലെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് അതിജീവിതക്കൊപ്പം നിന്നത്.

അതിജീവിതക്കൊപ്പം ആരുമില്ല, അവള്‍ ഒറ്റക്കാണ്: ജോളി ചിറയത്ത്
X
Listen to this Article

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പ്രതികരണങ്ങള്‍ അതിജീവിതയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറയുകയാണ് നടിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്. മീഡിയവണ്‍ ഓണ്‍ലൈനിന് വേണ്ടി ജെയ്‌സി തോമസുമായി നടത്തിയ അഭിമുഖ സംഭാഷണം.

എല്ലാ ഘട്ടത്തിലും അതിജീവിതക്കൊപ്പമെന്ന് പറയുമ്പോഴും മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ ഇരക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് സര്‍ക്കാര്‍ എന്നതിന് തെളിവല്ലേ?

എം.എം മണിയാണെങ്കിലും കോടിയേരിയാണെങ്കിലും ജയരാജനാണെങ്കിലും വളരെ നെഗറ്റീവായ രീതിയിലുള്ള പരാമര്‍ശമാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധികള്‍ എന്ന നിലയില്‍ അവരെന്താണോ പറയാന്‍ പാടില്ലാത്തത് അതു തന്നെയാണ് അവര്‍ പറഞ്ഞത്. ഒരു ഭാഗത്ത് അതിജീവിതക്കൊപ്പമാണെന്ന് പറയുകയും അതേസമയം ഒപ്പമാണെന്ന് കാണിക്കുന്ന യാതൊന്നും തന്നെ അവരുടെ ഭാഗത്തു നിന്നുണ്ടാകുന്നുമില്ല. എത്രമാത്രം സ്ത്രീവിരുദ്ധമായിട്ടാണ് നമ്മുടെ സിസ്റ്റം പ്രവര്‍ത്തിക്കുന്നതെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.

നടിക്കെതിരെ ഇങ്ങനെ പൊതുജനമധ്യത്തില്‍ വന്നു പറയാനുള്ള ധൈര്യം എന്നു പറയുന്നത് സ്ത്രീകള്‍ കൂടി ചേര്‍ന്ന് നേടിക്കൊടുത്ത അധികാരത്തിന്റെ ബലത്തിലാണ് എന്നത് രാഷ്ട്രീയ നേതാക്കള്‍ മറന്നു പോകുന്നു. മറ്റു സ്ത്രീകളെ അപേക്ഷിച്ച് കുറെ കൂടി സോഷ്യല്‍ ക്യാപിറ്റല്‍ ഉള്ള സ്ഥലത്തു നിന്നും വന്ന ഒരു സ്ത്രീ.. അവര്‍ക്കെതിരെ നടന്ന അതിക്രമം, അതു ചെയ്ത പ്രതികള്‍ ജയിലിനകത്താണ്. വെറുതെ സെറ്റിലൂടെ കാറോടിച്ചു നടന്നുകൊണ്ടിരുന്ന ഒരു ഡ്രൈവര്‍ തന്നിഷ്ടത്തിന് അനുസരിച്ച് ഇങ്ങനെയൊരു കൃത്യം ചെയ്തുവെന്ന് നമുക്ക് വിശ്വസിക്കാനും പറ്റില്ല. അപ്പോള്‍ പിന്നെ ഈ കേസില്‍ മാസ്റ്റര്‍ ബ്രയിനുണ്ട്. അയാളെ തീര്‍ച്ചയായും പുറത്തുകൊണ്ടുവരേണ്ടതുണ്ട്. പകരം അങ്ങനെ പറയാന്‍ പാടില്ലായിരുന്നു ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നൊക്കെ പറയുന്നത് ഇരയായ സ്ത്രീയെ അപമാനിക്കുന്നതിന് തുല്യമാണ്. അവര്‍ക്കു വേണ്ട നീതി വാങ്ങിക്കൊടുന്നില്ലെന്ന് മാത്രമല്ല, നീതി ആവശ്യപ്പെടുന്നത് അവര്‍ക്കു തന്നെ വിപത്തായി മാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്.

കേരളത്തിലെ 50 ശതമാനം സ്ത്രീകളും വോട്ടു ചെയ്തു വിജയിപ്പിച്ചൊരു സര്‍ക്കാരിന്റെ വക്താക്കളാണ് ഈ പറയുന്നത്. സ്ത്രീകളെ വെറുമൊരു വോട്ടുബാങ്കായി കാണുകയും സ്ത്രീസുരക്ഷയുടെ പേരില്‍ വീമ്പു പറയുകയും ചെയ്യുന്ന സംസ്ഥാനത്ത് ഇത്രയും സോഷ്യല്‍ സ്റ്റാറ്റസുള്ള ഒരു സ്ത്രീയുടെ ഗതി ഇതാണെങ്കില്‍ ഏറ്റവും അടിസ്ഥാന വര്‍ഗത്തില്‍പ്പെടുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും. ഇത്തരം ആളുകള്‍ക്ക് വോട്ടു ചെയ്യണമോ എന്ന് സ്ത്രീകള്‍ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. നമുക്ക് ഇതു മാത്രമേ ഒരു ആയുധമുള്ളൂ. ഈ വിഷയത്തില്‍ കൃത്യമായ നിലപാടില്ലാത്ത ആളുകള്‍ക്ക് വോട്ട് ചെയ്യില്ല എന്നു തന്നെ പറയണം. ആ രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കാരണം, നമ്മള്‍ ജീവന്‍ വരെ കൊടുത്താല്‍ മാത്രമേ അതിനകത്ത് ഒരു സഹതാപം വേണ്ടൂ എന്ന രീതിയാണ്. ജീവിച്ചിരിക്കുമ്പോള്‍ ഒരാളും നീതിക്ക് അര്‍ഹരല്ല. സ്ത്രീ സൗഹാര്‍ദമായിരിക്കണം വീടു സമൂഹവും എന്നു പറയുന്ന, ലിംഗ സമത്വത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ മേല്‍, ജുഡീഷ്യറിയുടെ മേല്‍ വിശ്വാസം നഷ്ടപ്പെട്ട ഒരു സമൂഹം ഉണ്ടാവുക എന്നു പറയുന്നത് അതെത്ര മാത്രം അരക്ഷിതാവസ്ഥയാണ്. മറിച്ചല്ലേ സംഭവിക്കേണ്ടത്. ജനങ്ങളുടെ വിശ്വാസം തിരികെയെടുക്കേണ്ട രീതിയിലായിരിക്കണ്ടേ സിസ്റ്റം പ്രവര്‍ത്തിക്കേണ്ടത്. അതില്‍ തന്നെ അണ്ടര്‍ പ്രിവിലേജ്ഡ് ആയ സ്ത്രീകള്‍ക്ക് ഒരു ആത്മവിശ്വാസവും തോന്നാത്ത വിധത്തിലുള്ള സംഭവങ്ങളാണ് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

യു.ഡി.എഫ് ആയിരുന്നെങ്കില്‍ ഈ കേസില്‍ അറസ്റ്റ് പോലും നടക്കില്ലെന്നാണ് എല്‍.ഡി.എഫിന്റെ ആരോപണം. കേസിന്റെ പേരില്‍ നടക്കുന്ന ആരോപണ, പ്രത്യാരോപണങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളത്?

എന്തുതരം ന്യായമാണ് ഇതൊക്കെ. ഒരു ക്രൈം നടന്നുകഴിഞ്ഞാല്‍ ഓണ്‍ ദ സ്‌പോട്ടില്‍ അതിനു വേണ്ട നടപടികള്‍ എടുക്കണം. ആരു ഡിലേ വരുത്തിയാലും അതു മോശമാണ്. അവരാണെങ്കില്‍ നടപടികളെടുക്കാന്‍ താമസിക്കുമായിരുന്നു, ഞങ്ങളാണെങ്കില്‍ നേരത്തെ ചെയ്യുമായിരുന്നു എന്നൊക്കെ പറയുന്നത് ഭയങ്കര നോണ്‍സെന്‍സായ വര്‍ത്തമാനങ്ങളാണ്. നമുക്ക് അതറിയേണ്ട കാര്യമില്ല. ഏതു സര്‍ക്കാരാണെങ്കിലും ചെയ്യേണ്ട ഡ്യൂട്ടി അവര്‍ ചെയ്യുക എന്നതാണ്. അതാര് വൈകിയാലും പ്രശ്‌നം തന്നെയാണ്. ഇനിയൊരു കേസെടുത്തു, കേസിന്റെ നടത്തിപ്പില്‍ യാതൊരു തരത്തിലുള്ള സുതാര്യതയും നീതിയുമില്ലെങ്കില്‍ പിന്നെന്താണ് കാര്യം. ഒരു ക്രൈം നടന്നുകഴിഞ്ഞാല്‍ കേസെടുക്കുക എന്നത് ഒരു പ്രൊസീജിയര്‍ അല്ലേ.. അതു ചെയ്യാനല്ലെങ്കില്‍ പിന്നെ ഈ സംവിധാനമൊക്കെ എന്തിനാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഇത്തരം മുടന്തന്‍ ന്യായങ്ങളൊന്നും നമുക്ക് കേള്‍ക്കുകയേ വേണ്ട. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അവര്‍ക്കു പഠിപ്പിച്ചുകൊടുക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ മാറിക്കൊണ്ടിരിക്കുന്നത്.

ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ഹരജി നല്‍കിയിരിക്കുന്നു. കാര്യങ്ങള്‍ കൂടുതല്‍ മോശമായ അവസ്ഥയിലേക്കല്ലേ പൊയ്‌ക്കൊണ്ടിരിക്കുന്നത്?

നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പ്രോസിക്യൂഷന്‍ തന്നെ കീഴ്‌ക്കോടതിയുടെ നടത്തിപ്പില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് കേസില്‍ നിന്നും പിന്‍മാറുമ്പോള്‍ നമ്മളെന്താണ് മനസിലാക്കേണ്ടത്. എവിടെയോ.. എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നല്ലേ..? സുതാര്യമല്ലാത്ത, ഉചിതമല്ലാത്ത എന്തോ കാര്യം അതിനകത്ത് നടക്കുന്നുണ്ടന്നല്ലേ? കേസ് അട്ടിമറിക്കപ്പെടുന്നുണ്ടെന്ന് ആ സ്ത്രീക്ക് തോന്നുന്നതും അവര്‍ക്കത് പറയാന്‍ തോന്നുന്നതും വലിയ കാര്യമാണ്. കാരണം പലര്‍ക്കും കേസ് എങ്ങനെയാണ് പോകുന്നതെന്നത് പോലും മനസിലാക്കാന്‍ സാധിക്കാറില്ല. നിയമസഹായം പോലും ലഭിക്കാത്ത ബഹുഭൂരിപക്ഷം ആളുകള്‍ക്കിടയില്‍ പ്രസ്തുത നടിക്ക് അവരുടെ കേസിന്റെ പൊസിഷന്‍ എങ്ങനെയാണ്, എവിടെ വച്ച് കൗണ്ടര്‍ ചെയ്യണം, പ്രതിരോധിക്കണം എന്ന അറിവെങ്കിലും ഉണ്ട്. അത് തീര്‍പ്പാക്കിക്കിട്ടുന്നുമുണ്ട്. എന്നിട്ടു പോലും ഇതാണവസ്ഥ. സിസ്റ്റം തെറ്റായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാന്‍ പറ്റുന്നത് ഒരു നല്ല കാര്യമല്ലേ? എന്നാല്‍, അതു പരിഹരിക്കാതെ വാദിയായി വന്നയാളെ പരിഹസിക്കുകയും എല്ലാം അവരുടെ മാത്രം പ്രശ്‌നമായി കണക്കാക്കുകയും ചെയ്യുന്ന സാഹചര്യമാണ് . സത്യത്തില്‍ അതിജീവിതക്കൊപ്പം ഇപ്പോള്‍ ആരുമില്ല. അധികാരത്തിലിരിക്കുന്നവര്‍ ആരും അവര്‍ക്കൊപ്പമില്ല.

പ്രതിപക്ഷത്തിനെ സംബന്ധിച്ചിടത്തോളം ഭരണപക്ഷത്തെ അടിക്കാനുള്ള ഒരു ആയുധമെന്നല്ലാതെ ഇതിലെത്രമാത്രം സത്യസന്ധതയുണ്ടെന്ന് സംശയിക്കേണ്ടതുണ്ട്. രണ്ടു സര്‍ക്കാരുകളുടെയും ഇതുവരെയുള്ള നടപടികള്‍ അതിനു തെളിവാണ്. ഇവരുടെ രാഷ്ട്രീയ താല്‍പര്യം എന്നതിനപ്പുറത്ത് നിജമായ ഒരു അവസ്ഥയുണ്ട്. കാരണം കുറ്റകൃത്യം സംഭവിച്ചിട്ടുണ്ട്. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും താല്‍പര്യങ്ങള്‍ ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ നമുക്കറിയേണ്ട കാര്യമില്ല. പണമുള്ളവര്‍ക്കും സ്വാധീനമുള്ളവര്‍ക്കും വേണ്ടി എല്ലാ സിസ്റ്റവും അവരുടെ മുന്നില്‍ അടിയറ വയ്ക്കുന്നു എന്ന ചെറിയ മേസേജാണ് നല്‍കുന്നത്. അല്ലാതെ ഇത്ര രാഷ്ട്രീയ കോലാഹലമുണ്ടാകാനോ, വോട്ട് ബാങ്ക് മാറിമറിയാനോ ഉള്ള എന്തു കാര്യങ്ങളാണ് ഇതിനകത്തുള്ളത്. ഇവരുടെ നോണ്‍സെന്‍സുകള്‍ മുഖവിലക്കെടുക്കേണ്ട ആവശ്യം സ്ത്രീകള്‍ക്കില്ല. മറിച്ച് നടക്കാന്‍ പോകുന്ന അട്ടിമറിയെക്കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കും.

അതിജീവിതക്കൊപ്പമെന്ന് പറയുകയും ദിലീപിനൊപ്പം അഭിനയിക്കുകയും ചെയ്യുമെന്ന ചുരുക്കം ചില സിനിമാതാരങ്ങളുടെ നിലപാടിനെക്കുറിച്ച്?

എന്തുതരം പ്ലീസിംഗായ നിലപാടാണ് ഇവര്‍ കൊണ്ടുനടക്കുന്നതെന്ന് എനിക്കറിയില്ല. നടിമാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പവര്‍ലെസായ ആളുകളാണ് അവര്‍. നമ്മളെ വച്ചൊരു പ്രോജക്ട് ഉണ്ടാകില്ല. മാര്‍ക്കറ്റിന് പറ്റിയ താരശരീരങ്ങളല്ല, ഞങ്ങള്‍ ഇവരുടെ ബിസിനസില്‍ ഏതെങ്കിലും തരത്തിലുള്ള എലമെന്റ് ആകാത്തിടത്തോളം കാലം നമ്മള്‍ പവര്‍ലെസാണ്. നിങ്ങള്‍ വേണമെങ്കില്‍ അഭിനയിക്കാതിരുന്നോ എന്നേ നമ്മളോട് പറയൂ. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുക എന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടാകില്ല..അതൊന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യമെന്താണെന്നു വച്ചാല്‍ വ്യക്തിപരമായിട്ട് ഒരു തീരുമാനം എനിക്കെടുക്കാന്‍ സാധിക്കുമായിരിക്കും. പക്ഷെ, കുറ്റവാളി എന്ന് അദ്ദേഹത്തെ കണ്ടെത്തിയിട്ടില്ല. കുറ്റാരോപിതനാണ് ആ നടന്‍. ആ ആള്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്. കുറ്റവാളിക്കു പോലും അവകാശങ്ങളുണ്ട്. അതിന്റെ പുറത്ത് സാമൂഹ്യമായി അദ്ദേഹത്തെ റദ്ദ് ചെയ്യണമെന്നോ, തൊഴിലെടുത്ത് ജീവിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശത്തെ തടയണമെന്നോ പറയാന്‍ നമ്മള്‍ ആളല്ല. അതു ശരിയായ ഒരു രീതിയുമല്ല. അതേസമയം തന്നെ ഇയാള്‍ക്ക് നിര്‍ബാധം ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുകയും അയാളുടെ ഇഷ്ടത്തിന് മാത്രം കേസന്വേഷണത്തിനായി വിട്ടുകൊടുക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന അപകടം ഒരുപാട് തെളിവുകള്‍ തേച്ചുമായ്ക്കപ്പെടും എന്നതാണ്.

ആ നടന്റെ കൂടെ അഭിനയിക്കണ്ട എന്നു തീരുമാനിക്കേണ്ടത് വ്യക്തിപരമായ ചോയിസാണ്. ആ ചോയിസിനു പോലും ഒരു പ്രിവിലേജ് ഉള്ളവര്‍ക്കേ സാധിക്കുകയുള്ളൂ. അയാളുടെ കൂടെ അഭിനയിക്കുമെന്ന് പറയുന്നത് ഒരു ഗതികേട് കൂടിയാണ്. അതേസമയം തന്നെ അവര്‍ക്കൊപ്പമല്ല എന്നു പറയുന്നതിന്റെ നിക്ഷ്പക്ഷ നിലപാട് കൂടിയാണ്. ഗതികേടിനെ തന്നെ ന്യൂട്രല്‍ പൊസിഷനാക്കി മാറ്റിയെടുക്കുന്ന അവസ്ഥ കൂടിയുണ്ട് ചിലര്‍ക്ക്.

പൊലീസാണ് ഇയാള്‍ പ്രതിയാണെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തത്. ഇത്രയും പ്രഗത്ഭനായ ഒരാളെ തുറന്നുകാണിക്കണമെങ്കില്‍ എന്തെങ്കിലും ഒരു തെളിവില്ലാതെ അവരത് ചെയ്യുമോ? പ്രതി ചേര്‍ക്കപ്പെട്ട ഒരാളുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിവൈസുകള്‍ പിടിച്ചെടുക്കാന്‍ എന്തുകൊണ്ട് ഇത്ര വൈകി? ഇപ്പോള്‍ പോലും ഈ പ്രതിക്ക് ഞങ്ങള്‍ പറഞ്ഞ ലാബില്‍ നോക്കാം, അവിടെ കൊടുക്കാം എന്നു പറയാനുള്ള ധൈര്യം ഉണ്ടാവുക എന്നു പറഞ്ഞാല്‍ എന്തൊരു തരം വെള്ളരിക്കാപ്പട്ടണമാണിത്. ഒരു വീട്ടില്‍ ഒരു റെയ്ഡിന് വന്നാല്‍ പോലും ആദ്യം നമ്മുടെ ഫോണാണ് പിടിച്ചുവയ്ക്കുന്നത്. പിന്നീട് കോടതിയില്‍ പോയി വാങ്ങിച്ചോളാന്‍ പറയും.

കേസ് അട്ടിമറിക്കപ്പെടുന്നു എന്നു വീണ്ടും അഭ്യൂഹങ്ങള്‍ ഉയരുന്നു. ഡബ്‌ള്യൂ.സി.സി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നുണ്ടോ?

ഡബ്‌ള്യൂ.സി.സി ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നില്ല. എല്ലാവരും നിരാശരാണ്. 2017 മുതല്‍ ഈ കേസ് നടക്കുന്നു. ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞു. ഡബ്‌ള്യൂ.സി.സി പോലും ഉണ്ടാകുന്നത് ഈ സംഭവത്തിന്റെ സാഹചര്യത്തിലാണ്. താരസംഘടനയിലെ ആളുകള്‍ ഉചിതമായ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് കുറച്ചു നടിമാര്‍ അവിടെ നിന്നും ഇറങ്ങിപ്പോരുന്നത്. പിന്നീട് സപ്പോര്‍ട്ടിംഗ് സിസ്റ്റം എന്ന രീതിയിലാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന കൂട്ടായ്മ ഉണ്ടാകുന്നത്. ഈ ഒരു സംഭവം മാത്രമല്ല, സിനിമക്കകത്ത് ചെറുതും വലുതുമായ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറയാനും ഈ സംഘടന ഉപകാരപ്പെട്ടു. ഇന്റേണല്‍ കംപ്ലെന്റ് കമ്മിറ്റി വേണമെന്നൊക്കെ ഇപ്പോഴല്ലേ പറയുന്നത്. ഏതൊരു സ്ഥാപനത്തിലും പരാതി സെല്‍ ഉണ്ടാകും, അത് പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം. ഇത്രയേറെ കലാകാരന്‍മാര്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ പരാതി പറയാന്‍ ഒരിടം വേണമെന്നത് ഈ സംഭവം കൊണ്ടുമാത്രം ഉണ്ടായതാണ്. ഡബ്‌ള്യൂ.സി.സി നടിമാരുടെ മാത്രം സംഘടനയല്ല, മറിച്ച് എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ എല്ലാം ഡിപ്പാര്‍ട്ട്‌മെന്റുകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വേണ്ടിയുള്ളതാണ്. എന്നാല്‍, വലിയൊരു സംഘടന എന്ന രീതിയിലും പറയാന്‍ സാധിക്കില്ല. സംഘടനാബലം ഉണ്ടാക്കാന്‍ വേണ്ടി ആരെയും കൊണ്ടുവരാനും സാധിക്കില്ല. ആ ഒരു ഭീഷണിയുണ്ട്. കറപ്റ്റഡ് ആയ ഒരു സിസ്റ്റത്തിനെതിരെ ശബ്ദമുയര്‍ത്തിയാല്‍ നമുക്ക് കയ്യടിയല്ല കിട്ടുന്നത്. നമ്മളെ കോര്‍ണര്‍ ചെയ്യാനാണ് ശ്രമിക്കുക. സത്യം പറയാന്‍ ശ്രമിക്കുന്നവരെ, പ്രശ്‌നങ്ങള്‍ പറയുന്നവരെ പ്രശ്‌നക്കാരായിട്ടാണ് കണക്കാക്കുന്നത്. ഡബ്‌ള്യൂ.സി.സിക്ക് പറയാവുന്നതിന്റെയും ചെയ്യാവുന്നതിന്റെയും മാക്‌സിമം ആണ് ചെയ്തുകൊണ്ടിരിക്കുന്നത്.

ഹേമ കമ്മീഷന്‍ വന്നു. ഒന്നൊന്നര കോടി ചെലവാക്കിയ ഹേമ കമ്മീഷന്റെ അവസ്ഥ എന്താണ്. കമ്മീഷനല്ല, കമ്മിറ്റിയാണ് അതുകൊണ്ട് അതിന്റെ കണ്ടെത്തലുകള്‍ പുറത്തുവിടാന്‍ സാധിക്കില്ല തുടങ്ങിയ മുട്ടുന്യായങ്ങളാണല്ലോ വരുന്നത്. ഒരു ഘട്ടം വരുമ്പോള്‍ നമ്മള്‍ നിരാശരാകും. ഇതൊരു സാമൂഹ്യപ്രശ്‌നമാണെന്നും സമൂഹത്തിന്റെ മൊത്തം ഉത്തരവാദിത്തമാണെന്നും മനസിലാക്കുന്ന ഒരു സാഹചര്യം വരുമ്പോള്‍ മാത്രമാണ് എന്തെങ്കിലും ഒരു ചലനമുണ്ടാക്കാന്‍ സാധിക്കുകയുള്ളൂ. ഇതിപ്പോള്‍ ഒരു കുടുംബ പ്രശ്‌നം പോലെ ഇതവരുടെ പ്രശ്‌നമാണ് എന്നു കാണുന്നതിന്റെ അപകടമുണ്ട്. ഒരു സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഇത്തരം കാര്യത്തില്‍ വരണം. ഒരു പെണ്‍കൂട്ടം ഇതിനകത്ത് നിശബ്ദരായിപ്പോയെങ്കില്‍ അവരുടെ ഗതികേടു കൊണ്ടുതന്നെയാണ്. വ്യക്തിപരമായി നമുക്ക് വേദനിക്കാമെന്നല്ലാതെ ഒരു സിസ്റ്റത്തെ മുഴുവനായി മാറ്റിയെടുക്കാന്‍ സാധിക്കില്ലല്ലോ?

തുല്യവേതനം നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന അമ്മയുടെ നിലപാട്, സംഘടനയിലെ പുരുഷാധിപത്യത്തിന്റെ ധിക്കാരപരമായ മനോഭാവത്തെയല്ലേ സൂചിപ്പിക്കുന്നത്?

മിനിമം വേതനം പോലുമില്ലാതെയാണ് സിനിമയില്‍ കുറെ മനുഷ്യര്‍ ജോലി ചെയ്യുന്നത്. സ്ത്രീകള്‍ മാത്രമല്ല, ഏറ്റവും ചെറിയ പൊസിഷനില്‍ ജോലി ചെയ്യുന്നവരുടെയും അവസ്ഥ ഇതാണ്. പറഞ്ഞ വേതനം ലഭിക്കാതെ കബളിപ്പിക്കപ്പെടുന്നവരുണ്ട്. അക്കൂട്ടത്തില്‍ സ്ത്രീകള്‍ മാത്രമല്ല, പുരുഷന്‍മാരുമുണ്ട്. മാന്യമായ പെരുമാറ്റം പോലും ലഭിക്കാറില്ല. ഇന്‍ഡസ്ട്രിയിലെ 70-75ശതമാനം തുക കുറച്ചുപേര്‍ക്ക് വേതനം നല്‍കാനാണ് ഉപയോഗിക്കുന്നതെന്നാണ് പഠനങ്ങള്‍ പോലും പറയുന്നത്. ശേഷിക്കുന്ന പത്തോ ഇരുപത്തഞ്ചോ ശതമാനമാണ് ബാക്കിയുള്ളവര്‍ക്ക് കൂലി കൊടുക്കാന്‍ ഉപയോഗിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷനും നടക്കുന്നത്. വന്‍തുക അഞ്ച് ശതമാനം ആളുകളിലേക്കാണ് പോകുന്നത്. ആ ഒരു ഗ്യാപ്പ് ആലോചിച്ചു നോക്കൂ എന്ത് ഭീകരമാണെന്ന്. ആനുപാതികമായി നമുക്ക് ശമ്പളം കിട്ടണം അല്ലേ? അതു സംഭവിക്കുന്നില്ല. ജോലി ഉള്ളവര്‍ക്ക് കൂലി കിട്ടുക എന്നത് അവകാശമല്ലേ.. ഇവിടെ അതുപോലും നിഷേധിക്കപ്പെടുകയാണ്. ആരോടും പരാതി പോലും പറയാന്‍ സാധിക്കില്ല. കാരണം സ്ട്രക്‌ചേഡ് അല്ലാത്ത ഒരു സിസ്റ്റം ആണത്. അങ്ങിനെയുള്ള ഒരു തൊഴിലിടത്തില്‍ ഇത്തരത്തിലുള്ള ഒരു ക്രൈം കൂടി നടക്കുന്നു.

വിസ്മയ കേസില്‍ വിധി വന്നപ്പോള്‍ ആ പെണ്‍കുട്ടിക്ക് നീതി കിട്ടിയെന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ വന്നു. യഥാര്‍ഥത്തില്‍ മരണശേഷം കിട്ടുന്നതിനെ നീതി എന്നു വിളിക്കാമോ?

മരണശേഷം നീതി കിട്ടി എന്നു പറയുന്നത് മതാത്മകമായ ഒരു ആശ്വാസമാണ്. മരണശേഷം നമുക്ക് സ്വര്‍ഗം കിട്ടുമെന്ന് പറയുന്നതുപോലെ. അങ്ങനെ വിശ്വസിക്കുന്ന മനുഷ്യരെ നമുക്ക് കളിയാക്കാനും സാധിക്കില്ല. നീതിയെക്കുറിച്ച് വളരെ വ്യത്യസ്തമായ ഒരു സങ്കല്‍പമാണ് നമുക്കുള്ളത്. എന്താണ് നീതി? ജീവിച്ചിരിക്കുന്ന സമയത്ത് അവസര സമത്വം ഉണ്ടാവണം, എല്ലാവര്‍ക്കും ഒരുപോലെ സാധ്യമാകണം എന്നല്ലേ? പൗരാവകാശങ്ങളും മൗലികാവകാശങ്ങളും സ്വന്തം താല്‍പര്യങ്ങളുമൊക്കെ സംരക്ഷിച്ച് ഏതൊരു മനുഷ്യനും ജീവിക്കണം, ജീവിച്ചു തീരണം. അതാണ് മിനിമം നീതി. അത് മാക്‌സിമം നീതിയല്ല. അത് മിനിമം ആണെന്നു പോലും മനസിലാക്കിയിട്ടില്ല നമ്മള്‍. മിനിമത്തിനു വേണ്ടിയാണ് നമ്മള്‍ തല്ലുകൂടുന്നത്. മരിച്ചുപോയിട്ട് അപ്പുറത്തു നില്‍ക്കുന്ന ആളെ ശിക്ഷിച്ചു എന്നുപറഞ്ഞു നീതി കിട്ടി എന്നു വിശ്വസിക്കുകയാണ് നമ്മള്‍. വേറൊരു വീട്ടിലേക്ക് അയച്ചുകൊടുക്കാനാണ് പെണ്‍കുട്ടികളെ നമ്മള്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. പേറ്റുയന്ത്രങ്ങളാവുക എന്നതാണ് പെണ്ണിന്റെ ആവശ്യം. ബാക്കി പഠിക്കണോ, ജോലി വേണോ സ്വപ്നം കാണണോ എന്നതൊക്കെ ഔദാര്യമാണ്. അതുകൊണ്ടാണ് മരണശേഷമുള്ള നീതിയെ വലിയ സംഭവമായി കാണുന്നത്.


TAGS :