Quantcast
MediaOne Logo

ബശരിയ തസ്‌നീം

Published: 21 Feb 2023 10:05 AM GMT

നമ്മളോട് തന്നെ സത്യസന്ധമായാല്‍ സിനിമയില്‍ അതിന്റെ ഗുണമേന്മ കാണാം - ഡോണ്‍ പാലത്തറ

പൊതുവേ കണ്ടുവരുന്ന സിനിമാ വ്യാകരണങ്ങള്‍ക്ക് പുറത്ത് നിന്നുകൊണ്ട് പുതുവഴികള്‍ തെളിച്ചാണ് ഡോണിന്റെ യാത്ര. മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലില്‍ 1956 മധ്യ തിരുവിതാംകൂറിന്റെ പ്രദര്‍ശനത്തിന് ശേഷം നടന്ന മീറ്റ് ദ ഡയറക്ടര്‍ സെഷനില്‍ മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് നൗഫല്‍ ഡോണ്‍ പാലത്തറയുമായി നടത്തിയ സംഭാഷണം.

നമ്മളോട് തന്നെ സത്യസന്ധമായാല്‍ സിനിമയില്‍ അതിന്റെ ഗുണമേന്മ കാണാം - ഡോണ്‍ പാലത്തറ
X

കഥപറച്ചിലിന്റെ വ്യത്യസ്തതകളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സിനിമാ സംവിധായകനാണ് ഡോണ്‍ പാലത്തറ. സിനിമാ ലോകത്തേക്ക് കാലെടുത്ത് വെച്ച് ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ടുതന്നെ അദ്ധേഹം േ്രപക്ഷക ശ്രദ്ധ നേടി. പൊതുവേ കണ്ടുവരുന്ന സിനിമാ വ്യാകരണങ്ങള്‍ക്ക് പുറത്ത് നിന്നുകൊണ്ട് പുതുവഴികള്‍ തെളിച്ചാണ് ഡോണിന്റെ യാത്ര. 'സത്യസന്ധത' യിലൂന്നിക്കൊണ്ട്, നിര്‍മിക്കുന്ന ഓരോ സിനിമക്കും വേറിട്ട രീതിയില്‍ ജീവന്‍ നല്‍കാന്‍ ഡോണിന് സാധിച്ചു. പല സംവിധായകരും ചിന്തിക്കാനിരിക്കുന്ന മേഖലകള്‍ പല പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഡോണ്‍ ഒപ്പിയെടുത്തു. ശവം, വിത്ത്, ദി ഫാമിലി, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, 1956 മധ്യതിരുവിതാംകൂര്‍ തുടങ്ങി ചുരുക്കം സിനിമകളിലൂടെ തന്നെ ഡോണിനെ പ്രേക്ഷകര്‍ സ്വീകരിച്ചു. മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലില്‍ 1956 മധ്യ തിരുവിതാംകൂറിന്റെ പ്രദര്‍ശനത്തിന് ശേഷം നടന്ന മീറ്റ് ദ ഡയറക്ടര്‍ സെഷനില്‍ മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് നൗഫല്‍ ഡോണ്‍ പാലത്തറയുമായി നടത്തിയ സംഭാഷണം.

പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത അഭിനേതാക്കളാണ് ഡോണിന്റെ സിനിമകളില്‍ ഉള്ളവരില്‍ അധികവും. വളരെ സൂക്ഷ്മമായ ഭാവങ്ങള്‍ പോലും വളരെ മനോഹരമായി അവര്‍ അവതരിപ്പിക്കുന്നുണ്ട്. എങ്ങനെയാണ് ഇവരെ കണ്ടെത്തുന്നത്?

സത്യത്തില്‍ ഇവരെല്ലാവരും മറ്റു സിനിമകളില്‍ ചെറിയ വേഷങ്ങളിലെങ്കിലും അഭിനയിച്ചിട്ടുള്ളവരാണ് ഓഡീഷനിലൂടെ ഇവരിലേക്ക് എത്തിപ്പെടുകയായിരുന്നു. ജെയിന്‍ ആന്‍ഡ്രൂസ് ആണ് ഈ സിനിമയില്‍ ഓനന്‍ എന്ന കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം പന്തം എന്ന സിനിമയില്‍ പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ കോര എന്ന കഥാപാത്രം ചെയ്തിരിക്കുന്നത് ആസിഫ് യോഗിയാണ്, അദ്ദേഹം ഹലാല്‍ ലൗ സ്റ്റോറിയില്‍ ക്യാമറ മാന്‍ ആയി അഭിനയിച്ചിട്ടുണ്ട്. ജെയിന്‍ തന്നെ എന്റെ മറ്റൊരു സിനിമയിലും വന്നിട്ടുണ്ട്. അധികം പ്രായമുള്ള കട്ടിലില്‍ കിടക്കുന്ന മനുഷ്യനായി അഭിനയിച്ചിരിക്കുന്നത് ചിലമ്പന്‍ ജോസഫ് എന്ന നാടക നടനാണ്. കഴിയാവുന്നത്ര ആ നാട്ടിന്‍ പുറത്തുകാരെ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അതാവുമ്പോള്‍ ആ പ്രത്യേക ശൈലിയും ശരീരഭാഷയും ഒക്കെ കൃത്യമായി പഠിച്ചെടുക്കാം.

ലോ ബജറ്റില്‍ സിനിമ എടുക്കുന്ന വ്യക്തിയായാണ് താങ്കള്‍ അറിയപ്പെടുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ദി ഫാമിലി, 1956 മധ്യ തിരുവിതാംകൂറൊക്കെ ബജറ്റ് കൂട്ടേണ്ടി വന്നില്ലേ?

ബജറ്റ് ഇല്ലാത്ത അവസ്ഥയിലാണ് ബജറ്റ് കുറക്കുന്നത്. ഉള്ള സാഹചര്യത്തില്‍ ഉള്ളതുപോലെ സിനിമ ചെയ്യുക എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. നമുക്ക് ഒരു ബ്ൃഹത്തായ കഥയാണ് പറയാനുള്ളതെങ്കില്‍ അതിനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കുകയാണെങ്കില്‍ ആ രീതിയില്‍ സിനിമ ചെയ്യും. അതേസമയം വാണിജ്യ സ്‌കെയിലിലേക്ക് പോകുമെന്ന് ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷേ, പല രീതിയില്‍ പണം മുടക്കി ചെയ്യുന്ന സിനിമയാണ്. കൂടെ നില്‍ക്കുന്ന ആളുകള്‍ക്ക് പണം കൊടുക്കേണ്ടതുണ്ട്. അതിന് ഫണ്ട് ആവശ്യമാണ്. അപ്പോള്‍ അതിനനുസരിച്ച് പെരുമാറണം.

വാണിജ്യ സിനിമയുടെ ആധിക്യം ഉള്ള കാലഘട്ടം ആണിത്. അതിനിടയിലാണ് ഇത്തരം സിനിമകള്‍ ഇറങ്ങുന്നത്. ഇത് ആളുകള്‍ കാണണം എന്ന് സംവിധായകന്‍ എന്ന നിലയില്‍ ആഗ്രഹിക്കാറുണ്ടോ? പല സംവിധായകരും തന്റെ സിനിമകള്‍ പണിപെട്ട് കാണികളിലേക്ക് എത്തിക്കുന്നത് കാണാം. അതുപോലെ താങ്കളുടെ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ താങ്കള്‍ക്ക് കഴിയുന്നുണ്ടോ?

ഞാന്‍ മനസ്സിലാക്കുന്നത് ഇതിന്റെ പ്രേക്ഷകര്‍ വലിയ ജനക്കൂട്ടം ഒന്നുമല്ല എന്നാണ്. മോഹന്‍ലാല്‍ സിനിമകള്‍ പോലെ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്ന വശ്യതയും ഒന്നും ഈ സിനിമക്ക് ഇല്ല. മറ്റൊരു തരത്തില്‍ ആളുകളെ ചിന്തിപ്പിക്കുകയും കഥ പറച്ചിലില്‍ ഭാഗമാക്കുകയും ചെയ്യുകയാണ്. ആളുകള്‍ എങ്ങനെ ചിന്തിക്കുന്നു, കഥാപാത്രങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്നും ഉള്‍പെടുത്തുവാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് പ്രേക്ഷകര്‍ ചിലപ്പോള്‍ 100 ല്‍ പത്ത് പേരായിരിക്കും. എന്റെ സിനിമകള്‍ തീരെ കാണപ്പെടാത്ത പോകുന്നു എന്ന് അഭിപ്രായമില്ല. ഫെസ്റ്റിവലുകളിലൂടെ ഇത്തരത്തില്‍ നിറഞ്ഞ സദസ്സില്‍ എത്താന്‍ സാധിക്കുന്നുണ്ട്. ഇവിടെ എന്റെ നാലാമത്തെ പ്രദര്‍ശനം ആണ്. ഈ ഒരു മാസമായി തീയേറ്ററുകളില്‍ തരംഗമായി സിനിമകളെക്കാള്‍ നല്ല പ്രേക്ഷകരെ ലഭിക്കുന്നുണ്ട്. അതുകൊണ്ട് ഇതൊരു പരാജയമായോ മാറ്റിനിര്‍ത്തലായോ കാണേണ്ടതില്ല എന്നാണ് മനസ്സിലാക്കുന്നത്.


താങ്കളുടെ ആദ്യത്തെ സിനിമ 'ശവം' 20 മിനിറ്റ് അധികം ഉണ്ടായിരുന്നെങ്കില്‍ ഫെസ്റ്റിവലുകളില്‍ പുരസ്‌കാരം ലഭിക്കേണ്ട ഒന്നായിരുന്നു. ഒരു ഇന്റര്‍വ്യൂവില്‍ താങ്കള്‍ പറയുന്നതായി കണ്ടു, സിനിമ എടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു, അത് ഇവിടെ എത്തിക്കണം എന്ന് പ്ലാന്‍ ഇല്ലായിരുന്നു എന്ന്. ഇപ്പോള്‍ എങ്ങനെയാണ് പ്ലാന്‍ ഒക്കെയുണ്ടോ?

അത് അന്നത്തെ ഒരു അറിവില്ലായ്മ കൂടിയാണ്. സിനിമാ ചെയ്യണമെന്നേ ഉണ്ടായിരുന്നുള്ളു, അതിന്റെ അപ്പുറത്തേക്ക് ആളുകള്‍ അറിയേണ്ടതുണ്ട് എന്ന് ചിന്തിച്ചിരുന്നില്ല. സിനിമ അതിന്റെ ആള്‍ക്കാരെ കണ്ടെത്തിക്കോളും എന്ന മിഥ്യാ ധാരണ എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ ബജറ്റ് കൂട്ടുമ്പോള്‍ മറ്റു ഉത്തരവാദിത്വങ്ങള്‍ കൂടെയുണ്ട്. നമ്മുടെ സ്വപ്ന സാക്ഷാത്കാരത്തിനും കലാവിഷ്‌കാരത്തിനും വേണ്ടി മുതല്‍ മുടക്കുന്നവരുണ്ട്. അവര്‍ക്ക് കൂടെ സാമ്പത്തികമായി ഉപകാരം ഉണ്ടാകേണ്ടതുണ്ട്. ആ രീതിയില്‍ പോവുക എന്നുള്ളതാണ്.

സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന സിനിമ ഒറ്റ ഫ്രെയിമില്‍ ആണ് എടുത്തിരിക്കുന്നത്. റീമ കല്ലിങ്കലും, ജിതിന്‍ പുത്തഞ്ചേരിയും മറ്റൊരു നടി കൂടി മാത്രമാണ് സിനിമയിലുള്ളത്. ഒരു കാറിന്റെ അകത്തിരുന്ന് തന്നെ മനുഷ്യ ജീവിതത്തിലെ ഏറ്റവും സൂക്ഷ്മമായ വശങ്ങളെ സ്പര്‍ശിക്കുന്ന രംഗങ്ങളാണ് ഇതിലുള്ളത്. സിനിമയില്‍ റീമ കല്ലിങ്കലിന് ഒരു ഫോണ്‍ കോള്‍ വരുന്നുണ്ട്. അതില്‍ ഒരു മാധ്യമ പ്രവര്‍ത്തകയായി ഒരു സംവിധായകനെ കാറില്‍ ഇരുന്നുകൊണ്ട് ഇന്റര്‍വ്യൂ ചെയ്യുന്നുണ്ട്. അതില്‍ സംവിധായകന്‍ പറയുന്ന മറുപടി ശരിക്ക് താങ്കള്‍ സമൂഹത്തില്‍ പറയാന്‍ ഉദ്ദേശിച്ച മറുപടിയാണോ അതോ കഥാപാത്രം മാത്രമാണോ?

അത് കഥാപാത്രം മാത്രമാണ്. അതില്‍ ഒരു സ്വതന്ത്ര സിനിമക്കാരന്റെ കൊള്ളത്തരങ്ങളും കാപട്യവും കാണിക്കുന്ന കഥാപാത്രമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

താങ്കളുടെ സിനിമയില്‍ പോത്തു പുല്ല് തിന്നുന്ന ഒരു ദൃശ്യമുണ്ട്, അത് അഞ്ച് മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. അതിന് ഒരുപാട് വിമര്‍ശനങ്ങള്‍ വന്നിരുന്നു. ഷോട്ടുകള്‍ വെറും പോത്തായി മാത്രം കാണുന്നതു കൊണ്ടാണ് എന്നൊരു മറുപടി താങ്കള്‍ പറഞ്ഞിരുന്നു. ആ മറുപടി ഒരുപാട് സ്പര്‍ശിച്ചിരുന്നു.

അത് ഞാന്‍ നമ്മളെ തന്നെ കളിയാക്കുന്നു എന്നതിന്റെ ഭാഗമായി ചെയ്തതാണ്. എന്റെ തന്നെ മറ്റൊരു സിനിമയില്‍ ചെയ്ത ഒരു ഷോട്ട് വെച്ച് പറഞ്ഞെന്നേയുള്ളൂ. അതൊരു സ്വയം കണ്ടെത്തല്‍ കൂടിയായിരുന്നു.

പരീക്ഷണ സിനിമകള്‍, സമാന്തര സിനിമകള്‍ എന്നീ പ്രയോഗങ്ങള്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. അതിനുത്തരം ആയി ഒരു ചോദ്യമാണ് തിരിച്ചു ചോദിക്കുന്നത്. ധാരണയില്ലാത്ത ഒന്നിനെക്കുറിച്ചാണ് പരീക്ഷണം നടത്തുന്നത് എന്നായിരുന്നു ചോദ്യം. അത് താങ്കളുടെ ഉള്ളില്‍ നിന്ന് വന്നുള്ള ചോദ്യമായിരുന്നോ?

ഇതെല്ലാം തികച്ചും കഥാപാത്രങ്ങളാണ് സംസാരിക്കുന്നത്. ഞാനെന്ന സംവിധായകന്‍ അല്ല കഥാപാത്രം തന്നെയാണ്. സമകാലികമായി സിനിമ ചെയ്യുന്ന സംവിധായകരില്‍ നിന്നെടുത്ത് ക്രോഡീകരിച്ചു എന്ന് മാത്രം.

താങ്കളുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഫാമിലി എന്നീ സിനിമകള്‍ ഒഴികെ ബാക്കിയെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് സിനിമകള്‍ക്ക് ഇത്തരം കളര്‍ ഗ്രേഡിംഗ് കൊടുക്കുന്നത്?

ആദ്യത്തെ മൂന്ന് സിനിമകളാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ സിനിമ ചെയ്തതിന്റെ കാരണം സാമ്പത്തിക പരിമിതിയാണ്. കളര്‍ ചെയ്യുക എന്നതില്‍ എല്ലാം കളര്‍ ചെയ്യുമ്പോള്‍ ഉള്ള ചില പെര്‍ഫെക്ഷനുകള്‍ ഉണ്ട്. അതിനെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല, അനാവശ്യ കഴിവുകള്‍ ഒഴിവാക്കാനും കഴിഞ്ഞിരുന്നില്ല എന്ന് വന്നപ്പോഴാണ് ആദ്യം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉപയോഗിച്ചത്. പക്ഷേ, ടെസ്റ്റ് ഷൂട്ട് ചെയ്തപ്പോള്‍ അത് ഇഷ്ടപ്പെടുകയും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെ ചെയ്യാമെന്ന് അതിന്റെ ഛായാഗ്രഹനായ പ്രതാപ് ജോസഫും ഞാനും തീരുമാനിക്കുകയായിരുന്നു. പിന്നീട് വിത്ത് എന്ന സിനിമ ചെയ്യുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നത് തീരുമാനമായിരുന്നു. അത് ഒരു അപ്പന്റെയും മകന്റെയും കഥയാണ്. അവര്‍ തമ്മിലുള്ള വൈരുധ്യം കാണിക്കുക എന്നത് പോലെ ആണ് അതില്‍ കളര്‍ ഉപയോഗിച്ചിരിക്കുന്നത്. അതു പൂര്‍ണ്ണമായി വൈറ്റോ ബ്ലാക്കോ അല്ല. ഗ്രേ ആയാണ് ചിത്രീകരിച്ചിരിക്കുന്നത്. നല്ല രീതിയില്‍ ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. ഇനിയും മെച്ചപ്പെടുത്തിയാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. ഈ ആശയത്തിലാണ് തുടക്കം മുതലേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന ചിന്ത വന്നിരുന്നത്. മറ്റുള്ളവര്‍ എന്തുകൊണ്ടാണ് കളര്‍ ചെയ്യുന്നത് എന്നത് അതിന്റെ സൗന്ദര്യത്തിനു വേണ്ടിയാണ്.


ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയതുകൊണ്ട് ഈ സിനിമ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കളര്‍ ആയിരുന്നെങ്കില്‍ ഒരുപക്ഷേ ഇതിന്റെ വശ്യത നഷ്ടപ്പെട്ടു പോയേനെ. ഈ സിനിമയില്‍ കാടിന്റെ ഉള്ളിലേക്ക് എത്തുമ്പോള്‍ മനുഷ്യന്റെ വന്യത പുറത്ത് കടക്കുന്നത് കാണിക്കുന്നുണ്ട്. ഇപ്പോള്‍ ഇറങ്ങിയ സിനിമകളില്‍ പലതിലും മനുഷ്യന്‍ മറ്റൊരു ചുറ്റുപാടില്‍ എത്തുമ്പോള്‍ അവരുടെ വന്യത പുറത്തെടുക്കുന്നതായി കാണാം. ആര്‍ക്കറിയാം, ചുരുളി എന്നീ സിനിമകള്‍ അതിനുദാഹരണമാണ്. അത്തരം ഒരു ആശയം സിനിമയില്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് ഇത് എന്ന് തോന്നുന്നുണ്ടോ?

ഇതില്‍ നമ്മള്‍ ഒരു പാറ്റേണ്‍ പിന്തുടരുകയല്ല. ഞാന്‍ 2019 ലാണ് ഈ സിനിമ എടുക്കുന്നത്. അതിനുശേഷം ആണ് മറ്റു സിനിമകള്‍ പുറത്തിറങ്ങുന്നത്. ആവര്‍ത്തിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. കുടിയേറ്റമാണ് ഈ സിനിമയുടെ പ്രമേയം. മനുഷ്യനോടും മൃഗത്തോടും എല്ലാം പടവെട്ടി അവിടെ ഒരു ജീവിതം തുടങ്ങുക എന്ന രീതിയിലാണ് ഇതിന്റെ കഥ പോകുന്നത്. ഉത്തരം വായനകള്‍ ഒക്കെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍, സിനിമ നിര്‍മാണത്തില്‍ വ്യാഖ്യാനങ്ങള്‍ ആരോപിക്കേണ്ടതില്ല.

സിനിമ ഗംഭീരമായി തോന്നി. പോരായ്മയായി തോന്നിയത് അതിന്റെ ഉള്ളിലുള്ള അന്തര്‍നാടകമാണ്. ഇത് കുറച്ചു നാടകീയത കൊണ്ടുവന്നു. പഴയകാലത്തെ രീതിയാണ് വന്നിരിക്കുന്നത്, ആ ഭാഗം മെച്ചപ്പെടുത്താം എന്ന് തോന്നി.

ഇതില്‍ ഞാന്‍ കാലഘട്ടം എന്ന് പറയുന്നത് കൃത്യമാക്കാനുള്ള ശ്രമം അതിഭീകരമായി നടത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. കേരളത്തിലെ ആ ദേശത്ത് ആ സമയം ജനങ്ങള്‍ എങ്ങനെയാണ് ജീവിച്ചിരുന്നത് എന്ന് ആധികാരികമായുള്ള പഠനമോ ഒന്നും നടത്തിയിരുന്നില്ല. ഒരു കലാവിഷ്‌കാരം എന്ന രീതിയില്‍ ചെയ്തതാണ്. ഒരു ഉദാഹരണം പറയാം, ഡാവിഞ്ചിയുടെ അന്ത്യത്താഴം എന്ന സിനിമയുണ്ട്. അതില്‍ യേശുവും ശിഷ്യന്മാരും ഒരു മേശയുടെ ഒരു വശത്തായി ഇരിക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ആ കാലഘട്ടത്തില്‍ 2000 കൊല്ലങ്ങള്‍ക്ക് മുമ്പ് അത്തരത്തിലുള്ള മേശകള്‍ ഇല്ലായിരുന്നു. അത് കേവലം നല്ലൊരു കലാവിഷ്‌കാരം ആയാണ് തോന്നിയത്. ഇവ നമ്മളോട് ആശയവിനിമയം നടത്തുന്നുണ്ടോ എന്ന് മാത്രം ചിന്തിച്ചാല്‍ മതി. അതിലുപരി സിനിമയുടെ വസ്തുനിഷ്ഠത എന്ന് പറയുന്നതില്‍ ഞാന്‍ ഒരുപാട് പ്രാധാന്യം കൊടുക്കുന്നില്ല.

ഡോണിന്റെ സിനിമകള്‍ ഒരു ചെറുകഥ ഒക്കെ വായിക്കുന്നതുപോലെ കണ്ടിരിക്കാന്‍ പറ്റാറുണ്ട്. വളരെ രസകരമായ എഴുത്തും ശൈലിയും ആണ്. ശവം സിനിമയിലെ ചില ഭാഗങ്ങളില്‍ അത്തരത്തിലുള്ള ദൃശ്യങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് കാണാം. ബോധപൂര്‍വം ആണെന്ന് വിശ്വസിക്കുന്നു. സിനിമ വ്യാകരണങ്ങളില്‍ പൂര്‍ണമായി തെറ്റിക്കാറില്ലെങ്കിലും ചിലസമയങ്ങളില്‍ താങ്കള്‍ അങ്ങനെ ചെയ്യുന്നതായി കാണുന്നുണ്ട്. ഇതും അത്തരത്തില്‍ ഒന്നാണോ?

പലരും പല രീതിയിലാണ് സിനിമ കാണുന്നത്. ഞാന്‍ ഒരു കാണി എന്ന നിലയില്‍ എഡിറ്റിംഗ് റൂമില്‍ ഇരിക്കുമ്പോള്‍ എന്തു തോന്നുന്നു, അതാണ് ചെയ്യുന്നത്. അത് പലതരത്തില്‍ ആയിരിക്കും വര്‍ക്ക് ചെയ്യാറ്. ചിലത് വെക്കേണ്ടത് വെച്ചില്ലെങ്കില്‍ ചിലപ്പോള്‍ ചിന്ത മുറിഞ്ഞു പോകുമായിരിക്കും. ചിലത് കൂട്ടിച്ചേര്‍ത്താല്‍ ആയിരിക്കും അതിന്റെ ഭംഗി ലഭിക്കുക. ആ രീതിയിലാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയുടെ അക്കാദമിയിലാണ് പഠിച്ചതെന്ന് കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ഓസ്‌ട്രേലിയയില്‍ പഠനം തെരഞ്ഞെടുത്തത്?

ഞാന്‍ ഓസ്‌ട്രേലിയയില്‍ പോയത് സിനിമ പഠിക്കാനായിരുന്നില്ല. അവിടെ ഐ.ടി യാണ് പഠിച്ചത്. അവിടെ തന്നെ ജോലി ചെയ്യണമെന്ന നിലയിലാണ് പോയത്. പക്ഷേ, ഐ.ടി ഇഷ്ടമല്ലാത്ത മേഖലയാണ് എന്ന് പല സാഹചര്യങ്ങള്‍ കൊണ്ട് മനസ്സിലാക്കി. സ്ഥിരമായി ഐ.ടി ഉദ്യോഗത്തിലേക്ക് പോകുന്നു എന്ന ഭയം തട്ടുമ്പോള്‍ ആണ് ജീവിതത്തിന്റെ അര്‍ഥവും, ആഗ്രഹങ്ങളെ കുറിച്ചുമൊക്കെ ചിന്തിക്കുന്നത്. അങ്ങനെയാണ് സിനിമ ചെയ്യാമെന്ന് തീരുമാനിക്കുന്നത്. പക്ഷേ, അപ്പോള്‍ എനിക്ക് സിനിമ എടുക്കാന്‍ അറിയില്ല, പഠിക്കാതെ പറ്റില്ല. അങ്ങനെയാണ് ഫിലിം സ്‌കൂളില്‍ ചേരുന്നത്. അവിടെ മൊത്തം എട്ട് വര്‍ഷം ഉണ്ടായിരുന്നു, അതില്‍ അവസാനത്തെ രണ്ട് വര്‍ഷം മാത്രമാണ് ഫിലിം സ്‌കൂളില്‍ പോയത്.

ഇവിടെ നിന്ന് പോകുമ്പോള്‍ തന്നെ സിനിമ മോഹങ്ങള്‍ ഉണ്ടോ? എവിടെ വെച്ചാണ് സിനിമ മോഹം നാമ്പിടുന്നത്?

ചെറിയ ആഗ്രഹങ്ങളൊക്കെ ഉണ്ടായിരുന്നു. ഒരുപാട് ആഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഒന്ന്, എന്ന് മാത്രം ഉണ്ടായിരുന്നുള്ളൂ. കൃത്യമായ ധാരണകള്‍ ഇല്ലായിരുന്നു. ജീവിതത്തില്‍ എന്തെങ്കിലും അര്‍ഥവത്തായത് ചെയ്യണം, സത്യസന്ധമായി അത് ചെയ്യണം എന്ന തീരുമാനത്തിലാണ് സിനിമ ചെയ്യുന്നത് എന്ന് പറയാം. ഒരുപാട് കള്ളത്തരങ്ങള്‍ക്ക് നടുവിലാണ് ജീവിക്കുന്നത്. അതിനിടയില്‍ സത്യസന്ധമായതില്‍ പറ്റുക എന്നത് മാത്രമാണ്. അവടെ നിന്നാണ് സിനിമ തുടങ്ങുന്നത്.

2015 ലാണ് ആദ്യത്തെ സിനിമ എടുക്കുന്നത്. വളരെ ചെറിയ കാലയളവില്‍ ആറോ ഏഴോ സിനിമകള്‍ താങ്കള്‍ സംവിധാനം ചെയ്തു. എല്ലാം ഒരേ പോലെ ആകാതിരിക്കുവാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. എങ്ങനെയാണ് നിരന്തരം സിനിമ ചെയ്യാന്‍ സാധിക്കുന്നത്?

സത്യത്തില്‍ ഗ്യാപ് ഉണ്ട്. 2015 ല്‍ സിനിമ ചെയ്ത ശേഷം പിന്നെ ചെയ്യുന്നത് 2017 ലാണ്. ഒരു വര്‍ഷം ഗ്യാപ് ഉണ്ടായിരുന്നു. പിന്നെ വീണ്ടും രണ്ട് വര്‍ഷം എടുത്തു, 2019 ലാണ് അടുത്തത് ചെയ്യാന്‍ കഴിയുന്നത്. ഒരുപാട് സമയം അതിനിടയില്‍ വന്നു. അപ്പോള്‍ സ്‌ക്രിപ്റ്റുകള്‍ എഴുതുകയും, നിര്‍മാതാക്കളെ തേടുകയും ചെയ്തു. 1956 മധ്യ തിരുവിതാംകൂര്‍ ചെയ്യുമ്പോള്‍ ആണ് ഒരു പറ്റം നിര്‍മാതാക്കളെ ലഭിക്കുന്നത്. അവര്‍ ശവം കണ്ട് ഇഷ്ടപ്പെട്ട് വന്നതാണ്. അങ്ങനെയാണ് ഈ പ്രോജക്ട് ഓണ്‍ ആവുന്നത്. പിന്നെ കോവിഡ്-ലോക്ക് ഡൗണ്‍ സമയത്ത് അതിന്റെ പരിമിതികള്‍ മറികടന്നാണ് മറ്റു രണ്ട് സിനിമകള്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒരു സിനിമ ചെയ്തു. ഇപ്പോള്‍ ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഒരു വര്‍ഷമായി. ഇതിന്റെ ഇടക്ക് ഒന്നും എഴുതിയിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ മുഴുവന്‍ സമയം വര്‍ക്ക് ചെയ്യുന്ന ആളാണെന്ന് പറയില്ല. പ്രചോദനം കിട്ടുമ്പോള്‍ എഴുതും, അല്ലാത്തപ്പോള്‍ ഇല്ല.

എല്ലാ സിനിമകളും കാണാറുണ്ടോ? സിനിമകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

വ്യക്തിപരമായി താല്‍പര്യം തോന്നുന്ന സിനിമകളാണ് കാണുന്നത്. എല്ലാം കാണാം എന്ന ചിന്തയില്ല. ചിലത് രസകരമായി തോന്നും. പല കാരണങ്ങള്‍ കൊണ്ടാവാം പല സിനിമകളും കാണാന്‍ പറ്റാതെ പോകുന്നത്. എങ്കിലും വ്യത്യസ്ത സിനിമകള്‍ കണ്ട് സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ട്. പരിചയമില്ലത്ത ശൈലിയിലുള്ള വര്‍ക്കുകളില്‍ പര്യവേക്ഷിക്കാന്‍ ശ്രമിക്കാറുണ്ട്.

സിനിമാ മോഹികള്‍ ഈ കൂട്ടത്തിലുണ്ട്. അവരോട് എന്താണ് പറയാനുള്ളത്?

ഉപദേശം കൊടുക്കാന്‍ ഞാന്‍ ആളല്ല. ഫിലിം സ്‌കൂളില്‍ ചേര്‍ന്നത് അതിനോടുള്ള അടങ്ങാത്ത താല്‍പര്യം കൊണ്ടായിരിക്കുമല്ലോ. വളരെ സത്യസന്ധമായി ചെയ്യുക എന്ന ഒറ്റകാര്യം മാത്രമേ പറയാനുള്ളു. നമ്മളോട് തന്നെ സത്യസന്ധമായാല്‍ സിനിമയില്‍ അതിന്റെ ഗുണമേന്മ കാണാന്‍ സാധിക്കും.

തയ്യാറാക്കിയത്: ബശരിയ തസ്‌നീം

TAGS :