ഷോര്‍ട്ഫിലിമുകള്‍ എടുത്ത ആത്മവിശ്വാസത്തിലാണ് 'തടവ്' ചെയ്യുന്നത് - ഫാസില്‍ റസാഖ്
ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിത്രം; തടവ്. മേളയിലെ മികച്ച നവാഗത സംവിധായകനുള്ള രജത ചകോര പുരസ്‌കാരവും പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും സിനിമയുടെ സംവിധായകനെ തേടിയെത്തി. ചിത്രത്തിന്റെ സംവിധായകന്‍ ഫാസില്‍ റസാഖ് മാധ്യമ വിദ്യാര്‍ഥി സാബിക് സബീലുമായി സംസാരിക്കുന്നു.
സിനിമയിലേക്കുള്ള ദൂരം അത്ര എളുപ്പമായിരുന്നോ, സിനിമ തന്നെയായിരുന്നോ ലക്ഷ്യം?
ഒരുപാട് ഷോര്‍ട്ഫിലിമുകളും വീഡിയോകളും ഒക്കെ എടുത്താണ് ആത്മവിശ്വാസം നേടിയെടുത്തത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലോ മറ്റു സ്ഥാപനങ്ങളിലോ ഒന്നും പോയിട്ടില്ല. സിനിമകള്‍ കാണുക, സിനിമകളും വീഡിയോകളും നിരന്തരം എടുത്തു കൊണ്ടേയിരിക്കുക, കൂടുതല്‍ സിനിമയെക്കുറിച്ച് പഠിക്കുക ഇതൊക്കെയായിരുന്നു രീതി. അതുകൊണ്ട് സിനിമയിലേക്കുള്ള ദൂരം അത്ര എളുപ്പമല്ല എന്നു പറയാം. എന്നാല്‍, സിനിമ തന്നെയായിരുന്നു ലക്ഷ്യം. സിനിമ ചെയ്യണമെന്ന ആഗ്രഹം പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നു. സത്യത്തില്‍ പ്ലസ്ടുവിന് ശേഷമാണ് ഒരു മോഹം ഉണ്ടാകുന്നത്. സിനിമ ചെയ്യണമെങ്കില്‍ എന്തൊക്കെ ചെയ്യണം എന്നുള്ള ഒരു ആലോചനയില്‍ എത്തിയത് അപ്പോഴാണ്. അങ്ങനെ സിനിമയെക്കുറിച്ചു പഠിക്കുവാന്‍ വേണ്ടി എറണാകുളത്ത് എത്തുന്നത്. അവിടെവച്ചു പരിചയപ്പെട്ട സുഹൃത്തുക്കള്‍ കൂടി ഒരുമിച്ചു സിനിമ ചെയ്തു. സിനിമയുടെ എല്ലാ വിഭാഗങ്ങളും ഞങ്ങള്‍ തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ചെറിയ പടവുകള്‍ കയറിതന്നെയാണ് സിനിമ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതും, ഇപ്പൊ IFFK പോലൊരു വേദിയില്‍ എത്തിനില്‍ക്കുന്നതുമെല്ലാം.
ആദ്യമായി സംവിധാനം ചെയ്ത രണ്ട് സിനിമകള്‍ക്കും ഒരുപാട് അംഗീകാരങ്ങള്‍ ലഭിക്കുകയുണ്ടായി. മൂന്നാമത് സംവിധാനം ചെയ്ത സിനിമ ഐ.എഫ്.എഫ്.കെയിലെ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും. അവാര്‍ഡുകള്‍ ജീവിതത്തില്‍ പ്രചോദനമാകാറുണ്ടോ? അവാര്‍ഡുകള്‍ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സൃഷ്ടിച്ചതായി തോന്നിയിട്ടുണ്ടോ?
സ്വതന്ത്രമായി ആദ്യമായിട്ട് സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിം 'അതിര്' ആയിരുന്നു. 2019-ലായിരുന്നു ചിത്രീകരണം. പിന്നീട് 2021 ല്‍ 'പിറ' എന്ന ഷോര്‍ട്ഫിലിമും കൂടെ ചെയ്തു. ഈ രണ്ട് ചിത്രങ്ങളും നിരവധി ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരുപാട് അംഗീകാരങ്ങള്‍ ഈ രണ്ട് ചിത്രങ്ങളിലൂടെ ഞങ്ങളെ തേടിയെത്തുകയും ചെയ്തു. പ്രത്യേകിച്ച് രണ്ട് ഷോര്‍ട്ഫിലിമുകള്‍ക്കും മുപ്പതാമത് കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് കിട്ടുകയുണ്ടായി. Best Filim, Best Director,
അതിര് ന് Best cinematography, Best sound design, Best child artist ഉം പിറയ്ക്ക് Best actor അവാര്‍ഡും ലഭിച്ചു. സംവിധാനം ചെയ്ത രണ്ട് ഷോര്‍ട്ഫിലിമിനും കൂടെ ആ വര്‍ഷം മൊത്തം ഏഴ് അവാര്‍ഡുകളാണ് കിട്ടിയത്. ഓരോ അവാര്‍ഡ് ലഭിക്കുമ്പോഴും അടുത്ത സിനിമ ചെയ്യാനുള്ള ഊര്‍ജമായിട്ടാണ് നോക്കി കാണുന്നത്. ചെയ്ത വര്‍ക്കിന് വളരെയേറെ പിന്തുണ ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്. അവാര്‍ഡുകള്‍ തീര്‍ച്ചയായും പ്രചോദനം തന്നെയാണ്. സുഹൃത്തുക്കളായിട്ട് സ്വയം പണം മുടക്കി സിനിമ ചെയ്യുമ്പോ അതിന് അവാര്‍ഡുകള്‍ കിട്ടുക എന്ന് പറഞ്ഞാല്‍ അത്രത്തോളം സന്തോഷം തരുന്ന മറ്റൊന്നില്ല. ഒരു തുടക്കക്കാരന്‍ എന്ന നിലയില്‍ ഇതൊക്കെ തന്നെയല്ലേ സന്തോഷം തരുന്ന കാര്യങ്ങള്‍. അവാര്‍ഡുകള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയോ എന്ന് ചോദിച്ചാല്‍ ഇല്ലെന്ന് പറയേണ്ടി വരും. സിനിമകള്‍ ചെയ്യുക, സിനിമയെപ്പറ്റി സംസാരിക്കുക ഇതൊക്കെയാണ് ആഗ്രഹം.
തടവ്, കൂട്ടായ്മയുടെയും പരിശ്രമത്തിന്റെയും വിജയമാണ് എന്ന് പറയാം?
തടവ് കൂട്ടായ്മയുടെയും പരിശ്രമത്തിന്റെയും വിജയം തന്നെയാണ്. സിനിമയില്‍ എന്റെയൊപ്പം വര്‍ക്ക് ചെയ്തവര്‍ സുഹൃത്തുക്കളാണ്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് സിനിമ ചെയ്തു പഠിച്ചവരാണ്. തടവ് സിനിമയുടെ പ്രാരംഭഘട്ടം മുതല്‍ അവസാനം വരെ കൂടെ നിന്നവരും ഇവരൊക്കെ തന്നെയാണ്. ക്രൂവിലേക്ക് വരുമ്പോള്‍ സിനിമാറ്റോഗ്രാഫി ചെയ്ത മൃദുല്‍, എഡിറ്റ് ചെയ്ത വിനായക് - ഇവര്‍ രണ്ടുപേരും എന്റെ തുടക്കകാലം മുതല്‍ കൂടെയുള്ളവരാണ്. കാസ്റ്റിങ്ങിലേക്ക് വരുമ്പോള്‍ എന്റെ രണ്ട് ഷോര്‍ട്ഫിലിമിലും അഭിനയിച്ചവരാണ് തടവ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് തടവ് വളരെ എളുപ്പത്തില്‍ ചെയ്യാനും കഴിഞ്ഞു. എല്ലാവരും നല്ല പിന്തുണയായിരുന്നു. തടവിനെ സംബന്ധിച്ചിടത്തോളം കൂട്ടായ്മയുടെ വിജയമാണ് എന്ന് പറയുന്നതില്‍ യാതൊരു തെറ്റുമില്ല.
തടവ് എന്ന സിനിമയില്‍ എല്ലാവരും പുതുമുഖങ്ങളാണ്. പക്ഷേ, ചിത്രം കാണുന്ന പ്രേക്ഷകന്റെ മനസ്സില്‍ അങ്ങനെയൊരു തോന്നല്‍ ഉളവാക്കുന്നതേയില്ല. കാസ്റ്റിംഗ് എങ്ങനെയായിരുന്നു?
തടവ് സിനിമയിലെ കേന്ദ്ര കഥാപാത്രമായ ബീന ആര്‍. ചന്ദ്രന്‍ ഒരു നാടക നടിയും കൂടിയാണ്. എന്റെ ആദ്യ ഷോര്‍ട്ഫിലിമിലും സുദേവന്‍ പെരിങ്ങോടിന്റെ സിനിമയിലുമെല്ലാം അവര്‍ അഭിനയിച്ചിട്ടുണ്ട്. ഇവരാണ് തടവ് സിനിമയുടെ കാസ്റ്റിംഗ് ഡയറക്ട്‌റും. കാരണം, ആ പ്രദേശത്തുള്ള നാടകപ്രവര്‍ത്തകരായിട്ടും, അഭിനയമോഹികള്‍, അഭിനയിക്കാന്‍ കഴിവുള്ളവര്‍ എല്ലാവരെയും നന്നായി അറിയുന്ന ആളുംകൂടിയാണ് ബീനചേച്ചി. സിനിമയിലെ മുഴുവന്‍ കഥാപാത്രങ്ങളുടെയും കാസ്റ്റിങ് വിര്‍വഹിച്ചത് അവരാണ്. ശേഷം നമ്മള്‍ ഓരോരുത്തരെയും നേരിട്ട് പോയി കണ്ട് സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയതിനു ശേഷമാണ് അവരെ ഉറപ്പിച്ചിട്ടുള്ളത്. പിന്നീട് അവര്‍ക്കെല്ലാം ഡയലോഗുകള്‍ പ്രാക്ടീസ് ചെയ്യാന്‍ അവസരം കൊടുക്കുകയുണ്ടായി. സിനിമയില്‍ അത്രമാത്രം എല്ലാവരുടെയും അഭിനയം നന്നാവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഷൂട്ട് തുടങ്ങുന്നതിനു ഒരു മാസം മുമ്പ് തന്നെ റിഹേഴ്സല്‍ നടത്തി. അതുകൊണ്ട് ഇവരാരും തന്നെ ഞങ്ങള്‍ക്ക് പുതുമുഖങ്ങളായി തോന്നിയില്ല.
തടവിലെ ഗീത എന്ന കഥാപാത്രം - മനസ്സില്‍ ആരെയെങ്കിലും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയതാണോ?
ഗീത എന്ന കഥാപാത്രം ആരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് എഴുതിയതല്ല. അത് ഒരു ഫിക്ഷന്‍ തന്നെയാണ്. ചിത്രത്തില്‍ സൗഹൃദത്തിന്റെ ഒരു തലം കാണിക്കുന്നുണ്ട്. അത് തീര്‍ച്ചയായും പ്രധാന കഥാപാത്രങ്ങളായ ബീന ആര്‍. ചന്ദ്രന്‍, അനിത എം.എന്‍, പി.പി സുബ്രഹ്മണ്യന്‍ - ഇവര്‍ മൂന്നുപേരും യഥാര്‍ത്ഥത്തില്‍ സുഹൃത്തുക്കളാണ്. അത് സിനിമയ്ക്ക് ഒരുപാട് ഗുണം ചെയ്തു. അവരുടെ സൗഹൃദം പ്രചോദനമായിട്ടുണ്ട്. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ഇവരെ ഉള്‍പ്പെടുത്തി സിനിമ ചെയ്യണമെന്ന് തന്നെയായിരുന്നു ആഗ്രഹവും. നമ്മള്‍ കണ്ടതും കേട്ടതും, നമുക്കറിയാവുന്ന കാര്യങ്ങളും, സിനിമയുടെ വണ്‍ലൈനും, രൂപപ്പെടുത്തിയെടുത്ത അന്തരീക്ഷവുമെല്ലാം ഇവരുടെ സൗഹൃദത്തില്‍ കൂട്ടിചേര്‍ക്കുകയാണ് ചെയ്തത്. പെട്ടെന്ന് സംഭവിച്ച ഒന്നല്ല. ഒരുപാട് കാര്യങ്ങളെ ഉള്‍പ്പെടുത്തികൊണ്ടാണ് കഥാപാത്രത്തെ രൂപപ്പെടുത്തിയതും ഷൂട്ട് മുന്നോട്ട് കൊണ്ടുപോയതും.
തിരക്കഥയില്‍ കഥാപാത്രങ്ങളുടെ മാനസികതലങ്ങള്‍, ജീവിത സംഘര്‍ഷങ്ങള്‍, വിഷമങ്ങള്‍ എല്ലാം എത്രത്തോളം സിനിമയായി വന്നപ്പോള്‍ കാണാന്‍ കഴിഞ്ഞു?
നൂറുശതമാനവും നമ്മുടെ ഭാഗത്തു നിന്ന് വളരെ സത്യസന്ധതയോടെയാണ് സിനിമയെ സമീപിച്ചത്. അഭിനയിച്ചവരുടെ മാനസികാവസ്ഥയും അവരുടെ അഭിപ്രായങ്ങളുംകൂടി ഉള്‍ക്കൊണ്ടാണ് ചിത്രീകരിച്ചതുമെല്ലാം. അത് സ്‌ക്രീനില്‍ എത്രത്തോളം കാണാന്‍ കഴിഞ്ഞു എന്നതിനെക്കുറിച്ചു പെട്ടെന്ന് പറയാന്‍ കഴിയില്ല. പക്ഷെ, സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ആളുകള്‍ക്ക് ആ ഒരു വികാരവും അനുഭൂതിയും ലഭിച്ചു എന്നറിഞ്ഞതില്‍, സിനിമ ആളുകള്‍ക്കിടയില്‍ വര്‍ക്ക് ആയി എന്ന് മനസ്സിലായി. നമുക്ക് ആ ഒരു തിരിച്ചറിവ് കിട്ടണമെങ്കില്‍ കുറച്ചുകൂടെ കഴിയണം എന്ന് തോന്നുന്നു. നമ്മള്‍ നിരന്തരം സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരും പരസ്പരം അറിയാവുന്നതുകൊണ്ട് സംസാരിച്ചും മനസിലാക്കിയുമാണ് ഷൂട്ട് മുന്നോട്ട് പോയത്. സാധാരണ ഒരു സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിച്ച് മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായിരുന്നില്ല
അംഗീകാരങ്ങളോടൊപ്പം തന്നെ പണം, പ്രശസ്തി ഇവയെല്ലാം കോമേഴ്ഷ്യല്‍ സിനിമയുടെ ഭാഗമാണ്. കോമേഴ്ഷ്യല്‍ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടോ?
കോമേഴ്ഷ്യല്‍ സിനിമകള്‍ മാത്രമല്ല, എല്ലാ തരത്തിലുമുള്ള സിനിമകളും ചെയ്യണം എന്നാണ് ആഗ്രഹം. എല്ലാ തരം സിനിമകളും ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. കഴിഞ്ഞ അഞ്ചു വര്‍ഷമായി IFFK യില്‍ പങ്കെടുത്തിരുന്നു. അവിടെ പ്രദര്‍ശിപ്പിക്കുന്ന സിനിമകളെല്ലാം ആസ്വദിക്കുകയും ചെയ്തിരുന്നു. തിയേറ്ററില്‍ പോയി സിനിമ കാണാനും ആഘോഷിക്കാനുമൊക്കെ ഇഷ്ടമാണ്. രണ്ടും രണ്ട് തരത്തിലുള്ള ഫെസ്റ്റിവലുകളാണ്. ഇഷ്ടപ്പെട്ട സിനിമ ചെയ്യുക എന്നത് മാത്രമാണ് മനസ്സില്‍. പുതുമുഖങ്ങളായതുകൊണ്ടും ഫെസ്റ്റിവല്‍ സാധ്യതയുള്ളത് കൊണ്ടും ആണ് IFFK യില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. തിയറ്റര്‍ സിനിമ ചെയ്യണമെന്നും അത് തിയറ്ററില്‍ ആളുകളോടൊപ്പം ഇരുന്ന് ആസ്വദിക്കണമെന്നും ആഗ്രഹമുണ്ട്.
IFFK പോലൊരു വേദിയാണോ, മറിച്ച് ആളുകള്‍ നിറഞ്ഞു കയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്ന തിയറ്റര്‍ ആണോ കൂടുതല്‍ സന്തോഷം തരുന്നത്?
തിയറ്ററില്‍ ആകുമ്പോള്‍ ഒരു കൂട്ടം ആളുകളോടൊപ്പം ഇരുന്ന് കയ്യടിച്ചും വിസിലടിച്ചും സിനിമ കാണുക എന്നത് ഒരു തരത്തിലുള്ള സന്തോഷമാണ്. ആളുകള്‍ പെട്ടെന്ന് നമ്മളെ തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല. IFFK പോലെയുള്ള ഫെസ്റ്റിവലുകളിലാണെങ്കില്‍ വളരെ സീരിയസായിട്ടും സൂക്ഷ്മതയോടെയും സിനിമയെ വീക്ഷിക്കുന്നവരാണ് അധികം. ഇത്തരത്തിലുള്ള ആളുകളോടൊപ്പം സിനിമ കാണുകയും കണ്ടതിനു ശേഷം അവരുടെ നല്ല അഭിപ്രായങ്ങളും, സിനിമയുടെ മോശം വശമുണ്ടെങ്കില്‍ അതിനെക്കുറിച്ചും നേരിട്ട് പറയുന്നതുമെല്ലാം മറ്റൊരു രീതിയില്‍ സന്തോഷം തരുന്ന ഒന്നാണ്. നമ്മള്‍ ചെയ്ത സിനിമയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സാധിക്കുക ഈ രീതിയില്‍ ആണ് എന്ന് തോന്നുന്നു. സിനിമയെ പറ്റി കൂടുതല്‍ ആളുകളില്‍ നിന്ന് നേരിട്ട് അറിയാന്‍ പറ്റും. ലോക സിനിമയോടൊപ്പം തന്നെ നമ്മുടെ സിനിമകൂടി കാണാനുള്ള ഒരു വേദിയാണ് ഫെസ്റ്റിവലുകള്‍. രണ്ടും രണ്ട് തരത്തിലുള്ള സന്തോഷമാണ് തരുന്നത്.
ഇരുപത്തെട്ടാമത് ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക അവാര്‍ഡ് ഫാസില്‍ റസാഖ്,സിനിമയുടെ നിര്‍മാതാവ് പ്രമോദ് ദേവ് എന്നിവര്‍ ചേര്‍ന്ന് നടന്‍ മധുപാലില്‍നിന്ന് ഏറ്റുവാങ്ങുന്നു.
തടവ് സിനിമയുടെ തിയറ്റര്‍ റിലീസ് പ്രതീക്ഷിക്കാമോ?
IFFK യിലെ പ്രദര്‍ശനത്തിന് ശേഷമാണ് സിനിമയുടെ റിലീസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ഒ.ടി.ടി യാണോ തിയറ്റര്‍ റിലീസാണോ എന്നൊക്കെ ചര്‍ച്ചയില്‍ വരുന്നുണ്ട്. നമുക്ക് ആളുകളിലേക്ക് സിനിമ എത്തിക്കാനും, എല്ലാവരും കാണുന്ന തരത്തില്‍ സിനിമ ലഭിക്കാനും സഹായിക്കുന്ന രീതിയിലുള്ളതിനെ കുറിച്ചൊക്കെ സംസാരം നടക്കുന്നുണ്ട്. പുതുമുഖമായതുകൊണ്ട് സിനിമയെ സംബന്ധിച്ചിടത്തോളം ഒ.ടി.ടി യായിരിക്കും ഒന്നുകൂടി ഗുണം ചെയ്യുക എന്ന് വിശ്വസിക്കുന്നു.
മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവലിലെ മികച്ച ഷോര്‍ട്ട് ഫിക്ഷനുള്ള അവാര്‍ഡ് ഫാസില്‍ റസാഖ്, നടി പത്മപ്രിയയില്‍നിന്ന് ഏറ്റുവാങ്ങുന്നു.
പുതിയ പ്രൊജക്റ്റ്സ്?
പുതിയ പ്രൊജക്റ്റ്സിന്റെ എഴുത്ത് നടക്കുകയാണ്. രണ്ട്-മൂന്ന് തരത്തില്‍ എഴുതുന്നുണ്ട്. ഏതാണോ ആദ്യം ഓണ്‍ ആവുക അത് ചെയ്യാം എന്ന രീതിയിലാണ്.