വനിത കമീഷന്‍ അധ്യക്ഷയുടെ വാക്കുകള്‍ പ്രവര്‍ത്തിയിലില്ല - ഹര്‍ഷിന
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവം നടന്നിട്ട് അഞ്ചുവര്‍ഷമാകുന്നു. 2022 സെപ്റ്റംബര്‍ മുതല്‍ ഇരയായ ഹര്‍ഷിന നീതി തേടി അലയുന്നു. സമര പോരാട്ടങ്ങളുടെ തുടര്‍ച്ചയില്‍, ഇപ്പോള്‍ മെഡിക്കല്‍ കോളജിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുന്ന ഹര്‍ഷിനയുമായി അതുല്യ വി. നടത്തിയ അഭിമുഖം.
പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങാനിടയായ സംഭവം നടന്നിട്ട് അഞ്ച് വര്‍ഷമാകുന്നു. ഇക്കാലമത്രയും നേരിട്ട പ്രയാസങ്ങള്‍ എന്തൊക്കെയായിരുന്നു?
പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള പ്രയാസങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. മൂന്നാം പ്രസവത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് അനസ്‌തേഷ്യയുടെ എഫക്ട് കഴിഞ്ഞതു മുതല്‍ തുടങ്ങിയ വേദനയാണ്. സഹിക്കാന്‍ കഴിയാത്ത വേദനയും പ്രശ്‌നങ്ങളുമായിരുന്നു. അന്ന് കത്രികയായിരുന്നു വയറ്റില്‍ ഉള്ളതെന്ന് അറിയില്ലായിരുന്നു. പ്രസവത്തിനു ശേഷം അഞ്ച് ദിവസം കടുത്ത വേദനയായിരുന്നു. മൂന്നാമത്തെ പ്രസവവും സിസേറിയന്‍ ആയതിനാലാണ് ഈ വേദന എന്നാണ് അന്ന് ഡോക്ടര്‍മാര്‍ കാരണം പറഞ്ഞത്. വീട്ടിലേക്ക് ഡിസ്ചാര്‍ജ് ചെയ്തു പോയിട്ടും വേദനക്ക് കുറവില്ലായിരുന്നു. പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ കുടിക്കുന്നതിന് പരിധിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതുകൊണ്ട് ഒരുപാട് വേദന സഹിച്ചു.
രണ്ടുമാസത്തിനു ശേഷം വജൈനല്‍ ഇന്‍ഫെക്ഷനും ഓവര്‍ ബ്ലീഡിങ്ങും തുടങ്ങി. പിന്നീട് ഭര്‍ത്താവിന്റെ ജോലിസ്ഥലമായ കൊല്ലത്തേക്ക് പോയി. മൂന്ന് ചെറിയ മക്കളെ നോക്കാനാവാതെ വല്ലാതെ ക്ഷീണിച്ച് അവശയായി. വേദന സഹിക്കാതെ വന്നപ്പോള്‍ അവിടെ ആശുപത്രിയില്‍ കാണിച്ചു. തല്‍ക്കാലത്തേക്ക് ആശ്വാസം കിട്ടി. പക്ഷേ, വീണ്ടും നാല് വര്‍ഷം തുടര്‍ച്ചയായി ഇന്‍ഫെക്ഷന്‍, ബ്ലീഡിങ്, വേദന, ക്ഷീണം തുതര്‍ന്നു. പിന്നീട് കത്രിക പൊസിഷന്‍ മാറി യൂറിനറി ബ്ലാഡറിലേക്ക് കുത്തി നില്‍ക്കുന്ന രീതിയിലായി. ഒരു നോമ്പുകാലത്ത് വേദനയുടെ കാഠിന്യം കൂടി. യൂറിനറി ഇന്‍ഫെക്ഷന്‍ നോമ്പ് കാലമായതിനാല്‍ പതിവാണല്ലോ എന്നു കരുതി വേദന സഹിച്ചു. ഒരുപാട് ആശുപത്രികളിലായി പല ഡോക്ടര്‍മാരെയും മാറിമാറി കാണിച്ചു. ഒരു പ്രയോജനവും ഉണ്ടായില്ല. അവസാനം ഇന്‍ഫെക്ഷന്‍ കൂടിയായി. അതോടെ വേദനാസംഹാരികള്‍ കഴിച്ചു. (അതിന്റെ ദോഷങ്ങള്‍ പിന്നീടായിരിക്കും ഉണ്ടാവുക). വീണ്ടും വേദന സഹിക്കാനാവാത്ത അവസ്ഥ വന്നു. അവസാനം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലെ സ്‌കാനിംഗില്‍ ആണ് മെറ്റലിന്റെ സാന്നിധ്യം കണ്ടെത്തിയത്.
പിന്നീട് 2022 സെപ്റ്റംബര്‍ 17 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ നടത്തി. ചെറിയ മെറ്റലിന്റെ സൂചിയോ മറ്റു ഭാഗങ്ങളോ ആയിരിക്കും എന്നാണ് കരുതിയത്. എന്നാല്‍, ലഭിച്ചത് 12 സെന്റീമീറ്റര്‍ നീളവും 6 സെന്റീമീറ്റര്‍ വീതിയുമുള്ള കത്രികയാണ്. മൂന്നു മണിക്കൂര്‍ വയറു മുഴുവന്‍ തുറന്നുള്ള ശസ്ത്രക്രിയ ആയിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധം മൂലം മാത്രമായിരുന്നു ആശുപത്രി ജീവനക്കാര്‍ കത്രിക കാണിച്ചു കൊടുത്തത്. ഈ ശസ്ത്രക്രിയക്ക് ശേഷം മൂന്നുദിവസം കടുത്ത വേദനയായിരുന്നു. മരണം ഉറപ്പായിരുന്നു. ജീവിതത്തില്‍ ആദ്യമായി മരിക്കാന്‍ പോകുന്നുവെന്ന് തോന്നിയ മൂന്ന് ദിവസങ്ങള്‍. ഉറക്കം വരാതെ വേദന മൊത്തം സഹിച്ചു. ഐസിയുവില്‍ 11 ദിവസം കിടന്നു.
അഞ്ച് വര്‍ഷം കൊണ്ട് ഒരുപാട് അനുഭവിച്ചു. ഞാന്‍ ശാരീരികമായി അനുഭവിച്ചത് മാത്രമല്ല. ഭര്‍ത്താവിന്റെ ജോലി, മക്കളുടെ കാര്യം എല്ലാം അവതാളത്തിലായി. സാമ്പത്തികമായി തകര്‍ന്നുപോയി. രോഗം കണ്ടെത്താനാവാതെ അഞ്ചുവര്‍ഷമാണല്ലോ കഴിഞ്ഞത്. ശാരീരികമായി അനുഭവിച്ചതിനേക്കാള്‍ സഹിക്കാന്‍ കഴിയാത്തത് മാനസികമായി അനുഭവിച്ച വേദനകളാണ്. ഭര്‍ത്താവ് കൂടെ നിന്നു. അതുകൊണ്ട് ബിസിനസ് തകര്‍ന്നു. ചികിത്സക്കായി ലക്ഷങ്ങള്‍ ചിലവായി. അതിനൊക്കെ പകരമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം വെറും രണ്ട് ലക്ഷം രൂപയാണ്. 26 വയസ്സ് മുതല്‍ അഞ്ച് വര്‍ഷം ജീവിതത്തിലെ ഏറ്റവും നല്ല സമയം നഷ്ടമായി. സഹിച്ച വേദനകള്‍ക്കും നഷ്ടപ്പെട്ട സമയത്തിനും നഷ്ടപരിഹാരം കിട്ടിയേ പറ്റൂ.
ആദ്യഘട്ട സമരത്തില്‍ ആരോഗ്യമന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല, രണ്ടാംഘട്ട സമരം ഒരു മാസത്തിലേക്ക് കടക്കുകയാണ്. ന്യായമായ നീതി ലഭിക്കുമെന്ന് എത്രമാത്രം പ്രതീക്ഷയുണ്ട്?
ആ പ്രതീക്ഷയെക്കാള്‍ ഏറെ ഇനി ഒരാള്‍ക്കും ഇത്തരത്തില്‍ മെഡിക്കല്‍ പിഴവുകള്‍ ഉണ്ടാവരുത് എന്നതാണ്. അതുകൊണ്ടുതന്നെ നീതി കിട്ടിയേ പറ്റൂ. എന്റെ കാര്യത്തില്‍ മാത്രമല്ല, മെഡിക്കല്‍ പിഴവുകള്‍ ഒരുപാട് ആള്‍ക്കാര്‍ അനുഭവിക്കുന്നതാണ്. തീര്‍ച്ചയായും ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സംരക്ഷണം വേണം. 90 ശതമാനം ആള്‍ക്കാരും രോഗികളാവും. ഇന്ന് ആരോഗ്യമുള്ളവന്‍ നാളെ രോഗിയാവും അതുറപ്പാണ്. നൂറ് ശതമാനം തെളിവുള്ള കാര്യമാണ് എന്റേത്. എന്നിട്ടും വൈകിപ്പിക്കുന്ന നീതിയാണെങ്കില്‍, എത്രയും പെട്ടെന്ന് നീതി കിട്ടുന്ന സംവിധാനം കൊണ്ടുവരണം. കുറേ ആവശ്യങ്ങളുണ്ട് അതെല്ലാം അംഗീകരിക്കണം. കിട്ടുമോ, കിട്ടില്ലേ എന്നല്ല; കിട്ടിയേ പറ്റൂ.
നൂറ് ശതമാനം ന്യായമായ കാര്യത്തിനാണ് ഞാന്‍ സമരത്തില്‍ ഇരിക്കുന്നത്. അതെനിക്ക് ഉറപ്പുണ്ട്. വെറുതെയുള്ള ആരോപണങ്ങളോ ആരെയെങ്കിലും വേദനിപ്പിക്കാനോ അല്ല. മറ്റൊരാളുടെ കൈപ്പിഴവ് കാരണം ഞാന്‍ അനുഭവിച്ച വേദനകളും കഷ്ടപ്പാടുകളും ആണ്. കണ്‍സ്യൂമര്‍ ആക്ട് പ്രകാരം നഷ്ടപരിഹാരം നിര്‍ബന്ധമായും ലഭിക്കേണ്ടതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അധികാരം ഉള്ളവര്‍ക്കും പണക്കാര്‍ക്കും മാത്രം നീതി, ന്യായം. പാവപ്പെട്ടവര്‍ക്ക് എന്നും നീതി നിഷേധിക്കപ്പെടുന്നു. അതൊരിക്കലും ശരിയല്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.
ഒരുപാട് പരിമിതികള്‍ക്കിടയിലാണ് ഈ സമരം മുന്നോട്ടു കൊണ്ടുപോകുന്നത്. മൂന്ന് ചെറിയ മക്കള്‍ ഉണ്ട്. എങ്ങനെയാണ് ഇതൊക്കെ മറികടക്കുന്നത്?
നല്ല റിസ്‌കാണ്, ചിന്തിക്കുന്നതിലും അപ്പുറമാണ് ബുദ്ധിമുട്ടുകള്‍. ഒരു കുട്ടിയുള്ള അമ്മമാരോട് ചോദിച്ചാല്‍ അറിയാം. അപ്പോഴാണ് മൂന്ന് ചെറിയ മക്കള്‍ ഉള്ള ഞാന്‍. സ്‌കൂള്‍ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും. ഒരു മനുഷ്യന് താങ്ങാവുന്നതിനും അപ്പുറമാണ് ഞാന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം. ഇനിയെന്ത് സംഭവിച്ചാലും നീതി ലഭിച്ചിട്ടേ മടങ്ങൂ. അത് എന്റെ ഉറച്ച തീരുമാനമാണ്. നടുവിനു നല്ല വേദനയുണ്ട്, ഇരിക്കാന്‍ പറ്റുന്നില്ല. എന്നിട്ടും സമരം മുന്നോട്ടു കൊണ്ടുപോകുന്നു. അധികാരികള്‍ കണ്ണ് തുറക്കുന്നത് വരെ സമരത്തില്‍ ഇരിക്കും. സംസ്ഥാനത്തിന്റെ ആരോഗ്യ മന്ത്രി നേരിട്ട് എത്തിയാണ് ഉറപ്പുനല്‍കിയത്. അല്ലാതെ ഏതെങ്കിലും പഞ്ചായത്ത് പ്രസിഡണ്ടോ മെമ്പറോ അല്ല. 'ഹര്‍ഷിനയുടെ കൂടെയുണ്ട്' എന്നെല്ലാം ഉറപ്പുനല്‍കിയാണ് മന്ത്രി പോയത്. തീരുമാനം ഉണ്ടായാലേ സമരം നിര്‍ത്തൂ.
വനിതാ കമീഷന്റെ സമീപനം എങ്ങനെയായിരുന്നു?
വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമീഷന്‍ അങ്ങിനെ ഒരുപാട് കമീഷനുകള്‍ ഉണ്ട്. എന്നാല്‍, ഭരിക്കുന്നവര്‍ക്ക് വേണ്ടി നിലകൊള്ളുന്നവയാണ് ഈ കമീഷനുകള്‍ എന്നതാണ് എനിക്ക് ഈ അനുഭവത്തില്‍നിന്ന് മനസ്സിലായത്. മീഡിയയുടെ മുന്നില്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ എല്ലാവരും ഉണ്ട്. എന്നാല്‍, പ്രവര്‍ത്തിക്കാന്‍ ആരുമില്ല. വനിതകളുടെ സുരക്ഷ, സംരക്ഷണം എന്നിവക്കൊക്കെയാണ് വനിതാ കമീഷന്‍. പക്ഷേ, യാതൊരു നടപടികളും ഇതുവരെ അവര്‍ സ്വീകരിച്ചിട്ടില്ല. എനിക്ക് ഒരു നല്ല കാര്യവും വനിതാ കമീഷനെക്കുറിച്ച് പറയാനില്ല. മന്ത്രി വന്നതിനുശേഷം വനിതാ കമീഷന്‍ അധ്യക്ഷ പി. സതീദേവി വീട്ടില്‍ വന്നിരുന്നു. നിയമ സഹായങ്ങളെല്ലാം നല്‍കാം കൂടെയുണ്ട് എന്ന് പറഞ്ഞതല്ലാതെ, പ്രവര്‍ത്തികളില്‍ അതൊന്നും കണ്ടില്ല.
പൊലീസ് ഇപ്പോഴും കത്രിക എവിടെനിന്നാണ് വയറ്റില്‍ കുടുങ്ങിയത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുമില്ല. ഇതില്‍ പൊലീസിന്റെ അനാസ്ഥ എത്രത്തോളമുണ്ട്?
പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമുണ്ട്. എന്തുകൊണ്ടാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ നേരം വൈകുന്നത് എന്നറിയില്ല. രണ്ടു പ്രസവത്തിനുശേഷം തലവേദന കാരണം എം.ആര്‍.ഐ സ്‌കാനിങ് എടുത്തിരുന്നു. ശരീരത്തില്‍ ഏതൊരു ലോഹ ഘടകം ഉണ്ടെങ്കിലും ആ സ്‌കാനിങ് വ്യക്തമാകുമായിരുന്നു. പൊലീസുകാര്‍ക്ക് അത് മനസ്സിലായിട്ടുണ്ട്. പെട്ടെന്ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കും എന്നാണ് പൊലീസ് അറിയിച്ചത്.
മൂന്നാമത്തെ പ്രസവത്തിനാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ നടത്തിയത്. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്തെടുത്ത കത്രികയുടെ വീഡിയോ പകര്‍ത്തിയതിന് ആശുപത്രി ജീവനക്കാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ശസ്ത്രക്രിയ സമയത്ത് ഹര്‍ഷിനയോടും കുടുംബത്തോടും ഉള്ള ആശുപത്രി ജീവനക്കാരുടെ സമീപനം എങ്ങനെയായിരുന്നു?
ആദ്യം തന്നെ മീഡിയയില്‍ കത്രിക കിട്ടിയത് അറിയിച്ചിരുന്നു. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വെറും നിസ്സാരമായിട്ടാണ് അതിനു മറുപടി പറഞ്ഞത്. മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളില്‍ വെച്ച് തുന്നി കൂട്ടാന്‍ ഉള്ളതാണോ രോഗികളുടെ ശരീരങ്ങള്‍. മനഃപൂര്‍വ്വം വെച്ചതാണെന്ന് പറയുന്നില്ല. എന്നാല്‍, പറ്റിയ തെറ്റ് സമ്മതിച്ചു തരണം. ഡോക്ടര്‍മാര്‍ക്ക് തെറ്റുപറ്റാന്‍ പാടില്ല. കാരണം, ഒരു മനുഷ്യന്റെ ജീവനാണ് അവരുടെ കയ്യില്‍ ഉള്ളത്. ചെയ്ത തെറ്റ് ഏറ്റു പറയുന്നതിന് പകരം ഇരയെ പരമാവധി ബുദ്ധിമുട്ടിക്കാനാണ് അവര്‍ ശ്രമിച്ചത്. അതിന് പരിഹാരം കാണാതെ വിടുന്നത് നീതികേടാണ്. വീഡിയോ പകര്‍ത്താന്‍ സമ്മതിച്ചില്ലായിരുന്നു. പിന്നീട് ആശുപത്രി ജീവനക്കാര്‍ അറിയാതെയാണ് ഭര്‍ത്താവ് വീഡിയോ പകര്‍ത്തിയത്. അതുകൊണ്ട് ഇപ്പോള്‍ തെളിവ് ആയി.
2023 മാര്‍ച്ച് ഒന്നിന് ആരംഭിച്ച സമരം പിന്നീട് സര്‍ക്കാര്‍ ഭാഗത്തുനിന്ന് ലഭിച്ച ചില ഉറപ്പുകള്‍ പ്രതീക്ഷിച്ച് നിര്‍ത്തിവെച്ചു. വാഗ്ദാനങ്ങള്‍ നടപ്പാകാതെ വന്നപ്പോള്‍ വീണ്ടും സമരം ആരംഭിച്ചു. ഈ ഘട്ടത്തില്‍ സര്‍ക്കാരിനോട് എന്താണ് പറയാനുള്ളത്?
കഴിഞ്ഞ 29 ദിവസമായി വീണ്ടും ഞാന്‍ സത്യാഗ്രഹം ഇരുന്നിട്ടുണ്ടെങ്കില്‍ എനിക്ക് ന്യായമായ നീതി ലഭിക്കണം. നിവര്‍ത്തിയില്ലാഞ്ഞിട്ടാണ് അഭിമാനം പണയം വെച്ച് റോഡരികില്‍ സമരം ചെയ്യുന്നത്. ഇതിന് തീരുമാനം ഉണ്ടായില്ലെങ്കില്‍ മരണംവരെ സമരത്തില്‍ ഇരിക്കും. നീതി ലഭിച്ചില്ലെങ്കില്‍ സമരം ശക്തമാക്കും. ഒരുപാട് പേര്‍ ജാതി, മത, രാഷ്ട്രീയ, സംഘടന വ്യത്യാസങ്ങള്‍ ഒന്നുമില്ലാതെ സമരത്തിന്റെ കൂടെ നില്‍ക്കുന്നുണ്ട്. എന്തുതന്നെ സംഭവിച്ചാലും ന്യായമായ നീതി ലഭിച്ചിട്ടേ സമരം അവസാനിപ്പിക്കൂ.