Quantcast
MediaOne Logo

സിനിമയില്‍ തിരക്കേറിയാലും നാടകം കൈവിടില്ല - മനോജ് കെ.യു

അഭിമുഖം: മനോജ് കെ.യു / സിദ്ദീഖ് പെരിന്തല്‍മണ്ണ.

തിങ്കളാഴ്ച നിശ്ചയത്തില്‍, ഖസാക്കിന്റെ ഇതിഹാസത്തില്‍ കെ.യു മനോജ്
X

നാടകത്തിന്റെ നടവഴികളിലൂടെ സിനിമയില്‍ എത്തിയ നടനാണ് മനോജ് കെ.യു. അമേച്വര്‍-പ്രൊഫഷനല്‍ നാടകങ്ങളില്‍ അഭിനയിക്കുമ്പോള്‍ തന്നെ സിനിമകളില്‍ ചെറുവേഷങ്ങള്‍ ചെയ്തിരുന്ന അദ്ദേഹത്തെ ശ്രദ്ധേയമാക്കിയത് തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ കുവൈത്ത് വിജയനാണ്. പിന്നീട് പകലും പാതിരാവും, പ്രണയവിലാസം, ഉരു, കണ്ണൂര്‍ സ്‌ക്വാഡ്, ചാവേര്‍, എല്‍.എല്‍.ബി തുടങ്ങിയ ഒരു പിടി ചിത്രങ്ങളിലഭിനയിച്ചു കൂടുതല്‍ ശ്രദ്ധേയമായി. ഇപ്പോള്‍ റമീസ് നന്തി സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന പേരിടാ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ സിനിമയെക്കുറിച്ചും നാടകങ്ങളെ കുറിച്ചും ഒക്കെ സംസാരിക്കുകയാണ് മനോജ്.

സിനിമയിലേക്കുള്ള താങ്കളുടെ വരവ് നാടകത്തില്‍ നിന്നാണെന്നത് എത്രത്തോളം ഗുണം ചെയ്തു?

നാടകം സിനിമയില്‍ ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്. ഞാന്‍ നാടകത്തില്‍ ആദ്യം എത്തുന്നത് ലൈറ്റ് ചെയ്യുന്ന ടെക്‌നീഷ്യന്‍ ആയിട്ടാണ്. അന്ന് പലപ്പോഴും സ്റ്റേജിന്റെ മുന്നില്‍ നില്‍ക്കാന്‍ എനിക്ക് പേടിയായിരുന്നു. ആ സഭാകമ്പം മാറിയത് നാടകത്തിലൂടെയാണ്. സിനിമയില്‍ ഒരു കാമറക്കും കുറെ ആളുകള്‍ക്കുമിടയിലൂടെയാണ് സെന്റിമെന്റ്‌സും കോമഡിയുമൊക്കെ ചെയ്യേണ്ടത്. സഭാകമ്പം മാറ്റിയെന്നതാണ് നാടകംകൊണ്ട് ഒന്നാമതായി കിട്ടിയ ഗുണം. രണ്ട് ഒരു കഥാപാത്രത്തെ എങ്ങനെ വായിച്ചെടുക്കണം, മോള്‍ഡ് ചെയ്ത് അവതരിപ്പിക്കണമെന്നൊക്കെ പഠിപ്പിച്ചത് നാടകമാണ്.

സിനിമാഭിനയത്തില്‍ നാടകം കടന്നു വരാതിരിക്കാന്‍ ശ്രദ്ധിച്ചതെങ്ങനെ?

നാടകത്തില്‍ നേരത്തെയുണ്ടായിരുന്നെങ്കിലും ടെക്‌നീഷ്യനായിട്ടായിരുന്നു എന്ന് പറഞ്ഞല്ലോ. അഭിനയത്തില്‍ കുറഞ്ഞ നാടകങ്ങളിലേ ഉണ്ടായിരുന്നുള്ളൂ. നാലോ അഞ്ചോ നാടകങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ, അത് പ്രശസ്തരായ ദീപന്‍ ശിവരാമന്‍, സുവീരന്‍, ബാബു അന്നൂര്‍ തുടങ്ങിയവരുടെ നാടകങ്ങളിലായിരുന്നു. നാടകത്തിന്റെ നിഴല്‍ കാണുന്നില്ല എന്ന ചോദ്യമുയരാന്‍ കാരണം ഒരു പക്ഷേ, ഖസാക്കിന്റെ ഇതിഹാസം എന്ന നാടകത്തില്‍ ഇപ്പോഴും അഭിനയിക്കുന്നതുകൊണ്ടാകാം. ആ നാടകത്തിലും അതിഭാവുകത്വങ്ങളില്ല. ജനങ്ങളുമായി നേരിട്ട് സ്വാഭാവികമായി സംവദിക്കുന്ന രൂപത്തിലാണ്. അതുകൊണ്ടാകാം സിനിമയില്‍ നാടകം കയറിവരാത്തത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

എന്നിരുന്നാലും ഡയറക്ടേഴ്‌സിന്റെ തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടോ?

ഉണ്ട്. ഞാന്‍ സിനിമയിലഭിനയിക്കുമ്പോള്‍ പൂര്‍ണമായും ബോഡി പിക്കപ് ചെയ്യും. ഇടക്ക് നാടകം കയറി വരുന്നുണ്ടല്ലോ എന്ന് അവര്‍ പറയുമ്പോള്‍ കട്ട് ചെയ്ത് തിരുത്തും. ചില ഇമോഷണല്‍ സീനുകളില്‍ ഒക്കെ നാടകം കയറി വരാറുണ്ട്. പിന്നെ ഞാന്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഡയറക്ടേഴ്‌സിന് പൂര്‍ണമായും എന്റെ ബോഡി വിട്ടുകൊടുക്കുകയാണ് ചെയ്യാറുള്ളത്. എന്നാലും ഇടക്ക് നാടകം കയറി വരാറുണ്ട്. അപ്പോഴൊക്കെ സംവിധായകര്‍ തിരുത്തലുകള്‍ക്ക് വിധേയമാക്കി ഇടപെടും.

ആദ്യ ശ്രദ്ധേയ സിനിമയായ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തില്‍ എത്തിപ്പെടുന്നത് എങ്ങനെയാണ്?

അതിനുമുമ്പ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന സിനിമയില്‍ അഭിനയിച്ചത് കൊണ്ടാണ് എന്നെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. ഞാന്‍ ഒഡീഷന് സുന്ദരക്കുട്ടപ്പനായ ഒരു ഫോട്ടോ അയച്ചു കൊടുത്തു. അത് റിജക്റ്റ് ചെയ്തു. പിന്നീട് സെന്ന ഹെഗ്‌ഡെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ കണ്ടിട്ട് ക്ഷണിക്കയായിരുന്നു. രാജേഷ് മാധവന്റെ പ്രോത്സാഹനം കൂടിയുണ്ടായിരുന്നു.

അത് ജീവിതത്തെ മാറ്റി മറിക്കുമെന്ന് അന്ന് തോന്നിയിരുന്നോ?

ഇല്ല. ഒന്നേ ഇതില്‍ അഭിനയിക്കുമ്പോള്‍ തോന്നിയിരുന്നുള്ളു. ഈ സിനിമയിറങ്ങിയാല്‍ ഒഡീഷനായ് നീണ്ട ക്യൂ നില്‍ക്കേണ്ടി വരില്ല. ഡയറക്ടറോട് നേരിട്ട് പറയാനാകും എന്ന് മാത്രം വിശ്വസിച്ചു. എന്നാല്‍, സംഭവിച്ചതെന്താണെന്ന് പിന്നീട് നിങ്ങളൊക്കെ കണ്ടതാണല്ലോ. സിനിമ എടുത്തു കഴിഞ്ഞപ്പോള്‍ തന്നെ സെന്ന ഹെഗ്‌ഡെ പറഞ്ഞിരുന്നു. കുവൈത്ത് വിജയന്‍ ഞാന്‍ പ്രതീക്ഷച്ചതിലൊക്കെ ഒരുപാട് മുമ്പേയെത്തിയെന്ന്. നിങ്ങളുടെ അഭിനയ ജീവിതം നന്നായിരിക്കും. നിങ്ങളുടെ മുന്നോട്ടുള്ള യാത്ര ഗംഭീരമായിരിക്കും എന്ന്.

ചാവേര്‍ പരിചിത രാഷ്ട്രീയ സിനിമയാണല്ലോ. അതിനാല്‍ അതില്‍ അഭിനയിക്കുക എളുപ്പമായിരുന്നോ?

പരിചിത സാഹചര്യങ്ങളും കഥകളുമാണെങ്കിലും സംവിധായകന്‍ പറയും പോലെ അഭിനയിക്കുകയെന്നതാണ് രീതി. അതനുസരിച്ച് ടിനു പാപ്പച്ചന്‍ പറയുന്നത് പോലെ അഭിനയിക്കുക മാത്രമാണ് ചെയ്തത്.


ചാവേര്‍ സിനിമയില്‍

ഇപ്പോള്‍ സിനിമയില്‍ അത്യാവശ്യ തിരക്കുള്ള നടനാണ് എന്നിട്ടും ഖസാക്കിന്റെ ഇതിഹാസം പോലുള്ള നാടകങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തുന്നത് നാടകം കൈവിടില്ല എന്ന തീരുമാനത്തിലാണോ?

നാടകം ഒരിക്കലും കൈവിടില്ല. അത് സംശയമില്ലാത്ത കാര്യമാണ്. സിനിമയുടെ തിരക്കില്‍ താത്കാലികമായി കൈവിട്ടേക്കാം എന്നല്ലാതെ നാടകത്തെ ജീവിതത്തില്‍ നിന്ന് ഒരു കാരണവശാലും കൈവിടില്ല.

നാടകത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു എന്ന വാദം ഏറെക്കാലമായി ഉയരുന്ന സാഹചര്യത്തില്‍ ആണല്ലോ ഖസാക്കിന്റെ ഇതിഹാസം ജനങ്ങള്‍ ഏറ്റെടുത്തത്?

നാടകത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടു, നാടകം നശിച്ചു എന്നൊക്കെയുള്ള വാദങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. പക്ഷേ, എനിക്കെങ്ങനെ തോന്നുന്നില്ല. ജനങ്ങള്‍ ഉള്ളടത്തോളം കാലം നാടകം ഒരു കാരണവശാലും മരിക്കില്ല. നാടകത്തിന്റെ പ്രസക്തി നഷ്ടപ്പെടാത്തത് കൊണ്ടാണ് നാടകം ടിക്കറ്റ് എടുത്തു കാണേണ്ടതാണ് എന്ന രീതിയില്‍ ഖസാക്കിന്റെ ഇതിഹാസം ശ്രദ്ധിക്കപ്പെട്ടത്. ഒരുപക്ഷേ അങ്ങനെ ടിക്കറ്റ് എടുത്തു കാണുന്ന നാടകം എന്ന രീതിയില്‍ ശ്രദ്ധേയമായിട്ടുള്ളത് ഖസാക്കിന്റെ ഇതിഹാസമാകും. മൂന്നു മാസത്തോളം നടന്ന റിഹേഴ്‌സലിനു ശേഷം 100 രൂപ, 200 രൂപ ഒക്കെ നിരക്കില്‍ ആണ് ഖസാക്കിന്റെ ഇതിഹാസം ടിക്കറ്റ് വില്‍പ്പന നടത്തിയത്.


ഖസാക്കിന്റെ ഇതിഹാസത്തില്‍ കെ.യു മനോജ്

അപ്പോള്‍ നാടകം ടിക്കറ്റെടുത്ത് കാണുമോ എന്ന് ഒരുപാട് ആശങ്കയുണ്ടായിരുന്നു. സ്വാഭാവികമായി ആളുകള്‍ വന്ന് നാടകം കാണും എന്ന ആത്മവിശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഫസ്റ്റ് അവതരണം കഴിഞ്ഞ് അതേ സ്ഥലത്ത് പിന്നീട് നാടകം അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ 500 1000, 2000 ഒക്കെ ആയിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍, 100 രൂപയുടെ ടിക്കറ്റ് എടുക്കാത്ത അതേ ആള് 1000 രൂപയുടെ ടിക്കറ്റ് എടുത്ത് നാടകം കണ്ടു എന്നതാണ് പ്രത്യേകത. ടിക്കറ്റിന് ടൈറ്റ് വന്നുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ 500 രൂപയുടെ ടിക്കറ്റ് കഴിഞ്ഞു എന്ന് പറഞ്ഞപ്പോഴാണ് അയാള്‍ ആയിരം രൂപയെങ്കില്‍ 1000 രൂപയുടെ 2 ടിക്കറ്റ് എനിക്ക് വേണം എന്ന് പറഞ്ഞ് വാങ്ങിയത്. അപ്പോള്‍ നാടകം വെച്ച ഒരു ഡിമാന്‍ഡ് ആയിരുന്നു പൈസ കൊടുത്ത് കാണുക എന്നത്. സിനിമ നമുക്ക് പൈസ കൊടുക്കാതെ കാണാന്‍ പറ്റില്ലല്ലോ. അതുപോലെ നാടകത്തിനുമാകാം എന്ന് അവസ്ഥയുണ്ടാക്കി ഖസാക്കിന്റെ ഇതിഹാസം.

അങ്ങനെ ഒരു ഓഡിയന്‍സിനെ കണ്ടുകൊണ്ടാണോ ആ നാടകം രൂപപ്പെടുത്തപ്പെട്ടത്?

ഇല്ല. അതങ്ങനെ സംഭവിക്കുകയായിരുന്നു. ആ നാടകത്തെ കുറിച്ച്, അതില്‍ അഭിനയിച്ച സി.കെ സുനിലും ദീപന്‍ ശിവരാമനും ഒക്കെ കൂടി ചര്‍ച്ച ചെയ്തപ്പോള്‍ ദീപന്‍ ശിവരാമന്‍ ഞങ്ങളോട് ചോദിച്ചു നാടകം കാണാന്‍ എത്ര പേര്‍ ഉണ്ടാകും എന്ന്. ഞങ്ങള്‍ പറഞ്ഞു 3000 പേര്‍. അപ്പോള്‍ അദ്ദേഹം അത്ഭുതത്തോടെ ചോദിച്ചു 3000 പേരോ. നാടകം കാണാനോ. അങ്ങനെയെങ്കില്‍ മൂന്നുദിവസം നാടകം കളിക്കേണ്ടിവരും. ഒരു ദിവസം 750 പേരെയേ അഡ്മിറ്റ് ചെയ്യാന്‍ പറ്റുകയുള്ളൂ. അപ്പോള്‍ ഞങ്ങള്‍ക്കറിയില്ലായിരുന്നു ഗാലറിയിലിരുന്ന് കാണികള്‍ നാടകം കാണുകയും നടുത്തളത്തില്‍ നാടകം അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന രീതിയിലാണെന്ന്. അപ്പോള്‍ ആദ്യ അവതരണം അഞ്ചു ദിവസം കളിക്കേണ്ടിവന്നു. മാസങ്ങള്‍ക്ക് ശേഷം രണ്ടാമത് അവിടെത്തന്നെ അവതരിപ്പിച്ചപ്പോള്‍ വീണ്ടും അഞ്ചുദിവസം കളിക്കേണ്ടിവന്നു. ഇതൊന്നും പക്ഷേ മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു എന്ന് പറഞ്ഞുകൂടാ. ആദ്യദിവസം നാടകം 100 രൂപ കൊടുത്ത് കണ്ടത് കുടുംബശ്രീ സ്ത്രീകള്‍ ഒക്കെയായിരുന്നു. നാടകത്തിന് റിഹേഴ്‌സലിന് തന്നെ 300 ചൂട്ടുകള്‍ വേണം. ആ ചൂട്ട് ഉണ്ടാക്കിയിരുന്നത് അവരായിരുന്നു. എന്നാല്‍, അവര്‍ക്ക് പോലും സൗജന്യമായി നാടകം കാണാന്‍ അവസരം ഉണ്ടായിരുന്നില്ല.

മഹാ നടന്‍മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ താങ്കള്‍ എങ്ങനെയാണ് നോക്കി കാണുന്നത്?

അഭിനയത്തിന്റെ കാര്യത്തില്‍ അടുക്കാന്‍ പറ്റാത്തവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരെ കുറിച്ച് പറയാന്‍ പോലും ഞാന്‍ ആളല്ല. ഒരിക്കലും എന്റെ ജീവിതത്തില്‍ മമ്മൂട്ടിയുമായി സംസാരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചതല്ല. അതിനു സാധിച്ചത് തന്നെ ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു. മോഹന്‍ലാലും അഭിനയിച്ച ചിത്രങ്ങള്‍ വലുതാണ്. അവരുടെ അഭിനയമാണ് എന്നെ പോലുള്ളവരില്‍ സിനിമ മോഹമുണ്ടാക്കിയത്.

ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍?

ഇപ്പോള്‍ അഭിനയിക്കുന്നത് സമീര്‍ നന്തി സംവിധാനം ചെയ്യുന്ന സിനിമയിലാണ്. അതില്‍ ധ്യാനിന്റെ അച്ഛനായി വേഷമിടുന്നു. സീമ ജി. നായര്‍ എന്റെ ഭാര്യയായും അഭിനയിക്കുന്നു. മറ്റൊന്ന് ഷിജു വില്‍സണ്‍ നായകനായി ഉല്ലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. അതില്‍ ഞാന്‍ ചെയ്യുന്ന വേഷം കോമഡിയാണ്. അപ്പോള്‍ ഞാന്‍ ഉല്ലാസിനോട് പറഞ്ഞു, ഞാന്‍ ഇതുവരെ കോമഡി ചെയ്തിട്ടില്ല. നിങ്ങള്‍ക്ക് ഡേറ്റ് ഉണ്ടോ എങ്കില്‍ അഭിനയിപ്പിക്കുന്ന കാര്യം ഞാനേറ്റു എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്. എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്നറിയില്ലായിരുന്നു. അതിന് സാധിച്ചു. ഇനി കോമഡി ചെയ്യാനാകുമെന്ന് വിശ്വസിക്കുന്നു. തിങ്കളാഴ്ച നിശ്ചയത്തില്‍ വലിയ വേഷം ചെയ്യിക്കാമെന്ന തീരുമാനം ഡയറക്ടറുടേതാണ്. ഇത്ര വലിയ വേഷമാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ കുവൈത്ത് വിജയന്‍ ഒരു പക്ഷേ, ഞാന്‍ (ഭയം മൂലം) ചെയ്യില്ലായിരുന്നു

ഇനി സിനിമക്കപ്പുറമുള്ള ഒരു ചോദ്യം. ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്ന ആക്രമണങ്ങളെകുറിച്ച് താങ്കളുടെ നിലപാടെന്താണ്?

ലോകത്തിന്റെ എല്ലാ ഭാഗത്തുള്ളവരും മനുഷ്യരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുരാണ കാലം തൊട്ടേ യുദ്ധങ്ങളും കൊലകളും അധിനിവേശങ്ങളുമൊക്കെയുണ്ട്. പക്ഷേ, അത്തരം അക്രമങ്ങളിലൊന്നും എനിക്ക് താല്‍പര്യമില്ല. ഫലസ്തീനുമായി ബന്ധപ്പെട്ട ഒന്നുരണ്ട് വീഡിയോ ഞാന്‍ കണ്ടിരുന്നു. പിന്നെയെനിക്ക് കാണാന്‍ വിഷമമായി. കാരണം, നടക്കാന്‍ പഠിക്കുന്ന കുട്ടികള്‍ പോലും ഇരകളാകുന്നവയായിരുന്നു അത്. ജസ്റ്റ് നമ്മുടെ മക്കളെ ആ സ്ഥാനത്ത് വെച്ച് ആലോചിച്ചാല്‍ മനസ്സിലാകും അതിന്റെ വിഷമം. അതിനാല്‍ അത്തരം അക്രമങ്ങളോട് യോജിക്കാനാകില്ല. അതുകൊണ്ട് ഒരു രാജ്യത്തിന് എന്ത് നേടാനാകുമെന്ന് മനസ്സിലാകുന്നില്ല. ആര്‍ക്കും ആരെയും കൊന്നൊടുക്കുവാനുള്ള അവകാശമില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.


സിദ്ദീഖ് പെരിന്തല്‍മണ്ണയും കെ.യു മനോജും (ഫോട്ടോ: നൗഫല്‍ കോട്ടക്കല്‍)



TAGS :