യുദ്ധത്തിനെതിരെയാണ് എന്റെ നാടകം; നെതന്യാഹുവിന് താല്‍പര്യം ഡയലോഗല്ല - ലെനോര്‍സോ പോളീനീനി
യുദ്ധമുണ്ടാക്കുന്ന മുറിവുകള്‍, അനാഥത്വം, സ്വന്തം നാട് വിട്ട് അഭയാര്‍ത്ഥികളാകേണ്ടി വരുന്ന അവസ്ഥ, അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, കുടിയേറ്റത്തിന്റെ അനന്തരഫലങ്ങള്‍ എന്നിവയൊക്കെയാണ് ബ്രസീലിയന്‍ സംവിധായകന്‍ ലെനോര്‍സോ പോളീനീനി സംവിധാനം ചെയ്ത 'അപട്രഡസ്' നാടകം പ്രമേയമാക്കുന്നത്.
ഫലസ്തീന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായാണ് പതിനാലാമത് കേരള അന്താരാഷ്ട്ര നാടകോത്സവത്തിലെ ഉദ്ഘടാന നാടകമായി അപട്രഡസ്' പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. നാടകത്തിന്റെ സംവിധായകന്‍ ലെനോര്‍സോ പോളീനീനി സക്കീര്‍ ഹുസൈനുമായി സംസാരിക്കുന്നു.
യുദ്ധത്തിനെതിരെയാണ് എന്റെ നാടകം. ഫലസ്തീനില്‍ അടക്കം ലോകത്ത് പലയിടത്തും യുദ്ധമുണ്ടാക്കുന്ന കെടുതികള്‍ ഭീകരവും കണ്ടുനില്‍ക്കാനാവാത്തതുമാണ്. യുദ്ധം എല്ലായിടത്തും ദുരന്തങ്ങളേ വിതച്ചിട്ടുള്ളൂ. നിരപരാധരും നിഷ്‌ക്കളങ്കരുമായവര്‍ നിഷ്ഠൂരമായി ചുട്ടുകൊല്ലപ്പെടുകയാണ്. എണ്ണമറ്റവര്‍ അഭയാര്‍ത്ഥികളാവുന്നു. ദേശവും പൗരത്വവുമില്ലാത്തവരാവുന്നു.
റോമന്‍ ഇതിഹാസ കഥാപാത്രങ്ങളായ പ്രൊമീഥ്യൂസ്, ഹെര്‍ക്കുലിസ്, കസ്സാന്‍ഡ്ര, ഹെക്യൂബ എന്നിവരുടെ യുദ്ധത്തിനെതിരായ സോളോയിലൂടെയാണ് എന്റെ നാടകം 'അപട്രഡസ്' വികസിക്കുന്നത്. നാടകത്തിന്റെ അവസാനഘട്ടത്തില്‍ നാല് കഥാപാത്രങ്ങളും ഒന്നിച്ചെത്തി ഈ ആശയം സമന്വയിപ്പിക്കും. യുദ്ധ വ്യഥകളും അനന്തരഫലങ്ങളുമാണവര്‍ അവതരിപ്പിക്കുന്നത്. യുദ്ധമുണ്ടാക്കുന്ന മുറിവുകള്‍, അനാഥത്വം, സ്വന്തം നാട് വിട്ട് അഭയാര്‍ത്ഥികളാകേണ്ടി വരുന്ന അവസ്ഥ, അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, കുടിയേറ്റത്തിന്റെ അനന്തരഫലങ്ങള്‍ ഇവയൊക്കെ നാടകം ചര്‍ച്ച ചെയ്യുന്നു.
സംവാദങ്ങളും ചര്‍ച്ചകളുമാണ് യുദ്ധ രഹിത ലോകം തീര്‍ക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള മാര്‍ഗം. ഫലസ്തീന്‍, അഫ്ഗാനിസ്ഥാന്‍, ആഫ്രിക്കയിലെ ചില ഭാഗങ്ങള്‍, ഉക്രൈന്‍ തുടങ്ങി വിവിധയിടങ്ങളില്‍ യുദ്ധം ദുരന്തം വിതച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യങ്ങള്‍ അരങ്ങിലൂടെ ലോകത്തെത്തിക്കാനാണ് ഞാനും എന്റെ സഹപ്രവര്‍ത്തകരും ശ്രമിക്കുന്നത്. എന്താണ് യഥാര്‍ത്ഥ പ്രശ്‌നമെന്നും അതുണ്ടാക്കുന്ന മനുഷ്യാവകാശലംഘനങ്ങളടക്കമുള്ള കാര്യങ്ങള്‍ എന്താണെന്നും ജനങ്ങളെ ബോധവത്കരിക്കാനുള്ള മികച്ച മാര്‍ഗം അരങ്ങാണ്. പക്ഷേ, ഭരണാധികാരികളും ഫാഷിസ്റ്റുകളും വിശാലതയും മനുഷ്യത്വവും കാണിക്കണം.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാനാഹു സന്ധിസംഭാഷണത്തിന് വരില്ല. അദ്ദേഹത്തിന്റെ താല്‍പര്യം ഡയലോഗല്ല. സാമ്രാജ്യത്വവും സമ്പത്തുമാണ്. നിക്ഷിപ്ത താല്‍പര്യങ്ങളാണ് നെതന്യാഹുവിനെപോലെയുള്ളവരെ ഭരിക്കുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിരവധി ദുരന്തങ്ങള്‍ യുദ്ധം മൂലം ഉണ്ടായിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ അവ ഒഴിവാക്കാനായേനെ. പക്ഷേ, ബന്ധപ്പെട്ടവര്‍ അത് മനസിലാക്കാന്‍ തയാറായില്ല.
അപട്രിഡസില്‍ നിന്നുള്ള രംഗം
ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നറിയുന്നു. അതിനെക്കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല. പക്ഷേ, ഇത്തരം നീക്കങ്ങള്‍ പൗരന്മാരെ ദേശരഹിതരാക്കും. ജനിച്ചു വളര്‍ന്ന നാട്ടില്‍ നിന്ന് അവര്‍ക്ക് പുറത്തുപോകേണ്ടി വരും. ഞാന്‍ ഫാഷിസത്തിന് എതിരാണ്. ബ്രസീലിലെ മുന്‍ ഭരണാധികാരി ബോള്‍ സനാരോ ഫാഷിസ്റ്റായിരുന്നു. പൗരസ്വാതന്ത്ര്യം അയാള്‍ അടിച്ചമര്‍ത്തി. ഭരണം മാറിയപ്പോള്‍ ഞങ്ങള്‍ക്ക് ആശ്വാസമുണ്ട്. ഇപ്പോഴത്തെ പ്രസിഡന്റ് ലൂല ഡിസില്‍വ ജനാധിപത്യം നടപ്പാക്കുന്നയാളാണ്.
ബ്രസീലിന്റെ നാടക പാരമ്പര്യം മികച്ചതാണ്. നിരവധി നാടക സംഘങ്ങള്‍ അവിടെയുണ്ട്. നടിയും കോസ്റ്റ്യൂമറുമായ കരീന കാസുഷേലിയും ഞാനും ചേര്‍ന്ന് 2001 ല്‍ സ്ഥാപിച്ച കമ്പാനിയ നോവ ഡി തിയറ്ററോ (നോവ നാടക കമ്പനി) ആണ് 'അപട്രഡസ്' അരങ്ങിലെത്തിക്കുന്നത്. കരീനയാണ് നാടകം രചിച്ചത്. 2021 ല്‍ ഇത് ആദ്യമായി അവതരിപ്പിച്ചു. ഇറ്റലി, ഇറാന്‍, ഇറാഖ്, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇത് അരങ്ങേറി. നാല് അഭിനേതാക്കള്‍ അടക്കം ഏഴുപേര്‍ അടങ്ങിയതാണ് നാടകസംഘം. ഇതിനകം 16 നാടകങ്ങള്‍ ഞങ്ങളുടെ കമ്പനി അരങ്ങിലെത്തിച്ചിട്ടുണ്ട്. ബ്രസീലിയന്‍ വനിതകള്‍ നേരിട്ട പ്രശ്‌നങ്ങളാണ് ഞങ്ങളുടെ അടുത്ത പ്രോജക്ട്.