കാഴ്ച്ചക്കാരനെ ജഡ്ജ് ചെയ്യുന്ന പ്രവണത നല്ലതല്ല - മിനോണ്‍ ജോണ്‍
വളരെ ഇടുങ്ങിയ മനസുമായി ഒരിക്കലും ഒരാള്‍ക്കും കലാകാരനായിരിക്കുക സാധ്യമല്ല. അവനവന്റെ കണ്ണുകളെ ആദ്യം തുറക്കേണ്ടി വരും, കൈകളെ സ്വതന്ത്രമാക്കേണ്ടി വരും. ചലച്ചിത്രമേളകള്‍ സംവദിക്കുന്നത് - ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുന്നു. അഭിമുഖം: മിനോണ്‍ ജോണ്‍ / മീനു മാത്യു
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഐ.എഫ്.എഫ്.കെയില്‍ സ്ഥിരമായി വരാറുണ്ടെങ്കിലും പതിവില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി കേവലം സിനിമകള്‍ കാണാന്‍ മാത്രം ഉള്ള വരവല്ല. മറിച്ച് 'ഐ.എഫ്.എഫ്.കെ' കാണാന്‍ വന്ന ആളാണ്. കാരണം, ഐ.എഫ്.എഫ്.കെ എന്നു പറഞ്ഞാല്‍ ഒരു സിനിമ ഫെസ്റ്റിവല്‍ എന്നതിനേക്കാളും ഉപരി മറ്റെന്തൊക്കയോ കൂടിയാണ്. കേരളത്തിന്റെ പൊതുവായ സദാചാര ബോധത്തിനുമപ്പുറം നിലനില്‍ക്കാന്‍ കെല്‍പ്പുള്ള ഒരു ലിബറല്‍ ലോകം നമ്മളില്‍ പലരുടെയും സ്വപ്‌നമാണ്. അത്തരമൊരു ഉട്ടോപ്പ്യയാണ് ഇവിടെ നമ്മള്‍ കണ്ടെത്തുന്നത്. എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി ചെയ്യാനും കാണാനും താല്‍പര്യപ്പെടുന്നവര്‍ ഒരേപോലെ തിങ്ങി നിറയുന്ന ഒരിടം. അത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. സിനിമ കാണാന്‍ വേണ്ടി മാത്രം വന്നിരുന്നപ്പോള്‍ ഓപ്പണ്‍ ഫോറം പോലുള്ള പരിപാടികള്‍ മിസ്സ് ആകുമായിരുന്നു. ഇക്കുറി വന്നത് ഇത്തരത്തിലുള്ള ചര്‍ച്ചകളെ കൂടുതലായി ലക്ഷ്യം വച്ചാണ്.
ആദ്യമായി ഐ.എഫ്.എഫ്.കെയില്‍ എത്തുന്നത് അച്ചനമ്മമാരോടൊപ്പമാണ്. 101 ചോദ്യങ്ങള്‍ എന്ന സിനിമയ്ക്കു ശേഷവും തന്റെ പല സിനിമകളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. പക്ഷെ, സ്വന്തം സിനിമികള്‍ പ്രദര്‍ശിപ്പിക്കുമ്പോഴൊന്നും ഇവിടെ ഉണ്ടാകാന്‍ സാധിച്ചിട്ടില്ല. അങ്ങിനെയൊന്നു സംഭവിക്കുക എന്നതാണ് ഇപ്പോളത്തെ ആഗ്രഹം.
നമ്മള്‍ എന്താണോ പ്രതീക്ഷിക്കുന്നത്, ആതോ അതിലതികമോ നല്‍കിക്കൊണ്ട് ഐ.എഫ്.എഫ്.കെ എല്ലായിപ്പൊഴും അത്ഭുതപ്പെടുത്തുകയാണ് ചെയ്യാറ്. അത്്‌കൊണ്ടുതന്നെ നല്ല ഓര്‍മകള്‍, പ്രത്യേകിച്ചും സൗഹൃദങ്ങളുമായി ബന്ധപ്പെട്ടവ ധാരാളമാണ്. ഇവിടെ വരുമ്പോള്‍ വീണ്ടെടുക്കുന്ന പല സൗഹൃദങ്ങളുമുണ്ട്. സിദ്ധാര്‍ദ്ധേട്ടനെ (സിദ്ധാര്‍ദ്ധ് ശിവ - സംവിധായകന്‍) പോലുള്ളവര്‍ തന്റെ സിനിമകളുമായി എല്ലാ വര്‍ഷവും ഇവിടെ ഉണ്ടാവാറുണ്ട് എന്നു പറയുന്നത് സന്തോഷമാണ്.
എല്ലാവിധ കംഫര്‍ട്ട് സോണുകളും ബ്രേക്ക് ചെയ്യ്തുകൊണ്ട് പുതിയ ഒരു സ്ഥലത്ത് പുതിയ കുറെയധികം ആളുകളുടെ ഒപ്പം സമയം ചിലവഴിക്കുക എന്നു പറയുന്നത് മനോഹരമായ അനുഭവമാണ്. വ്യത്യസ്തതകളുടെ ആഘോഷമാണ് ഇവിടം. എത്തുന്നവര്‍ എല്ലാം തന്നെ അത്തരം വ്യത്യസ്തതകളെ മുന്നില്‍ കണ്ടുകൊണ്ട് വരുന്നവരുമാണ്. വ്യത്യസ്തതകളില്‍ ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യര്‍ തിങ്ങിനിറഞ്ഞിരിക്കുന്ന ഇവിടെ അവര്‍ വീണ്ടും വ്യത്യസ്തരാകാതെ തികച്ചും സാധാരണക്കാരനാവുകയാണ് ചെയ്യുന്നത്.
വളരെ ചെറുപ്പത്തിലെ തന്നെ അഭിനയ രംഗത്തെത്തി എന്നുള്ളതുകൊണ്ടും, അച്ചനും അമ്മയും ചെറുചലച്ചിത്ര മേളകളുടെയും സംഘാടനവുമായി ബന്ധപ്പെട്ടും മറ്റും പ്രവര്‍ത്തിച്ചുവന്നിരുന്നതിനാലും, ഫെസ്റ്റിവല്‍ തന്റെ സിനിമക്കാഴ്ച്ചയെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. സിനിമ എന്നു പറയുന്നത് വളരെ ക്രിയേറ്റീവ് ആയ ഒരു മീഡിയമാണ്. അതുവഴി സമൂഹത്തില്‍ ധാരാളം ഇടപെടലുകള്‍ നടത്തുവാന്‍ സാധിക്കും. വിപ്‌ളവങ്ങള്‍ സൃഷ്ടിക്കാനും കഴിയും.
സിനിമ കാണാന്‍ വേണ്ടി വരുന്നവരല്ല ഭൂരിഭാഗവും, അവര്‍ മറ്റെന്തിനൊക്കെയോ വേണ്ടി വരുന്നവരാണ് എന്നൊരു ആക്ഷേപം ഇത്തവണ പൊതുവേ ഉണ്ടായിരുന്നു. അത്തരം അഭിപ്രായങ്ങളെ ശക്തമായി തന്നെ എതിര്‍ക്കുന്നു. കാരണം, ഐ.എഫ്.എഫ്.കെയെ ഒരു സിനിമാ കാണല്‍ വേദിയായി മാത്രം ചുരുക്കേണ്ട കാര്യമില്ല. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ മറ്റു പല കാര്യങ്ങള്‍ക്കൂടി നിര്‍വഹിക്കാന്‍ അതിനു കെല്‍പ്പുണ്ട്. സമൂഹത്തിന്റെ റിഫ്‌ളക്ഷന്‍ ആയി മാറുന്നതുകൊണ്ടുതന്നെ പലവിധ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇവിടം സാക്ഷിയാകുന്നു. നിരവധി ആളുകള്‍ അവരുടെ സൗഹൃദവും പ്രണയവുമൊക്കെ ഇവിടെ ആഘോഷമാക്കുന്നു. യുവാക്കള്‍ അധികമായി ഈ വേദിയുടെ ഭാഗമാകുന്നതിനെ വളരെ പോസിറ്റീവായിത്തന്നെ സമീപിക്കണം.
ഈ വേദിയില്‍ നടക്കുന്ന ഓരോ സമരങ്ങള്‍ക്കും വരും കാലങ്ങളില്‍ അതിന്റേതായ ചരിത്ര പ്രാധാന്യം ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. അവ വളരെ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണ്. അതൊരിക്കലും തടഞ്ഞു വയ്ക്കാന്‍ സാധിക്കില്ല. പുറത്തേയ്ക്ക് ഒഴുകേണ്ട സമയത്ത് അവ ഒഴുകുക തന്നെ ചെയ്യും. പ്രതികരിക്കാന്‍ ഓരോ വ്യക്തിയുമെടുക്കുന്ന ധൈര്യം കാണുന്നത് തന്നെ ആവേശമാണ്. സിനിമ കാണാന്‍ വരുന്ന പലര്‍ക്കും അതിനു സാധിക്കാതെ വരുന്ന അവസ്ഥ വരും വര്‍ഷങ്ങളില്‍ പരിഹരിക്കപ്പെടുമെന്നു തന്നെയാണ് വിശ്വാസം. ടെക്‌നിക്കല്‍ വിഷമതകള്‍ക്കൊണ്ട് ബുക്കിങ് സിസ്റ്റത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കൊക്കെ ഉടനെ മാറ്റം വരും. അതിനു സഹായകമാകുന്ന പ്രതിഷേധങ്ങള്‍ ഇവിടെ ഇപ്പോള്‍ തന്നെ ഉടലെടുത്തു കഴിഞ്ഞിരിക്കുന്നു.
സിനിമയെ വളരെ സ്വതന്ത്രമായി നമ്മള്‍ കാണാന്‍ പടിക്കേണ്ട ഒന്നാണ്. ചില സിനിമകള്‍ കണ്ടുകഴിഞ്ഞാലും മനസില്‍ തന്നെ ഉണ്ടാകും. ചിലത് അപ്പോള്‍ തന്നെ കളയേണ്ടവയാണ്. സിനിമയെന്ന മാധ്യമത്തെ വളരെ കാര്യമായി സമീപിക്കണമെന്നോ കാര്യമല്ലാതെ സമീപിക്കണമെന്നോ ആഭിപ്രായപ്പെടുന്നില്ല. ഐ.എഫ്.എഫ്.കെ പോലൊരു വേദിയില്‍ വരുന്ന സിനിമകള്‍ ചിലത് പരീക്ഷണങ്ങളായിരിക്കും, ചിലത് പ്രതിഷേധങ്ങളായിരിക്കും. അത്തരം സിനിമകള്‍ ഇനി ഭാവിയിലേക്കു നെയ്‌തെടുക്കുന്നവരായിരിക്കും ഇവിടെ വരുന്നവരില്‍ ചിലര്‍. അവരുടെ സിനിമാ ഭാവനയെ സ്വാധീനിക്കും വിധം ഇവിടം കെല്‍പ്പുള്ളതാണ്.
കേവലം ചര്‍ച്ചകളിലെ വ്യക്തി സാന്നിദ്ധ്യം മാത്രം നോക്കി നമുക്ക് സിനിമകളെ അളക്കാനോ വിലയിരുത്താനോ സാധിക്കില്ല. അതിനാല്‍ തന്നെ ഓപ്പണ്‍ ഫോറങ്ങളില്‍ താത്പര്യമുള്ളവര്‍ പങ്കെടുത്താല്‍ മതിയാകുമല്ലോ. ഒരാളെങ്കിലും ചര്‍ച്ച കേള്‍ക്കാന്‍ സന്നദ്ധനായി അവിടെ ഉണ്ടാകുമെങ്കില്‍ ആ വേദി അവിടെ ഉണ്ടാകണമെന്നേ അഭിപ്രായമുള്ളൂ. അതവിടെ പ്രസക്തവുമാണ്.
ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലക്ക് എന്തങ്കിലുമൊക്കെ ക്രിയേറ്റ് ചെയ്യാന്‍ ഇഷ്ട്‌പ്പെടുന്ന വ്യക്തിയാണ്. സിനിമയെ അത്തരത്തില്‍ മനുഷ്യന് ക്രിയേറ്റ് ചെയ്യാന്‍ പറ്റിയ ഒരു പവര്‍ഫുള്ളായ മീഡിയമായാണ് കാണുന്നത്. വളരെ ഇടുങ്ങിയ ഒരു മനസുമായി ഒരിക്കലും ഒരാള്‍ക്കും കലാകാരനായിരിക്കുക സാധ്യമല്ല. അവനവന്റെ കണ്ണുകളെ ആദ്യം തുറക്കേണ്ടി വരും, കൈകളെ സ്വതന്ത്രമാക്കേണ്ടി വരും. ഭൂരിഭാഗം ആളുകളും ഇത്തരത്തില്‍ ഒന്നുകില്‍ തുറക്കാനാഗ്രഹിക്കുന്നവരും അല്ലെങ്കില്‍ തുറന്നവരുമായിരിക്കും. അവരുടെ ഒരു കൂട്ടായ്മയാണ് ഈ വേദി. കല ഒരു സ്വാതന്ത്ര പ്രഖ്യാപനമാണ്.
എത്രത്തോളം വൈവിദ്യങ്ങളോടെ സിനിമ കാണാന്‍ കഴിയുമോ അത്രത്തോളം മനോഹരമാകും സിനിമ ആസ്വാദനം. സിനിമയെക്കുറിച്ച് വിജ്ഞാനം ഉള്ളവരും ഇല്ലാത്തവരും ക്രിറ്റിക്കലി സമീപിക്കുന്നവരും ഏസ്‌തെറ്റിക്കലി സമീപിക്കുന്നവരും തുടങ്ങി കാഴ്ച്ചക്കാരുടെ കാഴ്ച്ചപ്പാടുകള്‍ എത്രത്തോളം വ്യത്യസ്തമാകുന്നുവോ കാഴ്ച്ചയും അത്രതന്നെ മികവുറ്റതാകും. അതിനാല്‍ തന്നെ കാഴ്ച്ചക്കാരനെ ജഡ്ജ് ചെയ്യുന്ന പ്രവണത നല്ലതായി തോന്നുന്നില്ല.