മാധ്യമ പ്രവര്‍ത്തനം സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാകുന്നുണ്ടെന്ന തിരിച്ചറിവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം - എം.വി വിനീത
ജനപക്ഷത്ത് നിന്നുകൊണ്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ അക്രമാഹ്വാനമാകുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ല. ചോദ്യം ചോദിക്കാന്‍ പോലും ഭയപ്പെടുന്ന ഒരു സാഹചര്യം പൊതുവില്‍ കേരളത്തിലുണ്ടായിട്ടുണ്ട്. ജനാധിപത്യത്തിലെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് നേരെ ഒരു സംഘടിത ആക്രമണം ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി വിനീത സംസാരിക്കുന്നു. അഭിമുഖം: റഹുമത്ത് എസ്
കോളജ് കാലഘട്ടത്തില്‍ രാഷ്ടിയത്തില്‍ സജീവമായിരുന്നു. പിന്നീട് ജേര്‍ണലിസത്തിലേക്കുള്ള വരവ് എങ്ങനെയായിരുന്നു?
കോളജ് പഠനകാലത്ത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എസ്.യുവില്‍ സജീവമായിരുന്നു. തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലായിരുന്നു ഡിഗ്രി-പി.ജി പഠനം. ഇംഗ്ലീഷ് അസോസിയേഷന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ ഇക്കാലയളവില്‍ അവസരം ലഭിച്ചു. സാമൂഹികമായ കാഴ്ച്ചപ്പാടുകള്‍ വിശാലമാക്കുന്നതില്‍ വിദ്യാര്‍ഥി കാലഘട്ടം ഏറെ സഹായിച്ചിട്ടുണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ നാം എന്തായിരിക്കണമെന്നും നമ്മിലേക്ക് ചുരുങ്ങിയല്ല ജീവിക്കേണ്ടതെന്നുമുള്ള കാഴ്ച്ചപ്പാടുകള്‍ ജീവിതത്തിലേക്ക് കൂടെ കൂട്ടിയത് വിദ്യാര്‍ഥി കാലഘട്ടത്തിലാണ്. ഒരുപക്ഷേ കേരളവര്‍മ്മയില്‍ പഠിക്കാന്‍ അവസരം കിട്ടിയത് തന്നെയായിരിക്കണം വിശാലമായ കാഴ്ച്ചപ്പാടോടു കൂടി ലോകത്തെ സമീപിക്കാന്‍ സഹായകമായതും. പഠനശേഷം എന്ത് എന്ന ചോദ്യത്തിന് സമൂഹവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന എന്തെങ്കിലുമായിരിക്കണം എന്നു തന്നെയായിരുന്നു മനസ്സ് നല്‍കിയ ഉത്തരം. രാഷ്ട്രീയമായ കാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തിയെക്കുന്നതില്‍ വലിയ പങ്ക് വായനക്ക് ഉണ്ട്. അത് പത്രമായാലും മറ്റ് പുസ്തകങ്ങളായാലും. അതിന്റെ തുടര്‍ച്ച തന്നെയായിരുന്നു മാധ്യമപ്രവര്‍ത്തനം ഒരു തൊഴില്‍ ആയി സ്വീകരിക്കുന്നതിലേക്ക് എത്തിച്ചതും. ബിരുദാനനന്തര ബിരുദത്തിന് ശേഷം കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് കമ്മ്യുണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ പി.ജി ഡിപ്ലോമക്ക് ജോയിന്‍ ചെയ്തു. പഠനശേഷം 2008 ല്‍ വീക്ഷണം ദിനപത്രത്തില്‍ കൊച്ചിയില്‍ ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ വീക്ഷണം തൃശൂര്‍ ബ്യൂറോയില്‍ സീനിയര്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിക്കുന്നു.
ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ സ്വന്തം രാഷ്ട്രീയം എപ്പോഴെങ്കിലും വിലങ്ങുതടിയായിട്ടുണ്ടോ?
കുട്ടിക്കാലം മുതല്‍ക്കുള്ള വായനയാണ് എന്നില്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലുള്ള വിശ്വാസം രൂപപ്പെടുത്തിയെടുക്കുന്നത്. മാധ്യമപ്രവര്‍ത്തകയാണ് എന്നതു കൊണ്ട് രാഷ്ട്രീയവിശ്വാസം വേണ്ടതില്ല, രാഷ്ട്രീയ വിശ്വാസം തെറ്റാണ് എന്ന അഭിപ്രായം ഒട്ടുമില്ല. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിച്ചതാണ്. രാഷ്ട്രത്തെക്കുറിച്ചുള്ള കണ്‍സേണ്‍ തന്നെയാണ് എന്നിലെ മാധ്യമപ്രവര്‍ത്തകയെ രൂപപ്പെടുത്തിയിട്ടുള്ളതും. കക്ഷിരാഷ്ട്രീയത്തില്‍ വിശ്വസിക്കുമ്പോഴും അന്ധമായ രാഷ്ട്രീയത്തിന്റെ അടിമയല്ല എന്ന തിരിച്ചറിവാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനം തെറ്റ് ചെയ്താല്‍ തെറ്റാണെന്ന് പറയാനും ശരി ചെയ്താല്‍ ആ ശരിക്കൊപ്പം നില്‍ക്കാനുമുള്ള സ്വാതന്ത്ര്യമാണ് ഞാന്‍ എനിക്ക് തന്നെ നല്‍കുന്നത്. അതുകൊണ്ട് തന്നെ എന്റെ രാഷ്ട്രീയകാഴ്ച്ചപ്പാട് എനിക്കൊരു വിലങ്ങുതടിയായിട്ടില്ല. പക്ഷേ, അതേസമയം ഒരു പ്രത്യേക രാഷ്ട്രീയത്തിലേയ്ക്ക് എന്നെ ബ്രാന്‍ഡ് ചെയ്യണമെന്ന നിര്‍ബന്ധമുള്ളവരുമുണ്ട്. അത് അവരുടെ മാത്രം പ്രശ്നമായിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. എന്റെ രാഷ്ട്രീയത്തിന്റെ പേരില്‍ എന്റെ അഭിപ്രായങ്ങള്‍ ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് അവരുടെ സങ്കുചിത താല്‍പര്യമായിട്ട് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവ് എന്ന നിലയില്‍?
2015ലാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കുന്നത്. അന്ന് തൃശൂര്‍ ഘടകത്തില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2017ല്‍ സെക്രട്ടറിയായി മത്സരിച്ച് ജയിച്ചു. 2019ല്‍ വീണ്ടും എതിരില്ലാതെയും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പത്രപ്രവര്‍ത്തക യൂണിയന്‍ എല്ലാ രാഷ്ട്രീയ കാഴ്ചപ്പാടുകളും വെച്ചുപുലര്‍ത്തുന്ന അംഗങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. അതുകൊണ്ടു തന്നെ പത്രപ്രവര്‍ത്തക യൂണിയന്റെ രാഷ്ട്രീയം എന്നത് മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ വ്യക്തിപരമായ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് യൂണിയനില്‍ സ്ഥാനമില്ല. മാധ്യമപ്രവര്‍ത്തകരുടെ ക്ഷേമവും അവര്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവും മാധ്യമപ്രവര്‍ത്തന മേഖലയില്‍ ആവശ്യമായ ഇടപെടലുകളും മാത്രമായിരിക്കണം യൂണിയന്റെ രാഷ്ട്രീയം. സെക്രട്ടറിയായി പ്രവര്‍ത്തിച്ച അഞ്ച് വര്‍ഷക്കാലവും ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്. അതിന്റെയൊക്കെ തുടര്‍ച്ചയായിട്ടായിരിക്കണം 2022ല്‍ യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം ലഭിക്കുന്നതും 65 വര്‍ഷത്തെ യൂണിയന്‍ ചരിത്രത്തിലെ ആദ്യവനിതാ പ്രസിഡന്റ് എന്ന അപൂര്‍വ്വതയിലേക്ക് എത്താന്‍ കഴിഞ്ഞതും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ ഒരിക്കലും യൂണിയന്‍ എന്താകണമോ അതിന് തടസ്സമായിട്ടില്ല.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിസിഡന്റാണല്ലോ, ഇത് കേരളത്തിലെ വനിത മാധ്യമ പ്രവര്‍ത്തകര്‍ക്ക് എത്രമാത്രം ഊര്‍ജം നല്‍കും. നേതൃത്വം ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളി നേരിടുന്നുണ്ടോ?
വനിതയാണ് എന്നതുകൊണ്ട് ഒരു വെല്ലുവിളിയും നേരിടുന്നില്ല. യൂണിയന്‍ പൊതുവായി നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് പ്രസിഡന്റ് എന്ന നിലയില്‍ എന്റെ ചുമതല. അതിനായുള്ള കൃത്യതയാര്‍ന്ന ഇടപെടലുകള്‍ നടത്തുന്നതിലാണ് ശ്രദ്ധ. അതിന് എല്ലാവരുടേയും പൂര്‍ണ്ണ സഹകരണം ലഭിക്കുന്നുണ്ട്. ആറര പതിറ്റാണ്ടിന്റെ യൂണിയന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത അതിനെ നയിക്കാന്‍ നിയോഗിക്കപ്പെടുന്നു എന്നത് തീര്‍ച്ചയായും വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നല്‍കും. ഒന്നും ബാലികേറാമലയല്ല എന്നത് തന്നെയാണ് ഇത് നല്‍കുന്ന സന്ദേശം. മാധ്യമപ്രവര്‍ത്തന മേഖലയില്‍ കാര്യമായ മാറ്റങ്ങള്‍ ഇക്കാലയളവില്‍ സംഭവിച്ചിട്ടുണ്ട്. ആദ്യകാലത്ത് വിരലിലെണ്ണാവുന്ന മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് കേരളത്തില്‍ വനിതകളായി ഉണ്ടായിരുന്നത്. അതില്‍ നിന്നും വലിയ മുന്നേറ്റം ഇന്ന് സംഭവിച്ചിട്ടുണ്ട്. യൂണിയനിലും അതിന്റെ മാറ്റങ്ങള്‍ പ്രകടമാണ്. 2017ല്‍ ഞാന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്ന അതേസമയത്ത് തന്നെയാണ് വയനാട്ടിലും ഒരു വനിത സെക്രട്ടറിയാകുന്നത്; ദേശാഭിമാനിയിലെ ഷീജ. ഞങ്ങള്‍ തന്നെയാണ് യൂണിയന്റെ അതേ വരെയുള്ള ചരിത്രത്തിലെ ആദ്യ വനിതാ സെക്രട്ടറിമാര്‍. സംവരണത്തിന്റെ അടിസ്ഥാനത്തിലല്ല ഈ തിരഞ്ഞെടുപ്പ് എന്നതാണ് അതിന്റെ പ്രത്യേകത. പിന്നീടുള്ള തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിച്ചു.
തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറിയായി ഈ ടേമില്‍ തിരഞ്ഞെടുക്കപ്പെട്ടത് കൈരളിയിലെ അനുപമയാണ്. തൃശൂര്‍ ഘടകത്തിന് ആദ്യത്തെ വനിതാ പ്രസിഡന്റിനെ ലഭിക്കുന്നതും ഇതേ ടേമിലാണ്. മാതൃഭൂമിയിലെ ഒ. രാധിക, സംസ്ഥാന ഭാരവാഹികളില്‍ ഞാന്‍ ഉള്‍പ്പെടെ നാല് വനിതകള്‍. ആകെയുള്ള എട്ട് ഭാരവാഹികളില്‍ നാല് വനിതകള്‍ എന്നത് ചെറിയ കാര്യമല്ല. അതിന് പുറമേയാണ് സംസ്ഥാന കമ്മിറ്റിയിലെ വനിതകളുടെ സാന്നിധ്യം. 2017 ലാണ് മീഡിയ വണ്ണിലെ സോഫിയ ബിന്ദ് സംവരണത്തിലൂടെയല്ലാതെ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇതെല്ലാം ആശാവഹമായ മാറ്റങ്ങളാണ്. കൂടുതല്‍ മാറ്റങ്ങള്‍ വരും നാളുകളില്‍ ഉണ്ടാകുമെന്നതിന്റെ സൂചന തന്നെയാണ് ഇത്. പുരുഷകേന്ദ്രീകൃതമായിരുന്ന നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് മാധ്യമ ലോകവും. അവിടെ പുരുഷന്‍ തന്നെയായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അതില്‍ നിന്നും വ്യത്യസ്തമായി തീരുമാനം എടുക്കാന്‍ കഴിയുന്ന ഒരു പദവിയിലേക്ക് വനിതകള്‍ എത്തുക എന്നത് അത്യന്തം ഊര്‍ജം പകരുന്ന കാര്യം തന്നെയാണ്.
വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ?
25 വര്‍ഷം മുന്‍പ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ എന്ന് പറയാന്‍ വളരെ കുറച്ച് പേര്‍ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ. ഇന്ന് അതല്ല സ്ഥിതി. പക്ഷേ, തൊഴിലിടത്തിലെ സൗകര്യങ്ങളോ കാഴ്ച്ചപ്പാടുകളോ അതിനനുസരിച്ച് മാറിയോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെയാണ് ഉത്തരം. ഒട്ടേറെ പ്രശ്നങ്ങളാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്നത്. ബീറ്റ് നിശ്ചയിക്കുന്നത് മുതല്‍ ആ വ്യത്യാസങ്ങള്‍ തുടങ്ങുന്നു. പലപ്പോഴും ഫീല്‍ഡ് ഔട്ട് ആകല്‍ പതിവാണ്. പലരും ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരുടെ എണ്ണം കൂടുമ്പോഴും തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്ന പദവിയിലേയ്ക്ക് എത്ര വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞു എന്ന് പരിശോധിച്ചാല്‍ അറിയാം ഈ മേഖലയില്‍ വനിതകള്‍ നേരിടുന്ന വിവേചനം. കഴിവ് കുറഞ്ഞതിന്റെ പേരിലല്ല ഇത്തരം വിവേചനങ്ങള്‍ എന്നും നമുക്കറിയാം. ഇത്തരം സമീപനങ്ങളിലും ചില മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നത് ആശാവഹമാണ്. സമയബന്ധിതമല്ലാത്ത ജോലിയാണ് മാധ്യമപ്രവര്‍ത്തനം എന്നതും വനിതകള്‍ക്ക് വെല്ലുവിളിയാണ്. കുടുംബം എന്ന സംവിധാനത്തിനൊപ്പമാണ് ഭൂരിഭാഗം വനിതാ മാധ്യമപ്രവര്‍ത്തകരും ജോലിയും ചെയ്യുന്നത്. പലപ്പോഴും വിവാഹ ശേഷം കുട്ടികള്‍ ആകുമ്പോള്‍ ജോലിയുടെ സമയക്രമം പാലിക്കാന്‍ കഴിയാതെ ജോലി ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. ഒരു ഘട്ടം കഴിഞ്ഞ് തിരികെ വരുമ്പോള്‍ ജോലി ലഭിക്കാത്ത അവസ്ഥയുമുണ്ട്. ചില സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോഴും രാത്രി കാലങ്ങളില്‍ ജോലി കഴിഞ്ഞ് പോകാനുള്ള വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങളില്‍ അഭ്യന്തര പരാതി പരിഹാര സെല്ലുകളുണ്ട്. പക്ഷെ, ഈ സെല്ലുകള്‍ എത്രത്തോളം ഫലപ്രദമാണ് എന്നുള്ള കാര്യത്തില്‍ ആശങ്കയുണ്ട്. പലപ്പോഴും സെല്ലുകളില്‍ പോലും പല താല്‍പര്യങ്ങളാണ് കാര്യങ്ങളെ നിയന്ത്രിക്കുന്നത്. ഇത്തരം സെല്ലുകള്‍ നിയന്ത്രിക്കുന്നത് മാനേജ്‌മെന്റ് തന്നെ ആയിരിക്കും. ഇത് പരാതികള്‍ പറയുന്നതില്‍ പുറകോട്ടടിക്കുന്ന അവസ്ഥയുണ്ടാക്കുന്നുണ്ട്.
നേരത്തെ സുഗതകുമാരി ടീച്ചര്‍ അധ്യക്ഷയായി ഒരു കമ്മിറ്റി വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വേണ്ടി നിയോഗിക്കപ്പെട്ടെങ്കിലും അതിന്റെ തുടര്‍ച്ച ഉണ്ടായിട്ടില്ല. വനിതാ കമീഷന്‍ ഇപ്പോള്‍ സജീവമായ ഇടപെടല്‍ ഈ മേഖലയില്‍ നടത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. 2022 നവംബറിലാണ് വനിതാ കമീഷന്‍ മുന്‍കൈയെടുത്ത് ഈ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ട്. യൂണിയനകത്ത് ഇന്റേണല്‍ കംപ്ലെയിന്റ്സ് കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യം നേരത്തെ മുതല്‍ ഉയര്‍ന്നിരുന്നതാണ്. അത് രൂപീകരിക്കും.
മാധ്യമപ്രവര്‍ത്തന ജീവിതത്തില്‍ ഏതെങ്കിലും വിധത്തിലുള്ള വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടോ?
കാര്യമായ വെല്ലുവിളികള്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ സ്വാഭാവികമായും, നമ്മളോടുള്ള മുഷിപ്പ് പലര്‍ക്കും ഉണ്ടാകാം. ഒരു വാര്‍ത്ത നമ്മള്‍ കൊടുക്കുന്നത് നല്ല ഉദ്ദേശത്തോടു കൂടിയാണ് കൊടുക്കുന്നത് എന്ന ബോധ്യമുള്ളടുത്തോളം കാലം നമ്മള്‍ക്കു നേരെ വരുന്ന എതിര്‍പ്പുകള്‍ ഒന്നും കാര്യമാക്കേണ്ടതില്ല. ചില വാര്‍ത്തകള്‍ നല്‍കുമ്പോള്‍ വാര്‍ത്ത കൊടുക്കണമായിരുന്നോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരും. നമ്മള്‍ കൊടുക്കുന്ന വാര്‍ത്തയുടെ ലക്ഷ്യം നല്ലതാണെങ്കില്‍ വരുന്ന എതിര്‍പ്പുകളെ ഒന്നും കാര്യമാക്കേണ്ടതില്ല.
ഏഷ്യാനെറ്റ് ന്യൂസിന് സംഭവിച്ചത് നമുക്കറിയാവുന്ന കാര്യമാണ്. ഈ വിഷയത്തില്‍ എന്താണ് യൂണിയന്‍ പ്രതികരണം. മാധ്യമ പ്രവര്‍ത്തനത്തിലെ ധാര്‍മികത കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാലമാണല്ലോ ഇത്. ഇതെക്കുറിച്ച് എന്താണ് പ്രതികരണം?
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ ഒരു വിദ്യാര്‍ഥി സംഘടന നടത്തിയ അതിക്രമത്തിലാണ് യൂണിയന്‍ ഈ വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അത് തൊഴിലാളി യൂണിയന്‍ എന്ന നിലയില്‍ യൂണിയന്റെ ഉത്തരവാദിത്തമാണ്. വിവാദമായ വാര്‍ത്തയുമായി ബന്ധപ്പെട്ടുയരുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ സാധിക്കുക ഏഷ്യാനെറ്റ് എന്ന സ്ഥാപനത്തിന് മാത്രമാണ്. അതിനാല്‍ അക്കാര്യത്തില്‍ ഒരു അഭിപ്രായം രേഖപ്പെടുത്താന്‍ പത്രപ്രവര്‍ത്തക യൂണിയന് നിലവില്‍ സാധ്യമല്ല.
പൊതുവായി പറഞ്ഞാല്‍ സമീപ കാലത്തായി മാധ്യമ പ്രവര്‍ത്തനത്തിന് ഒരു ഇടര്‍ച്ച സംഭവിച്ചിട്ടുണ്ട്. മൂല്യച്യുതി ഈ മേഖലയില്‍ സംഭവിക്കുന്നു എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. മാധ്യമങ്ങള്‍ കാലങ്ങളായി നടത്താറുള്ളത് സ്വയം നിയന്ത്രണമാണ്. ഇന്ന് കാലം മാറി. വാര്‍ത്തകളില്‍ ചിലപ്പൊഴൊക്കെ താല്‍പര്യങ്ങള്‍ കടന്നുവരാന്‍ തുടങ്ങി. അത് ആശാസ്യകരമല്ല. പുറത്തുള്ള ഒരു സമൂഹം നമ്മളെ ഓഡിറ്റ് ചെയ്യുന്നുണ്ട് എന്ന തിരിച്ചറിവ് ഓരോ വാര്‍ത്തയെ സമീപിക്കുമ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകണം. ഇത് നവമാധ്യമങ്ങളുടെ കാലം കൂടിയാണ്. അവിടെ ഓഡിറ്റിംഗ് മാത്രമല്ല, വിചാരണ കൂടിയാണ് നടക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനങ്ങള്‍ക്കോ ചോദ്യം ചെയ്യലുകള്‍ക്കോ അതീതരാണ് എന്ന് കരുതേണ്ടതില്ല. പിഴവുകള്‍ അടച്ചുള്ള മാധ്യമപ്രവര്‍ത്തനം നമ്മള്‍ ശീലമാക്കേണ്ടതുണ്ട്. വാര്‍ത്തകള്‍ വസ്തുനിഷ്ഠമാകണം. അവിടെ വ്യക്തിതാത്പര്യങ്ങളോ മുന്‍വിധികളോ കടന്നുവരാന്‍ പാടില്ല. നാം നല്‍കിയ ഏതൊരു വാര്‍ത്തയുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം നമുക്കാണെന്നു തിരിച്ചറിവുണ്ടാകണം.
ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ സ്വന്തം അഭിപ്രായം സോഷ്യല്‍ മീഡിയ വഴി രേഖപ്പെടുത്തുമ്പോള്‍ ഏതെങ്കിലും തരത്തില്‍ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടോ?
ഒരുപാട് വന്നിട്ടുണ്ട്. ഫേസ്ബുക്കില്‍ സജീവമായി അഭിപ്രായങ്ങള്‍ തുറന്ന് എഴുതാറുള്ള ഒരാളാണ് ഞാന്‍. പക്ഷെ, യൂണിയന്‍ പ്രസിഡന്റ് ആയതിന് ശേഷം കുറച്ചൊക്കെ നിയന്ത്രണങ്ങള്‍ ഞാന്‍ തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാലും ചിലതൊക്കെ കാണുമ്പോള്‍ പറയാതിരിക്കാനും പറ്റില്ല. ആരും വിമര്‍ശനങ്ങള്‍ക്ക് അതീതരല്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും സഭ്യമായ രീതിയില്‍ വിമര്‍ശിക്കുക എന്നത് മാത്രമാണ് വിമര്‍ശകരോട് പറയാനുള്ളൂ. മാന്യമായ വാക്കുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് വിമര്‍ശനത്തിന്റെ മൂര്‍ച്ച കുറയില്ലല്ലോ.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇന്നത്തെ കാലത് എത്രമാത്രം സാധ്യമാണ്?
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ പോലും സാധ്യമല്ലാത്ത അവസ്ഥയിലാണുള്ളത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏഷ്യാനെറ്റില്‍ ന്യൂസ് അവര്‍ ചര്‍ച്ചയിലെ ഒരു പരാമര്‍ശവുമായി ബന്ധപ്പെട്ട് വിനു വി. ജോണിനെതിരെ ഉണ്ടായ പൊലീസ് കേസ്. ജനപക്ഷത്ത് നിന്നുകൊണ്ട് ചോദിക്കുന്ന ചോദ്യങ്ങള്‍ അക്രമാഹ്വാനമാകുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ല. ജനപക്ഷത്തു നിന്ന് കൊണ്ട് ചോദ്യം ചോദിക്കാന്‍ പോലും ഭയപ്പെടുന്ന ഒരു സാഹചര്യം പൊതുവില്‍ കേരളത്തിലുണ്ടായിട്ടുണ്ട്. കേരളം എല്ലായ്പ്പോഴും ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന നിലപാടുകള്‍ സ്വീകരിച്ച സംസ്ഥാനമാണ്. ജനാധിപത്യത്തിലെ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് നേരെ ഒരു സംഘടിത ആക്രമണം ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. മോശമായ പദപ്രയോഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്നുണ്ട്. ചാപ്പ കുത്തപ്പെടുന്ന ഒരു കാലത്ത് നിന്നാണ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തനം നടത്തേണ്ടി വരുന്നത്.
വനിതാ ദിനത്തില്‍ വനിതകളോട് പറയാനുള്ളത്?
നിങ്ങള്‍ നിങ്ങളെ വനിത എന്ന ഒരു വാക്കിലേക്ക് ചുരുക്കരുത് എന്ന് തന്നെയാണ് പറയാനുള്ളത്. ഒരു വ്യക്തിയായി മാത്രം സ്വയം കാണാന്‍ ശ്രമിക്കുക. ഒരു വ്യക്തിക്ക് എന്ത് ചെയ്യാന്‍ കഴിയുമോ അത് ചെയ്യാന്‍ ശ്രമിക്കുക. അതില്‍ സ്ത്രീ എന്നോ പുരുഷനെന്നോ ഉള്ള കാറ്റഗറൈസേഷന്റെ ആവശ്യമുണ്ട് എന്ന് തോന്നിയിട്ടില്ല. എന്ത് ചെയ്യാന്‍ തോന്നുന്നോ അത് ചെയ്യുക, അതില്‍ ആനന്ദം കണ്ടെത്തുക.