Quantcast
MediaOne Logo

സിയാന അലി

Published: 17 July 2024 6:01 AM GMT

'ഏറ്റവും പ്രിയപ്പെട്ട എന്നോട്' വായിച്ച പല ആണ്‍കുട്ടികളും 'അതിഥി' എന്റെ ഫീമെയില്‍ വേര്‍ഷന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട് - നിമ്‌ന വിജയ്

ഒരാള്‍ക്ക് തന്നെത്തന്നെ സ്‌നേഹിക്കാന്‍ കഴിയാതെ മറ്റൊരാളെ സ്‌നേഹിക്കാന്‍ കഴിയില്ല. സ്വയം സ്‌നേഹിക്കാനും സ്വീകരിക്കാനുമൊക്കെ മറന്നുപോവുന്ന ഒരു സമൂഹമാണ് നമ്മുടേത്. അങ്ങനെ ഒരു സമൂഹമായി നമ്മള്‍ മാറിയത് കൊണ്ടാണ് 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന പുസ്തകത്തിന് ആളുകള്‍ക്കിടയില്‍ ഇത്ര സ്വീകാര്യത ലഭിച്ചതെന്ന് എഴുത്തുകാരി. പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളും ബെസ്റ്റ് സെല്ലര്‍ ആയി മാറിയ, യുവ നോവലിസ്റ്റ് നിമ്‌ന വിജയ് എഴുത്തു വഴികളെകുറിച്ച് സംസാരിക്കുന്നു. | അഭിമുഖം: നിമ്‌ന വിജയ്/സിയാന അലി

ഏറ്റവും പ്രിയപ്പെട്ട എന്നോട് വായിച്ച പല ആണ്‍കുട്ടികളും അതിഥി എന്റെ ഫീമെയില്‍ വേര്‍ഷന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട് - നിമ്‌ന വിജയ്
X

'ഏറ്റവും പ്രിയപ്പെട്ട എന്നോട്' നോവലിന്റെ പിറവി?

2022 ലാണ് ഞാന്‍ ഏറ്റവും പ്രിയപ്പെട്ട എന്നോട് എഴുതി തുടങ്ങുന്നത്. ഒരു വര്‍ഷമെടുത്തു എഴുതി തീര്‍ക്കാന്‍. യഥാര്‍ഥത്തില്‍, ഈ വിഷയത്തിലേക്ക് വന്നത് എങ്ങനെയെന്നാല്‍, നമ്മള്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കുന്നുണ്ട് മലയാളത്തില്‍. പക്ഷെ, എല്ലാം കഴിഞ്ഞു പോയ കഥകള്‍, അല്ലെങ്കില്‍ നമ്മള്‍ക്ക് ഒട്ടും പരിചിതമല്ലാത്ത ചുറ്റുപാടിലുള്ള കുറെ കഥകളൊക്കെയാണ്. നമ്മള്‍ ജീവിക്കുന്ന ജീവിതം കൂടി അടയാളപ്പെടുത്തുക, അല്ലെങ്കില്‍ ഇപ്പോഴത്തെ സമൂഹത്തിനുകൂടെ റെലെവന്റ് ആവുന്ന രീതിലുള്ള കഥ പറയുക എന്നുള്ള ആഗ്രഹം ആയിരുന്നു ഈ പുസ്തകത്തിന്റെ പിറവിക്കു പിന്നില്‍. ഞാന്‍ വിചാരിക്കുന്ന ഒരു കാര്യം, ഒരു പുസ്തകം വായിച്ചു തീര്‍ന്നു കഴിഞ്ഞാല്‍ അതില്‍ നിന്ന് നമുക്ക് ജീവിതത്തിലേക്ക് എടുക്കാന്‍ പറ്റുന്നതായി എന്തെങ്കിലും കിട്ടണം എന്നതാണ്. അങ്ങനെയാണ് ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന ആശയത്തിലേക്ക് വരുന്നത്. ഈ പുസ്തകത്തില്‍ സെല്‍ഫ് ലവ് എന്നൊരു കോണ്‍സെപ്റ്റ് എഴുതി, മോട്ടിവേഷന്‍ ബുക്ക് ആയിട്ട് ഇറക്കി കഴിഞ്ഞാല്‍ അതിന് ഇംപാക്ട് ഉണ്ടാകില്ല എന്ന് തോന്നി.

എല്ലാവര്‍ക്കും അടിസ്ഥാനപരമായിട്ട് വേണ്ട ഒരു കാര്യമാണ് സ്വയം സ്‌നേഹിക്കുക എന്നത്. പക്ഷെ, നമ്മളുടെ സമൂഹം ആ കാര്യത്തില്‍ വളരെ പിന്നിലാണ്. നമുക്ക് ലോകത്ത് ഏറ്റവും വിശ്വാസം ഇല്ലാത്ത ഒരാള്‍ നമ്മള്‍ തന്നെയാണ്. നമ്മളെ സ്വയം സ്‌നേഹിക്കാനൊന്നും ആരും ചെറുപ്പം മുതലേ പഠിപ്പിക്കുന്നില്ല. സ്വയം സ്‌നേഹിക്കാനും സ്വീകരിക്കാനുമൊക്കെ മറന്നുപോവുന്ന ഒരു സമൂഹമാണ് നമ്മുടേത്. അങ്ങനെ ഒരു സമൂഹമായി നമ്മള്‍ മാറിയത് കൊണ്ടാണ് ഇപ്പോള്‍ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' പുസ്തകത്തിന് ആളുകള്‍ക്കിടയില്‍ ഇത്ര സ്വീകാര്യത ലഭിച്ചത്.

നമ്മള്‍ നമ്മുടെ ലൈഫില്‍ കണ്ട് ശീലിച്ച കുറേ കഥാപാത്രങ്ങളെ ഒരു സിനിമപോലെ കൊണ്ടുവന്ന്, ആ ഒരു കഥാപാത്രത്തിന്റെ യാത്രയിലൂടെ സെല്‍ഫ് ലവ് പറയുമ്പോള്‍ അതിന് വേറൊരു ഭംഗിയുണ്ടെന്നാണ് എനിക്ക് തോന്നിട്ടുള്ളത്. ആ രീതിയിലാണ് ഏറ്റവും പ്രിയപ്പെട്ട എന്നോട് എഴുതാന്‍ മുതിര്‍ന്നത്. പിന്നെ ഞാന്‍ അടക്കം ഈ ഒരു പ്രായം വിഭാഗക്കാരെ മുന്നില്‍ കണ്ടാണ് പുസ്തകം ഇറക്കിയിട്ടുള്ളത്. എല്ലാവരും വാങ്ങി വായിക്കും എന്നുള്ള പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഒരു പുസ്തകം പബ്ലിഷ് ചെയ്യുക എന്നതിനേക്കാളും എനിക്ക് ഈ സമൂഹത്തിനോട് പറയാനുള്ള കുറേ കാര്യങ്ങള്‍ എഴുതുന്ന രീതില്‍ പറയുക എന്നുള്ളതായിരുന്നു. അങ്ങനെ ഈ ഒരു സെല്‍ഫ് ലവിന് എത്രത്തോളം പ്രധാന്യമുണ്ടെന്ന് പറഞ്ഞു. നമ്മള്‍ ജനിക്കുമ്പോള്‍ തന്നെ നമുക്കുണ്ടാവേണ്ടതാണ് സെല്‍ഫ് ലവ്. പക്ഷെ, എന്തുകൊണ്ടോ നമ്മള്‍ അതിന് പരിശീലിക്കുന്നില്ല. മറ്റുള്ളവരെ സ്‌നേഹിക്കുക, മറ്റുള്ളവര്‍ക്ക് വേണ്ടി നിലനില്‍ക്കുക എന്നല്ലാതെ, നമ്മളെ സ്‌നേഹിക്കാന്‍ ആരും പഠിപ്പിക്കുന്നില്ല എന്നതുകൊണ്ട് അതിന്റെ പ്രാധാന്യം ആളുകള്‍ മനസ്സിലാക്കണം എന്ന ചിന്തയിലാണ് ഏറ്റവും പ്രിയപ്പെട്ട എന്നോട് എഴുതുന്നത്.

വായനയാണോ അനുഭവമാണോ എഴുത്തിനെ കൂടുതല്‍ സഹായിച്ചത്. എങ്ങനെയാണ് എഴുത്തിലേക്ക് വന്നത്?

കോഴിക്കോട് അത്തോളിയില്‍ ആലിന്‍ചോട് എന്ന സാധാരണ നാട്ടിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. ചെറുപ്പം മുതലേ ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു. എനിക്ക് ആരോടും പറയാന്‍ പറ്റാത്ത കാര്യങ്ങള്‍, എന്നെ കേള്‍ക്കാന്‍ ആരും ഇല്ലാതിരുന്ന സമയത്ത് കേള്‍വിക്കാരി ആയിട്ട് ഉണ്ടായിരുന്നത് എന്റെ ഡയറി തന്നെയായിരുന്നു. ഞാന്‍ പുസ്തകത്തില്‍ എഴുതിയിട്ടുള്ള ചില കാര്യങ്ങള്‍ പണ്ടൊക്കെ ഞാന്‍ ഡയറിയില്‍ എഴുതിയതാണ്. ആ ഡയറി എഴുത്താണ് എന്നെ എഴുത്തുകാരിയാക്കിയത്. നാലാം ക്ലാസ്സ് മുതല്‍ ഞാന്‍ വായിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ ആളുകളെ പരിചയപ്പെട്ടിട്ടുള്ളത്, അല്ലെങ്കില്‍ ലോകം കണ്ടിട്ടുള്ളത് പുസ്തകങ്ങളിലൂടെയാണ്. എന്റെ ആദ്യത്തെ 'നനയുവാന്‍ ഞാന്‍ കടലാവുന്നു' എന്ന പുസ്തകത്തില്‍ എഴുതിയിട്ടുള്ള കുറേ കഥകള്‍ നാടുമായിട്ട് ബന്ധപ്പെട്ടിട്ടുള്ളതാണ്. നാട് എല്ലാ രീതിലും എഴുത്തിനെ സഹായിച്ചിട്ടുണ്ട്. ജേണലിസമാണ് എന്റെ പ്രൊഫഷന്‍. അതെന്റെ എഴുത്തിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പ്രൊഫഷന്റെ ഭാഗമായിട്ട് നാട്ടില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ഞാന്‍ കണ്ടിട്ടുള്ള കുറേ ആളുകള്‍, അവിടുന്ന് ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍. നമ്മള്‍ ഓരോ ആളുകളെ പരിചയപ്പെടുമ്പോഴും അവരുടെ ജീവിതം അടുത്ത് അറിയുമ്പോഴും നമ്മുടെ ചിന്തകള്‍ക്കൊക്കെ മാറ്റം വരും. ഞാന്‍ നാട്ടിലാണ് നിന്നിരുന്നതെങ്കില്‍ എനിക്കിത്ര ബോള്‍ഡ് ആയിട്ട് എഴുതാന്‍ കഴിയുമോയെന്ന് സംശയമാണ്. എന്റെ ചിന്താഗതി എഴുത്തിനെ കുറേ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. ഒരുപാട് നല്ല മനുഷ്യരുടെ അടുത്ത് നിന്ന് കിട്ടിയിട്ടുള്ള കഥകളൊക്കെയും എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ട്.

സ്വയം സ്‌നേഹിക്കുക എന്നാല്‍ സ്വാര്‍ഥതയാണെന്നും വിലയിരുത്തില്ലേ? സെല്‍ഫ് ലവ്‌നെ കുറിച്ച്?

സ്വയം സ്‌നേഹിക്കുക എന്നാല്‍ ഒരിക്കലും സ്വാര്‍ഥതയല്ല. സെല്‍ഫ് ലവ് എന്ന് പറഞ്ഞാല്‍ എനിക്ക് നിന്നെ ഇഷ്ടമാണ്, പക്ഷെ എന്നെ അത് വേദനിപ്പിക്കുന്നിടത്തോളം കാലം എനിക്കത് സ്വീകരിക്കേണ്ട, എനിക്ക് ആ ഇഷ്ടം വേണ്ട എന്ന് വെക്കാനുള്ള ധൈര്യമാണ്. ഒരാള്‍ക്ക് തന്നെത്തന്നെ സ്‌നേഹിക്കാന്‍ കഴിയാതെ, തന്നില്‍ തന്നെ കംപ്ലീറ്റ് ആവാന്‍ കഴിയാതെ മറ്റൊരാളെ സ്‌നേഹിക്കാന്‍ കഴിയില്ല. എന്തുകൊണ്ടാണ് ബ്രേക്കപ്പ് വരുമ്പോള്‍ ആളുകള്‍ ഉടഞ്ഞു പോകുന്നത്? ആളുകള്‍ ജീവിക്കാന്‍ ഇത്ര പ്രയാസപ്പെടുന്നതിന് കാരണം അവര്‍ അവരുടെ ഉള്ളില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ്. സ്വയം ടേക്ക്‌കെയര്‍ ചെയ്യുക, നമ്മളെ ഹാപ്പി ആയിട്ട് വെക്കുക എന്നുള്ളത് നമ്മുടെ ഉത്തരവാദിത്തമാണ്.

ഒരാള്‍ ഇഷ്ടപ്പെടേണ്ടത് അവരെ തന്നെയാണ് എന്നുള്ളതാണ് പറയാന്‍ ശ്രമിച്ചത്. സെല്‍ഫ് ലവ് ഒരിക്കലും ദോഷമായി ബാധിക്കുന്നില്ല. സെല്‍ഫ് ലവ് ഒരു വ്യക്തിയെ നന്നാക്കുകയാണ്, അതിലൂടെ അവരുടെ ചുറ്റുപാടുകള്‍ കൂടെ അടിപൊളിയാകും. എല്ലാവര്‍ക്കും അടിസ്ഥാനപരമായി വേണ്ട ഒരു കാര്യമാണ് സ്വയം സ്‌നേഹിക്കുക എന്നത്. പക്ഷെ, നമ്മളുടെ സമൂഹം ആ കാര്യത്തില്‍ വളരെ പിന്നിലാണ്. നമുക്ക് ലോകത്ത് ഏറ്റവും വിശ്വാസം ഇല്ലാത്ത ഒരാള്‍ നമ്മളെ തന്നെയാണ്. നമ്മളെ സ്വയം സ്‌നേഹിക്കാനൊന്നും ആരും ചെറുപ്പം മുതലേ പഠിപ്പിക്കുന്നില്ല. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുക, അവരുടെ കാര്യങ്ങള്‍ നോക്കുക. സ്വയം സ്‌നേഹിക്കാനും സ്വീകരിക്കാനുമൊക്കെ മറന്ന് പോവുന്ന ഒരു സമൂഹമാണ് നമ്മുടേത്. എനിക്ക് തോന്നുന്നു അങ്ങനെ ഒരു സമൂഹമായി നമ്മള്‍ മാറിയത് കൊണ്ടാണ് ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട എന്നോട് എന്ന പുസ്തകത്തിന് ആളുകള്‍ക്കിടയില്‍ ഇത്ര സ്വീകാര്യത ലഭിച്ചത്. യുവതലമുറയിലുള്ളവര്‍ മാത്രമല്ല, പ്രായമായ സ്ത്രീകളടക്കം വന്നിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ ഇപ്പോഴും 'അതിഥി'യിലേക്ക് എത്തിയിട്ടില്ല, ഇപ്പോഴും സ്വയം സ്‌നേഹിക്കാന്‍ ഞങ്ങള്‍ പഠിച്ചിട്ടില്ല, അങ്ങനെ പഠിച്ചിരുന്നേല്‍ എന്റെ ജീവിതം മാറുമായിരുന്നു എന്ന്.

യുവ എഴുത്തുകാരി എന്ന നിലയില്‍ പുസ്തകം പബ്ലിഷ് ചെയ്യുക എന്നത് കുറച്ചു ബുദ്ധിമുട്ടായിരിക്കുമല്ലോ. എങ്ങനെയായിരുന്നു ആ അനുഭവം?

കൊറോണ സമയത്താണ് 'നനയുവാന്‍ ഞാന്‍ കടലാവുന്നു' എന്ന ആദ്യ പുസ്തകം എഴുതുന്നത്. എഴുതിക്കഴിഞ്ഞ സമയത്ത് എനിക്ക് എങ്ങനെയാണ് പുസ്തകം പബ്ലിഷ് ചെയ്യുക എന്നതിനെകുറിച്ചുള്ള ഐഡിയ ഒന്നും ഉണ്ടായിരുന്നില്ല. തൃശൂരുള്ള 'ഒറ്റാല്‍'എന്ന പബ്ലിക്കേഷനില്‍ ഞാന്‍ കുറച്ചു പൈസ കൊടുത്തു. ആ പൈസയില്‍ അവര്‍ എനിക്ക് 250 കോപി അയച്ചു തന്നു. കോഴിക്കോട് പുസ്തകം എത്തിയ സമയത്ത് ഞാന്‍ എന്റെ ടു വീലറില്‍ പോയിട്ടാണ് പുസ്തകങ്ങള്‍ എടുത്തുകൊണ്ട് വന്നത്. ആ സമയത്ത് ഇന്‍സ്റ്റയില്‍ ഞാന്‍ ബുക്ക് വില്‍പന ചെയ്തിട്ടുണ്ട്. പ്രൊമോഷന്‍ പോലെ ഒന്നും ചെയ്തിട്ടില്ല. മാസത്തില്‍ 100 പുസ്തകങ്ങള്‍ വരെ അയച്ചിട്ടുണ്ട്. അത് കഴിഞാണ് എങ്ങനെ പുസ്തകം മാര്‍ക്കറ്റ് ചെയ്യാം എന്ന് ആലോചിച്ചത്. ബുക്ക് ഷോപ്പില്‍ കൊണ്ട് കൊടുത്തപ്പോള്‍ പുതിയ എഴുത്തുകാരിയായത് കൊണ്ട് ബുക്ക് എടുക്കില്ല എന്ന് പറഞ്ഞു നിരസിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ നോക്കുമ്പോ എല്ലാ ബുക്ക് ഷോപ്പിലും എന്റെ രണ്ട് പുസ്തകങ്ങളും ലഭ്യമാണ്. ഇപ്പോള്‍ എനിക്ക് തോന്നുന്നു, സമയം എല്ലാത്തിനും മറുപടി പറയും എന്ന്. യഥാര്‍ഥത്തില്‍ കുറച്ച് ബുദ്ധിമുട്ടായിരുന്നു. ഞാന്‍ എന്റെ സ്വപ്നത്തിലേക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളായിട്ടേ അതിനെ കണ്ടിട്ടുള്ളു. 'നനയുവാന്‍ ഞാന്‍ കടലാവുന്നു' എന്ന പുസ്തകം എനിക്ക് എന്നെത്തന്നെ കുറേ വിശ്വസിക്കാന്‍ സഹായിച്ചിട്ടുണ്ട്. നമ്മള്‍ എവിടുന്ന് വന്നതാണെങ്കിലും നമ്മുടെ സ്വപ്നങ്ങള്‍ക്കുവേണ്ടി അധ്വാനിച്ചു കഴിഞ്ഞാല്‍ അതിന് വിജയം ഉണ്ടാവും എന്ന് എന്നെ പഠിപ്പിച്ചത് എന്റെ ആദ്യ പുസ്തകമാണ്. ആദ്യ പുസ്തകം പബ്ലിഷ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചത് മുതല്‍, ഇപ്പോള്‍ 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന പുസ്തകം ഇരുപതിനായിരം കോപ്പികള്‍ അടിക്കുന്നത് വരെയുള്ള ആ ഒരു ദൂരം അത്രയും ബ്യൂട്ടിഫുള്‍ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

പുസ്തകം കൂടുതലും ഏറ്റെടുത്തത് യുവജനങ്ങളാണ്. പുതിയ തലമുറയ്ക്ക് വായനാശീലം ഇല്ല എന്ന് പറയുന്നവരുണ്ട്. അതിനെ എങ്ങനെയാണ് കാണുന്നത്?

പുതിയ ജനറേഷന്‍ വായന ഇല്ല എന്ന് പറയുന്നതിനോട് ഒട്ടും യോജിക്കാത്ത ആളാണ് ഞാന്‍. കാരണം, എന്റെ ചുറ്റുപാടും ഉള്ള ഒരുപാട് ആളുകളെ എനിക്കറിയാം. വളരെ ഹാര്‍ഡ് ആയിട്ട് വായിക്കുന്ന, എന്ത് പുസ്തകം ഇറങ്ങിയാലും അതിനെ കുറിച്ച് അപ്‌ഡേറ്റ് ആവുന്ന ആളുകള്‍ ഉണ്ട്. പുതിയ തലമുറയില്‍ വായന ഇല്ലെങ്കില്‍ ഇപ്പോള്‍ എന്റെ ബുക്കിന് ഇത്ര റീച്ച് കിട്ടില്ലായിരുന്നു.

പുസ്തകത്തിന്റെ പ്രചാരണത്തിന് സോഷ്യല്‍ മീഡിയ എത്രത്തോളം സഹായകമായി?

എന്നെ സംബന്ധിച്ചിടത്തോളം, റീല്‍സിലൂടെ അല്ലെങ്കില്‍ ഇന്‍സ്റ്റയിലൂടെ പുസ്തകം വില്‍ക്കുക എന്നത് വലിയ ഒരു മാര്‍ക്കറ്റിംഗ് ആയിട്ടൊന്നും അല്ല കണ്ടത്. എന്റെ ഒരു കോണ്‍സെപ്റ്റില്‍ എന്റെ ബുക്ക് ആളുകളിലേക്ക് എത്തുന്നില്ല. അപ്പോള്‍ എങ്ങനെ എന്റെ പുസ്തകത്തിന്റെ ഉള്ളടക്കം ആളുകളിലേക്ക് എത്തിക്കാം എന്ന് നോക്കിയപ്പോഴാണ് എനിക്ക് റീല്‍സിന്റെ ആശയം വരുന്നത്. ഞാന്‍ ക്രീയേറ്റീവ് ഒന്നും ആയിട്ടല്ല റീല്‍സ് ചെയ്തത്. ആദ്യത്തെ പുസ്തകത്തിന്റെ റീല്‍ തന്നെ വണ്‍ മില്യണ്‍ വ്യൂ ഉണ്ടായിരുന്നു. പിന്നീട് എനിക്ക് ഒരു ദിവസം അത്രക്കും ഓര്‍ഡര്‍ വരുകയാണ് ചെയ്തത്. അപ്പോള്‍ എനിക്ക് മനസിലായി ആളുകള്‍ ഉള്ളടക്കം കണ്ട് ഇഷ്ടപ്പെട്ട് വായിക്കും എന്നുള്ളത്. എനിക്ക് തോന്നുന്നു, പത്തു റീലുകളോളം ഞാന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെ അതിന് ശേഷം വായിച്ച ആളുകള്‍ തമ്മില്‍ ഷെയര്‍ ചെയ്തിട്ട് ഉണ്ടായ ഒരു ഉയര്‍ച്ചയാണ്. റീല്‍ ആളുകളിലേക്ക് പുസ്തകത്തെ എത്തിക്കാന്‍ സഹായിച്ചു. അതിന് ശേഷം ആളുകള്‍ തമ്മില്‍ സംസാരിച്ചിട്ടുള്ള സ്വാഭാവിക വളര്‍ച്ചയായിട്ടാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്.


ഈ ഒരു റീല്‍ വഴി ബുക്ക് മാര്‍ക്കറ്റ് ചെയാം എന്നുള്ളത് കടന്നുവരുന്ന എല്ലാം ഏഴുത്തുകാര്‍ക്കും പ്രയോഗിക്കാന്‍ പറ്റുന്ന ഒരു കാര്യമാണ്. എല്ലാ രീതിലും നമ്മള്‍ കാലം മാറുന്നതിനു അനുസരിച്ച് കാലത്തിനൊപ്പം നമ്മളും നടക്കുക എന്നുള്ള ഒന്നുണ്ടല്ലോ. പണ്ട് സിനിമ പ്രൊമോട്ട് ചെയ്തിരുന്നത് കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിലെ ചുമരുകളിലൂടെ ആയിരുന്നെങ്കില്‍ ഇന്ന് സോഷ്യല്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സിലൂടെ ഉള്‍പ്പെടെ പ്രൊമോഷന്‍ വര്‍ക്ക് നടത്തിയാണ്. അപ്പോള്‍ സാഹിത്യത്തിലേക്ക് വരുന്ന സമയത്ത് പുതിയ പ്രവണതയ്ക്ക് അനുസരിച്ച് സഞ്ചരിച്ചു. ആ രീതില്‍ പുസ്തകങ്ങള്‍ വില്‍ക്കാന്‍ നോക്കണം എന്നാണ് എനിക്ക് പറയാന്‍ ഉള്ളത്. പുതിയതായി വരുന്ന എഴുത്തുകാര്‍ക്ക് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുക വലിയ ബാധ്യതയാണ്. നിങ്ങളെ പുസ്തകം ഒരു പബ്ലിക്കേഷനും ഏറ്റെടുത്തില്ലെങ്കില്‍ പോലും വലിയ ഒരു പ്രേക്ഷകരിലേക്ക് പുസ്തകം നിങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിയും. പുതിയ കാല സാഹിത്യം എന്നത്, ചില ആളുകള്‍ക്ക് വേണ്ടി മാത്രം നീക്കി വെച്ചിരുന്ന ഒരു സ്ഥലത്ത് നിന്ന് എഴുതാന്‍ ഇഷ്ടമുള്ള എല്ലാവരും എഴുത്തുകാരവുന്നു എന്നുള്ളതാണ്. പുസ്തകം പരമ്പരാഗത രീതില്‍ മാത്രമേ വിറ്റു പോവുകയുള്ളൂ എന്നുള്ളത് മാറിയിട്ട്, നമുക്ക് കിട്ടാവുന്ന സാധ്യതകള്‍ എല്ലാം ഉപയോഗിക്കണം.

പുസ്തകം ആളുകള്‍ സ്വീകരിച്ചത് പോലെ തന്നെ വിമര്‍ശനങ്ങളും ഉണ്ടായിട്ടുണ്ടല്ലോ. വിമര്‍ശനങ്ങളെ എങ്ങനെ നേരിട്ടു?

നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ എപ്പോഴും ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. കാരണം, അത് എന്റെ എഴുത്തിനെ മെച്ചപ്പെടുത്താന്‍ സഹായിക്കും. നല്ല വിമര്‍ശനങ്ങള്‍ എപ്പോഴും സ്വീകരിക്കുന്നുണ്ട്. ഈ പുസ്തകത്തിനെ കുറിച്ചാണെങ്കില്‍ ചില കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ ആഴത്തില്‍ ആകാമായിരുന്നു എന്ന വിമര്‍ശനം ഉണ്ടായിട്ടുണ്ട്. വിമര്‍ശനങ്ങളെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്. മെച്ചപ്പെടുത്തിക്കൊണ്ട് അടുത്ത പുസ്തകം എഴുതാന്‍ ശ്രമിക്കുകയും ചെയ്യും.


സ്ത്രീപക്ഷ രചന എന്ന തലത്തിലായിരിക്കുമോ പുസ്തകത്തിന് ഇത്രയും സ്വീകാര്യത കിട്ടിയിട്ടുണ്ടാവുക?

ഏറ്റവും പ്രിയപ്പെട്ട എന്നോട് 23 വയസുള്ള പെണ്‍കുട്ടിയിലൂടെ കടന്നുപോകുന്ന ഒരു കഥയാണ്. പക്ഷെ, എനിക്ക് തോന്നുന്നില്ല അതൊരു സ്ത്രീപക്ഷമായിട്ട് മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയുന്ന കഥയാണെന്ന്. കാരണം, ഇത് വായിച്ചിട്ടുള്ള ഒരുപാട് ആണ്‍കുട്ടികള്‍ 'അതിഥി' എന്റ ഫീമെയില്‍ വേര്‍ഷന്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല, അതില്‍ ഒരുപാട് പുരുഷ കഥാപാത്രങ്ങളുമുണ്ട്. ഒരു ഗേ റിലേഷന്‍ഷിപ്പിനെയും, അതിനെ എങ്ങനെ ഫാമിലി ആക്സെപ്റ്റ് ചെയുന്നു എന്നതിനെ കുറിച്ചും പറയുന്നുണ്ട്. അപ്പോള്‍ ഒരു സ്ത്രീപക്ഷം എന്നുള്ളതല്ല. ഇതില്‍ മെയിന്‍ കഥാപാത്രം സ്ത്രീയാണെങ്കില്‍ പോലും, ആ ഒരു സ്ത്രീയുടെ കണ്ണിലൂടെ ഒരുപാട് പുരുഷന്മാരുടെ ലോകം, അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടികൂടെ സ്റ്റാന്‍ഡ് ചെയ്യുന്ന പുസ്തകമാണ് ഏറ്റവും പ്രിയപ്പെട്ട എന്നോട്. സ്ത്രീപക്ഷം ആയതുകൊണ്ട് മാത്രമല്ല, സോഷ്യല്‍ ഇഷ്യൂസിനെ അഭിമുഖീകരിക്കുന്നത് കൊണ്ടും കൂടിയാണ് ആളുകള്‍ ഇങ്ങനെ സ്വീകരിച്ചത് എന്നാണ് എനിക്ക് തോന്നുന്നത്.


TAGS :