മിന്നല്‍ മുരളിയെ ഒരു സ്ത്രീയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു - പത്മപ്രിയ
ഡബ്ല്യു.സി.സിക്ക് മുമ്പും ശേഷവുമുള്ള ഒരു മലയാള സിനിമയുണ്ട്. ഇത് സ്ത്രീകളുടെയും കൂടി തൊഴിലിടമാണെന്നും അവര്‍ക്കാവശ്യമായ കാര്യങ്ങളില്‍ കൂടി ശ്രദ്ധ വെക്കണമെന്നും വ്യക്തമാക്കിയത് ഡബ്ല്യു.സി.സിയാണ്. മീഡിയവണ്‍ അക്കാദമി ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ അഭിനേത്രി പത്മപ്രിയയുമായി മീഡിയ വണ്‍ കോഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തികാട് നടത്തിയ സംഭാഷണം.
താങ്കള്‍ കേന്ദ്ര കഥാപാത്രമായി എത്തിയ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണല്ലോ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍. അതിലാകട്ടെ പ്രധാന കഥാപാത്രങ്ങളെല്ലാം തന്നെ സ്ത്രീകളും. സ്ഥിരം സിനിമകളെ അപേക്ഷിച്ച് വണ്ടര്‍ വുമണ്‍ എത്രത്തോളം വത്യസ്ത അനുഭവങ്ങളാണ് പ്രധാനം ചെയ്തത്?
എന്തുകൊണ്ടാണ് ഒരു കഥയെ കഥയായി കാണാതെ അതിനെ സ്ത്രീകളുടെ സിനിമയെന്നോ സ്ത്രീപക്ഷ സിനിമയെന്നോ വിശേഷിപ്പിക്കുന്നതെന്ന് മനസിലാകുന്നില്ല. വണ്ടര്‍ വുമണ്‍ വളരെ മനോഹരമായ ഒരു അനുഭവമായിരുന്നു. നാലു ഗര്‍ഭിണികളുടെ കഥ പറയുന്ന സിനിമ, അവര്‍ ആ അവസ്ഥയെ എങ്ങിനെ വ്യത്യസ്തമായ രീതിയില്‍ കൈകാര്യം ചെയ്യുന്നു എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനുമപ്പുറം, അവരുടെ ചുറ്റുമുള്ള പുരുഷ കഥാപാത്രങ്ങളുടെ വിഭിന്ന പ്രതികരണങ്ങളാണ് ഏറെ ആകര്‍ഷണീയം. നമ്മളില്‍ തന്നെ ഭൂരിഭാഗം ആളുകളും പ്രഗ്‌നന്‍സിയെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവിത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ നേരിട്ടവരോ നേരിടുന്നവരോ ആണ്. ഒരു സ്ത്രീപക്ഷ സിനിമ എന്നതിനപ്പുറം വണ്ടര്‍ വുമണ്‍ നമ്മുടെ എല്ലാം ജീവിതത്തില്‍ നടക്കുന്ന, എല്ലാവരും നിരന്തരം സംസാര വിഷയമാക്കുന്ന സാധാരണ സംഭവങ്ങളാണ് പറഞ്ഞു വയ്ക്കുന്നത്.
സഹ-അഭിനേതാക്കളില്‍ കൂടുതലും സ്ത്രീകളായിരുന്നു എന്നുള്ളതല്ല, അവരെല്ലാം മികച്ച അഭിനേതാക്കളാണ് എന്നുള്ളതിലാണ് കാര്യം. പരസ്പരം മനസിലാക്കിയും, സാഹായിച്ചും, പ്രചോദനം പകര്‍ന്നുമുള്ള ആരോഗ്യപരമായ ഒരു മത്സരം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അഞ്ജലി, തന്‍േറതായ സ്വതന്ത്രമായ ശൈലിയില്‍ സിനിമ ചെയ്യുന്ന ആളാണ്. സെറ്റിലാകട്ടെ നിറയെ കളിച്ചിരികളും ഉത്സാഹവുമായിരുന്നു. ശരിക്കും പറഞാല്‍ തിരികെ കോളജിലേയ്ക് പോയൊരു പ്രതീതി.
മലയാള സിനിമയെ ഇപ്പോള്‍ ഡബ്ലൂ.സി.സി.ക്കു മുന്‍പും ശേഷവുമുള്ള സിനിമ എന്ന് അനായാസം തരംതിരിക്കാം. ആളുകള്‍ക്ക് വലിയരീതിയില്‍ പ്രതികരണ ശേഷി കൈവന്നു. തങ്ങളുടെ സിനിമ സെറ്റുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചു തുടങ്ങി. എന്നാല്‍, ഇതിനു വിപരീതമായി ഡബ്ലൂ.സി.സി വന്നതുകൊണ്ടാണ് ഭാവനയ്ക്കു സിനിമ മേഖലയില്‍ നിന്നു വേണ്ടത്ര പിന്തുണ കിട്ടാഞ്ഞതെന്നു ഇന്ദ്രന്‍സ് കഴിഞ്ഞ ദിവസം പ്രതികരിക്കുകയുണ്ടായി. എന്താണ് ഈ പ്രതികരണങ്ങളിലൊക്കെയുള്ള താങ്കളുടെ നിലപാട്?
മാറ്റം ആരുകൊണ്ടുവന്നാലും ഇവിടെ അതൊരു പ്രശ്‌നമാണ്. പക്ഷെ, മാറ്റം വന്നു എന്നതിനാണ് നമ്മള്‍ പ്രാധാന്യം നല്‍കേണ്ടത്. തീര്‍ച്ചയായും ഡബ്ല്യു.സി.സിക്ക് മുമ്പും ശേഷവുമുള്ള ഒരു മലയാള സിനിമയുണ്ട്. ഇത് സ്ത്രീകളുടെയും കൂടി തൊഴിലിടമാണെന്നും അവര്‍ക്കാവശ്യമായ കാര്യങ്ങളില്‍ കൂടി ശ്രദ്ധ വയ്ക്കണമെന്നും വ്യക്തമാക്കിയത് ഡബ്ല്യു.സി.സിയാണ്. അതാണ് ഏറ്റവും വലിയ കാര്യം. 2013 ല്‍ നിലവില്‍ വന്ന ഐ.സി ആക്ടിനെക്കുറിച്ച് ഓര്‍മിപ്പിക്കാനും ആത് നിര്‍ബന്ധമാക്കുനും വലിയൊരു പോരാട്ടം തന്നെ നടത്തി. തീര്‍ത്തും അസംഘടിതമായൊരു തൊഴിലിടത്തില്‍ നമ്മുടെ അവകാശങ്ങള്‍ സമര്‍ഥിക്കുക ഒരിക്കലും എളുപ്പമല്ല. ഇതില്‍ കേരള ഹൈക്കോടതിയുടെ ഇടപെടലും വളരെ വലുതാണ്. ഒരു ഫിലിം യൂണിറ്റ് എന്താണ്, അവിടെ ഉത്തരവാദിത്തമുള്ള വ്യക്തി ആരാണ്, ആരോഗ്യകരമായ ഒരു ജോലിസ്ഥലം അവര്‍ എങ്ങിനെ ഉറപ്പാക്കണം എന്നീ കാര്യങ്ങളില്‍ എല്ലാം ചൂണ്ടിക്കാണിച്ചതും മനസ്സിലാക്കി കൊടുത്തതും കോടതിയാണ്. ഇപ്പോഴിതാ വനിതാ സംവിധായകര്‍ക്കായുള്ള പ്രത്യേക സ്‌കോളര്‍ഷിപ്പുകളും അവാര്‍ഡുകളും വരെ ചെയ്തു തുടങ്ങിയിരിക്കുന്നു.
ഡബ്ല്യു.സി.സിയുടെ സ്ഥാപകാംഗമായതില്‍ ഇന്ന് ഞാന്‍ വളരെയധികം അഭിമാനിക്കുന്നുണ്ട്. ഒപ്പം സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സിനിമയുടെ ഉള്ളടക്കത്തില്‍ ഇപ്പോഴും കാര്യമായ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവുമുണ്ട്. മറ്റെന്തിലും ഉപരിയായി, അതിശയകരമായ സഹാനുഭാവവും പരസ്പര ബന്ധവും ഈ കൂട്ടായ്മയിലുണ്ട്. മുന്‍പ് ഒരു സഹായത്തിനായി പോലും സമീപിക്കാന്‍ തക്കവണ്ണം സുഹൃത്തുക്കളോ എൃക്യമുള്ളൊരു ജോലിസ്ഥലമോ ഇല്ലായിരുന്നു. സ്ഥിരമായി ഒന്നുമില്ല. ഒരു പ്രോജക്റ്റില്‍ നിന്ന് മറ്റൊന്നിലേക്കെത്തുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന ബന്ധങ്ങളും സാഹചര്യങ്ങളും മാറിക്കൊണ്ടേയിരിക്കും. എന്നാല്‍, ഇന്ന് സൗഹൃദത്തിനും അനായസമുള്ള ആശയവിനിമയത്തിനുമായി ഒരിടം ഡബ്ല്യു.സി.സി പ്രധാനം ചെയ്യുന്നു. അതാണ് ആശ്വാസം.
ഭാവനയുടെ ഒപ്പം നില്‍ക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല എന്ന് സജിത മഠത്തില്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കൂടെ നില്‍ക്കുമ്പോള്‍ തങ്ങള്‍ക്കു സിനിമ ലഭിക്കില്ല എന്ന ആശങ്ക പലര്‍ക്കുമുണ്ടായി. പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ക്ക് സിനിമ ലഭിക്കാത്ത സാഹചര്യം വരെയുണ്ടായി. അത്തരത്തില്‍ പ്രതികൂല സാഹചര്യങ്ങളില്‍ എല്ലാം നിലപാടുകളില്‍ ശക്തമായി ഉറച്ചു നില്‍ക്കാന്‍ എങ്ങിനെയാണ് സാധിച്ചത്? അത്തരം നിലപാടുകള്‍ വ്യക്തി - അഭിനയ ജീവിതങ്ങളെ എത്രത്തോളം ബാധിച്ചു?
വളരെ പ്രശസ്തമായ ഒരു സിനിമയിലെ ഒരു ഇംഗ്ലീഷ് ഉദ്ധരണിയാണ് ഇപ്പൊള്‍ ഓര്‍മവരുന്നത്. നിങ്ങള്‍ എന്നെ കൂടുതല്‍ ഭീഷണിപ്പെടുത്തുമ്പോള്‍ എന്റെ ധൈര്യവും കൂടുന്നു. കാരണം, നിങ്ങള്‍ എന്നെ ഭീഷണിപ്പെടുത്തുന്നുവെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ കുറ്റവാളിയാണെന്നാണ്.
ഒരു ഹ്രസ്വകാല പ്രത്യാഘാതം ഞാനും അനുഭവിച്ചിട്ടുണ്ട്. അടൂരിന്റെ ഒരു ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം ഞെട്ടിപ്പിക്കുന്നതാണ്. പലരും എനിക്ക് മുന്‍പേ അറിയാവുന്നവരും ഒന്നിച്ചു ജോലി ചെയ്തിട്ടുള്ളവരും. ഡബ്ലു.സി.സി.യില്‍ നിന്നുള്ള 'എന്തോ പ്രത്യേകതരം മനുഷ്യന്‍' എന്ന നിലയ്ക്കാണ് അന്ന് അവര്‍ എന്നെ സമീപിച്ചത്. സ്‌നേഹമോ ബഹുമാനമോ ഉള്ള ഒരിടത്തില്‍ നിന്നുമല്ല അങ്ങിനെയൊരു പ്രതികരണം ഉണ്ടാവുന്നത്. മറിച്ച് അത് സംശയദൃഷ്ടിയോടെ ചുറ്റുമുള്ളതിനെ നോക്കുന്ന ഒരു പരിതസ്ഥിതിയില്‍ നിന്നും വരുന്നതാണ്. നമ്മുടെ സ്വന്തം തൊഴിലിടവും സ്വന്തം സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്ത് വിചിത്രമാണ്? ഒരു ഘട്ടത്തില്‍ എന്റെ മാനേജര്‍ ഉള്‍പ്പെടെ അത്തരം ആശയക്കുഴപ്പം നേരിട്ടിരുന്നു. ആ സമയങ്ങളില്‍ സിനിമയിലെ തന്നെ എന്റെ സുഹൃത്തുക്കളെ കണ്ടുമുട്ടന്നതും അവരുമായി സംസാരിക്കുകയും ചെയ്യുന്നതായിരുന്നു ഏക ആശ്രയം.
തങ്ങളുടെ അഭിനേതാക്കള്‍ തങ്ങള്‍ക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കണം എന്ന ധാരണയിലും പ്രതീക്ഷയിലുമാണ് നിര്‍മാതാക്കള്‍ കഥയുമായി എത്തുക. എന്നാല്‍, തിരികെ നമ്മള്‍ അവര്‍ ഒരുക്കി തരുന്ന തൊഴിലിടത്തിലേക്ക് ചെല്ലുമ്പോള്‍ അവിടുത്തെ സാഹചര്യങ്ങളില്‍ നമ്മളും പ്രതീക്ഷ വെക്കേണ്ടതില്ലേ? അതില്‍ നമ്മള്‍ ജാഗ്രത കാണിക്കേണ്ടതില്ലേ? എല്ലാവരും നമ്മുടെ സുഹൃത്തുക്കള്‍ ആയിരിക്കാം. എന്നാല്‍, എല്ലാവരും ജോലി സ്ഥലത്തെ സുഹൃത്തുക്കളാണ്. ജോലിസ്ഥലത്തെ സുഹൃത്തുക്കളും ഒരു പാര്‍ട്ടിയില്‍ കണ്ടുമുട്ടുന്ന സുഹൃത്തുക്കളും രണ്ടും രണ്ടാണ് എന്ന് തിരിച്ചറിയണം. അത് മനസിലാക്കും വരേക്കും അസ്വസ്ഥതകളും അതേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളും നിലനില്‍ക്കും.
ഇന്‍ഡസ്ട്രിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നെങ്കിലും പുറത്ത് ഭാവനക്ക് വലിയ സപ്പോര്‍ട്ടാണ് ലഭിക്കുന്നത്. അഞ്ചു വര്‍ഷത്തിനുശേഷം പുതിയ സിനിമയിലൂടെ അവര്‍ തിരിച്ചു വരുന്നു. ഞാനൊരു വിക്ടിം അല്ല, ഒരു സര്‍വൈവര്‍ ആണ് എന്ന് അവര്‍ എടുത്ത് പറയുകയാണ്. അതൊരു മാതൃകയും മാറ്റവുമല്ലേ?
തീര്‍ച്ചയായും. ഇത്രയധിം തിരിച്ചടികള്‍ക്ക് ഇടയിലും കേരള സമൂഹത്തില്‍ നിന്നും ലഭിച്ച പിന്തുണ വളരെ വലുതാണ്. സിനിമയിലെ പുരുഷ കഥാപാത്രങ്ങളാകട്ടെ സംഭാഷണങ്ങള്‍ പറയുമ്പോള്‍ രണ്ടു വട്ടമെങ്കിലും ആലോചിക്കാന്‍ തുടങ്ങി. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകള്‍ ഉണ്ടായി. വിഷയങ്ങളെ കേരള സമൂഹം ചര്‍ച്ച ചെയ്യുന്ന രീതിയാണ് ഇവിടെ വ്യത്യസ്തം. അതുകൊണ്ടാണ് മാറ്റങ്ങള്‍ കേരളത്തില്‍ വേഗത്തില്‍ പ്രകടമാകുന്നത്.
ഇപ്പോള്‍ ഹിന്ദിയിലാണല്ലോ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ സിനിമ അന്തരീക്ഷത്തില്‍ നിന്നും എന്ത് വ്യത്യസ്തതയാണ് അവിടെ കാണാന്‍ സാധിക്കുന്നത്?
പതിനാറു വര്‍ഷം മുന്‍പ് തെലുങ്കില്‍ നിന്നാണ് ഞാന്‍ എന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. എന്റെ രണ്ടാമത്തെ ചിത്രം മലയാളത്തിലും മൂന്നാമത്തേത് തമിഴിലുമായിരുന്നു. ബംഗാളി ചിത്രങ്ങളും ചെയ്തു. ഇതിന് മുന്‍പും മൂന്ന് ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ സ്റ്റുഡിയോ സംവിധാനങ്ങള്‍ ഉള്ളതിനാല്‍ ഇവിടെ നിന്നും വ്യത്യസ്തമായി പ്രൊഫഷണല്‍ സ്‌പേസിലെ പ്രശ്‌നങ്ങള്‍ അവിടെ വളരെ കുറവാണ്. കൃത്യമായ ഷെഡ്യൂളുകളാണ് മറ്റൊരു പ്രത്യേകത. അധികാരത്തിനും നിയന്ത്രണത്തിനും അവിടെ യാതൊരു സാധ്യതയുമില്ല. എല്ലാവര്‍ക്കും തുല്യ പരിഗണനയും ബഹുമാനവുമാണ് ലഭിക്കുക. ഇക്കാലയളവില്‍ സെറ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട് എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. കോസ്റ്റ്യൂം, മേക്കപ്പ് തുടങ്ങിയ സ്ഥിരം മേഖലകളില്‍ മാത്രമല്ല, ക്യാമറാ, സൗണ്ട് തുടങ്ങിയവയിലും സ്ത്രീകള്‍ കടന്നു വന്നിരിക്കുന്നു. അഞ്ജലി മേനോനൊപ്പം സിനിമ ചെയ്യുമ്പോള്‍ അഭിനേതാക്കള്‍ അല്ലാതെ തന്നെ ഏകദേശം എഴുപത് ശതമാനത്തോളം സ്ത്രീകളായിരുന്നു അവിടെ പിന്നണി പ്രവര്‍ത്തകരായി ഉണ്ടായിരുന്നത്. അതും വിവിധ ഭാഷകളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നുമുള്ളവര്‍. വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ ഒരുമിച്ച് കൂടുമ്പോള്‍ കൈവരുന്ന ആരോഗ്യകരമായ ഒരു സന്തുലിതാവസ്ഥയുണ്ട്. അത് അഞ്ജലിയുടെ സെറ്റില്‍ പ്രകടമായിരുന്നു. സിനിമയുടെ നിര്‍മാണ പ്രക്രിയകളുടെ കാര്യമാണെങ്കില്‍ അത് എല്ലായിടത്തും ഒരുപോലെ തന്നെയാണ്.
ഒരു ആക്ടര്‍ എന്ന നിലയില്‍ ഞങ്ങളെയൊന്നും വേണ്ട വിധത്തില്‍ ഉപയോഗിച്ചിട്ടില്ല എന്ന് മുന്‍പ് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് ശ്രദ്ധിച്ചിട്ടുണ്ട്. ഒപ്പം, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹം ഉണ്ടെങ്കിലും അത്തരം കഥാപാത്രങ്ങള്‍ വരുന്നില്ല എന്നും. എന്താണ്, ഏതു തരത്തിലുള്ള റോളുകളാണ് മലയാളത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്?
എന്റെ മാത്രമല്ല, എല്ലാ വനിതാ അഭിനേതാക്കളുടെയും കാര്യത്തില്‍ അത് ഇപ്പോഴും യാഥാര്‍ഥ്യമാണ്. ആരോട് ചോദിച്ചാലും ഇത് തന്നെ പറയും. മലയാളത്തിലും തമിഴിലുമാണ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ അല്‍പമെങ്കിലും പ്രതീക്ഷ കൂടുതല്‍. എന്റെ മികച്ച ചില വേഷങ്ങളും തമിഴിലാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ നിങ്ങള്‍ക്ക് എത്രത്തോളം താല്‍പര്യം ഉണ്ടോ മലയാളത്തില്‍ നിങ്ങള്‍ക്ക് അത് സാധിക്കും വിധം സാധ്യതകളും ഒരു പരിധി വരെ ഉണ്ട്. എന്നാല്‍, സ്ത്രീകളുടെ പ്രായം ഇപ്പോഴും ഇരുപതിനോട് അടുത്താവണം എന്നതാണ് അവസ്ഥ. പുരുഷന്മാര്‍ക്ക് പ്രായം നല്‍പ്പതോ അമ്പതോ ആണെങ്കിലും പ്രശ്‌നമില്ല. എന്റെ അടുത്ത് വരുന്ന തിരക്കഥകള്‍ എന്റെ പ്രായത്തിലും മുപ്പത് വയസ് എങ്കിലും കൂടിയവയാണ്. ഇത്തരം പ്രവണത സ്ത്രീ അഭിനേതാക്കളുടെ കഴിവിനെയും അവരുടെ സ്വതത്തെയും തന്നെ ഘനിക്കുന്നതാണ്. ഇരുപതിന് ശേഷം സ്ത്രീകള്‍ക്ക് അവതരിപ്പിക്കാന്‍ കഥാപാത്രങ്ങളെ കിട്ടാതെ വരുന്നു. കാരണം, അവര്‍ അവരുടെ ഇരുപതുകളില്‍ തന്നെ അതിലും ഇരട്ടി പ്രായമുള്ള കഥാപാത്രങ്ങളെ വരെ അവതരിപ്പിച്ച് കഴിയും. പുരുഷന്മാരും അക്കാര്യത്തില്‍ അത്ര സുരക്ഷിതര്‍ ഒന്നുമല്ല. പുരുഷന്മാരും അത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പ്രായത്തിനപ്പുറം ചെറുപ്പമായിരിക്കാന്‍ പലരും കഷ്ടപ്പെടുന്നു.
സ്ത്രീകള്‍ക്ക് ഒരിക്കലും ഒരു ക്യാരക്ടര്‍ ഗ്രാഫ് ഉണ്ടാകാറില്ല. ഒരിക്കലും ഒരു സ്ത്രീ കഥാപാത്രത്തെ ആരും പൂര്‍ണമായും പര്യവേഷണം ചെയ്യാറുമില്ല. ഇന്നും മലയാള സിനിമയിലെ മികച്ച സ്ത്രീ കഥാപാത്രങ്ങളോക്കെ സഹനടി റോളുകളില്‍ തന്നെയാണ്. സ്ത്രീ കേന്ദ്രീകൃതമായും സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളായുമുള്ള സിനിമികള്‍ ഇന്നും വിരലിലെണ്ണാന്‍ മാത്രമേ ഉള്ളൂ. ആണ്‍ - പെണ്‍ - ട്രാന്‍സ് വിഭജനത്തിനപ്പുറത്തേക്ക് സിനിമിയെ കൊണ്ട് പോവുകയാണ് വേണ്ടത്. കഥക്കാണ് പ്രാധാന്യം. അതിനു കഥാനിര്‍മിതിയുടെ ഇക്കോ സിസ്റ്റം തന്നെ മാറേണ്ടിയിരിക്കുന്നു.
പക്ഷെ മലയാളത്തില്‍ ജയ ജയ ഹേ പോലുള്ള സിനിമകള്‍ ഒരു മാറ്റം കൊണ്ടുവരുന്നില്ലേ?
ജയ ജയ ഹേ യോ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചെനോ എനിക്കിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഉറപ്പായും കാണും. കാണാത്ത പക്ഷം എനിക്കതില്‍ അഭിപ്രായങ്ങള്‍ പറയുന്നതിന് പരിമിതിയുണ്ട്. ശക്തരും ധീരരും നിര്‍ഭയരുമായ സ്ത്രീകളാണെങ്കില്‍ മാത്രമേ അവര്‍ക്ക് മുഖ്യ കഥാപാത്രമാകാന്‍ സാധിക്കൂ എന്ന് ഒരു ധാരണ ഉണ്ടെങ്കില്‍ അത് തെറ്റാണ്. എന്റെ ഭര്‍ത്താവും കുടുംബവും വളരെ മാന്യമായി പെരുമാറുന്നവരും നല്ല മനുഷ്യരുമാണ്. അതിനാല്‍ എനിക്ക് പറയാന്‍ ഒരു കഥ ഇല്ല എന്നല്ല. എനിക്കും പറയാന്‍ കഥകളുണ്ട്. ഗാര്‍ഹിക പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും കഥകള്‍ക്ക് പ്രസക്തി ഇല്ല എന്നല്ല അതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ സാധാരണമായ ദൈന്യം ദിന ജീവിതങ്ങളെക്കുറിച്ച് സംസാരിക്കുന്ന കഥകളും ആവിഷ്‌ക്കാര യോഗ്യമാണ്. അവ ചെയ്യാന്‍ നല്ല താല്‍പ്പര്യവുമാണ്. വണ്ടര്‍ വുമണിലെയും തെക്കന്‍ തല്ലു കേസിലെയും കഥാപാത്രങ്ങള്‍ എനിക്ക് പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടാണ്. ഒരു പുരുഷാധിപത്യ സ്വഭാവമുള്ള കുടുംബത്തില്‍ നിന്നുള്ള വേണി അവളുടെ ആ സാഹചര്യങ്ങളോട് ദിനംപ്രതി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് വണ്ടര്‍ വുമണില്‍. ഇത്തരം കഥകളാണ് പലപ്പോഴും ഇവിടെയുള്ള അഭിനയത്രികള്‍ക്ക് ലഭിക്കാതെ പോകുന്നത്.
നമ്മള്‍ എല്ലാവരും ശക്തരായ സ്ത്രീകളാണ്. നമ്മുടെ എല്ലാം കഥകളും അതിനാല്‍ തന്നെ പ്രാധാന്യമര്‍ഹിക്കുന്നവയുമാണ്. ജയ ജയ ഹേ പോലുള്ള സിനിമകളെ സമൂഹം ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണവ നിര്‍മിക്കപ്പെടുന്നതും. സമൂഹം ആവശ്യപ്പെടാന്‍ താല്‍പര്യം കാണിക്കാത്ത സിനിമകളും ഉണ്ടാകണം. മിന്നല്‍ മുരളിയെ ഒരു സ്ത്രീയായി കാണാനും ഞാന്‍ ആഗ്രഹിക്കുന്നു.
തയ്യാറാക്കിയത്: മീനു മാത്യു