പൗരത്വ ഭേദഗതി നിയമം: പ്രകോപനത്തിന്റെ കെണിയില്‍ വീഴാതിരിക്കലാണ് ബുദ്ധി - ആര്‍. രാജഗോപാല്‍
തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ പ്രക്ഷോഭത്തിലേക്ക് കടന്ന് കൂടുതല്‍ ധ്രുവീകരണം ഉണ്ടാക്കി, തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒരു വിഷയമാക്കി മാറ്റാതിരിക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെടുന്നു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. രാജഗോപാല്‍. മാധ്യമ വിദ്യാര്‍ഥി നബില്‍ ഐ.വിയോട് സംസാരിക്കുന്നു.
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇക്കാലയളവില്‍ മാധ്യമങ്ങള്‍ നേരിട്ട വിമര്‍ശനങ്ങള്‍ ചെറുതൊന്നുമല്ല. ഈ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്ക് എന്തായിരിക്കും?
മാധ്യമങ്ങള്‍, മുഖ്യധാര എന്നു പറയുന്ന മാധ്യമങ്ങള്‍ കൂടുതലും മോദി ഗവണ്‍മെന്റിന്റെ മെഗാഫോണ്‍ ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ തന്നെയാണ് ഞാന്‍ കാണുന്നത്. ചില ചെറിയ മാറ്റങ്ങള്‍ അവിടെയും ഇവിടെയും ആയി ഉണ്ടാകുന്നുണ്ടായിരിക്കാം. പക്ഷേ, 90% മാധ്യമങ്ങളും (നാഷ്ണല്‍ മീഡിയകള്‍) മോദി ഗവണ്‍മെന്റിനെ പിന്തുണക്കുക തന്നെയാണ് ചെയ്യുന്നത്. ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ല. കാരണം, മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന്റെ ജോലിയാണ് നിര്‍വഹിക്കേണ്ടത്. അങ്ങനെ ചെയ്യുന്നില്ല എന്നത് ദുഃഖകരമായ സത്യമാണ്.
എ.ഐയും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉപയോഗിക്കാനും അതിനുള്ള സാമ്പത്തികശേഷിയും ഇച്ഛാശക്തിയും ഉള്ള ഒരു പാര്‍ട്ടിയാണ് ബി.ജെ.പി. പലരും ഭയപ്പെടുന്നത് എ.ഐ ഉപയോഗിച്ച് വ്യാജവാര്‍ത്തകളും മറ്റുകാര്യങ്ങളും സൃഷ്ടിക്കപ്പെടാം എന്നാണ്. എന്നാല്‍, ഇത്രയും മീഡിയ സപ്പോര്‍ട്ട് ഉള്ള സര്‍ക്കാരിന്, ഒരു പാര്‍ട്ടിക്ക് ഇനി വ്യാജ വാര്‍ത്തയും കൂടി സൃഷ്ടിക്കേണ്ട ആവശ്യമുണ്ടോ എന്നത് സംശയമുണ്ട്. അത് അവര്‍ ചെയ്യുകയാണെങ്കില്‍ അവരുടെ ആത്മവിശ്വാസമില്ലായ്മയാണ് എന്ന് വേണം കരുതാന്‍.
നവമാധ്യമങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളും സ്വാധീനവും എങ്ങനെ നോക്കി കാണുന്നു?
കഴിഞ്ഞ ആറോ ഏഴോ വര്‍ഷം - അതായത് 2014 ന് ശേഷം നമ്മള്‍ നോക്കുകയാണെങ്കില്‍ ഏറ്റവും ഇംപാക്ട് ഉള്ള സ്റ്റോറികള്‍ ബ്രേക്ക് ചെയ്തിരിക്കുന്നത് നവമാധ്യമങ്ങള്‍ തന്നെയാണ്. നവമാധ്യമങ്ങള്‍ അവരുടെ ജോലി നന്നായി ചെയ്യുന്നുണ്ട്. പക്ഷേ, അത് സമൂഹത്തില്‍ എന്ത് സ്വാധീനം ഉണ്ടാക്കി, എന്ത് ഇന്‍ഫ്‌ളുവന്‍സ് ചെയ്യാന്‍ കഴിഞ്ഞു എന്നുള്ളത് തീരുമാനിക്കാന്‍ സമയമായോ എന്നുള്ളതിനെ കുറിച്ചോ, അല്ലെങ്കില്‍ എങ്ങനെ തീരുമാനിക്കും എന്ന് പറയാനുള്ള അറിവോ എനിക്കില്ല. നവമാധ്യമങ്ങള്‍ തീര്‍ച്ചയായും സമൂഹത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍, ജനങ്ങള്‍ അറിയേണ്ട രീതിയിലാണോ സ്വാധീനിക്കുന്നത് എന്ന സംശയവും ഉണ്ട്.
ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ മോദി സര്‍ക്കാരിന് കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടു. അത് തെരഞ്ഞെടുപ്പിനെ ബാധിക്കാന്‍ സാധ്യതയുണ്ടോ?
അത്, കോടതി ഉത്തരവിനെ തുടര്‍ന്ന് എന്തെല്ലാം വിവരങ്ങള്‍ പുറത്തുവരുന്നു എന്ന് അനുസരിച്ചിരിക്കും. ചില വ്യാവസായികളാണ് ഒരു പാര്‍ട്ടിക്ക് കൂടുതല്‍ പൈസ കൊടുത്തത് എന്ന് വന്നതുകൊണ്ട് അതൊരു വലിയ തിരിച്ചടി ആവാന്‍ സാധ്യതയില്ല. കാരണം, വളരെ പ്രത്യക്ഷമായി തന്നെയാണ് മോദി സര്‍ക്കാര്‍ വിരലില്‍ എണ്ണാവുന്ന ചില വ്യാവസായികളെ സഹായിക്കുന്നത് എന്ന് ആരോപണം ഇത്രയും നാള്‍ ഉണ്ടായിട്ടുള്ളത്. അതിന് ഇനി കൂടുതല്‍ തെളിവിന്റെ ഒന്നും ആവശ്യമില്ല. പിന്നെ വിദേശത്തുനിന്ന് പല കമ്പനികളും, പ്രത്യേകിച്ച് ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കവും ചില പ്രശ്‌നങ്ങളും ഉള്ള രാജ്യങ്ങളില്‍ നിന്നും പണം വന്നു എന്ന് വരികയാണെങ്കില്‍ - ഏത് പാര്‍ട്ടിക്കാണ് ആ പൈസ കിട്ടിയത് എന്നെല്ലാം പുറത്തുവന്നാല്‍ അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ട്. അല്ലാതെ, വലിയ രീതിയില്‍ ഇത് ഒരു ഇംപാക്ട് ഉണ്ടാക്കും എന്ന് ഞാന്‍ വിചാരിക്കുന്നില്ല. കാരണം, ഇതിനേക്കാള്‍ ഞെട്ടിക്കുന്ന ഒരുപാട് സംഭവങ്ങള്‍ ഇന്ത്യയില്‍ നടന്നു കഴിഞ്ഞു.
സി.എ.എയെ കുറിച്ച് നിശബ്ദരായി ഇരിക്കുക എന്നല്ല. നമ്മള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കണം. ഇതിന്റെ അപായങ്ങളും, എത്രമാത്രം അന്യായമാണ് മോദി ഗവണ്മെന്റ് ചെയ്തത് എന്നും നാം ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പ് തെരുവില്‍ ഇറങ്ങി പ്രതിഷേധം അറിയിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സമാധാനപരമായ പ്രതിഷേധം ആയിരിക്കണം. പ്രകോപനത്തിന്റെ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര ഗവണ്മെന്റ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പൗരത്വ നിയമത്തെ എങ്ങനെ നോക്കി കാണുന്നു?
നാലു വര്‍ഷത്തിലധികം ഗവണ്‍മെന്റിന് കാത്തിരിക്കാമെങ്കില്‍, തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ ആക്കിയത് എന്തിനാണെന്ന് മനസ്സിലാക്കാന്‍ ഒരു റോക്കറ്റ് സയന്‍സിന്റെയോ അനാലിസിസിന്റെയോ ആവശ്യമില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുതന്നെയാണ് ഇത് ചെയ്തത്. എന്നാല്‍, വൈകാരികമായ, പലര്‍ക്കും പരിഭ്രമം ഉണ്ടാക്കുന്ന വേദന ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ ചെയ്യേണ്ടിയിരുന്നോ എന്ന പ്രശ്‌നം ഉദിക്കുന്നുണ്ട്. അതുമാത്രമല്ല, അനീതിയെ എതിര്‍ക്കുന്ന പലരെയും ഇത് ഉപയോഗിച്ച് പ്രകോപിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാറുണ്ട്. അങ്ങനെയുള്ള പ്രകോപനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാവുകയാണെങ്കില്‍ അത് കൂടുതല്‍ മതപരമായ ധ്രുവീകരണത്തിലേക്ക് നയിക്കും എന്ന ഭയവുമുണ്ട്.
പ്രതിപക്ഷത്തോടും ഇതിനെ എതിര്‍ക്കുന്നവരോടും എന്റെ ഒരു അഭ്യര്‍ഥന എന്താണെന്ന് വെച്ചാല്‍, തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇതിനെതിരെ പ്രതിഷേധിക്കേണ്ടതില്ല. നമ്മള്‍ പ്രതിഷേധിച്ച് അത് കൂടുതല്‍ ധ്രുവീകരണം ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒരു വിഷയമാക്കി അതിനെ മാറ്റാതിരിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ ഒരു തോന്നല്‍. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം, പ്രതിഷേധങ്ങളും മറ്റു കാര്യങ്ങളും സമാധാപരമായ രീതിയില്‍ - അതിനെ എങ്ങനെ നേരിടാം അല്ലെങ്കില്‍ എതിര്‍ക്കാം എന്ന് ചര്‍ച്ച ചെയ്യപ്പെടണം എന്നാണ് എനിക്ക് തോന്നുന്നത്. എന്നുപറഞ്ഞാല്‍ ഇതിനെക്കുറിച്ച് നിശബ്ദരായി ഇരിക്കുക എന്നല്ല. നമ്മള്‍ ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു കൊണ്ടേയിരിക്കണം. ഇതിന്റെ അപായങ്ങളും, എത്രമാത്രം അന്യായമാണ് മോദി ഗവണ്മെന്റ് ചെയ്തത് എന്നും നാം ചര്‍ച്ച ചെയ്യേണ്ടതാണ്. എന്നാല്‍, തെരഞ്ഞെടുപ്പിന് മുന്‍പ് തെരുവില്‍ ഇറങ്ങി പ്രതിഷേധം അറിയിക്കാന്‍ പാടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സമാധാനപരമായ പ്രതിഷേധം ആയിരിക്കണം. പ്രകോപനത്തിന്റെ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം.