ഭീകരവാദ-തീവ്രവാദ ആരോപണങ്ങള്‍കൊണ്ട് എന്റെ പോരാട്ടത്തെ തളര്‍ത്താന്‍ കഴിയില്ല -സിദ്ധീഖ് കാപ്പന്‍
ഹഥ്‌റാസില്‍ ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതിനെ തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ അറസ്റ്റ് ചെയ്യപ്പെടുന്നത്. ആദ്യം യു.എ.പി.എയും, പിന്നീട് ഇ.ഡി കേസിലും ഉള്‍പ്പെട്ട കാപ്പന്‍ ഇരുപത്തിയെട്ട് മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനാകുന്നത്. മാധ്യമ പ്രവര്‍ത്തനം തുടരുമെന്നും ഭീകരവാദ-തീവ്രവാദ ആരോപണങ്ങള്‍കൊണ്ട് തന്നെ തളര്‍ത്താനാവില്ലെന്നും ജയില്‍ മോചിതനായ സിദ്ധീഖ് കാപ്പന്‍ പറയുന്നു. അഭിമുഖം: സിദ്ധീഖ് കാപ്പന്‍ \ ഡി. ധനസുമോദ്
ധനസുമോദ്: രണ്ടുവര്‍ഷവും നാല് മാസവും തടവറയില്‍. ഇതിനിടയില്‍ രണ്ടുതവണ മാത്രമാണ് പരോളിലിറങ്ങിയത്. മാതാവിനെ കാണുന്നതിന് അഞ്ച് ദിവസവും, കോവിഡ് ബാധിതനായതിനെ തുടര്‍ന്നും. ഇപ്പോള്‍ മോചിതനായിരിക്കുന്നു. എന്താണ് ഈ നിമിഷം പറയാനുള്ളത്?
സിദ്ധീഖ് കാപ്പന്‍: 28 മാസം ജയിലില്‍ പൂര്‍ത്തിയാക്കി. യു.എ.പി.എ പോലുള്ള ഒരു ഡ്രക്കോണിയന്‍ ലോ സംബന്ധിച്ച് കഴിഞ്ഞ പത്ത് പതിനഞ്ച്് വര്‍ഷമായി ബീറ്റ് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകനാണ് ഞാന്‍. അങ്ങിനെയുള്ള ഒരാള്‍ അതേ നിയമത്തിന്റെ - കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ കാന്‍സര്‍ പിടിപെട്ട് മരിക്കുക എന്ന് പറഞ്ഞതുപോലെ - പേരില്‍ ജയിലിലാവുക എന്ന അവസ്ഥ അനുഭവിച്ചയാളാണ് ഞാന്‍. തീവ്രവാദി, ഭീകരവാദി എന്നിങ്ങനെയുള്ള വളരെ മോശമായ ആരോപണങ്ങള്‍ നേരിട്ടു. എന്നിട്ടും ഇരിപത്തിനാല് മാസംകൊണ്ട് ജയില്‍ മോചിതനാകാന്‍ കഴിഞ്ഞത് മാധ്യമ പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റേയും പിന്തുണയുണ്ടായതുകൊണ്ടാണ്. കേരളത്തിലേയും ഇന്ത്യയിലേയും ലോകത്തിലെതന്നെയും മാധ്യമ പ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും പിന്തുണയും പ്രവര്‍ത്തനവും ഉണ്ടായതുകൊണ്ടാണ് നേരത്തെ പുറത്തിറങ്ങാന്‍ കഴിഞ്ഞത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
ധനസുമോദ്: സിദ്ദീഖ് മുന്‍പ് പറഞ്ഞിരുന്നു, സാധാരണ ഡല്‍ഹിയില്‍ ട്രെയിന്‍ വന്നിറങ്ങുമ്പോള്‍ തന്നെ ഉമ്മ, എപ്പോഴാണ് തിരിച്ചുവരിക എന്ന് വിളിച്ചു ചോദിക്കാറുണ്ടെന്ന്. ആ ഉമ്മയെ പിന്നെ അസുഖബാധിതയായതിനു ശേഷമാണ് കണ്ടത്.
കാപ്പന്‍: ഉമ്മയെ ഞാന്‍ ചെന്നുകാണുമ്പോള്‍ ഉമ്മാക്ക് ഒരുവാക്കുപോലും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഉമ്മ ഇതുവരെ എന്നോടൊന്നും സംസാരിച്ചിട്ടില്ല. ഞാന്‍ കാണുമ്പോള്‍ ഉമ്മാക്ക് അള്‍ഷിമേഴ്‌സ് രോഗം പിടിപെട്ടിരിന്നു. ഉമ്മാക്ക് ഞാന്‍ വന്നു എന്നുപോലും അറിയില്ലായിരുന്നു. മുന്‍പ്, എപ്പോഴും എന്നോട് ചോദിക്കുമായിരുന്നു, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നിനക്ക് പെട്ടെന്ന് വരാന്‍ പറ്റില്ലേ എന്ന്. അങ്ങിനത്തെ ഉമ്മ ഇല്ലാത്ത ലോകത്തേക്കാണ് ഞാന്‍ ഇറങ്ങിവന്നിരിക്കുന്നത്. എന്തായാലും ഉമ്മാക്ക് നല്ല സന്തോഷം ഉണ്ടാകും. നല്ലൊരു കാര്യത്തിനുവേണ്ടിയാണ് ഞാന്‍ ഇരുപത്തിയെട്ടുമാസം ജയിലില്‍ കിടന്നിട്ടുള്ളത് എന്നറിയുമ്പോള്‍.
ഹഥറാസല്‍ കൊല്ലപ്പെട്ട ഒരു ദലിത് പെണ്‍കുട്ടിയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായതിനാണ് - ആ സംഭവം പുറംലോകത്തെ അറിയിക്കാന്‍വേണ്ടി, റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി പോകുന്നതിനിടയിലാണ് വ്യാജമായ, വളരെ കള്ളമായ കേസില്‍ പെടുത്തി എന്നെ ജയിലിലിടച്ചത്. എങ്കിലും യു.എ.പി.എ പ്രകാരം ജയിലിലടക്കപ്പെട്ടവര്‍ അടക്കമുള്ള, അല്ലെങ്കില്‍ ദലിത്, വനിത, ഒപ്രസ്സ്ഡ് കമ്മ്യൂണിറ്റികള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരും. മാധ്യമ പ്രവര്‍ത്തന മേഖലയില്‍ തന്നെ ഞാന്‍ ഉണ്ടാകും. ഇരുപത്തെട്ട് മാസമല്ല, ഇരുപത്തിയെട്ട് വര്‍ഷം ജയിലിലിട്ടാലും - നെല്‍സണ്‍ മണ്ഡേലയെ പോലുള്ളവര്‍ ഇരുപത്തിയേഴ് വര്‍ഷം തുടര്‍ച്ചയായി ജയിലില്‍ കിടന്നിട്ടുണ്ട് - മാധ്യമ പ്രവര്‍ത്തന മേഖലയില്‍ തന്നെയുണ്ടാകും. പത്രപ്രവര്‍ത്തക യൂണിയന്‍, കെ.ജെ.ഡബ്ലിയു അടക്കമുള്ളവരോട് നന്ദിപറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
ധനസുമോദ്: താങ്ങളുടെ ഭാര്യ റൈഹാനത്ത് സാധാരണ ഒരു വീട്ടമ്മയായി മാത്രം കഴിഞ്ഞിരുന്ന ഒരാളാണ്. ഇപ്പോള്‍ നിയമ പോരാട്ടത്തിനായി ലഖ്‌നോവില്‍ പോകുന്നു, ദല്‍ഹിയില്‍ വരുന്നു, സുപ്രീംകോടതി അഡ്വക്കറ്റുമാരെ കാണുന്നു. അവരുടെ ഈ പോരാട്ടത്തെ എങ്ങിനെ കാണുന്നു?
കാപ്പന്‍: എന്റെ ഭാര്യയും മക്കളും തന്നെയായിരുന്നു ഈ പോരാട്ടത്തില്‍ ഏറ്റവും മുന്‍നിരയില്‍നിന്ന് പോരാടിയത്. മാധ്യമ പ്രവര്‍ത്തകരുടെ സഹായത്തോടുകൂടി അവര്‍ക്ക് ഈ പോരാട്ടം വളരെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. അവരോടും മാധ്യമ പ്രവര്‍ത്തകരോടുമൊക്കെയാണ് എനിക്ക് കടപ്പാടുള്ളത്.
ധനസുമോദ്: കപില്‍ സിബല്‍ വളരെ ശക്തമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്?
കാപ്പന്‍: തീര്‍ച്ചയായും, അദ്ദേഹത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. കപില്‍ സിബല്‍ കൂടാത വില്‍സ് മാത്യു, ഹാരിസ് ബീരാന്‍, ഡാനിഷ് തുടങ്ങി വളരെ നല്ല ഒരു ടീം തന്നെ മുന്നില്‍ നിന്നു.
ധനസുമോദ്: ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തുകൊണ്ടായിരുന്നല്ലോ നിയമപോരാട്ടത്തിന്റെ തുടക്കം?
കാപ്പന്‍: ഞാന്‍ അറസ്റ്റിലായ ആദ്യദിനംതന്നെ ഞാന്‍ മിസ്സിങ് ആണെന്നാണ് പറഞ്ഞിരുന്നത്. എന്നെ ഫോണ്‍ ചെയ്യാനൊന്നും അനുവദിച്ചിരുന്നില്ല പൊലീസ്. അറസ്റ്റ് ചെയ്തതിന്റെ രണ്ടാം ദിവസം, 2020 ഒക്ടോബര്‍ ആറാം തിയ്യതി തന്നെ പത്രപ്രവര്‍ത്തക യൂണിയന്‍ വഴി സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. നിയമപോരാട്ടത്തിന് അതെല്ലാം വളരെയധികം ഉപകാരപ്പെട്ടു. യു.എ.പി.എയുടെതന്നെ പ്രൊസീജ്യര്‍ ശരിയായ രീതിയില്‍ ഫോളോ ചെയ്യാതെയാണ് അറസ്റ്റും മറ്റും ഉണ്ടായത്.
ധനസുമോദ്: താങ്ങളെപ്പോലെയുള്ള മാധ്യമ പ്രവര്‍ത്തകരും പ്രതികരിക്കുന്നവരും നിരന്തരമായി ജയിലില്‍ പോകുന്ന ഭീകരമായ അന്തരീക്ഷം ഉണ്ട്. ഭീകരവാദി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തേക്കുവരുന്നു. യുടൂബില്‍ അടക്കം വീഡിയോകള്‍ വരുന്നു. അങ്ങിനെയുള്ള ഒരു ലോകത്തേക്ക് വരുമ്പോള്‍ ഭീകരവാദി എന്ന വിശേഷണങ്ങളോടുള്ള പ്രതികരണമായി പൊതുസമൂഹത്തോട് എന്താണ് പറയാനുള്ളത്.
കാപ്പന്‍: ബ്രിട്ടീഷുകാരുടെ കാലഘട്ടത്തില്‍ മഹാത്മാ ഗാന്ധിയും ഭഗത്‌സിംങുമൊക്കെ ഭീകരവാദികളായിരുന്നു. ഓരോ കാലഘട്ടത്തിലേയും ഭീകരത, ടെററിസം എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെ പൊളിറ്റിക്കല്‍ ടൂളാണ്. അതുകൊണ്ടൊന്നും ആരെയും അടിച്ചമര്‍ത്താന്‍ കഴിയില്ല. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ഒരു പ്രത്യയശാസ്ത്രമാണ്. അവരാണ് ഇപ്പോള്‍ രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഭീകരവാദി, ടെററിസ്റ്റ്, ആതങ്കവാദി എന്നൊക്കെ പറയുന്നതുകൊണ്ട് സന്തോഷമേയുള്ളൂ. ഭീകരവാദിയെന്നോ ടെററിസ്‌റ്റെന്നോ പറഞ്ഞതുകൊണ്ടൊന്നും ഒരു പോരാട്ടത്തേയും അടിച്ചമര്‍ത്താന്‍ കഴിയില്ല. എന്റെ കൂടെ കള്ളക്കേസില്‍ കുടുക്കി ജയലിലടക്കപ്പെട്ട പലരും ഇപ്പോഴും ജയിലില്‍ കിടക്കുകയാണ്. അവര്‍ക്കുവേണ്ടികൂടി പ്രവര്‍ത്തിക്കണം. അവര്‍കൂടെ മോചിതരാവാതെ എന്ത് സന്തോഷമാണ് നമുക്കുണ്ടാവുക.
..........................
കാപ്പന്റെ ഭാര്യ റൈഹാനത്തിന്റെ പ്രതികരണം:
ധനസുമോദ്: ഒടുവില്‍ സിദ്ധീഖ് കാപ്പന്‍ മോചിതനായിരിക്കുന്നു. എങ്ങിനെ പ്രതികരിക്കുന്നു?
റൈഹാനത്ത്: ഒരുപാട് സന്തോഷം തോന്നുന്നു. കൂടുതല്‍ സംസാരിക്കാന്‍ കഴിയുന്നില്ല, വാക്കുകള്‍ വരുന്നില്ല. എല്ലാവരോടും നന്ദിയുണ്ട്. ചെറിയ മകനേയും മകളേയും നാട്ടില്‍ ഇട്ടിട്ടാണ് ഞാന്‍ ഇങ്ങോട്ടുവന്നത്. ഇന്നലെ റിലീസാകും എന്നാണ് കരുതിയത്. വെരിഫിക്കേഷന്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ ഇന്നാണ് മോചിതനായത്. കുട്ടികള്‍ കാത്തിരിക്കുകയാണ്. വേഗം വരണമെന്ന് പറഞ്ഞ് അവര്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഒന്നരമാസം ഡല്‍ഹിയില്‍ തന്നെ തുടരണമെന്നാണ് സുപ്രീംകോടതി ഓര്‍ഡറില്‍ ഉള്ളത്. അതിനു ശേഷമേ നാട്ടിലേക്ക് പോകാന്‍ കഴിയൂ.
ധനസുമോദ്: നെല്‍സണ്‍ മണ്ഡേലയടക്കം ഇരുപത്തിയേഴ് വര്‍ഷം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍മാറില്ല എന്നാണ് കാപ്പന്‍ പറയുന്നത്. ആ നിലപാടുകളോട് എങ്ങിനെയാണ് പ്രതികരിക്കുന്നത്?
റൈഹാനത്ത്: അത് അദ്ദേഹത്തിന്റെ തീരുമാനമാണ്. മാധ്യമപ്രവര്‍ത്തനം തുടരട്ടെ. പക്ഷേ, ഡല്‍ഹിയില്‍നിന്നുകൊണ്ടുള്ള ഒരു മാധ്യമപ്രവര്‍ത്തനത്തിന് അദ്ധേഹത്തെ വിടാന്‍ എനിക്ക് താല്‍പര്യമില്ല.